ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഇലക്ട്രോണിക് ഗെയിമുകൾ എനിക്കു 13 വയസ്സുണ്ട്. “ഇലക്ട്രോണിക് ഗെയിമുകൾ—അവയ്ക്കു മറ്റൊരു മുഖമുണ്ടോ?” എന്ന ആമുഖ ലേഖന പരമ്പരയോടുകൂടിയ മാസിക കണ്ടതും അത് എനിക്കു വേണ്ടിത്തന്നെ ഉള്ളതാണെന്ന് മനസ്സിലായി! (ജനുവരി 8, 2003) 7-ാം പേജിൽ വിവരിച്ചിരിക്കുന്ന ആ ഗെയിമിന് ഒരിക്കൽ ഞാൻ അടിമയായിരുന്നു. ആ ലേഖനങ്ങൾ മാസികയിൽ ഉൾപ്പെടുത്തിയതിനു നന്ദിപറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം എന്റെ വഴികൾ നേരെയാക്കാനും യഹോവയെ കൂടുതൽ സ്നേഹിക്കാനും അവ എന്നെ സഹായിച്ചു.
ജെ. എൽ., ഐക്യനാടുകൾ (g03 8/22)
എനിക്ക് ഏകദേശം 15 വയസ്സുണ്ട്. സ്കൂളിൽ, ഏതെങ്കിലും ഒരു ആനുകാലിക വിഷയത്തെ കുറിച്ച് ഒരു റിപ്പോർട്ടു തയ്യാറാക്കി നൽകേണ്ടതുണ്ടായിരുന്നു. ഉണരുക! തക്ക സമയത്താണ് എത്തിയത്. എന്റെ റിപ്പോർട്ട് ക്ലാസ്സിൽ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റി. എനിക്ക് ഉയർന്ന ഗ്രേഡും കിട്ടി! ദയവായി ഇനിയും ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുമല്ലോ.
ജെ. എ., ജർമനി (g03 8/22)
നിങ്ങൾ പ്രസിദ്ധീകരിക്കുന്ന മാസികയിലൂടെ ലഭിക്കുന്ന വിവരങ്ങളോടുള്ള എന്റെ വിലമതിപ്പു പ്രകടിപ്പിക്കണമെന്നു ഞാൻ എല്ലായ്പോഴും വിചാരിക്കാറുണ്ട്. എന്നാൽ ഇലക്ട്രോണിക് ഗെയിമുകളെ കുറിച്ചു വന്ന ലേഖനങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ ഈ കത്തെഴുതിക്കൊണ്ട് അത് ഉടൻതന്നെ ചെയ്യാൻ ഞാൻ തീരുമാനിച്ചു. എനിക്ക് 11-ഉം 3-ഉം വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഈ വിവരങ്ങൾ വളരെ സമയോചിതമായിരുന്നു. ഈ പ്രസിദ്ധീകരണങ്ങൾ യഹോവ നൽകുന്ന സ്നേഹവും സംരക്ഷണവും വ്യക്തമായി കാണാൻ എന്നെ സഹായിക്കുന്നു.
ഒ. വി., ഐക്യനാടുകൾ (g03 8/22)
മലിനജലം ഞാൻ ഒരു മലിനജല സംസ്കരണകേന്ദ്രത്തിലെ മുഖ്യ ഓപ്പറേറ്ററാണ്. അതുകൊണ്ട് “ഈ വെള്ളമെല്ലാം എങ്ങോട്ടു പോകുന്നു?” എന്ന ലേഖനം വായിച്ചപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. (നവംബർ 8, 2002) മലിനജല സംസ്കരണം രോഗാണു ബാധയിൽനിന്ന് ജനകോടികളെ രക്ഷിക്കുന്നു. കഴിഞ്ഞകാലങ്ങളിൽ, ടൈഫോയ്ഡ്, കോളറ എന്നിവയും മറ്റു ജലജന്യ രോഗങ്ങളും ലോകമൊട്ടാകെ നിയന്ത്രണാതീതമായി പടർന്നുപിടിച്ചിരുന്നു. രസകരമെന്നു പറയട്ടെ, ആധുനിക മലിനജല സംസ്കരണം മിക്കപ്പോഴും വളരെ കുറച്ചു രാസവസ്തുക്കൾ ഉപയോഗിച്ച് അല്ലെങ്കിൽ ഒട്ടുംതന്നെ ഉപയോഗിക്കാതെയാണു നടത്തുന്നത്. ഞാൻ ജോലിചെയ്യുന്നിടത്ത് സംസ്കരണപ്രക്രിയയ്ക്കു വിധേയമാക്കിയ മലിനജലത്തെ അണുവിമുക്തമാക്കുന്നതിന് അൾട്രാവയലറ്റ് രശ്മികളാണ് ഉപയോഗിക്കുന്നത്. മലിനജല സംസ്കരണകേന്ദ്രത്തിന്റെ ജീവരക്ഷാകരമായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയതിനു നന്ദി.
ഇ. പി., ഐക്യനാടുകൾ (g03 7/22)
ചാവേർ ദൗത്യം റ്റോഷിയാക്കി നിവായുടെ ജീവിത കഥ വിവരിക്കുന്ന “ചാവേർ ദൗത്യത്തിൽനിന്ന് സമാധാന ജീവിതത്തിലേക്ക്” എന്ന ലേഖനം എന്നെ ഏറെ സ്പർശിച്ചു. (ജനുവരി 8, 2003) രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് ഏതാനും വർഷങ്ങൾക്കുശേഷം ഫിലിപ്പീൻസിലാണു ഞാൻ ജനിച്ചത്. കുടുംബാംഗങ്ങൾ എനിക്കു പറഞ്ഞു തന്ന യുദ്ധകഥകളിൽ ഏറെയും പട്ടാളക്കാരുടെ ക്രൂരതകൾ നിറഞ്ഞതായിരുന്നു. കുട്ടിയായിരുന്നപ്പോൾ ഞാൻ ഇങ്ങനെ ചോദിക്കുമായിരുന്നു, “അവർക്കത് എങ്ങനെ ചെയ്യാൻ കഴിഞ്ഞു?” നിവാ സഹോദരന്റെ അനുഭവം ആ ചോദ്യത്തിനുള്ള ഉത്തരം സംബന്ധിച്ച് വളരെ ഉൾക്കാഴ്ച പ്രദാനം ചെയ്തു. ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു നന്ദി. ഒരു വ്യക്തിയുടെ ജീവിതത്തിന് ഉണ്ടായ ഈ സമൂലപരിവർത്തനം യഹോവയുടെ അത്ഭുതകരമായ ശക്തിയുടെ മറ്റൊരു തെളിവാണ്.
എ. സി., ഐക്യനാടുകൾ (g03 8/08)
മറ്റുള്ളവരിൽനിന്നുള്ള സമ്മർദം നിങ്ങൾക്കെഴുതാനും നിങ്ങളുടെ വിശിഷ്ട മാസികകൾക്ക് നന്ദി പറയാനും ഒരു കുടുംബം എന്ന നിലയിൽ ഞങ്ങൾ എല്ലായ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. ഒടുവിൽ, “യുവജനങ്ങൾ ചോദിക്കുന്നു . . . മറ്റുള്ളവരിൽ നിന്നുള്ള സമ്മർദത്തെ എനിക്ക് എങ്ങനെ തരണം ചെയ്യാൻ കഴിയും?” എന്ന ലേഖനം വായിച്ചപ്പോൾ അങ്ങനെ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. (ജനുവരി 8, 2003) യഹോവയിൽ അത്രമാത്രം ആശ്രയം വെക്കത്തക്കവണ്ണം യുവാവായ ദാവീദ് യഹോവയെ എത്ര നന്നായി അടുത്തറിഞ്ഞു എന്നു മനസ്സിലാക്കാൻ ഈ ലേഖനം ഞങ്ങളെ സഹായിച്ചു. ദാവീദ് സ്വന്തം വിവേകത്തിലോ മറ്റു മനുഷ്യരുടെ ജ്ഞാനത്തിലോ ആശ്രയിക്കാതിരുന്നതിനാലാണ് അവന് വിജയം വരിക്കാൻ കഴിഞ്ഞത്. വാസ്തവത്തിൽ, യഹോവ നമ്മുടെ പക്ഷത്തുണ്ടെങ്കിൽ നാം മറ്റുള്ളവരെ എന്തിനു ഭയക്കണം?
എഫ്. എച്ച്., എസ്തോണിയ (g03 8/22)
കഴിഞ്ഞ രണ്ടു വർഷമായി ഞാൻ ഉണരുക!യുടെ വായന ആസ്വദിക്കുന്നു. മുമ്പെന്നത്തെക്കാൾ അധികം എന്നെ സ്പർശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് ഈ ലേഖനമായിരുന്നു. ഇത് എനിക്കുവേണ്ടി എഴുതിയതുപോലെ തോന്നി. തക്കസമയത്തുള്ള ഈ വിവരങ്ങൾക്കു വളരെ നന്ദി.
റ്റി. സി., ഐക്യനാടുകൾ (g03 8/22)