നിങ്ങൾ നികുതികൾ അടയ്ക്കേണ്ടതുണ്ടോ?
“എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം; ഭയം കാണിക്കേണ്ടവന്നു ഭയം; മാനം കാണിക്കേണ്ടവന്നു മാനം.”—റോമർ 13:7.
നികുതി ഒന്നിനൊന്ന് വർധിച്ചു വരുന്ന സാഹചര്യത്തിൽ മേൽപ്പറഞ്ഞ ഉപദേശം ഒരുപക്ഷേ ദഹിക്കാൻ പ്രയാസമുള്ളതായി തോന്നിയേക്കാം. എന്നിരുന്നാലും, അത് അപ്പൊസ്തലനായ പൗലൊസിന്റെ വാക്കുകളാണ്. അത് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഒരുപക്ഷേ നിങ്ങൾ ബൈബിളിനെ ആദരിക്കുന്നുണ്ടാകാം. എന്നാൽ, നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ക്രിസ്ത്യാനികൾ വാസ്തവത്തിൽ എല്ലാ നികുതികളും നൽകേണ്ടതുണ്ടോ—അമിതമോ അന്യായമോ ആയി ചിലർ കരുതുന്നവ ഉൾപ്പെടെ?’
യേശു തന്റെ അനുഗാമികൾക്കു നൽകിയ അനുശാസനത്തെ കുറിച്ചു ചിന്തിക്കുക. റോമാക്കാർ ചുമത്തിയിരുന്ന നികുതിയോട് സഹയഹൂദർക്ക് കടുത്ത അമർഷം ഉണ്ടായിരുന്നുവെന്ന് യേശുവിന് അറിയാമായിരുന്നു. എന്നിട്ടും അവൻ ഇപ്രകാരം പ്രോത്സാഹിപ്പിച്ചു: “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ.” (മർക്കൊസ് 12:17) അധികം താമസിയാതെ, തന്നെ വധിക്കാൻ പോകുന്ന അതേ ഭരണകൂടത്തിനു നികുതി കൊടുക്കുന്നതിനെയാണ് യേശു പിന്തുണച്ചു സംസാരിച്ചത് എന്നതു രസാവഹമാണ്.
ഏതാനും വർഷങ്ങൾക്കു ശേഷം, മേലുദ്ധരിച്ച നിർദേശം പൗലൊസ് നൽകുകയുണ്ടായി. നികുതിയായി സമാഹരിക്കപ്പെടുന്ന തുകയുടെ ഭീമമായ ഭാഗം റോമാക്കാരുടെ സൈനിക പ്രവർത്തനങ്ങൾക്കായും റോമൻ ചക്രവർത്തിമാരുടെ അധാർമിക ജീവിതരീതിയുടെയും ധാരാളിത്തത്തിന്റെയും ചുമടു താങ്ങാനും വേണ്ടിയാണ് ഉപയോഗിച്ചിരുന്നത് എങ്കിലും നികുതി അടയ്ക്കാൻ പൗലൊസ് പ്രോത്സാഹിപ്പിച്ചു. അവൻ ഒട്ടും ജനസമ്മതിയില്ലാത്ത ആ നില സ്വീകരിച്ചത് എന്തുകൊണ്ട്?
ശ്രേഷ്ഠാധികാരങ്ങൾ
പൗലൊസിന്റെ വാക്കുകളുടെ സന്ദർഭം പരിചിന്തിക്കുക. റോമർ 13:1-ൽ അവൻ ഇപ്രകാരം എഴുതി: “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.” ഇസ്രായേലിൽ ദൈവഭയമുള്ള ഭരണാധികാരികൾ ഉണ്ടായിരുന്നപ്പോൾ രാഷ്ട്രത്തെ സാമ്പത്തികമായി പിന്തുണയ്ക്കുന്നത് പൗരധർമവും മതപരമായ കടപ്പാടും ആയി വീക്ഷിക്കാൻ എളുപ്പമായിരുന്നു. എന്നാൽ ഭരണാധികാരികൾ അവിശ്വാസികളായ വിഗ്രഹാരാധികൾ ആയിരിക്കുമ്പോൾ ക്രിസ്ത്യാനികൾക്ക് അതേ ഉത്തരവാദിത്വം ഉണ്ടായിരുന്നോ? തീർച്ചയായും ഉണ്ടായിരുന്നു! ദൈവം ഭരണാധികാരികൾക്ക് ഭരണം നടത്താനുള്ള “അധികാരം” നൽകിയിരുന്നു എന്ന് പൗലൊസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.
ക്രമസമാധാനം നിലനിറുത്താൻ ഗവൺമെന്റുകൾ ധാരാളം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇത് ക്രിസ്ത്യാനികൾക്കു തങ്ങളുടെ വ്യത്യസ്തങ്ങളായ ആത്മീയ പ്രവർത്തനങ്ങളുമായി മുമ്പോട്ടു പോകാൻ അവസരം നൽകുന്നു. (മത്തായി 24:14; എബ്രായർ 10:24, 25) അധികാരത്തിലിരുന്ന അന്നത്തെ ഗവൺമെന്റിനെ കുറിച്ച് പൗലൊസ് പറഞ്ഞു: “നിന്റെ നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നത്.” (റോമർ 13:4) റോമൻ ഭരണകൂടം വെച്ചുനീട്ടിയ സംരക്ഷണത്തിൽനിന്ന് പൗലൊസ്തന്നെ പ്രയോജനം അനുഭവിച്ചു. ഉദാഹരണത്തിന്, ഒരു ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയാകുമായിരുന്ന ഒരു സാഹചര്യത്തിൽ റോമൻ പടയാളികളാണ് അവനെ രക്ഷിച്ചത്. പിന്നീട്, തനിക്ക് ഒരു മിഷനറിയായി തുടരാൻ കഴിയേണ്ടതിന് അവൻ റോമൻ നീതിവ്യവസ്ഥയോട് സഹായം ആവശ്യപ്പെടുകയും ചെയ്തു.—പ്രവൃത്തികൾ 22:22-29; 25:11, 12.
നികുതികൾ നൽകുന്നതിന് പൗലൊസ് മൂന്നു കാരണങ്ങൾ നൽകുകയുണ്ടായി. ഒന്നാമതായി, നിയമഭഞ്ജകരെ ശിക്ഷിക്കുന്നതിന് ഗവൺമെന്റുകൾ “ക്രോധം” (പി. ഒ. സി. ബൈബിൾ) പ്രകടിപ്പിക്കുന്നതിനെ കുറിച്ച് അവൻ പറഞ്ഞു. രണ്ടാമതായി, നികുതികൾ നൽകുന്നതിൽ വെട്ടിപ്പു നടത്തിയാൽ ദൈവഭക്തിയുള്ള ഒരു വ്യക്തിയുടെ മനസ്സാക്ഷിയെ അത് പ്രതികൂലമായി ബാധിക്കും എന്ന് അവൻ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇനി, മൂന്നാമതായി, “ശുശ്രൂഷകന്മാർ” അഥവാ “പൊതുസേവകർ” (NW) എന്ന നിലയിൽ ഗവൺമെന്റുകൾ പ്രദാനം ചെയ്യുന്ന സേവനങ്ങൾക്കുള്ള പ്രതിഫലമായി നികുതികൾ വർത്തിക്കുന്നുവെന്ന് അവൻ സൂചിപ്പിച്ചു.—റോമർ 13:1-6.
പൗലൊസിന്റെ സഹക്രിസ്ത്യാനികൾ ഈ വാക്കുകൾ ഹൃദ്യാ സ്വീകരിച്ചോ? ഉവ്വ്, അവർ സ്വീകരിച്ചുവെന്ന് തെളിവുകൾ കാണിക്കുന്നു. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു നാമധേയ ക്രിസ്ത്യാനിയായിരുന്ന ജസ്റ്റിൻ മാർട്ടർ (പൊ.യു. ഏകദേശം 110 മുതൽ 165 വരെ) പറഞ്ഞത്, ക്രിസ്ത്യാനികൾ “മറ്റെല്ലാവരെക്കാളും കൂടുതൽ മനസ്സൊരുക്കത്തോടെ” തങ്ങളുടെ നികുതികൾ അടച്ചിരുന്നു എന്നാണ്. സമാനമായി ഇന്നും ഗവൺമെന്റുകൾ സമയമോ പണമോ ആവശ്യപ്പെടുമ്പോൾ ക്രിസ്ത്യാനികൾ മനസ്സോടെ അതു നൽകുന്നു.—മത്തായി 5:41.a
തീർച്ചയായും, നിയമപരമായ ഏതു നികുതി ഇളവുകളുടെയും പ്രയോജനം അനുഭവിക്കുന്നതിന് ക്രിസ്ത്യാനികൾക്കു സ്വാതന്ത്ര്യമുണ്ട്. ചില സന്ദർഭങ്ങളിൽ, മതസംഘടനകൾക്കു സംഭാവന ചെയ്യുന്നവർക്കായി അനുവദിച്ചിരിക്കുന്ന ഇളവുകൾ അവർക്കു ലഭിച്ചേക്കാം. എന്നിരുന്നാലും, ദൈവവചനം അനുസരിക്കുന്ന സത്യ ക്രിസ്ത്യാനികൾ നികുതി വെട്ടിപ്പു നടത്തുകയില്ല. അവർ തങ്ങളുടെ നികുതികൾ അടയ്ക്കുന്നു. ഈ പണം എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളതിന്റെ മുഴു ഉത്തരവാദിത്വവും അവർ അധികാരികൾക്കു വിട്ടുകൊടുക്കുന്നു.
‘മനുഷ്യൻ മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിന്നായി അധികാരം’ നടത്തിയിരിക്കുന്ന ഒരു വിധം മാത്രമാണ് അമിത നികുതി ചുമത്തൽ. (സഭാപ്രസംഗി 8:9) പെട്ടെന്നുതന്നെ ദൈവരാജ്യത്തിൻ കീഴിൽ സകലർക്കും നീതി ലഭിക്കുമെന്ന ബൈബിളിന്റെ വാഗ്ദാനത്തിൽ യഹോവയുടെ സാക്ഷികൾ ആശ്വാസം കണ്ടെത്തുന്നു. ഈ ഗവൺമെന്റ് അതിന്റെ പ്രജകളെ ഒരിക്കലും അന്യായ നികുതികൾ ചുമത്തി ഭാരപ്പെടുത്തുകയില്ല.—സങ്കീർത്തനം 72:12, 13; യെശയ്യാവു 9:7.
[അടിക്കുറിപ്പ്]
a ‘കൈസർക്കുള്ളതു കൈസർക്ക്’ കൊടുക്കുക എന്നുള്ള യേശുവിന്റെ നിർദേശം അവശ്യം നികുതികൾ നൽകുന്നതിൽ മാത്രം പരിമിതപ്പെട്ടിരുന്നില്ല. (മത്തായി 22:21) മത്തായിയുടെ സുവിശേഷത്തെക്കുറിച്ചുള്ള വിമർശനാത്മക, വിശദീകരണ പരാമർശഗ്രന്ഥത്തിൽ (ഇംഗ്ലീഷ്) ഹൈൻറിക്ക് മൈയെർ ഇപ്രകാരം എഴുതി: “[കൈസർക്കുള്ള കാര്യങ്ങൾ] എന്നതിൽ . . . പൊതുനികുതി മാത്രമേയുള്ളുവെന്നു നാം ധരിക്കരുത്, പിന്നെയോ നിയമപരമായ ഭരണാധികാരം നിമിത്തം കൈസർക്ക് അർഹമായിരുന്ന സകലതും അതിൽ ഉൾപ്പെട്ടിരിക്കുന്നു.”
[11-ാം പേജിലെ ആകർഷക വാക്യം]
ആദിമ ക്രിസ്ത്യാനികൾ “മറ്റെല്ലാവരെക്കാളും കൂടുതൽ മനസ്സൊരുക്കത്തോടെ” തങ്ങളുടെ നികുതികൾ അടച്ചിരുന്നു.—ജസ്റ്റിൻ മാർട്ടർ
[10-ാം പേജിലെ ചിത്രം]
സത്യക്രിസ്ത്യാനികൾ നികുതി നിയമങ്ങൾ അനുസരിക്കുന്നു
[11-ാം പേജിലെ ചിത്രം]
‘കൈസർക്കുള്ളതു കൈസർക്കു . . . കൊടുപ്പിൻ’ എന്ന് യേശു പറഞ്ഞു
[10-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© European Monetary Institute