ബൈബിളിന്റെ വീക്ഷണം
ഫെങ് ഷ്വേ—അത് ക്രിസ്ത്യാനികൾക്കുള്ളതോ?
ഏഷ്യയിൽ അത് ഉപയോഗിച്ച് കുഴിമാടങ്ങളുടെ സ്ഥാനം തിരഞ്ഞെടുക്കുന്നു. കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുകയും മോടിപിടിപ്പിക്കുകയും ചെയ്യുന്നു. വസ്തു വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. ഭൂശാകുനികത്തിന്റെ അഥവാ ശകുനവിദ്യയുടെ ഒരു രൂപമായ അത് ചൈനീസ് ഭാഷയിൽ ഫെങ് ഷ്വേ എന്നാണ് അറിയപ്പെടുന്നത്. ഫെങ് ഷ്വേ നൂറ്റാണ്ടുകളായി ഏഷ്യയിൽ പ്രചാരത്തിലുണ്ടെങ്കിലും സമീപ വർഷങ്ങളിൽ അതു പാശ്ചാത്യനാടുകളിലേക്കും വ്യാപിക്കാൻ തുടങ്ങിയിരിക്കുന്നു. കൂറ്റൻ കെട്ടിടങ്ങളും ഓഫീസുകളും വീടുകളും ഒക്കെ രൂപകൽപ്പന ചെയ്യാൻ ചില വാസ്തുശിൽപ്പികൾ അതിനെ ആശ്രയിക്കുന്നു. ചില വീട്ടമ്മമാർ തങ്ങളുടെ വീടുകൾ അലങ്കരിക്കുന്നത് അതിനെ അടിസ്ഥാനമാക്കിയാണ്. അതിനെ കുറിച്ചു പഠിപ്പിക്കുകയും അതിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിരവധി പുസ്തകങ്ങളും ഇന്റർനെറ്റ് വെബ്സൈറ്റുകളും ഉണ്ട്.
അതിന്റെ പ്രചാരം ഇത്ര വർധിക്കാൻ കാരണം എന്താണ്? ഫെങ് ഷ്വേ “ജീവിതസാഹചര്യങ്ങളും ആരോഗ്യവും” മെച്ചപ്പെടുത്തുമെന്നും “ദാമ്പത്യവും കൂട്ടുകെട്ടുകളും” ശക്തിപ്പെടുത്തുമെന്നും “കൂടുതൽ സമ്പത്തും മനശ്ശാന്തിയും” നേടിത്തരുമെന്നും ആ സിദ്ധാന്തത്തിന്റെ ഒരു വക്താവ് അവകാശപ്പെടുന്നു. ഇവയെല്ലാം ആകർഷകമായി തോന്നുമെങ്കിലും വാസ്തവത്തിൽ ഫെങ് ഷ്വേ എന്താണ്, ക്രിസ്ത്യാനികൾ അതിനെ എങ്ങനെ വീക്ഷിക്കണം?
എന്താണ് അത്?
ഫെങ് ഷ്വേ എന്നീ ചൈനീസ് പദങ്ങളുടെ അക്ഷരീയ അർഥം “കാറ്റ്-ജലം” എന്നാണ്. ഫെങ് ഷ്വേയുടെ വേരുകൾ ആയിരക്കണക്കിനു വർഷങ്ങൾ പിന്നിലേക്ക്, പല പൗരസ്ത്യ തത്ത്വശാസ്ത്രങ്ങളും രൂപംകൊണ്ട കാലത്തേക്ക് പടർന്നുകിടക്കുന്നതായി കാണാം. അവയിൽ ഒന്നാണ് യിൻ, യാങ് ശക്തികൾ (ഇരുട്ടും വെളിച്ചവും, ചൂടും തണുപ്പും, നിഷേധാത്മകതയും ക്രിയാത്മകതയും) കൈവരുത്തുന്നതായി പറയപ്പെടുന്ന സന്തുലിതാവസ്ഥ സംബന്ധിച്ച വിശ്വാസം. യിന്നും യാങ്ങും എന്ന സങ്കൽപ്പത്തോട് “ചി”—അക്ഷരീയ അർഥം “വായു” അഥവാ “ശ്വാസം”—എന്ന ആശയവും കൂട്ടിച്ചേർക്കപ്പെട്ടു. യിൻ, യാങ്, ചി എന്നിവയും അതുപോലെതന്നെ മരം, പൃഥ്വി, ജലം, അഗ്നി, ലോഹം എന്നിങ്ങനെ പഞ്ചഭൂതങ്ങൾ എന്നു വിളിക്കപ്പെടുന്നവയും ഫെങ് ഷ്വേ സിദ്ധാന്തത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഓരോ ഭൂപ്രദേശത്തിലൂടെയും ശക്തിയേറിയ ഊർജപഥങ്ങൾ കടന്നുപോകുന്നതായി ഫെങ് ഷ്വേ ഉപാസകർ വിശ്വസിക്കുന്നു. ഭൂമിയുടെയും ആകാശത്തിന്റെയും ചി അഥവാ ഊർജങ്ങൾ സന്തുലിതാവസ്ഥയിൽ ആയിരിക്കുന്ന സ്ഥാനങ്ങൾ കൃത്യമായി നിർണയിക്കുകയാണ് ഈ സിദ്ധാന്തത്തിന്റെ ലക്ഷ്യം. ഭൂപ്രദേശത്തിനുതന്നെ ഭേദഗതി വരുത്തുകയോ ഒരു പ്രത്യേക സ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടത്തിന്റെ അകത്തു മാറ്റങ്ങൾ വരുത്തുകയോ ചെയ്തുകൊണ്ടാണ് അതു നിർവഹിക്കുന്നത്. ഈ സന്തുലിതാവസ്ഥ കൈവരിക്കുന്നത് അവിടെ ജോലി ചെയ്യുന്നവർക്ക് അല്ലെങ്കിൽ താമസിക്കുന്നവർക്ക് സൗഭാഗ്യം കൊണ്ടുവരുമെന്നാണു വിശ്വാസം.
ഫെങ് ഷ്വേ വിദ്യക്കാർ സാധാരണഗതിയിൽ ഒരു ഭൂശാകുനിക വടക്കുനോക്കി യന്ത്രം ഉപയോഗിക്കുന്നു.a ഒരു ജ്യോതിഷ ചാർട്ടിന്റെ നടുവിലായി വെക്കുന്ന ഒരു കൊച്ചു കാന്തിക വടക്കുനോക്കി യന്ത്രമാണ് അത്. ഭൂശാകുനിക വടക്കുനോക്കി യന്ത്രത്തിന് നേർരേഖകളാൽ വിഭജിക്കപ്പെട്ടിരിക്കുന്ന നിരവധി ഏകകേന്ദ്രീയ വൃത്തങ്ങൾ ഉണ്ട്. നക്ഷത്രമണ്ഡലങ്ങൾ, ഋതുക്കൾ, സൗരപര്യയനങ്ങളുടെ കാലയളവ് എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. ഒരു സ്ഥാനത്തെയോ കെട്ടിടത്തെയോ അപഗ്രഥിക്കുമ്പോൾ വടക്കുനോക്കി യന്ത്രത്തിൽനിന്നു വളരെയധികം വിവരങ്ങൾ ശേഖരിക്കുന്നു. ഫെങ് ഷ്വേ വിദ്യക്കാരൻ യന്ത്രത്തിന്റെ സൂചി, ചുറ്റുമുള്ള വരകളും വൃത്തങ്ങളുമായി സന്ധിക്കുന്ന ബിന്ദുക്കൾ ഏതാണെന്നു നോക്കും. ഒരു സ്ഥാനം “നേരെയാക്കാൻ” എന്തു ചെയ്യണമെന്ന് അയാൾ തീരുമാനിക്കുന്നത് അതിൽനിന്നാണ്.
ഒരു സ്ഥലത്ത് സന്തുലിതാവസ്ഥ കൈവരുത്താൻ ചുറ്റുവട്ടത്തെ ഭൂസ്ഥിതി, ജലസ്രോതസ്സുകൾ, അഴുക്കുചാലുകൾ എന്നുവേണ്ട ഒരു കെട്ടിടത്തിന്റെ വാതിലുകളുടെയും ജനലുകളുടെയും സ്ഥാനങ്ങൾ വരെ കണക്കിലെടുത്തേക്കാം. ദൃഷ്ടാന്തത്തിന് കാനഡയിലെ ഒരു കടയുടമസ്ഥ തന്റെ കടയുടെ വാതിലുകളുടെ സ്ഥാനം “ശരിയാക്കാൻ” പിൻവാതിൽക്കൽ ഒരു കണ്ണാടി തൂക്കിയിട്ടു. ഒരു കെട്ടിടത്തിന് അല്ലെങ്കിൽ മുറിക്ക് സന്തുലിതാവസ്ഥ കൈവരുത്താൻ ഒരു ഭൂശാകുനിക വിദ്യക്കാരൻ ചെടികളുടെ അല്ലെങ്കിൽ ഗൃഹോപകരണങ്ങളുടെ സ്ഥാനം മാറ്റാനോ ഒരു ചിത്രം മാറ്റിവെക്കാനോ കാറ്റത്ത് ഉലയുമ്പോൾ കിലുകില ശബ്ദം പുറപ്പെടുവിക്കുന്ന വിധത്തിൽ ചില്ല് അല്ലെങ്കിൽ ലോഹ കഷണങ്ങൾ കെട്ടിത്തൂക്കിയിടാനോ ഒരു അക്വേറിയം സ്ഥാപിക്കാനോ ഒക്കെ നിർദേശിച്ചേക്കാം.
ക്രിസ്തീയ വീക്ഷണം
മിക്ക ഗ്രന്ഥശാലകളിലും ഫെങ് ഷ്വേയെ കുറിച്ചുള്ള പുസ്തകങ്ങൾ ജ്യോതിഷത്തെയും ഭാവിഫല പ്രവചനത്തെയും പറ്റിയുള്ള പുസ്തകങ്ങളുടെ ഗണത്തിൽ പെടുത്തിയിരിക്കുന്നു എന്നതു ശ്രദ്ധേയമാണ്. വാസ്തവത്തിൽ ചില പരാമർശകൃതികൾ ഭൂശാകുനികത്തെ അക്കങ്ങളോ രേഖകളോ ഭൂമിശാസ്ത്ര സവിശേഷതകളോ ഉപയോഗിച്ചുള്ള ഭാവികഥന വിദ്യ എന്നു വിശേഷിപ്പിക്കുന്നു. അതുകൊണ്ട്, ഫെങ് ഷ്വേയും മറ്റു വിധങ്ങളിലുള്ള ഭൂശാകുനികവും ഭാവിഫല പ്രവചനത്തിന്റെ വിവിധ രൂപങ്ങളാണ് എന്നതു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്. അവയിൽ ഭാവികഥന വിദ്യയും ആത്മവിദ്യാചാരവും ഉൾപ്പെട്ടിരിക്കുന്നു. അവ മനുഷ്യവർഗത്തെ സംബന്ധിച്ചിടത്തോളം ഒരു പുതിയ സംഗതി അല്ലതാനും.
ഇസ്രായേല്യർ ഈജിപ്ത് വിട്ട് ഒടുവിൽ പൊ.യു.മു. 15-ാം നൂറ്റാണ്ടിൽ കനാൻ ദേശത്തു പ്രവേശിച്ച കാലത്ത് ഇരു ദേശങ്ങളിലും ഭാവികഥനത്തിന്റെ സകല രൂപങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ, ആവർത്തനപുസ്തകം 18:14-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ദൈവം മോശെ മുഖാന്തരം ഇപ്രകാരം പറഞ്ഞു: “നീ നീക്കിക്കളവാനിരിക്കുന്ന ജാതികൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും [“ഭാവികഥനക്കാരുടെയും,” NW] വാക്കുകേട്ടു നടന്നു; നീയോ അങ്ങനെ ചെയ്വാൻ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.” ഈജിപ്തിലും കനാനിലും നിലവിലുണ്ടായിരുന്ന ഭാവികഥനത്തിന്റെ വിവിധ രൂപങ്ങൾ ഉത്ഭവിച്ചത് പുരാതന ബാബിലോണിലാണ്. യഹോവ ബാബിലോണിലെ ആളുകളുടെ ഭാഷ കലക്കിക്കളഞ്ഞപ്പോൾ അവർ മറ്റു സ്ഥലങ്ങളിലേക്കു ചിതറിപ്പോയി. അങ്ങനെ, ബാബിലോണിലെ ഭാവികഥന വിദ്യയും ആത്മവിദ്യയും ആയി ബന്ധപ്പെട്ട ആചാരങ്ങളും അവർ തങ്ങളോടൊപ്പം കൊണ്ടുപോയി.—ഉല്പത്തി 11:1-9.
മറ്റു ജനതകളുടെ ഭാവികഥന വിദ്യകൾ പിൻപറ്റരുതെന്ന് യഹോവയാം ദൈവം വളരെ കർശനമായി ഇസ്രായേല്യർക്കു കൂടെക്കൂടെ മുന്നറിയിപ്പു നൽകിയിരുന്നു. അവൻ അവരോട് ഇപ്രകാരം അരുളിച്ചെയ്തു: “പ്രശ്നക്കാരൻ, [“ഭാവികഥനക്കാരൻ,” NW] മുഹൂർത്തക്കാരൻ, ആഭിചാരകൻ . . . എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു. ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ലേച്ഛതകൾനിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നു.” (ആവർത്തനപുസ്തകം 18:9-12; ലേവ്യപുസ്തകം 19:26, 31) ഭാവികഥന വിദ്യക്കാർ നിശ്ചയമായും മരണശിക്ഷ അനുഭവിക്കണമായിരുന്നു.—പുറപ്പാടു 22:18; ലേവ്യപുസ്തകം 20:27, NW.
ഭാവികഥന വിദ്യയെ ദൈവം ഇത്ര കഠിനമായി കുറ്റം വിധിച്ചത് എന്തുകൊണ്ടാണ്? “ഭാവിഫലം പ്രവചിക്കുന്ന ഒരു ഭൂതം” ഗ്രസിച്ചിരുന്ന ഒരു പെൺകുട്ടിയെ കുറിച്ച് പ്രവൃത്തികൾ 16:16-19 (NW) പറയുന്നു. അതേ, ഭാവികഥന വിദ്യക്ക് ഭൂതാരാധനയുമായി അഭേദ്യമായ ബന്ധമുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഭാവികഥന വിദ്യ ആചരിക്കുന്നത് ഒരുവനെ സാത്താനും അവന്റെ ഭൂതങ്ങളുമായി സമ്പർക്കത്തിൽ കൊണ്ടുവരുന്നു! അത് അയാളെ ആത്മീയമായി നശിപ്പിക്കും.—2 കൊരിന്ത്യർ 4:4.
പൗരസ്ത്യദേശങ്ങളിലായാലും പാശ്ചാത്യദേശങ്ങളിലായാലും, വീട് അലങ്കരിക്കുന്നതും പരിസരം മോടിപിടിപ്പിക്കുന്നതും സംബന്ധിച്ച പ്രചാരമേറിയ ചില രീതികളെ ഫെങ് ഷ്വേ പോലുള്ള വ്യാജമത ആചാരങ്ങൾ ആരംഭത്തിൽ സ്വാധീനിച്ചിരിക്കാം. എങ്കിലും മിക്കപ്പോഴും ആ രീതികൾക്ക് അവയുടെ മതപരമായ പ്രാധാന്യം പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ഭാവിഫലം അറിയാനോ സൗഭാഗ്യം അല്ലെങ്കിൽ മെച്ചപ്പെട്ട ആരോഗ്യം കൈവരാനോ ഫെങ് ഷ്വേ ഉപയോഗിക്കുന്നത് ദൈവനിയമത്തിന്റെ വ്യക്തമായ ലംഘനമായിരിക്കും. അത്, “അശുദ്ധമായതു” ഒന്നും തൊടരുത് എന്നുള്ള ബൈബിളിലെ സുവ്യക്തമായ കൽപ്പനയുടെ ലംഘനമായിരിക്കും.—2 കൊരിന്ത്യർ 6:14-18. (g01 12/08)
[അടിക്കുറിപ്പുകൾ]
a പാശ്ചാത്യ ദേശങ്ങളിലെ ഫെങ് ഷ്വേ വിദ്യക്കാർ അതിന് കുറേക്കൂടെ ഒരു ശാസ്ത്രീയ മുഖഛായ നൽകാൻ ശ്രമിച്ചിട്ടുണ്ട്, ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങൾ അപഗ്രഥിക്കുന്നതിൽ തങ്ങളെ സഹായിക്കാൻ ചിലർ കമ്പ്യൂട്ടറുകൾ പോലും ഉപയോഗിക്കുന്നു.
[29-ാം പേജിലെ ചിത്രം]
ഒരു ഭൂശാകുനിക വടക്കുനോക്കി യന്ത്രം
[കടപ്പാട്]
2, 29 പേജുകൾ: Hong Kong Tourism Board