അധ്യാപനം സന്തോഷവും സംതൃപ്തിയും
“ഒരു അധ്യാപികയായി തുടരാൻ എന്നെ പ്രേരിപ്പിക്കുന്നത് എന്താണെന്നോ? പഠിപ്പിക്കൽ ബുദ്ധിമുട്ടുള്ള, ക്ഷീണിപ്പിക്കുന്ന ഒരു ജോലി ആണെങ്കിലും പഠിക്കാനുള്ള കുട്ടികളുടെ ഉത്സാഹവും അവരുടെ പുരോഗതിയും കാണുന്നത് ഈ ജോലിയിൽ തുടരാൻ എന്നെ സഹായിക്കുന്നു.”—ലീമാരിസ്, ന്യൂയോർക്ക് നഗരത്തിലെ ഒരു അധ്യാപിക.
വെല്ലുവിളികളും തിരിച്ചടികളും നിരാശയുമെല്ലാം നേരിടേണ്ടി വരുന്നെങ്കിൽ പോലും ആഗോളവ്യാപകമായി ദശലക്ഷക്കണക്കിന് അധ്യാപകർ തങ്ങൾ തിരഞ്ഞെടുത്ത തൊഴിലിനോടു പറ്റിനിൽക്കുന്നു. അർഹിക്കുന്ന അംഗീകാരമൊന്നും ലഭിക്കുകയില്ലെന്ന് അറിയാമായിരുന്നിട്ടും അധ്യാപനത്തിന്റെ പാത സ്വീകരിക്കാൻ ആയിരക്കണക്കിനു വിദ്യാർഥികളെ പ്രേരിപ്പിക്കുന്നത് എന്താണ്? ആ പാതയിൽ തുടരാൻ അവരെ സഹായിക്കുന്നത് എന്താണ്?
ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂഡൽഹിയിലെ ഒരു സ്കൂൾ അധ്യാപികയായ മേരിയാൻ വിശദീകരിച്ചു: “കൗമാരപ്രായത്തിലുള്ള ഒരു കുട്ടിയെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ വർഷങ്ങളിൽ മുന്നോട്ടു വഴിനയിച്ച വ്യക്തി എന്ന നിലയിൽ കണക്കാക്കപ്പെടുമ്പോൾ അങ്ങേയറ്റം ചാരിതാർഥ്യം തോന്നുന്നു. നിങ്ങളുടെ സഹായത്തോടു നന്നായി പ്രതികരിച്ച യുവജനങ്ങൾ വരുംവർഷങ്ങളിൽ നിങ്ങളെ സ്നേഹപൂർവം ഓർക്കുന്നതിന്റെ സംതൃപ്തി വേറെ ഒരു തൊഴിലിൽനിന്നും ലഭിക്കുകയില്ല.”
മുൻ ലേഖനങ്ങളിൽ ഉദ്ധരിച്ച ജൂല്യാനോ എന്ന അധ്യാപകൻ ഇങ്ങനെ പറഞ്ഞു: “ഒരു വിഷയത്തിലുള്ള വിദ്യാർഥികളുടെ താത്പര്യത്തെ ഉണർത്താൻ കഴിഞ്ഞു എന്ന തിരിച്ചറിവാണ് ഏറ്റവും അധികം സംതൃപ്തി നൽകുന്ന ഒരു ഘടകം. ഉദാഹരണത്തിന്, ചരിത്രത്തിലെ ഒരു ഭാഗം ഞാൻ വിശദീകരിച്ചു കഴിഞ്ഞപ്പോൾ ചില കുട്ടികൾ പറഞ്ഞു: ‘അയ്യോ, സാറു നിറുത്തുവാണോ, ഞങ്ങൾക്ക് ഇനിയും കേൾക്കണം!’ ഹൃദയത്തിൽനിന്നു വരുന്ന ഇത്തരം ആശയപ്രകടനങ്ങൾക്ക് സ്കൂളിലെ മ്ലാനമായ ഒരു പ്രഭാതത്തെ സന്തോഷപ്രദമാക്കാൻ കഴിയും. കാരണം കുട്ടികളിൽ ചില പുതിയ വികാരങ്ങൾ ഉണർത്താൻ നിങ്ങൾക്കു കഴിഞ്ഞിരിക്കുന്നുവെന്നു നിങ്ങൾ മനസ്സിലാക്കുന്നു. ഒരു വിഷയം മനസ്സിലാകുമ്പോഴത്തെ അവരുടെ കണ്ണിലെ തിളക്കം അങ്ങേയറ്റം സന്തോഷം നൽകുന്നു.”
ഇറ്റലിയിലെ ഒരു അധ്യാപികയായ എലേനാ പറഞ്ഞു: “എന്തെങ്കിലും അസാധാരണ നേട്ടമല്ല—അങ്ങനെയെന്തെങ്കിലും സംഭവിക്കുന്നത് അപൂർവമാണ്—മറിച്ച് ഓരോ ദിവസത്തെയും കൊച്ചുകൊച്ചു സംഭവങ്ങൾ, വിദ്യാർഥികളുടെ കൊച്ചുകൊച്ചു വിജയങ്ങൾ ആണ് കൂടുതൽ സംതൃപ്തി നൽകുന്നത് എന്നു ഞാൻ വിശ്വസിക്കുന്നു.”
മുപ്പതു കഴിഞ്ഞ ഓസ്ട്രേലിയക്കാരിയായ കോണി പറഞ്ഞു: “നിങ്ങൾ പഠിപ്പിച്ച ഒരു വിദ്യാർഥി നിങ്ങളുടെ ശ്രമങ്ങൾക്കു നന്ദി പറഞ്ഞുകൊണ്ട് ഒരു കത്തെഴുതുമ്പോൾ വളരെ സംതൃപ്തി തോന്നും.”
അർജന്റീനയിലെ മെൻഡോസയിൽനിന്നുള്ള ഓസ്കാറും അതിനോടു യോജിക്കുന്നു: “എന്റെ വിദ്യാർഥികൾ വഴിയിലോ മറ്റോ വെച്ച് എന്നെ കാണുമ്പോൾ അവരെ പഠിപ്പിച്ചതിനുള്ള വിലമതിപ്പു പ്രകടിപ്പിക്കുന്നത് എന്റെ ശ്രമങ്ങളൊന്നും വെറുതെയാകുന്നില്ല എന്ന തോന്നൽ ജനിപ്പിക്കുന്നു.” സ്പെയിനിലെ മാഡ്രിഡിൽനിന്നുള്ള ആൻഹാൽ പറഞ്ഞു: “വിശിഷ്ടമായതും ഒപ്പം ബുദ്ധിമുട്ടേറിയതുമായ ഈ തൊഴിലിനായി ജീവിതത്തിന്റെ ഒരു ഭാഗം മാറ്റി വെച്ച എനിക്ക് ഞാൻ പഠിപ്പിച്ച കുട്ടികൾ, ഭാഗികമായി എന്റെ പ്രയത്നങ്ങളുടെ ഫലമായി, ധർമിഷ്ഠരായ സ്ത്രീപുരുഷന്മാരായിത്തീരുന്നതു കാണുന്നതാണ് ഏറ്റവും സംതൃപ്തി നൽകുന്നത്.”
തുടക്കത്തിൽ ഉദ്ധരിച്ച ലീമാരിസ് ഇങ്ങനെ പറഞ്ഞു: “അധ്യാപകർ അതുല്യ വ്യക്തികളാണെന്നാണ് എന്റെ വിശ്വാസം. ഞങ്ങൾ അൽപ്പം വിചിത്ര സ്വഭാവക്കാരാണെന്നും കൂട്ടിക്കോളൂ, അല്ലെങ്കിൽപ്പിന്നെ ഇത്രയധികം ഉത്തരവാദിത്വമുള്ള ഒരു ജോലി ഏറ്റെടുക്കാൻ ആരാണു തയ്യാറാവുക? എന്നാൽ പത്തു കുട്ടികളുടെ അല്ലെങ്കിൽ ഒരു കുട്ടിയുടെ എങ്കിലും ജീവിതത്തിൽ മാറ്റം വരുത്താൻ കഴിഞ്ഞാൽ നിങ്ങൾ നിങ്ങളുടെ ജോലി ചെയ്തു, അതിനെക്കാൾ നല്ല ഒരു അനുഭവം ഉണ്ടാകാനില്ല. ജോലി സന്തോഷത്തോടെ നിർവഹിക്കാൻ നിങ്ങൾക്കു സാധിക്കും.”
നിങ്ങളുടെ അധ്യാപകരോടു നിങ്ങൾ നന്ദി പറഞ്ഞിട്ടുണ്ടോ?
ഒരു വിദ്യാർഥിയോ മാതാവോ പിതാവോ എന്ന നിലയിൽ നിങ്ങൾ എപ്പോഴെങ്കിലും അധ്യാപകരുടെ പ്രയത്നത്തിനും അവർ കാണിച്ച താത്പര്യത്തിനും ചെലവഴിച്ച സമയത്തിനും നന്ദി പറഞ്ഞിട്ടുണ്ടോ? അല്ലെങ്കിൽ നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പോ കത്തോ നൽകിയിട്ടുണ്ടോ? കെനിയയിലെ നയ്റോബിയിൽനിന്നുള്ള ആർഥർ പറയുന്നതു വളരെ ശരിയാണ്: “അധ്യാപകർക്കും അഭിനന്ദനം ആവശ്യമാണ്. ഗവൺമെന്റും മാതാപിതാക്കളും കുട്ടികളും അവരെയും അവരുടെ സേവനങ്ങളെയും വളരെയധികം വിലമതിക്കേണ്ടതുണ്ട്.”
അധ്യാപിക കൂടെയായ ലൂവാൻ ജോൺസൻ എന്ന ലേഖിക എഴുതി: “ഒരു അധ്യാപകനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒരു കത്തു ലഭിക്കുമ്പോൾ അധ്യാപകരെ പുകഴ്ത്തിക്കൊണ്ടുള്ള വേറെ നൂറെണ്ണം എനിക്കു ലഭിക്കാറുണ്ട്. മോശമായ അധ്യാപകരെക്കാൾ കൂടുതൽ നല്ല അധ്യാപകരാണ് ഉള്ളത് എന്ന എന്റെ വിശ്വാസത്തെ ഇതു ബലപ്പെടുത്തുന്നു.” ഡിറ്റക്റ്റീവുകളുടെ സഹായത്തോടെ, “തങ്ങളെ പഠിപ്പിച്ച ഒരു അധ്യാപകനെ തേടിപ്പിടിക്കാൻ” ശ്രമിക്കുന്നവർ പോലുമുണ്ട്. “തങ്ങളുടെ അധ്യാപകരെ കണ്ട് നന്ദി പ്രകടിപ്പിക്കാൻ ആളുകൾ ആഗ്രഹിക്കുന്നു.”
ഒരു വ്യക്തിയുടെ വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമായ അടിത്തറ പാകുന്നത് അധ്യാപകരാണ്. പേരുകേട്ട സർവകലാശാലകളിലെ ഏറ്റവും നല്ല പ്രൊഫസർമാർ പോലും വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും ഗ്രാഹ്യത്തിനുമുള്ള തങ്ങളുടെ ആഗ്രഹത്തെ തൊട്ടുണർത്തി പരിപോഷിപ്പിച്ച അധ്യാപകരോടു കടപ്പെട്ടവരാണ്. നയ്റോബിയിലെ ആർഥർ പറയുന്നു: “പൊതു, സ്വകാര്യ മേഖലകളിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരെയും ജീവിതത്തിലെ ഏതെങ്കിലുമൊരു ഘട്ടത്തിൽ അധ്യാപകർ പഠിപ്പിച്ചിട്ടുണ്ട്.”
നമ്മുടെ ജിജ്ഞാസയെ ഉണർത്തുകയും മനസ്സിനെയും ഹൃദയത്തെയും ഉത്തേജിപ്പിക്കുകയും ജ്ഞാനത്തിനും ഗ്രാഹ്യത്തിനുമുള്ള ദാഹത്തെ എങ്ങനെ ശമിപ്പിക്കാം എന്നു കാണിച്ചുതരികയും ചെയ്ത സ്ത്രീപുരുഷന്മാരോടു തീർച്ചയായും നാം നന്ദിയുള്ളവർ ആയിരിക്കേണ്ടതല്ലേ?
അതിലുപരി, ഏറ്റവും വലിയ അധ്യാപകനായ യഹോവയാം ദൈവത്തോട് നാം എത്ര നന്ദിയുള്ളവരായിരിക്കണം. സദൃശവാക്യങ്ങൾ 2:1-6-ലെ പിൻവരുന്ന വാക്കുകൾ അവൻ നിശ്വസ്തമാക്കി: “മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.”
ചിന്തോദ്ദീപകമായ ആ വാക്യത്തിൽ, നമ്മുടെ ഭാഗത്തു ശ്രമം ആവശ്യമാണെന്നു കാണിക്കുന്ന “എങ്കിൽ” പോലെയുള്ള വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. ആ വെല്ലുവിളി ഏറ്റെടുക്കാൻ നാം തയ്യാറാണെങ്കിൽ, ഓർക്കുക, നമുക്ക് ‘ദൈവപരിജ്ഞാനം കണ്ടെത്താൻ’ കഴിയും! തീർച്ചയായും അതുതന്നെയാണ് ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം. (g02 3/8)
[13-ാം പേജിലെ ചതുരം]
സന്തുഷ്ടയായ ഒരു മാതാവ്
ന്യൂയോർക്ക് നഗരത്തിലെ ഒരു അധ്യാപകനു ലഭിച്ചതാണ് പിൻവരുന്ന കത്ത്:
“എന്റെ കുട്ടികൾക്കു വേണ്ടി നിങ്ങൾ ചെയ്ത എല്ലാറ്റിനും ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ശ്രദ്ധ, ദയ, വൈദഗ്ധ്യം എന്നിവയിലൂടെ ഉയരങ്ങൾ എത്തിപ്പിടിക്കാൻ നിങ്ങൾ അവരെ സഹായിച്ചിരിക്കുന്നു. നിങ്ങളെ കൂടാതെ അവർക്ക് ഒരിക്കലും അതു സാധിക്കുമായിരുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ കുട്ടികളെ കുറിച്ചു വളരെ അഭിമാനം തോന്നാൻ നിങ്ങൾ സഹായിച്ചിരിക്കുന്നു. അതു ഞാൻ ഒരിക്കലും മറക്കുകയില്ല. ആത്മാർഥതയോടെ, എസ്. ബി.”
നിങ്ങൾക്കു പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന ഒരു അധ്യാപകനോ അധ്യാപികയോ ഉണ്ടോ?
[12-ാം പേജിലെ ചിത്രം]
‘ഒരു വിഷയം മനസ്സിലാകുമ്പോഴത്തെ വിദ്യാർഥികളുടെ കണ്ണിലെ തിളക്കം അങ്ങേയറ്റം സന്തോഷം നൽകുന്നു.’—ജൂല്യാനോ, ഇറ്റലി
[13-ാം പേജിലെ ചിത്രങ്ങൾ]
‘ഒരു വിദ്യാർഥി നന്ദി പറഞ്ഞുകൊണ്ട് ഒരു കത്തെഴുതുമ്പോൾ വളരെ സംതൃപ്തി തോന്നുന്നു.’—കോണി, ഓസ്ട്രേലിയ