അശ്ലീലം വരുത്തുന്ന ഹാനി
ടെലിവിഷൻ, ചലച്ചിത്രങ്ങൾ, മ്യൂസിക് വീഡിയോകൾ, ഇന്റർനെറ്റ് എന്നിവയിലൂടെ ലൈംഗികത സംബന്ധിച്ചുള്ള സകലതരം വിവരങ്ങളും അനായാസം ലഭ്യമാണ്. അശ്ലീലംനിറഞ്ഞ രതി സങ്കൽപ്പങ്ങൾ ഇങ്ങനെ സ്ഥിരമായി മനസ്സിൽ കുത്തിനിറയ്ക്കുന്നതുകൊണ്ട് യാതൊരു ഹാനിയുമില്ല എന്നു ചിലർ പറയുന്നത് യാഥാർഥ്യത്തിനു നിരക്കുന്നതാണോ?a
അശ്ലീലത്തിന് മുതിർന്നവരുടെമേലുള്ള ഫലം
അശ്ലീലത്തെ അനുകൂലിക്കുന്നവർ എന്തുതന്നെ പറഞ്ഞാലും, അശ്ലീലം ലൈംഗികത സംബന്ധിച്ചുള്ള ആളുകളുടെ വീക്ഷണത്തെയും അവരുടെ ലൈംഗിക സ്വഭാവരീതികളെയും അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുന്നു. “അശ്ലീല രംഗങ്ങൾ വീക്ഷിക്കുന്നവരിൽ അധമ ലൈംഗിക പ്രവണതകൾ വളർന്നുവരുന്നതിനുള്ള വർധിച്ച അപകടസാധ്യതയുണ്ട്” എന്ന് നാഷണൽ ഫൗണ്ടേഷൻ ഫോർ ഫാമിലി റിസേർച്ച് ആൻഡ് എജ്യൂക്കേഷനിലെ ഗവേഷകർ അഭിപ്രായപ്പെട്ടു. അവരുടെ റിപ്പോർട്ടു പ്രകാരം “ബലാത്സംഗത്തെ കുറിച്ച് ഒരു കെട്ടുകഥ (അതിനു കാരണക്കാർ സ്ത്രീകൾ ആണെന്നും അവർ അത് ആസ്വദിക്കുന്നുവെന്നും ബലാത്സംഗക്കാർ തെറ്റൊന്നും ചെയ്യുന്നില്ലെന്നുമൊക്കെയുള്ള വിശ്വാസം) അശ്ലീലാസ്വാദകരായ പുരുഷന്മാരുടെ ഇടയിൽ വളരെ വ്യാപകമായി പ്രചരിച്ചിരിക്കുന്നു.”
അശ്ലീലം സ്ഥിരം കണ്ട് ആസ്വദിക്കുന്നത്, വിവാഹ ഇണയോടൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും ആസ്വദിക്കുന്നതിനുമുള്ള പ്രാപ്തിക്ക് വിഘാതം സൃഷ്ടിക്കുമെന്ന് ചില ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. അശ്ലീലം കണ്ട് ആസ്വദിക്കുന്നവരിൽ അതിനോടുള്ള അഭിനിവേശം ഒന്നിനൊന്നു വർധിക്കുന്നതായി നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ലൈംഗികാസക്തരെ ചികിത്സിക്കുന്നതിൽ വിദഗ്ധനായ ഡോക്ടർ വിക്ടർ ക്ലൈൻ പറഞ്ഞു. കടിഞ്ഞാൺ ഇടാതിരുന്നാൽ, ആകസ്മികമായി തുടങ്ങുന്ന അശ്ലീല ദർശനം ഒടുവിൽ കൂടുതൽ പച്ചയായ, ജുഗുപ്സാവഹമായ രംഗങ്ങൾ നിരീക്ഷിക്കുന്നതിലേക്കു നയിച്ചേക്കാം. അത് അധമമായ രതിവൈകൃതങ്ങൾ കാട്ടിക്കൂട്ടുന്നതിന് ഇടയാക്കിയേക്കാം എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. മനുഷ്യന്റെ സ്വഭാവ രീതികളെ കുറിച്ചു പഠനം നടത്തുന്ന ശാസ്ത്രജ്ഞരും ആ അഭിപ്രായത്തോടു യോജിക്കുന്നു. “ഏതുതരത്തിലുമുള്ള ലൈംഗിക സ്വഭാവ വൈകൃതങ്ങളും ഇത്തരത്തിൽ കടന്നുകൂടിയേക്കാം . . . ശക്തമായ കുറ്റബോധത്തിനു പോലും അതു പിഴുതെറിയുക സാധ്യമല്ല” എന്ന് ഡോക്ടർ ക്ലൈൻ റിപ്പോർട്ടു ചെയ്യുന്നു. കാലക്രമത്തിൽ, അശ്ലീല രംഗങ്ങളിൽ കണ്ടതുപോലുള്ള അധാർമിക ലൈംഗിക ചേഷ്ടകൾ കാഴ്ചക്കാരൻ അനുകരിക്കാൻ ശ്രമിക്കുകയും വലിയ അപകടങ്ങളിൽ ചെന്നു ചാടുകയും ചെയ്തേക്കാം.
ഈ അപഥ സഞ്ചാരം തിരിച്ചറിയാൻ കഴിയാത്ത വിധം സാവധാനമായിരുന്നേക്കാം സംഭവിക്കുന്നത് എന്നാണ് ഡോക്ടർ ക്ലൈനിന്റെ നിഗമനം. അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു: “അർബുദംപോലെയാണ് അത് വളരുകയും പടരുകയും ചെയ്യുന്നത്. അതിൽനിന്ന് ഒരു തിരിച്ചുപോക്ക് അത്ര എളുപ്പമല്ല, ചികിത്സിക്കാനും സുഖപ്പെടുത്താനും വളരെ ബുദ്ധിമുട്ടാണുതാനും. തനിക്കു പ്രശ്നമുണ്ടെന്നു സമ്മതിക്കാനുള്ള വിമുഖതയും പ്രശ്നത്തിനെതിരെ പോരാടാനുള്ള വിസമ്മതവും അശ്ലീലാസക്തരായ പുരുഷന്മാരിൽ സാധാരണമാണ്, അതു പ്രതീക്ഷിക്കാവുന്നതുമാണ്. ഇതു മിക്കപ്പോഴും ദാമ്പത്യ അസ്വാരസ്യങ്ങളിലേക്കും, ചിലപ്പോൾ വിവാഹമോചനത്തിലേക്കും മറ്റു വ്യക്തിബന്ധങ്ങൾ ശിഥിലമാകുന്നതിലേക്കും നയിക്കുന്നു.”
യുവജനങ്ങളുടെമേൽ വരുത്തുന്ന ദ്രോഹം
അശ്ലീലത്തിന്റെ പ്രഥമ ഉപഭോക്താക്കൾ 12-നും 17-നും മധ്യേയുള്ള കൗമാരപ്രായക്കാരാണ് എന്നു കണക്കുകൾ സൂചിപ്പിക്കുന്നു. വാസ്തവത്തിൽ, അവരിൽ പലരെയും സംബന്ധിച്ചിടത്തോളം നീലച്ചിത്രങ്ങളാണ് അവരുടെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ മുഖ്യ പാഠപുസ്തകം. ഇതിനു മാരകമായ ഭവിഷ്യത്തുകളുണ്ട്. “കൗമാര ഗർഭധാരണം, എയ്ഡ്സ് പോലുള്ള ലൈംഗിക രോഗങ്ങൾ എന്നിവയെ കുറിച്ചൊന്നും നീലച്ചിത്രങ്ങളിൽ പരാമർശിക്കാറേ ഇല്ല, അത് അത്തരം രംഗങ്ങളിൽ ചിത്രീകരിക്കുന്ന തരം ജീവിതത്തിന് യാതൊരുവിധ തിക്ത ഫലങ്ങളുമില്ല എന്ന വഴിപിഴപ്പിക്കുന്ന ഒരു വിശ്വാസം വളർത്തിവിടുന്നു” എന്ന് ഒരു റിപ്പോർട്ട് പറയുന്നു.
അശ്ലീല രംഗങ്ങൾ വീക്ഷിക്കുന്നത് കുട്ടികളുടെ മസ്തിഷ്കത്തിന്റെ സ്വാഭാവിക വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന് ചില ഗവേഷകർ പറയുന്നു. മാധ്യമ വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോക്ടർ ജൂഡിത് റൈസ്മെൻ പിൻവരുന്ന പ്രകാരം അഭിപ്രായപ്പെടുന്നു: “അശ്ലീല രംഗങ്ങളോടും ശബ്ദങ്ങളോടുമുള്ള തലച്ചോറിന്റെ സ്വാഭാവിക പ്രതികരണം സംബന്ധിച്ച് നാഡീ വ്യവസ്ഥയുടെ ആരോഗ്യത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ നിരീക്ഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്, അശ്ലീലം വീക്ഷിക്കുമ്പോൾ തലച്ചോറിൽ സ്വാഭാവികമായി ജൈവശാസ്ത്രപരമായ മാറ്റങ്ങൾ ഉണ്ടാകുന്നു എന്നും അത് വകതിരിവിനെ ചവിട്ടിമെതിക്കുന്നു എന്നുമാണ്. തന്നിമിത്തം അത് രൂപപ്പെടുത്തലിന് അനായാസം വഴങ്ങുന്ന ബാല മസ്തിഷ്കങ്ങൾക്ക് ഹാനികരമാണ്, എന്തുകൊണ്ടെന്നാൽ അത് യാഥാർഥ്യം തിരിച്ചറിയാനുള്ള കുട്ടികളുടെ പ്രാപ്തിയെ അപകടത്തിലാക്കുകയും അവരുടെ ശാരീരിക-മാനസിക ആരോഗ്യത്തെയും ക്ഷേമത്തെയും സന്തോഷം തേടുന്ന വിധത്തെയും ബാധിക്കുകയും ചെയ്യുന്നു.”
വ്യക്തിബന്ധങ്ങളെ ബാധിക്കുന്ന വിധം
അശ്ലീലം മനോഭാവങ്ങളെ രൂപപ്പെടുത്തുകയും സ്വഭാവരീതികളെ സ്വാധീനിക്കുകയും ചെയ്യുന്നു. അശ്ലീല രംഗങ്ങൾ വെറും കാൽപ്പനികമാണ്. അതുകൊണ്ട് അത് യാഥാർഥ്യത്തെ അപേക്ഷിച്ച് കൂടുതൽ ത്രസിപ്പിക്കുന്നതായി ആവിഷ്കരിക്കപ്പെടുന്നു. അതിന്റെ സന്ദേശങ്ങളുടെ മാസ്മരിക വശീകരണത്തിനു നിദാനവും ഇതൊക്കെത്തന്നെയാണ്. (“നിങ്ങൾ ഏതു സന്ദേശം സ്വീകരിക്കും?” എന്ന ചതുരം കാണുക.) “അശ്ലീലം കണ്ട് ആസ്വദിക്കുന്നവർ അയഥാർഥമായ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നു, അത് വ്യക്തിബന്ധങ്ങൾ ശിഥിലമാകുന്നതിലേക്കു നയിക്കുന്നു” എന്ന് ഒരു റിപ്പോർട്ട് പറയുന്നു.
ദാമ്പത്യബന്ധത്തിലെ അവശ്യ ഗുണങ്ങളായ പരസ്പരവിശ്വാസത്തെയും സത്യസന്ധതയെയും ഹനിക്കാൻ അശ്ലീലത്തിനു കഴിയും. അത്തരം കാര്യങ്ങൾ സാധാരണമായി കാണാറുള്ളത് രഹസ്യമായിട്ടായതിനാൽ അശ്ലീലം മിക്കപ്പോഴും വഞ്ചന കാണിക്കുന്നതിലേക്കും നുണ പറയുന്നതിലേക്കും നയിക്കുന്നു. ഇണകൾക്ക് തങ്ങൾ വഞ്ചിതരാകുന്നതായി തോന്നുന്നു. തന്റെ ഇണയ്ക്ക് തന്നോടുള്ള താത്പര്യം കുറഞ്ഞുവരുന്നത് എന്തുകൊണ്ടാണെന്ന് അവർക്കു മനസ്സിലാകുന്നില്ല.
ആത്മീയ ഹാനി
അശ്ലീലം വീക്ഷിക്കുന്നത് ഗുരുതരമായ ആത്മീയ ക്ഷതം വരുത്തിവെക്കുന്നു. ദൈവവുമായി ഒരു ബന്ധം ഉണ്ടായിരിക്കുന്നതിന് അത് പ്രതിബന്ധമായിത്തീരുന്നു.b ലൈംഗിക തൃഷ്ണയെ ബൈബിൾ അത്യാഗ്രഹത്തോടും വിഗ്രഹാരാധനയോടും ബന്ധപ്പെടുത്തുന്നു. (കൊലൊസ്സ്യർ 3:5) ഒരു വ്യക്തി അത്യാഗ്രഹത്തോടെ എന്തെങ്കിലും മോഹിക്കുമ്പോൾ അത് മറ്റെല്ലാറ്റിനെയും മൂടിക്കളഞ്ഞുകൊണ്ട് അയാളുടെ ജീവിതത്തിലെ പരമപ്രധാന സംഗതിയായി മാറുന്നു. വാസ്തവത്തിൽ, അശ്ലീലാസക്തർ തങ്ങളുടെ ലൈംഗിക മോഹങ്ങളെ ദൈവത്തിനും മുകളിൽ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവർ അതിനെ ഒരു വിഗ്രഹമാക്കുന്നു. എന്നാൽ “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്” എന്ന് യഹോവയാം ദൈവം കൽപ്പിക്കുന്നു.—പുറപ്പാടു 20:3.
അശ്ലീലം സ്നേഹ ബന്ധങ്ങളെ താറുമാറാക്കുന്നു. വിവാഹിതനായിരുന്ന അപ്പൊസ്തലനായ പത്രൊസ് ഭാര്യമാരെ ആദരിക്കാൻ ക്രിസ്തീയ ഭർത്താക്കന്മാരെ ഉദ്ബോധിപ്പിച്ചു. അങ്ങനെ ചെയ്യാൻ പരാജയപ്പെടുന്ന ഒരു ഭർത്താവ്, ദൈവത്തോടുള്ള തന്റെ പ്രാർഥന തടസ്സപ്പെടുന്നതായി കണ്ടെത്തും. (1 പത്രൊസ് 3:7) സ്വന്തം ഭാര്യയോട് ആദരവുള്ള ഒരുവൻ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ രഹസ്യമായി കാണുമോ? ഭാര്യ അതു കണ്ടുപിടിച്ചാൽ അവൾക്ക് എന്തായിരിക്കും തോന്നുക? “നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകലരഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു” വരുത്തുന്നവനും “ആത്മാക്കളെ തൂക്കിനോക്കുന്ന”വനുമായ ദൈവം എന്തായിരിക്കും കരുതുക? (സഭാപ്രസംഗി 12:14; സദൃശവാക്യങ്ങൾ 16:2) അശ്ലീലം വീക്ഷിക്കുന്ന ഒരാൾക്ക് തന്റെ പ്രാർഥനകൾ ദൈവം ശ്രദ്ധിക്കുമെന്നു കരുതാൻ എന്തെങ്കിലും ന്യായം ഉണ്ടായിരിക്കുമോ?
എന്തു വിലകൊടുത്തും സ്വന്തം തൃഷ്ണകളെ തൃപ്തിപ്പെടുത്താനുള്ള ത്വര അശ്ലീലത്തിന്റെ കൂടെപ്പിറപ്പാണ്. അതുകൊണ്ടുതന്നെ അശ്ലീലം വീക്ഷിക്കുന്നത് സ്നേഹശൂന്യമായ പ്രവൃത്തിയാണ്. ലൈംഗിക നിർമലത പാലിച്ചുകൊണ്ട് ദൈവമുമ്പാകെ ശുദ്ധമായ ഒരു ധാർമിക നില കാത്തുസൂക്ഷിക്കാനുള്ള ഒരു ക്രിസ്ത്യാനിയുടെ പോരാട്ടത്തെ അത് ദുർബലമാക്കുന്നു. അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതി: “ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞു ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ. ഈ കാര്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു.”—1 തെസ്സലൊനീക്യർ 4:3-7.
അശ്ലീലം വിശേഷാൽ സ്ത്രീകളെയും കുട്ടികളെയും ചൂഷണത്തിനു വിധേയരാക്കുന്നു. അത് അവരെ അവഹേളിക്കുകയും അവരുടെ അന്തസ്സും അവകാശങ്ങളും അപഹരിക്കുകയും ചെയ്യുന്നു. അശ്ലീലം കണ്ട് ആസ്വദിക്കുന്ന വ്യക്തി ആ ചൂഷണത്തിൽ പങ്കുചേരുകയും അതിനു പിന്തുണ നൽകുകയും ചെയ്യുന്നു. “ഒരു മനുഷ്യൻ, താൻ എത്ര ഉത്തമനാണെന്നു സ്വയം കരുതിയാലും, അശ്ലീലം കണ്ടുകൊണ്ട് അയാൾ അതിനു പരോക്ഷാംഗീകാരം നൽകുന്നെങ്കിൽ, താൻ വിലമതിക്കുന്നു എന്ന് അവകാശപ്പെടുന്ന സ്ത്രീയുടെ നേർക്കു നടക്കുന്ന ചൂഷണത്തിന്റെ കാര്യത്തിൽ അത് അയാളെ കുറഞ്ഞപക്ഷം [നിസ്സംഗനാക്കുന്നു]; അതിന്റെ ഏറ്റവും മോശമായ ഫലമാകട്ടെ അയാൾ സ്ത്രീനിന്ദകൻ ആയിത്തീരുന്നു എന്നതാണ്.”
അശ്ലീലത്തിന്റെ പിടിയിൽനിന്നു മോചനം
അശ്ലീലാസക്തിയുമായി നിങ്ങൾ ഇപ്പോൾ മല്ലിടുകയാണെങ്കിൽ എന്ത്? അതിന്റെ പിടിയിൽനിന്നു മോചനം നേടാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? ബൈബിൾ പ്രത്യാശയ്ക്കു വക നൽകുന്നു! ക്രിസ്തുവിനെ അറിയുന്നതിനു മുമ്പ് ആദിമ ക്രിസ്ത്യാനികളിൽ അനേകരും പരസംഗക്കാരും വ്യഭിചാരികളും അത്യാഗ്രഹികളും ഒക്കെ ആയിരുന്നു. എന്നാൽ ‘നിങ്ങൾ ശുദ്ധീകരണം പ്രാപിച്ചിരിക്കുന്നു’ എന്ന് പൗലൊസ് പറഞ്ഞു. അത് സാധ്യമായത് എങ്ങനെയായിരുന്നു? ‘ദൈവത്തിന്റെ ആത്മാവിനാൽ’ ആണ് ആ ശുദ്ധീകരണം നടന്നത് എന്ന് പൗലൊസ് ഉത്തരം നൽകി.—1 കൊരിന്ത്യർ 6:9-11.
ദൈവാത്മാവിന്റെ ശക്തിയെ ഒരിക്കലും കുറച്ചു കാണരുത്. ‘ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നുമീതെ പരീക്ഷ [“പ്രലോഭനം,” NW] നേരിടുവാൻ അവൻ സമ്മതിക്കുകയില്ല’ എന്ന് ബൈബിൾ പറയുന്നു. തീർച്ചയായും അവൻ പോക്കുവഴി കാണിച്ചുതരും. (1 കൊരിന്ത്യർ 10:13) നിങ്ങളുടെ പ്രശ്നം ദൈവത്തോട് പറഞ്ഞുകൊണ്ട് ഇടവിടാതെ ആത്മാർഥമായി പ്രാർഥിക്കുന്നത് ഫലം ഉളവാക്കുകതന്നെ ചെയ്യും. ദൈവവചനം ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും.”—സങ്കീർത്തനം 55:22.
തീർച്ചയായും, പ്രാർഥനയ്ക്കു ചേർച്ചയിൽ നിങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്. അശ്ലീലം വർജിക്കാൻ നിങ്ങൾ നിശ്ചയദാർഢ്യത്തോടും ആത്മാർഥതയോടും കൂടിയ ഒരു തീരുമാനം എടുക്കേണ്ടത് മർമപ്രധാനമാണ്. തീരുമാനത്തോടു പറ്റിനിൽക്കാൻ ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകാൻ വിശ്വസ്തനായ ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ സാധിച്ചേക്കാം. (“സഹായം തേടൽ” എന്ന ചതുരം കാണുക.) ഇത്തരമൊരു നടപടി കൈക്കൊള്ളുന്നത് തീർച്ചയായും ദൈവത്തെ പ്രസാദിപ്പിക്കുമെന്ന് ഓർമിക്കുന്നത് തീരുമാനത്തിൽ തുടരാൻ നിങ്ങളെ സഹായിക്കും. (സദൃശവാക്യങ്ങൾ 27:11) കൂടാതെ, അശ്ലീലം വീക്ഷിക്കുന്നത് ദൈവത്തെ അപ്രീതിപ്പെടുത്തുന്നു എന്നു മനസ്സിലാക്കുന്നത് ആ ശീലം ഉപേക്ഷിക്കാൻ നിങ്ങൾക്ക് കൂടുതലായ പ്രചോദനം പകരും. (ഉല്പത്തി 6:5, 6) ഈ പോരാട്ടം അത്ര എളുപ്പമുള്ള ഒന്നല്ലെങ്കിലും അതിൽ നിങ്ങൾക്കു വിജയിക്കാൻ കഴിയും. അശ്ലീലത്തിൽനിന്നു കരകയറുക സാധ്യമാണ്!
അശ്ലീലം വീക്ഷിക്കുന്നത് അപകടകരമാണ് എന്നത് ഒരു വസ്തുതയാണ്. അതു ഹാനികരവും നശീകരണാത്മകവുമാണ്. അത് നിർമാതാക്കളെയും കാണികളെയും ഒരുപോലെ ദുഷിപ്പിക്കുന്നു, പുരുഷനെയും സ്ത്രീയെയും ഒരുപോലെ അധിക്ഷേപിക്കുന്നു, കുട്ടികളെ അപകടപ്പെടുത്തുന്നു. അതേ, നാം ശക്തമായി തള്ളിക്കളയേണ്ട ഒന്നുതന്നെയാണ് അശ്ലീലം. (g03 7/22)
[അടിക്കുറിപ്പുകൾ]
a ഇന്റർനെറ്റ് അശ്ലീലത്തിന്റെ അപകടങ്ങൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾക്കായി, 2000 ജൂൺ 8 ലക്കം ഉണരുക!യുടെ 3-10 പേജുകളിലെ “ഇന്റർനെറ്റ് അശ്ലീലം—എത്രത്തോളം അപകടകരം?” എന്ന തലക്കെട്ടോടു കൂടിയ ലേഖന പരമ്പര ദയവായി കാണുക.
b അശ്ലീലം സംബന്ധിച്ചുള്ള ബൈബിളിന്റെ വീക്ഷണത്തെ കുറിച്ച് മനസ്സിലാക്കാൻ ദയവായി 2002 ആഗസ്റ്റ് 8 ലക്കം ഉണരുക!യുടെ 19-21 പേജുകൾ കാണുക.
[10-ാം പേജിലെ ചതുരം/ചിത്രം]
സഹായം തേടൽ
അശ്ലീലത്തിന്റെ പിടിയിൽനിന്നു പുറത്തുകടക്കാനുള്ള പോരാട്ടത്തെ ലാഘവത്തോടെ കാണരുത്; അത് ഒരു കടുത്ത യുദ്ധംതന്നെ ആയിരുന്നേക്കാം. നിരവധി കാമാസക്തരെ ചികിത്സിച്ചിട്ടുള്ള ഡോക്ടർ വിക്ടർ ക്ലൈൻ ഇങ്ങനെ പറയുന്നു: “ശപഥം മാത്രം മതിയാകുകയില്ല. സദുദ്ദേശ്യങ്ങൾ മനസ്സിലുണ്ടായിട്ടും കാര്യമില്ല. [ലൈംഗികാസക്തനായ വ്യക്തിക്ക്] ഒറ്റയ്ക്കു പോരാടി വിജയിക്കാൻ പറ്റില്ലെന്നു ചുരുക്കം.” വ്യക്തി വിവാഹിതൻ ആണെങ്കിൽ ഇണയെക്കൂടി ഉൾപ്പെടുത്തുക എന്നത് വിജയപ്രദമായ ചികിത്സയ്ക്ക് ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്. “രണ്ടാളും ഉൾപ്പെടുന്നെങ്കിൽ ചികിത്സ ത്വരിതഗതിയിൽ ഫലം കാണും. ഇരുവരും വ്രണിതരാണ്, ഇരുവർക്കും സഹായം ആവശ്യമാണ്,” അദ്ദേഹം അഭിപ്രായപ്പെടുന്നു.
വ്യക്തി ഏകാകിയാണെങ്കിൽ, അയാൾക്കു സഹായം നൽകാൻ മിക്കപ്പോഴും വിശ്വസ്തനായ ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ സാധിച്ചേക്കും. ചികിത്സയിൽ ഉൾപ്പെടുന്നത് ആരായിരുന്നാലും, നിങ്ങളുടെ പ്രശ്നത്തെയും ഇടയ്ക്കുണ്ടാകുന്ന വീഴ്ചകളെയും പറ്റി തുറന്നു സംസാരിക്കുക എന്നതാണ് ഡോക്ടർ ക്ലൈനിന്റെ മാറ്റമില്ലാത്ത ചട്ടം. “രഹസ്യങ്ങൾ ‘നിങ്ങളെ കൊല്ലുന്നു’” എന്നാണ് അദ്ദേഹം പറയുന്നത്. “അവ മാനഹാനിയും കുറ്റബോധവും സൃഷ്ടിക്കുന്നു.”
[9-ാം പേജിലെ ചാർട്ട്]
നിങ്ങൾ ഏതു സന്ദേശം സ്വീകരിക്കും?
അശ്ലീലം നൽകുന്ന സന്ദേശം ബൈബിളിന്റെ വീക്ഷണം
◼ ആരുമായും, എപ്പോൾ വേണമെങ്കിലും, ◼ “വിവാഹം എല്ലാവർക്കും മാന്യവും
ഏതു സാഹചര്യത്തിലും ലൈംഗികമായി കിടക്ക നിർമ്മലവും ആയിരിക്കട്ടെ;
ബന്ധപ്പെടാം, അതു പാപമല്ല, എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും
അതിനു തിക്ത ഫലങ്ങളുമില്ല. ദൈവം വിധിക്കും.”—എബ്രായർ 13:4.
“ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു
വിരോധമായി പാപം ചെയ്യുന്നു.”
റോമർ 1:26, 27 കൂടെ കാണുക.
◼ വിവാഹം കാമസംതൃപ്തിക്ക് ◼ “നിന്റെ യൌവനത്തിലെ ഭാര്യയിൽ
ഒരു വിലങ്ങുതടിയാണ്. സന്തോഷിച്ചുകൊൾക.
അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും
മത്തനായിരിക്ക.”—സദൃശവാക്യങ്ങൾ 5:18, 19;
ഉല്പത്തി 1:28-ഉം 2:24-ഉം
1 കൊരിന്ത്യർ 7:3-ഉം കൂടെ കാണുക.
◼ സ്ത്രീകളെ കൊണ്ട് ◼ “ഞാൻ [യഹോവയായ ദൈവം] അവന്നു
ഒരു ഉദ്ദേശ്യമേയുള്ളൂ—പുരുഷന്റെ തക്കതായൊരു തുണ
ലൈംഗിക ദാഹം ശമിപ്പിക്കുക. ഉണ്ടാക്കിക്കൊടുക്കും.”
കൂടെ കാണുക.
◼ പുരുഷനും സ്ത്രീയും ◼“ആകയാൽ ദുർന്നടപ്പു, അശുദ്ധി,
തങ്ങളുടെ ലൈംഗിക തൃഷ്ണകളുടെ അതിരാഗം, ദുർമ്മോഹം,
അടിമകളാണ്. വിഗ്രഹാരാധനയായ അത്യാഗ്രഹം
ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ
അവയവങ്ങളെ മരിപ്പിപ്പിൻ.”
“ഓരോരുത്തൻ ദൈവത്തെ അറിയാത്ത
ജാതികളെപ്പോലെ കാമവികാരത്തിലല്ല,
വിശുദ്ധീകരണത്തിലും മാനത്തിലും
താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.”
“മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും
ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ
സഹോദരികളെപ്പോലെയും”
കരുതുക.—1 തിമൊഥെയൊസ് 5:1, 2;
1 കൊരിന്ത്യർ 9:27 കൂടെ കാണുക.
[7-ാം പേജിലെ ചിത്രം]
അശ്ലീല രംഗങ്ങൾ വീക്ഷിക്കുന്നത് കുട്ടികളുടെ മസ്തിഷ്കത്തിന്റെ സ്വാഭാവിക വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന് ചില ഗവേഷകർ പറയുന്നു
[8-ാം പേജിലെ ചിത്രം]
ദാമ്പത്യബന്ധത്തിലെ പരസ്പരവിശ്വാസത്തെയും സത്യസന്ധതയെയും ഹനിക്കാൻ അശ്ലീലത്തിനു കഴിയും
[10-ാം പേജിലെ ചിത്രം]
ആത്മാർഥമായ പ്രാർഥന ഫലം ഉളവാക്കുകതന്നെ ചെയ്യും