യുവജനങ്ങൾ ചോദിക്കുന്നു . . .
ഈ ദുശ്ശീലം എനിക്കെങ്ങനെ ഉപേക്ഷിക്കാം?
“എട്ടു വയസ്സുള്ളപ്പോൾ ഞാൻ സ്വയംഭോഗം ചെയ്യാൻ തുടങ്ങി. ഇതു സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം മനസ്സിലാക്കിയതിനുശേഷം ഈ ദുശ്ശീലത്തിനു വഴങ്ങിയപ്പോഴൊക്കെ എനിക്ക് വല്ലാത്ത നിരാശ തോന്നി. ‘എന്നെപ്പോലൊരുവനെ ദൈവത്തിന് എങ്ങനെ സ്നേഹിക്കാൻ സാധിക്കും?’ ഞാൻ ചിന്തിച്ചു. ദൈവത്തിന്റെ പുതിയ ലോകത്തിലേക്ക് കടക്കാനാവില്ലെന്ന് എനിക്കുറപ്പായിരുന്നു.”—ലൂയിസ്.a
ഒരുപക്ഷേ നിങ്ങളും ലൂയിസിനെപ്പോലെ സ്വയംഭോഗം എന്ന ദുശ്ശീലത്തിന്റെ അടിമയായിരിക്കാം. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഫലമായ ഇന്ദ്രിയജയം അഥവാ ആത്മനിയന്ത്രണം പ്രകടമാക്കിക്കൊണ്ട് സംയമനം പാലിക്കാനായാൽ അത് യഹോവയാം ദൈവത്തെ വളരെ സന്തോഷിപ്പിക്കും എന്ന് നിങ്ങൾക്കറിയാം. (ഗലാത്യർ 5:22, 23; 2 പത്രൊസ് 1:5, 6) പക്ഷേ ചിലപ്പോൾ നിങ്ങൾ പരാജയപ്പെടുന്നു. ഓരോ വീഴ്ചയ്ക്കു ശേഷവും, ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ കഴിയാത്ത ഒരു ‘പോക്കുകേസായി’ നിങ്ങൾ നിങ്ങളെത്തന്നെ മുദ്ര കുത്തുന്നു.
ഇതേ വീക്ഷണം തന്നെയാണ് ചെറുപ്പക്കാരനായ പേഡ്രോയ്ക്കു തന്നെക്കുറിച്ചുണ്ടായിരുന്നത്. അവൻ പറയുന്നു: “പരാജയപ്പെട്ടപ്പോഴെല്ലാം എനിക്കു വളരെ വിഷമം തോന്നി. ഒരിക്കലും പ്രായശ്ചിത്തം ചെയ്യാനാവാത്ത ഒരു വലിയ തെറ്റ് ചെയ്തെന്ന തോന്നലായിരുന്നു എനിക്ക്. പ്രാർഥിക്കാൻ പോലും എനിക്കു വിഷമമായിരുന്നു. ‘യഹോവേ, ഈ പ്രാർഥന നീ കേൾക്കുമോയെന്ന് എനിക്കറിയില്ല, എന്നാലും . . .’ എന്നു പറഞ്ഞുകൊണ്ട് ഞാൻ തുടങ്ങുമായിരുന്നു.” ആൻഡ്രേ എന്ന ചെറുപ്പക്കാരനും സമാനമായി ചിന്തിച്ചു, അവൻ പറയുന്നു: “ഒരു കപടനാട്യക്കാരനാണ് ഞാനെന്ന് എനിക്കു തോന്നി, രാവിലെ കിടക്കയിൽ നിന്നെഴുന്നേറ്റ് മുന്നിലുള്ള ദിവസത്തെ അഭിമുഖീകരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള സംഗതി ആയിരുന്നു. ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കാനും വയൽ ശുശ്രൂഷയിൽ പങ്കുപറ്റാനും ഞാൻ വളരെ പാടുപെട്ടു.”
മേൽപ്പറഞ്ഞ ലൂയിസ്, പേഡ്രോ, ആൻഡ്രേ എന്നിവരെപ്പോലെയാണോ നിങ്ങളും ചിന്തിക്കുന്നത്? അങ്ങനെയാണെങ്കിൽ പോലും പരിഹാരമുണ്ട്. ഇതു നിങ്ങളുടെ മാത്രം പ്രശ്നമല്ല, നിങ്ങളുടെ സാഹചര്യം പ്രതീക്ഷയറ്റതുമല്ല. അനേകം ചെറുപ്പക്കാരും എന്തിന് മുതിർന്നവരും സ്വയംഭോഗവുമായി മല്ലടിച്ചിട്ടുണ്ട്, അത് ഉപേക്ഷിക്കുന്നതിൽ വിജയിച്ചിട്ടുമുണ്ട്. നിങ്ങൾക്കും വിജയിക്കാനാകും.b
അതിരുകടന്ന കുറ്റബോധം തരണം ചെയ്യുക
സ്വയംഭോഗം എന്ന ശീലത്തിന് കീഴ്പെട്ടവരെ കുറ്റബോധം പലപ്പോഴും വേട്ടയാടുന്നതായി നാം കണ്ടുകഴിഞ്ഞു. ഈ ശീലം തരണം ചെയ്യാൻ “ദൈവികമായ . . . ദുഃഖം” നിങ്ങൾക്കൊരു ഉത്തേജനമാകും എന്നതിനു സംശയമില്ല. (2 കൊരിന്ത്യർ 7:11, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) എന്നാൽ അതിരു കടന്ന കുറ്റബോധം വിപരീതഫലമായിരിക്കാം ഉളവാക്കുക. അത് നിങ്ങളെ നിരാശയുടെ പടുകുഴിയിലേക്ക് താഴ്ത്തിക്കളഞ്ഞേക്കാം, ഫലമോ ഈ ദുശ്ശീലത്തിനെതിരെയുള്ള പോരാട്ടം നിങ്ങൾ നിറുത്തിക്കളയും.—സദൃശവാക്യങ്ങൾ 24:10.
അതുകൊണ്ട് ഇക്കാര്യം സംബന്ധിച്ച് ഒരു സമഗ്രവീക്ഷണം നേടാൻ ശ്രമിക്കുന്നത് നന്നായിരിക്കും. സ്വയംഭോഗം ഒരുതരം അശുദ്ധിയാണ്. അത് നിങ്ങളിൽ മാനസികമായി ദുഷിപ്പിക്കുന്ന മനോഭാവങ്ങൾ വളർത്തുകയും നിങ്ങളെ ‘നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരാ’ക്കുകയും ചെയ്യും. (തീത്തൊസ് 3:3) അതേസമയം സ്വയംഭോഗം പരസംഗം പോലുള്ള ഗുരുതരമായ ലൈംഗിക അധാർമികതയുടെ ഗണത്തിൽ പെടുന്നില്ല. (എഫെസ്യർ 4:19) അതുകൊണ്ട് സ്വയംഭോഗം നിങ്ങളുടെയൊരു പ്രശ്നമാണെങ്കിൽ, ക്ഷമ ലഭിക്കാത്ത ഒരു പാപം ചെയ്തു എന്ന നിഗമനത്തിൽ നിങ്ങൾ എത്തേണ്ടതില്ല. മനസ്സിൽ പിടിക്കേണ്ട സംഗതി ഇതാണ്, ഈ ദുശ്ശീലത്തിനു വഴങ്ങാനുള്ള പ്രലോഭനത്തെ ചെറുക്കുക, കൂടാതെ അതിനെതിരെയുള്ള പോരാട്ടം ഒരിക്കലും ഉപേക്ഷിക്കുകയുമരുത്!
ഒരു വീഴ്ചയ്ക്കുശേഷം നിരാശയിൽ ആണ്ടുപോകാൻ ചിലപ്പോൾ എളുപ്പമാണ്. അങ്ങനെ സംഭവിക്കുമ്പോൾ, സദൃശവാക്യങ്ങൾ 24:16-ലെ “നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനർത്ഥത്തിൽ നശിച്ചുപോകും” എന്ന വാക്കുകൾ ഓർമിക്കുക. താത്കാലികമായി ഉണ്ടായ ഒരു തിരിച്ചടി നിങ്ങളെ ഒരു ദുഷ്ടമനുഷ്യനാക്കുന്നില്ല. അതുകൊണ്ട് ശ്രമം ഉപേക്ഷിക്കരുത്. പകരം എന്താണ് ഇത്തവണ അതിലേക്കു നയിച്ചതെന്നു വിശകലനം ചെയ്യുക, എന്നിട്ട് അവ ഒഴിവാക്കാൻ ശ്രമിക്കുക.
ഈ ദുശ്ശീലത്തെപ്രതി സ്വയം പഴിച്ചുകൊണ്ടിരിക്കുന്നതിനു പകരം, യഹോവയുടെ സ്നേഹത്തെയും കരുണയെയും കുറിച്ചു ധ്യാനിക്കുക. ബലഹീനതകൾ ഉണ്ടായിരുന്ന സങ്കീർത്തനക്കാരനായ ദാവീദ് എഴുതി: “അപ്പന്നു മക്കളോടു കരുണ തോന്നുന്നതു പോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.” (സങ്കീർത്തനം 103:13, 14) അതേ, അപൂർണത കണക്കിലെടുത്തുകൊണ്ട് നമ്മുടെ തെറ്റുകൾ ‘ക്ഷമിക്കാൻ’ യഹോവ സന്നദ്ധനാണ്. (സങ്കീർത്തനം 86:5) അതേസമയം മെച്ചപ്പെടാൻ ആവശ്യമായ ശ്രമങ്ങൾ നാം തുടരാൻ അവൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഈ ദുശ്ശീലം ഉപേക്ഷിക്കാനും വീണ്ടും അതിലേക്ക് വഴുതിവീഴാതിരിക്കാനും നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
മനസ്സു തുറക്കുന്നതിന്റെ പ്രാധാന്യം
പല രാജ്യങ്ങളിലും സെക്സിനെക്കുറിച്ച് വ്യാപകമായി ചർച്ച ചെയ്യുന്നുണ്ടെങ്കിലും, പലർക്കും അതിനെക്കുറിച്ച് മാന്യമായും ഗൗരവബുദ്ധിയോടെയും സംസാരിക്കാൻ ഇന്നും ബുദ്ധിമുട്ടാണ്. ഒരുപക്ഷേ, മനസ്സുതുറക്കാൻ സ്വാതന്ത്ര്യമുള്ള ഒരാളോടുപോലും നാണക്കേട് ഓർത്ത് ഈ വിഷയത്തെപ്പറ്റി സംസാരിക്കാൻ നിങ്ങൾക്കു മടിയായിരിക്കും. തന്റെ യൗവനത്തിൽ വർഷങ്ങളോളം സ്വയംഭോഗവുമായി മല്ലടിച്ചിരുന്ന ഒരു ക്രിസ്ത്യാനി പിൻവരുന്ന പ്രകാരം പറഞ്ഞു: “അന്ന്, ആരോടെങ്കിലും അതിനെക്കുറിച്ചു സംസാരിക്കാനുള്ള ധൈര്യം കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നു ഞാൻ ആശിച്ചുപോകുകയാണ്! കുറ്റബോധം വർഷങ്ങളോളം എന്നെ വേട്ടയാടി. അത് മറ്റുള്ളവരുമായും സർവോപരി യഹോവയുമായും ഉള്ള എന്റെ ബന്ധത്തെ സാരമായി ബാധിച്ചു.”
നിങ്ങൾക്ക് ആരുടെ മുമ്പിലാണു മനസ്സു തുറക്കാൻ കഴിയുക? ആത്മീയ പക്വതയുള്ള ഒരാളാണ് ഏറ്റവും പറ്റിയത്, മാതാപിതാക്കളിൽ ഒരാളാണെങ്കിൽ ഏറെ നന്ന്. ഇങ്ങനെ പറഞ്ഞുകൊണ്ട് നിങ്ങൾക്ക് തുടങ്ങാൻ സാധിക്കും: “എന്നെ ഒത്തിരി വിഷമിപ്പിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് എനിക്കു പറയണമെന്നുണ്ട്.”
മാരിയോ തന്റെ പിതാവിനോടു സംസാരിക്കാനാണു തീരുമാനിച്ചത്. അദ്ദേഹത്തിന് മാരിയോയെ മനസ്സിലാക്കാനും സഹാനുഭൂതി പ്രകടമാക്കാനും കഴിഞ്ഞു. ചെറുപ്പമായിരുന്നപ്പോൾ തനിക്കും ഈ പ്രശ്നമുണ്ടായിരുന്നെന്ന് അദ്ദേഹം അവനോടു തുറന്നു പറയുകപോലും ചെയ്തു. “പിതാവിന്റെ സത്യസന്ധതയും ആത്മാർഥതയും എന്നെ വളരെ പ്രോത്സാഹിപ്പിച്ചു,” മാരിയോ അനുസ്മരിക്കുന്നു. “അദ്ദേഹത്തിന് ഈ ദുശ്ശീലം ഉപേക്ഷിക്കാനായെങ്കിൽ എനിക്കും അത് സാധിക്കുമെന്ന് ഞാൻ ചിന്തിച്ചു. പിതാവിന്റെ മനോഭാവം എന്റെ ഹൃദയത്തെ സ്പർശിച്ചു, ഞാൻ പൊട്ടിക്കരഞ്ഞുപോയി.”
ആൻഡ്രേ ധൈര്യം സംഭരിച്ച് ഒരു ക്രിസ്തീയ മൂപ്പനോടു തന്റെ ദുശ്ശീലത്തെപ്പറ്റി പറഞ്ഞു. അങ്ങനെ ചെയ്തതിൽ അവനിപ്പോൾ സന്തോഷിക്കുന്നു.c ആൻഡ്രേ പറയുന്നു: “എന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു, ഞാൻ അവസാനിപ്പിച്ചപ്പോൾ അദ്ദേഹം യഹോവയുടെ സ്നേഹത്തെക്കുറിച്ച് എനിക്ക് ഉറപ്പു തന്നു. ഇത് സാധാരണ കണ്ടുവരുന്ന ഒരു പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ വരുത്തുന്ന പുരോഗതിയെപ്പറ്റി ഇടയ്ക്കിടെ അന്വേഷിക്കാമെന്നും ബൈബിൾ പഠന സഹായികളിൽനിന്ന് കൂടുതൽ വിവരങ്ങൾ തരാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇനിയും പരാജയപ്പെട്ടാലും ഈ ദുശ്ശീലത്തിനെതിരെയുള്ള പോരാട്ടം ഉപേക്ഷിക്കുകയില്ലെന്നു ഞാൻ നിശ്ചയിച്ചു.”
മാരിയോയെയും ആൻഡ്രേയെയും പോലെ നിങ്ങൾക്കും സ്വയംഭോഗം എന്ന ഈ ദുശ്ശീലം ഉപേക്ഷിക്കാൻ ആവശ്യമായ സഹായം കണ്ടെത്താൻ കഴിയും. “ഈ ദുശ്ശീലത്തിനെതിരെ പോരാടുക!” എന്ന ചതുരത്തിലെ ഉപദേശം പിന്തുടരുക. ഉറപ്പായും, ഈ പോരാട്ടത്തിൽ നിങ്ങൾക്ക് വിജയിക്കാനാകും!
“യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്സൈറ്റിൽ കാണാവുന്നതാണ്.
ചിന്തിക്കാൻ:
◼ യഹോവ ‘ക്ഷമിക്കാൻ’ സന്നദ്ധനാണെന്ന് ഓർക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?—സങ്കീർത്തനം 86:5.
◼ സ്വയംഭോഗം എന്ന ദുശ്ശീലം ഉപേക്ഷിക്കാൻ നിങ്ങൾ എന്തു നടപടികൾ എടുക്കും?
◼ സഹായം ചോദിക്കുന്നതിൽ നാണിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
◼ നിർമലമായ കാര്യങ്ങളിൽ മനസ്സു കേന്ദ്രീകരിച്ചുനിറുത്താൻ സാധിക്കുന്നതെങ്ങനെ?
[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിലെ പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b ഈ ലേഖനത്തിൽ ഉദ്ധരിച്ചിട്ടുള്ളത് പുരുഷന്മാരുടെ പ്രസ്താവനകളാണെങ്കിലും, സ്ത്രീകളും ഈ പ്രശ്നത്തിൽനിന്നു വിമുക്തരല്ല. അതുകൊണ്ട് ഇവിടെ നൽകുന്ന ബുദ്ധിയുപദേശം രണ്ടു കൂട്ടർക്കും ബാധകമാണ്. ഒരു കാര്യം കൂടി മനസ്സിൽ പിടിക്കണം, ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത് സ്വയംഭോഗത്തെ അഥവാ തന്നെത്താൻ ചെയ്യുന്ന ഹസ്തമൈഥുനത്തെയാണ്. വിവാഹത്തിനു പുറത്തുള്ള ഒരു വ്യക്തിയുമായി ഹസ്തമൈഥുനത്തിൽ ഏർപ്പെടുന്നത് ദൈവത്തിന്റെ വീക്ഷണത്തിൽ വളരെ ഗുരുതരമാണ്. ഇത് ബൈബിൾ, പരസംഗം എന്നു വിളിക്കുന്ന പാപത്തിന്റെ ഗണത്തിൽ പെടുന്നു.—2004 ആഗസ്റ്റ് 8 ലക്കം ഉണരുക!യുടെ 12 മുതൽ 14 വരെയുള്ള പേജുകളിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . വിവാഹത്തിനു മുമ്പുള്ള ലൈംഗികതയിൽ എന്താണ് തെറ്റ്?” എന്ന ലേഖനം കാണുക.
c ഒരു യുവതിക്ക് തന്റെ അമ്മയോടോ സഭയിലെ പക്വതയുള്ള ഒരു ആത്മീയ സഹോദരിയോടോ സംസാരിക്കാൻ സാധിച്ചേക്കും.
[19-ാം പേജിലെ ചതുരം/ചിത്രം]
ഒരു വീഴ്ചയുടെ അർഥം, തീർത്തും പരാജയപ്പെട്ടു എന്നല്ല!
‘എന്തായാലും ഞാൻ പരാജയപ്പെട്ടു, ഇനി ശ്രമിക്കുന്നതിൽ അർഥമില്ല’ എന്നു ചിന്തിക്കാൻ വളരെ എളുപ്പമാണ്. ആ മനോഭാവത്തിനെതിരെ പൊരുതുക. ഒരിക്കലോ പലതവണയോ സംഭവിക്കുന്ന തിരിച്ചടികൾ, ശ്രമം പാടെ ഉപേക്ഷിക്കാമെന്നു ചിന്തിക്കാൻ ഇടയാക്കരുത്.
ഒരു ഉദാഹരണം നോക്കാം: നിങ്ങൾ ഒരു സ്റ്റെയർകേസ് കയറുകയാണെന്നു വിചാരിക്കുക. കയറുന്നതിനിടയിൽ കാലുതെറ്റി ഒന്നു രണ്ടു പടി താഴേക്ക് ഇറങ്ങുന്നു. ‘ഓ, ഇനി താഴെച്ചെന്ന് ആദ്യം മുതൽ കയറിത്തുടങ്ങാം’ എന്നു നിങ്ങൾ വിചാരിക്കുമോ? തീർച്ചയായും ഇല്ല! അങ്ങനെയെങ്കിൽ ദുശ്ശീലങ്ങൾക്കെതിരെ പൊരുതുമ്പോൾ നിങ്ങൾ എന്തിന് അങ്ങനെ ന്യായവാദം ചെയ്യണം?
ഒരു തിരിച്ചടിക്കുശേഷം മിക്കപ്പോഴും കുറ്റബോധം നിങ്ങളെ പിന്തുടർന്നേക്കാം. ഇതു ചിലപ്പോൾ പരിധി വിട്ടുപോകും, എന്നിട്ട്, എന്നെ ഒന്നിനും കൊള്ളില്ല, ഇത് ഉപേക്ഷിക്കാനുള്ള കരുത്ത് എനിക്കില്ല, ഒരു നന്മയും സ്വീകരിക്കാൻ ഞാൻ യോഗ്യനല്ല തുടങ്ങിയ ചിന്തകൾ നിങ്ങളെ ഭരിച്ചേക്കാം. ഇതുപോലുള്ള പരിധിവിട്ട കുറ്റബോധത്തെ മനസ്സിലിട്ടു വളർത്തരുത്. ദുശ്ശീലത്തിനെതിരെയുള്ള പോരാട്ടം പുനരാരംഭിക്കുന്നതിനുള്ള നിങ്ങളുടെ ശക്തിയെ അത് ചോർത്തിക്കളയും. ഇതോർക്കുക: യേശുക്രിസ്തു വന്നത് പാപികളെ വീണ്ടെടുക്കാനാണ്, അല്ലാതെ പൂർണമനുഷ്യർക്കു വേണ്ടിയല്ല. അപൂർണരായ നമുക്കാർക്കും ഇപ്പോൾ ചെയ്യുന്നതെല്ലാം പിഴവറ്റതായിരിക്കുമെന്നു പ്രതീക്ഷിക്കാനാവില്ല.—1991 ഏപ്രിൽ 8 ഉണരുക! (ഇംഗ്ലീഷ്) പേജ് 15.
[20-ാം പേജിലെ ചതുരം/ചിത്രം]
ഈ ദുശ്ശീലത്തിനെതിരെ പോരാടുക!
◼ മറ്റുകാര്യങ്ങളിലേക്ക് മനസ്സു തിരിച്ചുവിടുക.—ഫിലിപ്പിയർ 4:8.
◼ അനുചിത ആഗ്രഹങ്ങൾ ഉണർത്തുന്ന കാര്യങ്ങൾ കാണുന്നത് ഒഴിവാക്കുക.—സങ്കീർത്തനം 119:37.
◼ “അത്യന്തശക്തി”ക്കുവേണ്ടി പ്രാർഥിക്കുക. —2 കൊരിന്ത്യർ 4:7.
◼ ക്രിസ്തീയ പ്രവർത്തനങ്ങളിൽ തിരക്കുള്ളവരായിരിക്കുക. —1 കൊരിന്ത്യർ 15:58.
[20-ാം പേജിലെ ചതുരം/ചിത്രം]
കൂടുതൽ സഹായം
സ്വയംഭോഗം എന്ന ദുശ്ശീലം ഉപേക്ഷിക്കാൻ സഹായിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ 25, 26 അധ്യായങ്ങൾ കാണുക.