കാർറാഞ്ചൽ ജാഗ്രത പാലിക്കുക!
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
ലോകമെമ്പാടുമുള്ള നഗരങ്ങളിൽ കാർറാഞ്ചൽ വർധിച്ചുവരികയാണ്, അത് കറാച്ചിമുതൽ ലിസ്ബൺവരെയോ നെയ്റോബിമുതൽ റിയോഡി ജനിറോവരെയോ ആയിരുന്നാലും ശരി, സ്ഥിതി വ്യത്യസ്തമല്ല. യു.എസ്സ്. ബ്യൂറോ ഓഫ് ജസ്റ്റിസ് സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച് അമേരിക്കയിൽ 1993-നും 2002-നും ഇടയ്ക്ക് ഓരോ വർഷവും ഇത്തരം 38,000-ത്തോളം സംഭവങ്ങൾ നടന്നിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലെ ജനസംഖ്യ ഐക്യനാടുകളിലേതിനോടുള്ള താരതമ്യത്തിൽ ആറിലൊന്നു മാത്രമേ ഉള്ളൂവെങ്കിലും കാർറാഞ്ചലുകളുടെ നിരക്ക് അവിടെ വളരെ കൂടുതലാണ്—ഓരോ വർഷവും 14,000-ത്തിലധികം. കാർറാഞ്ചലിനെ സകല കുറ്റകൃത്യങ്ങളിലുംവെച്ച് ഏറ്റവും ഭീതിദമായ ഒന്നായി പലരും കാണുന്നതിന്റെ കാരണം ചില ഉദാഹരണങ്ങൾ പരിശോധിച്ചാൽ നിങ്ങൾക്കു മനസ്സിലാകും. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായ ജൊഹാനസ്ബർഗിൽ താമസിക്കുന്ന ചിലർക്കുണ്ടായ അനുഭവങ്ങളാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. എപ്പോഴെങ്കിലും കാർറാഞ്ചലിന് ഇരയായാൽ എന്തു ചെയ്യണമെന്നോ അതിന് ഇരയാകാനുള്ള സാധ്യതതന്നെ എങ്ങനെ കുറയ്ക്കാമെന്നോ മനസ്സിലാക്കാൻ അവ നിങ്ങളെ സഹായിച്ചേക്കാം.
പച്ചയായ ജീവിതാനുഭവങ്ങൾ
◼ “ഞാനും കൂട്ടുകാരി സൂസനും ഒന്നിച്ചാണ് ഒരു വർഷമായി പ്രസംഗവേലയിൽ ഏർപ്പെട്ടിരുന്നത്. ഒരു ബുധനാഴ്ച, ഞങ്ങൾ ഒരു ബൈബിളധ്യയനത്തിനു പോകുന്നവഴി, അൽപ്പം ചായ കുടിക്കാനായി ഒരു പാർപ്പിടമേഖലയിൽ കാർ നിറുത്തി. കാറിന്റെ പിന്നിൽനിന്നും ചായ എടുക്കാനായി സൂസൻ പുറത്തിറങ്ങി. അവൾ ചായ കപ്പിൽ ഒഴിച്ച് എന്റെ കയ്യിലേക്കു തരുന്ന സമയത്ത്, അപ്രതീക്ഷിതമായി എവിടെനിന്നോ രണ്ടു പേർ അവിടെയെത്തി. അവരിലൊരാൾ സൂസന്റെ കഴുത്തിലേക്കു തോക്കുചൂണ്ടി. ഭയന്നുവിറച്ച ഞാൻ പെട്ടെന്ന് കാറിൽനിന്ന് ഇറങ്ങാൻ ശ്രമിച്ചു, എന്നാൽ മറ്റേയാൾ എന്നെ കാറിനുള്ളിലേക്ക് തള്ളിയിട്ടു. അങ്ങനെ അവർ ഞങ്ങളെ ബലമായി കാറിനുള്ളിലാക്കി. അവരിലൊരാൾ വണ്ടിയോടിച്ചു, മറ്റേയാളാകട്ടെ അയാളുടെ സഹായിയായി വർത്തിക്കുകയും—മിക്കവാറും അവർ ഞങ്ങളെ ബലാത്സംഗം ചെയ്യുകയോ കൊന്നുകളയുകയോ ചെയ്യുമെന്നുതന്നെ ഞാൻ വിചാരിച്ചു.”—അനീക, വിവാഹിതയായ ഒരു ചെറുപ്പക്കാരി.
◼ “രാവിലെ 7 മണിക്ക് ഞാൻ കാറിൽ ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു. പണിയന്വേഷിച്ചു നിൽക്കുന്ന ആളുകളെ കാണാറുള്ള ഒരു കവലയിൽ ഞാൻ വണ്ടി നിറുത്തി. പെട്ടെന്ന് ഒരാൾ കാറിന്റെ തുറന്നുവെച്ചിരുന്ന വിൻഡോയിൽക്കൂടി എന്റെ കഴുത്തിലേക്ക് തോക്കു ചൂണ്ടിയിട്ട് ‘ഇറങ്ങെടാ പുറത്ത്, അല്ലെങ്കിൽ ഞാൻ തട്ടിക്കളയും’ എന്ന് എന്നോടു പറഞ്ഞു. ആ സമയത്താണ് ഒരു ട്രാഫിക് ഹെലികോപ്റ്റർ ആകാശത്തു പ്രത്യക്ഷപ്പെട്ടത്. അതു പൊലീസാണെന്നു വിചാരിച്ച അക്രമി കാഞ്ചി വലിച്ചിട്ട് സ്ഥലംവിട്ടു. കഴുത്തിനാണു വെടിയേറ്റത്, സുഷുമ്ന നാഡിക്ക് സാരമായ പരിക്കേറ്റു. അങ്ങനെ കഴുത്തിനു താഴേക്കു മൊത്തം തളർന്നുപോയി. എനിക്ക് ഇപ്പോൾ കൈകാലുകൾ അനക്കാനാവില്ലെന്നു മാത്രമല്ല, സ്പർശനവും മറ്റും അറിയാനും പറ്റാത്ത അവസ്ഥയാണ്.”—ബാരി, ഒരു കൗമാരപ്രായക്കാരന്റെ പിതാവ്.
◼ “എനിക്കും ഭാര്യ ലിൻഡ്സിക്കും ഉച്ചഭക്ഷണത്തിനു പോകാൻ നേരമായി. ഞാൻ അവളെയും കാത്ത് എന്റെ കാറിൽ ഇരിക്കുകയായിരുന്നു. കാറിന്റെ ഡോർ പൂട്ടിയിരുന്നെങ്കിലും ചൂടുകാരണം ഇരുവശത്തെയും ഗ്ലാസ്സുകൾ അൽപ്പം താഴ്ത്തി വെച്ചിരുന്നു. ഞാൻ ഡ്രൈവറുടെ സീറ്റിലിരുന്ന് മുന്നോട്ട് നോക്കിക്കൊണ്ടിരിക്കെ രണ്ടു പേർ യാതൊരു ഭാവഭേദവുമില്ലാതെ കാറിന്റെ അടുത്തേക്കു വരുന്നതുകണ്ടു. കാറിൽനിന്ന് ഏതാണ്ട് എട്ട് ചുവട് മാത്രം അകലമുള്ളപ്പോൾ അവർ പിരിഞ്ഞ് ഒരാൾ വണ്ടിയുടെ ഇടതുവശത്തുകൂടെയും മറ്റേയാൾ വലതുവശത്തുകൂടെയും വന്നു. പെട്ടെന്ന് അവർ എന്റെ നേരെ തോക്കു ചൂണ്ടിക്കൊണ്ട് കാറിന്റെ ഇരുവശത്തെയും ഡോറിന്റെ അടുത്ത് എത്തി, ഉച്ചത്തിൽ എന്നോട് എന്തൊക്കെയോ ആജ്ഞാപിച്ചു. അവർ പറഞ്ഞതനുസരിച്ച് ഞാൻ കാർ സ്റ്റാർട്ടു ചെയ്തപ്പോൾ, എന്നോട് ഇറങ്ങി പിൻസീറ്റിലേക്കു മാറാൻ അവർ ആക്രോശിച്ചു. അവരിൽ ഒരാൾ വണ്ടിയോടിച്ചു, അതേസമയം മറ്റേയാൾ എന്റെ തല കീഴ്പോട്ട് അമർത്തിപ്പിടിച്ചിരുന്നു. ‘നിന്നെ കൊല്ലാതിരിക്കാൻ എന്തു കാരണം പറയാനുണ്ട്?’ അയാൾ ചോദിച്ചു. ‘ഞാൻ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളാണ്’ എന്നു ഞാൻ പറഞ്ഞു. എന്നെ കൊല്ലുന്നതിനെക്കുറിച്ചായിരുന്നു അയാൾ അപ്പോഴെല്ലാം സംസാരിച്ചുകൊണ്ടിരുന്നത്. ആ സമയമത്രയും ഞാൻ പ്രാർഥിക്കുകയും എന്റെ ഭാര്യയെക്കുറിച്ചു ചിന്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. ലിൻഡ്സി വന്നുനോക്കുമ്പോൾ കാറും ഭർത്താവും അപ്രത്യക്ഷമായിരിക്കുന്നതായി കാണുമ്പോഴുള്ള പ്രതികരണം എന്തായിരിക്കുമെന്ന് ഞാൻ ആലോചിച്ചു.”—അലൻ, ഒരു സഞ്ചാരമേൽവിചാരകനും പിതാവും.
എത്ര പെട്ടെന്നും അപ്രതീക്ഷിതവുമായി കാർറാഞ്ചൽ നടന്നേക്കാമെന്ന് ഈ അനുഭവങ്ങൾ കാണിച്ചുതരുന്നു, കൂടാതെ, അക്രമികൾ പൊതുവേ മുതലെടുക്കുന്ന സാഹചര്യങ്ങൾ ഏവയാണെന്നും. പലയിടങ്ങളിലും, പാർപ്പിടമേഖലയിലെ റോഡരികിൽ കാർ പാർക്കുചെയ്തിട്ട് ആരെയെങ്കിലും കാത്തുകിടക്കുന്നതോ വിശ്രമിക്കുന്നതോ മേലാൽ സുരക്ഷിതമല്ലാതായിരിക്കുന്നു. അപകടം പതിയിരിക്കുന്ന മറ്റു മേഖലകളാണ് കവലകളും മെയിൻറോഡുകളിൽനിന്നു വീടുകളിലേക്കു നയിക്കുന്ന സ്വകാര്യ റോഡുകളും.
പിന്നീട് എന്തു സംഭവിച്ചു?
സന്തോഷകരമെന്നു പറയട്ടെ, സൂസന്റെയും അനീകയുടെയും കാര്യത്തിൽ കാര്യങ്ങൾ ശുഭകരമായി പര്യവസാനിച്ചു. അക്രമികൾ അവരെയുംകൊണ്ട് കാറോടിച്ചു പോകവേ, തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ബൈബിൾ വിദ്യാഭ്യാസ വേലയെക്കുറിച്ച് അവർ വിശദീകരിക്കാൻ തുടങ്ങി. അതു കേട്ട് ആ പുരുഷന്മാർക്ക് മനസ്സാക്ഷിക്കുത്തു തോന്നിയിരിക്കാം. അനീക പറയുന്നു: “ചെയ്ത തെറ്റിന് അവർ മാപ്പപേക്ഷിക്കുകയും, ജീവിതസാഹചര്യമാണ് മോഷണത്തിലേക്കും കാർറാഞ്ചലിലേക്കും തങ്ങളെ നയിച്ചതെന്നു പറയുകയും ചെയ്തു. ദൈവം എന്തുകൊണ്ടാണ് ദാരിദ്ര്യവും കഷ്ടപ്പാടും അനുവദിച്ചിരിക്കുന്നതെന്നു ഞങ്ങൾ വിശദീകരിച്ചു.” ബൈബിൾ സന്ദേശം അവരുടെ മനസ്സിൽത്തട്ടി, അപഹരിച്ചെടുത്ത പണവും വാച്ചുകളും അവർ തിരികെക്കൊടുത്തുവെന്നു മാത്രമല്ല സൂസനെയും അനീകയെയും ഉപദ്രവിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തു. “എന്നിട്ട്, കാർറാഞ്ചൽ തടയാൻ എന്തെല്ലാം കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അവരിൽ ഒരാൾ ഞങ്ങളോടു വിശദീകരിക്കാൻ തുടങ്ങി,” സൂസൻ പറയുന്നു. അനീക കൂട്ടിച്ചേർക്കുന്നു: “ഇനിയൊരിക്കലും ചായ കുടിക്കാനായി വഴിവക്കിൽ വണ്ടി നിറുത്തില്ലെന്ന് അവർ ഞങ്ങളെക്കൊണ്ടു സത്യം ചെയ്യിച്ചു.” തുടർന്ന്, പറഞ്ഞതുപോലെതന്നെ അവർ വണ്ടി ഒരിടത്തു നിറുത്തി; എന്നിട്ട് പുറത്തിറങ്ങിയ അവർ സന്തോഷപൂർവം ഏതാനും ബൈബിൾ സാഹിത്യങ്ങൾ സ്വീകരിക്കുകയും സുരക്ഷിതരായി പോകാൻ സൂസനെയും അനീകയെയും അനുവദിക്കുകയും ചെയ്തു.
സഞ്ചാരമേൽവിചാരകനായ അലന്റെ കാര്യമോ? വിജനമായ ഒരു സ്ഥലത്തു വന്നപ്പോൾ കാറിൽനിന്ന് ഇറങ്ങാൻ അദ്ദേഹത്തോട് അവർ ആവശ്യപ്പെട്ടു. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്നല്ലാതെ മറ്റ് ഉപദ്രവമൊന്നും നേരിടേണ്ടി വന്നില്ലല്ലോ എന്നോർത്ത് അദ്ദേഹം ആശ്വസിക്കുന്നു. അലൻ ഇങ്ങനെ പറയുന്നു: “ഞാൻ ചെറുത്തുനിൽക്കാനൊന്നും ശ്രമിക്കാതെ അവരോടു സഹകരിക്കുകയും ഒച്ചയും ബഹളവും ഉണ്ടാക്കാതിരിക്കുകയും ചെയ്തതുകൊണ്ടാകാം വലിയ കുഴപ്പം കൂടാതെ രക്ഷപ്പെട്ടത്. എന്തായാലും പരിസരം നിരീക്ഷിക്കുന്ന കാര്യത്തിൽ എനിക്കു തീർച്ചയായും കുറച്ചുകൂടെ ശ്രദ്ധിക്കാമായിരുന്നു. നാം ജീവിക്കുന്നത് സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയുടെ അവസാന നാളുകളിലായതിനാൽ നമുക്ക് ഒരിക്കലും ജാഗ്രത കൈവെടിയാനാവില്ലെന്ന് ഈ സംഭവം എന്നെ പഠിപ്പിച്ചു.” അലനും ലിൻഡ്സിയും പിറ്റേ ദിവസവും ആ പ്രദേശത്തുതന്നെ പ്രസംഗവേല തുടർന്നു. കാരണം ആ ആഴ്ച അവർ സേവിച്ചിരുന്നത് അവിടത്തെ സഭയിലായിരുന്നു. അലൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “യഹോവയുടെ സംരക്ഷണത്തിനായി ഞങ്ങൾ പ്രാർഥിച്ചുകൊണ്ടേയിരുന്നു, കൂടാതെ ദിവസം മുഴുവൻ ഞങ്ങൾ അതീവ ജാഗ്രതയുള്ളവരായിരുന്നു. അതത്ര എളുപ്പമായിരുന്നില്ല, എങ്കിലും യഹോവ ഞങ്ങൾക്ക് ‘അത്യന്തശക്തി’ നൽകി.”—2 കൊരിന്ത്യർ 4:1, 7.
ആക്രമണത്തിൽ കനത്ത പ്രഹരമേറ്റ ബാരി ഇപ്പോൾ 11 വർഷമായി വീൽച്ചെയറിലാണ്. അദ്ദേഹം ക്രിയാത്മക വീക്ഷണം പുലർത്തുന്നു എന്നതും തനിക്കുണ്ടായ ദുരന്തത്തെക്കുറിച്ചോർത്ത് നിരാശനായിട്ടില്ല എന്നതും അഭിനന്ദനാർഹമാണ്. യഹോവയാം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന നീതിനിഷ്ഠമായ ഒരു പുതിയ ലോകത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തിന് യാതൊരുവിധ മങ്ങലും ഏറ്റിട്ടില്ല. (2 പത്രൊസ് 3:13) അദ്ദേഹം ഇപ്പോഴും ക്രിസ്തീയ യോഗങ്ങൾക്ക് ക്രമമായി ഹാജരാകുന്നുണ്ടെന്നു മാത്രമല്ല തന്റെ വിശ്വാസത്തെക്കുറിച്ചു മറ്റുള്ളവരോടു പറയാൻ കിട്ടുന്ന ഏത് അവസരവും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “യഹോവയെ സേവിക്കുക എന്നത് എക്കാലവും എനിക്കു സന്തോഷം പകർന്നിട്ടുള്ള ഒരു കാര്യമാണ്. വീൽച്ചെയറിൽ കഴിഞ്ഞുകൂടുന്ന എനിക്ക് സ്വന്തമായി ഒന്നും ചെയ്യാനാകുന്നില്ലെങ്കിലും യഹോവ എന്റെമേൽ ചൊരിഞ്ഞിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചു ഞാൻ കൂടെക്കൂടെ ചിന്തിക്കാറുണ്ട്. അതാണ് സഹിച്ചുനിൽക്കാൻ എന്നെ സഹായിക്കുന്നത്. ഈ ദുഷ്ടവ്യവസ്ഥിതി പെട്ടെന്നുതന്നെ അവസാനിക്കും. എനിക്കു വീണ്ടും നടക്കാനാകുന്ന ആ ദിവസം എത്ര മഹത്തരമായിരിക്കും!”—യെശയ്യാവു 35:6; 2 തിമൊഥെയൊസ് 3:1-5.
ദക്ഷിണാഫ്രിക്കയിലെ അധികാരികൾ ചില നടപടികൾ സ്വീകരിച്ചതു നിമിത്തം അവിടെ കാർറാഞ്ചൽ പൊതുവേ കുറഞ്ഞിട്ടുണ്ട്. എങ്കിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഈ കുറ്റകൃത്യം ഇപ്പോഴും നടക്കുന്നുണ്ടെന്നു മാത്രമല്ല അതിന്റെ നിരക്കു വർധിച്ചുവരികയുമാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്കും അക്രമങ്ങൾക്കും അറുതിവരുത്തുന്ന ഒരേയൊരു ഗവൺമെന്റ് എന്ന നിലയിൽ സത്യക്രിസ്ത്യാനികൾ പ്രത്യാശ അർപ്പിച്ചിരിക്കുന്നത് ദൈവരാജ്യത്തിലാണ്.—സങ്കീർത്തനം 37:9-11; മത്തായി 6:10.
[14-ാം പേജിലെ ചതുരം/ചിത്രം]
കാർറാഞ്ചൽ ചില സുരക്ഷാനടപടികൾ
◼ കാർറാഞ്ചൽ നടന്നിട്ടുള്ള ഒരു സ്ഥലത്തുകൂടെയാണ് നിങ്ങൾ വാഹനമോടിക്കുന്നതെങ്കിൽ ഡോർ പൂട്ടുകയും വിൻഡോ അടച്ചിടുകയും ചെയ്യുക.
◼ ഒരു കവലയ്ക്കൽ നിറുത്താനായി വണ്ടിയുടെ വേഗം കുറയ്ക്കുമ്പോൾ, സംശയാസ്പദമായി ആരെങ്കിലും ആ റോഡിൽ എവിടെയെങ്കിലും കറങ്ങിനടക്കുന്നുണ്ടോയെന്ന് നോക്കുക.
◼ നിങ്ങളുടെ കാറിനും മുന്നിലുള്ള വാഹനത്തിനും തമ്മിൽ വേണ്ടത്ര അകലമുണ്ടെങ്കിൽ അപകടകരമായ ഒരു സാഹചര്യത്തിൽനിന്നും പെട്ടെന്നു രക്ഷപ്പെടാനാകും.
◼ മറ്റൊരു കാർ നിങ്ങളുടെ വാഹനത്തിന്റെ പിന്നിൽവന്ന് ഇടിക്കുന്നെങ്കിൽ, കേടുപാടുകൾ പരിശോധിക്കുന്നതിനായി വണ്ടിയിൽനിന്ന് ഇറങ്ങുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കുക. അത് അക്രമിയുടെ ഒരു തന്ത്രമായിരിക്കാം. ആപത്സാധ്യത കൂടുതലുള്ള ഒരിടത്തുവെച്ചാണ് ഇത്തരമൊരു സംഭവം നടക്കുന്നതെങ്കിൽ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കു പോകുന്നതായിരിക്കും ഏറെ സുരക്ഷിതം.
◼ നിങ്ങളുടെ വീടിനു സമീപം അപരിചിതരായ ആരെങ്കിലും ചുറ്റിക്കറങ്ങുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. അത്തരമൊരു സന്ദർഭത്തിൽ നേരെ വീട്ടിലേക്കു പോകാതെ, അൽപ്പം കഴിഞ്ഞു മടങ്ങി വരുന്നതായിരിക്കും ഏറെ സുരക്ഷിതം; അതല്ലെങ്കിൽ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.
◼ അപകട സാധ്യതയുള്ളതോ ജനസഞ്ചാരം കുറവുള്ളതോ ആയ ഏതെങ്കിലും പ്രദേശത്ത് കാർ നിറുത്തിയിടേണ്ടി വരുന്നെങ്കിൽ, നിങ്ങളുടെ വാഹനത്തിന്റെ മുന്നിലും പിന്നിലും നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുക. എന്തെങ്കിലും അപകടം മണക്കുന്നുണ്ടെങ്കിൽ അവിടെനിന്ന് അൽപ്പം ദൂരെമാറി പാർക്കുചെയ്യുക.
[14-ാം പേജിലെ ചിത്രം]
ബാരി, വീൽച്ചെയറിൽ കഴിയുന്നെങ്കിലും ക്രിയാത്മക വീക്ഷണത്തോടെ