ആധുനിക വൈദ്യശാസ്ത്രം—അതിന് എത്രത്തോളം ഉയരാൻ കഴിയും?
മിക്ക ആൺകുട്ടികളും ചെറുപ്പത്തിലേ പഠിച്ചെടുക്കുന്ന ഒരു വിദ്യയുണ്ട്: കയ്യെത്താത്ത ഉയരത്തിലുള്ള മാമ്പഴം കൂട്ടുകാരന്റെ തോളിൽ കയറിനിന്ന് പറിച്ചെടുക്കുക എന്നത്. സമാനമായ ഒന്ന് വൈദ്യശാസ്ത്ര രംഗത്തും നടന്നിട്ടുണ്ട്. കഴിഞ്ഞകാലത്തെ പ്രഗത്ഭരായ ചികിത്സകരുടെ തോളിൽ കയറിനിന്ന് വലിയ നേട്ടങ്ങൾ കൈവരിക്കാൻ വൈദ്യശാസ്ത്ര ഗവേഷകർക്കു കഴിഞ്ഞിരിക്കുന്നു.
ഹിപ്പോക്രാറ്റിസ്, പാസ്റ്റർ എന്നിവരെ പോലുള്ള വിഖ്യാതരും വെസേലിയസ്, വില്യം മോർട്ടൺ എന്നിങ്ങനെ നമ്മിൽ മിക്കവർക്കും അത്ര സുപരിചിതരല്ലാത്ത വ്യക്തികളും ആദ്യകാല ചികിത്സകരുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഇവർ ആധുനിക വൈദ്യശാസ്ത്രത്തിനു നൽകിയിരിക്കുന്ന സംഭാവനകൾ എന്തെല്ലാമാണ്?
പുരാതന കാലങ്ങളിൽ രോഗം സുഖപ്പെടുത്താനുള്ള നടപടികൾ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളവ ആയിരുന്നില്ല, മറിച്ച് അന്ധവിശ്വാസത്തിലും മതപരമായ ആചാരങ്ങളിലും വേരൂന്നിയവ ആയിരുന്നു. ഡോ. ഫെലിക്സ് മാർട്ടി ഇബാന്യെസിന്റെ വൈദ്യശാസ്ത്ര ഇതിഹാസം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു: “രോഗങ്ങൾ ദൈവങ്ങളിൽനിന്നുള്ള ശിക്ഷയാണെന്നു വിശ്വസിച്ചിരുന്ന മെസൊപ്പൊത്താമ്യക്കാർ . . . അവയെ ചെറുക്കാൻ വൈദ്യവും മതവും കൂട്ടിക്കുഴച്ച രീതികളാണ് അവലംബിച്ചിരുന്നത്.” തുടർന്നുവന്ന ഈജിപ്തുകാരുടെ വൈദ്യശാസ്ത്രവും മതത്തിൽ വേരൂന്നിയത് ആയിരുന്നു. അതുകൊണ്ട് ആരംഭം മുതൽക്കേ, ചികിത്സകരെ ഒരുതരം ഭക്ത്യാദരവോടെയാണ് ആളുകൾ വീക്ഷിച്ചിരുന്നത്.
കളിമൺ അടിത്തറ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഡോ. തോമസ് എ. പ്രെസ്റ്റൺ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “പുരാതനകാലത്തെ ആളുകളുടെ പല വിശ്വാസങ്ങളും വൈദ്യചികിത്സാരംഗത്ത് മായാത്ത മുദ്രകൾ അവശേഷിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നായിരുന്നു, രോഗങ്ങൾ രോഗിയുടെ നിയന്ത്രണത്തിന് അതീതമാണെന്നും ചികിത്സകന്റെ മാന്ത്രിക ശക്തികൊണ്ട് മാത്രമേ സൗഖ്യം നേടാനാകൂ എന്നുമുള്ള വിശ്വാസം.”
അടിത്തറ പാകുന്നു
എന്നാൽ കാലം കടന്നുപോയതോടെ വൈദ്യചികിത്സയ്ക്ക് കുറേക്കൂടെ ശാസ്ത്രീയമായ ഭാവം കൈവരാൻ തുടങ്ങി. പുരാതന കാലത്ത് ശാസ്ത്രീയമായി വൈദ്യചികിത്സ നടത്തിയിരുന്നവരിൽ അഗ്രഗണ്യനായിരുന്നു ഹിപ്പോക്രാറ്റിസ്. പൊ.യു.മു. ഏതാണ്ട് 460-ൽ കോസ് എന്ന ഗ്രീക്ക് ദ്വീപിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ പിതാവായി പലരും അദ്ദേഹത്തെ കണക്കാക്കുന്നു. വൈദ്യശാസ്ത്രത്തോടുള്ള യുക്തിപൂർവകമായ സമീപനത്തിന് അടിത്തറ പാകിയത് അദ്ദേഹമാണ്. രോഗങ്ങൾ ദൈവങ്ങളിൽനിന്നുള്ള ശിക്ഷയല്ല, മറിച്ച് സ്വാഭാവിക കാരണങ്ങളാൽ സംഭവിക്കുന്നവ ആണെന്ന് അദ്ദേഹം വാദിച്ചു. ഉദാഹരണത്തിന്, അപസ്മാരം ഒരു ദിവ്യ വ്യാധിയായി കാലങ്ങളോളം കണക്കാക്കപ്പെട്ടിരുന്നു. ദൈവങ്ങൾക്കു മാത്രമേ അതു സുഖപ്പെടുത്താനാകൂ എന്നായിരുന്നു വിശ്വാസം. എന്നാൽ ഹിപ്പോക്രാറ്റസ് എഴുതി: “മറ്റേതൊരു രോഗത്തെയും പോലെതന്നെ ദിവ്യ വ്യാധി എന്നു വിശേഷിപ്പിക്കുന്ന ഈ രോഗവും ദൈവകൽപ്പിതമല്ലെന്നു ഞാൻ കരുതുന്നു. മറിച്ച്, സ്വാഭാവിക കാരണങ്ങളാലാണ് അതുണ്ടാകുന്നത്.” ഭാവി ഉപയോഗത്തിന് വിവിധ രോഗങ്ങളുടെ ലക്ഷണങ്ങൾ നിരീക്ഷിച്ച് രേഖപ്പെടുത്തിവെച്ചതായി അറിയപ്പെടുന്ന ആദ്യത്തെ ചികിത്സകനും ഹിപ്പോക്രാറ്റിസ് ആണ്.
നൂറ്റാണ്ടുകൾക്കു ശേഷം, പൊ.യു. 129-ൽ ജനിച്ച ഗേലൻ എന്ന ഗ്രീക്ക് ചികിത്സകൻ പുതിയ ചില ശാസ്ത്ര ഗവേഷണങ്ങൾ നടത്തി. മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരങ്ങൾ കീറിമുറിച്ച് നടത്തിയ പരീക്ഷണങ്ങളെ ആസ്പദമാക്കി ഗേലൻ ശരീരശാസ്ത്രത്തെ കുറിച്ചുള്ള ഒരു പാഠപുസ്തകം തയ്യാറാക്കി. ഡോക്ടർമാർ നൂറ്റാണ്ടുകളോളം ഈ പുസ്തകം ഉപയോഗിക്കുകയുണ്ടായി! 1514-ൽ ബ്രസ്സൽസിൽ ജനിച്ച ആൻഡ്രേയസ് വസേലിയസാണ് ഗേലന്റെ കണ്ടുപിടിത്തങ്ങളെ വെല്ലുവിളിച്ചത്. മനുഷ്യശരീരത്തിന്റെ ഘടനയെ കുറിച്ച് (ഇംഗ്ലീഷ്) എന്ന അദ്ദേഹത്തിന്റെ പുസ്തകം ശക്തമായ എതിർപ്പുകളെ നേരിട്ടു. കാരണം ഗേലന്റെ പല അനുമാനങ്ങളെയും അതു തിരുത്തിക്കുറിച്ചിരുന്നു. എന്നാൽ ആധുനിക ശരീരശാസ്ത്രത്തിന് ആ പുസ്തകം അടിസ്ഥാനമായി ഉതകി. ജർമൻ ഭാഷയിലുള്ള ഡി ഗ്രോസൻ (മഹാന്മാർ) എന്ന പുസ്തകം പറയുന്നതനുസരിച്ച്, വസേലിയസ് അങ്ങനെ “എക്കാലത്തെയും ഏറ്റവും പ്രമുഖ വൈദ്യശാസ്ത്ര ഗവേഷകരിൽ ഒരാളായിത്തീർന്നു.”
ഹൃദയത്തെയും രക്തപര്യയന വ്യവസ്ഥയെയും കുറിച്ചുള്ള ഗേലന്റെ സിദ്ധാന്തങ്ങൾ കാലാന്തരത്തിൽ തെറ്റാണെന്നു തെളിയിക്കപ്പെട്ടു.a ഇംഗ്ലീഷുകാരനായ വില്യം ഹാർവി എന്ന ചികിത്സകൻ മൃഗങ്ങളുടെയും പക്ഷികളുടെയും ശരീരങ്ങൾ കീറിമുറിച്ചുകൊണ്ട് വർഷങ്ങളോളം ഗവേഷണം നടത്തി. അദ്ദേഹം ഹൃദയ വാൽവുകളുടെ പ്രവർത്തനം നിരീക്ഷിച്ചു, ഹൃദയത്തിന്റെ ഓരോ അറകളിലെയും രക്തത്തിന്റെ വ്യാപ്തം അളന്നു, ശരീരത്തിൽ ആകെയുള്ള രക്തത്തിന്റെ അളവ് കണക്കാക്കി. 1628-ൽ, മൃഗങ്ങളുടെ ഹൃദയചലനവും രക്തപര്യയനവും (ലത്തീൻ) എന്ന പുസ്തകത്തിൽ ഹാർവി തന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചു. അതിന്റെ പേരിൽ അദ്ദേഹത്തിന് വിമർശനവും എതിർപ്പും ആക്രമണവും അപമാനവും നേരിടേണ്ടിവന്നു. എന്നാൽ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ വൈദ്യശാസ്ത്ര രംഗത്തെ ഒരു വഴിത്തിരിവായിരുന്നു—അങ്ങനെ ശരീരത്തിലെ രക്തപര്യയന വ്യവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ ഒടുവിൽ പുറത്തുവന്നു.
ക്ഷൗരത്തിൽനിന്ന് ശസ്ത്രക്രിയയിലേക്ക്
ശസ്ത്രക്രിയാ രംഗത്തും വലിയ മുന്നേറ്റങ്ങൾ ഉണ്ടായി. മധ്യയുഗങ്ങളിൽ ശസ്ത്രക്രിയ നടത്തിയിരുന്നത് മിക്കപ്പോഴും ക്ഷുരകന്മാരായിരുന്നു. ആധുനിക ശസ്ത്രക്രിയയുടെ പിതാവ് 16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അമ്പ്രവാസ് പാരേ എന്ന ഫ്രഞ്ചുകാരനായിരുന്നുവെന്നു ചിലർ പറയുന്നു. ശസ്ത്രക്രിയാ വിദഗ്ധരുടെ മുൻഗാമിയായ ഇദ്ദേഹം ഫ്രാൻസിലെ നാലു രാജാക്കന്മാരെ സേവിച്ചിട്ടുണ്ട്. പാരേ ഒട്ടേറെ ശസ്ത്രക്രിയാ ഉപകരണങ്ങൾ കണ്ടുപിടിക്കുകയും ചെയ്തു.
19-ാം നൂറ്റാണ്ടിലെ ശസ്ത്രക്രിയാ വിദഗ്ധർ അഭിമുഖീകരിച്ചിരുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടാകുന്ന വേദന കുറയ്ക്കുക എന്നതായിരുന്നു. എന്നാൽ, 1846-ൽ വില്യം മോർട്ടൺ എന്ന ദന്ത ശസ്ത്രക്രിയാ വിദഗ്ധൻ ശസ്ത്രക്രിയാ സമയത്ത് അനസ്തേഷ്യ നൽകുന്ന സമ്പ്രദായത്തിനു തുടക്കമിട്ടു.b
വിൽഹെം റോന്റ്ജൻ, 1895-ൽ വൈദ്യുതി ഉപയോഗിച്ച് ചില പരീക്ഷണങ്ങൾ നടത്തുന്നതിനിടയിൽ ചില രശ്മികൾ മാംസത്തിലൂടെ കടന്നുപോകുകയും അതേസമയം അസ്ഥികളിലൂടെ കടന്നുപോകാതിരിക്കുകയും ചെയ്യുന്നതായി ശ്രദ്ധിച്ചു. ആ രശ്മികളുടെ ഉത്ഭവത്തെ കുറിച്ച് അറിയില്ലായിരുന്നതുകൊണ്ട് അദ്ദേഹം അതിന് എക്സ്റേ എന്നു പേരിട്ടു. ഇന്നും അത് ആ പേരിൽത്തന്നെയാണ് അറിയപ്പെടുന്നത്. (ജർമൻകാർ അതിനെ വിളിക്കുന്നത് റോന്റ്ഗൻസ്ട്രാലൻ എന്നാണ്.) ജീ ഗ്രോസൻ ഡൊയ്ച്ചൻ (മഹാന്മാരായ ജർമൻകാർ) എന്ന പുസ്തകം പറയുന്നതനുസരിച്ച്, “റോന്റ്ജന് ഭ്രാന്താണ് എന്ന് ആളുകൾ പറയും” എന്ന് അദ്ദേഹം തന്റെ പത്നിയോട് പറഞ്ഞത്രേ. ചിലർ അങ്ങനെ പറയുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ കണ്ടെത്തൽ ശസ്ത്രക്രിയാ രംഗത്ത് സമൂല മാറ്റങ്ങൾ വരുത്തി. ശരീരം കീറിമുറിക്കാതെതന്നെ ശസ്ത്രക്രിയാ വിദഗ്ധർക്ക് ഇപ്പോൾ ശരീരത്തിനകത്തുള്ള കാര്യങ്ങൾ കാണാൻ കഴിയുമെന്നായി.
രോഗങ്ങളെ കീഴ്പെടുത്തുന്നു
യുഗങ്ങളിലുടനീളം, വസൂരി പോലുള്ള സാംക്രമിക രോഗങ്ങൾ ആളുകൾക്കിടയിൽ ഭീതിക്കും മരണത്തിനും ഇടയാക്കിയിരിക്കുന്നു. ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആർ-റാസി എന്ന പേർഷ്യക്കാരനാണ്—അന്നത്തെ ഇസ്ലാമിക ലോകത്തിലെ ഏറ്റവും വലിയ ചികിത്സകനായി ചിലർ ഇദ്ദേഹത്തെ കണക്കാക്കുന്നു—വസൂരിയെ കുറിച്ച് വൈദ്യശാസ്ത്രപരമായി കൃത്യതയുള്ള വിവരണം ആദ്യമായി നൽകിയത്. എന്നാൽ, ആ രോഗം ഭേദമാക്കാനുള്ള മാർഗം കണ്ടുപിടിക്കപ്പെട്ടത് നൂറ്റാണ്ടുകൾക്കു ശേഷമാണ്. ബ്രിട്ടീഷ് ചികിത്സകനായ എഡ്വേർഡ് ജെന്നർക്കാണ് അതിനുള്ള ബഹുമതി. ഒരു വ്യക്തിക്ക് ഗോവസൂരി—അപകടകരമല്ലാത്ത ഒരുതരം രോഗം—പിടിപെട്ടാൽ അയാളുടെ ശരീരം വസൂരിക്കെതിരെ പ്രതിരോധശക്തി ആർജിക്കുന്നതായി ജെന്നറിന്റെ ശ്രദ്ധയിൽ പെട്ടു. ഈ കണ്ടെത്തലിനെ ആസ്പദമാക്കി, ഗോവസൂരി വ്രണങ്ങളിൽനിന്ന് ജെന്നർ വസൂരിക്കെതിരെ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാൻ ശ്രമിച്ചു. 1796-ൽ ആയിരുന്നു അത്. തനിക്കു മുമ്പുണ്ടായിരുന്ന പരിഷ്ക്കർത്താക്കളെ പോലെതന്നെ ജെന്നറിനും വിമർശനവും എതിർപ്പും നേരിടേണ്ടിവന്നു. എന്നാൽ അദ്ദേഹം കണ്ടുപിടിച്ച ഈ പ്രതിരോധ കുത്തിവെപ്പ് വസൂരി നിർമാർജനം ചെയ്യാൻ സഹായിച്ചു. അതോടൊപ്പം രോഗങ്ങളെ ചെറുത്തു തോൽപ്പിക്കാനുള്ള ഒരു പുതിയ മാർഗവും അത് വൈദ്യശാസ്ത്രത്തിനു സംഭാവന ചെയ്തു.
പേയ്ക്കും അന്ത്രാക്സിനുമെതിരെ ഫ്രഞ്ചുകാരനായ ലൂയി പാസ്റ്റർ പ്രതിരോധ കുത്തിവെപ്പുകൾ ഉപയോഗിച്ചു. രോഗങ്ങൾ ഉണ്ടാക്കുന്നതിൽ അണുക്കൾ ഒരു പ്രധാന പങ്കു വഹിക്കുന്നതായും അദ്ദേഹം തെളിയിച്ചു. “പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും മാരകമായ രോഗം” എന്ന് ഒരു ചരിത്രകാരൻ വിശേഷിപ്പിച്ച ക്ഷയരോഗത്തിനു കാരണമായ രോഗാണുവിനെ 1882-ൽ റോബർട്ട് കോച്ച് കണ്ടുപിടിച്ചു. ഏതാണ്ട് ഒരു വർഷം കഴിഞ്ഞ് കോച്ച് കോളറയ്ക്കു കാരണമായ രോഗാണുവിനെ തിരിച്ചറിഞ്ഞു. ലൈഫ് മാസിക പറയുന്നു: “പാസ്റ്ററുടെയും കോച്ചിന്റെയും കണ്ടുപിടിത്തങ്ങളാണ് സൂക്ഷ്മാണു ശാസ്ത്രത്തിനു തറക്കല്ലിട്ടത്. അവരുടെ പ്രവർത്തനങ്ങൾ രോഗപ്രതിരോധ വിജ്ഞാനം, ശുചിത്വ പരിപാലനം, ആരോഗ്യരക്ഷാശാസ്ത്രം എന്നീ രംഗങ്ങളിൽ വലിയ മുന്നേറ്റങ്ങൾക്കു വഴിതെളിച്ചു. അവയാകട്ടെ, മനുഷ്യരുടെ ആയുർദൈർഘ്യം വർധിപ്പിക്കുന്നതിൽ കഴിഞ്ഞ 1,000 വർഷത്തിൽ ഉണ്ടായിട്ടുള്ള മറ്റേതു ശാസ്ത്രീയ നേട്ടങ്ങളെക്കാളും വലിയ പങ്കു വഹിച്ചിരിക്കുന്നു.”
ഇരുപതാം നൂറ്റാണ്ടിലെ വൈദ്യശാസ്ത്രം
20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വൈദ്യശാസ്ത്രം മേൽപ്പറഞ്ഞവർ ഉൾപ്പടെയുള്ള പ്രഗത്ഭരായ ചികിത്സകരുടെ തോളിൽ കയറി നിൽക്കുകയായിരുന്നു. അതേത്തുടർന്ന് അതിശയിപ്പിക്കുന്ന രീതിയിലാണ് അതു മുന്നോട്ടു കുതിച്ചത്. പ്രമേഹരോഗത്തിനുള്ള ഇൻസുലിൻ, കാൻസറിനുള്ള കീമോതെറാപ്പി, ഗ്രന്ഥികളുടെ തകരാറിനുള്ള ഹോർമോൺ ചികിത്സ, ക്ഷയരോഗത്തിനുള്ള ആന്റിബയോട്ടിക്കുകൾ, ചില പ്രത്യേകതരം മലമ്പനിക്കുള്ള ക്ലോറോക്വിൻ, വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്കുള്ള ഡയാലിസിസ്, ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ, അവയവങ്ങൾ മാറ്റിവെക്കൽ അങ്ങനെ പലതും.
എന്നാൽ 21-ാം നൂറ്റാണ്ടിലേക്കു പ്രവേശിച്ചിരിക്കുന്ന ഈ സമയത്ത് വൈദ്യശാസ്ത്രം, “ലോകത്തിലെ സകലർക്കും മികച്ച ആരോഗ്യം” നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോട് എത്ര അടുത്താണ്?
ലക്ഷ്യം എത്തിപ്പിടിക്കാനാവാത്തതോ?
കൂട്ടുകാരന്റെ തോളിൽ കയറിനിന്ന് മാങ്ങ പറിക്കാനുള്ള വിദ്യ പഠിച്ചെടുത്താൽത്തന്നെ മാവിലുള്ള മുഴുവൻ മാങ്ങയും കയ്യെത്തിച്ചു പറിക്കാനാവില്ല. ഏറ്റവും നല്ല മാമ്പഴങ്ങൾ പലപ്പോഴും കയ്യെത്താത്തവിധം തുഞ്ചത്തായിരിക്കും. സമാനമായി, ശാസ്ത്രം പല ഉയരങ്ങളും കീഴടക്കിയിട്ടുണ്ട് എന്നതു ശരിതന്നെ. എന്നാൽ ഏറ്റവും അഭിലഷണീയമായ ലക്ഷ്യം—സകലർക്കും നല്ല ആരോഗ്യം സാധ്യമാക്കുക എന്നത്—എത്തിപ്പിടിക്കാനാവാത്തത്ര ഉയരത്തിലാണ്.
“ഇത്രയധികം ആരോഗ്യകരവും സുദീർഘവുമായ ജീവിതം യൂറോപ്പിലുള്ളവർ മുമ്പൊരിക്കലും ആസ്വദിച്ചിട്ടില്ല” എന്ന് 1998-ൽ യൂറോപ്യൻ കമ്മീഷൻ റിപ്പോർട്ട് ചെയ്തെങ്കിലും അത് ഇങ്ങനെ കൂട്ടിച്ചേർക്കുകയുണ്ടായി: “അഞ്ചു പേരിൽ ഒരാൾ 65 വയസ്സിനു മുമ്പേ അകാലചരമം പ്രാപിക്കും. ഈ മരണങ്ങളിൽ 40 ശതമാനം കാൻസറും 30 ശതമാനം ഹൃദയധമനീ രോഗങ്ങളും നിമിത്തം ആയിരിക്കും . . . ആരോഗ്യത്തിനു ഭീഷണി ഉയർത്തുന്ന പുതിയ രോഗങ്ങൾക്കെതിരെ കൂടുതൽ മെച്ചപ്പെട്ട സംരക്ഷണ നടപടികൾ പ്രദാനം ചെയ്തേ മതിയാകൂ.”
കോളറയും ക്ഷയവും പോലുള്ള സാംക്രമിക രോഗങ്ങൾ ഉയർത്തുന്ന ഭീഷണി വർധിക്കുന്നതായി 1998 നവംബറിൽ ജർമൻ ആരോഗ്യ മാസികയായ ഗെസൂന്റ്ഹൈറ്റ് റിപ്പോർട്ടു ചെയ്തു. കാരണം? ആന്റിബയോട്ടിക്കുകളുടെ “ഫലപ്രദത്വം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. സാധാരണമായി ഉപയോഗിക്കപ്പെടുന്ന ഔഷധങ്ങളിൽ ചുരുങ്ങിയത് ഒരെണ്ണത്തിനെതിരെ എങ്കിലും പ്രതിരോധശേഷി ആർജിച്ചെടുക്കുന്ന ബാക്ടീരിയകളുടെ എണ്ണം വർധിച്ചുവരികയാണ്. ചിലതരം ബാക്ടീരിയകൾ നിരവധി ഔഷധങ്ങൾക്കെതിരെ പ്രതിരോധശേഷി ആർജിച്ചെടുത്തിട്ടുണ്ട്.” പഴയ രോഗങ്ങൾ തിരിച്ചുവരുന്നു, എയ്ഡ്സ് പോലുള്ള പുതിയ രോഗങ്ങൾ രംഗപ്രവേശം ചെയ്യുന്നു. ജർമൻ ഔഷധവിജ്ഞാന പ്രസിദ്ധീകരണമായ സ്റ്റാറ്റിസ്റ്റിക്സ് ‘97 നമ്മെ ഇങ്ങനെ ഓർമപ്പെടുത്തുന്നു: “അറിയപ്പെടുന്ന അസുഖങ്ങളുടെ മൂന്നിൽ രണ്ടിന്റെയും—ഏതാണ്ട് 20,000 എണ്ണത്തിന്റെ—മൂലകാരണം ചികിത്സിച്ചു ഭേദമാക്കാനുള്ള വഴികളൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.”
ജനിതക ചികിത്സയാണോ ഉത്തരം?
പുതിയ പുതിയ ചികിത്സാരീതികൾ കണ്ടുപിടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതു ശരിതന്നെ. ഉദാഹരണത്തിന്, മെച്ചപ്പെട്ട ആരോഗ്യത്തിനുള്ള താക്കോൽ ജനിതക എഞ്ചിനിയറിങ് ആണെന്ന് പലരും കരുതുന്നു. 1990-കളിൽ ഡോ. ഡബ്ല്യു. ഫ്രെഞ്ച് ആൻഡേർസൺ ഉൾപ്പെടെയുള്ള ചില ചികിത്സകർ ഐക്യനാടുകളിൽ നടത്തിയ ഗവേഷണത്തെ തുടർന്ന് ജനിതക ചികിത്സ “വൈദ്യശാസ്ത്ര ഗവേഷണത്തിന്റെ ഏറ്റവും പ്രചാരം സിദ്ധിച്ച മേഖല” എന്നു വിശേഷിപ്പിക്കപ്പെട്ടു. ഹൈലൻ മിറ്റ് ഗേനൻ (ജീനുകൾ ഉപയോഗിച്ചുള്ള സൗഖ്യമാക്കൽ) എന്ന പുസ്തകം പറയുന്നതനുസരിച്ച്, ജനിതക ചികിത്സ “വൈദ്യശാസ്ത്രത്തെ ഒരു പുതിയ വഴിത്തിരിവിൽ എത്തിച്ചേക്കാം, പ്രത്യേകിച്ചും ഇതുവരെ പ്രതിവിധി കണ്ടെത്തിയിട്ടില്ലാത്ത രോഗങ്ങളുടെ ചികിത്സയിൽ.”
രോഗികളിൽ പ്രത്യൗഷധ ജീനുകൾ കുത്തിവെച്ച് ജന്മസിദ്ധമായ ജനിതക വൈകല്യങ്ങൾ സുഖപ്പെടുത്താൻ കാലാന്തരത്തിൽ കഴിയുമെന്നു ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. കാൻസർ കോശങ്ങൾ പോലെ അപകടകാരികളായ കോശങ്ങൾക്ക് സ്വയം നശിപ്പിക്കാനുള്ള പ്രാപ്തി ലഭിച്ചേക്കാം. ജനിതക പരിശോധനയിലൂടെ, ചില രോഗപ്രവണതകൾ കണ്ടുപിടിക്കാൻ ഇപ്പോൾത്തന്നെ സാധിക്കുന്നുണ്ട്. രോഗിയുടെ ജനിതക ഘടനയ്ക്ക് അനുയോജ്യമായ വിധത്തിലുള്ള ഔഷധങ്ങൾ ഉണ്ടാക്കുക എന്നതായിരിക്കും അടുത്ത പടി എന്ന് ചിലർ പറയുന്നു. “രോഗം കണ്ടുപിടിച്ചശേഷം അതു ചികിത്സിക്കുന്നതിനായി അനുയോജ്യമായ ഡിഎൻഎ ഖണ്ഡങ്ങൾ രോഗിക്കു നൽകാൻ” ഡോക്ടർമാർക്കു കഴിയുന്ന ഒരു കാലം വരുമെന്ന് ഒരു പ്രമുഖ ഗവേഷകൻ പറയുന്നു.
എന്നാൽ, ജനിതകചികിത്സ ഭാവിയിൽ അത്ഭുതകരമായ രോഗസൗഖ്യം പ്രദാനം ചെയ്യുമെന്ന് എല്ലാവരുമൊന്നും വിശ്വസിക്കുന്നില്ല. സർവേകൾ വെളിപ്പെടുത്തുന്നതനുസരിച്ച്, തങ്ങളുടെ ജനിതകഘടന വിശകലനത്തിനു വിധേയമാക്കാൻപോലും ആളുകൾ ഇഷ്ടപ്പെട്ടെന്നു വരില്ല. ജനിതക ചികിത്സ പ്രകൃതിയുമായുള്ള അപകടകരമായ പ്രതിപ്രവർത്തനത്തിന് ഇടയാക്കിയേക്കാമെന്നും പലരും ഭയക്കുന്നു.
ജനിതക എഞ്ചിനിയറിങ് പോലെ വൈദ്യശാസ്ത്ര രംഗത്തെ അതിനൂതന സാങ്കേതിക മാർഗങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയരുമോ ഇല്ലയോ എന്ന് കാലം തെളിയിക്കും. അനുചിതമായ ശുഭാപ്തിവിശ്വാസം ഒഴിവാക്കാൻ കാരണങ്ങളുണ്ടുതാനും. കളിമൺ അടിത്തറ എന്ന പുസ്തകം സുപരിചിതമായ ഒരു സംഗതിയെ കുറിച്ചു വിവരിക്കുന്നു: “ഒരു സുപ്രഭാതത്തിൽ പുതിയ ഒരു ചികിത്സാരീതി മുഖം കാണിക്കുന്നു, വൈദ്യശാസ്ത്ര സെമിനാറുകളിലും ജേർണലുകളിലും അതു പ്രകീർത്തിക്കപ്പെടുന്നു. അതിന്റെ ഉപജ്ഞാതാക്കൾ വൈദ്യശാസ്ത്ര രംഗത്ത് പ്രശസ്തരാകുന്നു, മാധ്യമങ്ങൾ അവരുടെ നേട്ടത്തെ വാനോളം പുകഴ്ത്തുന്നു. എന്നാൽ പ്രസ്തുത കോലാഹലങ്ങളും ഈ അത്ഭുത ചികിത്സയെ രേഖാമൂലം തെളിയിക്കാനുള്ള ശ്രമങ്ങളുമെല്ലാം കുറച്ചു കഴിയുമ്പോൾ കെട്ടടങ്ങും. പതുക്കെപ്പതുക്കെ നിരാശ തലപൊക്കാൻ തുടങ്ങും. ആ നിരാശ ഏതാനും മാസങ്ങളോ ചിലപ്പോൾ പതിറ്റാണ്ടുകൾ തന്നെയോ നീണ്ടുനിന്നെന്നു വരാം. പിന്നെ പുതിയ ഒരു പ്രതിവിധി കണ്ടെത്തുകയായി, അത് രായ്ക്കുരാമാനം മുമ്പിലത്തേതിന്റെ സ്ഥാനം കയ്യടക്കും. അധികം കഴിയുംമുമ്പേ ആദ്യത്തേതിന്റെ ഗതിതന്നെ ആയിരിക്കും അതിനും.” മിക്ക ഡോക്ടർമാരും ഫലശൂന്യമെന്ന് എഴുതിത്തള്ളിയ ചികിത്സാരീതികളിൽ പലതും അടുത്തകാലംവരെ സുസ്ഥാപിതമായ ചികിത്സാരീതികൾ ആയിരുന്നു എന്നോർക്കണം.
പുരാതന ചികിത്സകരെ വീക്ഷിച്ചിരുന്നതുപോലെ ഇന്നത്തെ ഡോക്ടർമാരെ ആളുകൾ ഭക്ത്യാദരവോടെ വീക്ഷിക്കാറില്ലെങ്കിലും, വൈദ്യചികിത്സകർക്ക് ദൈവതുല്യ ശക്തികൾ ഉള്ളതായി കരുതാനും മനുഷ്യന്റെ സമസ്ത രോഗങ്ങൾക്കും ശാസ്ത്രത്തിന്റെ പക്കൽ പ്രതിവിധി ഉണ്ടെന്നു ചിന്തിക്കാനും ഉള്ള പ്രവണത ചിലർക്കുണ്ട്. എന്നാൽ യാഥാർഥ്യം മറിച്ചാണ്. നമുക്ക് വാർധക്യം പ്രാപിക്കുന്നത് എങ്ങനെ, എന്തുകൊണ്ട്? (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഡോ. ലെന്നർഡ് ഹെയ്ഫ്ളിക്ക് ഇപ്രകാരം പറയുന്നു: “1900-ത്തിൽ ഐക്യനാടുകളിലെ 75 ശതമാനം ആളുകളും 65 വയസ്സ് തികയുന്നതിനു മുമ്പേ മരണമടഞ്ഞു. എന്നാൽ ഇന്ന് സ്ഥിതി നേരെ മറിച്ചാണ്: ഏതാണ്ട് 70 ശതമാനം ആളുകൾ 65 വയസ്സിനു ശേഷമാണ് മരിക്കുന്നത്.” ആയുർദൈർഘ്യത്തിലെ ശ്രദ്ധേയമായ ഈ വർധനവിനുള്ള കാരണം എന്താണ്? “നവജാത ശിശുക്കളുടെ മരണനിരക്കിൽ ഉണ്ടായ കുറവാണ് ഇതിന്റെ പ്രധാന കാരണം” എന്ന് ഹെയ്ഫ്ളിക്ക് വിശദമാക്കുന്നു. ഇനി, പ്രായമായവരുടെ മരണത്തിന്റെ പ്രധാന കാരണങ്ങളായ ഹൃദ്രോഗവും കാൻസറും മസ്തിഷ്ക ആഘാതവും ഇല്ലാതാക്കാൻ വൈദ്യശാസ്ത്രത്തിനു സാധ്യമാകുന്നു എന്നുതന്നെ കരുതുക. അപ്പോഴും അമർത്യത കൈവരിക്കാമെന്ന് അത് അർഥമാക്കുമോ? തീർച്ചയായുമില്ല. അത്തരം രോഗങ്ങൾ ഇല്ലാതാക്കാൻ കഴിഞ്ഞാൽത്തന്നെ, “മിക്കവരും ഏകദേശം നൂറു വയസ്സുവരെ ജീവിച്ചേക്കാം” എന്നേയുള്ളൂ എന്ന് ഡോ. ഹെയ്ഫ്ളിക്ക് പറയുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഈ നൂറുവയസ്സുകാർ അപ്പോഴും അമർത്യരായിരിക്കില്ല. എന്നാൽ അവർക്കു മരണം സംഭവിക്കുന്നത് എങ്ങനെയായിരിക്കും? നാൾക്കുനാൾ ശക്തി ക്ഷയിച്ച് അവർ ഒടുവിൽ മരണത്തിന്റെ പിടിയിലൊതുങ്ങും.”
വൈദ്യശാസ്ത്ര രംഗത്ത് ഇത്രയൊക്കെ മികച്ച ശ്രമങ്ങൾ നടന്നിട്ടും മരണം ഇല്ലാതാക്കുക എന്നത് എത്തിപ്പിടിക്കാനാവാത്ത ഒരു ലക്ഷ്യമായിത്തന്നെ അവശേഷിക്കുന്നു. എന്തുകൊണ്ട്? സകലർക്കും നല്ല ആരോഗ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയില്ലാത്ത ഒരു സ്വപ്നമാണോ?(g01 6/8)
[അടിക്കുറിപ്പുകൾ]
a വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നതനുസരിച്ച്, ദഹിച്ച ആഹാരത്തെ കരൾ രക്തമാക്കി മാറ്റുന്നുവെന്നും തുടർന്ന് രക്തം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഒഴുകുകയും ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നുവെന്നും ഗേലൻ കരുതി.
b 2000 ഡിസംബർ 8 ലക്കം ഉണരുക!യിലെ “വേദനയുടെ ലോകത്തുനിന്നു മുക്തി—അനസ്തേഷ്യയിലൂടെ” എന്ന ലേഖനം കാണുക.
[4-ാം പേജിലെ ആകർഷക വാക്യം]
“പുരാതനകാലത്തെ ആളുകളുടെ പല വിശ്വാസങ്ങളും വൈദ്യചികിത്സാരംഗത്ത് മായാത്ത മുദ്രകൾ അവശേഷിപ്പിച്ചിട്ടുണ്ട്.”—കളിമൺ അടിത്തറ
[4, 5 പേജുകളിലെ ചിത്രങ്ങൾ]
ഹിപ്പോക്രാറ്റിസ്, ഗേലൻ, വസേലിയസ് എന്നിവർ ആധുനിക വൈദ്യശാസ്ത്രത്തിന് അടിത്തറ പാകിയവരാണ്
[കടപ്പാട്]
കോസ് ദ്വീപ്, ഗ്രീസ്
Courtesy National Library of Medicine
Woodcut by Jan Steven von Kalkar of A. Vesalius, taken from Meyer’s Encyclopedic Lexicon
[6-ാം പേജിലെ ചിത്രങ്ങൾ]
ശസ്ത്രക്രിയാ വിദഗ്ധരുടെ മുൻഗാമിയായ അമ്പ്രവാസ് പാരേ ഫ്രാൻസിലെ നാലു രാജാക്കന്മാരെ സേവിച്ചിട്ടുണ്ട്
പേർഷ്യൻ ചികിത്സകൻ ആർ-റാസി (ഇടത്ത്), ബ്രിട്ടീഷ് ചികിത്സകൻ എഡ്വേർഡ് ജെന്നർ (വലത്ത്)
[കടപ്പാട്]
Paré and Ar-Rāzī: Courtesy National Library of Medicine
മഹാന്മാരും മഹതികളും (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ നിന്ന്
[7-ാം പേജിലെ ചിത്രം]
ഫ്രഞ്ചുകാരനായ ലൂയി പാസ്റ്റർ രോഗത്തിനു കാരണം അണുക്കളാണെന്നു തെളിയിച്ചു
[കടപ്പാട്]
© Institut Pasteur
[8-ാം പേജിലെ ചിത്രങ്ങൾ]
മരണത്തിന്റെ പ്രധാന കാരണങ്ങൾ ഇല്ലാതാക്കാൻ കഴിഞ്ഞാൽ പോലും ആളുകൾ വാർധക്യം പ്രാപിച്ചു മരിക്കും