പ്രമേഹമുള്ളവരെ ബൈബിളിനു സഹായിക്കാൻ കഴിയുന്ന വിധം
പ്രമേഹമുള്ളവരുടെ ക്ഷേമത്തിനും ആരോഗ്യത്തിനും ആത്മനിയന്ത്രണവും ശുഭാപ്തിവിശ്വാസവും വിശേഷാൽ അനിവാര്യമാണ്. എന്നാൽ ഇത്തരം ഗുണങ്ങൾ വളർത്തിയെടുക്കണമെങ്കിൽ, അവർക്കു തുടർച്ചയായ പിന്തുണ കൂടിയേ തീരൂ. അതുകൊണ്ട്, കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. ‘ഒരു തവണ ഇതു കഴിച്ചതുകൊണ്ടൊന്നും കുഴപ്പമില്ലെന്നേ’ എന്നു പറഞ്ഞ് പ്രമേഹരോഗികൾക്ക് കഴിക്കാൻ പാടില്ലാത്ത ഭക്ഷണപദാർഥങ്ങൾ കഴിക്കാൻ അവരെ പ്രലോഭിപ്പിക്കരുത്. “എന്റെ ഭാര്യ എന്നെ നന്നായി പിന്തുണയ്ക്കുന്നു” എന്നു ഹാരി പറയുന്നു. ഹാരിക്ക് ഹൃദ്രോഗവും ടൈപ്പ് 2 പ്രമേഹവുമുണ്ട്. “എനിക്കു കഴിക്കാൻ പാടില്ലാത്ത ഭക്ഷണപദാർഥങ്ങൾ ഒന്നും അവൾ വീട്ടിൽ വെച്ചേക്കുകയില്ല. എന്നാൽ മറ്റുചിലർക്ക് അതു മനസ്സിലാകില്ല. ഒരാൾക്കു കഴിക്കാൻ പാടില്ലാത്ത ഭക്ഷണസാധനങ്ങൾ അയാൾക്കു ചുറ്റും ഇരുന്നു മറ്റുള്ളവർ കഴിക്കുമ്പോൾ അയാൾക്ക് അത് എത്ര ബുദ്ധിമുട്ട് ഉളവാക്കുന്നു എന്ന് അവർക്ക് അറിയില്ല.”
പ്രമേഹമുള്ള ഒരു വ്യക്തിയുമായി നിങ്ങൾക്കു നിരന്തരം ഇടപഴകേണ്ടതുണ്ടെങ്കിൽ, പിൻവരുന്ന മനോഹരമായ രണ്ടു ബൈബിൾ തത്ത്വങ്ങൾ മനസ്സിൽപ്പിടിക്കുക: “ഓരോരുത്തൻ സ്വന്ത ഗുണമല്ല, മററുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ,” അതുപോലെ, “സ്നേഹം . . . സ്വാർത്ഥം അന്വേഷിക്കുന്നില്ല.”—1 കൊരിന്ത്യർ 10:24; 13:4, 5.
പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും തങ്ങളുടെ ആരോഗ്യത്തെ കുറിച്ചു ചിന്തയുള്ളവർ ഭക്ഷണകാര്യങ്ങൾക്കു കടിഞ്ഞാണിടേണ്ടതുണ്ട്. ഇക്കാര്യത്തിൽ ബൈബിൾ നമ്മെ സഹായിക്കുന്നു. ആത്മനിയന്ത്രണം അഥവാ ഇന്ദ്രിയജയം വളർത്തേണ്ടതിന്റെ ആവശ്യം അതു ചൂണ്ടിക്കാണിക്കുന്നു. ഈ ഗുണം ജീവിതത്തിൽ നട്ടുവളർത്താൻ നിങ്ങൾ നിശ്ചയിച്ചിരിക്കുന്നുവോ? (ഗലാത്യർ 5:22, 23) ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസിന്റേതുപോലെയുള്ള ബൈബിൾ ദൃഷ്ടാന്തങ്ങളിൽനിന്നു കൂടുതലായ സഹായം ലഭ്യമാണ്. പ്രമേഹമുള്ള ഒരു സ്ത്രീ ഇങ്ങനെ പറയുന്നു: “അവന് ജഡത്തിൽ സ്ഥിരമായൊരു മുള്ള് ഉണ്ടായിരുന്നു. എന്നിട്ടും അവൻ ദൈവത്തെ വിശ്വസ്തതയോടെ പൂർണമായി സേവിച്ചു. അതുകൊണ്ട് എനിക്കും അതു കഴിയും!”
അതേ, തന്നെക്കൊണ്ടു മാറ്റാൻ കഴിയാത്ത ആ വ്യാധിയെ പൗലൊസ് മനസ്സുകൊണ്ട് അംഗീകരിച്ചു. ഒരു മിഷനറി എന്ന നിലയിൽ അളവറ്റ സന്തോഷം ആസ്വദിക്കുന്നതിന് അത് അവനൊരു തടസ്സമായിരുന്നുമില്ല. (2 കൊരിന്ത്യർ 12:7-9) 18 വയസ്സുകാരനായ ഡസ്റ്റിന്റെ കാര്യമോ? അവൻ ജന്മനാ അന്ധനായിരുന്നു. കൂടാതെ 12-ാം വയസ്സിൽ അവനു പ്രമേഹവും പിടിപെട്ടു. അവൻ എഴുതുന്നു: “ഈ ലോകത്തിൽ പരിപൂർണരായി ആരും ഇല്ല എന്ന് എനിക്കറിയാം. ഞാൻ ദൈവത്തിന്റെ പുതിയ ലോകത്തിനുവേണ്ടി നോക്കിപ്പാർത്തിരിക്കുന്നു, അവിടെ എനിക്കു പ്രമേഹത്തിൽനിന്നും വിടുതൽ ലഭിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഇതു താത്കാലികം മാത്രമാണ്. പനിയെയും ജലദോഷത്തെയും അപേക്ഷിച്ച് ഈ രോഗം നീണ്ടുനിന്നേക്കാം, എന്നാലും കാലാന്തരത്തിൽ ഇത് അവസാനിക്കുകതന്നെ ചെയ്യും.”
മേൽവിവരിച്ച പ്രകാരം ഡസ്റ്റിനു പറയാൻ കഴിഞ്ഞത്, ദൈവരാജ്യത്തിൻ കീഴിലെ ഭൗമിക പറുദീസയിൽ ആളുകൾക്കു പൂർണ ആരോഗ്യം ആസ്വദിക്കാൻ കഴിയുമെന്ന ബൈബിളധിഷ്ഠിത പ്രത്യാശ അവന്റെ മനസ്സിൽ ഉണ്ടായിരുന്നതിനാലാണ്. (വെളിപ്പാടു 21:3-5) ആ ദിവ്യ ഭരണത്തിൻ കീഴിൽ, “‘എനിക്കു ദീനം’ എന്നു യാതൊരു നിവാസിയും പറകയില്ല” എന്നു ദൈവവചനം വാഗ്ദാനം ചെയ്യുന്നു. (യെശയ്യാവു 33:24; മത്തായി 6:9, 10) ഈ ബൈബിളധിഷ്ഠിത പ്രത്യാശയെ കുറിച്ച് കൂടുതൽ പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളെ സമീപിക്കുകയോ ഈ മാസികയുടെ അഞ്ചാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിൽ ഇതിന്റെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക. (g03 5/08)
[12-ാം പേജിലെ ചിത്രം]
ആത്മനിയന്ത്രണവും ശുഭാപ്തിവിശ്വാസവും അനിവാര്യമാണ്