ബൈബിളിന്റെ വീക്ഷണം
തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം നാം എങ്ങനെ വിനിയോഗിക്കണം?
ദൈവം ആദ്യ മനുഷ്യരായ ആദാമിനും ഹവ്വായ്ക്കും തിരഞ്ഞെടുപ്പു നടത്താനുള്ള പ്രാപ്തി നൽകി. ഏദെൻതോട്ടത്തിന്റെ ചുമതല അവൻ ആദാമിനെ ഏൽപ്പിച്ചു. ആദാം ചെയ്യേണ്ടിയിരുന്ന കാര്യങ്ങളിൽ ജന്തുക്കൾക്കു പേരിടുന്നത് ഉൾപ്പെട്ടിരുന്നു. (ഉല്പത്തി 2:15, 19) അതിലുപരിയായി, ദൈവത്തെ അനുസരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ആദാമിനും ഹവ്വായ്ക്കും ഉണ്ടായിരുന്നു.—ഉല്പത്തി 2:17, 18.
അന്നു മുതൽ, മനുഷ്യൻ അസംഖ്യം തീരുമാനങ്ങൾ എടുത്തിരിക്കുന്നു—അവയിൽ ചിലത് നല്ലതും മറ്റു ചിലത് അനുചിതവും വേറെ ചിലത് തികച്ചും ദ്രോഹകരവുമായിരുന്നു. മനുഷ്യൻ എടുത്ത ബുദ്ധിശൂന്യമായ ചില തിരഞ്ഞെടുപ്പുകൾ വിപത്കരമായ ഫലങ്ങൾ ഉളവാക്കിയിരിക്കുന്നു. എന്നിട്ടും, തിരഞ്ഞെടുപ്പു നടത്താനുള്ള നമ്മുടെ അവകാശത്തിൽ ദൈവം ഒരിക്കലും കൈകടത്തിയിട്ടില്ല. സ്നേഹവാനായ ഒരു പിതാവെന്ന നിലയിൽ ദൈവം, നല്ല തീരുമാനങ്ങൾ എടുക്കുന്നതിനുള്ള സഹായം ബൈബിൾ മുഖേന നമുക്ക് നൽകുന്നു. തെറ്റായ തിരഞ്ഞെടുപ്പുകളുടെ ഭവിഷ്യത്തുകളെ കുറിച്ച് അവൻ നമുക്ക് മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു. നാം വിതയ്ക്കുന്നതുതന്നെ കൊയ്യുമെന്ന് ബൈബിൾ പറയുന്നു.—ഗലാത്യർ 6:7.
വ്യക്തിപരമായ കാര്യങ്ങളിലെ തീരുമാനങ്ങൾ
ചില കാര്യങ്ങളിൽ നിയതമായ മാർഗനിർദേശം നൽകിക്കൊണ്ട് ദൈവം തന്റെ ഹിതം നമ്മെ വ്യക്തമായി അറിയിക്കുന്നു. എന്നാൽ മിക്ക കാര്യങ്ങളിലും നമ്മുടെ വ്യക്തിപരമായ എല്ലാ കാര്യാദികളെയും ഭരിക്കുന്ന നിയമങ്ങൾ ബൈബിൾ നൽകുന്നില്ല. പകരം, വ്യക്തിഗതമായ താത്പര്യം അനുസരിച്ച് പ്രവർത്തിക്കാൻ ആളുകളെ അനുവദിക്കുന്ന തരത്തിലുള്ള മാർഗനിർദേശം അതു പ്രദാനം ചെയ്യുന്നു. ഉദാഹരണമായി, വിനോദത്തെ കുറിച്ച് അത് എന്തു പറയുന്നുവെന്നു ശ്രദ്ധിക്കുക.
തിരുവെഴുത്തുകൾ യഹോവയെ “സന്തുഷ്ടനായ ദൈവം” എന്നു വിളിക്കുന്നു. (1 തിമൊഥെയൊസ് 1:11, NW) ‘ചിരിപ്പാനുള്ള ഒരു കാലത്തെയും’ ‘നൃത്തംചെയ്വാനുള്ള ഒരു കാലത്തെയും’ കുറിച്ച് അവന്റെ വചനം പ്രസ്താവിക്കുന്നു. (സഭാപ്രസംഗി 3:1, 4) ദാവീദ് രാജാവ് മറ്റുള്ളവരുടെ ആസ്വാദനത്തിനായി സംഗീതോപകരണം വായിച്ചെന്നു ബൈബിൾ നമ്മോടു പറയുന്നു. (1 ശമൂവേൽ 16:16-18, 23) ഇനിയും, യേശു ഒരു വിവാഹവിരുന്നിൽ സംബന്ധിക്കുകയും വെള്ളം വീഞ്ഞാക്കിക്കൊണ്ട് ആ സന്ദർഭത്തെ സവിശേഷമാക്കുകയും ചെയ്തു.—യോഹന്നാൻ 2:1-10.
എന്നിരുന്നാലും, ബൈബിൾ ഉചിതമായി ഈ മുന്നറിയിപ്പു നൽകുന്നു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃശവാക്യങ്ങൾ 13:20) ‘അസഭ്യ തമാശകളും’ അധാർമിക പ്രവൃത്തികളും ദൈവത്തെ ദുഃഖിപ്പിക്കുന്നു, അത് അവനുമായുള്ള നമ്മുടെ ബന്ധത്തെ നശിപ്പിക്കുകയും ചെയ്യുന്നു. (എഫെസ്യർ 5:3-5, NW) സാമൂഹിക കൂടിവരവുകളിൽ, നിയന്ത്രണമില്ലാതെ ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങളിൽ കലാശിച്ചേക്കാം. (സദൃശവാക്യങ്ങൾ 23:29-35; യെശയ്യാവു 5:11, 12) യഹോവയാം ദൈവം അക്രമത്തെയും വെറുക്കുന്നു.—സങ്കീർത്തനം 11:5, NW; സദൃശവാക്യങ്ങൾ 3:31, NW.
വിനോദം സംബന്ധിച്ച് ദൈവത്തിന്റെ വീക്ഷണം വെച്ചുപുലർത്താൻ ഈ ബൈബിൾ വാക്യങ്ങൾ നമ്മെ സഹായിക്കുന്നു. തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ, ക്രിസ്ത്യാനികൾ ബൈബിൾ പറയുന്നത് കണക്കിലെടുക്കുന്നു. തീർച്ചയായും, നാമെല്ലാം സ്വന്ത തിരഞ്ഞെടുപ്പുകളുടെ നല്ലതോ മോശമോ ആയ അനന്തരഫലങ്ങൾ അനുഭവിക്കും.—ഗലാത്യർ 6:7-10.
വസ്ത്രധാരണം, വിവാഹം, മാതാപിതാക്കൾ എന്ന നിലയിലുള്ള ധർമം നിർവഹിക്കൽ, ബിസിനസ് ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിലും ബൈബിൾ തത്ത്വങ്ങൾക്ക് ചേർച്ചയിൽ ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ ക്രിസ്ത്യാനികൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. തിരുവെഴുത്തുകളിൽ പ്രത്യേകം പരാമർശിച്ചിട്ടില്ലാത്ത സംഗതികൾ ഇവയിലുൾപ്പെടുന്നു. അവയുടെ കാര്യത്തിൽ, മനസ്സാക്ഷിയുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാൻ തിരുവെഴുത്തു തത്ത്വങ്ങൾ അവരെ സഹായിക്കുന്നു. (റോമർ 2:14, 15) ക്രിസ്ത്യാനികൾ തങ്ങൾ എടുക്കുന്ന വ്യക്തിഗതമായ എല്ലാ തീരുമാനങ്ങളിലും പിൻവരുന്ന മാനദണ്ഡം പിൻപറ്റണം: “നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്വിൻ.”—1 കൊരിന്ത്യർ 10:31.
ഈ കാര്യത്തിൽ, നാം ‘സ്വന്തകാര്യം നോക്കുക’ എന്ന തത്ത്വവും പരിഗണിക്കണം. (1 തെസ്സലൊനീക്യർ 4:12) ക്രിസ്ത്യാനികൾ ദൈവേഷ്ടത്തിനു വിരുദ്ധമല്ലാത്ത ഒന്നിലധികം തിരഞ്ഞെടുപ്പുകളെ പലപ്പോഴും അഭിമുഖീകരിക്കുന്നു. അതുകൊണ്ട്, ഒരു ക്രിസ്ത്യാനിയുടെ തിരഞ്ഞെടുപ്പ് മറ്റുള്ളവരുടേതിൽനിന്ന് വ്യത്യസ്തമായിരിക്കാം. തന്റെ ദാസന്മാർ അന്യോന്യം വിധിക്കുന്നതായി കണ്ടാൽ അത് ദൈവത്തെ അപ്രീതിപ്പെടുത്തും. (യാക്കോബ് 4:11, 12) ജ്ഞാനപൂർവകമായ ഈ ബുദ്ധിയുപദേശം ബൈബിൾ നൽകുന്നു: ‘നിങ്ങളിൽ ആരും കഷ്ടം സഹിക്കേണ്ടതു പരകാര്യത്തിൽ ഇടപെടുന്നവനായല്ല.’—1 പത്രൊസ് 4:15.
ദൈവത്തെ സേവിക്കാനുള്ള തീരുമാനം
ദൈവത്തെ അനുസരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ ബൈബിൾ എടുത്തുകാട്ടുന്നു. എന്നിരുന്നാലും, തന്നെ ആരാധിക്കാൻ ദൈവം ആളുകളെ നിർബന്ധിക്കുന്നില്ല. പകരം, തന്റെ ആരാധകരായിത്തീരാൻ അവൻ തന്റെ മനുഷ്യ സൃഷ്ടികളെ ക്ഷണിക്കുന്നു. ഉദാഹരണത്തിന് ബൈബിൾ ഇപ്രകാരം പറയുന്നു: “വരുവിൻ, നാം വണങ്ങി നമസ്കരിക്ക [“നമുക്ക് ആരാധിച്ച് കുമ്പിടാം,” ഓശാന ബൈബിൾ]; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.”—സങ്കീർത്തനം 95:6.
പുരാതന ഇസ്രായേലിന് അത്തരമൊരു ക്ഷണം നൽകപ്പെടുകയുണ്ടായി. 3,500-ലധികം വർഷം മുമ്പ് ലക്ഷക്കണക്കിന് വരുന്ന ഇസ്രായേൽ ജനത സീനായി പർവതത്തിന് മുമ്പാകെ കൂടിവന്നപ്പോൾ മോശൈക ന്യായപ്രമാണത്തിൽ ഉൾക്കൊണ്ടിരുന്ന സത്യമത വ്യവസ്ഥയെ കുറിച്ച് യഹോവ അവരെ അറിയിച്ചു. ഇപ്പോൾ അവർക്ക് ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ടായിരുന്നു: അവർ ദൈവത്തെ സേവിക്കുമോ ഇല്ലയോ? അവർ എങ്ങനെയാണ് പ്രതികരിച്ചത്? ഐകകണ്ഠ്യേന അവർ ഇങ്ങനെ പറഞ്ഞു: “യഹോവ പറഞ്ഞതെല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്കം ഉള്ളവരാണ്. ഞങ്ങൾ അനുസരണമുള്ളവരായിരിക്കുകയും ചെയ്യും” എന്ന് അവർ പറഞ്ഞു. (പുറപ്പാടു 24:7, NW) യഹോവയെ ആരാധിക്കാനുള്ള തീരുമാനം അവർ സ്വയം എടുത്തതായിരുന്നു.
ഒന്നാം നൂറ്റാണ്ടിൽ യേശു ദൈവരാജ്യത്തിന്റെ സുവാർത്താ പ്രസംഗത്തിന് തുടക്കംകുറിച്ചു. (മത്തായി 4:17; 24:14) ആ വേലയിൽ ചേരാൻ അവൻ ഒരിക്കലും ആരെയും നിർബന്ധിച്ചില്ല. മറിച്ച് അവൻ മറ്റുള്ളവർക്ക് ദയാപുരസ്സരമായ ഈ ക്ഷണം നൽകി: “എന്നെ അനുഗമിക്ക.” (മർക്കൊസ് 2:14; 10:21) അനേകർ അവന്റെ ക്ഷണം സ്വീകരിച്ച് അവനോടൊപ്പം പ്രസംഗവേലയിൽ ഏർപ്പെട്ടു തുടങ്ങി. (ലൂക്കൊസ് 10:1-9) കുറച്ചുനാൾ കഴിഞ്ഞ്, ചിലർ യേശുവിനെ വിട്ടുപോകാൻ തീരുമാനിച്ചു. യൂദാ അവനെ ഒറ്റിക്കൊടുക്കാനും. (യോഹന്നാൻ 6:66; പ്രവൃത്തികൾ 1:24) പിന്നീട് അപ്പൊസ്തലന്മാരുടെ മേൽനോട്ടത്തിൻകീഴിൽ പിന്നെയും അനേകർ ശിഷ്യരായിത്തീർന്നു. ആരെങ്കിലും വാൾ കാണിച്ചു ഭീഷണിപ്പെടുത്തിയതുകൊണ്ടല്ല മറിച്ച്, തങ്ങളുടെ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിച്ചതുകൊണ്ടാണ് അവർ ശിഷ്യരായിത്തീർന്നത്. “ശരിയായ മനോനില”യുണ്ടായിരുന്ന അവർ “വിശ്വാസികൾ ആയിത്തീർന്നു.” (പ്രവൃത്തികൾ 13:48, NW; 17:34) ഇക്കാലത്തും സത്യക്രിസ്ത്യാനികൾ മനസ്സോടെ ദൈവവചനം അനുസരിക്കുകയും യേശുവിന്റെ പഠിപ്പിക്കലുകൾ പിൻപറ്റുകയും ചെയ്യുന്നു.
വ്യക്തമായും, തിരഞ്ഞെടുപ്പുകൾ നടത്താനുള്ള പ്രാപ്തി നാം വിനിയോഗിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ നമ്മെ സഹായിക്കുന്ന മാർഗനിർദേശങ്ങൾ അവൻ ബൈബിളിലൂടെ നമുക്കു നൽകുകയും ചെയ്തിരിക്കുന്നു. (സങ്കീർത്തനം 25:12) വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുന്ന ഓരോ ക്രിസ്ത്യാനിയും ദൈവിക തത്ത്വങ്ങൾ സശ്രദ്ധം പരിശോധിക്കണം. ആ വിധത്തിൽ മാത്രമേ ദൈവത്തിന് ‘ന്യായബോധത്തോടുകൂടെ വിശുദ്ധ സേവനം അർപ്പിക്കാൻ’ നമുക്ക് കഴിയൂ.—റോമർ 12:1, NW. (g03 3/8)