ജന്തുലോകത്തെ ‘ശിശുപരിപാലനം’
സ്പെയിനിലെ ഉണരുക! ലേഖകൻ
മക്കളെ വളർത്തുന്നതിനായി മനുഷ്യമാതാപിതാക്കൾ പലപ്പോഴും രണ്ടു ദശകങ്ങളോളം ചെലവഴിക്കുന്നു. എന്നാൽ, ജന്തുലോകത്തെ പല അച്ഛനമ്മമാരും വേനൽക്കാലത്തെ ഏതാനും മാസംകൊണ്ട് അവയുടെ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുന്നു. കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുന്നതിനു പുറമേ ആ കാലയളവുകൊണ്ട് അവ മക്കൾക്ക് ഭാവിജീവിതത്തിനുവേണ്ട സമ്പൂർണ പരിശീലനം നൽകുകയും ചെയ്യുന്നു. വർഷംതോറും അവ ഏറ്റെടുക്കുന്ന ദുഷ്കരമായ ദൗത്യത്തെക്കുറിച്ചു മനസ്സിലാക്കാൻ നമുക്ക് ജന്തുലോകത്തിലെ ചില അച്ഛനമ്മമാരെ പരിചയപ്പെടാം.
1. വെള്ള പെരുഞ്ഞാറ ചിത്രത്തിൽ കാണിച്ചിരിക്കുന്ന പെരുഞ്ഞാറയ്ക്ക് വേനൽക്കാലത്ത് വിശ്രമം തീരെയില്ല. വിശപ്പുഭ്രാന്തന്മാരായ കുഞ്ഞുങ്ങളെപ്പോറ്റാൻ തവളകൾ, ചെറുമത്സ്യങ്ങൾ, പല്ലികൾ, വിട്ടിലുകൾ എന്നിവയെത്തേടി അടുത്തുള്ള തടാകത്തിലേക്ക് അതിനു നിരവധി പ്രാവശ്യം പറക്കണം, ഒപ്പം ഇടയ്ക്കിടെ കൂടിന്റെ കേടുപോക്കുകയും വേണം. ആൺപക്ഷിയും പെൺപക്ഷിയും ദിവസം മുഴുവനും ഇങ്ങനെ വന്നും പോയുമിരിക്കും. പെരുവയറന്മാരായ കുഞ്ഞുങ്ങൾ അകത്താക്കുന്ന ഭക്ഷണത്തിനു കണക്കില്ല. മുട്ടവിരിഞ്ഞിറങ്ങുന്ന ആദ്യത്തെ ഏതാനും ആഴ്ചകളിൽ ഈ ഇത്തിരിക്കുഞ്ഞന്മാർ തങ്ങളുടെ ശരീരഭാരത്തിന്റെ പകുതി ഭക്ഷണം ദിവസവും അകത്താക്കും! പറക്കാൻ പഠിച്ചുകഴിഞ്ഞാലും കുഞ്ഞുങ്ങൾ കുറെ ആഴ്ചകൂടി അച്ഛനമ്മമാരുടെ തണലിൽത്തന്നെ കഴിയുന്നു.
2.ചീറ്റപ്പുലി ചീറ്റക്കുടുംബത്തിൽ കുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല അമ്മയ്ക്കാണ്, സാധാരണഗതിയിൽ അച്ഛൻ ഇവരെ തിരിഞ്ഞുനോക്കാറുപോലുമില്ല. മൂന്നുമുതൽ അഞ്ചുവരെ കുഞ്ഞുങ്ങളെ പാലൂട്ടേണ്ടതുള്ളതിനാൽ സ്വന്തം ആരോഗ്യം സൂക്ഷിക്കാൻ ദിവസവുംതന്നെ അമ്മ ഇരതേടിയിറങ്ങും. വേട്ടയാടൽ അത്ര നിസ്സാര ജോലിയല്ല, പല ശ്രമങ്ങളും പരാജയപ്പെടുകയാണ് പതിവ്. മാത്രമല്ല, ഏതാനും ദിവസങ്ങൾ കൂടുമ്പോഴൊക്കെ അവൾക്കു കുഞ്ഞുങ്ങളെ മറ്റൊരു ഗുഹയിലേക്കു മാറ്റേണ്ടതുണ്ട്, കാരണം അമ്മയുടെ കണ്ണുതെറ്റിയാൽ കുഞ്ഞുങ്ങളെ പിടിച്ചു ശാപ്പിടാനായി സിംഹങ്ങൾ എപ്പോഴും പിന്നാലെത്തന്നെയുണ്ടാകും. കുഞ്ഞുങ്ങൾക്ക് ഏഴുമാസം പ്രായമായാൽപ്പിന്നെ വേട്ടയാടാൻ അവൾ അവരെ പരിശീലിപ്പിക്കുകയായി, അത് ഒരു വർഷം നീണ്ടുനിന്നേക്കും. സാധാരണ ഒന്നോ ഒന്നരയോ വർഷം കുഞ്ഞുങ്ങൾ അമ്മയോടൊപ്പം കഴിയുന്നു.
3. മുങ്ങാങ്കോഴി മുങ്ങാങ്കോഴിയും കുഞ്ഞുങ്ങളും എപ്പോഴും ഒരുമിച്ചാണ്. മുട്ടവിരിഞ്ഞു പുറത്തുവന്നാലുടൻ വെള്ളത്തിൽ പൊന്തിക്കിടക്കുന്ന കൂടൊക്കെ ഉപേക്ഷിച്ച് കുഞ്ഞുങ്ങൾ അച്ഛനമ്മമാരുടെ പുറത്ത് സ്ഥലംപിടിക്കുകയായി. അമ്മയുടെയോ അച്ഛന്റെയോ ചിറകുകൾക്കും മുതുകിനുമിടയിലുള്ള ഭാഗത്ത് കുഞ്ഞുങ്ങൾ പറ്റിപ്പിടിച്ചു കയറുന്നു. അച്ഛനോ അമ്മയോ നീന്തിനടക്കുമ്പോൾ കുഞ്ഞുങ്ങൾ ചൂടുപറ്റി സുരക്ഷിതരായി ഇരിക്കുന്നു. ആൺപക്ഷിയും പെൺപക്ഷിയും മുങ്ങി തീറ്റികണ്ടെത്തുന്നതും കുഞ്ഞുങ്ങളെ ചുമക്കുന്നതും ഊഴമനുസരിച്ചാണ്. മുങ്ങാങ്കുഴിയിടാനും തനിയെ തീറ്റികണ്ടെത്താനും കുഞ്ഞുങ്ങൾ വേഗം പഠിക്കുമെങ്കിലും അച്ഛനമ്മമാരുമായുള്ള അടുപ്പം കുറേക്കാലത്തേക്കുകൂടി തുടരുന്നു.
4. ജിറാഫ് ജിറാഫുകൾക്ക് സാധാരണ ഒറ്റപ്രസവത്തിൽ ഒന്നിലധികം കുഞ്ഞുങ്ങളുണ്ടാവാറില്ല. അത് എന്തുകൊണ്ടെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. ചിത്രത്തിൽ കാണുന്നതുപോലുള്ള ഒരു കുഞ്ഞുജിറാഫിന് ജനിക്കുമ്പോൾ 60 കിലോഗ്രാം വരെ ഭാരവും രണ്ടുമീറ്റർ നീളവും വരും! പിറന്നുവീണ് ഒരു മണിക്കൂർ കഴിയുമ്പോൾത്തന്നെ അവനു കാലിൽ നിവർന്നുനിൽക്കാറാകും, എന്നിട്ട് അമ്മയുടെ പാൽകുടിക്കാൻ തുടങ്ങും. ജനിച്ച് അധികം താമസിയാതെ അവൻ മേഞ്ഞുനടക്കാൻ തുടങ്ങുമെങ്കിലും അമ്മ കുഞ്ഞിനെ ഒമ്പതു മാസം പാലൂട്ടും. അപകടം മണത്തറിയുന്ന കുഞ്ഞ് അമ്മയുടെ കാലുകൾക്കിടയിലാണ് അഭയംതേടുക. അവളുടെ ശക്തമായ തൊഴി മിക്ക ഇരപിടിയന്മാരുടെയും പേടിസ്വപ്നമാണ്.
5.നീലപ്പൊന്മാൻ കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റാൻ പൊന്മാനുകൾക്കു നല്ല സാമർഥ്യം ആവശ്യമാണ്. അവർക്കുവേണ്ടി കുഞ്ഞുമീനുകളെവേണം തിരഞ്ഞുപിടിക്കാൻ. മുട്ടവിരിഞ്ഞു പുറത്തുവന്ന കുഞ്ഞുങ്ങൾക്ക് അച്ഛനമ്മമാർ നൽകുന്നത് ഒന്നോ രണ്ടോ സെന്റിമീറ്റർ വലുപ്പമുള്ള ചെറുമത്സ്യങ്ങളെയാണ്. ആൺപക്ഷിയോ പെൺപക്ഷിയോ ചെറുമീനുകളെ അവയുടെ തല പുറത്തേക്കു തള്ളിനിൽക്കുന്ന രീതിയിൽ കൊക്കിൽ വെച്ചുകൊണ്ടാണു പറക്കുന്നത്. വിശന്നിരിക്കുന്ന കുഞ്ഞുങ്ങളുടെ വായിൽ വെച്ചുകൊടുക്കുന്ന ഇരയെ പെട്ടെന്നു വിഴുങ്ങാൻ ഇതു സഹായിക്കുന്നു. കുഞ്ഞുങ്ങൾ വളരുമ്പോൾ അച്ഛനമ്മമാർ അവർക്കു കുറച്ചുകൂടി വലിയ മീനുകളെ പിടിച്ചുകൊടുക്കുന്നു. അപ്പോൾ കൂടുതൽ തവണ ഭക്ഷണം കൊടുക്കേണ്ടതായുംവരുന്നു. ആദ്യമൊക്കെ ഓരോ കുഞ്ഞിനും ഓരോ 45 മിനിട്ടിലുമാണ് ഭക്ഷണം കൊടുക്കുന്നത്. കുഞ്ഞുങ്ങൾക്ക് ഏകദേശം 18 ദിവസം പ്രായമാകുമ്പോൾ അവർക്കു വിശപ്പുകൂടും, പിന്നെ ഓരോ 15 മിനിട്ടിലും മീൻശാപ്പാട് തരപ്പെടുന്നു! ചിത്രത്തിൽ കാണിച്ചിരിക്കുന്ന കൊച്ചുപൊന്മാൻ പറക്കമുറ്റിയതാണ്, സ്വന്തംകാലിൽ നിൽക്കാനുള്ള പുറപ്പാടിലാണത്. ഇനിയിപ്പോൾ അച്ഛനമ്മമാർക്ക് കുറേക്കാലം സ്വസ്ഥമായിരിക്കാമല്ലോ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ പൊന്മാൻദമ്പതികൾക്ക് ഒരു വിശ്രമവുമില്ല! പലപ്പോഴും ആ വേനൽ അവസാനിക്കും മുമ്പേതന്നെ അവർ അതുപോലുള്ള മറ്റൊരു പരിപാലനത്തിന് തയ്യാറെടുക്കുകയായി.
ഒട്ടനവധി പക്ഷിമൃഗാദികൾ തങ്ങളുടെ കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കുന്നു എന്നതിന്റെ വിശദാംശങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. എന്നാൽ ജന്തുലോകത്തെ അച്ഛനമ്മമാർക്ക് കുഞ്ഞുങ്ങളോടുള്ള കരുതൽ ശക്തമായ ജന്മവാസനയാണെന്നതിനു പ്രകൃതിസ്നേഹികൾക്കു കൂടുതൽ തെളിവുകൾ കിട്ടിക്കൊണ്ടേയിരിക്കുന്നു. അത്തരം സഹജവാസനകൾ തന്റെ മൃഗസൃഷ്ടികൾക്കു ദൈവം നൽകിയെങ്കിൽ മനുഷ്യമാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അവർ അർഹിക്കുന്ന വിധത്തിൽ പോറ്റുകയും പരിശീലിപ്പിക്കുകയും ചെയ്യണമെന്ന് അവൻ തീർച്ചയായും ആഗ്രഹിക്കുന്നു.