പോലീസ് സംരക്ഷണം പ്രതീക്ഷകളും ഭയാശങ്കകളും
യൂണിഫോറം ധരിച്ച ഒരു ഔദ്യോഗിക പോലീസ് സേന എന്ന ആശയത്തെ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന അനേകരും എതിർത്തു. ദേശീയ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു സായുധ സേന തങ്ങളുടെ സ്വാതന്ത്ര്യത്തിനു ഭീഷണി ആകുമെന്ന് അവർ ഭയപ്പെട്ടു. ഷോസെഫ് ഫൂഷേയുടെ കീഴിൽ ഫ്രാൻസിൽ രൂപംകൊണ്ട പോലീസ് ചാരസംഘത്തെ പോലുള്ള ഒന്നു സ്ഥാപിക്കപ്പെടുന്നതിലേക്ക് അതു നയിച്ചേക്കുമോ എന്നു ചിലർ ശങ്കിച്ചു. എങ്കിലും ‘ഒരു പോലീസ് സേനയെ കൂടാതെ നാം എന്തു ചെയ്യും’ എന്ന ചോദ്യം പരിചിന്തിക്കാൻ അവർ നിർബന്ധിതരായി.
ലണ്ടൻ ലോകത്തിലെ ഏറ്റവും വലുതും സമ്പന്നവുമായ നഗരമായി വളർന്നിരുന്നു; അതോടെ കുറ്റകൃത്യം പെരുകി, അതു വ്യാപാരരംഗത്തിനു ഭീഷണിയായി. അവിടത്തെ സന്നദ്ധ രാത്രി കാവൽക്കാർക്കോ സ്വകാര്യ ചെലവിൽ പ്രവർത്തിച്ചുവന്ന ഡിറ്റക്ടീവ് സംഘമായ ‘ബോ സ്റ്റ്രീറ്റ് റണ്ണേഴ്സി’നോ ജനങ്ങളെയും അവരുടെ വസ്തുവകകളെയും സംരക്ഷിക്കാൻ കഴിഞ്ഞില്ല. ഇംഗ്ലണ്ടിലെ പോലീസ്: രാഷ്ട്രീയ, സാമൂഹിക ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ക്ലൈവ് എംസ്ലി പറയുന്നു: “സംസ്കാരമുള്ള ഒരു സമൂഹത്തിൽ കുറ്റകൃത്യവും ക്രമക്കേടും ഉണ്ടായിരിക്കാൻ പാടില്ല എന്ന അഭിപ്രായത്തിനു ശക്തിയേറി.” അതുകൊണ്ട് ലണ്ടൻകാർ ഏറ്റവും നല്ലതിനായി പ്രത്യാശിച്ചുകൊണ്ട് സർ റോബർട്ട് പീലിന്റെ നേതൃത്വത്തിൽ ഒരു ഔദ്യോഗിക പോലീസ് സേന രൂപീകരിക്കാൻ തീരുമാനിച്ചു.a 1829 സെപ്റ്റംബറിൽ യൂണിഫോറം ധരിച്ച കോൺസ്റ്റബിൾമാർ വൻനഗരത്തിൽ റോന്തു ചുറ്റാൻ തുടങ്ങി.
പോലീസിന്റെ ആധുനിക ചരിത്രത്തിന്റെ തുടക്കം മുതൽ അവരെ കുറിച്ചുള്ള പ്രതീക്ഷകളും ഭയാശങ്കകളും നിലനിന്നിട്ടുണ്ട്—അവർ സുരക്ഷിതത്വം പ്രദാനം ചെയ്യുമെന്ന പ്രതീക്ഷയും അധികാരം ദുർവിനിയോഗം ചെയ്തേക്കുമോ എന്ന ഭയവും.
അമേരിക്കയിൽ പോലീസിന്റെ തുടക്കം
ഐക്യനാടുകളിൽ ആദ്യമായി ഒരു ഔദ്യോഗിക പോലീസ് സേന നിലവിൽ വന്നത് ന്യൂയോർക്ക് നഗരത്തിലാണ്. നഗരത്തിലെ സമ്പത്തു വർധിച്ചതോടെ കുറ്റകൃത്യവും പെരുകി. 1830-കളിൽ വിലകുറഞ്ഞ വർത്തമാനപ്പത്രങ്ങളിൽ കുറ്റകൃത്യത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്തകൾ വരാൻ തുടങ്ങിയപ്പോൾ ഓരോ കുടുംബത്തിനും അവയെ കുറിച്ചു വായിക്കാനുള്ള അവസരം കിട്ടി. പൊതുജനം മുറവിളി കൂട്ടാൻ തുടങ്ങിയതിന്റെ ഫലമായി 1845-ൽ ന്യൂയോർക്കിൽ ഒരു പോലീസ് സേന രൂപീകൃതമായി. അന്നു മുതൽ ന്യൂയോർക്കുകാർ ലണ്ടൻകാരുടെയും ലണ്ടൻകാർ ന്യൂയോർക്കുകാരുടെയും പോലീസ് സേനയിൽ അതീവ താത്പര്യം കാട്ടിയിട്ടുണ്ട്.
സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു സായുധ സേനയെ കുറിച്ചുള്ള ഭയം ഇംഗ്ലീഷുകാരെ പോലെതന്നെ അമേരിക്കക്കാർക്കും ഉണ്ടായിരുന്നു. എന്നാൽ രണ്ടു രാഷ്ട്രങ്ങളും ഇതിനു കണ്ടെത്തിയ പരിഹാരങ്ങൾ വ്യത്യസ്തമായിരുന്നു. ഉയർന്ന ഒരു തൊപ്പിയും കടുംനീല നിറത്തിലുള്ള യൂണിഫോറവും ധരിച്ച മാന്യപുരുഷന്മാരുടെ സംഘമായിരുന്നു ഇംഗ്ലണ്ടുകാരുടെ പോലീസ് സേന. പുറമേ കാണാൻ കഴിയാത്ത വിധത്തിൽ വെച്ചിരുന്ന ഒരു ചെറിയ ലാത്തി ആയിരുന്നു അവരുടെ ഏക ആയുധം. ഇന്നും അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ബ്രിട്ടനിലെ പോലീസ് തോക്കുകൾ കൊണ്ടുനടക്കാറില്ല. എന്നിരുന്നാലും ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “ബ്രിട്ടനിലെ പോലീസ് കാലക്രമത്തിൽ ഒരു പൂർണ സായുധസേനയായി വളരും . . . എന്ന തോന്നൽ പ്രബലമായിക്കൊണ്ടിരിക്കുകയാണ്.”
എന്നാൽ ഐക്യനാടുകളിൽ ഗവൺമെന്റ് അധികാരം ദുർവിനിയോഗം ചെയ്തേക്കുമോ എന്ന ഭയം “ആയുധം കൈവശം വെക്കാനും കൊണ്ടുനടക്കാനുമുള്ള ജനങ്ങളുടെ അവകാശം” ഉറപ്പുവരുത്തുന്ന യു.എസ്. ഭരണഘടനയുടെ രണ്ടാമത്തെ ഭേദഗതി സ്വീകരിക്കുന്നതിലേക്കു നയിച്ചു. അതിന്റെ ഫലമായി പോലീസിനും തോക്ക് ആവശ്യമായിവന്നു. കാലക്രമത്തിൽ, അതിന്റെ ഉപയോഗം അമേരിക്കൻ പോലീസുകാരുടെയും കള്ളന്മാരുടെയും സവിശേഷത—പൊതുവേയുള്ള ധാരണപ്രകാരമെങ്കിലും—ആയിത്തീർന്ന തെരുവു വെടിവെപ്പുകളിലേക്കു നയിക്കുകയും ചെയ്തു. തോക്കുകൾ കൈവശം വെക്കുന്നതിനോടുള്ള അമേരിക്കൻ മനോഭാവത്തിന് മറ്റൊരു കാരണം ഐക്യനാടുകളിലെ പോലീസ് സേനയുടെ ഉത്ഭവം ലണ്ടനിൽനിന്നു വളരെ വ്യത്യസ്തമായ ഒരു സമൂഹത്തിലായിരുന്നു എന്നതാണ്. ന്യൂയോർക്കിലെ ജനസംഖ്യ പെരുകിയതോടെ അവിടത്തെ ക്രമസമാധാനം ആകെ താറുമാറായിരുന്നു. 1861-65-ലെ ആഭ്യന്തര യുദ്ധം തുടങ്ങിയശേഷം പ്രധാനമായും യൂറോപ്പിൽനിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണവും ആഫ്രിക്കൻ അമേരിക്കക്കാരുടെ എണ്ണവും വർധിച്ചത് വംശീയ കലാപത്തിലേക്കു നയിച്ചു. തങ്ങൾ കൂടുതൽ കടുത്ത നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നു പോലീസിനു തോന്നി.
അതുകൊണ്ട് പോലീസ് അനിവാര്യമായ ഒരു തിന്മ ആണെന്ന പൊതു അഭിപ്രായം നിലവിൽവന്നു. ഒരളവിലുള്ള ക്രമസമാധാനവും സുരക്ഷിതത്വവും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ചില സമയങ്ങളിലെ അതിരുകടന്ന നടപടികൾ സഹിക്കാൻ ജനങ്ങൾ തയ്യാറായി. എന്നാൽ ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളിൽ വ്യത്യസ്തമായ ഒരുതരം പോലീസ് സേന രൂപംകൊള്ളുകയായിരുന്നു.
ഭീതി പരത്തുന്ന പോലീസ്
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം ആധുനിക പോലീസ് സേനകൾ രൂപംകൊണ്ടു തുടങ്ങിയ സമയത്ത്, മനുഷ്യവർഗത്തിൽ ഭൂരിഭാഗവും യൂറോപ്യൻ സാമ്രാജ്യ ശക്തികളുടെ ഭരണത്തിൻ കീഴിലായിരുന്നു. പൊതുവേ പറഞ്ഞാൽ യൂറോപ്യൻ പോലീസ്, ജനങ്ങളുടെയല്ല മറിച്ച് ഭരണാധികാരികളുടെ സംരക്ഷകരായാണു പ്രവർത്തിച്ചിരുന്നത്. സ്വന്തം മണ്ണിൽ പട്ടാള മാതൃകയിലുള്ള ആയുധധാരികളായ ഒരു പോലീസ് സേന എന്ന ആശയത്തെ നഖശിഖാന്തം എതിർത്ത ബ്രിട്ടീഷുകാർക്കു പോലും കോളനികളെ അധീനതയിൽ നിറുത്താൻ സൈനിക പോലീസിനെ ഉപയോഗിക്കുന്നതിൽ യാതൊരു മനസ്സാക്ഷിക്കുത്തും അനുഭവപ്പെട്ടില്ല. ലോകമെമ്പാടുമുള്ള പോലീസ് ക്രമസമാധാനപാലനം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ റോബ് മോബി ഇങ്ങനെ പറയുന്നു: “കോളനിവാഴ്ചക്കാലത്തെ പോലീസിന്റെ ചരിത്രം പരിശോധിച്ചാൽ എല്ലാ ദശകങ്ങളിലുംതന്നെ പോലീസ് നടത്തുന്ന ക്രൂരത, അഴിമതി, അക്രമം, കൊലപാതകം, അധികാര ദുർവിനിയോഗം എന്നിവ ഉൾപ്പെട്ട സംഭവങ്ങൾ അരങ്ങേറിയിട്ടുള്ളതായി കാണാം.” സാമ്രാജ്യത്വ ഭരണത്തിൻ കീഴിലെ പോലീസ് സംവിധാനം ചില വിധങ്ങളിൽ പ്രയോജനകരവും ആയിരുന്നു എന്നു ചൂണ്ടിക്കാട്ടിയ ശേഷം, അത് “പോലീസുകാരുടേത് ഒരു സർക്കാർ സേവനമാണ്, മറിച്ച് പൊതുസേവനമല്ല എന്ന ആഗോളവ്യാപകമായ ഒരു ധാരണ ഉടലെടുക്കുന്നതിലേക്കു നയിച്ചു” എന്ന് അതേ പുസ്തകം കൂട്ടിച്ചേർക്കുന്നു.
വിപ്ലവങ്ങളെ ഭയന്ന് സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ ഏതാണ്ട് എല്ലായ്പോഴുംതന്നെ പൗരന്മാരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യ പോലീസിനെ ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം പോലീസ് ആളുകളെ മർദിച്ചുകൊണ്ട് അവരിൽനിന്നു വിവരങ്ങൾ ശേഖരിക്കുകയും അട്ടിമറിക്കാരെന്നു സംശയമുള്ളവരെ വധിച്ചുകൊണ്ടോ വിചാരണ കൂടാതെ അറസ്റ്റു ചെയ്തുകൊണ്ടോ തങ്ങൾക്കെതിരെയുള്ള എല്ലാ ഭീഷണിയും അവസാനിപ്പിക്കുകയും ചെയ്തിരുന്നു. നാസികളുടെ ഗെസ്റ്റപ്പോയും സോവിയറ്റ് യൂണിയന്റെ കെജിബി-യും പൂർവ ജർമനിയുടെ ഷ്റ്റാസിയും ഇതിന് ഉദാഹരണങ്ങളാണ്. ഏകദേശം 1.6 കോടി വരുന്ന ജനങ്ങളെ നിയന്ത്രിക്കാൻ ഷ്റ്റാസി 1,00,000 പോലീസ് ഉദ്യോഗസ്ഥരെയും സാധ്യതയനുസരിച്ച് രഹസ്യവിവരങ്ങൾ ചോർത്താൻ സഹായിച്ച അഞ്ചു ലക്ഷം പേരെയും ഉപയോഗിച്ചിരുന്നു! ഉദ്യോഗസ്ഥർ 24 മണിക്കൂറും ടെലിഫോൺ സംഭാഷണങ്ങൾ ചോർത്തുകയും ജനസംഖ്യയിൽ മൂന്നിലൊന്നിനെ കുറിച്ചുള്ള ഫയലുകൾ സൂക്ഷിക്കുകയും ചെയ്തിരുന്നു. “ഷ്റ്റാസി ഓഫീസർമാർ എല്ലാ അതിരുകളും ലംഘിച്ചു, ലജ്ജ എന്നു പറയുന്നത് അവർക്ക് ഇല്ലായിരുന്നു” എന്ന് ജോൺ ക്യോലർ ഷ്റ്റാസി എന്ന പുസ്തകത്തിൽ പറയുന്നു. “പ്രൊട്ടസ്റ്റന്റ്, കത്തോലിക്കാ വിഭാഗങ്ങളുടെ ഉയർന്ന അധികാരികൾ ഉൾപ്പെടെയുള്ള അനേകം വൈദികരെ രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ അവർ നിയമിച്ചു. അവരുടെ ഓഫീസുകളിലും കുമ്പസാരക്കൂടുകളിലും എല്ലാം സംഭാഷണങ്ങൾ ചോർത്താനുള്ള ഉപകരണങ്ങൾ ധാരാളമായി ഘടിപ്പിച്ചിരുന്നു.”
എന്നിരുന്നാലും, സ്വേച്ഛാധിപത്യ ഭരണപ്രദേശങ്ങളിൽ മാത്രമല്ല ഭീതി പരത്തുന്ന പോലീസ് ഉള്ളത്. മറ്റു വലിയ നഗരങ്ങളിലും പോലീസ് നിയമം നടപ്പിലാക്കാൻ വളരെ കടുത്ത മാർഗങ്ങൾ അവലംബിക്കുമ്പോൾ ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്നുവെന്ന ആരോപണത്തിനു വിധേയരായിത്തീർന്നിട്ടുണ്ട്, അവരുടെ നടപടികൾ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആണെങ്കിൽ വിശേഷിച്ചും. ലോസാഞ്ചലസിൽ വളരെ ഒച്ചപ്പാടിന് ഇടയാക്കിയ ഒരു കേസിനെ കുറിച്ചു റിപ്പോർട്ടു ചെയ്യവേ, ഒരു വാർത്താ മാസിക ഇങ്ങനെ പറഞ്ഞു: “ഇത് പോലീസിന്റെ പക്ഷത്തെ ദുഷ്പെരുമാറ്റത്തെ നിയമരാഹിത്യത്തിന്റെ ഒരു പുതിയ തലത്തിലെത്തിക്കുകയും ‘പോലീസ് ഗുണ്ടായിസം’ എന്ന ഒരു പുതിയ പ്രയോഗം രൂപം കൊള്ളാൻ ഇടയാക്കുകയും ചെയ്തിരിക്കുന്നു.”
അതുകൊണ്ട് പോലീസ് ഡിപ്പാർട്ട്മെന്റുകൾക്ക് തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ എന്തു ചെയ്യാനാകുമെന്ന് അധികാരികൾ ചോദിക്കുന്നു. പൊതുജനസേവനത്തിലെ തങ്ങളുടെ പങ്കിലേക്കു ജനശ്രദ്ധ ആകർഷിക്കാനുള്ള ശ്രമത്തിൽ നിരവധി പോലീസ് സേനകൾ സമൂഹത്തിനു ഗുണം ചെയ്യുന്ന തങ്ങളുടെ പ്രവൃത്തികൾക്ക് ഊന്നൽ നൽകുകയാണ്.
പ്രതീക്ഷ ഉണർത്തുന്ന സമുദായ ക്രമസമാധാനപാലനം
ജപ്പാനിൽ പരമ്പരാഗതമായി തുടർന്നു പോന്നിരിക്കുന്ന ചെറിയ പ്രദേശങ്ങളെ കേന്ദ്രീകരിച്ചുള്ള ക്രമസമാധാനപാലനം മറ്റു രാഷ്ട്രങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. സാധാരണമായി ജപ്പാനിൽ ചെറിയ ഓരോ പ്രദേശത്തെയും സ്റ്റേഷനിൽ ഷിഫ്റ്റുകളായി പ്രവർത്തിക്കുന്ന ഒരു ഡസനോളം പോലീസുകാരാണ് ഉണ്ടായിരിക്കുക. വളരെ കാലമായി ജപ്പാനിൽ താമസമാക്കിയിരിക്കുന്ന ബ്രിട്ടീഷുകാരനായ കുറ്റകൃത്യശാസ്ത്ര ലക്ചറർ ഫ്രാങ്ക് ലൈഷ്മൻ ഇങ്ങനെ പറയുന്നു: “കൊബാൻ (ചെറിയ പോലീസ് സ്റ്റേഷൻ) ഓഫീസർമാരുടെ സൗഹാർദപരമായ സേവനത്തിന്റെ വ്യാപ്തി പ്രസിദ്ധമാണ്: ജപ്പാനിലെ പേരില്ലാത്ത അനവധി തെരുവുകളിലെ മേൽവിലാസങ്ങൾ സംബന്ധിച്ചു വിവരം നൽകുക; ഉടമസ്ഥർ അന്വേഷിച്ചു വരാത്ത കളഞ്ഞുകിട്ടിയ കുടകൾ മഴയത്തു കുടുങ്ങിപ്പോയവർക്കു നൽകുക; മദ്യപിച്ചു ലക്കുകെട്ട സാരാരിമാൻമാർക്ക് (ബിസിനസ്സുകാരും ഉദ്യോഗസ്ഥരും) വീട്ടിലേക്കുള്ള അവസാനത്തെ വണ്ടി കിട്ടുന്നുവെന്ന് ഉറപ്പുവരുത്തുക; ‘പൗരന്മാരുടെ പ്രശ്നങ്ങൾ’ സംബന്ധിച്ച് ഉപദേശം നൽകുക എന്നതെല്ലാം അതിൽപ്പെടുന്നു.” സുരക്ഷിതമായി നടക്കാവുന്ന തെരുവുകളുള്ള നഗരം എന്ന അസൂയാവഹമായ ഖ്യാതി ജപ്പാനു നേടിക്കൊടുക്കുന്നതിൽ ചെറിയ പ്രദേശങ്ങളെ കേന്ദ്രീകരിച്ചുള്ള ക്രമസമാധാനപാലനം പങ്കുവഹിച്ചിട്ടുണ്ട്.
ഈ വിധത്തിലുള്ള ക്രമസമാധാനപാലനം മറ്റു സ്ഥലങ്ങളിൽ വിജയിക്കുമോ? ചില കുറ്റകൃത്യശാസ്ത്രജ്ഞർ, ഇതു പ്രയോജനപ്രദമാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. വാർത്താവിനിമയ രംഗത്തെ നൂതന സൗകര്യങ്ങളുടെ ഉപയോഗം പോലീസുകാരെ ജനങ്ങളിൽനിന്ന് അകറ്റുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഇന്നു പല നഗരങ്ങളിലും പോലീസിന്റെ മുഖ്യ ജോലി അടിയന്തിര സാഹചര്യങ്ങളോടു പ്രതികരിക്കുക എന്നത് ആയിത്തീർന്നിരിക്കുന്നു. കുറ്റകൃത്യം തടയുക എന്ന പ്രാഥമിക ലക്ഷ്യത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു പോയിരിക്കുന്നതു പോലെ ചിലപ്പോൾ തോന്നുന്നു. ഈ പ്രവണത കണക്കിലെടുത്തുകൊണ്ട് അയൽപക്ക ജാഗ്രത എന്ന ആശയത്തിനു വീണ്ടും ഊന്നൽ കൊടുത്തു തുടങ്ങിയിരിക്കുകയാണ്.
അയൽപക്ക ജാഗ്രതാ പരിപാടി
“ഇത് വളരെ ഫലപ്രദമാണ്; ഇത് കുറ്റകൃത്യനിരക്ക് കുറയ്ക്കുന്നു” എന്ന് വെയിൽസിലെ ഒരു പോലീസ് കോൺസ്റ്റബിളായ ഡൂയി പറയുന്നു. “മറ്റുള്ളവരുടെ സുരക്ഷ സംബന്ധിച്ച് ഓരോരുത്തരെയും ജാഗ്രത ഉള്ളവരാക്കിത്തീർക്കുകയാണ് അയൽപക്ക ജാഗ്രതാ പരിപാടിയുടെ ലക്ഷ്യം. അയൽക്കാർക്കു പരസ്പരം അറിയാനും പേരും ഫോൺ നമ്പരുകളും കൈമാറാനും കുറ്റകൃത്യം തടയാനുള്ള മാർഗങ്ങളെ കുറിച്ചു കേൾക്കാനുമായി ഞങ്ങൾ യോഗങ്ങൾ സംഘടിപ്പിക്കുന്നു. അയൽക്കാർക്കിടയിലെ ആ പഴയ അടുപ്പവും സ്നേഹവുമൊക്കെ തിരിച്ചുകൊണ്ടുവരാൻ സഹായിക്കുന്നതിനാൽ ഈ പദ്ധതി എനിക്ക് ഇഷ്ടമാണ്. പലപ്പോഴും ആളുകൾക്ക് തങ്ങളുടെ അയൽക്കാർ ആരാണെന്നു പോലും അറിയില്ല. ആളുകളെ ബോധവാന്മാരാക്കാൻ കഴിയുന്നതാണ് ഈ പദ്ധതിയുടെ വിജയം.” പോലീസും പൊതുജനവും തമ്മിലുള്ള ബന്ധത്തെയും ഇതു മെച്ചപ്പെടുത്തുന്നു.
കുറ്റകൃത്യത്തിന് ഇരയായവരോടു കൂടുതൽ അനുകമ്പാപൂർവം പെരുമാറാൻ പോലീസിനെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. കുറ്റകൃത്യങ്ങൾക്ക് ഇരയായവരെ കുറിച്ചു പഠനം നടത്തുന്നതിൽ പ്രശസ്തനായ ഡച്ചുകാരൻ യാൻ വാൻ ഡേക്ക് എഴുതി: “ഡോക്ടർമാർ രോഗികളോടു പെരുമാറുന്ന രീതി എത്ര പ്രധാനമാണോ അത്രതന്നെ പ്രധാനമാണ് പോലീസ് ഉദ്യോഗസ്ഥർ കുറ്റകൃത്യത്തിന് ഇരയായവരോട് ഇടപെടുന്ന വിധവും എന്ന് പോലീസുകാർക്കു മനസ്സിലാക്കി കൊടുക്കേണ്ടതാണ്.” പല സ്ഥലങ്ങളിൽ പോലീസ് ഇപ്പോഴും ഭവനത്തിലെ അക്രമത്തെയും ബലാത്സംഗത്തെയും യഥാർഥ കുറ്റകൃത്യങ്ങളായി കണക്കാക്കുന്നില്ല. എന്നാൽ റോബ് മോബി പറയുന്നു: “വീട്ടിലെ അക്രമത്തോടും ബലാത്സംഗത്തോടുമുള്ള പോലീസ് സമീപനത്തിൽ സമീപ വർഷങ്ങളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. എങ്കിലും ഇനിയും ഏറെ പുരോഗമിക്കേണ്ടിയിരിക്കുന്നു.” അധികാര ദുർവിനിയോഗമാണ് ഏതാണ്ട് എല്ലായിടത്തുമുള്ള പോലീസ് സേനകളും അഭിവൃദ്ധിപ്പെടേണ്ട മറ്റൊരു മണ്ഡലം.
പോലീസ് അഴിമതി സംബന്ധിച്ച ഭയം
പോലീസ് അഴിമതിയെ കുറിച്ചുള്ള വാർത്തകൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പോലീസുകാരെ ജനങ്ങളുടെ സംരക്ഷകരായി വീക്ഷിക്കുന്നതിൽ അർഥമില്ലെന്നു ചിലപ്പോൾ തോന്നാം. പോലീസ് പ്രവർത്തനം തുടങ്ങിയ കാലംതൊട്ട് ഇത്തരം റിപ്പോർട്ടുകൾ നിലവിലിരുന്നിട്ടുണ്ട്. 1855 എന്ന വർഷത്തെ പരാമർശിച്ചുകൊണ്ട് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ്—ഒരു നഗരവും അതിന്റെ പോലീസും (ഇംഗ്ലീഷ്) എന്ന പുസ്തകം “അനേകം ന്യൂയോർക്കുകാർക്ക് പോലീസുകാരെയും കുറ്റവാളികളെയും തമ്മിൽ തിരിച്ചറിയുക ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ് എന്ന ധാരണ” ഉള്ളതായി പറഞ്ഞു. ഡങ്കൻ ഗ്രീൻ എഴുതിയ ലാറ്റിൻ അമേരിക്കയുടെ മുഖങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം അവിടത്തെ പോലീസുകാർ “അങ്ങേയറ്റം അഴിമതിക്കാരും കാര്യക്ഷമതയില്ലാത്തവരും മനുഷ്യാവകാശ ലംഘികളും ആണെന്നു പൊതുവേ കരുതപ്പെടുന്നു” എന്ന് പറഞ്ഞു. ലാറ്റിൻ അമേരിക്കയിലെ 14,000 അംഗങ്ങളുള്ള പോലീസ് സേനയുടെ ചീഫ് പേഴ്സണൽ ഓഫീസർ പറഞ്ഞു: “പോലീസുകാരന് ഒരു മാസം കിട്ടുന്ന ശമ്പളം 100 ഡോളറിൽ [5,000 രൂപ] കുറവായിരിക്കുമ്പോൾ മറ്റെന്താണു പ്രതീക്ഷിക്കാൻ കഴിയുക? ആരെങ്കിലും കൈക്കൂലി വെച്ചുനീട്ടിയാൽ അയാളെന്തു ചെയ്യും?”
അഴിമതി എത്ര വലിയ ഒരു പ്രശ്നമാണ്? അതിനുള്ള ഉത്തരം നിങ്ങൾ ചോദിക്കുന്നത് ആരോടാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. 1,00,000 ജനങ്ങൾ വസിക്കുന്ന ഒരു നഗരത്തിൽ വർഷങ്ങളോളം റോന്തു ചുറ്റൽ ചുമതല ഉണ്ടായിരുന്ന വടക്കേ അമേരിക്കയിലെ ഒരു പോലീസുകാരൻ ഇങ്ങനെ പറയുന്നു: “സത്യസന്ധരല്ലാത്ത ചില പോലീസുകാർ ഉണ്ടെന്നുള്ളത് ശരിയാണ്. എന്നാൽ പോലീസുകാരിൽ ഭൂരിപക്ഷവും ആത്മാർഥതയുള്ളവരാണ്. അതാണ് എന്റെ അനുഭവം.” നേരെ മറിച്ച് കുറ്റാന്വേഷകൻ എന്ന നിലയിൽ 26 വർഷത്തെ അനുഭവപരിചയമുള്ള മറ്റൊരു രാജ്യത്തുനിന്നുള്ള ഒരു വ്യക്തി ഇങ്ങനെ പറയുന്നു: “അഴിമതി സമസ്ത വ്യാപകമാണെന്നാണ് എന്റെ അഭിപ്രായം. പോലീസുകാർക്കിടയിൽ സത്യസന്ധത വളരെ അപൂർവമാണ്. സാധ്യതയനുസരിച്ച് മോഷണം നടന്ന ഒരു വീടു പരിശോധിക്കുമ്പോൾ പണം കണ്ടെത്തിയാൽ പോലീസുകാരൻ അതെടുക്കും. കളവുപോയ വസ്തുക്കൾ കണ്ടെത്തിയാൽ അതിലൊരു ഭാഗം അയാൾ സ്വന്തമാക്കും.” ചില പോലീസുകാർ അഴിമതിക്കാരാകുന്നത് എന്തുകൊണ്ടാണ്?
ചിലർ ഉത്തമ ആദർശങ്ങളോടെയാണു ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ പിന്നീട് അവർ അഴിമതിക്കാരായ സഹപ്രവർത്തകരാലും തങ്ങൾ ഇടപഴകുന്ന കുറ്റകൃത്യ ലോകത്തിന്റെ അധഃപതിച്ച നിലവാരങ്ങളാലും സ്വാധീനിക്കപ്പെടുന്നു. പോലീസുകാർക്ക് അറിയാവുന്നത് (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ, ഷിക്കാഗോയിൽ റോന്തുചുറ്റൽ ചുമതലയുള്ള ഒരു പോലീസുകാരൻ ഇങ്ങനെ പറഞ്ഞതായി റിപ്പോർട്ടു ചെയ്യുന്നു: “പോലീസുകാർക്ക് തിന്മയുമായി വളരെയടുത്ത സമ്പർക്കം ഉണ്ട്. ഊണിലും ഉറക്കത്തിലും അവർക്ക് അതുമായി ഇടപഴകേണ്ടി വരുന്നു.” അത്തരം വഷളത്തവുമായുള്ള സമ്പർക്കത്തിന് വളരെ വേഗം ഒരു വ്യക്തിയെ മോശമായി ബാധിക്കാനാകും.
പോലീസ് വളരെ വിലപ്പെട്ട സേവനങ്ങൾ ചെയ്യുന്നെങ്കിലും അവ തികവുറ്റവയല്ല. മെച്ചമായ എന്തെങ്കിലും നമുക്കു പ്രതീക്ഷിക്കാനാകുമോ? (g02 7/8)
[അടിക്കുറിപ്പ്]
a ബ്രിട്ടീഷ് പോലീസ് സേനയുടെ സ്ഥാപകനായ സർ റോബർട്ട് (ബോബി) പീലിന്റെ പേരിനെ അടിസ്ഥാനമാക്കി അവരെ ബോബികൾ എന്നു വിളിക്കാൻ തുടങ്ങി.
[8, 9 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
“ബ്രിട്ടീഷ് പോലീസ് എത്ര നല്ലവരാണ്!”
സ്വന്തമായി ഒരു ഔദ്യോഗിക പോലീസ് സേനയെ സംഘടിപ്പിക്കുന്നതിന്റെ ചെലവു വഹിക്കാൻ സാധിച്ച ആദ്യ രാഷ്ട്രങ്ങളിൽ ഒന്നായിരുന്നു ബ്രിട്ടൻ. കാര്യക്ഷമതയോടും സമയനിഷ്ഠയോടും കൂടെ പ്രവർത്തിച്ചിരുന്ന ബ്രിട്ടനിലെ കുതിരവണ്ടി സംവിധാനം പോലെതന്നെ തങ്ങളുടെ സമൂഹവും സുസംഘടിതം ആയിരിക്കാൻ അവർ ആഗ്രഹിച്ചു. 1829-ൽ, ആഭ്യന്തരകാര്യ സെക്രട്ടറിയായിരുന്ന സർ റോബർട്ട് പീൽ സ്കോട്ട്ലൻഡ് യാർഡ് ആസ്ഥാനമായുള്ള ഒരു ലണ്ടൻ നഗര പോലീസ് വിഭാഗത്തിന് അംഗീകാരം നൽകാൻ പാർലമെന്റിനെക്കൊണ്ടു സമ്മതിപ്പിക്കുന്നതിൽ വിജയിച്ചു. മദ്യപാനികൾക്കും തെരുവ് ചൂതാട്ടക്കാർക്കും എതിരെ കടുത്ത നടപടികൾ സ്വീകരിച്ച അവർ തുടക്കത്തിൽ അത്ര ജനസമ്മതർ അല്ലായിരുന്നെങ്കിലും, പിന്നീടു ജനപ്രീതി നേടി.
ബ്രിട്ടന്റെ വ്യാവസായിക നേട്ടങ്ങൾ ലോകമുമ്പാകെ പ്രദർശിപ്പിക്കാൻ 1851-ൽ ലണ്ടൻ അവിടെ ഒരുക്കിയ മഹാമേളയ്ക്കായി സകല രാഷ്ട്രങ്ങളെയും അഭിമാനപൂർവം ക്ഷണിച്ചു. മദ്യപാനികളും വേശ്യകളും അലഞ്ഞുതിരിഞ്ഞു നടക്കുന്നവരുമൊന്നും ഇല്ലാത്ത ക്രമസമാധാനമുള്ള തെരുവുകൾ കണ്ട് സന്ദർശകർ വിസ്മയംകൂറി. കാര്യക്ഷമതയുള്ള പോലീസ് ജനക്കൂട്ടത്തിനു നിർദേശങ്ങൾ നൽകുകയും സന്ദർശകരുടെ സാധനങ്ങൾ ചുമക്കുകയും റോഡു മുറിച്ചു കടക്കാൻ ആളുകളെ സഹായിക്കുകയും എന്തിന്, വൃദ്ധമാരെ എടുത്തുകൊണ്ടുപോയി ടാക്സികളിൽ ഇരുത്തുകയും പോലും ചെയ്തു. “ബ്രിട്ടീഷ് പോലീസ് എത്ര നല്ലവരാണ്” എന്ന് ബ്രിട്ടീഷുകാരും വിദേശീയരും ഒരുപോലെ പറഞ്ഞുകേട്ടതിൽ അതിശയമുണ്ടോ?
കുറ്റകൃത്യം തടയുന്നതിൽ അവർ വളരെ മിടുക്കരായിരുന്നതിനാൽ 1873-ൽ ചെസ്റ്ററിലെ ചീഫ് കോൺസ്റ്റബിൾ ആസൂത്രിത കുറ്റകൃത്യം ഇല്ലാതാകുന്ന ഒരു സമയം ഭാവനയിൽ കണ്ടു! ആംബുലൻസ്-അഗ്നിശമന സേവനങ്ങളും പോലീസ് ലഭ്യമാക്കാൻ തുടങ്ങി. പാവപ്പെട്ടവർക്ക് വസ്ത്രങ്ങളും ചെരിപ്പുകളും മറ്റും പ്രദാനം ചെയ്യുന്ന ധർമസംഘടനകൾ അവർ രൂപീകരിച്ചു. ചിലർ ആൺകുട്ടികൾക്കായി ക്ലബ്ബുകൾ, ഉല്ലാസയാത്രകൾ, ഒഴിവുകാല ഭവനങ്ങൾ എന്നിവയും സംഘടിപ്പിച്ചു.
പുതിയ പോലീസ് സേനയിലും അഴിമതിയും ക്രൂരതയും ഉണ്ടായിരുന്നതു നിമിത്തം ചില ഉദ്യോഗസ്ഥർക്ക് എതിരെ ശിക്ഷണ നടപടികൾ എടുക്കേണ്ടിവന്നു. എങ്കിലും മിക്കവരും ബലപ്രയോഗം കഴിയുന്നത്ര ഒഴിവാക്കിക്കൊണ്ട് ക്രമസമാധാനം പാലിക്കുന്നതിൽ അഭിമാനംകൊണ്ടു. 1853-ൽ ലാങ്കഷയറിലെ വിഗണിൽ പോലീസിന് സമരക്കാരായ ഖനിത്തൊഴിലാളികളുടെ കലാപത്തെ നേരിടേണ്ടിവന്നു. കൂടെ പത്തു പോലീസുകാരേ ഉണ്ടായിരുന്നുള്ളുവെങ്കിലും ധീരനായ സാർജന്റ് ഖനി ഉടമയുടെ വെടിക്കോപ്പുകൾ ഉപയോഗിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിന്നു. 1886-ൽ ഹെക്ടർ മക്ലൗഡ് തന്റെ പിതാവിന്റെ കാൽച്ചുവടുകൾ പിന്തുടർന്നുകൊണ്ട് പോലീസിൽ ചേർന്നപ്പോൾ അദ്ദേഹത്തിനു ലഭിച്ച ഒരു കത്ത് അന്നു നിലവിലിരുന്ന മനോഭാവത്തിന്റെ ഒരു പ്രതിഫലനമാണ്. ദി ഇംഗ്ലീഷ് പോലീസ് അത് ഇപ്രകാരം ഉദ്ധരിച്ചു: “പരുഷമായി പെരുമാറിയാൽ നിങ്ങൾക്കു പൊതുജന പിന്തുണ നഷ്ടമാകും . . . ഞാൻ എപ്പോഴും പൊതുജനത്തെ ഒന്നാമതു വെക്കുന്നു, കാരണം പോലീസുകാരൻ സമൂഹത്തിന്റെ ദാസനാണ്, അവരെ സേവിക്കുകയാണ് അയാളുടെ നിയമനം. അവരെയും അതേസമയം നിങ്ങളുടെ മേലുദ്യോഗസ്ഥനെയും സന്തോഷിപ്പിക്കേണ്ടതു നിങ്ങളുടെ കടമയാണ്.”
നഗര പോലീസ് സേനയിൽനിന്ന് ഇൻസ്പെക്ടർ ആയി വിരമിച്ച ഹെയ്ഡൻ പറയുന്നു: “വിജയകരമായി ക്രമസമാധാനപാലനം നടത്തുന്നതിന് സമൂഹത്തിന്റെ പിന്തുണ ആവശ്യമായിരിക്കുന്നതിനാൽ എപ്പോഴും ആത്മനിയന്ത്രണത്തോടെ പ്രവർത്തിക്കാൻ ഞങ്ങളെ പഠിപ്പിച്ചിരുന്നു. ഞങ്ങളുടെ ചെറിയ ലാത്തി മറ്റൊരു മാർഗവും ഇല്ലാത്തപ്പോൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. മിക്കവരും തങ്ങളുടെ സേവനകാലത്ത് ഒരിക്കൽപ്പോലും അത് ഉപയോഗിച്ചിട്ടില്ല.” 21 വർഷം ഓടിയ ഡിക്സൺ ഓഫ് ഡോക്ക് ഗ്രീൻ എന്ന ജനപ്രീതിയാർജിച്ച ടെലിവിഷൻ സീരിയലും ബ്രിട്ടീഷ് പോലീസിന് നല്ലൊരു പ്രതിച്ഛായ ഉണ്ടാക്കിക്കൊടുക്കുന്നതിൽ ഒരു പങ്കുവഹിച്ചു. തനിക്കു റോന്തുചുറ്റൽ ചുമതല ഉണ്ടായിരുന്ന പ്രദേശത്തെ ആളുകളെയെല്ലാം അറിയാമായിരുന്ന സത്യസന്ധനായ ഒരു കോൺസ്റ്റബിളിനെ പറ്റിയുള്ള കഥയായിരുന്നു അത്. ആ പ്രതിച്ഛായയ്ക്കൊത്തു ജീവിക്കാൻ പോലീസുകാരെ അതു പ്രേരിപ്പിച്ചിരിക്കാം, എന്നാൽ പോലീസിനോടുള്ള ബ്രിട്ടീഷുകാരുടെ ബഹുമാനവും സ്നേഹവും അതു വർധിപ്പിച്ചു എന്നതിൽ സംശയമില്ല.
ബ്രിട്ടനിൽ ആളുകളുടെ മനോഭാവത്തിന് 1960-കളിൽ സാരമായ മാറ്റം വന്നു. പരമ്പരാഗത ദേശീയ അഭിമാനം അധികാരത്തെ ചോദ്യം ചെയ്യുന്ന പ്രവണതയ്ക്കു വഴിമാറി. അയൽപക്ക ജാഗ്രതാ പരിപാടികളിലൂടെ പൊതുപിന്തുണ നേടിയെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടും, 1970-കളിൽ പോലീസുകാർക്കിടയിലെ അഴിമതിയെയും വർഗീയതയെയും കുറിച്ചുള്ള റിപ്പോർട്ടുകൾ അവരുടെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു. വർഗീയ വേർതിരിവു കാണിക്കുകയും കള്ളത്തെളിവുകൾ കെട്ടിച്ചമയ്ക്കുകയും ചെയ്തതായുള്ള അനേകം ആരോപണകൾക്കു ശേഷം, അടുത്ത കാലത്തു പോലീസുകാർ മെച്ചപ്പെടാൻ ആത്മാർഥ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
[കടപ്പാട്]
മുകളിലത്തെ ഫോട്ടോ: http://www.constabulary.com
[10-ാം പേജിലെ ചതുരം/ചിത്രം]
ന്യൂയോർക്കിൽ ഒരു അത്ഭുതമോ?
പോലീസ് പ്രത്യേക ശ്രമം ചെലുത്തുമ്പോൾ ശ്രദ്ധേയമായ ഫലങ്ങൾ കൈവരിക്കാനാകും. കാലങ്ങളായി ന്യൂയോർക്ക് നഗരത്തെ ലോകത്തിലെ ഏറ്റവും അപകടകരമായ നഗരമെന്നു വിശേഷിപ്പിച്ചിരുന്നു. 1980-കളുടെ അവസാനമായപ്പോഴേക്കും ആത്മവിശ്വാസവും മനോവീര്യവും നഷ്ടപ്പെട്ട പോലീസ് സേനകൾക്കു കുറ്റകൃത്യം നിയന്ത്രിക്കാൻ കഴിയാത്തതു പോലെ കാണപ്പെട്ടു. സാമ്പത്തിക പ്രശ്നങ്ങൾ നിമിത്തം നഗര അധികൃതർക്ക് അവരുടെ ശമ്പളനിരക്കിൽ വർധന വരുത്താൻ കഴിയാത്ത സ്ഥിതിയായി, പോലീസുകാരുടെ എണ്ണം കുറയ്ക്കേണ്ടതായും വന്നു. മയക്കുമരുന്നു വ്യാപാരികൾ തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ചതോടെ അക്രമത്തിൽ ഭയാനകമായ വർധന ഉണ്ടായി. നഗരത്തിന്റെ ഉൾഭാഗങ്ങളിൽ വെടിയൊച്ച കേട്ടാണ് ആളുകൾ ഉറങ്ങാൻ പോയിരുന്നത്. 1991-ൽ വലിയ വംശീയ കലാപങ്ങളും ഉണ്ടായി. പോലീസുകാർ തന്നെയും തങ്ങളുടെ പ്രശ്നങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കാൻ ശബ്ദായമാനമായ ഒരു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
എന്നാൽ ഒരു പുതിയ പോലീസ് മേധാവി തന്റെ കീഴിലുള്ള ഉദ്യോഗസ്ഥർക്ക് ഉത്സാഹം പകരുന്നതിൽ താത്പര്യമെടുത്തു. അദ്ദേഹം ഓരോ പോലീസ് സംഘവുമായും ക്രമമായി കൂടിവന്ന് പ്രവർത്തന തന്ത്രങ്ങൾ വിശകലനം ചെയ്തു. ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ടുമെന്റ് എന്ന പുസ്തകത്തിൽ ജെയിംസ് ലാർഡനറും തോമസ് റെപെറ്റോയും ഇങ്ങനെ വിശദീകരിക്കുന്നു: “പ്രാദേശിക പോലീസ് സംഘങ്ങളുടെ കമാൻഡർമാർ ഡിറ്റക്ടീവ് സംഘത്തിന്റെയും മയക്കുമരുന്നു ബ്യൂറോയുടെയും തലവന്മാരെ കുറിച്ചു വർത്തമാനപ്പത്രങ്ങളിൽ വായിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ. അവരുമായുള്ള കൂടിക്കാഴ്ചകൾ അപൂർവമായിരുന്നു. എന്നാൽ അവരെല്ലാം ഇപ്പോൾ ഒന്നിച്ചിരുന്നു മണിക്കൂറുകളോളം ചർച്ചകൾ നടത്താൻ തുടങ്ങി.” കുറ്റകൃത്യ നിരക്കു പെട്ടെന്നു കുറഞ്ഞു. 1993-ൽ ഏകദേശം 2,000 പേർ കൊല്ലപ്പെട്ട സ്ഥാനത്ത് 1998 ആയപ്പോഴേക്കും ആ സംഖ്യ 633 ആയി കുറഞ്ഞു—35 വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കൊലപാതക നിരക്ക്. ന്യൂയോർക്കുകാർ അതിനെ ഒരു അത്ഭുതമായാണു കണ്ടത്. കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന കുറ്റകൃത്യത്തിൽ 64 ശതമാനം കുറവ് ഉണ്ടായിരിക്കുന്നു.
ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് എങ്ങനെയാണ്? 2002 ജനുവരി 1-ലെ ദ ന്യൂയോർക്ക് ടൈംസ് വിജയത്തിലേക്കു നയിച്ച ഒരു ഘടകം ‘കോംപ്സ്റ്റാറ്റ്’ ആണെന്നു പറഞ്ഞു. “പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾത്തന്നെ അവ കണ്ടെത്തി പരിഹരിക്കുന്നതിന് ആഴ്ചതോറും ഓരോ പോലീസ് സംഘത്തിന്റെയും അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ കണക്കുകൾ പരിശോധിക്കുന്ന ഒരു കുറ്റാന്വേഷക സംവിധാനം” ആണത്. മുൻ പോലീസ് കമ്മീഷണറായ ബെർണാർഡ് കെറിക് പറഞ്ഞു: “കുറ്റകൃത്യം നടക്കുന്നത് എവിടെയാണ്, എന്തുകൊണ്ടാണ് എന്നു ഞങ്ങൾ പരിശോധിക്കുകയും ആ പ്രദേശങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽകാൻ വേണ്ട പോലീസ് സന്നാഹത്തെ അങ്ങോട്ടു മാറ്റി സ്ഥാപിക്കുകയും ചെയ്തു. അങ്ങനെയാണു കുറ്റകൃത്യം കുറയ്ക്കുന്നത്.”
[7-ാം പേജിലെ ചിത്രം]
ഒരു സാധാരണ ജാപ്പനീസ് പോലീസ് സ്റ്റേഷൻ
[7-ാം പേജിലെ ചിത്രം]
ഹോങ്കോംഗിലെ ട്രാഫിക് പോലീസ്
[8, 9 പേജുകളിലെ ചിത്രം]
ഇംഗ്ലണ്ടിലെ ഒരു ഫുട്ബോൾ മത്സരത്തിനിടയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നു
[9-ാം പേജിലെ ചിത്രം]
അപകടങ്ങളിൽ പെട്ടവരെ സഹായിക്കുന്നതും പോലീസിന്റെ കടമകളിൽപ്പെടുന്നു