വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 5/07 പേ. 28-30
  • ദന്തഡോക്ടറെ ഒന്നു കണ്ടാലോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദന്തഡോക്ടറെ ഒന്നു കണ്ടാലോ?
  • ഉണരുക!—2007
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദന്തക്ഷയം​—⁠എങ്ങനെ?
  • പ്രതിരോധചികിത്സ
  • കേടുപോക്കൽ
  • ഭയമകറ്റാൻ
  • നിറചിരിയുടെ സൗന്ദര്യം നിലനിറുത്താൻ
    ഉണരുക!—2005
  • ചരിത്രം സൃഷ്ടിച്ച പല്ലുവേദന
    ഉണരുക!—2007
  • ദന്തവൈദ്യത്തിലെ നാടകീയ വികാസങ്ങൾ
    ഉണരുക!—1987
  • നിങ്ങൾക്കു കൃത്രിമപ്പല്ലുകൾ ആവശ്യമാണോ?
    ഉണരുക!—1993
കൂടുതൽ കാണുക
ഉണരുക!—2007
g 5/07 പേ. 28-30

ദന്തഡോക്ടറെ ഒന്നു കണ്ടാലോ?

പല്ലുവേദന, ദന്തനഷ്ടം തുടങ്ങിയ പ്രശ്‌നങ്ങൾ പണ്ടൊക്കെ സർവസാധാരണമായിരുന്നു. കറപിടിച്ചതും സ്ഥാനംതെറ്റിയതും നഷ്ടപ്പെട്ടതുമായ പല്ലുകൾ പലരുടെയും സൗന്ദര്യം കെടുത്തിയിരുന്നു. പ്രായംചെന്ന്‌ പല്ലുകൊഴിഞ്ഞവർക്ക്‌ ഭക്ഷണം ശരിയാംവണ്ണം ചവയ്‌ക്കാൻ കഴിയുമായിരുന്നില്ല. ഫലമോ? വികലപോഷണവും കാലമെത്തും മുമ്പേയുള്ള മരണവും. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അതല്ല. ഇന്നിപ്പോൾ ദന്തചികിത്സ തേടുന്ന മിക്കവർക്കുംതന്നെ പല്ലുവേദനയോടു വിടപറയാനും പല്ലുകൾ ജീവിതാന്തംവരെ സംരക്ഷിക്കാനുമാകുന്നു; നറുപുഞ്ചിരിയുടെ ഭംഗി നിലനിറുത്താനും. ആധുനിക ദന്തചികിത്സാരംഗം ഈ മൂന്നു നേട്ടങ്ങൾ കൈവരിച്ചത്‌ എങ്ങനെയാണ്‌?

പല്ലുവേദനയും ദന്തനഷ്ടവും ഒഴിവാക്കുന്നതിനുള്ള മുഖ്യ മാർഗമാണ്‌ ബോധവത്‌കരണവും നിരന്തരപരിചരണവും ഉൾപ്പെട്ട പ്രതിരോധ ദന്തചികിത്സ (Preventive dentistry). യേശു ഇപ്രകാരം പറഞ്ഞു: “സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല.” (ലൂക്കൊസ്‌ 5:31) വായ്‌ശുചിത്വത്തെക്കുറിച്ചുള്ള ബോധവത്‌കരണത്തിൽനിന്നു പ്രയോജനം നേടിയ ചിലർക്ക്‌ വളരെ ചുരുങ്ങിയ തോതിൽമാത്രമേ ദന്തചികിത്സ ആവശ്യമായി വരാറുള്ളൂ.a പക്ഷേ ദന്തചികിത്സ ആവശ്യമുള്ള പലരും ഡോക്ടറെ കാണാറില്ല എന്നതാണു വാസ്‌തവം. കാരണം പലതാണ്‌. ചിലർക്ക്‌ അതിൽ വലിയ താത്‌പര്യമില്ല. മറ്റുചിലർ ചെലവു നിമിത്തം അതൊഴിവാക്കുന്നു. വേറെചിലരാണെങ്കിൽ ഭയം നിമിത്തവും. നിങ്ങളുടെ സാഹചര്യം എന്തുതന്നെയായാലും പിൻവരുംവിധം ചിന്തിക്കുന്നതു നല്ലതാണ്‌: എനിക്കുവേണ്ടി ഒരു ദന്തഡോക്ടർക്ക്‌ എന്തു ചെയ്യാനാകും? അത്തരം ഒരു സന്ദർശനം പ്രയോജനം ചെയ്യുമോ? പ്രതിരോധ ദന്തചികിത്സയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന്‌ ആദ്യംതന്നെ ദന്തഡോക്ടർമാർ എന്താണു പ്രതിരോധിക്കാൻ ശ്രമിക്കുന്നത്‌ എന്നറിയണം.

ദന്തക്ഷയം​—⁠എങ്ങനെ?

പല്ലുവേദനയുടെയും ദന്തനഷ്ടത്തിന്റെയും യാതന അകറ്റാൻ ദന്തഡോക്ടർക്കാകും. നിങ്ങളുടെ സഹകരണത്തോടെ പ്ലാക്ക്‌ ബാധയുടെ അനന്തരഫലങ്ങൾ തടയാൻ ഡോക്ടർമാർ ശ്രമിക്കുന്നു. പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ബാക്ടീരിയയുടെ ഒരു നേർത്ത ആവരണമാണ്‌ പ്ലാക്ക്‌. ആഹാരശകലങ്ങൾ ബാക്ടീരിയയുടെ വിളനിലമാണ്‌. അവ പഞ്ചസാരയെ പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിക്കുന്ന അമ്ലങ്ങളാക്കി മാറ്റുന്നു. അത്‌ നിരവധി സുഷിരങ്ങൾ ഉണ്ടാക്കുന്നു. ആ സുഷിരങ്ങൾ ക്രമേണ ഒരു പോടായി മാറുകയും ദന്തക്ഷയം സംഭവിക്കുകയും ചെയ്യുന്നു. പറയത്തക്ക യാതൊരു അസ്വസ്ഥതയും ഈ ഘട്ടത്തിൽ നിങ്ങൾക്ക്‌ അനുഭവപ്പെടുകയില്ല. എന്നാൽ പല്ലിന്റെ കേട്‌ പൾപ്പിനെ (ദന്തമജ്ജ) ബാധിക്കുമ്പോൾ കലശലായ വേദന ഉണ്ടാകാനിടയുണ്ട്‌.

ഈ ബാക്ടീരിയകൾ നിങ്ങളെ മറ്റൊരു വിധത്തിൽ സഹികെടുത്തിയേക്കാം. പല്ലുതേച്ച്‌ പ്ലാക്ക്‌ നീക്കാത്തപക്ഷം അതു കട്ടപിടിച്ച്‌ കാൽക്കുലസ്‌ അഥവാ ടാർടർ ആയിത്തീരുന്നു. അത്‌ മോണകളിൽ വീക്കം ഉണ്ടാകുന്നതിനും അവ പിന്നിലേക്കു മാറുന്നതിനും ഇടയാക്കിയേക്കാം. തത്‌ഫലമായി നിങ്ങളുടെ പല്ലിനും മോണയ്‌ക്കുമിടയിൽ വിടവുണ്ടാകുന്നു. അവിടെ കുടുങ്ങുന്ന ഭക്ഷണ ശകലങ്ങൾ മോണയെ നശിപ്പിക്കുന്ന ബാക്ടീരിയകളുടെ വിഹാരരംഗമായിത്തീരുന്നു. ഈ സ്ഥിതിവിശേഷത്തെ നിലയ്‌ക്കുനിറുത്താൻ നിങ്ങളുടെ ഡോക്ടറിനാകും. എന്നാൽ അത്‌ അവഗണിച്ചാൽ നിങ്ങളുടെ പല്ലിനു ചുറ്റുമുള്ള കോശങ്ങൾ നശിച്ച്‌ പല്ല്‌ കൊഴിയും. ദന്തക്ഷയത്തെക്കാൾ ഇതാണ്‌ ദന്തനഷ്ടത്തിന്‌ ഇടയാക്കുന്നത്‌.

ബാക്ടീരിയകളുടെ ഇത്തരം ആക്രമണങ്ങളിൽനിന്ന്‌ ഉമിനീർ ഒരളവുവരെ നിങ്ങളെ സംരക്ഷിക്കുന്നു. നിങ്ങൾ വയറുനിറച്ച്‌ ആഹാരം കഴിച്ചാലും ഒരു ബിസ്‌കറ്റ്‌ മാത്രം കഴിച്ചാലും ഭക്ഷ്യാവശിഷ്ടങ്ങൾ നീക്കം ചെയ്‌ത്‌ പ്ലാക്കിലെ അമ്ലത്തെ നിർവീര്യമാക്കാൻ ഉമിനീരിന്‌ 15 മുതൽ 45 മിനിട്ടുവരെ വേണം. പല്ലുകളിൽ പഞ്ചസാരയുടെ അംശം അല്ലെങ്കിൽ ഭക്ഷ്യാവശിഷ്ടങ്ങൾ എത്രത്തോളം പറ്റിപ്പിടിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ സമയത്തിന്റെ ദൈർഘ്യം. അങ്ങനെ നോക്കുമ്പോൾ പല്ലുകൾ കേടാകുന്നത്‌ ഈ സമയത്താണെന്നു പറയാം. അതുകൊണ്ട്‌ പല്ലിനുണ്ടാകുന്ന കേട്‌ എത്രകൂടെക്കൂടെ നിങ്ങൾ ഭക്ഷണം കഴിക്കുന്നു അല്ലെങ്കിൽ മധുരപലഹാരങ്ങൾ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്‌ അല്ലാതെ നിങ്ങൾ കഴിക്കുന്ന പഞ്ചസാരയുടെ അളവിനെയല്ല. ഉറങ്ങുമ്പോൾ ഉമിനീർ പ്രവാഹം കുറവായതിനാൽ നിങ്ങൾക്കു പല്ലിനോടു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ദ്രോഹം പഞ്ചസാരയടങ്ങിയ ഭക്ഷണമോ പാനീയമോ കഴിച്ചിട്ട്‌ പല്ലുതേക്കാതെ ഉറങ്ങാൻ പോകുന്നതാണ്‌. എന്നാൽ, ഭക്ഷണശേഷം പഞ്ചസാര അടങ്ങിയിട്ടില്ലാത്ത ച്യൂയിംഗം ചവയ്‌ക്കുന്നത്‌ നിങ്ങളുടെ ഉമിനീർ പ്രവാഹം വർധിപ്പിച്ച്‌ പല്ലുകളെ സംരക്ഷിക്കുന്നതായി പറയപ്പെടുന്നു.

പ്രതിരോധചികിത്സ

ദന്തഡോക്ടർമാർ ക്രമമായ അടിസ്ഥാനത്തിലുള്ള പരിശോധനകൾ ശുപാർശ ചെയ്യാറുണ്ട്‌; നിങ്ങളുടെ പല്ലിന്റെ ഗുണനിലവാരം അനുസരിച്ച്‌ വർഷത്തിൽ ഒരിക്കലോ രണ്ടുവർഷം കൂടുമ്പോഴോ ഒക്കെയാകാം അത്‌. അത്തരം പരിശോധനകളിൽ ഡോക്ടർ നിങ്ങളുടെ പല്ലുകളുടെ എക്‌സ്‌-റേ എടുത്ത്‌ ദന്തക്ഷയം സംഭവിച്ചിട്ടുണ്ടോ എന്നു നോക്കും. മരവിപ്പിച്ചശേഷം ഒരു ഡ്രിൽ-മെഷീൻ ഉപയോഗിച്ച്‌ വേദനിപ്പിക്കാതെ നിങ്ങളുടെ പല്ലിന്റെ പോടുകൾ അടയ്‌ക്കാൻ അദ്ദേഹത്തിനാകും. ചില ഡോക്ടർമാർ ഭയപ്പാടുള്ള രോഗികൾക്കായി ലേസറുകളോ ദ്രവിച്ചഭാഗം അലിയിച്ചുകളയുന്ന ജെല്ലുകളോ ഉപയോഗിച്ചുവരുന്നു. തത്‌ഫലമായി ഡ്രിൽ-മെഷീൻ ഉപയോഗിക്കുന്നതും മരവിപ്പിക്കുന്നതും കുറയ്‌ക്കുന്നതിനോ ഒഴിവാക്കുന്നതിനോ കഴിയുന്നു. കുട്ടികളെ പരിശോധിക്കുമ്പോൾ ഡോക്ടർമാർ പുതുതായി വരുന്ന അണപ്പല്ലുകൾക്കു പ്രത്യേക ശ്രദ്ധനൽകുന്നു. ചവയ്‌ക്കുന്ന ഭാഗത്ത്‌ ബ്രഷ്‌ ഉപയോഗിച്ച്‌ വൃത്തിയാക്കാൻ പ്രയാസമുള്ള വിള്ളലോ വിടവോ ഉണ്ടോയെന്ന്‌ അറിയുക എന്നതാണ്‌ അതിന്റെ ഉദ്ദേശ്യം. ശുചിയാക്കാൻ എളുപ്പമാകുംവിധം പല്ലിന്റെ പ്രതലം മിനുസമാക്കുന്നതിനും അങ്ങനെ ദന്തക്ഷയത്തിൽനിന്നു സംരക്ഷിക്കുന്നതിനുമായി ഡോക്ടർമാർ അത്തരം വിള്ളലുകൾ അടയ്‌ക്കാൻ ശുപാർശ ചെയ്‌തേക്കാം.

മുതിർന്ന രോഗികളുടെ കാര്യത്തിൽ ഡോക്ടർമാരുടെ വിശേഷശ്രദ്ധ മോണരോഗങ്ങൾ തടയുന്നതിലാണ്‌. കട്ടിയായ കാൽക്കുലസ്‌ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ ദന്തവിദഗ്‌ധൻ അതു ചുരണ്ടി വെടിപ്പാക്കുന്നു. മിക്കവാറും ആളുകൾ ബ്രഷ്‌ ചെയ്യുമ്പോൾ ചിലയിടങ്ങൾ തേക്കാൻ വിട്ടുപോയേക്കാം; അതുകൊണ്ട്‌ പല്ലു തേക്കുന്നവിധം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ ഡോക്ടർ നിർദേശിച്ചേക്കാം. ചില ഡോക്ടർമാർ, വിദഗ്‌ധനായ ഒരു ദന്തഹൈജീനിസ്റ്റിന്റെ സേവനം തേടാൻ നിർദേശിച്ചെന്നും വരാം.

കേടുപോക്കൽ

കേടുവന്നതോ നഷ്ടപ്പെട്ടതോ അല്ലെങ്കിൽ നിര തെറ്റിയതോ ആയ പല്ല്‌ നിങ്ങൾക്കുണ്ടെങ്കിൽ അതിനെ പൂർവാവസ്ഥയിലാക്കുന്നതിന്‌ നൂതന സംവിധാനങ്ങൾ ഉണ്ടെന്നറിയുന്നത്‌ സന്തോഷത്തിനു വകനൽകുന്നു. എന്നിരുന്നാലും, അത്തരം ചികിത്സാരീതികൾ വളരെ ചെലവേറിയതായതിനാൽ അതു നിങ്ങൾക്ക്‌ താങ്ങാനാകുമോ എന്നു ചിന്തിക്കേണ്ടതുണ്ട്‌. എന്നാൽ, അതിനായി പണം മുടക്കുന്നത്‌ ഒരു നഷ്ടമല്ലെന്ന പക്ഷക്കാരാണ്‌ അനേകരും. ഒരുപക്ഷേ ചവയ്‌ക്കാനുള്ള കഴിവ്‌ പുനഃസ്ഥിതീകരിക്കാൻ ഡോക്ടർക്കു കഴിഞ്ഞേക്കും. അതുമല്ലെങ്കിൽ പുഞ്ചിരിയുടെ സൗന്ദര്യമേറ്റാൻ അദ്ദേഹത്തിനായെന്നു വരാം. നിങ്ങളുടെ ജീവിതത്തിന്റെ ഗുണമേന്മയെത്തന്നെ സ്വാധീനിച്ചേക്കാം എന്നതിനാൽ അതൊരു ചില്ലറ കാര്യമല്ല.

അടർന്നുപോയതോ കറപിടിച്ചതോ ആയ മുൻനിരപ്പല്ലുകൾക്ക്‌ ഡോക്ടർ ഒരു വെനീർ ആവരണം നിർദേശിച്ചേക്കാം. പല്ലിന്റെ ഇനാമൽപോലെയിരിക്കുന്ന സുതാര്യമായ ചീനക്കളിമണ്ണുകൊണ്ടു നിർമിതമാണത്‌. കേടായ പല്ലിന്റെ പ്രതലത്തിൽ ഉറപ്പിക്കുമ്പോൾ അത്‌ പല്ലിന്‌ പുതിയ രൂപവും ഭാവവും നൽകുന്നു. പാടേ ദ്രവിച്ച പല്ലിന്‌ ഒരുപക്ഷേ അദ്ദേഹം ക്യാപ്പ്‌ അഥവാ ക്രൗൺ നിർദേശിച്ചേക്കാം. സ്വർണമോ പല്ലിന്റെ സ്വാഭാവിക നിറമുള്ള എന്തെങ്കിലും വസ്‌തുവോ ഉപയോഗിച്ചാണ്‌ ഈ ക്യാപ്പ്‌ നിർമിക്കുന്നത്‌; ഇത്‌ പല്ലിന്റെ ശേഷിക്കുന്ന ഭാഗത്തെ പൂർണമായും മറയ്‌ക്കുകയും അതിന്‌ ഒരു പുതിയ പ്രതലം നൽകുകയും ചെയ്യുന്നു.

ദന്തനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലോ? എടുത്തു മാറ്റാവുന്ന ഒരു കൃത്രിമപ്പല്ല്‌ അദ്ദേഹം വച്ചേക്കാം. നഷ്ടപ്പെട്ടുപോയ പല്ലിന്റെ (അല്ലെങ്കിൽ പല്ലുകളുടെ) സ്ഥാനത്ത്‌ കൃത്രിമപ്പല്ലുവെച്ച്‌ അതിനെ ഇരുവശങ്ങളിലുമുള്ള പല്ലുകളുമായി സ്ഥിരമായി യോജിപ്പിക്കുന്ന ഒരു രീതിയും (fixed bridge) നിലവിലുണ്ട്‌. ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന മറ്റൊരു രീതിയാണ്‌ ഇംപ്ലാന്റ്‌. അതായത്‌, താടിയെല്ലിൽ പല്ലുണ്ടായിരുന്ന ഭാഗത്തേക്ക്‌ ഒരു ടൈറ്റാനിയം സ്‌ക്രൂ ഇറക്കുന്നു; മോണയും അസ്ഥിയും വളർന്നു പൂർവസ്ഥിതി പ്രാപിച്ചശേഷം ഒരു കൃത്രിമപ്പല്ല്‌ ആ സ്‌ക്രൂവുമായി ഘടിപ്പിക്കുന്നു. സ്വാഭാവിക പല്ലുപോലെതന്നെയാണ്‌ ഇതെന്നു വേണമെങ്കിൽ പറയാം.

സ്ഥാനംതെറ്റിയ പല്ലുകൾ നാണക്കേടുണ്ടാക്കുന്നു; മാത്രമല്ല ശുചിയാക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ രോഗങ്ങൾക്കിടയാക്കുകയും ചെയ്‌തേക്കാം. നിരതെറ്റിയ പല്ലുകൾ വേദനയുണ്ടാക്കുന്നു, ഭക്ഷണം ചവയ്‌ക്കുന്നത്‌ പ്രയാസകരമാക്കുകയും ചെയ്യും. സന്തോഷകരമെന്നു പറയട്ടെ, കമ്പിയിട്ട്‌ (Braces) ഈ പ്രശ്‌നം പരിഹരിക്കാനാകും. പുതിയ ഡിസൈനുകൾ രംഗത്തെത്തിയതോടെ പെട്ടെന്നു മറ്റുള്ളവരുടെ കണ്ണിൽപ്പെടാത്ത, കൂടെക്കൂടെ ക്രമീകരിക്കേണ്ടതില്ലാത്ത വിധത്തിൽ കമ്പിയിടുക ഇന്നു സാധ്യമാണ്‌.

ചില ദന്തഡോക്ടർമാർ വായ്‌നാറ്റത്തിനുള്ള ചികിത്സയിൽ ശ്രദ്ധ ചെലുത്തുന്നവരാണ്‌. മിക്കവർക്കും വല്ലപ്പോഴും മാത്രമേ ഈ പ്രശ്‌നം ഉണ്ടാകാറുള്ളുവെങ്കിലും ചിലർക്ക്‌ ഇതൊരു സ്ഥിരം പ്രശ്‌നമാണ്‌. കാരണങ്ങൾ പലതാണ്‌. ചില ദന്തവിദഗ്‌ധർ കൃത്യമായ കാരണം കണ്ടെത്തുന്നതിൽ മിടുക്കരാണ്‌. പൊതുവേ ബാക്ടീരിയകളാണ്‌ അതിനു കാരണക്കാർ, പലപ്പോഴും നാവിന്റെ പിന്നറ്റത്തുള്ളവ. ബ്രഷ്‌ ചെയ്‌തോ വടിച്ചോ നാക്കുവൃത്തിയാക്കുന്നതും പഞ്ചസാര അടങ്ങാത്ത ച്യൂയിംഗം ചവച്ച്‌ ഉമിനീർ പ്രവാഹം വർധിപ്പിക്കുന്നതും വായ്‌നാറ്റം അകറ്റാൻ സഹായിച്ചേക്കാം. പാൽ ഉത്‌പന്നങ്ങളോ മത്സ്യമാംസാദികളോ കഴിച്ചശേഷം വായ്‌ നന്നായി വൃത്തിയാക്കുന്നത്‌ വളരെ പ്രധാനമാണ്‌.

ഭയമകറ്റാൻ

ദന്തരോഗവിദഗ്‌ധന്റെ അടുത്തു പോകാൻ നിങ്ങൾക്കു ഭയമാണോ? എങ്കിൽ അതകറ്റാൻ അദ്ദേഹം നിങ്ങളെ സഹായിക്കും. അദ്ദേഹത്തോട്‌ കാര്യങ്ങൾ തുറന്നു പറയുക. നിങ്ങൾക്കു വേദനിക്കുമ്പോഴോ ഭയംതോന്നുമ്പോഴോ അക്കാര്യം ഡോക്ടറെ അറിയിക്കാനായി കൈകൊണ്ട്‌ എന്തെങ്കിലും അടയാളം കാണിക്കുമെന്നു മുന്നമേതന്നെ ഡോക്ടറോടു പറയുക. ഇത്‌ ആത്മവിശ്വാസം നൽകുന്നതായി പലരോഗികളും കണ്ടെത്തിയിട്ടുണ്ട്‌.

ഒരുപക്ഷേ, ഡോക്ടർ ശകാരിക്കുമോ എന്ന പേടിയായിരിക്കാം നിങ്ങൾക്ക്‌. പല്ലുകൾ ശ്രദ്ധിക്കാഞ്ഞതിന്റെ പേരിൽ ഡോക്ടർ നിങ്ങളെ കളിയാക്കുമെന്ന ആശങ്കയുമുണ്ടായിരിക്കാം. എന്നാൽ, അത്‌ അവരുടെ തൊഴിലിനെ ബാധിച്ചേക്കാമെന്നതുകൊണ്ട്‌ അങ്ങനെയൊന്നും സംഭവിക്കാനിടയില്ല. രോഗികളോട്‌ മര്യാദയോടെ സംസാരിക്കുന്നവരാണ്‌ മിക്ക ഡോക്ടർമാരും.

ചികിത്സാച്ചെലവു താങ്ങാനാവില്ലെന്ന ഭയമാണ്‌ മറ്റുചിലർക്ക്‌. എന്നാൽ ഇപ്പോൾ ഒരു പരിശോധന നടത്താൻ സാധിച്ചാൽ ദന്തതകരാറുകളും അതിനോടനുബന്ധിച്ചുള്ള ഭാരിച്ച ചെലവുകളും ഭാവിയിൽ ഒഴിവാക്കാൻ നിങ്ങൾക്കായേക്കും. പലയിടത്തും നിങ്ങളുടെ ബഡ്‌ജറ്റിലൊതുങ്ങുന്ന ചികിത്സകൾ ലഭ്യമാണ്‌. അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ക്ലിനിക്കുകളിൽപ്പോലും എക്‌സ്‌-റേയും ഡ്രിൽ-മെഷീനും ഉണ്ട്‌. രോഗികൾക്ക്‌ കാര്യമായ അസ്വസ്ഥത തോന്നാത്തവിധത്തിൽ മിക്ക ചികിത്സകളും നടത്താൻ ഡോക്ടർമാർക്കാകും. മരവിപ്പിക്കുന്നതിനുള്ള ചെലവും ഒരു ഭാരമല്ല, തുച്ഛമായ വരുമാനമുള്ളവർക്കുപോലും.

ദന്തവിദഗ്‌ധർ വേദനയകറ്റുന്നവരാണ്‌, അത്‌ ഉണ്ടാക്കുന്നവരല്ല. പഴമക്കാരുടെ കാലത്തെന്നപോലെ ദന്തചികിത്സ ഇന്നൊരു പേടിസ്വപ്‌നമല്ല. ദൃഢമായ പല്ലുകൾ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ജീവിതം കൂടുതൽ ആസ്വാദ്യമാക്കുകയും ചെയ്യുമെന്നതിനാൽ ഒരു ദന്തഡോക്ടറെ സന്ദർശിച്ചുകൂടേ? അത്‌ നിങ്ങൾക്കൊരു പുതിയ അനുഭവമായിരുന്നേക്കാം.

[അടിക്കുറിപ്പ്‌]

a രോഗികളെ സഹായിക്കാൻ ദന്തഡോക്ടർക്ക്‌ എന്തു ചെയ്യാനാകുമെന്ന്‌ ഈ ലേഖനം പറയുന്നു. ദന്തസംരക്ഷണത്തിനായി നിങ്ങൾക്ക്‌ എന്തു ചെയ്യാനാകുമെന്ന്‌ അറിയുന്നതിന്‌ 2005 നവംബർ 8 ലക്കം ഉണരുക!യിലെ “നിറചിരിയുടെ സൗന്ദര്യം നിലനിറുത്താൻ” എന്ന ലേഖനം കാണുക.

[29-ാം പേജിലെ രേഖാചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ആരോഗ്യമുള്ള പല്ലിന്റെ ഘടന

ക്രൗൺ

ഇനാമൽ

ഡന്റീൻ

പൾപ്പ്‌ ചേമ്പർ നാഡികളും രക്തക്കുഴലുകളും സഹിതം

മൂലം

മോണ (ഊന്‌)

അസ്ഥി

[29-ാം പേജിലെ രേഖാചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ദന്തക്ഷയം

പോട്‌

ഫില്ലിങ്‌ പോട്‌ വലുതാകാതെ തടയുന്നു

[29-ാം പേജിലെ രേഖാചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

മോണരോഗം

പ്ലാക്ക്‌ ബ്രഷ്‌ചെയ്‌തോ ഫ്‌ളോസ്‌ചെയ്‌തോ നീക്കുക

കാൽക്കുലസ്‌, നീക്കം ചെയ്യാൻ പ്രയാസകരമായ ഇത്‌ മോണകളെ പിന്നിലേക്കു തള്ളുന്നു

പിന്നിലേക്കു മാറുന്ന മോണ

[30-ാം പേജിലെ രേഖാചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

കേടുപോക്കൽ

വെനീർ പല്ലിൽ ഉറപ്പിച്ചിരിക്കുന്നു

ക്യാപ്പ്‌

ഇംപ്ലാന്റ്‌

ഫിക്‌സ്‌ഡ്‌ ബ്രിഡ്‌ജ്‌ കൃത്രിമപ്പല്ലിനെ ഇരുവശങ്ങളിലുമുള്ള പല്ലുമായി യോജിപ്പിക്കുന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക