സിറിയ രസാവഹമായ ഗതകാലത്തിന്റെ മാറ്റൊലികൾ
പുരാതന ലോകത്തിന്റെ ഒരു നാൽക്കവലയിലായിരുന്നു അതിന്റെ സ്ഥാനം. മെഡിറ്ററേനിയനിൽനിന്ന് ചൈനയിലേക്കും ഈജിപ്തിൽനിന്ന് ആനറ്റോലിയയിലേക്കും യാത്രാസംഘങ്ങൾ കടന്നുപോയിരുന്ന പാതകളുടെ സംഗമ സ്ഥാനത്തുതന്നെ. ആക്കാദ്, ബാബിലോൺ, ഈജിപ്ത്, പേർഷ്യ, ഗ്രീസ്, റോം തുടങ്ങിയ നാടുകളിലെ സൈന്യങ്ങൾ പടയോട്ടം നടത്തിയിട്ടുള്ള സ്ഥലം. നൂറ്റാണ്ടുകൾക്കുശേഷം, തുർക്കികളും കുരിശുയുദ്ധക്കാരും ഇതുവഴി കടന്നുപോയിട്ടുണ്ട്. ആധുനികനാളുകളിൽ, ഫ്രഞ്ച്-ബ്രിട്ടീഷ് സൈന്യങ്ങൾ ഇതിന്റെ നിയന്ത്രണം പിടിച്ചെടുക്കാനായി പൊരുതിയിട്ടുണ്ട്.
സഹസ്രാബ്ദങ്ങൾക്കുമുമ്പേ അതിനു ലഭിച്ച സിറിയ എന്ന പേരിൽ ഇപ്പോഴും ആ പ്രദേശത്തിന്റെ ഒരു ഭാഗം അറിയപ്പെടുന്നു. അനേകം വികാസപരിണാമങ്ങൾക്ക് ഈ നാട് വിധേയമായിട്ടുണ്ടെങ്കിലും ഇന്നും ചരിത്രത്തിന്റെ മാറ്റൊലികൾ അവിടെ മുഴങ്ങിക്കേൾക്കാം. ബൈബിൾ വിദ്യാർഥികൾക്കു വിശിഷ്യാ താത്പര്യമുള്ള നാടാണിത്, ബൈബിൾ ചരിത്രത്തിൽ സിറിയ വഹിച്ചിട്ടുള്ള പങ്കാണ് അതിനു കാരണം.
ദമസ്കൊസ്—ഒരു പുരാതന നഗരം
ഉദാഹരണത്തിന്, സിറിയയുടെ തലസ്ഥാനമായ ദമസ്കൊസിന്റെ (ദമ്മേശെക്ക്) കാര്യംതന്നെ എടുക്കാം. സ്ഥാപിതമായ കാലം മുതൽ ഇന്നോളം ജനവാസമുണ്ടായിരുന്നിട്ടുള്ള ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിൽ ഒന്നാണ് ഇതെന്നു പറയപ്പെടുന്നു. ആന്റി-ലബനോൻ പർവതനിരയുടെ അടിവാരത്തിൽ, ബാരദപ്പുഴയുടെ തീരങ്ങളിൽ, സിറിയൻ മഹാമരുഭൂമിയുടെ അറ്റത്തായി സ്ഥിതിചെയ്യുന്ന ഈ മരുപ്പച്ച നഗരം നൂറ്റാണ്ടുകളായി സന്ദർശകരെ അവിടേക്കു മാടിവിളിച്ചുകൊണ്ടിരിക്കുന്നു. ഗോത്രപിതാവായ അബ്രാഹാം തെക്ക് കനാനിലേക്കുള്ള തന്റെ യാത്രാമധ്യേ സാധ്യതയനുസരിച്ച് ഈ പ്രദേശത്തുകൂടി കടന്നുപോയിട്ടുണ്ടാകണം. തന്റെ കുടുംബത്തിൽ ഒരു ദാസനായി “ദമ്മേശെക്കുകാരനായ” എല്യേസറിനെ അവൻ എടുക്കുകയും ചെയ്തു.—ഉല്പത്തി 15:2.
ഏതാണ്ട് ഒരു സഹസ്രാബ്ദത്തിനുശേഷം സിറിയയിലെ സോബാരാജാക്കന്മാർ ഇസ്രായേലിലെ ആദ്യ രാജാവായിരുന്ന ശൗലിനു നേരെ യുദ്ധം ചെയ്തു. (1 ശമൂവേൽ 14:47) ഇസ്രായേലിലെ രണ്ടാമത്തെ രാജാവായിരുന്ന ദാവീദും അരാമ്യരാജാക്കന്മാരോടു (സിറിയയുടെ എബ്രായ പേരാണ് അരാം) പോരാടി. അവൻ അവരെ തോൽപ്പിച്ച് “ദമ്മേശെക്കിനോടു ചേർന്ന അരാമിൽ കാവല്പട്ടാളങ്ങളെ പാർപ്പിച്ചു.” (2 ശമൂവേൽ 8:3-8) ഇസ്രായേലും സിറിയയും അങ്ങനെ ചിരകാല ശത്രുക്കളായിത്തീർന്നു.—1 രാജാക്കന്മാർ 11:23-25.
പൊതുയുഗം ഒന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും സിറിയക്കാരും യഹൂദന്മാരും തമ്മിലുള്ള ശത്രുത മിക്കവാറും ആറിത്തണുത്തിരുന്നു. അന്ന് ദമസ്കൊസിൽ നിരവധി യഹൂദ സിനഗോഗുകൾ പോലും ഉണ്ടായിരുന്നു. തർസൊസുകാരനായ ശൗൽ (പിന്നീട് പൗലൊസ് ആയിത്തീർന്നു) യെരൂശലേമിൽനിന്ന് ദമസ്കൊസിലേക്കു പോകുമ്പോഴാണ് ക്രിസ്ത്യാനിത്വത്തിലേക്കു പരിവർത്തനം ചെയ്യപ്പെട്ടത് എന്നതു നിങ്ങൾ ഓർക്കുന്നുണ്ടാകും.—പ്രവൃത്തികൾ 9:1-8.
അബ്രാഹാം ആ പ്രദേശത്തുകൂടി കടന്നുപോയതിനോ ദാവീദ് അതിനെ ജയിച്ചടക്കിയതിനോ ആധുനിക ദമസ്കൊസിൽ തെളിവുകൾ ഒന്നും അവശേഷിച്ചിട്ടില്ല. എന്നാൽ പുരാതന റോമൻ നഗരത്തിന്റെ അവശിഷ്ടങ്ങളും പുരാതന റോമൻ വിയാ റെക്റ്റാ (നേർവീഥി) കടന്നുപോയിരുന്ന അതേ സ്ഥാനത്ത് ഒരു പ്രധാന വീഥിയും ഇന്നു കാണാം. ശൗൽ ദമസ്കൊസിന് അടുത്തുവെച്ച് അത്ഭുതകരമായി ക്രിസ്ത്യാനിത്വത്തിലേക്കു പരിവർത്തനം ചെയ്ത ശേഷം അനന്യാസ് അവനെ കണ്ടുമുട്ടുന്നത് ഈ തെരുവിലുണ്ടായിരുന്ന ഒരു വീട്ടിൽവെച്ചാണ്. (പ്രവൃത്തികൾ 9:10-19) ഇവിടെയാണ് അപ്പൊസ്തലനായ പൗലൊസ് ചരിത്രപ്രധാനമായ തന്റെ ശുശ്രൂഷയ്ക്കു തുടക്കം കുറിച്ചത്. എന്നാൽ റോമൻ കാലഘട്ടത്തോടുള്ള താരതമ്യത്തിൽ ഈ തെരുവിന് ഇന്നു പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. റോമൻ ബാബ്-ഷാർക്കീ ഗേറ്റിലാണ് നേർവീഥി ചെന്ന് അവസാനിക്കുന്നത്. നഗര മതിലിന്മേൽ പണിത വീടുകൾ കാണുമ്പോൾ, ശിഷ്യന്മാർ പൗലൊസിനെ ഒരു കൊട്ടയിലാക്കി മതിൽവഴിയായി ഇറക്കിവിട്ട് രക്ഷിച്ചത് എങ്ങനെയെന്നു മനസ്സിലാക്കാൻ നമുക്കു കഴിയും.—പ്രവൃത്തികൾ 9:23-25; 2 കൊരിന്ത്യർ 11:32, 33.
പാൽമൈറ—ചരിത്രപ്രധാനമായ ഒരു മരുപ്പച്ച
ദമസ്കൊസിൽനിന്നും മൂന്നു മണിക്കൂറോളം വാഹനത്തിൽ യാത്രചെയ്താൽ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പുരാവസ്തുശാസ്ത്രപരമായി പ്രാധാന്യം അർഹിക്കുന്ന ഒരു സ്ഥലമുണ്ട്. ബൈബിളിൽ തദ്മോർ എന്നു വിളിച്ചിരിക്കുന്ന പാൽമൈറ ആണത്. (2 ദിനവൃത്താന്തം 8:4) മെഡിറ്ററേനിയൻ കടലിനും (മധ്യധരണ്യാഴി) യൂഫ്രട്ടീസ് നദിക്കും മധ്യത്തിലാണ് ഇതിന്റെ സ്ഥാനം. വടക്കുള്ള പർവതങ്ങളിൽ ഉത്ഭവിച്ച് ഇവിടെയെത്തുമ്പോൾ നിർഗമിക്കുന്ന ഭൂഗർഭ നീരുറവകളാണ് ഈ മരുപ്പച്ചയ്ക്കു ജീവൻ പകരുന്നത്. മെസൊപ്പൊത്താമ്യയെയും പടിഞ്ഞാറൻ നാടുകളെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പുരാതന വാണിജ്യ പാത കടന്നുപോയിരുന്നത് ഫെർട്ടൈൽ ക്രെസന്റ് വഴിയായിരുന്നതുകൊണ്ട് പാൽമൈറയിൽനിന്ന് അങ്ങു വടക്കോട്ടുമാറിയായിരുന്നു അതിന്റെ സ്ഥാനം. എന്നിരുന്നാലും, പൊ.യു.മു. ഒന്നാം നൂറ്റാണ്ടിൽ വടക്കുണ്ടായ രാഷ്ട്രീയ അസ്ഥിരത നിമിത്തം, തെക്കുഭാഗത്തുകൂടി കടന്നുപോകുന്ന അൽപ്പം കൂടി ദൂരം കുറഞ്ഞ ഒരു പാതയാണ് അഭികാമ്യം എന്ന നിലയായി. അങ്ങനെ പാൽമൈറയുടെ സുവർണയുഗം പിറന്നു.
റോമാ സാമ്രാജ്യത്തിന്റെ കിഴക്കേ അറ്റത്തുള്ള പ്രദേശങ്ങൾക്കു പ്രതിരോധം പ്രദാനം ചെയ്ത പാൽമൈറ റോമൻ പ്രവിശ്യയായ സിറിയയുടെ ഭാഗമായി സംയോജിപ്പിക്കപ്പെട്ടു. എങ്കിലും കാലാന്തരത്തിൽ അതൊരു സ്വതന്ത്ര നഗരമായി പ്രഖ്യാപിക്കപ്പെട്ടു. സമദൂരത്തിൽ സ്ഥാപിക്കപ്പെട്ട സ്തംഭങ്ങളാൽ അലങ്കൃതമായ മഹനീയമായ തെരുവിന് ഇരുവശവും വലിയ ക്ഷേത്രങ്ങൾ, സ്മാരക കമാനങ്ങൾ, സ്നാനകേന്ദ്രങ്ങൾ, ഒരു തിയേറ്റർ എന്നിവ നിർമിച്ചിരുന്നു. വഴിക്ക് ഇരുവശവും കാൽനടക്കാർക്കു വേണ്ടിയുള്ള കല്ലുപാകിയ നടപ്പാതകളുണ്ടായിരുന്നു. എന്നാൽ മധ്യത്തിലുള്ള പ്രധാന വീഥി ഒട്ടക സവാരിക്കാരുടെ സൗകര്യാർഥം കല്ലുപാകാതെ ഇട്ടിരുന്നു. കിഴക്കുള്ള ഇന്ത്യയെയും ചൈനയെയും പടിഞ്ഞാറുള്ള യവന-റോമൻ നാടുകളുമായി ബന്ധിപ്പിച്ചിരുന്ന വാണിജ്യ പാതയിൽ നീങ്ങിയിരുന്ന വ്യാപാര യാത്രാസംഘങ്ങളുടെ ഇടത്താവളം ആയിരുന്നു പാൽമൈറ. പട്ടിനും സുഗന്ധ വ്യഞ്ജനങ്ങൾക്കും മറ്റു ചരക്കുകൾക്കും അവിടെ അവരിൽനിന്നും നിർബന്ധിത ചുങ്കം പിരിച്ചിരുന്നു.
പൊ.യു. മൂന്നാം നൂറ്റാണ്ടിൽ പാൽമൈറ പ്രതാപത്തിന്റെ കൊടുമുടിയിൽ ആയിരുന്നപ്പോൾ അതിന്റെ ജനസംഖ്യ 2,00,000-ത്തോളം ആയിരുന്നു. ആ കാലഘട്ടത്തിലാണ് വിജയാഭിലാഷം തലയ്ക്കുപിടിച്ച സെനോബിയ രാജ്ഞി റോമിനെതിരെ യുദ്ധംചെയ്ത് ഒടുവിൽ പൊ.യു. 272-ൽ തോറ്റു തുന്നംപാടിയത്. അങ്ങനെ ഏതാണ്ട് 800 വർഷം മുമ്പ് ദാനീയേൽ പ്രവാചകൻ രേഖപ്പെടുത്തിയിരുന്ന ഒരു പ്രവചനത്തിന്റെ ഭാഗം സെനോബിയ താനറിയാതെ നിവർത്തിച്ചു.a (ദാനീയേൽ 11-ാം അധ്യായം) സെനോബിയയുടെ പരാജയത്തിനുശേഷം, റോമൻ സാമ്രാജ്യത്തിന്റെ ഒരു യുദ്ധതന്ത്രപ്രധാനമായ ഔട്ട്പോസ്റ്റായി പാൽമൈറ കുറേനാൾ നിലകൊണ്ടു. പക്ഷേ പഴയ പ്രഭാവവും പ്രതാപവും വീണ്ടെടുക്കാൻ പിന്നീട് ഒരിക്കലും അതിനു സാധിച്ചില്ല.
യൂഫ്രട്ടീസ് നദിയിങ്കലേക്ക്
പാൽമൈറയിൽനിന്ന് മരുഭൂമിയിലൂടെ വടക്കുകിഴക്കായി മൂന്നു മണിക്കൂർ വാഹനത്തിൽ യാത്രചെയ്താൽ ഡെയ്റെസ് സോർ എന്ന പട്ടണത്തിൽ എത്താം. ഇവിടെനിന്നു നോക്കിയാൽ യൂഫ്രട്ടീസ് എന്ന മഹാനദി കാണാം. ചരിത്രപ്രധാനമായ ഈ നദി കിഴക്കൻ ആനറ്റോലിയയിലെ (ഏഷ്യൻ ടർക്കി) പർവതങ്ങളിൽനിന്നാണ് ഉത്ഭവിക്കുന്നത്. കർക്കെമീശിന് അൽപ്പം വടക്കുവെച്ച് അത് സിറിയയിൽ പ്രവേശിച്ച് തെക്കുകിഴക്കായി ഒഴുകി ഇറാഖിൽ എത്തുന്നു. ഇറാഖ് അതിർത്തിയിൽനിന്നും അധികം ദൂരെയല്ലാതെ രണ്ടു പുരാതന സിറിയൻ നഗരങ്ങളുടെ അവശിഷ്ടങ്ങൾ കാണാം.
നൂറു കിലോമീറ്റർ തെക്കുകിഴക്കായി യൂഫ്രട്ടീസ് നദിയുടെ ഒരു തിരിവിൽ കോട്ടകെട്ടിയ പുരാതന ദുര-യുറോപ്പസ് നഗരത്തിന്റെ അവശിഷ്ടങ്ങൾ കിടപ്പുണ്ട്. പിന്നെയും 25 കിലോമീറ്റർ കൂടി തെക്കുകിഴക്കായി നീങ്ങിയാൽ, മാരി നഗരം സ്ഥിതിചെയ്തിരുന്നിടത്ത് എത്തിച്ചേരാം. തഴച്ചു വളരുന്ന ഒരു വാണിജ്യനഗരമായിരുന്ന ഇതിനെ പൊ.യു.മു. 18-ാം നൂറ്റാണ്ടിൽ ബാബിലോണിയൻ രാജാവായ ഹമുറാബി നശിപ്പിക്കുകയുണ്ടായി. ഇവിടത്തെ രാജകൊട്ടാരത്തിന്റെ രേഖാ സൂക്ഷിപ്പു മുറികളിൽനിന്ന് ആലേഖനങ്ങളോടു കൂടിയ 15,000 കളിമൺ ഫലകങ്ങളെങ്കിലും കണ്ടെത്തിയിട്ടുണ്ട്. ചരിത്രത്തിലേക്കു വെളിച്ചംവീശുന്ന വിശിഷ്ടരേഖകളാണ് അവ.
ഹമുറാബിയുടെ സൈന്യങ്ങൾ നഗരം നശിപ്പിച്ചപ്പോൾ അവർ ഭിത്തികളുടെ മുകൾഭാഗം ഇടിച്ചുകളഞ്ഞതിനാൽ താഴെയുള്ള മുറികൾ ഇഷ്ടികയും മണ്ണും കൊണ്ട് നിറഞ്ഞു. തന്നിമിത്തം അതിന്റെ ചുവർചിത്രങ്ങളും പ്രതിമകളും മൺപാത്രങ്ങളും അസംഖ്യം മറ്റു കരകൗശലവസ്തുക്കളും 1933-ൽ ഫ്രഞ്ചുകാരായ ഒരു പുരാവസ്തു ഗവേഷണ സംഘം ഈ സ്ഥലം കണ്ടുപിടിക്കുന്നതുവരെ അവിടെ സംരക്ഷിക്കപ്പെട്ടു. ദമസ്കൊസ്, അലെപ്പോ എന്നിവിടങ്ങളിലെ മ്യൂസിയങ്ങളിലും പാരീസിലെ ലൂവെർ മ്യൂസിയത്തിലും ഈ വസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
വടക്കു പടിഞ്ഞാറൻ സിറിയയിലെ പൗരാണിക നഗരങ്ങൾ
യൂഫ്രട്ടീസ് നദിക്കൊപ്പം വടക്കു പടിഞ്ഞാറു ദിശയിൽ നീങ്ങിയാൽ അലെപ്പോയിൽ (ഹാലബ്) എത്തിച്ചേരും. ദമസ്കൊസിനെപ്പോലെ അലെപ്പോയും സ്ഥാപിതമായ കാലം മുതൽ ഇന്നോളം ജനവാസമുണ്ടായിരുന്നിട്ടുള്ള ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിൽ ഒന്നാണ്. അലെപ്പോയിലെ സൂക്കുകൾ അഥവാ കെട്ടിമറച്ച അങ്ങാടികൾ മധ്യപൂർവദേശത്തെ ഏറ്റവും മനോഹരമായവയിൽ പെടുന്നു.
അലെപ്പോയ്ക്കു തെക്കുമാറിയാണ് റ്റെൽ മർദിക്. പുരാതന നഗര-രാഷ്ട്രമായ എബ്ല ഇവിടെയാണു സ്ഥിതിചെയ്തിരുന്നത്. പൊ.യു.മു. മൂന്നാം സഹസ്രാബ്ദത്തിന്റെ രണ്ടാം പാദത്തിൽ വടക്കൻ സിറിയയെ അടക്കിവാണിരുന്ന ശക്തമായ ഒരു വാണിജ്യനഗരമായിരുന്നു എബ്ല. ബാബിലോണിയൻ ദേവിയായിരുന്ന ഇഷ്ടാറിന് സമർപ്പിച്ചിരുന്ന ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ അവിടെനിന്ന് കുഴിച്ചെടുക്കുകയുണ്ടായി. കൂടാതെ അവിടെ ഉണ്ടായിരുന്ന ഒരു കൊട്ടാരത്തിന്റെ രേഖാ സൂക്ഷിപ്പു മുറികളിൽനിന്ന് 17,000-ത്തിലേറെ കളിമൺ ഫലകങ്ങളും കണ്ടെടുത്തിട്ടുണ്ട്. എബ്ലയിൽനിന്നുള്ള പുരാവസ്തുക്കൾ 25 കിലോമീറ്റർ അകലെയുള്ള ഇഡ്ലിബ് എന്ന കൊച്ചു പട്ടണത്തിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
തെക്ക് ദമസ്കൊസിനുള്ള വഴിയിൽ ബൈബിളിൽ ഹാമാത്ത് എന്നു പരാമർശിച്ചിരിക്കുന്ന ഹാമ സ്ഥിതിചെയ്യുന്നു. (സംഖ്യാപുസ്തകം 13:21) ഹാമയിലൂടെ വളഞ്ഞു പുളഞ്ഞ് ഒഴുകുന്ന ഒറോന്റിസ് നദി അതിനെ സിറിയയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്നാക്കിത്തീർക്കുന്നു. പുരാതന നഗരമായ ഊഗറിറ്റ് സ്ഥിതിചെയ്തിരുന്നിടമായ റാസ് ഷാംറാ ആണ് അടുത്തത്. പൊ.യു.മു. മൂന്നും രണ്ടും സഹസ്രാബ്ദങ്ങളിൽ ഊഗറിറ്റ് വാണിജ്യ പ്രാധാന്യം അർഹിക്കുന്ന സമ്പൽസമൃദ്ധമായ ഒരു തുറമുഖ നഗരമായിരുന്നു. നഗരവാസികളിൽ അധികവും ബാലിന്റെയും ദാഗോന്റെയും ആരാധനയിൽ മുഴുകിയിരുന്നു. അവിടെയുണ്ടായിരുന്ന അധഃപതിച്ച ബാലാരാധനയുടെ സ്വഭാവം അനാവരണം ചെയ്യുന്ന നിരവധി കളിമൺ ഫലകങ്ങളും ആലേഖനങ്ങളോടുകൂടിയ വെള്ളോട്ടിൻ ശിൽപ്പങ്ങളും കരകൗശല വസ്തുക്കളും 1929 മുതൽ ഫ്രഞ്ച് പുരാവസ്തു ഗവേഷകർ കുഴിച്ചെടുത്തിട്ടുണ്ട്. ബാലാരാധകരായ കനാന്യരെ നിർമൂലമാക്കിക്കളയാൻ യഹോവ കൽപ്പിച്ചതിന്റെ കാരണം വ്യക്തമായി മനസ്സിലാക്കാൻ ഈ വിവരങ്ങൾ നമ്മെ സഹായിക്കുന്നു.—ആവർത്തനപുസ്തകം 7:1-4.
അതേ, ആധുനിക സിറിയയിൽ രസാവഹമായ ഗതകാലത്തിന്റെ മാറ്റൊലികൾ ഇന്നും മുഴങ്ങിക്കേൾക്കാം. (g03 2/08)
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന വീക്ഷാഗോപുരം മാസികയുടെ 1999 ജനുവരി 15 ലക്കത്തിലെ “സിറിയൻ മണലാരണ്യത്തിലെ ഇരുണ്ടമുടിയുള്ള രാജ്ഞി” എന്ന ലേഖനം കാണുക.
[24, 25 പേജുകളിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
മെഡിറ്ററേനിയൻ കടൽ
‐‐ തർക്കവിധേയമായ അതിർത്തികൾ
ഈജിപ്ത്
ഇസ്രായേൽ
യോർദ്ദാൻ
ലബനോൻ
സിറിയ
ദമസ്കൊസ്
ബാരദ
ഒറോന്റിസ്
ഹാമ (ഹാമാത്ത്)
ഊഗറിറ്റ് (റാസ് ഷാംറാ)
എബ്ല (റ്റെൽ മർദിക്)
അലെപ്പോ (ഹാലബ്)
കർക്കെമീശ് (ജെരാബ്ലുസ്)
യൂഫ്രട്ടീസ്
സെനോബിയ
ഡെയ്റെസ് സോർ
ദുര-യുറോപ്പസ്
മാരി
പാൽമൈറ (തദ്മോർ)
ഇറാഖ്
ടർക്കി
[24-ാം പേജിലെ ചിത്രങ്ങൾ]
ദമസ്കൊസും (താഴെ) നേർവീഥിയും (മുകളിൽ)
[25-ാം പേജിലെ ചിത്രം]
തേനീച്ചക്കൂടിന്റെ ആകൃതിയിലുള്ള ഭവനങ്ങൾ
[25-ാം പേജിലെ ചിത്രം]
ഊഗറിറ്റ്
[25-ാം പേജിലെ ചിത്രം]
ഹാമ
[26-ാം പേജിലെ ചിത്രം]
മാരി
[26-ാം പേജിലെ ചിത്രം]
അലെപ്പോ
[കടപ്പാട്]
© Jean-Leo Dugast/Panos Pictures
[26-ാം പേജിലെ ചിത്രം]
എബ്ലയിലെ രാജകൊട്ടാരം
[26-ാം പേജിലെ ചിത്രം]
സെനോബിയയിലെ ഇടയന്മാർ
[26-ാം പേജിലെ ചിത്രങ്ങൾ]
പാൽമൈറ
[26-ാം പേജിലെ ചിത്രം]
യൂഫ്രട്ടീസ് നദി ദുര-യുറോപ്പസിൽ
[25-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കുട്ടികൾ: © Jean-Leo Dugast/Panos Pictures; beehive homes: © Nik Wheele