യുവജനങ്ങൾ ചോദിക്കുന്നു . . .
മാതാപിതാക്കൾ എന്നെ സ്നേഹിക്കാത്തത് എന്തുകൊണ്ട്?
“ഡാഡി മമ്മിയുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതിനു മുമ്പ് ഞങ്ങൾ ഒരുമിച്ചു ബീച്ചിൽ പോകുമായിരുന്നു, പുറത്തുപോയി ഭക്ഷണം കഴിക്കുമായിരുന്നു, ഡാഡിയുടെ കാറിൽ ചുറ്റിക്കറങ്ങുമായിരുന്നു. അങ്ങനെയിരിക്കെ എല്ലാം അവസാനിച്ചു. ഡാഡി ആളാകെ മാറിപ്പോയി. ഡാഡി, ഞാനുമായുള്ള ബന്ധവും കൂടെ വേർപെടുത്തിയെന്നാണു തോന്നുന്നത്.”—കാരൻ.a
ഇതേ വികാരങ്ങളുള്ള ഒട്ടനവധി യുവജനങ്ങളുണ്ട്. കാരനെ പോലെ മാതാപിതാക്കളിൽ ഒരാളോ രണ്ടുപേരുമോ മേലാൽ തങ്ങളെ സ്നേഹിക്കുന്നില്ലെന്ന് അല്ലെങ്കിൽ ഒരിക്കലും സ്നേഹിച്ചിട്ടില്ലെന്ന് അവർ മനസ്സിലാക്കുന്നു. കുട്ടികൾക്കും മാതാപിതാക്കൾക്കും ഇടയിലുണ്ടാകുന്ന കൊച്ചുകൊച്ച് അസ്വാരസ്യങ്ങളിൽനിന്ന് ഉടലെടുത്തേക്കാവുന്ന ക്ഷണികമായ നിഷേധാത്മക വികാരങ്ങളെയോ മാതാപിതാക്കൾ ശിക്ഷണം നൽകുമ്പോൾ കുട്ടികൾക്കു തോന്നിയേക്കാവുന്ന അമർഷത്തെയോ കുറിച്ചല്ല ഞങ്ങൾ പറഞ്ഞുവരുന്നത്. കുട്ടികൾക്ക് ആവശ്യമായ ശ്രദ്ധയോ ശിക്ഷണമോ നൽകാതിരുന്നുകൊണ്ട് അവരെ ശരിക്കും അവഗണിക്കുന്ന ചില മാതാപിതാക്കളുണ്ട്. കുട്ടികളോട് എപ്പോഴും ക്രൂരമായും പരുഷമായും ഇടപെടുന്നവരാണു മറ്റു ചിലർ. ഒരുപക്ഷേ അവർ കുട്ടികളെ ക്രൂരമായ വാക്കുകൾ ഉപയോഗിച്ചു കുത്തിനോവിക്കുകയോ ശാരീരികമായി ആക്രമിക്കുകയോ ചെയ്തേക്കാം.
മാതാവിന്റെയോ പിതാവിന്റെയോ അവഗണനയെക്കാൾ മുറിപ്പെടുത്തുന്നതായി യാതൊന്നുമില്ല. “എന്നെ ആർക്കും വേണ്ടെന്നും ഞാൻ അവഗണിക്കപ്പെടുകയാണെന്നും ഉള്ള തോന്നൽ അത് എന്നിൽ ഉളവാക്കി,” കാരൻ പറയുന്നു. നിങ്ങൾ എപ്പോഴെങ്കിലും അത്തരമൊരു വിഷമിപ്പിക്കുന്ന സാഹചര്യത്തിൽ ആയിരുന്നിട്ടുണ്ടെങ്കിൽ നിങ്ങളുടെ വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതു സംബന്ധിച്ച ചില നിർദേശങ്ങൾ പരിചിന്തിക്കുക. മാതാവിന്റെയോ പിതാവിന്റെയോ പിന്തുണ ഇല്ലെങ്കിൽ കൂടി നിങ്ങൾക്കു ജീവിതത്തിൽ വിജയം വരിക്കാൻ കഴിയും എന്ന് ഉറപ്പുണ്ടായിരിക്കുക!
നിങ്ങളുടെ മാതാപിതാക്കളെ മനസ്സിലാക്കൽ
മാതാപിതാക്കളിൽനിന്നു സ്നേഹം പ്രതീക്ഷിക്കുന്നത് തികച്ചും ഉചിതമാണ്. ഒരു കുട്ടിയോടുള്ള മാതാവിന്റെയോ പിതാവിന്റെയോ സ്നേഹം സൂര്യോദയം പോലെ സ്വാഭാവികവും ആശ്രയയോഗ്യവും ആയിരിക്കേണ്ടതാണ്. മാതാപിതാക്കൾ അത്തരം സ്നേഹം പ്രകടമാക്കാൻ ദൈവം പ്രതീക്ഷിക്കുന്നു. (കൊലൊസ്സ്യർ 3:21; തീത്തൊസ് 2:4) അങ്ങനെയെങ്കിൽ പിന്നെ, മാതാപിതാക്കൾ ചിലപ്പോൾ തങ്ങളുടെ കുട്ടികളോട് അവഗണന കാണിക്കുകയോ മോശമായി പെരുമാറുകയോ അവരെ ഉപേക്ഷിക്കുകയോ ചെയ്യുന്നത് എന്തുകൊണ്ടാണ്?
അതിന് ഇടയാക്കുന്ന ഒരു ഘടകം അവരുടെതന്നെ ജീവിതാനുഭവങ്ങളായിരിക്കാം. സ്വയം ഇങ്ങനെ ചോദിക്കുക, ‘കുട്ടികളെ വളർത്തുന്നതിനെ കുറിച്ച് എന്റെ മാതാപിതാക്കൾ പഠിച്ചത് എവിടെനിന്നായിരിക്കാം?’ ബാല്യകാലത്ത് തങ്ങളുടെ മാതാപിതാക്കളിൽനിന്ന് തങ്ങൾക്ക് എന്ത് അനുഭവങ്ങൾ ഉണ്ടായോ അവയിൽനിന്നു മാത്രമേ പല മാതാപിതാക്കൾക്കും പഠിക്കാൻ കഴിയൂ. “സ്വാഭാവിക പ്രിയമില്ലാത്തവരു”ടെ എണ്ണം മുമ്പെന്നത്തേതിലുമധികം വർധിച്ചിരിക്കുന്ന ഇന്നത്തെ സ്നേഹശൂന്യമായ ലോകത്തിൽ അത്തരം പരിശീലനം പലപ്പോഴും വളരെ വികലമായിരിക്കും. (2 തിമൊഥെയൊസ് 3:1-5, NW) ഫലമോ, ചിലപ്പോൾ കുട്ടികളോടുള്ള ദുഷ്പെരുമാറ്റം ഒരു തുടർക്കഥയായി മാറുന്നു. അതായത്, ആളുകൾ തങ്ങളുടെ മാതാപിതാക്കൾ തങ്ങളോടു മോശമായി പെരുമാറിയതുപോലെ സ്വന്തം മക്കളോടും മോശമായി ഇടപെടുന്നു.
കൂടാതെ, മാതാപിതാക്കൾ പല കാരണങ്ങളാൽ അങ്ങേയറ്റം അസന്തുഷ്ടരായിരുന്നേക്കാം. കഷ്ടപ്പാടിൽനിന്നും നിരാശയിൽനിന്നും രക്ഷപ്പെടാനായി ചിലർ തൊഴിലിലോ മദ്യപാനത്തിലോ മയക്കുമരുന്നു ദുരുപയോഗത്തിലോ മുഴുകുന്നു. ഉദാഹരണത്തിന്, വില്ല്യമിന്റെയും ജോണിന്റെയും പിതാവ് ഒരു മദ്യപാനിയായിരുന്നു. “ഞങ്ങളെ അഭിനന്ദിക്കുന്നത് ഡാഡിക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു,” ജോൺ പറയുന്നു. “മദ്യം അകത്തു ചെന്നു കഴിയുമ്പോഴുള്ള അദ്ദേഹത്തിന്റെ ദേഷ്യമായിരുന്നു ഒട്ടും സഹിക്കാൻ വയ്യാഞ്ഞത്. വൈകിട്ടു മുഴുവൻ അദ്ദേഹം മമ്മിയുടെ നേരെ ഒച്ചയിടുമായിരുന്നു. എനിക്കെന്തു പേടിയായിരുന്നെന്നോ.” ഇനിയും, മാതാപിതാക്കൾ പരസ്യമായി കുട്ടികളോട് മോശമായ രീതിയിൽ പെരുമാറിയില്ലെങ്കിൽ പോലും, കുട്ടികൾക്ക് ആവശ്യമായ സ്നേഹവും ശ്രദ്ധയും നൽകാൻ കഴിയാത്തവിധം അവരുടെ ജീവിതരീതി അവരെ ക്ഷീണിതരാക്കിത്തീർത്തേക്കാം.
തന്റെ പിതാവിന്റെ പ്രവചനാതീതമായ പെരുമാറ്റത്തിനു പിന്നിൽ എന്തായിരുന്നെന്ന് താൻ മനസ്സിലാക്കുന്നതായി വില്ല്യം കരുതുന്നു. “രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിയിലെ ബെർലിനിലാണ് ഡാഡി വളർന്നുവന്നത്,” വില്ല്യം വിശദീകരിക്കുന്നു. “കുട്ടിക്കാലത്ത് ഭീതിദമായ അസംഖ്യം അനുഭവങ്ങൾ അദ്ദേഹത്തിന് ഉണ്ടായി. മാത്രമല്ല, ഒട്ടേറെ മരണങ്ങളും അദ്ദേഹം നേരിൽ കണ്ടു. വിശപ്പടക്കുന്നതിനു വേണ്ടിത്തന്നെ അദ്ദേഹത്തിനു ദിവസവും നന്നേ പാടുപെടേണ്ടി വന്നു. ആ അനുഭവങ്ങൾ ഡാഡിയെ വല്ലാതെ ബാധിച്ചു എന്ന് എനിക്കു തോന്നുന്നു.” വാസ്തവത്തിൽ, കടുത്ത ഞെരുക്കം അനുഭവിക്കുന്ന ആളുകൾ യുക്തിക്കു നിരക്കാത്ത വിധത്തിൽ പ്രവർത്തിച്ചേക്കാമെന്നു ബൈബിൾ സമ്മതിക്കുന്നുണ്ട്.—സഭാപ്രസംഗി 7:7, NW.
തങ്ങളുടെ പിതാവിന്റെ ജീവിതാനുഭവങ്ങൾ അദ്ദേഹം തങ്ങളോട് ഇടപെട്ട വിധത്തെ ന്യായീകരിക്കുന്നുവെന്ന് വില്ല്യമിനും ജോണിനും തോന്നുന്നുണ്ടോ? വില്ല്യം പറയുന്നതു കേൾക്കൂ: “ഇല്ല, ഡാഡിയുടെ പശ്ചാത്തലം അദ്ദേഹത്തിന്റെ മദ്യപാനത്തെയും മോശമായ പെരുമാറ്റത്തെയും ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. എന്നിരുന്നാലും, ഡാഡിയുടെ പശ്ചാത്തലം മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ പെരുമാറ്റ രീതികളെ കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നേടാൻ എന്നെ സഹായിച്ചിരിക്കുന്നു.”
നിങ്ങളുടെ മാതാപിതാക്കൾ അപൂർണരാണെന്ന യാഥാർഥ്യം അംഗീകരിക്കുന്നതും അവരുടെ പശ്ചാത്തലത്തെ കുറിച്ചു ചില കാര്യങ്ങൾ അറിയുന്നതും അവരെ മനസ്സിലാക്കുന്നതിന് നിങ്ങളെ വളരെയധികം സഹായിക്കും. സദൃശവാക്യങ്ങൾ 19:11 (NW) പറയുന്നു: “ഒരു മനുഷ്യന്റെ ഉൾക്കാഴ്ച തീർച്ചയായും അവന്റെ കോപത്തെ ശമിപ്പിക്കുന്നു.”
നിങ്ങളുടെ വികാരങ്ങളെ കൈകാര്യം ചെയ്യൽ
വീട്ടിലെ സാഹചര്യം നിമിത്തം മറ്റു നിഷേധാത്മക വികാരങ്ങളും നിങ്ങളെ വേട്ടയാടിയേക്കാം. ഉദാഹരണത്തിന്, മാതാപിതാക്കളുടെ ശ്രദ്ധ കിട്ടാതെ വന്നത് താൻ “വിലകെട്ടവളും സ്നേഹിക്കാൻ കൊള്ളാത്തവളും ആണെന്നുള്ള” തോന്നൽ പട്രിഷയിൽ ഉളവാക്കി. തനിക്കു വെറും എട്ടു വയസ്സുള്ളപ്പോൾ പിതാവ് ഉപേക്ഷിച്ചു പോയതോടെ ലനീഷയ്ക്ക് പുരുഷന്മാരിൽ പൊതുവേ വിശ്വാസമില്ലാതായി. ഷെയ്ലയാകട്ടെ, “മയക്കുമരുന്നുകൾക്ക് അടിമയായ” തന്റെ അമ്മ ഉളവാക്കിയ ശൂന്യത നികത്താനുള്ള ശ്രമത്തിൽ, കണ്ടുമുട്ടുന്നവരുടെയെല്ലാംതന്നെ ശ്രദ്ധയ്ക്കായി ആഗ്രഹിച്ചു.
കോപവും അസൂയയും ആകാം മറ്റുചില പ്രശ്നങ്ങൾ. താൻ കൊതിച്ച സ്നേഹം പുനർവിവാഹിതനായ പിതാവ് അദ്ദേഹത്തിന്റെ പുതിയ കുടുംബത്തിനു നൽകുന്നതു കണ്ടപ്പോൾ കാരന് “ഒരു സമയത്ത് എന്തെന്നില്ലാത്ത അസൂയ” തോന്നി. ലെയ്ലാനിക്കാണെങ്കിൽ ചില സമയങ്ങളിൽ തന്റെ മാതാപിതാക്കളോടു വെറുപ്പു പോലും തോന്നി. “അവരുമായി ഞാൻ എപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു,” അവൾ പറയുന്നു.
സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ വികാരങ്ങളെല്ലാം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ, ഇത്തരം നിഷേധാത്മക വികാരങ്ങളെ ക്രിയാത്മകമായ വിധത്തിൽ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? പിൻവരുന്ന നിർദേശങ്ങൾ പരിചിന്തിക്കുക.
• യഹോവയാം ദൈവത്തോട് അടുത്തു ചെല്ലുക. (യാക്കോബ് 4:8) വ്യക്തിപരമായ ബൈബിൾ വായനയിലൂടെയും ദൈവജനവുമായുള്ള ക്രമമായ സഹവാസത്തിലൂടെയും നിങ്ങൾക്കതിനു കഴിയും. യഹോവ മറ്റുള്ളവരോട് ഇടപെടുന്ന വിധം മനസ്സിലാക്കുമ്പോൾ അവൻ വിശ്വസ്തനാണെന്നു നിങ്ങൾ തിരിച്ചറിയും. നിങ്ങൾക്ക് അവനെ വിശ്വസിക്കാൻ കഴിയും. “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ?” യഹോവ ഇസ്രായേല്യരോടു ചോദിച്ചു. “അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല” എന്ന് അവൻ വാഗ്ദാനം ചെയ്തു. (യെശയ്യാവു 49:15) അതുകൊണ്ട് ദൈവത്തോടു പ്രാർഥിക്കുന്നത് ഒരു പതിവാക്കുക. കൃത്യമായ പദങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ചോർത്തു വിഷമിക്കേണ്ട. അവൻ നിങ്ങളെ മനസ്സിലാക്കുന്നു. (റോമർ 8:26) മറ്റാരും സ്നേഹിക്കുന്നില്ലെന്നു തോന്നുമ്പോൾ പോലും യഹോവ നിങ്ങളെ സ്നേഹിക്കുന്നു എന്നു മനസ്സിലാക്കുക.—സങ്കീർത്തനം 27:10.
• ആശ്രയയോഗ്യനായ ഒരു മുതിർന്ന വ്യക്തിയോടു കാര്യങ്ങൾ തുറന്നു പറയുക. ആത്മീയമായി പക്വതയുള്ളവരുമായി സൗഹൃദത്തിലാകുക. നിങ്ങളുടെ വികാരങ്ങളും ആശങ്കകളും അവരോടു തുറന്നു പറയുക. യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ സഭയിൽ നിങ്ങൾക്ക് ആത്മീയ പിതാക്കന്മാരെയും മാതാക്കളെയും കണ്ടെത്താൻ കഴിയും. (മർക്കൊസ് 10:29, 30) എന്നാൽ, നിങ്ങളുടെ വികാരങ്ങൾ അവരുമായി പങ്കുവെക്കുന്നതിനു നിങ്ങൾതന്നെ മുൻകൈ എടുക്കേണ്ടതുണ്ടായിരിക്കാം. നിങ്ങൾക്ക് എന്തു തോന്നുന്നു എന്നു മറ്റുള്ളവരോടു പറഞ്ഞില്ലെങ്കിൽ അവർ അത് അറിയില്ല. ഹൃദയത്തിലെ ഭാരം ഇറക്കിവയ്ക്കുമ്പോൾ ഉണ്ടാകുന്ന ആശ്വാസം ഒന്നു വേറെ തന്നെയാണ്.—1 ശമൂവേൽ 1:12-18.
•മറ്റുള്ളവർക്കായി കാര്യങ്ങൾ ചെയ്തുകൊണ്ട് തിരക്കുള്ളവരായിരിക്കുക. തന്നെക്കുറിച്ച് ഓർത്ത് പരിതപിക്കുന്നതിന്റെ അപകടം ഒഴിവാക്കുന്നതിന്, നിങ്ങളുടെ സാഹചര്യത്തിന്റെ പ്രതികൂല വശങ്ങളെ കുറിച്ചു ചിന്തിച്ച് തലപുണ്ണാക്കാതിരിക്കാൻ ശ്രമിക്കുക. പകരം, നിങ്ങൾക്ക് ഉള്ളതു വിലമതിക്കാൻ പഠിക്കുക. ‘സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കിക്കൊണ്ട്’ അവസരങ്ങളുടെ ലോകത്തിലേക്കുള്ള വാതിൽ തുറക്കുക. (ഫിലിപ്പിയർ 2:4) ആത്മീയ ലാക്കുകൾ വെക്കുക. എന്നിട്ട്, അവയിൽ എത്തിച്ചേരാനായി ശുഭാപ്തിവിശ്വാസത്തോടെ കഠിനശ്രമം ചെയ്യുക. നിങ്ങളിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം മറ്റുള്ളവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ഒരു ഉത്തമ മാർഗമാണ് ക്രിസ്തീയ ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ടു മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി കരുതുന്നത്.
• നിങ്ങളുടെ മാതാപിതാക്കളോടു ബഹുമാനം പ്രകടമാക്കുന്നതിൽ തുടരുക. ബൈബിൾ തത്ത്വങ്ങളോടും നിലവാരങ്ങളോടും പറ്റിനിൽക്കാൻ എല്ലായ്പോഴും ശ്രദ്ധിക്കുക. നിങ്ങളുടെ മാതാപിതാക്കളോടു ബഹുമാനം പ്രകടമാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. (എഫെസ്യർ 6:1-3) അത്തരം ബഹുമാനം പ്രതികാര ബുദ്ധിയോടുകൂടിയ ഒരു പകവീട്ടൽ മനോഭാവം സ്വീകരിക്കുന്നതിനെ തടയും. മാതാവിന്റെയോ പിതാവിന്റെയോ ഭാഗത്ത് എത്രതന്നെ തെറ്റുള്ളതായി തോന്നിയാലും അതു നിങ്ങളുടെ തെറ്റിനെ ഒരിക്കലും ന്യായീകരിക്കില്ല എന്നോർക്കുക. അതുകൊണ്ട് കാര്യങ്ങളെ യഹോവയ്ക്കു വിട്ടുകൊടുക്കുക. (റോമർ 12:17-21) അവൻ ‘ന്യായപ്രിയൻ’ ആണ്. അവനു കുട്ടികളോട് വളരെ ശക്തമായ സംരക്ഷണാത്മക വികാരങ്ങളുണ്ട്. (സങ്കീർത്തനം 37:28; പുറപ്പാടു 22:22-24) നിങ്ങൾ മാതാപിതാക്കളോട് ഉചിതമായ ബഹുമാനം പ്രകടമാക്കുന്നതിൽ തുടരവേ ദൈവാത്മാവിന്റെ ഫലം—എല്ലാറ്റിലും ഉപരിയായി സ്നേഹം എന്ന ഫലം—നട്ടുവളർത്താൻ ശ്രമിക്കുക.—ഗലാത്യർ 5:22, 23.
നിങ്ങൾക്കു വിജയിക്കാൻ കഴിയും
മാതാവിന്റെയോ പിതാവിന്റെയോ സ്നേഹമില്ലായ്മ മനോവേദന ഉളവാക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അവരുടെ ഭാഗത്തെ പരാജയം നിങ്ങൾ ഏതുതരം വ്യക്തിയായിത്തീരും എന്നതിനെ നിർണയിക്കേണ്ടതില്ല. മേൽപ്പറഞ്ഞ ബൈബിൾ തത്ത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കിക്കൊണ്ട് സന്തുഷ്ടവും വിജയപ്രദവുമായ ഒരു ഭാവി നിങ്ങൾക്കു സ്വയം തിരഞ്ഞെടുക്കാൻ കഴിയും.
നേരത്തേ പരാമർശിച്ച വില്ല്യം യഹോവയുടെ സാക്ഷികളുടെ ഒരു ബ്രാഞ്ച് ഓഫീസിലെ മുഴുസമയ സ്വമേധയാ സേവകനാണ്. അദ്ദേഹം ഇങ്ങനെ പറയുന്നു. “ദാരുണമായ ഈ സാഹചര്യങ്ങളെ തരണം ചെയ്യാൻ നമ്മെ സഹായിക്കുന്നതിന് യഹോവ നമുക്ക് നിരവധി കരുതലുകൾ നൽകിയിട്ടുണ്ട്. ഇത്രയും സ്നേഹസമ്പന്നനും കരുതലുള്ളവനുമായ ഒരു സ്വർഗീയ പിതാവ് ഉണ്ടായിരിക്കുന്നത് എത്ര വലിയ പദവിയാണ്.” അദ്ദേഹത്തിന്റെ സഹോദരി ജോൺ സുവിശേഷകരുടെ ആവശ്യം അധികമുള്ള സ്ഥലങ്ങളിൽ സേവിച്ചു വരുന്ന ഒരു മുഴുസമയ പയനിയർ ശുശ്രൂഷകയാണ്. “വളർന്നുവരവേ, ‘ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള’ വ്യത്യാസം ഞങ്ങൾക്കു വ്യക്തമായി കാണാൻ കഴിഞ്ഞു,” ജോൺ പറയുന്നു. (മലാഖി 3:18) “ഞങ്ങളുടെ അനുഭവങ്ങൾ സത്യത്തിനു വേണ്ടി പോരാടാനും സത്യം സ്വന്തമാക്കാനുമുള്ള ദൃഢനിശ്ചയം ഞങ്ങളിൽ ഉളവാക്കി.”
നിങ്ങൾക്കും അവരെ പോലെതന്നെ വിജയശ്രീലാളിതരായിത്തീരാൻ സാധിക്കും. “കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും” എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 126:5) ആ വാക്യത്തിന്റെ പ്രസക്തി എന്താണ്? ദുഷ്കരമായ സാഹചര്യങ്ങളിൽ ശരിയായ തത്ത്വങ്ങൾ ബാധകമാക്കാൻ നിങ്ങൾ പ്രയത്നിക്കുന്നെങ്കിൽ, ഒടുവിൽ ദൈവാനുഗ്രഹം ആസ്വദിക്കവേ നിങ്ങളുടെ കണ്ണുനീർ സന്തോഷത്തിനു വഴിമാറും.
അതുകൊണ്ട് ദൈവത്തോടു കൂടുതൽ അടുത്തുചെല്ലാൻ പ്രയത്നിക്കുന്നതിൽ തുടരുക. (എബ്രായർ 6:10; 11:6) നിങ്ങൾ ഉത്കണ്ഠയും നിരാശയും കുറ്റബോധവും അനുഭവിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായെങ്കിൽപ്പോലും ഈ വികാരങ്ങൾ സാവധാനം മാഞ്ഞ് ഇല്ലാതാകുകയും പകരം “സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം” നിങ്ങളുടെ മനസ്സിൽ സ്ഥാനം പിടിക്കുകയും ചെയ്തേക്കാം.—ഫിലിപ്പിയർ 4:6, 7. (g02 9/22)
[അടിക്കുറിപ്പ്]
a ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
[11-ാം പേജിലെ ചതുരം]
നിങ്ങൾക്കു തോന്നുന്നുണ്ടോ . . .
• നിങ്ങൾ ഒന്നിനും കൊള്ളാത്തവനാണെന്ന്?
• മറ്റുള്ളവരിൽ വിശ്വാസം അർപ്പിക്കുന്നത് സുരക്ഷിതമോ ബുദ്ധിയോ അല്ലെന്ന്?
• നിങ്ങൾക്ക് എപ്പോഴും സാന്ത്വനം ആവശ്യമാണെന്ന്?
• നിങ്ങളുടെ ദേഷ്യമോ അസൂയയോ നിയന്ത്രണാധീനമല്ലെന്ന്?
ഈ ചോദ്യങ്ങൾക്കുള്ള നിങ്ങളുടെ ഉത്തരം ഉവ്വ് എന്നാണെങ്കിൽ എത്രയും വേഗം ആശ്രയയോഗ്യനായ ഒരു വ്യക്തിയുമായി—അത് മാതാവോ പിതാവോ ഒരു മൂപ്പനോ ആത്മീയ പക്വതയുള്ള ഒരു സുഹൃത്തോ ആകാം—കാര്യങ്ങൾ ചർച്ചചെയ്യുക.
[12-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങളുടെ വികാരങ്ങളെ കൈകാര്യം ചെയ്യുന്നതിനു ക്രിയാത്മക പടികൾ സ്വീകരിക്കുക