ബൈബിളിന്റെ വീക്ഷണം
ദൈവം കേൾക്കുന്ന പ്രാർഥനകൾ
“ചോദിച്ചുകൊണ്ടേയിരിക്കുക, നിങ്ങൾക്കു ലഭിക്കും; അന്വേഷിച്ചുകൊണ്ടേയിരിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടേയിരിക്കുക, നിങ്ങൾക്കു തുറന്നുകിട്ടും. എന്തെന്നാൽ ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്ന ഏവനും കണ്ടെത്തുന്നു; മുട്ടുന്ന ഏവനും തുറക്കപ്പെടും.”—ലൂക്കൊസ് 11:9, 10, NW.
യേശുക്രിസ്തുവിന്റെ, മേലുദ്ധരിച്ചിരിക്കുന്ന വാക്കുകളിൽ പൂർണ വിശ്വാസം പ്രകടമാക്കിക്കൊണ്ട് ക്രിസ്ത്യാനികളിൽ പലരും തങ്ങളുടെ പ്രശ്നങ്ങളും ഉത്കണ്ഠകളും പ്രാർഥനയിൽ ദൈവത്തിനു സമർപ്പിക്കുന്നു. ദൈവം തങ്ങളെ സ്നേഹിക്കുകയും തങ്ങൾക്കായി കരുതുകയും ചെയ്യുന്നു എന്നതിൽ അവർക്കു സംശയമില്ല. എന്നാൽ പ്രാർഥനയ്ക്കുള്ള ഉത്തരത്തിനായി കാത്തിരിക്കവേ ചിലർക്കു നിരാശ അനുഭവപ്പെടുന്നു. നിങ്ങളുടെ പ്രാർഥനകൾ ഫലപ്രദമല്ലെന്ന് തോന്നുന്നുവോ? നിങ്ങൾ പ്രാർഥിക്കുമ്പോൾ ദൈവം കേൾക്കുന്നുണ്ടോ?
നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്നില്ലെന്നു ചിലപ്പോൾ തോന്നാമെങ്കിലും ദൈവം അവ കേൾക്കുന്നില്ല എന്ന് അതിന് അർഥമില്ല. ബൈബിൾ നമുക്ക് ഈ ഉറപ്പു നൽകുന്നു: “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു.” (1 പത്രൊസ് 3:12) അതുകൊണ്ട്, ഉച്ചത്തിലുള്ള പ്രാർഥനകൾ ആയാലും ഹൃദയത്തിൽ നടത്തുന്ന നിശ്ശബ്ദ പ്രാർഥനകൾ ആയാലും യഹോവയാം ദൈവം അവ കേൾക്കുന്നു. (യിരെമ്യാവു 17:10) അതുപോലെ ഓരോ പ്രാർഥനയുടെയും പിന്നിലെ ചിന്തകളും വികാരങ്ങളും അവൻ പരിശോധിക്കുന്നുണ്ട്. പ്രാർഥിക്കുന്ന വ്യക്തി പോലും ചിലപ്പോൾ അവയെ കുറിച്ചു ബോധവാനായിരിക്കുകയോ അവ പൂർണമായി മനസ്സിലാക്കുകയോ ചെയ്യുന്നില്ലായിരിക്കാമെങ്കിലും.—റോമർ 8:26, 27.
എന്നാൽ പ്രാർഥനകൾ ദൈവത്തിനു സ്വീകാര്യമായിരിക്കണമെങ്കിൽ അവ ചില വ്യവസ്ഥകൾക്ക് അനുസൃതം ആയിരിക്കണം. ഒന്നാമത്, ദൈവത്തോടു മാത്രമേ പ്രാർഥിക്കാവൂ—യേശുവിനോടോ “പുണ്യവാളന്മാരോടോ” പ്രതിമകളോടോ അരുത്. (പുറപ്പാടു 20:4, 5, NW) കൂടാതെ, ദൈവപുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ ആയിരിക്കണം പ്രാർഥനകൾ അർപ്പിക്കേണ്ടത്. (യോഹന്നാൻ 14:6) ഇതിന്റെ അർഥം യേശു ആദ്യം നമ്മുടെ പ്രാർഥനകൾ കേൾക്കുകയും പിന്നീട് അതിന്റെ ഉള്ളടക്കം ദൈവത്തെ അറിയിക്കുകയും ചെയ്യുന്നു എന്നാണോ? അല്ല. മറിച്ച്, യേശുവിന്റെ നാമത്തിൽ യഹോവയോടു പ്രാർഥിക്കുമ്പോൾ നാം ക്രിസ്തുവിന്റെ ശിഷ്യന്മാരാണെന്നു സ്വയം തിരിച്ചറിയിക്കുകയും ദൈവത്തെ സമീപിക്കുക സാധ്യമായിരിക്കുന്നത് അവന്റെ മറുവിലയിലൂടെ മാത്രമാണ് എന്ന വസ്തുത അംഗീകരിക്കുകയുമാണു ചെയ്യുന്നത്.—എബ്രായർ 4:14-16.
ഇനി, പ്രാർഥനകൾ വിശ്വാസത്തോടെ അർപ്പിക്കേണ്ടതുണ്ട്. അപ്പൊസ്തലനായ പൗലൊസ് പിൻവരുന്ന പ്രകാരം പറഞ്ഞു: “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രായർ 11:6) തനിക്ക് അത്തരം വിശ്വാസമുണ്ടോ എന്ന് ഒരു വ്യക്തിക്ക് എങ്ങനെ അറിയാൻ കഴിയും? ബൈബിൾ എഴുത്തുകാരനായ യാക്കോബ് ഉത്തരം നൽകുന്നു: ‘ഞാൻ എന്റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചുതരാം.’ (യാക്കോബ് 2:18) അതേ, വിശ്വാസം പ്രവൃത്തികളിലൂടെ പ്രകടമാകുന്നു. ദൈവത്തെ സ്നേഹിക്കുന്നുവെന്നും അവനെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പ്രവൃത്തികളിലൂടെ നമുക്കു കാണിക്കാൻ കഴിയും.
ദൈവത്തിന്റെ ആരാധകർ പ്രാർഥനയുടെ കാര്യത്തിൽ സ്ഥിരോത്സാഹം പ്രകടിപ്പിക്കുകയും വേണം. തുടക്കത്തിൽ ഉദ്ധരിച്ച ലൂക്കൊസ് 11:9, 10-ൽ യേശു ഇതു വ്യക്തമാക്കി. ഒരു വ്യക്തി ഏതെങ്കിലും കാര്യത്തിനായി ഒരിക്കൽ മാത്രമേ പ്രാർഥിക്കുന്നുള്ളുവെങ്കിൽ അയാൾ അതിനു വലിയ പ്രാധാന്യമൊന്നും കൽപ്പിക്കുന്നില്ല എന്നല്ലേ അതിന്റെ അർഥം?
ദൈവത്തിന്റെ വാഗ്ദാനം
എത്രതന്നെ സ്ഥിരോത്സാഹത്തോടും ആത്മാർഥതയോടും കൂടെ പ്രാർഥിച്ചാലും നാം ‘ദുർഘടസമയങ്ങളിൽ’ ആണു ജീവിക്കുന്നത് എന്ന വസ്തുതയ്ക്കു മാറ്റം വരുന്നില്ല. (2 തിമൊഥെയൊസ് 3:1) തന്റെ അനുഗാമികൾ സന്തുഷ്ടരായിരിക്കും എന്ന് യേശു പറഞ്ഞു എന്നതു ശരിതന്നെ. എന്നാൽ, അവരുടെ ജീവിതം പ്രശ്നവിമുക്തമായിരിക്കും എന്ന് അവൻ പറഞ്ഞില്ല. (മത്തായി 5:3-11, NW) മറിച്ച് ദുഃഖം, വിശപ്പ്, ദാഹം, പീഡനം എന്നിവയുടെ മധ്യേയും തന്റെ ശിഷ്യന്മാർക്കു സന്തുഷ്ടരായിരിക്കാൻ കഴിയുമെന്ന് അവൻ പറഞ്ഞു.
യേശു പറഞ്ഞ സന്തുഷ്ടി ഉത്തമമായ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്ന ഒന്നല്ല. മറിച്ച്, ദൈവത്തെ സേവിക്കുന്നതിൽനിന്നു ലഭിക്കുന്ന ഒരു ആന്തരിക സംതൃപ്തി ആണത്. അതുകൊണ്ട് പ്രശ്നങ്ങൾക്കു മധ്യേയും ഒരളവുവരെ സന്തുഷ്ടരായിരിക്കാൻ നമുക്കു സാധിക്കും.—2 കൊരിന്ത്യർ 12:7-10.
വ്യക്തിപരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ
യോജിച്ച വിവാഹ ഇണയെ കണ്ടെത്തൽ, കുടുംബത്തോടും ആരോഗ്യത്തോടും തൊഴിലിനോടും ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ എന്നിങ്ങനെയുള്ള വ്യക്തിപരമായ സംഗതികൾക്കായി ദൈവത്തോടു പ്രാർഥിച്ചിട്ട് ഒരു കാര്യവും ഇല്ലെന്നാണോ ഇതിന്റെ അർഥം? അല്ല. നമ്മുടെ ജീവിത സാഹചര്യങ്ങൾക്ക് അത്ഭുതകരമായി മാറ്റം വരുത്തുമെന്നു ദൈവം വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും അവയെ വിജയകരമായി നേരിടാൻ ആവശ്യമായ ജ്ഞാനം അവൻ നമുക്കു തരും. പരിശോധനകളോടുള്ള ബന്ധത്തിൽ യാക്കോബ് എഴുതി: “നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.” (യാക്കോബ് 1:5) അതുകൊണ്ട്, യഹോവ തന്റെ പരിശുദ്ധാത്മാവിലൂടെ നമ്മെ വഴിനടത്തും. ബൈബിൾ തത്ത്വങ്ങൾ മനസ്സിലാക്കി അതനുസരിച്ചു തീരുമാനങ്ങൾ എടുക്കാൻ ഇതു നമ്മെ സഹായിക്കും.
തീർച്ചയായും ദൈവാത്മാവ് നമുക്കായി തീരുമാനങ്ങൾ എടുക്കുന്നില്ല. നേരെ മറിച്ച്, വ്യക്തിപരമായ ശ്രമം അതിൽ ഉൾപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, നമുക്ക് ഒരു പ്രശ്നമുണ്ടെങ്കിൽ, നാം അതിനെ കുറിച്ച് ആഴത്തിൽ പരിശോധിക്കുകയും സാഹചര്യത്തിന്റെ വിവിധ വശങ്ങൾ വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ടോ? അത്തരമൊരു പ്രവൃത്തിയിലൂടെ നമുക്കു വിശ്വാസം ഉണ്ടെന്നു നാം ദൈവമുമ്പാകെ തെളിയിക്കുകയായിരിക്കും ചെയ്യുന്നത്. (യാക്കോബ് 2:18) ദൈവത്തിന്റെ മാർഗനിർദേശത്തിനായി നിരന്തരം അപേക്ഷിച്ചുകൊണ്ട് നമ്മുടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിൽ നാം സ്ഥിരോത്സാഹം പ്രകടമാക്കിയിട്ടുണ്ടോ? (മത്തായി 7:7, 8) നമ്മുടെ സാഹചര്യത്തിനു ബാധകമാകുന്ന ബൈബിൾ തത്ത്വങ്ങൾ നാം ശ്രദ്ധാപൂർവം പരിശോധിച്ചിട്ടുണ്ടോ? ദൈവവചനത്തിന് നമ്മെ ‘സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവർ’ ആക്കാനാകും.—2 തിമൊഥെയൊസ് 3:16, 17.
മനുഷ്യരുടെ കാര്യാദികളിൽ ഇടപെട്ടുകൊണ്ട് എല്ലാ പ്രശ്നങ്ങളും നീക്കം ചെയ്യാൻ ദൈവത്തിനു കഴിയുമെന്നുള്ളതു സത്യമാണെങ്കിലും ഇച്ഛാസ്വാതന്ത്ര്യം പ്രകടിപ്പിക്കാൻ അവൻ നമ്മെ അനുവദിച്ചിരിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, പലരും തങ്ങളുടെ ഇച്ഛാസ്വാതന്ത്ര്യം മറ്റുള്ളവർക്കു ദോഷം ചെയ്യുന്ന വിധത്തിൽ ഉപയോഗിക്കുന്നു. അതിന്റെ ഫലമായി, നാം നമ്മുടെ പ്രാർഥനയിൽ ഉൾപ്പെടുത്തുന്ന ചില പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ ദൈവത്തിന്റെ പുതിയലോകം വരുന്നതുവരെ നീണ്ടുപോയേക്കാം. (പ്രവൃത്തികൾ 17:30, 31) കുറ്റകൃത്യമോ യുദ്ധമോ പോലെ നാം ജീവിക്കുന്ന പ്രദേശത്തു നിലനിൽക്കുന്ന ഒരു സാഹചര്യത്തെ കുറിച്ചോ എതിരാളികളിൽനിന്നുള്ള പീഡനം സഹിക്കാൻ നമ്മെ പ്രാപ്തരാക്കുന്നതിനു വേണ്ടിയോ ആയിരിക്കാം നാം പ്രാർഥിക്കുന്നത്. (1 പത്രൊസ് 4:4) ഈ ഭക്തികെട്ട ലോകത്തിൽ ചില സാഹചര്യങ്ങൾ മെച്ചപ്പെടുകയില്ല എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.
എന്നിരുന്നാലും, ദൈവം തന്റെ ആരാധകരെ സ്നേഹിക്കുന്നു. അവരെ സഹായിക്കാൻ അവൻ ആഗ്രഹിക്കുന്നു. മുഴു ഭൂമിയും ദൈവരാജ്യത്തിന്റെ എതിരില്ലാത്ത ഭരണത്തിൻ കീഴിൽ ആകുമ്പോൾ അവൻ ലോകത്തിലെ ഭയാനകമായ പ്രശ്നങ്ങൾ പൂർണമായും നീക്കിക്കളയും. (വെളിപ്പാടു 21:3-5) ആ സമയം വരെ ജീവിത പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ മാർഗനിർദേശത്തിനായി നാം ദൈവത്തോട് ഇടവിടാതെ അപേക്ഷിച്ചുകൊണ്ടിരിക്കണം. അങ്ങനെ ചെയ്യുന്നെങ്കിൽ, യെശയ്യാവു 41:10-ൽ രേഖപ്പെടുത്തിയിരിക്കുന്ന ബൈബിളിലെ വാഗ്ദാനം യഹോവ നിവർത്തിക്കുമെന്നു നമുക്ക് ഉറപ്പ് ഉണ്ടായിരിക്കാൻ കഴിയും: “നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.”(g02 9/8)