കാലാവസ്ഥ അതിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
“ഇന്നു നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന വിനാശം വിതയ്ക്കുന്ന പ്രളയങ്ങൾ, ഉഗ്രമായ കൊടുങ്കാറ്റുകൾ എന്നിവ ഇനി കൂടുതലായി ആഞ്ഞടിക്കും.”—തോമസ് ലോസ്റ്റർ, കാലാവസ്ഥാ നാശനഷ്ട വിദഗ്ധൻ.
നമ്മുടെ കാലാവസ്ഥയ്ക്ക് യഥാർഥത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? ഉണ്ടെന്നു പലരും ഭയക്കുന്നു. പോട്ട്സ്ഡാമിലുള്ള, കാലാവസ്ഥാപ്രഭാവ ഗവേഷണ സ്ഥാപനത്തിലെ അന്തരീക്ഷ വിജ്ഞാനീയനായ ഡോ. പീറ്റർ വെർനർ ഇപ്രകാരം പറയുന്നു: “ആഗോള കാലാവസ്ഥയെ നാം നിരീക്ഷിക്കുമ്പോൾ, അതായത് വർഷപാതത്തിലെ വലിയ ഏറ്റക്കുറച്ചിലുകൾ, പ്രളയം, വരൾച്ച, കൊടുങ്കാറ്റ് എന്നിവയുടെ വികാസ പരിണാമങ്ങൾ നാം ശ്രദ്ധിക്കുമ്പോൾ, [ഇവ] കഴിഞ്ഞ 50 വർഷംകൊണ്ട് നാലുമടങ്ങായി വർധിച്ചിരിക്കുന്നു എന്നു നമുക്ക് വാസ്തവമായി പറയാൻ കഴിയും.”
ഇന്നു കണ്ടുവരുന്ന അസാധാരണമായ കാലാവസ്ഥ ആഗോളതപനത്തിന്റെ—ഹരിതഗൃഹപ്രഭാവം എന്നു വിളിക്കപ്പെടുന്നതു വർധിച്ചുവരുന്നതു മൂലം ഉണ്ടാകുന്ന ദോഷഫലങ്ങളുടെ—തെളിവാണെന്നു പലർക്കും തോന്നുന്നു. യു.എസ്. പരിസ്ഥിതി സംരക്ഷണ ഏജൻസി ഇപ്രകാരം വിശദീകരിക്കുന്നു: “അന്തരീക്ഷത്തിലുള്ള ചില വാതകങ്ങൾ (ഉദാഹരണത്തിന്, നീരാവി, കാർബൺ ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ്, മീഥേൻ) സൂര്യനിൽനിന്നുള്ള ഊർജത്തെ കുടുക്കുന്നതുമൂലം ഭൂമിയിൽ ചൂടു വർധിക്കുന്നതിനെയാണ് ഹരിതഗൃഹപ്രഭാവം എന്നു പറയുന്നത്. ഈ വാതകങ്ങൾ ഇല്ലെങ്കിൽ സൂര്യനിൽനിന്നുള്ള താപോർജം തിരികെ ശൂന്യാകാശത്തിലേക്കു മടങ്ങുകയും ഭൂമിയുടെ ശരാശരി താപനിലയിൽ [33 ഡിഗ്രി] കുറവു സംഭവിക്കുകയും ചെയ്യും.”
എന്നിരുന്നാലും, മനുഷ്യൻ ഈ പ്രകൃതിദത്ത സംവിധാനത്തെ ചിന്താശൂന്യമായി താറുമാറാക്കിയിരിക്കുകയാണ് എന്ന് പലരും പറയുന്നു. യു.എസ്. നാഷണൽ എയ്റോനോട്ടിക്ക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ ഒരു ഇന്റർനെറ്റ് പ്രസിദ്ധീകരണമായ എർത്ത് ഒബ്സർവേറ്ററിയിലെ ഒരു ലേഖനം പറയുന്നത് ഇങ്ങനെയാണ്: “ദശകങ്ങളായി മനുഷ്യ നിർമിത വ്യവസായശാലകളും വാഹനങ്ങളും ശതകോടിക്കണക്കിനു ടൺ ഹരിതഗൃഹവാതകങ്ങളാണ് അന്തരീക്ഷത്തിലേക്കു വമിച്ചിരിക്കുന്നത്. . . . ഹരിതഗൃഹവാതകങ്ങളുടെ കൂടിയ അളവ് അധികമുള്ള താപോർജം ഭൂമിവിട്ടുപോകുന്നത് തടയുന്നു. ഒരു വാഹനത്തിന്റെ ചില്ല് അതിലേക്കു പ്രവേശിക്കുന്ന സൗരോർജത്തെ കുടുക്കുന്നതിന് ഏതാണ്ടു സമാനമായി ഈ വാതകങ്ങൾ കൂടുതലായ ചൂടിനെ ഭൂമിയുടെ അന്തരീക്ഷം വിട്ടുപോകാൻ അനുവദിക്കാതെ കുടുക്കിയിടുന്നു.”
മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമായി ഉത്സർജിക്കപ്പെട്ടിട്ടുള്ള ഹരിതഗൃഹവാതകങ്ങൾ ഒരു ചെറിയ ശതമാനം മാത്രമാണെന്ന് സന്ദേഹവാദികൾ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയും ലോക അന്തരീക്ഷ ശാസ്ത്ര സംഘടനയും സ്പോൺസർ ചെയ്യുന്ന ഒരു ഗവേഷക സംഘമായ കാലാവസ്ഥാ വ്യതിയാന പഠന ബഹുരാഷ്ട്ര സമിതി (ഐപിസിസി) റിപ്പോർട്ടു ചെയ്യുന്നത് ഇപ്രകാരമാണ്: “കഴിഞ്ഞ 50 വർഷത്തിലധികമായി അനുഭവവേദ്യമായിരിക്കുന്ന ആഗോളതപനത്തിന് ഏറെയും കാരണം മനുഷ്യന്റെ ചെയ്തികളാണ് എന്നതിന് കൂടുതൽ ശക്തമായ പുതിയ തെളിവുണ്ട്.”
ദേശീയ സാമുദ്രിക-അന്തരീക്ഷ കാര്യനിർവഹണ സമിതിയിലെ, കാലാവസ്ഥാ ശാസ്ത്രജ്ഞനായ പീറ്റർ ടാൻസ് പറയുന്നത് ഇങ്ങനെയാണ്: “എന്നോടു ചോദിച്ചാൽ 60 ശതമാനവും കുഴപ്പം നമ്മുടെ ഭാഗത്താണെന്നു ഞാൻ പറയും. . . . ബാക്കി 40 ശതമാനം പ്രകൃത്യാ ഉണ്ടാകുന്ന കാരണങ്ങളാലും.”
ആഗോളതപനം ഇടയാക്കിയേക്കാവുന്ന അനന്തരഫലങ്ങൾ
അങ്ങനെയെങ്കിൽ, മനുഷ്യ പ്രവർത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിൽ കുന്നുകൂടിയിരിക്കുന്ന ഹരിതഗൃഹവാതകങ്ങൾ എന്ത് ഫലം ഉളവാക്കിയിരിക്കുന്നതായാണ് കാണപ്പെടുന്നത്? ഭൂമി വളരെയധികം ചൂടുപിടിച്ചിരിക്കുന്നു എന്ന് ശാസ്ത്രജ്ഞന്മാരിൽ മിക്കവരും ഇപ്പോൾ സമ്മതിക്കുന്നുണ്ട്. ഈ താപവ്യതിയാനം എത്രമാത്രം തീവ്രമാണ്? 2001-ലെ ഐപിസിസി റിപ്പോർട്ടു പറയുന്നത് “19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ നിരീക്ഷിക്കുമ്പോൾ ഭൂമിയുടെ ഉപരിതല താപനില 0.4 ഡിഗ്രി സെൽഷ്യസിനും 0.8 ഡിഗ്രി സെൽഷ്യസിനും ഇടയിൽ വർധിച്ചിരിക്കുന്നു” എന്നാണ്. ഈ ചെറിയ വർധന ആയിരിക്കാം നമ്മുടെ കാലാവസ്ഥയിൽ ഉണ്ടായിട്ടുള്ള നാടകീയ മാറ്റങ്ങൾക്കു കാരണം എന്നു നിരവധി ഗവേഷകർ വിശ്വസിക്കുന്നു.
ഭൂമിയുടെ കാലാവസ്ഥാ സംവിധാനം അതിശയകരമാംവിധം സങ്കീർണമാണ് എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് ആഗോളതപനത്തിന്റെ ഫലങ്ങൾ—എന്തെങ്കിലും ഉണ്ടെങ്കിൽത്തന്നെ—എന്തൊക്കെയാണെന്ന് ഉറപ്പിച്ചുപറയാൻ ശാസ്ത്രജ്ഞന്മാർക്കു കഴിയില്ല. എന്നിരുന്നാലും, ഉത്തരാർധഗോളത്തിൽ കൂടുതൽ മഴ പെയ്യുന്നതും ഏഷ്യയിലും ആഫ്രിക്കയിലും വരൾച്ച തീവ്രമായതും പസിഫിക്കിൽ എൽ നിന്യോ പ്രതിഭാസം കൂടെക്കൂടെ ഉളവായതും ആഗോളതപനത്തിന്റെ ഫലമായാണ് എന്ന് അനേകരും വിശ്വസിക്കുന്നു.
ഒരു ആഗോള പരിഹാരം അടിയന്തിരം
ഈ പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ മനുഷ്യരാണെന്ന് അനേകരും കരുതുന്ന സ്ഥിതിക്ക്, മനുഷ്യനുതന്നെ ഇതിന് ഒരു പരിഹാരം കാണാൻ കഴിയില്ലേ? ഒട്ടനവധി ജനസമുദായങ്ങൾ വാഹനങ്ങളിൽനിന്നും വ്യവസായശാലകളിൽനിന്നും പുറത്തുവിടുന്ന വാതകങ്ങളാലുള്ള മലിനീകരണ നിരക്ക് കുറയ്ക്കുന്നതിന് നിയമങ്ങൾ നടപ്പാക്കിക്കഴിഞ്ഞു. എന്നാൽ, ഇത്തരം ഉദ്യമങ്ങൾ അഭിനന്ദനാർഹം ആണെങ്കിലും ഇവയ്ക്കു ചെയ്യാൻ കഴിഞ്ഞിട്ടുള്ളത് തീരെ നിസ്സാരമാണ് അല്ലെങ്കിൽ ഒന്നുംതന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ല. മലിനീകരണം ഒരു ആഗോള പ്രശ്നമാണ്, അതുകൊണ്ട് ഇതിനൊരു ആഗോള പരിഹാരംതന്നെ വേണം! 1992-ൽ റിയോ ഡി ജനീറോയിൽ ഒരു ഭൗമ ഉച്ചകോടി കൂടുകയുണ്ടായി. പത്തുവർഷത്തിനു ശേഷം ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗിൽ, പരിസ്ഥിതിക്കു ഹാനിതട്ടാതെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനെ കുറിച്ച് ഒരു ലോക ഉച്ചകോടി വിളിച്ചുകൂട്ടി. 2002-ലെ ഈ സമ്മേളനത്തിൽ 100 ദേശീയ നേതാക്കന്മാർ ഉൾപ്പെടെ ഏകദേശം 40,000 പ്രതിനിധികൾ പങ്കെടുത്തു.
ഇത്തരം കൂടിയാലോചനകൾ ശാസ്ത്രജ്ഞന്മാർക്കിടയിൽ അഭിപ്രായൈക്യം ഉളവാകാൻ വളരെയധികം സഹായിച്ചിരിക്കുന്നു. ജർമൻ വർത്തമാനപത്രമായ ഡേർ ടാഗെസ്ഷ്പീഗെൽ ഇപ്രകാരം വിശദീകരിക്കുന്നു: “[1992-ൽ] ഹരിതഗൃഹപ്രഭാവത്തെ കുറിച്ച് മിക്ക ശാസ്ത്രജ്ഞന്മാർക്കും സംശയം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇതേക്കുറിച്ച് സംശയമുള്ളവർ നന്നേ ചുരുക്കമാണ്.” എങ്കിൽപ്പോലും, പ്രശ്നത്തിന് ഒരു യഥാർഥ പരിഹാരം ഇനിയും കണ്ടെത്തിയിട്ടില്ല എന്ന് ജർമനിയുടെ പരിസ്ഥിതി മന്ത്രിയായ യൂർഗെൻ ട്രീറ്റിൻ നമ്മെ അനുസ്മരിപ്പിക്കുന്നു. “ജോഹാനസ്ബർഗിലെ ഉച്ചകോടി വാക്കുകളുടേതു മാത്രമായിരിക്കരുത്, മറിച്ച് പ്രവർത്തനത്തിന്റെ ഉച്ചകോടി” കൂടിയായിരിക്കണം എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പാരിസ്ഥിതിക വിനാശത്തിനു വിരാമമിടാൻ കഴിയുമോ?
മനുഷ്യവർഗം അഭിമുഖീകരിക്കുന്ന നിരവധി പരിസ്ഥിതി പ്രശ്നങ്ങളിൽ ഒന്നുമാത്രമാണ് ആഗോളതപനം. ഫലപ്രദമായ നടപടികൾ കൈക്കൊള്ളേണ്ടത് ആവശ്യമാണെന്നു പറയാൻ എളുപ്പമാണ്, പക്ഷേ പ്രവൃത്തിപഥത്തിൽ കൊണ്ടുവരിക അത്ര എളുപ്പമല്ല. ബ്രിട്ടീഷ് സ്വഭാവശാസ്ത്ര വിദഗ്ധയായ ജെയ്ൻ ഗുഡ്ഡാൽ എഴുതുന്നു: “നമ്മുടെ പരിസ്ഥിതിക്ക് നാം വരുത്തിവെച്ച ഭയങ്കരമായ ക്ഷതം നാം തിരിച്ചറിഞ്ഞിരിക്കുന്നതിനാൽ ഇപ്പോൾ ഇതിന് സാങ്കേതിക പരിഹാരങ്ങൾ കാണുന്നതിന് നമ്മുടെ ബുദ്ധിവൈഭവം ഉപയോഗിച്ച് നാം എല്ലാവിധത്തിലും കിണഞ്ഞു ശ്രമിക്കുകയാണ്.” പക്ഷേ, അവർ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “സാങ്കേതികവിദ്യ മാത്രം പോരാ. നമ്മുടെ ഹൃദയങ്ങൾ കൂടി അതിന് അർപ്പിക്കണം.”
ആഗോളതപനം എന്ന പ്രശ്നത്തെ കുറിച്ചു വീണ്ടും ഒന്നു ചിന്തിക്കുക. മലിനീകരണം തടയുന്നതിനുള്ള സംവിധാനങ്ങൾ ചെലവേറിയതാണ്, മിക്കപ്പോഴും, ദരിദ്ര രാഷ്ട്രങ്ങൾക്ക് അതു താങ്ങാനാകില്ല. ഇനി, ഊർജത്തിന്റെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു നിമിത്തം, വ്യവസായശാലകൾ കൂടുതൽ ലാഭകരമായി പ്രവർത്തിക്കാൻ തക്കവണ്ണം ദരിദ്രരാഷ്ട്രങ്ങളിലേക്കു പറിച്ചുനടുമോ എന്നും ചില വിദഗ്ധർ ഭയക്കുന്നു. അതിനാൽ ഉദ്ദേശ്യ ശുദ്ധിയോടെ ആത്മാർഥമായി പ്രവർത്തിക്കുന്ന നേതാക്കന്മാരും ഇന്നു ധർമസങ്കടത്തിലാണ്. കാരണം, അവർ തങ്ങളുടെ രാഷ്ട്രത്തിന്റെ സമ്പദ്വ്യവസ്ഥ സംരക്ഷിച്ചാൽ പരിസ്ഥിതി താറുമാറാകും, എന്നാൽ പരിസ്ഥിതി സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയാൽ അവർക്കു സമ്പദ്വ്യവസ്ഥയെ ബലിചെയ്യേണ്ടിവരും.
അതിനാൽ മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ ഓരോ വ്യക്തിയും അതിനുവേണ്ടി ശ്രമിക്കേണ്ടതുണ്ടെന്നാണ് ലോക ഉച്ചകോടി ഉപദേശക സമിതി അംഗമായ സെവെൺ കുല്ലിസ് സൂസൂക്കിയുടെ അഭിപ്രായം. അവർ ഇപ്രകാരം പറയുന്നു: “പരിസ്ഥിതിപരമായ യഥാർഥ മാറ്റങ്ങൾ നമ്മെ ഓരോരുത്തരെയും ആശ്രയിച്ചാണിരിക്കുന്നത്. നമുക്ക് നമ്മുടെ നേതാക്കന്മാർക്കായി കാത്തിരിക്കാൻ കഴിയില്ല. നമ്മുടെ സ്വന്തം ഉത്തരവാദിത്വങ്ങളിലും മാറ്റങ്ങൾ വരുത്തുന്നതിന് നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നതിലുമാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.”
പരിസ്ഥിതിയോട് ആളുകൾ പരിഗണന കാണിക്കണം എന്നു പ്രതീക്ഷിക്കുന്നത് തീർച്ചയായും ന്യായമാണ്. പക്ഷേ, തങ്ങളുടെ ജീവിതരീതിയിൽ ആവശ്യമായ മാറ്റം വരുത്താൻ തക്കവിധം അവരെ പ്രേരിപ്പിക്കുക അത്ര എളുപ്പമല്ല. ഉദാഹരണത്തിന്, മോട്ടോർവാഹനങ്ങൾ ആഗോളതപനത്തിൽ പങ്കുവഹിക്കുന്നുണ്ട് എന്ന വസ്തുത മിക്കവരും അംഗീകരിക്കും. അതുകൊണ്ട് വാഹനത്തിന്റെ ഉപയോഗം കുറയ്ക്കാം എന്നോ അല്ലെങ്കിൽ വാഹനം ഉപയോഗിക്കുന്നത് പൂർണമായും നിറുത്താം എന്നോ ഒരു വ്യക്തി തീരുമാനിച്ചേക്കാം. എന്നാൽ അങ്ങനെ ചെയ്യുന്നത് അത്ര എളുപ്പമായിരിക്കണമെന്നില്ല. കാലാവസ്ഥ, പരിസ്ഥിതി, ഊർജം എന്നിവയെപ്പറ്റി പഠിക്കുന്ന വുപെർട്ടാൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വൊൾഫ്ഗാംഗ് സാക്സ് അടുത്തകാലത്ത് ഇപ്രകാരം പറഞ്ഞു: “അനുദിന ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും (ജോലിസ്ഥലം, നഴ്സറി, സ്കൂൾ, ഷോപ്പിങ് സെന്റർ) തമ്മിൽ വളരെ അകലം ഉള്ളതിനാൽ ഒരു വാഹനമില്ലാതെ അവിടെയൊക്കെ എത്തിപ്പെടുക അസാധ്യമായിരിക്കുകയാണ്. . . . ഒരു വാഹനം ഉണ്ടായിരിക്കാൻ ഞാൻ വ്യക്തിപരമായി ആഗ്രഹിക്കുന്നുവോ ഇല്ലയോ എന്നതല്ല ഇവിടെ പ്രശ്നം. മിക്കവർക്കും ഇതല്ലാതെ വേറൊരു മാർഗമില്ല.”
ആഗോളതപനത്തിന്റെ അനന്തരഫലങ്ങളിൽനിന്ന് നമ്മുടെ ഭൂമിയെ രക്ഷിക്കാൻ ഇപ്പോൾത്തന്നെ ഏറെ വൈകിയിരിക്കുന്നു എന്ന് ജോർജിയ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജീസ് സ്കൂൾ ഓഫ് എർത്ത് ആൻഡ് അറ്റ്മോസ്ഫെറിക് സയൻസസിലെ പ്രൊഫസറായ റോബർട്ട് ഡിക്കിൻസണെപ്പോലെയുള്ള ചില ശാസ്ത്രജ്ഞന്മാർ ഭയക്കുന്നു. ഡിക്കിൻസന്റെ അഭിപ്രായത്തിൽ, മലിനീകരണം ഇന്ന് അവസാനിക്കുകയാണെങ്കിൽപ്പോലും കഴിഞ്ഞകാലത്തെ ദുരുപയോഗത്തിന്റെ അനന്തരഫലങ്ങൾ അന്തരീക്ഷത്തിൽ നിലനിൽക്കും, കുറഞ്ഞത് അടുത്ത 100 വർഷത്തേക്ക് എങ്കിലും!
ഭരണകൂടങ്ങൾക്കോ വ്യക്തികൾക്കോ പരിസ്ഥിതി പ്രശ്നം പരിഹരിക്കാനാവില്ലെങ്കിൽ പിന്നെ ആർക്കു കഴിയും? പുരാതന കാലംമുതൽ, കാലാവസ്ഥയെ വരുതിയിൽ നിറുത്തുന്നതിന് സഹായത്തിനായി ആളുകൾ തങ്ങളുടെ ദൈവങ്ങളിലേക്കു നോക്കിയിട്ടുണ്ട്. അവരുടെ അത്തരം ശ്രമങ്ങൾ മിഥ്യാധാരണകളിൽ അടിസ്ഥാനപ്പെട്ടതായിരുന്നെങ്കിലും അത് ഒരു അടിസ്ഥാന സത്യം വെളിപ്പെടുത്തുന്നു: ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ മനുഷ്യവർഗത്തിന് ദിവ്യസഹായം ആവശ്യമുണ്ടെന്നുള്ള വസ്തുത. (g03 8/08)
[7-ാം പേജിലെ ആകർഷക വാക്യം]
“കഴിഞ്ഞ 50 വർഷത്തിലധികമായി അനുഭവവേദ്യമായിരിക്കുന്ന ആഗോളതപനത്തിന് ഏറെയും കാരണം മനുഷ്യന്റെ ചെയ്തികളാണ് എന്നതിന് കൂടുതൽ ശക്തമായ പുതിയ തെളിവുണ്ട്”
[6-ാം പേജിലെ ചതുരം]
“ആഗോളതപനം ആരോഗ്യത്തിനു ഹാനികരമോ?”
ചിന്താർഹമായ ഈ ചോദ്യം ചോദിച്ചിരിക്കുന്നത് സയന്റിഫിക് അമേരിക്കൻ മാസികയുടെ ഒരു ലേഖനത്തിലാണ്. ആഗോളതപനം “ഗുരുതരമായ നിരവധി ആരോഗ്യ ക്രമക്കേടുകൾ വർധിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യും” എന്ന് അതു പറയുകയുണ്ടായി. ഉദാഹരണത്തിന്, ചില സ്ഥലങ്ങളിൽ “അസാധാരണമാം വിധം ചൂടുള്ള കാലാവസ്ഥ മൂലം ഉണ്ടാകുന്ന മരണസംഖ്യ 2020 ആകുമ്പോഴേക്ക് ഇരട്ടിയാകും എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.”
ആഗോളതപനം സ്വാധീനം ചെലുത്തുന്ന അത്ര പ്രകടമല്ലാത്ത മണ്ഡലമാണ് സാംക്രമിക രോഗങ്ങൾ. “കൊതുകുകൾ പരത്തുന്ന രോഗങ്ങൾ ശക്തിയാർജിച്ചു വരുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു” കാരണം, “ഉഷ്ണകാലാവസ്ഥയിലാണ് [കൊതുകുകൾ] കൂടുതൽ പെരുകുന്നതും കൊതുകുകടി കൂടുന്നതും. . . . എല്ലായിടത്തും ചൂടു കൂടുമ്പോൾ, കൊതുകുകൾ മുമ്പ് അവയ്ക്ക് അതിജീവിക്കാൻ പറ്റാതിരുന്ന സ്ഥലങ്ങളിൽ എത്തിപ്പെടുകയും അവിടെയും രോഗം പരത്തുകയും ചെയ്യും.”
ഇനി, പ്രളയത്തിന്റെയും വരൾച്ചയുടെയും പരിണതഫലങ്ങളുണ്ട്—ഇവ രണ്ടും ജലസ്രോതസ്സുകൾ മലിനമാകുന്നതിന് ഇടയാക്കുന്നു. വ്യക്തമായും, ആഗോളതപനത്തിന്റെ ഭീഷണി ഗൗരവമായെടുക്കേണ്ട ഒന്നുതന്നെയാണ്.
[7-ാം പേജിലെ ചിത്രം]
ഹരിതഗൃഹപ്രഭാവം ചൂടിനെ ബാഹ്യാകാശ ത്തിലേക്കു പോകാൻ അനുവദിക്കാതെ അന്തരീക്ഷത്തിൽ കുടുക്കിയിടുന്നു
[കടപ്പാട്]
NASA photo
[7-ാം പേജിലെ ചിത്രങ്ങൾ]
മനുഷ്യൻ ശതകോടിക്കണക്കിനു ടൺ മലിനകാരികൾ വായുവിലേക്കു പുറന്തള്ളിയിരിക്കുന്നു. ഇത് ഹരിതഗൃഹ പ്രഭാവത്തിന് ആക്കംകൂട്ടുന്നു