കടകളിൽനിന്നു കട്ടെടുക്കൽ വെറുമൊരു രസമോ അതോ ഗുരുതരമായ കുറ്റകൃത്യമോ?
പിൻവരുന്ന രംഗം മനസ്സിൽക്കാണുക. ഫാഷൻ വസ്ത്രങ്ങളണിഞ്ഞ രണ്ടു പെൺകുട്ടികൾ ഒരു സൂപ്പർമാർക്കറ്റിന്റെ തുറന്നിട്ട വാതിലിലൂടെ അകത്തുകടക്കുന്നു. സൗന്ദര്യവർധക വസ്തുക്കൾ വെച്ചിരിക്കുന്ന ഭാഗത്തേക്കാണ് അവരുടെ പോക്ക്. യൂണിഫോമിട്ട ഒരു സെക്യൂരിറ്റി ഗാർഡ് അവരെ പിന്തുടരുന്നു. പെൺകുട്ടികൾ ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ ഏകദേശം പത്തു മീറ്റർ അകലെയായി ഗാർഡ് നിൽക്കുന്നു. അവരെ സുസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് കൈ പുറകിൽ കെട്ടിയാണ് അയാളുടെ നിൽപ്പ്. മസ്കാരയും ലിപ്സ്റ്റിക്കും ഒക്കെ അവർ തൊട്ടുംപിടിച്ചും നോക്കുമ്പോൾ അയാൾ അവരെ ശ്രദ്ധിക്കുന്നുണ്ട്.
തങ്ങളുടെമേൽ ദൃഷ്ടിയുറപ്പിച്ചു നിൽക്കുന്ന ഗാർഡിനെ പെൺകുട്ടികൾ പാളിനോക്കുന്നു. അവരുടെ ഉള്ളിലാകെ ഹരമാണ്. ഒരാൾ നെയിൽ പോളീഷ് വെച്ചിരിക്കുന്ന ഭാഗത്തുപോയി രണ്ടുമൂന്നെണ്ണം എടുക്കുന്നു. രണ്ടുതരം ചുവപ്പുള്ളതിൽ ഏതു വേണമെന്ന് ആലോചിക്കുന്നതായി അവൾ നടിക്കുന്നു, എന്നിട്ട്, അതിൽ ഒരെണ്ണം താഴെവെച്ച് അൽപ്പംകൂടി ഇരുണ്ട നിറമുള്ളത് എടുക്കുന്നു.
സെക്യൂരിറ്റി ഗാർഡ് തന്റെ നോട്ടം എതിർദിശയിലേക്കു മാറ്റിയ തക്കത്തിന് പെൺകുട്ടികൾ ലിപ്സ്റ്റിക്കുകളും നെയിൽ പോളീഷുകളും കൈയിലുള്ള കൊച്ചുബാഗിലേക്കിടുന്നു. മുഖംകണ്ടാൽ ഞാൻ ഒന്നുമറിഞ്ഞില്ലേയെന്ന ഭാവം, പക്ഷേ മനസ്സിൽ പലതരം വികാരങ്ങൾ നുരഞ്ഞുപൊന്തുകയാണ്. നഖം മിനുക്കുന്ന എമറി ബോർഡിലും ഐബ്രോ പെൻസിലിലും ഒക്കെ നോക്കി അൽപ്പനേരംകൂടി അവർ അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നു.
പിന്നെ രണ്ടുപേരും പരസ്പരം നോക്കി ആംഗ്യങ്ങൾ കൈമാറിയശേഷം സ്റ്റോറിന്റെ മുൻവശത്തേക്കു നടക്കുന്നു. സെക്യൂരിറ്റി ഗാർഡ് അവിടെത്തന്നെ നിൽപ്പുണ്ട്. പോകുന്നവഴി അയാളെ നോക്കി ഒന്നു പുഞ്ചിരിക്കാൻ അവർ മറക്കുന്നില്ല. എന്നിട്ട് കാഷ്യറുടെ നേരെ എതിർവശത്ത് സെൽഫോണിനുള്ള കവറുകളും മറ്റും വെച്ചിരിക്കുന്ന ഭാഗത്തു പോയി അൽപ്പനേരം നോക്കിനിൽക്കുന്നു. അവിടെ കണ്ട തുകൽകൊണ്ടുള്ള സെൽഫോൺ കവറിനെക്കുറിച്ചു രണ്ടുപേരും എന്തൊക്കെയോ മന്ത്രിക്കുന്നു. തുടർന്ന് അവർ പുറത്തേക്കുള്ള വാതിൽക്കലേക്കു നടക്കുന്നു.
ഓരോ ചുവടു വെക്കുമ്പോഴും അവരുടെ ഉള്ളിൽ വികാരങ്ങൾ ഇളകിമറിയുകയാണ്. പരിഭ്രമവും ഹരവും തിങ്ങിയ മനസ്സ് പെരുമ്പറകൊട്ടുന്നു. പുറത്തേക്കുള്ള വാതിൽ കടക്കുമ്പോൾ ഉറക്കെയൊന്നു കൂക്കിവിളിക്കാൻ അവർക്കു തോന്നുന്നുണ്ട്. പക്ഷേ വായ് അനക്കാനാകുന്നില്ല. പുറത്തിറങ്ങിയ നിമിഷം വികാരങ്ങളുടെ തിരത്തള്ളലിൽ അവരുടെ മുഖം വല്ലാതെ ചുവക്കുന്നു. ഉള്ളിലെ കൊടുങ്കാറ്റ് കെട്ടടങ്ങുകയാണ്. ഇരുവരും ദീർഘനിശ്വാസമുതിർക്കുന്നു. തിടുക്കത്തിൽ നടന്നുനീങ്ങുമ്പോൾ രണ്ടുപേർക്കും അടക്കിച്ചിരിക്കാതിരിക്കാൻ കഴിയുന്നില്ല. ഇരുവരുടെയും മനസ്സു മന്ത്രിക്കുന്നത് ഇതാണ്: ‘പണിപറ്റിച്ചു രക്ഷപ്പെട്ടല്ലോ!’
ഈ രണ്ടു പെൺകുട്ടികൾ വെറും സങ്കൽപ്പ കഥാപാത്രങ്ങളാണ്, പക്ഷേ വിവരിച്ച സാഹചര്യമാകട്ടെ യാഥാർഥ്യവും. ഐക്യനാടുകളിൽ മാത്രം ഒരു ദിവസം ഇത്തരം 10 ലക്ഷം കളവുകൾ നടക്കുന്നുണ്ടെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. വാസ്തവത്തിൽ, ഇത് ഒരു ആഗോളപ്രശ്നമാണ്. നാം കാണാൻ പോകുന്നതുപോലെ ഇതിന്റെ പ്രത്യാഘാതങ്ങൾ കടുത്തതാണ്. പക്ഷേ, ഇത്തരക്കാരിൽ പലർക്കും തങ്ങൾ വരുത്തിവെക്കുന്ന കനത്ത നഷ്ടങ്ങളെക്കുറിച്ചു തെല്ലും ചിന്തയില്ല. പണംകൊടുത്തു സാധനം വാങ്ങാൻ കഴിവുള്ളവർപോലും മോഷ്ടിക്കാൻ മുതിരുന്നു. എന്തുകൊണ്ട്?