മൈക്കിൾ സെർവീറ്റസ് സത്യാന്വേഷണത്തിൽ ഒരു ഏകാന്തപഥികൻ
സ്പെയിനിലെ ഉണരുക! ലേഖകൻ
സ്വിറ്റ്സർലൻഡിലെ ജനീവയിൽ 1553 ഒക്ടോബർ 27-ന് മൈക്കിൾ സെർവീറ്റസിനെ ഒരു സ്തംഭത്തിൽ ചുട്ടെരിച്ചു. ജോൺ കാൽവിന്റെ ഉപദേഷ്ടാവും സെർവീറ്റസിന്റെ വധത്തിന്റെ സൂത്രധാരനുമായ ഗിയോം ഫാരൽ കാണികൾക്ക് ഇങ്ങനെ മുന്നറിയിപ്പു നൽകി: “താൻ പഠിപ്പിക്കുന്നതു സത്യമാണെന്നു വിശ്വസിച്ചിരുന്ന ഒരു ജ്ഞാനിയായിരുന്നു സെർവീറ്റസ്. പക്ഷേ അയാൾ പിശാചിന്റെ സ്വാധീനത്തിൽ വീണുപോയി. . . . നിങ്ങൾക്കും ഈ ഗതി വരാതെ സൂക്ഷിക്കുക!” ഇത്ര ഭീതിദമായ മരണശിക്ഷ അർഹിക്കുന്ന എന്തു തെറ്റാണ് ഈ ഹതഭാഗ്യൻ ചെയ്തത്?
മൈക്കിൾ സെർവീറ്റസ് 1511-ൽ സ്പെയിനിലെ ബില്യാൻവാബാ ഡി സിക്കേന എന്ന ഗ്രാമത്തിലാണു ജനിച്ചത്. ചെറുപ്പം മുതലേ അദ്ദേഹം പഠനത്തിൽ ബഹുസമർഥനായിരുന്നു. ഒരു ജീവചരിത്രകാരൻ പറയുന്നതനുസരിച്ച് “പതിന്നാലു വയസ്സായപ്പോഴേക്കും സെർവീറ്റസ് ഗ്രീക്ക്, ലത്തീൻ, എബ്രായ എന്നീ ഭാഷകൾ വശമാക്കിയിരുന്നു. കൂടാതെ തത്ത്വശാസ്ത്രം, ഗണിതശാസ്ത്രം, ദൈവശാസ്ത്രം എന്നിവയിലും വേണ്ടത്ര അറിവുനേടിയിരുന്നു.”
കൗമാരപ്രായക്കാരനായ സെർവീറ്റസിനെ സ്പെയിനിലെ ചാൾസ് അഞ്ചാമൻ ചക്രവർത്തിയുടെ സ്വകാര്യപുരോഹിതനായ ഹ്വാൻ കെന്റാനാ അദ്ദേഹത്തിന്റെ സഹായിയായി നിയമിച്ചു. ഔദ്യോഗിക യാത്രകളിൽ അദ്ദേഹത്തോടൊപ്പം പോകുമായിരുന്ന സെർവീറ്റസിന് സ്പെയിനിലെ മതഭിന്നതകളുടെ അടിവേരുകൾ കണ്ടെത്താനായി. സ്പെയിനിൽ യഹൂദരെയും മുസ്ലീങ്ങളെയും നാടുകടത്തുകയോ നിർബന്ധിച്ചു കത്തോലിക്കാമതത്തിൽ ചേർക്കുകയോ ചെയ്തിരുന്നു.a
പതിനാറാം വയസ്സിൽ സെർവീറ്റസ് നിയമബിരുദം നേടാനായി ഫ്രാൻസിലെ ടൂലൂസ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. അവിടെവെച്ചാണ് അദ്ദേഹം ആദ്യമായി സമ്പൂർണ ബൈബിൾ കാണുന്നത്. ബൈബിൾ വായിക്കുന്നത് കർശനമായി വിലക്കിയിരുന്നെങ്കിലും അദ്ദേഹം രഹസ്യമായി അതു വായിച്ചു. ആദ്യവായന പൂർത്തിയാക്കിയ സെർവീറ്റസ് ഇനി “ഒരായിരം വട്ടം” അതു വായിക്കുമെന്നു ശപഥം ചെയ്തു. ടൂലൂസിലായിരുന്നപ്പോൾ അദ്ദേഹം പഠിച്ചത് കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ട് എന്ന ബൈബിൾ ഭാഷാന്തരം ആയിരിക്കാം. അത് ലത്തീൻ വിവർത്തനത്തോടൊപ്പം എബ്രായ, ഗ്രീക്ക് എന്നീ മൂലഭാഷകളിലും തിരുവെഴുത്തുകൾ വായിക്കാൻ അവസരമേകി.b ബൈബിളിന്റെ പഠനത്തോടൊപ്പം സ്പെയിനിലെ പുരോഹിതവൃന്ദത്തിനിടയിൽ നടമാടിയ ധാർമിക അധഃപതനം കാണുകയുംകൂടി ചെയ്തപ്പോൾ കത്തോലിക്കാമതത്തിലുള്ള സെർവീറ്റസിന്റെ വിശ്വാസത്തിന് ഇളക്കം തട്ടി.
ചാൾസ് അഞ്ചാമൻ രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ പങ്കെടുത്തപ്പോൾ സെർവീറ്റസിന്റെ സംശയങ്ങൾക്ക് ആക്കം കൂടി. സ്പെയിനിലെ രാജാവിനെ ക്ലെമന്റ് ഏഴാമൻ പാപ്പാ വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി അവരോധിച്ചു. രാജാവിനെ സ്വീകരിക്കാൻ സിംഹാസനത്തിൽ എഴുന്നെള്ളിച്ചുകൊണ്ടുവന്ന പാപ്പായുടെ പാദങ്ങളിൽ രാജാവ് ചുംബനമർപ്പിച്ചു. സെർവീറ്റസ് പിന്നീട് ഇപ്രകാരം എഴുതി: “പാപ്പായെ സർവാഢംബര വിഭൂഷിതനായി രാജകുമാരന്മാരുടെ ചുമലിലേറ്റി എഴുന്നെള്ളിക്കുന്നതും അദ്ദേഹത്തിന് സ്തുത്യാദരങ്ങൾ അർപ്പിച്ചുകൊണ്ടു ജനങ്ങൾ നഗരവീഥികളിൽ തടിച്ചുകൂടിയിരിക്കുന്നതും ഞാൻ നേരിൽ കാണാൻ ഇടയായി.” അവിടെ കണ്ട അതിരുകവിഞ്ഞ ആർഭാടങ്ങളെയും ധാരാളിത്തത്തെയും സുവിശേഷങ്ങളിലെ ലാളിത്യവുമായി പൊരുത്തപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
മതസത്യങ്ങൾക്കായുള്ള അദ്ദേഹത്തിന്റെ ദാഹം
കെന്റാനായുടെ കൂടെയുള്ള ജോലി ആർക്കും സംശയമുളവാക്കാത്തവിധം ഉപേക്ഷിച്ച സെർവീറ്റസ് സത്യം തേടിയുള്ള തന്റെ ഏകാന്തയാത്ര തുടങ്ങി. ക്രിസ്തുവിന്റെ സന്ദേശം ദൈവശാസ്ത്രജ്ഞരെയും തത്ത്വചിന്തകരെയും ഉദ്ദേശിച്ചുള്ളതായിരുന്നില്ല പകരം അതു മനസ്സിലാക്കി അതനുസരിച്ചു പ്രവർത്തിക്കുന്ന സാധാരണക്കാർക്കു വേണ്ടിയുള്ളതാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് ബൈബിൾ വാക്യങ്ങൾ മൂലഭാഷകളിൽത്തന്നെ പരിശോധിക്കാനും തിരുവെഴുത്തിനു വിരുദ്ധമായ പഠിപ്പിക്കലുകളെ തള്ളിക്കളയാനും അദ്ദേഹം തീരുമാനിച്ചു. അദ്ദേഹത്തിന്റെ കൃതികളിൽ “സത്യം” എന്ന പദവും അതിനോടു ബന്ധപ്പെട്ട പദങ്ങളും മറ്റേതൊരു പദത്തെക്കാളും കൂടെക്കൂടെ കാണുന്നുവെന്നത് ശ്രദ്ധേയമാണ്.
ചരിത്രത്തിന്റെയും ബൈബിളിന്റെയും പഠനത്തിൽനിന്ന് ക്രിസ്ത്യാനിത്വം ആദ്യ മൂന്നു നൂറ്റാണ്ടുകളിൽത്തന്നെ കളങ്കപ്പെട്ടതായി സെർവീറ്റസ് തിരിച്ചറിഞ്ഞു. കോൺസ്റ്റന്റയ്നും പിൻഗാമികളും വ്യാജോപദേശങ്ങൾ ഉന്നമിപ്പിച്ചതാണ് ക്രമേണ ത്രിത്വോപദേശം ഒരു ഔദ്യോഗിക പഠിപ്പിക്കലായി സ്വീകരിക്കുന്നതിലേക്കു നയിച്ചതെന്ന് അദ്ദേഹത്തിനു മനസ്സിലായി. 20-ാമത്തെ വയസ്സിൽ സെർവീറ്റസ് ത്രിത്വോപദേശത്തിലെ പാളിച്ചകൾ (ഇംഗ്ലീഷ്) എന്ന തന്റെ കൃതി പ്രകാശനം ചെയ്തു. മതവിചാരണയുടെ പ്രതിക്കൂട്ടിലേക്ക് അദ്ദേഹത്തെ വലിച്ചിഴച്ച മുഖ്യകാരണമായിരുന്നു ഈ പുസ്തകം.
സെർവീറ്റസിനു കാര്യങ്ങൾ വളരെ വ്യക്തമായിരുന്നു. അദ്ദേഹം എഴുതി: “ബൈബിളിൽ ത്രിത്വത്തെക്കുറിച്ചുള്ള ഒരു പരാമർശംപോലും ഇല്ല. . . . നാം അഭിമാനംകൊള്ളുന്ന തത്ത്വശാസ്ത്ര സങ്കൽപ്പങ്ങളിലൂടെയല്ല നാം ദൈവത്തെക്കുറിച്ച് അറിയുന്നത്, മറിച്ച് ക്രിസ്തുവിലൂടെയാണ്.”c കൂടാതെ പരിശുദ്ധാത്മാവ് ഒരു വ്യക്തിയല്ല പകരം ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണ് എന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു.
സെർവീറ്റസിന് ചില അനുകൂല പ്രതികരണങ്ങൾ സൃഷ്ടിക്കാനായി. പ്രൊട്ടസ്റ്റന്റ് നവീകർത്താവായ സെബാസ്റ്റ്യൻ ഫ്രാങ്ക് ഇപ്രകാരം എഴുതി: “സ്പെയിൻകാരനായ സെർവീറ്റസ് ദൈവം ഏകനാണെന്നു തന്റെ ലഘുലേഖയിൽ സമർഥിക്കുന്നു. റോമൻ സഭ മൂന്നാളുകൾ ചേർന്ന ഒരു ദൈവത്തെക്കുറിച്ചാണ് പഠിപ്പിക്കുന്നത്. ഞാൻ ആ സ്പെയിൻകാരന്റെ പക്ഷത്താണ്.” എന്തുതന്നെയായാലും റോമൻ കത്തോലിക്കാ സഭയോ പ്രൊട്ടസ്റ്റന്റ് സഭകളോ തങ്ങളുടെ അടിസ്ഥാന ഉപദേശത്തെ ചോദ്യം ചെയ്ത സെർവീറ്റസിനോടു ക്ഷമിക്കാൻ കൂട്ടാക്കിയില്ല.
ബൈബിൾ പഠിച്ചതിന്റെ ഫലമായി മറ്റു മതോപദേശങ്ങളും സെർവീറ്റസ് തള്ളിക്കളഞ്ഞു. പ്രതിമകളുടെ ഉപയോഗം തിരുവെഴുത്തുവിരുദ്ധമായി അദ്ദേഹം കണക്കാക്കി. ത്രിത്വോപദേശത്തിലെ പാളിച്ചകൾ എന്ന പുസ്തകം പ്രകാശനം ചെയ്ത് ഒന്നരവർഷം കഴിഞ്ഞപ്പോൾ കത്തോലിക്കരെയും പ്രൊട്ടസ്റ്റന്റുകാരെയുംകുറിച്ച് സെർവീറ്റസ് ഇപ്രകാരം പറഞ്ഞു: “മതപഠിപ്പിക്കലുകളുടെ കാര്യത്തിൽ ഏതെങ്കിലും ഒരു വിഭാഗം പൂർണമായി ശരിയാണെന്നോ മറ്റേ വിഭാഗം പൂർണമായി തെറ്റാണെന്നോ ഞാൻ പറയുന്നില്ല. കാരണം എന്റെ നോട്ടത്തിൽ ഇരുകൂട്ടരുടെയും പഠിപ്പിക്കലുകളിൽ കുറെ സത്യവും കുറെ വ്യാജവും ഉണ്ട്. പക്ഷേ എല്ലാവരും മറ്റുള്ളവരുടെ തെറ്റുകൾ കാണുന്നു, ആരും സ്വന്തം തെറ്റു തിരിച്ചറിയുന്നില്ല.” സത്യം തേടിയുള്ള യാത്രയിൽ അദ്ദേഹം ഒറ്റയ്ക്കായിരുന്നു.d
സത്യാന്വേഷണത്തിൽ ആത്മാർഥത പുലർത്തിയിരുന്നെങ്കിലും സെർവീറ്റസ് ചില തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേർന്നു. ഉദാഹരണമായി അർമഗെദോനും ക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ചയും തന്റെ ജീവിതകാലത്തുതന്നെ സംഭവിക്കുമെന്ന് അദ്ദേഹം കരുതി.
ശാസ്ത്രീയ സത്യങ്ങൾക്കായുള്ള അന്വേഷണം
പീഡകരിൽനിന്നും പലായനം ചെയ്ത സെർവീറ്റസ് തന്റെ പേര് വീയാനോവാനൂസ് എന്നാക്കി മാറ്റി. അദ്ദേഹം പാരീസിൽ താമസമാക്കി. അവിടെവെച്ച് കലയിലും വൈദ്യശാസ്ത്രത്തിലും ബിരുദം നേടി. ശാസ്ത്രീയകാര്യങ്ങളിലെ ജിജ്ഞാസ നിമിത്തം അദ്ദേഹം ശരീരാവയവങ്ങളെ കീറിമുറിച്ചു പരിശോധിച്ച് അതിന്റെ ഘടനയും പ്രവർത്തനങ്ങളും മനസ്സിലാക്കി. ശ്വാസകോശ-രക്തചംക്രമണ വ്യവസ്ഥയെക്കുറിച്ചു വിവരിച്ച ആദ്യത്തെ യൂറോപ്യനായിരിക്കാം ഒരുപക്ഷേ സെർവീറ്റസ്. ഇതേക്കുറിച്ച് ക്രിസ്ത്യാനിത്വത്തിന്റെ പുനരുദ്ധാരണം (ഇംഗ്ലീഷ്) എന്ന കൃതിയിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. രക്തപര്യയനവ്യവസ്ഥയെക്കുറിച്ചുള്ള ഒരു പൂർണചിത്രം വില്യം ഹാർവി അവതരിപ്പിക്കുന്നതിന് 75 വർഷം മുമ്പായിരുന്നു സെർവീറ്റസിന്റെ ഈ വിവരണം.
ടോളമിയുടെ ജിയോഗ്രഫി എന്ന ഗ്രന്ഥത്തിന്റെ ഒരു പരിഷ്കരിച്ച പതിപ്പ് സെർവീറ്റസ് തയ്യാറാക്കി. അതു വൻവിജയമായിരുന്നു. തന്നിമിത്തം ചിലർ അദ്ദേഹത്തെ താരതമ്യഭൂമിശാസ്ത്രത്തിന്റെയും വംശവിവരണശാസ്ത്രത്തിന്റെയും പിതാവ് എന്നു വിളിക്കുകയുണ്ടായി. പിന്നീട് ജനീവയിൽ നടന്ന സെർവീറ്റസിന്റെ വിചാരണാവേളയിൽ, പാലസ്തീനെക്കുറിച്ച് ഫലഭൂയിഷ്ഠമല്ലാത്ത തരിശുഭൂമി എന്ന് അദ്ദേഹം നടത്തിയ പ്രസ്താവനയെച്ചൊല്ലി ആരോപണമുയർന്നു. എന്നാൽ താൻ വിവരിച്ചത് ഇപ്പോഴത്തെ പാലസ്തീനെക്കുറിച്ചാണ്, മോശെയുടെ നാളിലെ പാലും തേനും ഒഴുകുന്ന പാലസ്തീനെക്കുറിച്ചല്ല എന്ന് അദ്ദേഹം പ്രതിവാദം നടത്തി.
സെർവീറ്റസ് യൂണിവേഴ്സൽ ട്രീറ്റീസ് ഓൺ സിറപ്സ് എന്നൊരു പുസ്തകവും എഴുതി. ഇത് പഴങ്ങളുടെ സത്ത് ഉപയോഗിച്ചുള്ള ചികിത്സാരീതി സംബന്ധിച്ച് സന്തുലിതമായ ഒരു പുതിയ വീക്ഷണം പ്രദാനം ചെയ്തു. അതിൽ അടങ്ങിയിരുന്ന വൈദ്യശാസ്ത്രവിജ്ഞാനം അദ്ദേഹത്തെ ഔഷധശാസ്ത്രരംഗത്തും വിറ്റാമിനുകളുടെ ഉപയോഗത്തിലും ഒരു മാർഗദർശിയാക്കി. നാനാതുറകളിലുള്ള സെർവീറ്റസിന്റെ വൈദഗ്ധ്യം കണക്കാക്കി “മാനവരാശിയുടെ അറിവിന്റെ ഭണ്ഡാരത്തിലേക്കു വിലയേറിയ സംഭാവനകൾ അർപ്പിച്ച ബഹുമുഖപ്രതിഭകളിൽ ഒരാളായി” ഒരു ചരിത്രകാരൻ അദ്ദേഹത്തെ വിശേഷിപ്പിച്ചു.
ഒരു ശക്തനായ എതിരാളി
സത്യാന്വേഷികൾക്ക് എക്കാലത്തും നിരവധി എതിരാളികൾ ഉണ്ടായിരുന്നിട്ടുണ്ട്. (ലൂക്കൊസ് 21:15) ജനീവയിൽ പ്രൊട്ടസ്റ്റന്റ് ആശയത്തിലുള്ള ഏകാധിപത്യഭരണം സ്ഥാപിച്ച ജോൺ കാൽവിൻ അതിൽ ഒരാളായിരുന്നു. ചരിത്രകാരനായ വിൽ ഡ്യൂറന്റിന്റെ അഭിപ്രായത്തിൽ “കാൽവിൻ മേധാവിത്വം പുലർത്തിയിരുന്നത് നിയമത്തിലൂടെയോ അടിച്ചമർത്തലിലൂടെ ആയിരുന്നില്ല മറിച്ച് നിശ്ചയദാർഢ്യവും ശക്തമായ വ്യക്തിത്വവും ഉപയോഗിച്ചായിരുന്നു. കൂടാതെ എന്തു വിശ്വസിക്കണമെന്ന് സ്വന്തമായി തീരുമാനമെടുത്തിരുന്നവരെ എതിർക്കുന്ന കാര്യത്തിൽ പാപ്പാമാരെപ്പോലെതന്നെയായിരുന്നു അദ്ദേഹവും.”
സെർവീറ്റസും കാൽവിനും യുവാക്കളായിരുന്നപ്പോൾ സാധ്യതയനുസരിച്ച് പാരീസിൽവെച്ചു കണ്ടുമുട്ടിയിരിക്കാം. തുടക്കംമുതൽത്തന്നെ വ്യക്തിത്വഭിന്നതകൾ ഉടലെടുക്കുകയും കാൽവിൻ സെർവീറ്റസിന്റെ ബദ്ധശത്രുവായിത്തീരുകയും ചെയ്തു. പ്രൊട്ടസ്റ്റന്റ് മതനവീകരണ പ്രസ്ഥാനത്തിനു നേതൃത്വം വഹിച്ച കാൽവിൻ കത്തോലിക്കാ മതവിചാരണസംഘത്തിന്റെ മുമ്പാകെ സെർവീറ്റസിനെതിരെ കുറ്റാരോപണം നടത്തി. സെർവീറ്റസ് ഫ്രാൻസിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. എന്നാൽ അവിടെ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. എന്നിരുന്നാലും ഫ്രാൻസിന്റെ അതിർത്തിയിലുള്ള ജനീവനഗരത്തിൽവെച്ച് അദ്ദേഹത്തെ പിടികൂടുകയും ജയിലിലടയ്ക്കുകയും ചെയ്തു. അവിടെ കാൽവിന്റെ വാക്കായിരുന്നു നിയമം.
സെർവീറ്റസിന്റെമേൽ കടുത്ത മർദ്ദനമുറകൾ പ്രയോഗിക്കാൻ കാൽവിൻ നിർദേശിച്ചു. എന്നിരുന്നാലും വിചാരണയ്ക്കിടയിൽ കാൽവിനുമായുണ്ടായ വാദപ്രതിവാദത്തിൽ, ബോധ്യം വരുത്തുന്ന തിരുവെഴുത്തധിഷ്ഠിതമായ തെളിവുകൾ നൽകിയാൽ തന്റെ ചിന്താഗതിക്കു മാറ്റംവരുത്താം എന്ന് സെർവീറ്റസ് പറഞ്ഞു. എന്നാൽ കാൽവിന് തെളിവുകൾ നൽകാൻ കഴിഞ്ഞില്ല. വിചാരണയ്ക്കുശേഷം അദ്ദേഹത്തെ സ്തംഭത്തിൽ ചുട്ടെരിക്കാൻ വിധിച്ചു. കത്തോലിക്കർ കോലം കത്തിക്കുകയും പ്രൊട്ടസ്റ്റന്റുകാർ ജീവനോടെ ചുട്ടെരിക്കുകയും ചെയ്ത ഒരേയൊരു മതവൈരിയായിരുന്നു സെർവീറ്റസ് എന്ന് ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നു.
മതസ്വാതന്ത്ര്യത്തിന്റെ തേരാളി
കാൽവിന് തന്റെ ശത്രുവിനെ ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിലും മറ്റുള്ളവർ അദ്ദേഹത്തിന്റെ വാക്കുകൾക്കു വിലകൽപ്പിക്കാതെയായി. സെർവീറ്റസിന്റെ വധം ഒരുതരത്തിലും നീതീകരിക്കാനാകാത്തതായിരുന്നു. അതു യൂറോപ്പിലുടനീളമുള്ള ചിന്തിക്കുന്ന ആളുകളെ ചൊടിപ്പിച്ചു. ഒപ്പം വ്യക്തിസ്വാതന്ത്ര്യത്തിനായി വാദിക്കുന്നവർക്കു കരുത്തേകുകയും ചെയ്തു. ആരും സ്വന്തം മതവിശ്വാസങ്ങളുടെപേരിൽ വധിക്കപ്പെടാൻ ഇടയാകരുതെന്ന് അവർ ശക്തമായി വാദിച്ചു. മതസ്വാതന്ത്ര്യത്തിനായി മുമ്പെന്നത്തേക്കാളും വീറോടെ പോരാടാൻ അവർ നിശ്ചയിച്ചുറച്ചു.
ഇറ്റലിയുടെ കവിയായ കാമില്ലൊ റെനാറ്റോയുടെ പ്രതിഷേധ വാക്കുകൾ ശ്രദ്ധിക്കുക: “ദൈവമോ ദൈവാത്മാവോ ഇത്തരം നടപടിയെ അനുകൂലിച്ചിട്ടില്ല. തന്നെ എതിർത്തവരോടു ക്രിസ്തു ഒരിക്കലും ഈ വിധത്തിൽ പെരുമാറിയിട്ടില്ല.” കൂടാതെ ഫ്രഞ്ചു മാനവതാവാദിയായ സെബാസ്റ്റ്യൻ ഷട്ടേയോ എഴുതി: “ഒരാളെ കൊല്ലുന്നതിലൂടെ മതോപദേശം സംരക്ഷിക്കാനാവില്ല, മറിച്ച് അയാളുടെ ജീവനഷ്ടത്തിനേ അത് ഇടയാക്കൂ.” സെർവീറ്റസ്തന്നെ ഇപ്രകാരം പറഞ്ഞിരുന്നു: “ചില തിരുവെഴുത്തു വ്യാഖ്യാനങ്ങളിൽ സംഭവിക്കുന്ന തെറ്റിന്റെ പേരിൽ ഒരാളെ കൊല്ലുന്നതു ഗൗരവമുള്ള ഒരു സംഗതിയാണ്. കാരണം തിരഞ്ഞെടുക്കപ്പെട്ടവർക്കുപോലും ചിലപ്പോൾ തെറ്റുപറ്റിയേക്കാം.”
സെർവീറ്റസിന്റെ വധത്തിന്റെ ദൂരവ്യാപകഫലങ്ങളെക്കുറിച്ച് മൈക്കിൾ സെർവീറ്റസ്—ബുദ്ധിരാക്ഷസൻ, മാനവികതാവാദി, രക്തസാക്ഷി (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “പൊതുയുഗം നാലാം നൂറ്റാണ്ടുമുതൽ പ്രബലമായിരുന്ന പ്രത്യയശാസ്ത്രത്തിനും ചിന്താഗതിക്കും സെർവീറ്റസിന്റെ മരണം ഒരു വഴിത്തിരിവായി.” ഈ പുസ്തകം തുടരുന്നു: “ചരിത്രപരമായ വീക്ഷണകോണിൽനിന്നു നോക്കുമ്പോൾ ആധുനിക സമൂഹത്തിനു മനസ്സാക്ഷിസ്വാതന്ത്ര്യം എന്ന പൗരാവകാശം അനുവദിച്ചുകിട്ടുന്നതിന് അദ്ദേഹത്തിന്റെ മരണം കാരണമായി.”
1908-ൽ ഫ്രാൻസിലെ ആൻമാസ് നഗരത്തിൽ സെർവീറ്റസിന്റെ ഒരു സ്മാരകം പണിതുയർത്തി. അത് അദ്ദേഹത്തിന്റെ മരണസ്ഥലത്തുനിന്നും ഏകദേശം അഞ്ചു കിലോമീറ്റർ അകലെയായിരുന്നു. അതിലുള്ള ആലേഖനം ഇപ്രകാരമാണ്: “ഭൂമിശാസ്ത്രജ്ഞനും ഡോക്ടറും ശരീരധർമ ശാസ്ത്രജ്ഞനും . . . ആയ മീഷൽ സെർവീറ്റ[സ്] തന്റെ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളാലും രോഗികൾക്കും ദരിദ്രർക്കും വേണ്ടി ചെയ്ത അകമഴിഞ്ഞ സേവനത്താലും തന്റെ ചിന്താഗതിയും മനസ്സാക്ഷിയും മറ്റാർക്കും അടിയറവെക്കാതെ കാത്തുസൂക്ഷിച്ചതിനാലും മാനവരാശിയുടെ ക്ഷേമത്തിനു സംഭാവന ചെയ്തു. അചഞ്ചലമായ ഉറച്ച ബോധ്യത്തിന്റെ ഉടമയായിരുന്ന അദ്ദേഹം സത്യത്തിനുവേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ചു.”
[അടിക്കുറിപ്പുകൾ]
a കത്തോലിക്കാമതത്തിൽ ചേരാൻ വിസമ്മതിച്ച 1,20,000 യഹൂദന്മാരെ സ്പെയിനിലെ അധികാരികൾ നാടുകടത്തുകയും നാടോടികളായ ആയിരക്കണക്കിനു മൂറുകളെ സ്തംഭത്തിൽ ചുട്ടെരിക്കുകയും ചെയ്തു.
b 2004 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിലെ “കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ട് ഒരു ചരിത്രപ്രധാന ഭാഷാന്തര സഹായി” എന്ന ലേഖനം കാണുക.
c യേശുക്രിസ്തുവിനെക്കുറിച്ച് ഒരു പ്രസ്താവന (ഇംഗ്ലീഷ്) എന്ന തന്റെ കൃതിയിൽ ത്രിത്വോപദേശം കുഴഞ്ഞുമറിഞ്ഞതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും ആണെന്ന് സെർവീറ്റസ് വിവരിച്ചു. തിരുവെഴുത്തുകളിൽ അതിനെപ്പറ്റിയുള്ള ഒരു ധ്വനിപോലുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
d സെർവീറ്റസ് ജയിലിലായിരിക്കെ തന്റെ അവസാന കത്ത് ഈ വാക്കുകളോടെ ഉപസംഹരിച്ചു: “ക്രിസ്തുവിന്റെ സംരക്ഷണയിൽ അടിയുറച്ചു വിശ്വസിച്ച്, ഏകനായി മൈക്കിൾ സെർവീറ്റസ്.”
[21-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
സെർവീറ്റസും യഹോവ എന്ന നാമവും
സെർവീറ്റസിന്റെ സത്യാന്വേഷണം യഹോവ എന്ന നാമം ഉപയോഗിക്കുന്നതിലേക്കും അദ്ദേഹത്തെ നയിച്ചു. വില്യം ടിൻഡെയ്ൽ പഞ്ചഗ്രന്ഥികളുടെ വിവർത്തനത്തിൽ ദൈവനാമം ഉൾപ്പെടുത്തി ഏതാനും മാസത്തിനുശേഷം സെർവീറ്റസ് തന്റെ ത്രിത്വോപദേശത്തിലെ പാളിച്ചകൾ എന്ന പുസ്തകത്തിലുടനീളം യഹോവ എന്ന നാമം ഉൾപ്പെടുത്തി. അദ്ദേഹം തന്റെ കൃതിയിൽ ഇപ്രകാരം വിവരിച്ചു: “എല്ലാറ്റിലും അത്യുന്നതമായിരിക്കുന്ന മറ്റേ നാമമായ יהוה [യോദ്ഹെവൗഹെ] . . . എന്നതിന്റെ അർഥം . . . ‘ആയിരിക്കാൻ അവൻ ഇടയാക്കുന്നു,’ ‘അസ്തിത്വത്തിലേക്ക് കൊണ്ടുവരുന്നവൻ,’ ‘കാരണഭൂതൻ’ എന്നെല്ലാമാണ്. യഹോവ എന്ന നാമം പിതാവിനു മാത്രമേ ഉചിതമായി യോജിക്കൂ.”
1542-ൽ, സാന്റേസ് പാനിനോയുടെ പ്രസിദ്ധമായ ലാറ്റിൻ ബൈബിൾ വിവർത്തനത്തിൽ സെർവീറ്റസ് ആവശ്യമായ തിരുത്തലുകൾ വരുത്തി (താഴെ കൊടുത്തിരിക്കുന്നു). അതിന്റെ മാർജിനിലെ വിപുലമായ കുറിപ്പുകളിൽ സെർവീറ്റസ് ദൈവനാമം ഉപയോഗിച്ചുകൊണ്ട് അതിന്റെ പ്രാധാന്യം എടുത്തുകാട്ടി. സങ്കീർത്തനം 83:18 പോലുള്ള പ്രധാനപ്പെട്ട തിരുവെഴുത്തുകളിൽ മുഖ്യപാഠഭാഗത്ത് “കർത്താവ്” എന്ന പദം ഉപയോഗിച്ചിരിക്കുന്നിടത്ത് മാർജിനിലെ പരാമർശങ്ങളിൽ അദ്ദേഹം യഹോവ എന്ന നാമം ഉൾപ്പെടുത്തി.
ക്രിസ്ത്യാനിത്വത്തിന്റെ പുനരുദ്ധാരണം എന്ന തന്റെ അവസാനകൃതിയിൽ യഹോവ എന്ന ദൈവനാമത്തെക്കുറിച്ച് സെർവീറ്റസ് ഇപ്രകാരം പ്രസ്താവിച്ചു: “പുരാതന നാളുകളിൽ നിരവധിപേർ ഈ നാമം ഉച്ചരിച്ചിരുന്നുവെന്നത് . . . വ്യക്തമാണ്.”
[ചിത്രം]
ഫ്രാൻസിലുള്ള ആൻമാസിലെ സ്മാരകം
[18-ാം പേജിലെ ചിത്രം]
സ്പെയിനിലെ മുസ്ലീങ്ങൾക്ക് നിർബന്ധിത മാമ്മോദീസ നൽകുന്ന 15-ാം നൂറ്റാണ്ടിലെ ഒരു കൊത്തുപണി
[കടപ്പാട്]
Capilla Real, Granada
[19-ാം പേജിലെ ചിത്രം]
“ത്രിത്വോപദേശത്തിലെ പാളിച്ചകൾ” എന്ന പുസ്തകത്തിന്റെ ആദ്യപേജ്
[കടപ്പാട്]
From the book De Trinitatis Erroribus, by Michael Servetus, 1531
[20-ാം പേജിലെ ചിത്രം]
സെർവീറ്റസ് ശ്വാസകോശ -രക്തചംക്രമണ വ്യവസ്ഥ യെക്കുറിച്ചു പഠനം നടത്തി
[കടപ്പാട്]
Anatomie descriptive et physiologique, Paris, 1866-7, L. Guérin, Editor
[20-ാം പേജിലെ ചിത്രം]
സെർവീറ്റസിന്റെ “യൂണിവേഴ്സൽ ട്രീറ്റീസ് ഓൺ സിറപ്സ്” എന്ന പുസ്തകം ഔഷധശാസ്ത്രരംഗത്ത് മാർഗദീപം തെളിച്ചു
[21-ാം പേജിലെ ചിത്രം]
ജോൺ കാൽവിൻ സെർവീറ്റസിന്റെ ബദ്ധശത്രുവായിത്തീർന്നു
[കടപ്പാട്]
Biblioteca Nacional, Madrid
[18-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Biblioteca Nacional, Madrid