ഞങ്ങളുടെ വായനക്കാരിൽനിന്ന്
രാസവസ്തു സംവേദകത്വം എനിക്കു 17 വയസ്സുണ്ട്. “നിത്യോപയോഗ രാസവസ്തുക്കൾ—അവ നിങ്ങളെ രോഗിയാക്കുന്നുവോ?” (ആഗസ്റ്റ് 8, 2000) എന്ന ലേഖന പരമ്പരയ്ക്കു വളരെ നന്ദി. അടുത്തയിടെ നടത്തിയ വൈദ്യപരിശോധനയിൽ എനിക്ക് ബഹു രാസവസ്തു സംവേദകത്വം (എംസിഎസ്) ഉണ്ടെന്നു തെളിഞ്ഞു. ഈ രോഗത്തിന്റെ നാണക്കേടുണ്ടാക്കുന്ന ലക്ഷണങ്ങളുമായി ജീവിച്ചിരിക്കുന്നത് ഞാൻ മാത്രമല്ല എന്ന അറിവ് വലിയ ആശ്വാസം കൈവരുത്തി.
എസ്. സി., ഇറ്റലി (g01 4/8)
“മലിനീകരണം നിങ്ങളെ രോഗിയാക്കുന്നുവോ?” (ജൂൺ 8, 1983, ഇംഗ്ലീഷ്) എന്ന വിഷയത്തെ കുറിച്ച് നിങ്ങൾ മുമ്പു പ്രസിദ്ധീകരിച്ച ലേഖനത്തിൽ ജീവരക്ഷാകരമായ വിവരങ്ങൾ അടങ്ങിയിരുന്നു. വല്ലാത്ത ഈ രോഗം ബാധിച്ചാൽ ആത്മീയ കുടുംബാംഗങ്ങളുമൊത്തുള്ള കൂടിവരവുകളിൽ സംബന്ധിക്കുന്നതിനോ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനോ ഒന്നും കഴിയില്ല. ആളുകളിൽ സഹാനുഭൂതി ഉണർത്തുകയോ അവർ വേണ്ടവിധം മനസ്സിലാക്കുകയോ ചെയ്യാത്ത ഒരു രോഗമാണിത്. ഈ രോഗത്തിന് ഇരയായവരുടെ യഥാർഥ അവസ്ഥ എന്താണെന്ന് നിങ്ങളുടെ ഏറ്റവും പുതിയ ലേഖനങ്ങൾ വിവരിക്കുന്നു.
എം. ജെ., ഫ്രാൻസ് (g01 4/8)
ഒരു വർഷത്തിലധികം രോഗിയായി കഴിഞ്ഞ ശേഷമാണ് എന്നെ സഹായിക്കാൻ കഴിയുന്ന ഒരു ഡോക്ടറെ കണ്ടെത്തിയത്. ഈ സമയത്തൊക്കെയും എന്റെ സുഹൃത്തുക്കൾ വളരെ ദയ പ്രകടമാക്കി, അവർ ഒരിക്കലും വിമർശനാത്മക മനോഭാവം ഉള്ളവരായിരുന്നില്ല. പക്ഷേ, അവർക്ക് എന്റെ ആരോഗ്യ പ്രശ്നം ശരിക്കും മനസ്സിലായിരുന്നില്ലെന്നുള്ളതാണ് വാസ്തവം. അതുകൊണ്ട് ഈ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിനു വളരെ നന്ദി. വ്യത്യസ്ത വിഷയങ്ങൾ സംബന്ധിച്ച് നല്ല ജ്ഞാനമുള്ള ഒരു സംഘടനയിലെ അംഗമായിരിക്കുക എന്നത് വളരെ സംതൃപ്തിദായകമാണ്.
എസ്. ബി., ഐക്യനാടുകൾ (g01 4/8)
എംസിഎസ് മൂലം കഷ്ടപ്പെടുന്ന ആളാണു ഞാൻ. ഈ രോഗാവസ്ഥയെയും അതിന്റെ അനന്തര ഫലങ്ങളെയും കുറിച്ച് ഇത്രമാത്രം വിശദാംശങ്ങൾ അടങ്ങിയ സമനിലയോടു കൂടിയ ഒരു ലേഖനം ഞാൻ മുമ്പു വായിച്ചിട്ടില്ല. അതിനെ തരണം ചെയ്യുന്നതിനുള്ള സഹായമെന്ന നിലയിൽ നൽകിയിരിക്കുന്ന സ്നേഹത്തിന്റെയും ചിരിയുടെയും ആ “ഔഷധ കുറിപ്പ്” എനിക്കിഷ്ടമായി. കൂടാതെ മറ്റുള്ളവരിൽ നിന്ന് ഒരു പരിധിയിൽ കവിഞ്ഞ് പ്രതീക്ഷിക്കാതിരിക്കാനുള്ള ഓർമിപ്പിക്കലും പ്രായോഗികമായിരുന്നു.
ഡി. ജി., ഐക്യനാടുകൾ (g01 4/8)
യഹോവയുടെ സാക്ഷികളിൽ ഒരാളായ ഞാൻ, പത്തു വർഷത്തോളം ഒരു സഞ്ചാര ശുശ്രൂഷകനായി സേവിച്ചിട്ടുണ്ട്. അതിനിടെ എംസിഎസ് മൂലം കഷ്ടപ്പെടുന്ന പലരെയും ഞാൻ കണ്ടിരിക്കുന്നു. ഈ രോഗം അവരുടെ വെറും തോന്നലല്ല, മറിച്ച് യഥാർഥമാണെന്നുള്ളത് വളരെ വ്യക്തമാണ്. പതിവുപോലെ, ഉണരുക! രോഗത്തെ കുറിച്ചു വിവരിക്കുക മാത്രമല്ല, അതുമൂലം കഷ്ടപ്പെടുന്നവരോട് എങ്ങനെ ദയയും സ്നേഹവും സഹാനുഭൂതിയും പ്രകടമാക്കാൻ കഴിയുമെന്നതു സംബന്ധിച്ച പ്രായോഗിക നിർദേശങ്ങളും നൽകിയിരിക്കുന്നു.
ടി. എം., ഐക്യനാടുകൾ (g01 4/8)
സൃഷ്ടിയുടെ തെളിവ് വർഷങ്ങളായി ശാസ്ത്രജ്ഞരോടൊപ്പമാണ് ഞാൻ ജോലി ചെയ്യുന്നത്. സൃഷ്ടിയിൽ വിശ്വസിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന അവരുടെ അവകാശവാദം എപ്പോഴും എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിട്ടുണ്ട്. അത്തരം അവകാശവാദങ്ങൾക്കുള്ള ചുട്ട മറുപടിയായിരുന്നു “നഗ്നനേത്രങ്ങൾക്കു കാണാവുന്നതിനും അപ്പുറത്തേക്ക്” (സെപ്റ്റംബർ 8, 2000) എന്ന ലേഖന പരമ്പര. ഏതാനും പേജുകളിൽ സൃഷ്ടിയെ സംബന്ധിച്ച വിശ്വസനീയമായ തെളിവുകൾ നിങ്ങൾ നിരത്തി. എഴുത്തിന്റെയും ഗവേഷണത്തിന്റെയും ഗുണനിലവാരത്തിൽ ഉണരുക! അഭിനന്ദനം അർഹിക്കുന്നു.
ബി. ഇ., ന്യൂസിലൻഡ് (g01 4/22)
ഞാൻ യഹോവയുടെ സാക്ഷികളൊടൊപ്പം ബൈബിൾ പഠിക്കുന്ന ഒരാളാണ്. ആറ്റങ്ങളെയും കോശങ്ങളെയും ഡിഎൻഎ-യെയും കുറിച്ച് നിങ്ങൾ പ്രസിദ്ധീകരിച്ച വിവരങ്ങൾ വായിച്ചപ്പോൾ ദൈവത്തിന്റെ അസ്തിത്വത്തിലുള്ള എന്റെ വിശ്വാസം തീർച്ചയായും ശക്തിപ്പെട്ടു.
ടി. കെ., ജപ്പാൻ (g01 4/22)
മഴവില്ല് ഉണ്ടാകുന്നത് എന്തുകൊണ്ട്, പുല്ലിനു പച്ചനിറം ഉള്ളത് എന്തുകൊണ്ട്, ഒരു ആറ്റം എന്താണ് എന്നൊക്കെ എനിക്കിപ്പോൾ വിശദീകരിക്കാനാകും! ഉണരുക! ഒരു ശാസ്ത്ര മാസിക അല്ലെങ്കിലും, സ്രഷ്ടാവിലുള്ള വിശ്വാസത്തെ പിന്താങ്ങുന്ന ശാസ്ത്രീയ തെളിവുകൾ അത് ചൂണ്ടിക്കാട്ടുന്നു.
എം. എഫ്., ഐക്യനാടുകൾ (g01 4/22)
രക്തപ്പകർച്ച കൂടാതെയുള്ള രോഗസൗഖ്യം “മനസ്സാക്ഷി സംബന്ധമായ പ്രശ്നം” (സെപ്റ്റംബർ 8, 2000) എന്ന ലേഖനം എന്നെ ആഴത്തിൽ സ്പർശിച്ചു. എനിക്ക് അക്യൂട്ട് പ്രോമൈയെലോസൈറ്റിക് ലൂക്കിമിയ ആണെന്ന് കണ്ടുപിടിച്ചപ്പോഴത്തെ എന്റെ അവസ്ഥ ആ ലേഖനത്തിൽ പരാമർശിച്ച ഡാർളിന്റേതിൽനിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല. അവൾക്കു സംഭവിച്ചതു തന്നെയാണ് അതിനുശേഷം എനിക്കും സംഭവിച്ചത്. ഞാൻ ഏതാനും ദിവസം കൂടിയേ ജീവിച്ചിരിക്കയുള്ളു എന്ന് എന്നോടു പറഞ്ഞു. അത് കഴിഞ്ഞിട്ട് ഇപ്പോൾ മൂന്നു വർഷം ആയിരിക്കുന്നു.
എ. ബി., ജർമനി (g01 4/22)