ഒട്ടനവധി ആളുകളെ വയ്ക്കോൽ പനി ബാധിക്കുന്നത് എന്തുകൊണ്ട്?
സ്പെയിനിലെ ഉണരുക! ലേഖകൻ
നിങ്ങളുടെ കണ്ണു ചൊറിയുകയും വെള്ളംവരുകയും ചെയ്യുന്നുണ്ട്, ദിവസം മുഴുവനും ഇടതടവില്ലാത്ത തുമ്മലും മൂക്കൊലിപ്പും. ശ്വാസതടസ്സവുമുണ്ട്. എന്താണു സംഗതി? ചിലപ്പോൾ അത് ജലദോഷമായിരിക്കാം. എന്നാൽ ചുറ്റുപാടും ധാരാളം പൂമ്പൊടിയുള്ള സമയത്താണ് നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നതെങ്കിൽ സാധ്യതയനുസരിച്ച് നിങ്ങൾക്ക് വയ്ക്കോൽ പനി (hay fever) ആണ്. അതാണു സംഗതിയെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല കേട്ടോ, ഒരുപാടു പേരുണ്ട് നിങ്ങൾക്കു കൂട്ടിന്. വയ്ക്കോൽ പനി ബാധിച്ചിരിക്കുന്നതായി കണ്ടുപിടിക്കുന്നവരുടെ എണ്ണം വർഷംതോറും കുതിച്ചുയരുകയാണ്.
“വയ്ക്കോൽ പനി എന്നു പറയുന്നത്, ഹാനികരമെന്ന് ശരീരം കണക്കാക്കുന്ന ഒരു ഘടകത്തോടുള്ള അതിന്റെ അമിത പ്രതികരണമല്ലാതെ മറ്റൊന്നുമല്ല” എന്ന് മൂഹേർ ഡെ ഓയ് എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു. “അലർജിയുള്ളവരുടെ പ്രതിരോധവ്യവസ്ഥ, അന്യവസ്തുക്കളെന്ന് അതിനു തോന്നുന്ന സകലതിനെയും—പൂമ്പൊടി ഉൾപ്പെടെ—പുറന്തള്ളുന്നു, ഇവ യഥാർഥത്തിൽ അപകടകരമല്ലെങ്കിൽപ്പോലും.” പ്രതിരോധവ്യവസ്ഥയുടെ ഇത്തരത്തിലുള്ള അമിത പ്രതികരണം തുടക്കത്തിൽ വിവരിച്ച അസഹ്യപ്പെടുത്തുന്ന ലക്ഷണങ്ങൾക്ക് വഴിതെളിക്കുന്നു.
1819-ൽ, ഇംഗ്ലീഷ് ഡോക്ടറായ ജോൺ ബോസ്റ്റോക്കാണ് വയ്ക്കോൽ പനിയെ കുറിച്ച് ആദ്യമായി വിവരിച്ചത്. ചില പ്രത്യേക സമയങ്ങളിൽ താൻതന്നെ അനുഭവിച്ചുകൊണ്ടിരുന്ന അസഹ്യതകളെ അദ്ദേഹം അക്കമിട്ടുനിരത്തി. കൊയ്തെടുത്ത ഉടനെയുള്ള വയ്ക്കോലാണ് ഈ അസഹ്യതകൾക്കു കാരണം എന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാൽ, ഈ അവസ്ഥയെ അദ്ദേഹം വയ്ക്കോൽ പനി എന്നു വിളിച്ചു. എന്നാൽ, അലർജിയുടെ യഥാർഥ കാരണം വ്യത്യസ്ത തരത്തിലുള്ള പൂമ്പൊടികളാണെന്നു പിന്നീടു കണ്ടെത്തി. 19-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ഇംഗ്ലണ്ടിൽ ആകമാനം ഇത്തരത്തിലുള്ള ഏതാനും കേസുകളേ ബോസ്റ്റോക് കണ്ടെത്തിയിരുന്നുള്ളൂ.
എന്നാൽ, ഇന്ന് വയ്ക്കോൽ പനിയുടെ അസഹ്യതകൾ അനുഭവിക്കേണ്ടിവരുന്നവരുടെ എണ്ണം വളരെയധികം വർധിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? സ്പെയിനിലെ മാഡ്രിഡിൽ ‘ആസ്ത്മ, അലർജി എന്നിവയ്ക്കായുള്ള കേന്ദ്രത്തിലെ’ ഡയറക്ടറായ ഡോ. ഹാവ്യർ സൂബീസാ, ഇതിനോടു ബന്ധപ്പെട്ട് ഗവേഷകർ പരിശോധിച്ചുകൊണ്ടിരിക്കുന്ന രണ്ടു സിദ്ധാന്തങ്ങളെ കുറിച്ചു പറയുകയുണ്ടായി. ഡീസൽ എഞ്ചിനുകളെ പ്രതിക്കൂട്ടിൽ നിറുത്തുന്നതാണ് ഇതിൽ ഒരു സിദ്ധാന്തം. ഡീസലിന്റെ ജ്വലന ഫലമായി ഉളവാകുന്ന കണങ്ങൾക്ക് അലർജിഹേതുക്കളെ അഥവാ ഒരു അലർജിക്ക് തുടക്കമിടുന്ന ഘടകങ്ങളെ ഉത്തേജിപ്പിക്കാൻ കഴിയും എന്നു വിശ്വസിക്കപ്പെടുന്നു. അലർജി വിദഗ്ധനായ ഡോ. ഹ്വാൻ കൊട്ട്നി പോമർ പറയുന്നത്, “വ്യവസായവത്കൃത രാജ്യങ്ങളിൽ ജനസംഖ്യയിൽ 20 ശതമാനത്തോളം പേരെ വയ്ക്കോൽ പനി ബാധിച്ചിരിക്കുന്നു എന്നാണ്. നഗരങ്ങളിലാണ് ഇത് ഏറ്റവുമധികം.”
രണ്ടാമത്തെ സിദ്ധാന്തം വിരൽ ചൂണ്ടുന്നത് അമിത ശുചിത്വത്തിനു നേർക്കാണ്. ‘അണുവിമുക്തമാക്കിയ ഓപ്പറേഷൻ തിയറ്ററുകളിൽ നാം ജനിക്കുന്നു. അണുവിമുക്തമാക്കിയ ആഹാരം കഴിക്കുന്നു. നിരവധി രോഗങ്ങൾക്കെതിരെ നാം പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുന്നു. രോഗം വന്നാലോ, ഉടൻതന്നെ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നു. അങ്ങനെ, കുട്ടിക്കാലം മുതൽതന്നെ നമ്മുടെ പ്രതിരോധവ്യവസ്ഥയെ അലർജി വികസിപ്പിച്ചെടുക്കുന്ന ഒരു അവസ്ഥയിലാക്കുന്നു’ എന്നു ഡോ. സൂബീസാ പറയുന്നു.
പ്രതിരോധവ്യവസ്ഥയുടെ അമിത പ്രതികരണത്തിന്റെ ഫലമായി ഉളവാകുന്ന ഈ വൈഷമ്യങ്ങൾക്ക് നിങ്ങളും ഇരയാണെങ്കിൽ, നിരാശപ്പെടേണ്ടതില്ല! ശരിയായ രോഗനിർണയവും ചികിത്സയുംകൊണ്ട് വയ്ക്കോൽ പനിയുടെ അസഹ്യപ്പെടുത്തുന്ന ലക്ഷണങ്ങളുടെ കൂടെക്കൂടെയുള്ള ആക്രമണവും തീവ്രതയും നിയന്ത്രിക്കാനും കുറയ്ക്കാനും കഴിയും. (g04 5/22)