അവർ ശരിക്കും അത്രയുംനാൾ ജീവിച്ചിരുന്നോ?
ബൈബിൾ പറയുന്നതനുസരിച്ച്, ആദാമിന്റെ ആയുഷ്കാലം 930 വർഷമായിരുന്നു, ശേത്തിന്റേത് 912-ഉം, മെഥൂശലഹിന്റേത് 969-ഉം—ആയിരം സംവത്സരത്തിനു വെറും 31 വർഷം കുറവ്. (ഉല്പത്തി 5:5, 8, 27) അന്നത്തെ വർഷങ്ങൾക്കു നമ്മുടെ വർഷങ്ങളുടെ അത്രയുംതന്നെ ദൈർഘ്യം ഉണ്ടായിരുന്നോ? അതോ അവയ്ക്കു ദൈർഘ്യം കുറവായിരുന്നോ, ചിലർ പറയുന്നതുപോലെ ഒരുപക്ഷേ നമ്മുടെ മാസങ്ങൾക്കു തുല്യമായിരുന്നോ?
ബൈബിളിന്റെ ആന്തരിക തെളിവുകൾ സൂചിപ്പിക്കുന്നത് അന്നത്തെ വർഷത്തിനും നമ്മുടെ വർഷത്തിനും ഒരേ ദൈർഘ്യമായിരുന്നു എന്നാണ്. ഇതു പരിചിന്തിക്കുക: പുരാതന കാലത്തെ ഒരു വർഷത്തിന് നമ്മുടെ ഒരു മാസത്തെ ദൈർഘ്യമാണ് ഉണ്ടായിരുന്നതെങ്കിൽ, താഴെ പറഞ്ഞിരിക്കുന്ന ആളുകൾ നന്നേ ചെറുപ്പത്തിൽത്തന്നെ പിതാക്കന്മാരായിരുന്നിരിക്കണം; അത്ര ചെറുപ്പത്തിൽ അതു തികച്ചും അസാധ്യമാണ്. കേനാന് ആറുവയസ്സു തികയുന്നതിനു മുമ്പും മഹലലേലിനും ഹാനോക്കിനും അഞ്ചുവയസ്സു കഴിഞ്ഞയുടനെയും കുട്ടികളുണ്ടായി എന്നുവരും.—ഉല്പത്തി 5:12, 15, 21.
കൂടാതെ, പ്രാചീനർ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും പ്രത്യേകം പ്രത്യേകം പരാമർശിച്ചിരുന്നു. (ഉല്പത്തി 1:14-16; 8:13) വാസ്തവത്തിൽ, നോഹയുടെ വിശദമായ കാലഗണന ഒരു മാസത്തിന്റെ ദൈർഘ്യം കണക്കാക്കാൻ നമ്മെ സഹായിക്കുന്നു. ഉല്പത്തി 7:11, 24-നെ ഉല്പത്തി 8:3, 4-മായി താരതമ്യം ചെയ്താൽ രണ്ടാം മാസം പതിനേഴാം തീയതി മുതൽ ഏഴാം മാസം പതിനേഴാം തീയതി വരെയുള്ള അഞ്ചു മാസത്തിന്റെ ദൈർഘ്യം 150 ദിവസമാണെന്നു കാണാം. അതിനർഥം നോഹ പിൻപറ്റിയിരുന്ന ഒരു മാസത്തിന് 30 ദിവസത്തെ ദൈർഘ്യമുണ്ടായിരുന്നു എന്നാണ്; അത്തരം 12 മാസങ്ങൾ ചേർന്ന് ഒരു വർഷവും.—ഉല്പത്തി 8:5-13.a
എന്നാൽ എങ്ങനെയാണ് ആളുകൾ 900-മോ അതിലധികമോ വർഷം ജീവിച്ചത്? എന്നേക്കും ജീവിക്കാനാണു ദൈവം മനുഷ്യരെ സൃഷ്ടിച്ചതെന്നും മനുഷ്യകുടുംബത്തിന്മേൽ അപൂർണതയും മരണവും കൈവരുത്തിയത് ആദാമിന്റെ പാപമാണെന്നും ബൈബിൾ നമ്മോടു പറയുന്നു. (ഉല്പത്തി 2:17; 3:17-19; റോമർ 5:12) പ്രളയ-പൂർവ കാലഘട്ടത്തിൽ ജീവിച്ചിരുന്നവർ ഇന്നുള്ളവരെക്കാൾ പൂർണതയോടു വളരെ അടുത്തായിരുന്നു; അവരുടെ ദീർഘായുസ്സിന്റെ മുഖ്യ കാരണം അതായിരുന്നു. ഉദാഹരണമായി, മെഥൂശലഹ് ആദാമിന്റെ വെറും ഏഴാം തലമുറക്കാരനായിട്ടാണു ജനിച്ചത്.—ലൂക്കൊസ് 3:37, 38.
എന്നിരുന്നാലും, യഹോവയാം ദൈവം ഉടൻതന്നെ തന്റെ പുത്രന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസം അർപ്പിക്കുന്ന എല്ലാവരിൽനിന്നും ആദാമിക പാപത്തിന്റെ സകല കണികകളും നീക്കം ചെയ്യും. “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻതന്നേ.” (റോമർ 6:23) അതേ, മെഥൂശലഹിന്റെ 969 വർഷായുസ്സ് ഒന്നുമല്ലാതാകുന്ന കാലം വരുന്നു!
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്), വാല്യം 2, പേജ് 1214 കാണുക.
[30-ാം പേജിലെ ഗ്രാഫ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
1000
മെഥൂശലഹ്
ആദാം
ശേത്ത്
900
800
700
600
500
400
300
200
100
ഇന്നത്തെ ശരാശരി മനുഷ്യൻ