മദ്യദുരുപയോഗം അതിന്റെ അടിമത്തത്തിൽനിന്നു മോചനം നേടുന്നു
“ഡാഡി മദ്യത്തിന് അടിമയായിരുന്നു. ഞാനും അതേ ഗതി പിൻപറ്റി. 12 വയസ്സുള്ളപ്പോൾ മദ്യപിക്കാൻ തുടങ്ങിയ ഞാൻ വിവാഹിതനായപ്പോഴേക്കും ദിവസവും കുടിക്കുമായിരുന്നു. അക്രമാസക്തനായിത്തീർന്ന എന്റെ ഉപദ്രവത്തിൽനിന്നു കുടുംബത്തെ രക്ഷിക്കാൻ മിക്കപ്പോഴും പോലീസ് എത്തിയിരുന്നു. എന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്നു. മദ്യം സമ്മാനിച്ച ഉദര രക്തസ്രാവം എന്നെ മരണത്തിന്റെ വക്കോളം എത്തിച്ചെങ്കിലും എങ്ങനെയോ ഞാൻ അതിജീവിച്ചു. തുടർന്നു സിറോസിസും വിളർച്ചയും പിടികൂടി. മദ്യപാനത്തിൽനിന്നു കരകയറാൻ സ്വാശ്രയ സംഘങ്ങളിൽ ചേർന്നെങ്കിലും ഫലമുണ്ടായില്ല. ഞാൻ ഒരു കെണിയിലാണെന്നും ഇനി മോചനമില്ലെന്നും എനിക്കു തോന്നി.”—ബിക്റ്റർ,a അർജന്റീന.
മദ്യപാനത്തിന്റെ കെണിയിൽ അകപ്പെട്ട അനേകർക്കും ഇത്തരം അനുഭവങ്ങൾ പറയാനുണ്ട്. ബിക്റ്ററിനെപ്പോലെ തങ്ങൾക്കും മോചനമില്ലെന്ന് അവർ കരുതുന്നു. മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തരണം ചെയ്യാനോ ഒഴിവാക്കാൻപോലുമോ കഴിയുമോ? കഴിയുമെങ്കിൽ, എങ്ങനെ?
പ്രശ്നം തിരിച്ചറിയുക
ആദ്യമായി, ഒരു വ്യക്തി മദ്യപാനത്തിന്റെ കെണിയിലായിരിക്കുമ്പോൾ അദ്ദേഹംതന്നെയും അദ്ദേഹത്തിന്റെ ഉറ്റവരും അതു തിരിച്ചറിയേണ്ടത് അതിപ്രധാനമാണ്. യഥാർഥത്തിൽ, ബൃഹത്തായ ഒരു പ്രശ്നത്തിന്റെ പ്രകടമായ ഒരു ചെറിയ ഭാഗം മാത്രമാണ് മദ്യാസക്തി. മുമ്പ് ഒരുപക്ഷേ മിതമായ അളവിൽ ഉണ്ടായിരുന്ന മദ്യപാനമാണ് കാലക്രമത്തിൽ മദ്യാസക്തിയായി പരിണമിക്കുന്നത്. അതിശയകരമെന്നു പറയട്ടെ, മദ്യം മൂലമുണ്ടാകുന്ന ഭൂരിഭാഗം അപകടങ്ങൾക്കും അക്രമത്തിനും സാമൂഹിക പ്രശ്നങ്ങൾക്കും ഉത്തരവാദികൾ മദ്യാസക്തർ അല്ല. ലോകാരോഗ്യ സംഘടനയുടെ ഈ അഭിപ്രായം ശ്രദ്ധിക്കുക: “മദ്യവുമായി ബന്ധപ്പെട്ട എല്ലാവിധ സാമൂഹിക പ്രശ്നങ്ങളും കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം മിതമായി മദ്യപിക്കുന്നവരുടെ കുടി—അമിതമായി മദ്യപിക്കുന്നവരുടെയല്ല—നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) നിങ്ങൾ കുടിക്കുന്ന മദ്യം, ആരോഗ്യക്ഷേമ അധികൃതർ ശുപാർശ ചെയ്തിരിക്കുന്ന അളവിലും അധികമാണോ? പൂർണ ശ്രദ്ധയും പെട്ടെന്നു പ്രതികരിക്കാനുള്ള ശേഷിയും ആവശ്യമായിരിക്കുന്ന സന്ദർഭങ്ങളിൽ നിങ്ങൾ മദ്യപിക്കാറുണ്ടോ? നിങ്ങളുടെ മദ്യപാനശീലം വീട്ടിലോ ജോലിസ്ഥലത്തോ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടോ? മദ്യപാനത്തിന്റെ അളവ് അപകടകരമാംവണ്ണം കൂടുതലാണെങ്കിൽ അക്കാര്യം അംഗീകരിക്കുന്നതും തദനുസൃതം അതു കുറയ്ക്കുന്നതും ആണ് പിന്നീടുണ്ടാകാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനുള്ള “ഏറ്റവും നല്ല മാർഗം.” മദ്യത്തിന് അടിമയായിക്കഴിഞ്ഞാൽപ്പിന്നെ മാറ്റംവരുത്തുക വലിയ പ്രയാസമാണ്.
അമിതമായി മദ്യപിക്കുന്ന പലരിലും കണ്ടുവരുന്ന ഒരു പ്രവണത, അങ്ങനെയൊരു പ്രശ്നമുള്ളതായി അംഗീകരിക്കാതിരിക്കുക എന്നതാണ്. “മറ്റെല്ലാവരെയുംപോലെയേ ഞാൻ കുടിക്കുന്നുള്ളൂ” എന്നോ “എപ്പോൾ വേണമെങ്കിലും എനിക്കതു നിറുത്താനാകും” എന്നോ അവർ അവകാശപ്പെടുന്നു. റഷ്യയിലുള്ള കൊൺസ്റ്റന്റിൻ ഇങ്ങനെ പറയുന്നു: “മദ്യപാനം എന്നെ മരണത്തോടു മുഖാമുഖം കൊണ്ടുവന്നിട്ടും ഞാൻ ഒരു മദ്യാസക്തനാണെന്ന് എനിക്കു തോന്നിയില്ല. അതുകൊണ്ട് അത് ഉപേക്ഷിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചില്ല.” പോളണ്ടിലുള്ള മാറെക്ക് പറയുന്നതു ശ്രദ്ധിക്കുക: “ഈ ശീലം ഉപേക്ഷിക്കാൻ ഞാൻ പലവട്ടം ശ്രമിച്ചെങ്കിലും ഞാൻ ഒരു മദ്യാസക്തനാണെന്ന് ഞാൻ അംഗീകരിച്ചതേയില്ല. മദ്യപാന സംബന്ധമായ പ്രശ്നങ്ങളെ ഞാനത്ര കാര്യമാക്കിയില്ല.”
മദ്യപാനം തന്റെ ഒരു ബലഹീനതയാണെന്നു തിരിച്ചറിയാനും അതു തരണം ചെയ്യാൻ ക്രിയാത്മക പടികൾ സ്വീകരിക്കാനും ഒരു വ്യക്തിയെ എങ്ങനെ സഹായിക്കാനാകും? തന്റെ പ്രശ്നങ്ങൾക്കു കാരണം മദ്യപാനമാണെന്നും അതിൽനിന്നു വിട്ടുനിൽക്കുന്നത് ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും ആദ്യംതന്നെ അദ്ദേഹം സമ്മതിക്കേണ്ടതുണ്ട്. ലാ റെവുവെ ഡുവെ പ്രാറ്റിസ്യെൻ —മെഡ്സിൻ ഷേനേറാൽ പ്രസ്താവിക്കുന്നതനുസരിച്ച്, “ഭാര്യ എന്നെ വിട്ടുപോകുകയും എനിക്കു ജോലി നഷ്ടമാകുകയും ചെയ്തതുകൊണ്ട് ഞാൻ കുടിക്കുന്നു” എന്നു ചിന്തിക്കാതെ “ഞാൻ കുടിക്കുന്നതുകൊണ്ട് ഭാര്യ എന്നെ വിട്ടുപോകുകയും എനിക്കു ജോലി നഷ്ടമാകുകയും ചെയ്തു” എന്നു ചിന്തിക്കാൻ അദ്ദേഹം പ്രേരിതനാകണം.
ചിന്താഗതിയിൽ ഇങ്ങനെയൊരു മാറ്റം വരുത്താൻ ഒരു മദ്യാസക്തനെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നപക്ഷം പിൻവരുന്ന നിർദേശങ്ങൾ പിൻപറ്റുന്നതു സഹായകം ആയിരുന്നേക്കാം: അദ്ദേഹം പറയുന്ന കാര്യങ്ങൾ നന്നായി ശ്രദ്ധിക്കുക; തന്റെ വികാരവിചാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ അദ്ദേഹത്തെ സഹായിക്കുന്ന നേരിട്ടുള്ള ചോദ്യങ്ങൾ ചോദിക്കുക; സമാനുഭാവം പ്രകടമാക്കുക; നിസ്സാരമായ പുരോഗതികൾക്കുപോലും അഭിനന്ദിക്കുക; സഹായം അഭ്യർഥിക്കുന്നതിനും തുറന്ന ആശയവിനിമയത്തിനും തടസ്സം സൃഷ്ടിക്കുന്നതരം മനോഭാവം പ്രകടിപ്പിക്കുകയോ അറുത്തുമുറിച്ചു സംസാരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. ഞാൻ മദ്യപാനം തുടർന്നാൽ എന്തു സംഭവിക്കും? നിറുത്തിയാൽ എന്തു സംഭവിക്കും? എന്നീ ചോദ്യങ്ങൾ അടിസ്ഥാനമാക്കി രണ്ടു ലിസ്റ്റു തയ്യാറാക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നതും സഹായകം ആയിരുന്നേക്കാം.
സഹായം തേടുന്ന വിധം
അമിതമായി മദ്യപിക്കാൻ ആരംഭിക്കുമ്പോൾ ഒരു വ്യക്തി വിലകെട്ടവനോ പ്രതീക്ഷയ്ക്കു വകയില്ലാത്തവനോ ആയിരിക്കുന്നില്ല. ചിലർക്കു സ്വയമേ അതിൽനിന്നു മോചിതരാകാൻപോലും കഴിയുന്നു. എന്നിരുന്നാലും മദ്യാസക്തരായ വ്യക്തികൾക്ക് ഇക്കാര്യത്തിൽ വിദഗ്ധ സഹായം ആവശ്യമായിരുന്നേക്കാം.b ചികിത്സയ്ക്കായി ചിലർക്ക് ആശുപത്രിയിൽ കിടക്കേണ്ടിവരുന്നില്ലെങ്കിലും മദ്യപാനം നിറുത്തുമ്പോഴുണ്ടാകുന്ന അസ്വാസ്ഥ്യങ്ങൾ ഗുരുതരമാകുന്നപക്ഷം അവരെ ആശുപത്രിയിൽ കിടത്തേണ്ടിവന്നേക്കാം. മദ്യപാനം നിറുത്തുമ്പോൾ ആദ്യഘട്ടത്തിൽ ഉണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങൾ രണ്ടുമുതൽ അഞ്ചുവരെ ദിവസങ്ങൾക്കുള്ളിൽ കെട്ടടങ്ങിയശേഷം മദ്യത്തോടുള്ള ആഗ്രഹം ശമിപ്പിക്കുന്നതിനും അത് ഉപയോഗിക്കുന്നതിൽനിന്നു വിട്ടുനിൽക്കുന്നതിൽ തുടരുന്നതിനും സഹായിക്കുന്ന മരുന്നുകൾ നൽകിയേക്കാം.
എന്നിരുന്നാലും ആസക്തിനിവാരണ പരിപാടികൾ എല്ലായ്പോഴും വിജയിക്കണമെന്നില്ല. ചികിത്സ ഒരു താത്കാലിക സഹായം മാത്രമാണ്, ഒരു പ്രതിവിധിയല്ല. പല ആസക്തിനിവാരണ പരിപാടികളിൽ പങ്കെടുത്ത വ്യക്തിയാണ് ഫ്രാൻസിലുള്ള അലൻ. “ആശുപത്രി വിട്ട ഉടൻതന്നെ ഞാൻ വീണ്ടും കുടി തുടങ്ങി. മദ്യപാനികളായ സുഹൃത്തുക്കളുമായി പിന്നെയും സഹവസിച്ചതായിരുന്നു കാരണം. അടിസ്ഥാനപരമായി, മദ്യപാനം നിറുത്താൻ ശരിയായ ഒരു പ്രേരകഘടകത്തിന്റെ അഭാവം എനിക്ക് ഉണ്ടായിരുന്നു” എന്ന് അദ്ദേഹം പറയുന്നു.
ശൂന്യത നികത്തുന്നു
മദ്യം ഇല്ലാതിരിക്കുന്നത് ഏറെക്കുറെ ഒരു ഉറ്റ സുഹൃത്തിനെ നഷ്ടമാകുന്നതുപോലെയാണ്. മദ്യപാനം നിറുത്തുമ്പോഴുണ്ടാകുന്ന ശൂന്യതാബോധമാണ് വീണ്ടും കുടി തുടങ്ങാൻ അനേകരെയും പ്രേരിപ്പിക്കുന്നത്. റഷ്യയിലുള്ള വാസിലി പറയുന്നു: “മദ്യപാനത്തെക്കുറിച്ചായിരുന്നു എപ്പോഴും എന്റെ ചിന്ത. ഒരു ദിവസം കുടിച്ചില്ലെങ്കിൽ അന്നത്തെ ജീവിതം അർഥശൂന്യം ആയിരുന്നു.” മദ്യാസക്തനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മദ്യത്തോടുള്ള ആസക്തി തൃപ്തിപ്പെടുത്തുന്നതാണ് ജീവിതത്തിൽ പരമപ്രധാനം. “മദ്യപിക്കുകയും മദ്യത്തിനുള്ള പണം സമ്പാദിക്കുകയും ചെയ്യുക എന്നതായിരുന്നു ജീവിതത്തിലെ എന്റെ ഏക ലക്ഷ്യം,” പോളണ്ടിലുള്ള യെഷി പറയുന്നു. വ്യക്തമായും മദ്യം ഉപയോഗിക്കുന്നതിൽനിന്നു വിട്ടുനിൽക്കുന്നതിൽ തുടരാൻ മദ്യാസക്തിയിൽനിന്നു രക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തി ജീവിതത്തിൽ പുതിയ ഒരു ലക്ഷ്യം കണ്ടെത്തേണ്ടതു മർമപ്രധാനമാണ്.
മദ്യപാനശീലത്തിൽ മാറ്റംവരുത്താൻ ശ്രമിക്കുന്നവർക്കുള്ള ബുദ്ധിയുപദേശം അടങ്ങിയ, ലോകാരോഗ്യ സംഘടനയുടെ ഒരു പ്രസിദ്ധീകരണം, വീണ്ടും കുടി തുടങ്ങാതിരിക്കാൻ അങ്ങനെയുള്ളവർ ഉദ്ദേശ്യപൂർണമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതു പ്രധാനമാണെന്ന് ഊന്നിപ്പറയുന്നു. ഉദാഹരണമായി അതു ചൂണ്ടിക്കാട്ടിയ ഒരു കാര്യം മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായിരുന്നു.
ആത്മീയ പ്രവർത്തനങ്ങളിൽ വ്യാപൃതനാകുന്നത് മദ്യത്തിന് ഒരു വ്യക്തിയുടെമേലുള്ള സ്വാധീനത്തിൽനിന്നു മുക്തിനേടാൻ അദ്ദേഹത്തെ സഹായിച്ചേക്കാം. ഉദാഹരണത്തിന്, മദ്യപാനവുമായി ബന്ധപ്പെട്ടു ചെയ്ത കുറ്റകൃത്യങ്ങൾ നിമിത്തം മൂന്നു പ്രാവശ്യം ജയിലിൽ കഴിഞ്ഞതിനുശേഷം അലൻ യഹോവയുടെ സാക്ഷികളുമൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. അദ്ദേഹം പറയുന്നു: “ബൈബിൾ പഠിച്ചതിലൂടെ എന്റെ ജീവിതത്തിന് ഒരു ഉദ്ദേശ്യം കൈവന്നു. മദ്യത്തിനു വഴിപ്പെടാതിരിക്കാൻ ആ പഠനം എന്നെ പ്രാപ്തനാക്കി. മദ്യപാനം നിറുത്തുക എന്നതിലുപരി യഹോവയെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹം എനിക്കു പ്രചോദനം പകർന്നു.”
വീണ്ടും വീണുപോകുമ്പോൾ
മദ്യാസക്തിയിൽനിന്നു മോചനം നേടിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിക്ക് സഹായവും പ്രോത്സാഹനവും നൽകേണ്ടതു പ്രധാനമാണെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അനേകം മദ്യപാനികൾക്കും തങ്ങളുടെ അധഃപതിച്ച അവസ്ഥ നിമിത്തം കുടുംബവും സുഹൃത്തുക്കളും നഷ്ടമായിരിക്കുന്നു. അതുമൂലമുള്ള ഒറ്റപ്പെടൽ വിഷാദത്തിനും ആത്മഹത്യയ്ക്കുംപോലും കാരണമായേക്കാം. മുമ്പു പരാമർശിച്ച പ്രസിദ്ധീകരണം, മദ്യപാനത്തിൽനിന്നു കരകയറാൻ മറ്റുള്ളവരെ സഹായിക്കുന്നവർക്ക് ഈ ഉപദേശം നൽകുന്നു: “നിങ്ങൾ സഹായിക്കുന്ന വ്യക്തിയുടെ പെരുമാറ്റം നിങ്ങളെ അലോസരപ്പെടുത്തുകയോ നിരാശപ്പെടുത്തുകയോ ചെയ്താൽപ്പോലും ഒരിക്കലും അദ്ദേഹത്തെ വിമർശിക്കാതിരിക്കാൻ ശ്രമിക്കുക. ശീലങ്ങളിൽ മാറ്റംവരുത്തുക എളുപ്പമല്ലെന്ന് ഓർക്കുക. അദ്ദേഹം ചില ആഴ്ചകളിൽ വിജയിച്ചാൽ മറ്റു ചില ആഴ്ചകളിൽ പരാജയപ്പെട്ടേക്കാം. കുറഞ്ഞ അളവിൽ മാത്രം മദ്യപിക്കാനോ മദ്യം തീർത്തും ഒഴിവാക്കാനോ വേണ്ടി നിങ്ങൾ നൽകുന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനുമൊപ്പം പുതിയ ആശയഗതികൾക്കു രൂപംകൊടുക്കാനുള്ള നിങ്ങളുടെ കഴിവും ഇക്കാര്യത്തിൽ ആവശ്യമാണ്.”
30 വർഷത്തോളം മദ്യപിച്ചിരുന്ന ഇലാറിയോ പറയുന്നു: “യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിലുള്ള സുഹൃത്തുക്കളുടെ സ്നേഹവും കരുതലും ആണ് എന്നെ സഹായിച്ചത്. പഴയ ശീലത്തിലേക്കു ഞാൻ പലതവണ വീണുപോയെങ്കിലും എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടും സന്ദർഭോചിതമായ ബൈബിൾ ബുദ്ധിയുപദേശം നൽകിക്കൊണ്ടും അവർ എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു.”
മദ്യാസക്തിയിൽനിന്നുള്ള മോചനത്തിനായി പാടുപെടുന്ന ഒരാളാണു നിങ്ങളെങ്കിൽ പിന്നെയും നിങ്ങൾ മദ്യപിക്കാനുള്ള സാധ്യത ഉണ്ടെന്ന് ഓർക്കുക. എന്നാൽ അങ്ങനെ സംഭവിക്കുമ്പോൾ അതിനെ വിജയത്തിലേക്കുള്ള യാത്രയുടെ ഒരു ഭാഗമായിവേണം കരുതാൻ. ഒരിക്കലും ശ്രമം ഉപേക്ഷിക്കരുത്. വീണ്ടും കുടിക്കാൻ കാരണമായത് എന്താണെന്നു വിശകലനം ചെയ്യുകയും ആ അറിവ് ഉപയോഗിച്ചുകൊണ്ട്, പിന്നെയും മദ്യപിക്കാനുള്ള സാധ്യത ഒഴിവാക്കുകയും ചെയ്യുക. മദ്യത്തോടുള്ള ആഗ്രഹം ജനിപ്പിക്കുന്ന പ്രത്യേക സാഹചര്യങ്ങൾ തിരിച്ചറിയുക. മദ്യപാനം ഉൾപ്പെട്ടിരിക്കുന്ന പരിപാടികൾ അല്ലെങ്കിൽ മദ്യപിക്കുന്ന സ്ഥലങ്ങൾ, മുഷിപ്പ്, വിഷാദം, ഏകാന്തത, വാഗ്വാദങ്ങൾ, സമ്മർദം എന്നിവ മദ്യപിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവ ഒഴിവാക്കുക! മദ്യം പൂർണമായി ഒഴിവാക്കാൻ രണ്ടു വർഷം കാത്തിരിക്കേണ്ടിവന്ന യെഷി ഇങ്ങനെ പറയുന്നു: “മദ്യപാനത്തിലേക്കു നയിച്ചേക്കാവുന്ന വികാരങ്ങൾ മനസ്സിലാക്കാനും വേർതിരിച്ചറിയാനും ഞാൻ പഠിച്ചു. പ്രലോഭനാത്മകമായ ഏതൊരു സാഹചര്യവും ഞാൻ ഒഴിവാക്കുന്നു. ആളുകൾ മദ്യപിക്കുന്ന ഇടങ്ങളിൽനിന്നു ഞാൻ അകന്നുനിൽക്കുന്നു. ആൽക്കഹോൾ അടങ്ങിയ ഭക്ഷണപദാർഥങ്ങളും അത്തരത്തിലുള്ള ശരീര സംരക്ഷക വസ്തുക്കളോ മരുന്നുകളോപോലും ഞാൻ ഒഴിവാക്കുന്നു. മദ്യത്തിന്റെ പരസ്യങ്ങളും ഞാൻ നോക്കാറില്ല.” “അത്യന്തശക്തി”ക്കായി ദൈവത്തോടു പ്രാർഥിക്കുക എന്നതാണ് മദ്യപിക്കാനുള്ള പ്രലോഭനം തരണം ചെയ്യാൻ അടിസ്ഥാനപരമായി ആവശ്യമായിരിക്കുന്നതെന്ന് അനേകർ മനസ്സിലാക്കിയിരിക്കുന്നു.—2 കൊരിന്ത്യർ 4:7; ഫിലിപ്പിയർ 4:6, 7.
മോചനം!
മദ്യാസക്തിയിൽനിന്നു കരകയറാനുള്ള ശ്രമം തുടർച്ചയായ ഒരു വെല്ലുവിളി ആയിരുന്നേക്കാമെങ്കിലും അതിന്റെ അടിമത്തത്തിൽനിന്നുള്ള മോചനം സാധ്യമാണ്. ഈ ലേഖനത്തിൽ പരാമർശിച്ച എല്ലാവരും അതിൽ വിജയിച്ചവരാണ്. മെച്ചപ്പെട്ട ആരോഗ്യം ആസ്വദിക്കുന്ന അവർ കുടുംബജീവിതത്തിലും തൊഴിൽരംഗത്തും അനേകം പ്രയോജനങ്ങൾ കൊയ്യുന്നു. അലൻ പറയുന്നു: “മദ്യപാനം ഒരുക്കിയ കുരുക്കിൽനിന്നു ഞാനിതാ പുറത്തുവന്നിരിക്കുന്നു.” കൊൺസ്റ്റന്റിൻ പറയുന്നത് ഇങ്ങനെയാണ്: “യഹോവയെ അറിയാൻ ഇടയായത് എന്റെ കുടുംബത്തിനു രക്ഷയായി. ഇപ്പോൾ എന്റെ ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ട്. മദ്യമല്ല എന്റെ സന്തോഷത്തിന് അടിസ്ഥാനം.” ബിക്റ്റർ പറയുന്നതു ശ്രദ്ധിക്കുക: “എനിക്കു സ്വാതന്ത്ര്യം ലഭിച്ചതുപോലെ തോന്നുന്നു. എന്റെ അന്തസ്സും വ്യക്തിത്വവും എനിക്കു തിരിച്ചുകിട്ടിയിരിക്കുന്നു.”
ഒരു വ്യക്തി, അമിത മദ്യപാനത്തിന്റെ ഫലമായി അപകടത്തിന്റെ പാതയിൽ ആയിരിക്കുകയോ മദ്യദുരുപയോഗത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയോ മദ്യാസക്തനായിത്തീർന്നിരിക്കുകയോ ആണെങ്കിലും അദ്ദേഹത്തിനു മാറ്റം വരുത്താനാകും. മദ്യപാനം നിങ്ങളുടെ ക്ഷേമത്തിനു ഭീഷണിയായിരിക്കുന്നപക്ഷം ആവശ്യമായ മാറ്റം വരുത്താൻ മടിക്കരുത്. അതു നിങ്ങളുടെയും നിങ്ങളെ സ്നേഹിക്കുന്നവരുടെയും നന്മയിൽ കലാശിക്കും.
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b സഹായകമായ അനേകം ചികിത്സാകേന്ദ്രങ്ങളും ആശുപത്രികളും പുനരധിവാസ പരിപാടികളും ഉണ്ട്. യഹോവയുടെ സാക്ഷികൾ ഏതെങ്കിലും ഒരു പ്രത്യേക ചികിത്സ ശുപാർശ ചെയ്യുന്നില്ല. സഹായം തേടുമ്പോൾ, തിരുവെഴുത്തു തത്ത്വങ്ങൾക്കു ചേർച്ചയിലല്ലാത്ത പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ആത്യന്തികമായി, ഏതുതരം ചികിത്സയാണു തനിക്കു വേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്.
[10-ാം പേജിലെ ചിത്രം]
പ്രശ്നം ഉള്ളതായി സമ്മതിക്കുക എന്നതാണ് ആദ്യപടി
[11-ാം പേജിലെ ചിത്രം]
കരകയറാൻ അനേകർക്കും വിദഗ്ധ സഹായം ആവശ്യമാണ്
[12-ാം പേജിലെ ചിത്രം]
പ്രാർഥന സഹായകമാണ്
[12-ാം പേജിലെ ചിത്രം]
മദ്യപാനത്തിൽനിന്നു വിട്ടുനിൽക്കാനുള്ള ശക്തി കൈവരിക്കാൻ നിങ്ങൾക്കു കഴിയും!