ചൂതാട്ടം എന്ന കെണി ഒഴിവാക്കുക
“ചൂതാട്ടം എന്റെ ശാരീരിക ആരോഗ്യത്തെ ബാധിച്ചില്ല, അതുപോലെ ഞാൻ അതിനായി ഒരു പരിധിയിൽ കൂടുതൽ പണം ചെലവാക്കിയിരുന്നുമില്ല. എന്നാൽ ഒരു സംഗതി ഞാൻ സമ്മതിക്കുന്നു, എപ്പോൾ ലോട്ടറി എടുത്താലും എന്റെ ഭാഗ്യനമ്പരുകളായി വീക്ഷിച്ചിരുന്ന സംഖ്യകളാണ് ഞാൻ തിരഞ്ഞെടുത്തിരുന്നത്.”—ലിൻഡ.
ചൂതാട്ടക്കാരിൽ അനേകരും ഭാഗ്യനമ്പരുകളിലും ഭാഗ്യം കൈവരുത്തുമെന്നു കരുതുന്ന മറ്റു വസ്തുക്കളിലുമൊക്കെ വിശ്വാസം വളർത്തിയെടുക്കുന്നു. ഇത്തരം അന്ധവിശ്വാസങ്ങൾക്കു തങ്ങൾ വലിയ പ്രാധാന്യം കൽപ്പിക്കുന്നില്ലെന്ന് അവർ വിചാരിച്ചേക്കാം. എങ്കിലും എന്തുകൊണ്ടോ അവർ അവയെ മുറുകെ പിടിക്കുന്നു.
ചൂതുകളിയിലെ വിജയത്തിനായി പ്രാർഥിക്കുന്നവർ പോലുമുണ്ട്. എന്നാൽ തന്നെ ആരാധിക്കുന്നുവെന്ന് അവകാശപ്പെടുകയും അതേസമയം “ഭാഗ്യദേവനു പീഠമൊരുക്കുകയും” ചെയ്യുന്ന ആളുകളെ ദൈവം കുറ്റംവിധിക്കുന്നതായി ബൈബിൾ പറയുന്നു. (യെശയ്യാവു 65:11, പി.ഒ.സി. ബൈബിൾ) അതേ, ഭാഗ്യത്തിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രവൃത്തികളെയും ദൈവം വെറുക്കുന്നു. ചൂതാട്ടം എല്ലാ വിധത്തിലും ‘ഭാഗ്യദേവത’യിലുള്ള അന്ധമായ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്.
കൂടാതെ, ചൂതാട്ടം യാതൊരു സങ്കോചവും കൂടാതെ പണസ്നേഹത്തെ പ്രോത്സാഹിപ്പിക്കുന്നു. ആത്മീയ കാര്യങ്ങളിൽ താത്പര്യം കുറഞ്ഞുവരുന്ന ഇന്നത്തെ സമൂഹത്തിൽ പണത്തെ ആളുകൾ ദൈവത്തിന്റെ സ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുകയാണ്. ചൂതാട്ടം ആ ദൈവത്തെ ആരാധിക്കുന്നതിനുള്ള ഒരു ജനരഞ്ജക മാർഗവും ആയിത്തീർന്നിരിക്കുന്നു. അവരുടെ കത്തീഡ്രലുകൾ ഗംഭീര ചൂതാട്ടശാലകളാണ്, അത്യാഗ്രഹം നല്ലതാണ് എന്നത് പുതിയ വിശ്വാസപ്രമാണവും. ചൂതാട്ടശാലകൾ സന്ദർശിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും വിനോദത്തിനോ അവിടത്തെ അന്തരീക്ഷം ആസ്വദിക്കുന്നതിനോ അല്ല, മറിച്ച് “ധാരാളം പണം നേടാനാണ്” അവിടെ പോകുന്നതെന്നു പറയുന്നതായി ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. എന്നാൽ ബൈബിൾ ഈ മുന്നറിയിപ്പു നൽകുന്നു: “ദ്രവ്യാഗ്രഹം [‘ധനമോഹം,’ പി.ഒ.സി. ബൈ.] സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.”—1 തിമൊഥെയൊസ് 6:10.
ബൈബിൾ 1 കൊരിന്ത്യർ 6:9, 10-ൽ വ്യക്തമായി ഇങ്ങനെ പറയുന്നു: “നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; . . . വിഗ്രഹാരാധികൾ, . . . അത്യാഗ്രഹികൾ, . . . എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” അത്യാഗ്രഹം ദുർബലീകരിക്കുന്ന ഒരു സാമൂഹിക വ്യാധി മാത്രമല്ല; അതു മാരകമായ ഒരു ആത്മീയ വ്യാധി കൂടെയാണ്—എന്നാൽ അതിനു പ്രതിവിധിയുണ്ട്.
മാറ്റം വരുത്താൻ അവർക്കു ശക്തി ലഭിച്ചു
ആദ്യ ലേഖനത്തിൽ പരാമർശിച്ച കാസൂഷിഗെ അനുസ്മരിക്കുന്നു: “ചൂതാട്ടം നിറുത്താൻ ഞാൻ പല തവണ ശ്രമിച്ചു. കൂട്ടുകാരുമൊത്ത് കുതിരപ്പന്തയങ്ങളിൽ വാതു വെക്കുന്നത് എന്റെ കുടുംബത്തെ തകർക്കുകയാണെന്നു ഞാൻ മനസ്സിലാക്കി. ചൂതാട്ടത്തിൽ എനിക്കു കിട്ടിയ പണം ചൂതാട്ടത്തിലൂടെതന്നെ എപ്പോഴും എനിക്കു നഷ്ടമായി. ഞങ്ങളുടെ രണ്ടാമത്തെ മകന്റെ ജനനത്തോട് അനുബന്ധിച്ചുള്ള ചെലവുകൾക്കായി എന്റെ ഭാര്യ മാറ്റിവെച്ചിരുന്ന പണം പോലും ഞാൻ ചൂതാട്ടത്തിലൂടെ കളഞ്ഞുകുളിച്ചു. ഒടുവിൽ ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയുടെ പണം എടുത്ത് ചൂതാട്ടത്തിൽ ഏർപ്പെടാൻ തുടങ്ങി. അതിന്റെ ഫലമായി എന്റെ ആത്മാഭിമാനം പാടേ നശിച്ചു. ചൂതാട്ടം നിറുത്താൻ എന്റെ ഭാര്യ പലപ്പോഴും എന്നോടു കരഞ്ഞുപറയുമായിരുന്നു. എന്നാൽ എനിക്ക് അതിനു കഴിഞ്ഞില്ല.”
അങ്ങനെയിരിക്കെ, കാസൂഷിഗെ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. അദ്ദേഹം പറയുന്നു: “ഞാൻ ബൈബിൾ എത്രയധികം വായിച്ചോ അത്രയധികമായി ഒരു ദൈവം ഉണ്ടെന്നും അവനെ അനുസരിക്കുന്നത് പ്രയോജനങ്ങളിൽ കലാശിക്കും എന്നുമുള്ള എന്റെ ബോധ്യം ശക്തിപ്പെട്ടു. ദൈവം നൽകുന്ന ശക്തിയാൽ ചൂതാട്ടം നിറുത്തുമെന്നു ഞാൻ ദൃഢനിശ്ചയം ചെയ്തു. ഞാൻ ചൂതാട്ടം നിറുത്തുക മാത്രമല്ല, അതിനോടു വെറുപ്പു വളർത്തിയെടുക്കുകയും ചെയ്തിരിക്കുന്നു. അതിൽ എനിക്കുതന്നെ അതിശയം തോന്നുന്നു. ചൂതാട്ടത്തിലൂടെ ഞാൻ എന്റെ കുടുംബത്തെ എത്രമാത്രം വിഷമിപ്പിച്ചെന്ന് ഓർക്കുമ്പോൾ ഇപ്പോൾ എനിക്കു വളരെ ദുഃഖം തോന്നുന്നു. ചൂതാട്ട ആസക്തിയെ തരണം ചെയ്യാനും അർഥവത്തായ ഒരു ജീവിതം നയിക്കാനും എന്നെ സഹായിച്ചിരിക്കുന്നതിൽ ഞാൻ യഹോവയാം ദൈവത്തോട് എത്ര നന്ദിയുള്ളവനാണെന്നോ!”—എബ്രായർ 4:12.
ആദ്യ ലേഖനത്തിൽ പരാമർശിച്ച ജോണും അതുപോലെ ബൈബിൾ പഠിക്കാൻ ആരംഭിച്ചു. അദ്ദേഹം അനുസ്മരിക്കുന്നു: “എന്റെ സാഹചര്യങ്ങളെ കുറിച്ചു പുനർവിചിന്തനം ചെയ്യാൻ ബൈബിൾ പഠനം എന്നെ സഹായിച്ചു. അതെന്റെ കണ്ണു തുറപ്പിച്ചു. എന്റെ ചൂതാട്ടം എനിക്കും കുടുംബത്തിനും എത്രമാത്രം ദോഷം ചെയ്യുന്നുണ്ടെന്ന് ആദ്യമായി ഞാൻ മനസ്സിലാക്കി. യഹോവ വെറുക്കുന്ന സ്വാർഥതയെയും അത്യാഗ്രഹത്തെയും ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നുവെന്ന് എനിക്കു കാണാൻ കഴിഞ്ഞു. പഠനം പുരോഗമിക്കവേ, യഹോവയോടുള്ള സ്നേഹം ചൂതാട്ടത്തിന്റെ പിടിയിൽനിന്നു വിമുക്തനാകാൻ വേണ്ട ശക്തി എനിക്കു നൽകി. ഒരു മെച്ചപ്പെട്ട ജീവിതം എന്ന സ്വപ്നമാണു ചൂതാട്ടം തുടങ്ങാൻ എന്നെ പ്രേരിപ്പിച്ചത്. ഇപ്പോൾ ചൂതാട്ടം ഉപേക്ഷിക്കുകയും യഹോവയെ സന്തോഷപൂർവം സേവിക്കാൻ തുടങ്ങുകയും ചെയ്തതോടെ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു.”
ജോണിന്റെ ഭാര്യ ലിൻഡയും ചൂതാട്ടം അവസാനിപ്പിക്കാൻ തീരുമാനിച്ചു. “അത് എളുപ്പമായിരുന്നില്ല,” അവർ പറയുന്നു. “എന്നാൽ ഞാനും ഭർത്താവും യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ ജീവിതത്തിൽ പ്രാധാന്യം കൂടുതലുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ പഠിച്ചു. ദൈവം സ്നേഹിക്കുന്ന കാര്യങ്ങളെ സ്നേഹിക്കാൻ മാത്രമല്ല, എല്ലാത്തരം അത്യാഗ്രഹവും ഉൾപ്പെടെ അവൻ വെറുക്കുന്ന കാര്യങ്ങളെ വെറുക്കാനും ഞാൻ പഠിച്ചു. ഇപ്പോൾ എന്റെ ജീവിതം കൂടുതൽ അർഥവത്തായിരിക്കുന്നു, കൂടാതെ പേഴ്സിൽ കൂടുതൽ കാശുമുണ്ട്.”—സങ്കീർത്തനം 97:10.
യഹോവയാം ദൈവവുമായി ഒരു ബന്ധം വളർത്തിയെടുക്കുകവഴി ചൂതാട്ടം എന്ന കെണി ഒഴിവാക്കാൻ വേണ്ട ശക്തിയും ജ്ഞാനവും നേടാൻ നിങ്ങൾക്കും സാധിക്കും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മാത്രമല്ല വൈകാരികവും ആത്മീയവുമായ ആരോഗ്യവും മെച്ചപ്പെടുത്തും. അപ്പോൾ സദൃശവാക്യങ്ങൾ 10:22-ലെ (NW) വാക്കുകൾ എത്ര സത്യമാണെന്ന് അനുഭവിച്ചറിയുന്നതിന്റെ സന്തോഷം നിങ്ങൾ ആസ്വദിക്കും: “യഹോവയുടെ അനുഗ്രഹം—അതാണു സമ്പന്നരാക്കുന്നത്, അവൻ അതിനോടു വേദന കൂട്ടുന്നില്ല.”(g02 7/22)
[11-ാം പേജിലെ ആകർഷക വാക്യം]
അത്യാഗ്രഹം ദുർബലീകരിക്കുന്ന ഒരു സാമൂഹിക വ്യാധി മാത്രമല്ല; അതു മാരകമായ ഒരു ആത്മീയ വ്യാധി കൂടെയാണ്
[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ചൂതാട്ടവും പ്രകൃത്യതീത ശക്തികളും
‘ദേശീയ ചൂതാട്ട ഫല പഠന കമ്മീഷനു’ സമർപ്പിച്ച ഒരു റിപ്പോർട്ടിൽ ഡ്യൂക്ക് സർവകലാശാലയിലെ ഗവേഷകർ ചൂതാട്ട പരസ്യങ്ങൾക്ക് പ്രകൃത്യതീത ശക്തികളിലെ വിശ്വാസവുമായുള്ള ബന്ധത്തെ കുറിച്ചു സൂചിപ്പിച്ചു. റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “അനേകം [ഭാഗ്യക്കുറി] പരസ്യങ്ങളും യാതൊരു സങ്കോചവും കൂടാതെ ധനസമ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു . . . എന്നാൽ ഇത് കഠിനാധ്വാനത്തെയും സ്ഥിരോത്സാഹത്തെയും പ്രോത്സാഹിപ്പിക്കുന്ന തരം ധനസമ്പാദനമല്ല, മറിച്ച് അത്ഭുത വിളക്കുകളിലും ഭൂതങ്ങളിലും ആശ്രയിക്കുന്നതിനു സമാനമായി പ്രതീക്ഷകളിലും സ്വപ്നങ്ങളിലും അന്ധവിശ്വാസങ്ങളിലും വേരൂന്നിയ ഒന്നാണ്. ഓരോ ലോട്ടറി മാനേജർക്കുമറിയാം തന്റെ ഏറ്റവും നല്ല ഉപഭോക്താക്കളിൽ മിക്കവരും വാതുവെക്കുന്നത് വ്യക്തിപരമായ അന്ധവിശ്വാസങ്ങൾ, ജ്യോതിഷ ചാർട്ടുകൾ, സ്വപ്രഖ്യാപിത ഭാവികഥനവിദ്യക്കാരുടെ ഉപദേശം, ഓരോ പേരിനും തീയതിക്കും സ്വപ്നത്തിനും അനുയോജ്യമായ സംഖ്യകൾ നൽകിയിട്ടുള്ള പൂജിക്കപ്പെടുന്ന ‘സ്വപ്ന പുസ്തകങ്ങൾ’ എന്നിവയുടെ അടിസ്ഥാനത്തിലാണെന്ന്. എല്ലാ സംഖ്യകൾക്കും തിരഞ്ഞെടുക്കപ്പെടാനുള്ള ഒരേ സാധ്യതയുണ്ടെന്നും ജനരഞ്ജക സംഖ്യകൾ തിരഞ്ഞെടുക്കുന്നത് ഒരുവന്റെ വിജയസാധ്യത കുറയ്ക്കുമെന്നും പറയുന്നതിനു പകരം, ലോട്ടറി ഏജൻസികൾ വ്യക്തിപരമായി ഇഷ്ടമുള്ള സംഖ്യകൾ തിരഞ്ഞെടുക്കാനും (അതിനോടു പറ്റിനിൽക്കാനും) അവ എടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു.”
[10-ാം പേജിലെ ചിത്രങ്ങൾ]
“യഹോവയോടുള്ള സ്നേഹം ചൂതാട്ടത്തിന്റെ പിടിയിൽനിന്നു വിമുക്തനാകാൻ വേണ്ട ശക്തി എനിക്കു നൽകി.”—ജോൺ
“ഇപ്പോൾ എന്റെ ജീവിതം കൂടുതൽ അർഥവത്തായിരിക്കുന്നു, കൂടാതെ പേഴ്സിൽ കൂടുതൽ കാശുമുണ്ട്.”—ലിൻഡ
[10-ാം പേജിലെ ചിത്രങ്ങൾ]
“ഞാൻ ചൂതാട്ടം നിറുത്തുക മാത്രമല്ല, അതിനോടു വെറുപ്പു വളർത്തിയെടുക്കുകയും ചെയ്തിരിക്കുന്നു. അതിൽ എനിക്കുതന്നെ അതിശയം തോന്നുന്നു.”—കാസൂഷിഗെ