ഭൂകമ്പത്തിലും കുലുങ്ങാത്ത സഹോദര ഐക്യം
എൽ സാൽവഡോറിലെ ഉണരുക! ലേഖകൻ
രണ്ടായിരത്തൊന്ന് ജനുവരി 13. രാവിലെ കൃത്യം 11:34-ന് മുഴു എൽ സാൽവഡോറിനെയും കിടിലം കൊള്ളിച്ച ഒരു വൻ ഭൂകമ്പം ഉണ്ടായി. ആ ഭൂകമ്പത്തിന്റെ ശക്തിയുടെ അളവ് റിക്ടർ സ്കെയിലിൽ 7.6 ആയിരുന്നു. പനാമ മുതൽ മെക്സിക്കോ വരെയുള്ള പ്രദേശങ്ങളിൽ അതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. അതുണ്ടായ സമയത്ത് തങ്ങൾ എന്താണു ചെയ്തുകൊണ്ടിരുന്നത് എന്ന് ആർക്കും മറക്കാൻ കഴിയുമെന്നു തോന്നുന്നില്ല.
“അതിശക്തമായ കുലുക്കം ശമിച്ചപ്പോൾ ഞങ്ങൾ തല പൊക്കി നോക്കി. അതാ, പർവതത്തിന്റെ അഗ്രം രണ്ടായി പിളരുന്നു. പിന്നെ ഏതാനും നിമിഷനേരത്തേക്ക് അത് അങ്ങനെതന്നെ നിൽക്കുന്നതു പോലെ തോന്നിച്ചു,” മിര്യാം കേസാദാ അനുസ്മരിക്കുന്നു. “‘മമ്മീ! വേഗം ഓടിക്കോ! എന്ന് എന്റെ മകൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.” പെട്ടെന്ന് പർവതമുഖം അടർന്നുവീണ് അവർ നിന്നിരുന്ന ഭാഗത്തേക്ക് ഉരുണ്ടു. ന്വേവാ സാൻ സാൽവാഥോർ അഥവാ സാന്റാ റ്റേക്ലായിലെ ലാസ് കോളിനാസ് പ്രദേശത്തെ 500-ഓളം പേർക്കു ജീവൻ നഷ്ടപ്പെട്ടു. കൂടാതെ 300-ലധികം വീടുകൾ തകർന്നു തരിപ്പണമായി.
“ഞാൻ വീട്ടിൽനിന്ന് ഇറങ്ങി ബസ്സ് സ്റ്റോപ്പിൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണു ഭൂകമ്പം ഉണ്ടായത്,” റോക്സാനാ സാഞ്ചേസ് പറയുന്നു. “കുലുക്കം നിലച്ചപ്പോൾ, താഴെ വീണ ബാഗുകൾ പെറുക്കിയെടുക്കാൻ ഞാൻ ഒരു സ്ത്രീയെ സഹായിച്ചു. അപ്പോൾ, ‘തിരിച്ചു പോയേക്കാം. അല്ലെങ്കിൽ വീട്ടിലുള്ളവർ എന്നെ കുറിച്ചോർത്ത് വിഷമിക്കും’ എന്നായി എന്റെ ചിന്ത.” എന്നാൽ വീട്ടിലേക്കുള്ള വളവു തിരിഞ്ഞ റോക്സാനാ വഴി പെട്ടെന്ന് അവസാനിച്ചതായി കണ്ടു. വലിയ ഒരു മൺക്കൂനയായിരുന്നു മുന്നിൽ. അവളുടെ വീടിന്റെ പൊടിപോലും ഇല്ലായിരുന്നു!
സത്വരം സഹായം എത്തിക്കുന്നു
എൽ സാൽവഡോറിൽ 28,000-ത്തിലധികം യഹോവയുടെ സാക്ഷികൾ ഉണ്ട്. അവരിൽ ആയിരക്കണക്കിനു പേർ സാൽവഡോറിന്റെ തീരപ്രദേശത്തെ ദുരന്ത മേഖലയിലാണു താമസിക്കുന്നത്. ദുരന്തത്തിന്റെ കെടുതികളിൽനിന്നു പൂർണമായി വിമുക്തരാകുന്നതിനു മുമ്പുതന്നെ പലരും മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ടിറങ്ങി. സാന്റാ റ്റേക്ലായിൽ സേവിക്കുന്ന യഹോവയുടെ സാക്ഷികളുടെ സഞ്ചാര മേൽവിചാരകനായ മാര്യോ സ്വാരേസ് പറയുന്നു: “ഭൂകമ്പം ഉണ്ടായി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ചില ക്രിസ്തീയ സഹോദരങ്ങൾക്ക് സഹായം ആവശ്യമാണെന്ന ഫോൺസന്ദേശം എനിക്കു ലഭിച്ചു. അവർ തങ്ങളുടെ വീടുകൾക്കുള്ളിൽ കുടുങ്ങിപ്പോയിരുന്നു. ഉടൻതന്നെ ഒരു കൂട്ടം സന്നദ്ധസേവകരെ സംഘടിപ്പിച്ചു.
“അങ്ങിങ്ങായി ഏതാനും മതിലുകൾ തകർന്നുവീണു കാണുമെന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്ത് വഴിയുണ്ടാക്കിയാൽ കുടുങ്ങിപ്പോയവരെ പുറത്തെത്തിക്കാൻ കഴിയുമെന്നുമാണു ഞങ്ങൾ കരുതിയത്. എത്ര വലിയ നാശമാണു സംഭവിച്ചത് എന്നതിനെ കുറിച്ചു ഞങ്ങൾക്കാർക്കും യാതൊരു ഊഹവും ഇല്ലായിരുന്നു. സംഭവസ്ഥലത്ത് എത്തിയപ്പോൾ വീടുകൾ എവിടെയാണെന്നു ഞങ്ങൾ ചോദിച്ചു. ഞങ്ങൾ അവയുടെ മുകളിലാണു നിൽക്കുന്നത് എന്നായിരുന്നു മറുപടി! ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി. രണ്ടു നില കെട്ടിടങ്ങൾ പോലും മൂന്നു മീറ്റർ മണ്ണിനടിയിലായിരുന്നു. അത് അതിഭയങ്കരമായിരുന്നു!”
ഉച്ച കഴിഞ്ഞപ്പോഴേക്കും അയൽസഭകളിൽനിന്ന് ഏകദേശം 250 സാക്ഷികൾ സഹായിക്കാനായി ആ പ്രദേശത്ത് എത്തിച്ചേർന്നു. പിക്കാസും കോരികയും പ്ലാസ്റ്റിക് ചട്ടികളും വെറും കൈകളും ഉപയോഗിച്ച് ആ സന്നദ്ധസേവകർ അതിജീവകരെ കണ്ടെത്താനായി കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ സാന്റാ റ്റേക്ലായിൽ വളരെ ചുരുക്കം പേരെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ. ശ്വാസം മുട്ടിയോ ടൺകണക്കിന് മണ്ണിനടിയിൽ ഞെരിഞ്ഞമർന്നോ മരിച്ച നൂറുകണക്കിന് ആളുകളിൽ അഞ്ച് യഹോവയുടെ സാക്ഷികളും ഉണ്ടായിരുന്നു.
സംഘടിത ദുരിതാശ്വാസ പ്രവർത്തനങ്ങൾ
രാജ്യത്ത് ഉടനീളമുള്ള യഹോവയുടെ സാക്ഷികളുടെ സഭകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കോമാസാഗ്വാ, ഓസാറ്റ്ലാൻ, സാന്റാ ഏലേനാ, സാൻറ്റ്യാഗോ ദേ മാറിയാ, ഊസൂലൂട്ടാൻ എന്നിവിടങ്ങളിലെ പല സാക്ഷികൾക്കും തങ്ങളുടെ ഭവനങ്ങൾ നഷ്ടപ്പെട്ടിരുന്നു. രാജ്യഹാളുകളും സ്വകാര്യ ഭവനങ്ങളും ശേഖരണ കേന്ദ്രങ്ങളായി ഉപയോഗിച്ചു. എഡ്വിൻ എർണാൻഡെസ് എന്ന സഞ്ചാര മേൽവിചാരകൻ ഇങ്ങനെ പറയുന്നു: “സഹോദരങ്ങൾ വളരെ നല്ല പിന്തുണയാണു നൽകിയത്. ഭക്ഷണം, വസ്ത്രം, മെത്തകൾ, മരുന്ന്, എന്തിന്, ശവസംസ്കാര ചടങ്ങുകൾക്ക് ആവശ്യമായ പണം പോലും അവർ കൊണ്ടുവന്നു.”
യഹോവയുടെ സാക്ഷികളുടെ പ്രാദേശിക ബ്രാഞ്ച് ഓഫീസ് നിയമിച്ച ഒരു ദുരിതാശ്വാസ കമ്മിറ്റി, ദുരന്തം അത്രകണ്ടു ബാധിക്കാഞ്ഞ സഭകൾ ഗുരുതരമായി ബാധിക്കപ്പെട്ടവരുടെ അടിയന്തിര ആവശ്യങ്ങൾക്കായി കരുതുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തു. 10 മുതൽ 20 വരെ സാക്ഷികൾ അടങ്ങിയ പ്രവർത്തന സംഘങ്ങൾ രൂപീകരിച്ചു. കെട്ടിടങ്ങളുടെ കേടുപാടുകൾ തീർക്കുന്ന ചുമതല ഈ സംഘങ്ങൾക്കായിരുന്നു.
കൂടാതെ, സാധാരണഗതിയിൽ രാജ്യഹാളുകളുടെ നിർമാണ ചുമതലയുള്ള യഹോവയുടെ സാക്ഷികളുടെ മേഖല നിർമാണക്കമ്മിറ്റികൾ ഭവനരഹിതർക്ക് താത്കാലിക താമസസൗകര്യങ്ങൾ പണിയുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തു. എൽ സാൽവഡോറിൽ തകര ഷീറ്റുകളുടെ വില കുത്തനെ ഉയർന്നതിനാൽ യഹോവയുടെ സാക്ഷികളുടെ ഗ്വാട്ടിമാല ബ്രാഞ്ച് ഇത്തരം വളരെയധികം ഷീറ്റുകൾ സംഭാവന ചെയ്തു. ഐക്യനാടുകളിലെയും ഹോണ്ടുറാസിലെയും ബ്രാഞ്ചുകൾ താത്കാലിക പാർപ്പിടങ്ങളുടെ ചട്ടക്കൂടു നിർമിക്കുന്നതിന് ആവശ്യമായ തടി നൽകി.
ദ്രുതഗതിയിലുള്ള ഈ പ്രവർത്തനങ്ങളെല്ലാം നടക്കുന്ന സമയത്ത് ഭൂചലനങ്ങൾ പിന്നെയും ഉണ്ടായിക്കൊണ്ടിരുന്നു. ചില പ്രദേശങ്ങളിൽ ആളുകളെല്ലാം വഴിയിൽ പ്ലാസ്റ്റിക് ടാർപോളിനും പഴന്തുണിയും കൊണ്ട് കൂടാരം കെട്ടി അതിലാണ് ഉറങ്ങിയത്. എല്ലാവരും വല്ലാതെ ഭയന്നു പോയിരുന്നു. ഫെബ്രുവരി 12 ആയപ്പോഴേക്കും മൊത്തം 3,486 ശക്തി കുറഞ്ഞ പ്രകമ്പനങ്ങൾ രേഖപ്പെടുത്തപ്പെട്ടു.
രണ്ടാമതും ഒരു വലിയ ഭൂകമ്പം
ആദ്യത്തെ ഭൂകമ്പം ഉണ്ടായി ഒരു മാസം കഴിഞ്ഞ്, 2001 ഫെബ്രുവരി 13-നു രാവിലെ 8:22-ന് എൽ സാൽവഡോറിന്റെ മധ്യഭാഗത്ത് മറ്റൊരു ഭൂകമ്പം ഉണ്ടായി. റിക്ടർ സ്കെയിലിൽ അതിന്റെ ശക്തിയുടെ അളവ് 6.6 ആയിരുന്നു. ഒരിക്കൽക്കൂടി യഹോവയുടെ സാക്ഷികൾ പെട്ടെന്നുതന്നെ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിലും അടിയന്തിരമായി മുഴുകി. നോയെ ഇരായെറ്റാ എന്നു പേരുള്ള ഒരു മൂപ്പൻ ഇങ്ങനെ വിശദീകരിച്ചു: “ഓരോ സഭാ പുസ്തകാധ്യയന നിർവാഹകനും പോയി തന്റെ കൂട്ടത്തിലുള്ള എല്ലാവരും സുരക്ഷിതരാണോ എന്ന് ഉറപ്പുവരുത്തി.”
സാൻ വിസെന്റേ, കോഹൂതെപെകെ എന്നീ നഗരങ്ങളെയും അവയുടെ പ്രാന്തപ്രദേശങ്ങളെയും ഭൂകമ്പം വലിയ തോതിൽ ബാധിച്ചു. സാൻ പേഡ്രോ നോനൂവാൽകോ, സാൻ മിഗെൽ ടേപേസോൺടെസ്, സാൻ ഹ്വാൻ ടേപേസോൺടെസ് എന്നീ പട്ടണങ്ങൾ തകർന്നു തരിപ്പണമായി. കൂസ്കറ്റ്ലാനിലെ ഏതാണ്ട് പൂർണമായി നശിപ്പിക്കപ്പെട്ട കാൻഡെലാര്യാ എന്ന പ്രദേശത്ത് ഒരു പള്ളിവക സ്കൂൾ തകർന്നുവീണ് 20 കുട്ടികൾ മരിച്ചു. ഒരു പ്രാദേശിക സാക്ഷിയായ സാൽവഡോർ ട്രെഹോ ഇങ്ങനെ പറയുന്നു: “ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വഴിയിൽനിന്ന് ആരോ ‘ട്രെഹോ സഹോദരാ!’ എന്നു വിളിക്കുന്നത് ഞാൻ കേട്ടു. ആദ്യം പൊടിയല്ലാതെ മറ്റൊന്നും കാണാൻ കഴിഞ്ഞില്ല. അപ്പോൾ അതാ, കോഹൂതെപെകെയിൽ നിന്നുള്ള സാക്ഷികൾ. ഞങ്ങൾ എങ്ങനെയിരിക്കുന്നു എന്ന് അറിയാൻ വന്നതായിരുന്നു അവർ!”
ഈ രണ്ടാമത്തെ ദുരന്തത്തിന് ഇരയായവർക്ക് ആവശ്യമായ സംഗതികൾ പ്രദാനം ചെയ്യുന്നതിന് അയൽസഭകൾ ഒരിക്കൽക്കൂടി സംഘടിതമായി. തങ്ങൾക്കുതന്നെ മുട്ട് അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിലും മറ്റുള്ളവരെ സഹായിക്കാനുള്ള പദവിക്കായി അപേക്ഷിച്ച ഒന്നാം നൂറ്റാണ്ടിലെ മക്കദോന്യ ക്രിസ്ത്യാനികളുടെ ദൃഷ്ടാന്തം അവർ പിൻപറ്റി. ഉദാഹരണത്തിന്, ആദ്യത്തെ ഭൂകമ്പത്തിൽ വലിയ കെടുതികൾ അനുഭവിച്ച സാന്റിയാഗോ ടെക്സാക്വാങ്ഗോസ് നഗരത്തിലുള്ള സഭകളിലെ സഹോദരങ്ങൾ അടുത്തുള്ള സാൻ മിഗെൽ ടേപേസോൺടെസിലെ തങ്ങളുടെ സഹോദരങ്ങൾക്ക് ഭക്ഷണം തയ്യാറാക്കി ചൂടോടെ എത്തിച്ചു കൊടുത്തു.
എൽ സാൽവഡോറിലെ ഭൂകമ്പങ്ങളിൽ മൊത്തം 1,200-ലധികം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു. അടുത്തുള്ള ഗ്വാട്ടിമാലയിൽ വേറെ എട്ടു പേർ മരിച്ചു.
ശ്രമങ്ങൾ വിലമതിക്കപ്പെടുന്നു
ദുരിതബാധിതരെ സഹായിക്കാനുള്ള സാക്ഷികളുടെ സംഘടിത ശ്രമങ്ങൾ മറ്റു ദുരിതാശ്വാസ സംഘങ്ങൾ വിലമതിച്ചു. ദുരിതാശ്വാസ കേന്ദ്രമായി ഉപയോഗിച്ച ഒരു രാജ്യഹാളിൽ അവശ്യ വസ്തുക്കൾ എത്തിക്കുന്നതിന് ഒരു ദേശീയ അടിയന്തിര സഹായ കമ്മിറ്റിയുടെ വാഹനം എത്തിയപ്പോൾ അവരുടെ ഒരു പ്രതിനിധി ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഞങ്ങൾ എത്രയോ കേന്ദ്രങ്ങൾ സന്ദർശിച്ചു, എന്നാൽ ക്രമമുള്ളതായി കണ്ട ആദ്യത്തേത് ഇതാണ്. നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ!” മറ്റ് കേന്ദ്രങ്ങളിൽ സംഭവിച്ചതു പോലെ ആരും ട്രക്കിനെ പൊതിയുകയോ പരസ്പരം ഉന്തുകയോ തള്ളുകയോ ഒന്നും ചെയ്തില്ല. സംഭാവന ചെയ്യപ്പെട്ട വസ്തുക്കൾ സ്വീകരിക്കുന്നതിൽ പ്രായമുള്ളവർക്കു മുൻഗണന നൽകി.
സാക്ഷികൾ തങ്ങളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സഹവിശ്വാസികളുടെ ഇടയിൽ മാത്രമായി ഒതുക്കിനിറുത്തിയില്ല. ഉദാഹരണത്തിന്, സാൻ വിസെന്റേയിൽ രാജ്യഹാളിന്റെ ചുറ്റുവട്ടത്തു താമസിക്കുന്ന സാക്ഷികളല്ലാത്ത അനേകർ രാജ്യഹാളിന്റെ മുറ്റത്ത് അഭയം തേടി. അവരിലൊരാളായ റേഹിനാ ഡൂറാൻ ഡി കാന്യാസ് ഇങ്ങനെ പറഞ്ഞു: “ഇവിടെ, യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ ആളുകൾക്ക് തങ്കംകൊണ്ടുള്ള ഹൃദയമാണ് ഉള്ളത്. അവർ ഗേറ്റുകൾ തുറന്ന് ‘ഇങ്ങോട്ടു പോരൂ!’ എന്നു പറഞ്ഞു. അങ്ങനെ ഞങ്ങൾ ഇവിടെയെത്തി. രാത്രി ഞങ്ങൾ ഉറങ്ങുമ്പോൾ പോലും അവർ ഊഴമനുസരിച്ച് ഞങ്ങൾക്കു കാവൽ നിൽക്കുന്നു.”
പാർപ്പിട ക്രമീകരണങ്ങൾ ചെയ്യുന്നു
നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷം ആവശ്യമുള്ളവർക്കു പാർപ്പിടങ്ങൾ പണിയാനുള്ള ശുപാർശകൾ ബ്രാഞ്ച് ഓഫീസിലേക്ക് അയയ്ക്കുകയുണ്ടായി. അങ്ങനെ വീടു നഷ്ടപ്പെട്ടവർക്കായി താത്കാലിക ഭവനങ്ങളുടെ പണി തുടങ്ങി. ഭാഗികമായി തകർന്ന വീടുകൾ നന്നാക്കാനുള്ള ക്രമീകരണങ്ങളും ചെയ്യപ്പെട്ടു. കഠിനാധ്വാനികളായ പണിക്കാർ അടങ്ങിയ വിദഗ്ധ നിർമാണ സംഘങ്ങൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അവർ ജോലി ചെയ്യുന്നതു കാണാൻ അയൽക്കാർ പുറത്തിറങ്ങി നിൽക്കുമായിരുന്നു.
താൻ കുറേക്കാലമായി കാത്തിരിക്കുന്ന നഗരസഭാ പ്രവർത്തകരാണ് ഈ പണിക്കാരെന്നു കരുതിയ ഒരു സ്ത്രീ തന്റെ സ്ഥലം വൃത്തിയാക്കുന്നതിൽ സഹായിക്കാൻ ആരും വന്നില്ല എന്ന പരാതിയുമായി എത്തി. അപ്പോൾ അയൽവക്കത്തുള്ള കുട്ടികൾ പറഞ്ഞു: “അല്ല, ഇവർ നഗരസഭാ പ്രവർത്തകരല്ല, രാജ്യപ്രവർത്തകരാണ്!” സാക്ഷിയല്ലാത്ത മോയിസെസ് ആന്റോണിയോ ഡിയാസ് എന്ന മറ്റൊരു വ്യക്തി ഇങ്ങനെ അഭിപ്രായപ്പെട്ടു: “യഹോവയുടെ സാക്ഷികൾ ആവശ്യമുള്ളവരെ സഹായിക്കുന്നത് എങ്ങനെയെന്നു കാണുന്നത് നല്ല ഒരു അനുഭവമാണ്. അവരുടേത് വളരെ ഐക്യമുള്ള ഒരു സംഘടനയാണ്. ദൈവത്തിനു നന്ദി, ഞങ്ങൾ പാവങ്ങളെ സഹായിക്കാനുള്ള സന്മനസ്സ് അവർക്കുണ്ട്. ഞാൻ അവരോടൊത്തു പ്രവർത്തിച്ചിരിക്കുന്നു. തുടർന്നും അതിന് ഞാൻ ആഗ്രഹിക്കുന്നു.”
താത്കാലിക വീടു പണിതുകിട്ടിയ ഒരു ക്രിസ്തീയ സഹോദരി ഇപ്രകാരം പറഞ്ഞപ്പോൾ കരഞ്ഞുപോയി: “എന്റെ ഭർത്താവിനും എനിക്കും നന്ദി പ്രകടിപ്പിക്കാൻ വാക്കുകളില്ല—ആദ്യം യഹോവയോടും പിന്നെ ഞങ്ങളെ അറിയുക പോലുമില്ലാഞ്ഞിട്ടും സത്വരം ഞങ്ങളുടെ സഹായത്തിനെത്തിയ ഈ സഹോദരങ്ങളോടും.”
ഏപ്രിൽ പകുതി ആയപ്പോഴേക്കും ഭൂകമ്പബാധിതർക്കായി സാക്ഷികൾ 567 താത്കാലിക ഭവനങ്ങൾ പണിതുകഴിഞ്ഞിരുന്നു. കൂടാതെ 100-ഓളം കുടുംബങ്ങൾക്ക്, കേടുപാടുകൾ സംഭവിച്ച തങ്ങളുടെ വീടുകൾ നന്നാക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികൾ ലഭിച്ചു. സഹായം ആവശ്യമുള്ള എല്ലാ കുടുംബങ്ങൾക്കും കയറിക്കിടക്കാൻ ഒരു ഇടം ലഭിച്ചെന്ന് ഉറപ്പുവരുത്തിയശേഷം, നന്നാക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്യേണ്ടിയിരുന്ന 92 രാജ്യഹാളുകളിലേക്കു സാക്ഷികൾ ശ്രദ്ധ തിരിച്ചു.
ജീവിതം വീണ്ടും കെട്ടിപ്പടുക്കുന്നു
കെട്ടിടങ്ങളും വീടുകളും പുതുക്കിപ്പണിതു കിട്ടിയതിൽ മാത്രമല്ല, തങ്ങൾക്ക് ആത്മീയവും വൈകാരികവുമായ പ്രോത്സാഹനം കിട്ടിയതിലും അനേകർ അങ്ങേയറ്റം നന്ദിയുള്ളവരായിരുന്നു.
മുമ്പ് പരാമർശിച്ച മിര്യാം ഇങ്ങനെ പറഞ്ഞു: “ഭൂചലനങ്ങൾ തുടർന്നും ഉണ്ടായിക്കൊണ്ടിരുന്ന ആ സാഹചര്യത്തിൽ എനിക്കു വല്ലാത്ത ആശങ്ക തോന്നിയ സമയങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട്. എന്നാൽ സഹോദരങ്ങൾ ഊഷ്മളതയുടെയും പ്രോത്സാഹനത്തിന്റെയും ഒരു നിരന്തര ഉറവായിരുന്നു. അവർ ഇല്ലായിരുന്നെങ്കിൽ ഞങ്ങളുടെ സ്ഥിതി എന്തായേനേ?”
സഭയിലൂടെ യഹോവ പ്രകടമാക്കിയ സ്നേഹപൂർവകമായ കരുതലിന് ഭൂകമ്പത്തെ അതിജീവിച്ചവരുടെമേൽ അതിശയകരമായ ഫലങ്ങളാണ് ഉണ്ടായത്. കോമാസാഗ്വായിൽ ആദ്യത്തെ ഭൂകമ്പത്തിൽ മിക്ക സാക്ഷികളുടെയും വീടുകൾക്കു കേടുപാടുകൾ സംഭവിക്കുകയോ അവ തകരുകയോ ചെയ്തിരുന്നു. എന്നിരുന്നാലും ഏപ്രിൽ, മേയ് മാസങ്ങളിൽ അവിടത്തെ 17 സാക്ഷികളിൽ 12 പേർ പയനിയറിങ് നടത്തി. അതേത്തുടർന്ന് 2 പേർ സാധാരണ പയനിയർമാരായിത്തീർന്നു.
രണ്ടാമത്തെ ഭൂകമ്പം ഏറ്റവുമധികം ബാധിച്ച കൂസ്കറ്റ്ലാൻ പ്രദേശത്തെ സഭകൾ തങ്ങളുടെ പ്രത്യേക സമ്മേളന ദിനം മാർച്ചിൽ നടത്തി. റെക്കോർഡ് ഹാജരായിരുന്നു സമ്മേളനത്തിന്—1,535 പേർ. 22 പേർ സ്നാപനമേറ്റു. ഹാജരായിരുന്ന അനേകരുടെയും ഭവനങ്ങൾ ഭൂകമ്പത്തിൽ തകർന്നിരുന്നെങ്കിലും സംഘാടകരെ അതിശയിപ്പിച്ചുകൊണ്ട് അവർ സമ്മേളന ഹാളിനായി അകമഴിഞ്ഞ് സംഭാവന ചെയ്തു.
സാൻ വിസെന്റെയിൽനിന്നുള്ള ഒരു സാക്ഷിയുടെ പിൻവരുന്ന വാക്കുകൾ അനേകരുടെയും നന്ദി പ്രതിഫലിപ്പിക്കുന്നവയാണ്: “ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സംഘടന എങ്ങനെയാണു പ്രതികരിക്കുന്നതെന്ന് പ്രസിദ്ധീകരണങ്ങളിൽ ഞാൻ വായിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ അതു വ്യക്തിപരമായി അനുഭവിച്ചറിഞ്ഞിരിക്കുന്നു. സഹോദരവർഗം ഞങ്ങളെ പിന്തുണച്ചു. ക്രിസ്തീയ സ്നേഹം പ്രവൃത്തിപഥത്തിൽ ആയിരിക്കുന്നത് ഞങ്ങൾ കണ്ടിരിക്കുന്നു. ഈ ഏകീകൃത ജനതയുടെ ഭാഗമായിരിക്കുന്നത് എത്ര വലിയ പദവിയാണ്!”(g01 10/22)
[23-ാം പേജിലെ ചിത്രം]
ഭൂകമ്പത്തിന്റെ ഫലമായി ഉണ്ടായ മണ്ണിടിച്ചിലിൽ ലാസ് കോളിനാസിലെ 300-ലധികം വീടുകൾ തകർന്നു
[കടപ്പാട്]
Bottom of pages 23-5: Courtesy El Diario de Hoy
[24-ാം പേജിലെ ചിത്രം]
ഗ്രാമീണർ പിക്കാസും കോരികയും ബക്കറ്റുകളുമൊക്കെ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു
[കടപ്പാട്]
Courtesy of La Prensa Gráfica (photograph by Milton Flores/Alberto Morales/Félix Amaya)
[25-ാം പേജിലെ ചിത്രം]
ടെപെക്കോയോയിലെ രാജ്യഹാൾ തകർന്ന നിലയിൽ
[26-ാം പേജിലെ ചിത്രം]
ടെപെക്കോയോയിലെ സഹോദരങ്ങൾ യോഗങ്ങൾ നടത്താൻ പെട്ടെന്നുതന്നെ ഒരു താത്കാലിക ഹാൾ പണിതു
[26-ാം പേജിലെ ചിത്രങ്ങൾ]
സാക്ഷികൾ പെട്ടെന്നുതന്നെ രാജ്യഹാളുകൾ പുതുക്കിപ്പണിയുകയും 500-ലധികം താത്കാലിക ഭവനങ്ങൾ നിർമിക്കുകയും ചെയ്തു
[26-ാം പേജിലെ ചിത്രം]
കേടുപാടു സംഭവിച്ച തങ്ങളുടെ വീട് പുതുക്കിപ്പണിയുന്നത് കൃതജ്ഞതാപൂർവം നോക്കിനിൽക്കുന്ന ഒറ്റയ്ക്കുള്ള ഒരു അമ്മയും മകളും