മാർബിളുകളുടെ ഗുഹ
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
കോടിക്കണക്കിനുവരുന്ന മാർബിൾ ഗോളങ്ങൾ പരവതാനി വിരിച്ചിരിക്കുന്ന ഒരു ഗുഹയിൽ നിൽക്കവേ ഇങ്ങനെ ഉദ്ഘോഷിക്കാൻ ഒരു അമേരിക്കൻ ഗുഹാപര്യവേഷകൻ പ്രേരിതനായി: “ദൈവമേ, ഈ അത്ഭുതം കാണുന്നതിന് ജീവനോടിരിക്കാൻ അനുവദിച്ചതിൽ ഞാൻ അങ്ങയോടു നന്ദി പറയുന്നു.” അദ്ദേഹം തെക്കുകിഴക്കൻ മെക്സിക്കോയിലെ ‘മാർബിളുകളുടെ ഗുഹ’ എന്നറിയപ്പെടുന്ന ഒരു ഗുഹാവ്യൂഹം സന്ദർശിക്കുകയായിരുന്നു. ഈ ഗുഹാവ്യൂഹത്തിന് 529 മീറ്റർ നീളവും 17 മീറ്റർ താഴ്ചയും ഉണ്ട്. അതിനകത്ത് ഗംഭീരമായ ശിലാനിർമിതികൾ കാണാൻ കഴിയും. ഈ ഗുഹയെപ്പറ്റി കേട്ടിരുന്നതിനാൽ, അതു നേരിൽ കാണണമെന്നു ഞങ്ങൾ ആഗ്രഹിച്ചു.
ഒരു സ്വകാര്യ ഫാമിലാണ് ഈ ഗുഹ സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് ഞങ്ങൾക്ക് അതിന്റെ ഉടമയുടെ ഭാര്യയെ പരിചയപ്പെടാൻ സാധിക്കുന്നു. ഗുഹയിൽ മാർബിളുകൾ കാണപ്പെടുന്ന സ്ഥലത്തേക്ക് കടക്കവേ ഞങ്ങൾക്ക് 20 കോടിയോളം കാൽസൈറ്റ് ഗോളങ്ങൾ അഥവാ ഗുഹാ മുത്തുകൾ കാണാനാകുന്നു. അവിടെനിന്ന് ഏകദേശം 50 മീറ്റർ നീളത്തിൽ 12 സെന്റിമീറ്റർ കനത്തിൽ അവ നിലത്തെ മൂടിയിരിക്കുന്നു. ആ മുത്തുകൾ കാണുമ്പോൾ അവയെ കൈക്കുമ്പിളിൽ കോരിയെടുത്ത് അതിലുള്ള ഏറ്റവും ചെറിയവയെ—പയറുമണിയോളംമാത്രം വലുപ്പമുള്ളവയെ—വിരലുകൾക്കിടയിലൂടെ താഴോട്ടിട്ട് ചിതറിക്കാൻ ആർക്കും തോന്നിപ്പോകും. വലുപ്പം കൂടിയ മുത്തുകൾ ഒരു ചെറിയ ഓറഞ്ചിനോളം വരും. ഇനി, ഉറച്ച തറ കാണുന്നതിനുവേണ്ടി മാർബിളുകൾ വകഞ്ഞുമാറ്റിയാലോ? മിനുസമുള്ള മുത്തുകൾ പാകിയ തറയാണ് കാണാനാകുക.
എങ്ങനെയാണ് ഗുഹാ മുത്തുകൾ രൂപംകൊള്ളുന്നത്? വെള്ളം ഇറ്റിറ്റുവീഴുമ്പോൾ ഗുഹയുടെ മച്ചിൽനിന്നും വശങ്ങളിൽനിന്നും കാൽസൈറ്റ് വേർപെട്ടുപോരാൻ ഇടയാകുന്നു. ഈ കാൽസൈറ്റ്, മണൽത്തരികൾ, ചെറിയ എല്ലിൻ കഷണങ്ങൾ, ശീതളപാനീയങ്ങൾ കുടിക്കാൻ ഉപയോഗിച്ച സ്ട്രോ എന്നിവപോലുള്ള ഏതെങ്കിലും ഒരു അന്യപദാർഥത്തെ പൊതിയുന്നു. ഈ വിധത്തിൽ ക്രമേണ കാൽസൈറ്റിന്റെ കൂടുതൽ പാളികൾ കൂട്ടിച്ചേർക്കപ്പെടുമ്പോൾ ഒരു മുത്ത് രൂപംകൊള്ളുന്നു.
തദ്ദേശീയരായ ആളുകൾക്ക് വർഷങ്ങളായി ഈ ഗുഹയെപ്പറ്റി അറിയാമായിരുന്നെങ്കിലും, അടുത്ത കാലത്താണ് വിദേശത്തുനിന്നുള്ള വിദഗ്ധർ ഇവിടെയുള്ള ഒട്ടനവധി മുത്തുകളിൽ ആകൃഷ്ടരായി ഈ ഗുഹ സന്ദർശിച്ചത്. ഇപ്പോൾ, ഈ വിശിഷ്ട ഗുഹയെക്കുറിച്ചു ഗവേഷണം നടത്താനും അതിനെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
മാർബിളുകളുടെ ഗുഹപോലുള്ള സ്ഥലങ്ങൾ സങ്കീർത്തനം 111:2-ലെ വാക്കുകൾ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു: “യഹോവയുടെ പ്രവൃത്തികൾ വലിയവയും അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.”