എന്താണ് ബൈബിളിന്റെ ഉള്ളടക്കം?
മനുഷ്യനുമായുള്ള ദൈവത്തിന്റെ ആയിരക്കണക്കിനു വർഷത്തെ ഇടപെടലുകളെക്കുറിച്ചു വിവരിക്കുന്നതിനാൽ ബൈബിളിനെ ചിലർ ഒരു ചരിത്രപുസ്തകമായാണു കണക്കാക്കുന്നത്. മറ്റുചിലർക്ക് അതൊരു ധാർമിക സംഹിതയാണ്. ദൈവം ഇസ്രായേൽ ജനതയ്ക്കു നൽകിയ നീതിന്യായപരവും ഗാർഹികവും ധാർമികവും മതപരവുമായ 600-ലധികംവരുന്ന നിയമങ്ങളെയും ചട്ടങ്ങളെയുമാണ് അവർ അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇനിയും വേറെചിലർ ദൈവത്തിന്റെ മനസ്സ് വെളിപ്പെടുത്തുന്ന ഒരു ആത്മീയ വഴികാട്ടിയായി ബൈബിളിനെ വീക്ഷിക്കുന്നു.
ഈ പറഞ്ഞതെല്ലാം ശരിയാണ്. ബൈബിൾതന്നെ അതിനെക്കുറിച്ച് ഇപ്രകാരം പറയുന്നു: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ് 3:16, 17) ചരിത്ര വിവരണങ്ങൾ, നിയമങ്ങൾ, ആത്മീയ ബുദ്ധിയുപദേശങ്ങൾ എന്നിങ്ങനെ ദൈവവചനത്തിലുള്ള സകലതും പ്രയോജനകരമാണ്.
എന്നിരുന്നാലും സഹായകമായ വിവരങ്ങളുടെ ഒരു ശേഖരം മാത്രമല്ല ബൈബിൾ. അത് യഹോവയാം ദൈവത്തിൽനിന്നുള്ള വെളിപ്പാടാണ്. ബൈബിളിനു മാത്രമുള്ള സവിശേഷതയാണത്. അനുദിന ജീവിതത്തിന് ആവശ്യമായ ദിവ്യനിശ്വസ്തവും പ്രായോഗികവുമായ മാർഗനിർദേശങ്ങൾ അതിലുണ്ട്. ഭൂമിയെയും മനുഷ്യവർഗത്തെയും കുറിച്ചുള്ള ദിവ്യോദ്ദേശ്യം അതു വെളിപ്പെടുത്തുന്നുവെന്നു മാത്രമല്ല മനുഷ്യകഷ്ടപ്പാടുകളുടെ മൂലകാരണം ദൈവം എങ്ങനെ തുടച്ചുനീക്കുമെന്നു വ്യക്തമാക്കുകയും ചെയ്യുന്നു. സാത്താൻ ദൈവനാമത്തിന്മേൽ ചെളിവാരിയെറിഞ്ഞിരിക്കുകയാണെന്നും ആ പ്രശ്നം എങ്ങനെ ദൈവം കൈകാര്യം ചെയ്യുമെന്നും അതു വിശദീകരിക്കുന്നു എന്നതാണു സുപ്രധാനമായ സംഗതി.
ദൈവം നുണയനും ഭരിക്കാൻ അറിയാത്തവനുമാണെന്ന് ആരോപണം
ദൈവം നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമിനെയും ഹവ്വായെയും മാനസികവും ശാരീരികവുമായ പൂർണതയോടെ സൃഷ്ടിച്ച് നല്ലൊരു ചുറ്റുപാടിൽ ആക്കിവെച്ചെന്നു ബൈബിൾ പ്രസ്താവിക്കുന്നു. ഭൂമിയെയും അതിലെ ജീവജാലങ്ങളെയും പരിപാലിക്കാനുള്ള ഉത്തരവാദിത്വം ദൈവം അവർക്കു നൽകി. (ഉല്പത്തി 1:28) ദൈവത്തിന്റെ മക്കൾ എന്നനിലയിൽ, തങ്ങളുടെ സ്വർഗീയ പിതാവിനെ അനുസരിച്ചാൽ അവർക്കു ഭൂമിയിൽ എന്നേക്കും ജീവിക്കാമായിരുന്നു. യഹോവ ഒരേയൊരു നിബന്ധന മാത്രമേ അവരുടെ മുമ്പാകെ വെച്ചുള്ളൂ. “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.”—ഉല്പത്തി 2:16, 17.
എന്നാൽ പിശാചായ സാത്താൻ എന്നു ബൈബിൾ വിളിക്കുന്ന ഒരു ആത്മജീവി അതിനു വിരുദ്ധമായി ഇങ്ങനെ പറഞ്ഞു: “നിങ്ങൾ മരിക്കയില്ല നിശ്ചയം.” (ഉല്പത്തി 3:1-5) ധിക്കാരപൂർവം ദൈവത്തിനെതിരെ തിരിഞ്ഞുകൊണ്ട് സാത്താൻ സ്രഷ്ടാവിനെ ഒരു നുണയൻ എന്നു വിളിക്കുക മാത്രമല്ല ദൈവത്തിന്റെ ഭരണവിധം തെറ്റാണെന്ന്, അതായത് ദൈവത്തെക്കൂടാതെ മനുഷ്യന് മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കാനാകുമെന്നു സൂചിപ്പിക്കുകകൂടെ ചെയ്തു. ദൈവത്തെ അനുസരിക്കാതിരുന്നാൽ അവർക്കു മോചനവും ധാർമിക സ്വാതന്ത്ര്യവും ലഭിക്കുമെന്നു സാത്താൻ ഹവ്വായെ പറഞ്ഞു വിശ്വസിപ്പിച്ചു. അവൾ “ദൈവത്തെപ്പോലെ” ആകുമെന്ന് അവൻ പറഞ്ഞു! അങ്ങനെ സാത്താൻ യഹോവയുടെ സത്പേരിനെയും ഉദ്ദേശ്യത്തെയും ആക്രമിച്ചു.
ആ സംഭാഷണം ദൂരവ്യാപക ഫലമാണ് ഉളവാക്കിയത്. വാസ്തവത്തിൽ, ദൈവത്തിന്റെ നാമത്തിനും സത്കീർത്തിക്കുംമേൽ വന്നിരിക്കുന്ന നിന്ദ നീക്കം ചെയ്യുക എന്ന അവിടുത്തെ ഉദ്ദേശ്യമാണു ബൈബിളിന്റെ പ്രമേയം. സ്വർഗസ്ഥനായ പിതാവേ, എന്നറിയപ്പെടുന്ന (കർത്താവിന്റെ പ്രാർഥന എന്നും അറിയപ്പെടുന്നു) മാതൃകാപ്രാർഥനയിൽ യേശു അക്കാര്യം സംഗ്രഹിച്ചു പറയുകയുണ്ടായി. പിൻവരുംവിധം പ്രാർഥിക്കാൻ യേശു അനുഗാമികളെ പഠിപ്പിച്ചു: “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം . . . ഭൂമിയിലും ആകേണമേ.”—മത്തായി 6:9, 10.
ദൈവം തന്റെ നാമം വിശുദ്ധീകരിക്കുന്ന വിധം
അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ സാത്താൻ ഉന്നയിച്ചു: ആരു പറഞ്ഞതാണു സത്യം? യഹോവയോ സാത്താനോ? തന്റെ സൃഷ്ടികളുടെമേലുള്ള യഹോവയുടെ ഭരണം നീതിനിഷ്ഠവും ഉത്തമവുമാണോ? മനുഷ്യർ തന്നെ അനുസരിക്കണമെന്നു പ്രതീക്ഷിക്കാനുള്ള അവകാശം ദൈവത്തിനുണ്ടോ? മനുഷ്യർ സ്വയം ഭരിക്കുന്നതാണോ ഏറെ നല്ലത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാനായി, യഹോവ ഭരണം താത്കാലികമായി മനുഷ്യർക്കു വിട്ടുകൊടുത്തു.
ഫലമെന്താണ്? ഏദെനിലെ ആ ആദ്യ നുണയ്ക്കുശേഷം മനുഷ്യവർഗം കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും നട്ടംതിരിയുകയാണ്. സാത്താൻ പറഞ്ഞത് കല്ലുവെച്ച നുണയാണെന്നും ദൈവത്തെ മാറ്റിനിറുത്തിക്കൊണ്ടുള്ള ഭരണം വിനാശത്തിലേ കലാശിക്കുകയുള്ളുവെന്നും അതു തെളിയിച്ചിരിക്കുന്നു. എങ്കിലും, ഏദെനിൽ തുടക്കംകുറിച്ച സകല പ്രശ്നങ്ങളും ഇല്ലായ്മ ചെയ്തുകൊണ്ട് തന്റെ നാമത്തെ വിശുദ്ധീകരിക്കുക എന്നതാണ് അളവറ്റ ജ്ഞാനത്തിന്റെ ഉടമയും സ്നേഹനിധിയുമായ യഹോവയുടെ ഉദ്ദേശ്യം. മിശിഹൈക രാജ്യം മുഖാന്തരമായിരിക്കും ദൈവം അതു ചെയ്യുക. എന്താണ് ആ രാജ്യം?
രാജ്യം—ദൈവത്തിന്റെ പരിഹാരമാർഗം
ദശലക്ഷങ്ങൾ ദിവസവും സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർഥന ചൊല്ലാറുണ്ട്. അതിന്റെ അർഥത്തെക്കുറിച്ച് നമുക്കൊന്നു ചിന്തിച്ചാലോ. അതിലെ പിൻവരുന്ന ഭാഗം ശ്രദ്ധിക്കുക: “നിന്റെ രാജ്യം വരേണമേ.” (മത്തായി 6:10) ആ രാജ്യം ഹൃദയത്തിലെ ഒരു അവസ്ഥയാണെന്നാണു ചിലർ പറയുന്നത്. എന്നാൽ അതു ശരിയല്ല. “രാജ്യം” എന്ന പദംതന്നെ സൂചിപ്പിക്കുന്നത് അതൊരു ഭരണകൂടമാണെന്നാണ്. ആ സ്വർഗീയ ഗവൺമെന്റിന്റെ ഭരണാധികാരി ‘രാജാധിരാജാവായ’ യേശുക്രിസ്തുവാണ്. (വെളിപ്പാടു 19:13, 16; ദാനീയേൽ 2:44; 7:13, 14) യേശു മുഴുഭൂമിയെയും ഭരിക്കുമെന്നും മനുഷ്യർക്കിടയിൽ ശാശ്വത സമാധാനവും ഐക്യവും കൊണ്ടുവരുമെന്നും ഭൂമിയിൽനിന്നു സകലതരം ദുഷ്ടതയെയും ഇല്ലായ്മ ചെയ്യുമെന്നും ബൈബിൾ പഠിപ്പിക്കുന്നു. (യെശയ്യാവു 9:6, 7; 2 തെസ്സലൊനീക്യർ 1:6-10) അങ്ങനെ, “നിന്റെ ഇഷ്ടം . . . ഭൂമിയിലും ആകേണമേ” എന്ന യേശുവിന്റെ വാക്കുകൾ സാക്ഷാത്കരിക്കപ്പെടും; ഏതെങ്കിലും മനുഷ്യ ഭരണകൂടത്താലല്ല, മറിച്ച് ദൈവരാജ്യത്താൽ.
ആ വാക്കുകൾ നിറവേറുമെന്നതിന്റെ ഉറപ്പ് എന്നനിലയിൽ, ആദാമിന്റെ സന്തതികളെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കുന്നതിനായി യേശു സ്വന്തജീവൻ മറുവിലയായി നൽകി. (യോഹന്നാൻ 3:16; റോമർ 6:23) അതുകൊണ്ട് ക്രിസ്തുവിന്റെ മറുവിലയാഗത്തിൽ വിശ്വാസമർപ്പിക്കുന്ന സകലരും ദൈവരാജ്യത്തിൽ ആദാമ്യപാപം ഇല്ലായ്മ ചെയ്യപ്പെടുന്നതിന്റെയും മനുഷ്യൻ പടിപടിയായി പൂർണതയിലേക്കു വരുന്നതിന്റെയും ഫലങ്ങൾ നേരിൽക്കാണും. (സങ്കീർത്തനം 37:11, 29) വാർധക്യംപോലെ, രോഗങ്ങളാൽ കഷ്ടപ്പെടുന്ന കാലം മേലാൽ ഉണ്ടായിരിക്കുകയില്ല. രോഗങ്ങളും മരണവും നിമിത്തം മനുഷ്യവർഗത്തിന് ഉണ്ടാകുന്ന വൈകാരിക വേദനപോലും “കഴിഞ്ഞുപോയി”രിക്കും.—വെളിപ്പാടു 21:4, 5.
ദൈവം ഈ വാഗ്ദാനങ്ങൾ പാലിക്കുമെന്നതിന് എന്താണുറപ്പ്? ബൈബിളിലെ നൂറുകണക്കിനു പ്രവചനങ്ങൾ ഇതിനോടകം നിറവേറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് അതിന്റെ ഒരു കാരണം. (9-ാം പേജ് കാണുക.) അതുകൊണ്ട് ബൈബിളിലുള്ള വിശ്വാസം അന്ധമായ വിശ്വാസമോ മിഥ്യാ സങ്കൽപ്പമോ അല്ല. അത് യുക്തിക്കു നിരക്കുന്നതും നിരവധി തെളിവുകളുടെ പിന്തുണയുള്ളതുമാണ്.—എബ്രായർ 11:1.
നമ്മുടെ നാളിലേക്കുള്ള പ്രായോഗിക ബുദ്ധിയുപദേശം
ബൈബിൾ ഭാവിപ്രത്യാശയ്ക്കുള്ള ഈടുറ്റ അടിസ്ഥാനം പ്രദാനംചെയ്യുക മാത്രമല്ല ഇപ്പോൾപ്പോലും ഒരു സംതൃപ്ത ജീവിതം നയിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, വിവാഹം, കുടുംബജീവിതം, മനുഷ്യബന്ധങ്ങൾ, സന്തോഷം കണ്ടെത്തൽ തുടങ്ങിയ നിരവധി കാര്യങ്ങൾ സംബന്ധിച്ച ഏറ്റവും മെച്ചപ്പെട്ട പ്രായോഗിക നിർദേശങ്ങൾ ദൈവവചനം നൽകുന്നുണ്ട്. ഏതാനും ഉദാഹരണങ്ങൾ നോക്കുക.
◼ ചിന്തിച്ചു സംസാരിക്കുക. “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.”—സദൃശവാക്യങ്ങൾ 12:18.
◼ അസൂയപ്പെടാതിരിക്കുക. ‘ശാന്തമനസ്സു ദേഹത്തിനു ജീവൻ; അസൂയയോ അസ്ഥികൾക്കു ദ്രവത്വം.’—സദൃശവാക്യങ്ങൾ 14:30.
◼ കുട്ടികൾക്കു ശിക്ഷണം നൽകുക. “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” “തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.”—സദൃശവാക്യങ്ങൾ 22:6; 29:15.
◼ ക്ഷമാശീലരായിരിക്കുക. യേശു പറഞ്ഞു: “കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും.” (മത്തായി 5:7) ജ്ഞാനിയായ ശലോമോൻ രാജാവ് എഴുതി: ‘സ്നേഹം സകലലംഘനങ്ങളെയും മൂടുന്നു.’ (സദൃശവാക്യങ്ങൾ 10:12) ആരെങ്കിലും നിങ്ങൾക്കെതിരെ മറക്കാനോ പൊറുക്കാനോ സാധിക്കാത്ത ഒരു പാപം ചെയ്യുന്നെങ്കിൽ ബൈബിളിന്റെ പിൻവരുന്ന ഉപദേശം നിങ്ങൾക്കു സഹായകമാകും: “നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന്നു ബോധം വരുത്തുക.”—മത്തായി 18:15.
◼ പണസ്നേഹം ഒഴിവാക്കുക. “ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു . . . ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.” (1 തിമൊഥെയൊസ് 6:10) പണത്തെയല്ല, ദ്രവ്യാഗ്രഹത്തെ അഥവാ പണസ്നേഹത്തെയാണു ബൈബിൾ കുറ്റംവിധിക്കുന്നത് എന്നു ശ്രദ്ധിക്കുക.
സ്വർഗീയ പിതാവിന്റെ “കത്ത്”
ബൈബിളിൽ നിരവധി കാര്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമായല്ലോ. നാം കണ്ടുകഴിഞ്ഞതുപോലെ അതിൽ മുഖ്യമായും ദൈവത്തെയും അവിടുത്തെ ഉദ്ദേശ്യത്തെയും കുറിച്ചാണു പ്രതിപാദിച്ചിരിക്കുന്നത്. മനുഷ്യവർഗത്തെക്കുറിച്ചും അതു പറയുന്നു. ഇപ്പോഴും ദൈവരാജ്യത്തിൻ കീഴിൽ എന്നേക്കും സന്തോഷത്തോടെ എങ്ങനെ ജീവിതം നയിക്കാമെന്ന് അതു കാണിച്ചുതരുന്നു. ഒരർഥത്തിൽ, ‘സ്വർഗസ്ഥ പിതാവായ’ യഹോവയിൽനിന്നുള്ള ഒരു കത്തുപോലെയാണു ബൈബിൾ. (മത്തായി 6:9) ഇതിലൂടെ യഹോവ തന്റെ മനസ്സിലുള്ള വിലപ്പെട്ട കാര്യങ്ങൾ മനുഷ്യരുമായി പങ്കുവെക്കുകയും തന്റെ ഹിതവും ഉത്കൃഷ്ട വ്യക്തിത്വവും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ബൈബിൾ വായിക്കുകയും ആ കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുകവഴി ദൈവത്തെ അവിടുന്ന് യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ നാം ‘കാണാൻ’ തുടങ്ങും. നാം ഹൃദയപൂർവം ദൈവത്തിലേക്ക് അടുക്കും; ദൈവവുമായി ഒരു നല്ല ബന്ധത്തിലേക്കു വരുകയും ചെയ്യും. (യാക്കോബ് 4:8) ചരിത്രം, പ്രവചനം, നിയമങ്ങൾ എന്നിവ മാത്രമല്ല ബൈബിളിൽ അടങ്ങിയിരിക്കുന്നത്. വ്യക്തിപരമായ ഒരു ബന്ധത്തെക്കുറിച്ചും അതു പറയുന്നുണ്ട്—സ്രഷ്ടാവുമായി നമുക്കുള്ള ബന്ധം. ശരിക്കുംപറഞ്ഞാൽ, അതാണ് ഈ ഗ്രന്ഥത്തെ അതുല്യവും അമൂല്യവുമാക്കുന്നത്.—1 യോഹന്നാൻ 4:8, 16.
[19-ാം പേജിലെ ആകർഷക വാക്യം]
യേശുവിന്റെ മാതൃകാപ്രാർഥനയിലെ ആദ്യത്തെ ഏതാനും വാചകങ്ങളിൽ ബൈബിളിന്റെ പ്രമേയം സംഗ്രഹിച്ചിരിക്കുന്നു
[21-ാം പേജിലെ ചതുരം/ചിത്രം]
ബൈബിൾ വായിക്കേണ്ടതെങ്ങനെ?
ആസ്വദിച്ചു വായിക്കാവുന്ന ഒരു ഗ്രന്ഥമാണു ബൈബിൾ. അതിലെ വിവരണങ്ങളും സന്മാർഗ പാഠങ്ങളും വളരെ പ്രശസ്തമാണ്. അതുകൊണ്ടുതന്നെ പല ഭാഷകളിലെയും സാഹിത്യങ്ങളിൽ അവയ്ക്കു പ്രമുഖമായൊരു സ്ഥാനമാണുള്ളത്. സ്രഷ്ടാവായ യഹോവയെക്കുറിച്ച് അറിയാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. പ്രായോഗിക ജ്ഞാനത്തിന്റെ വറ്റാത്ത ഉറവുകൂടിയാണത്. ബൈബിളിലെ ഒരു പഴമൊഴി ഇങ്ങനെയാണ്: “ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.” (സദൃശവാക്യങ്ങൾ 4:7) ബൈബിൾ വായനയിൽനിന്നു നിങ്ങൾക്കെങ്ങനെ പരമാവധി പ്രയോജനം നേടാം?
നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന സമയങ്ങളിൽ ബൈബിൾ വായിക്കാൻ ക്രമീകരിക്കുക. ധൃതിപിടിച്ചു വായിക്കരുത്. മനസ്സിനെ ദൈവിക ചിന്തകളാൽ നിറയ്ക്കുകയും അതിനെ സ്വന്തമാക്കുകയും ചെയ്യുക എന്നതായിരിക്കണം ലക്ഷ്യം. ഓരോ തവണയും വായന കഴിയുമ്പോൾ, വായിച്ചതിനെക്കുറിച്ചു ധ്യാനിക്കുക, അതിനോടകം അറിയാവുന്ന കാര്യങ്ങളുമായി അതിനെ തട്ടിച്ചുനോക്കുക. അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ അറിവിന്റെ ആഴം വർധിക്കുകയും ഹൃദയത്തിൽ നന്ദി നിറഞ്ഞു തുളുമ്പുകയും ചെയ്യും.—സങ്കീർത്തനം 143:5.
‘വായന എവിടെ തുടങ്ങണം’ എന്നായിരിക്കാം ചിലർ ചിന്തിക്കുന്നത്. തുടക്കം മുതൽ വായിക്കണമെങ്കിൽ അങ്ങനെയാകാം. എന്നാൽ ആദ്യമായി വായന തുടങ്ങിയ ചിലർ സുവിശേഷങ്ങളിൽ തുടങ്ങുന്നതാണ് എളുപ്പമെന്നു മനസ്സിലാക്കിയിരിക്കുന്നു. യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചു വിവരിക്കുന്ന മത്തായി, മർക്കൊസ്, ലൂക്കൊസ്, യോഹന്നാൻ എന്നിവയാണ് അവ. അടുത്തതായി, മനോഹരവും അർഥഗർഭവുമായ കാവ്യപുസ്തകങ്ങൾ അതായത്, സങ്കീർത്തനങ്ങൾ, സദൃശവാക്യങ്ങൾ, സഭാപ്രസംഗി എന്നിവയിലേക്കു കടക്കാം. അതുകഴിഞ്ഞ് ബൈബിളിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. (താഴെയുള്ള ചതുരം കാണുക.) “പുതിയ നിയമം” എന്നറിയപ്പെടുന്ന ഭാഗം മാത്രം വായിച്ചാൽ മതിയെന്ന അബദ്ധധാരണ വെച്ചുപുലർത്തരുത്. ‘എല്ലാതിരുവെഴുത്തും ദൈവശ്വാസീയവും പ്രയോജനമുള്ളതും’ ആണ് എന്ന വസ്തുത മനസ്സിൽപ്പിടിക്കുക. —2 തിമൊഥെയൊസ് 3:16, 17.
വിഷയം വിഷയമായി ബൈബിൾ പഠിക്കുക എന്നതാണ് ഫലപ്രദമായ മറ്റൊരു മാർഗം. ഉദാഹരണത്തിന്, യഹോവയുടെ സാക്ഷികൾ പരസ്യശുശ്രൂഷയിൽ ഉപയോഗിക്കുന്ന ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പഠനസഹായിയിൽ “നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കാവുന്ന വിധം,” “ദൈവം അംഗീകരിക്കുന്ന ആരാധന,” “മരിച്ചവർ എവിടെ?” എന്നിങ്ങനെയുള്ള കാലോചിതമായ വിഷയങ്ങൾ കാണാം.—18-ാം പേജിലെ ചതുരം കാണുക.
[21-ാം പേജിലെ ചതുരം]
വിഷയാനുക്രമമുള്ള വായന
ജീവന്റെ ഉത്ഭവവും പാപത്തിലേക്കുള്ള മനുഷ്യന്റെ പതനവും ഉല്പത്തി
പുരാതന ഇസ്രായേൽ ജനതയുടെ പിറവി പുറപ്പാടു മുതൽ ആവർത്തനപുസ്തകം വരെ
ഉദ്വേഗജനകമായ വിവരണങ്ങൾ യോശുവ മുതൽ എസ്ഥേർ വരെ
വികാരോദ്ദീപകമായ കാവ്യങ്ങളും ഗീതങ്ങളും ഇയ്യോബ്, സങ്കീർത്തനങ്ങൾ, ഉത്തമഗീതം
ജീവിതത്തിന് ആവശ്യമായ ജ്ഞാനം സദൃശവാക്യങ്ങൾ, സഭാപ്രസംഗി
പ്രവചനവും ധാർമിക മാർഗനിർദേശങ്ങളും യെശയ്യാവു മുതൽ മലാഖിവരെ, വെളിപ്പാടു
യേശുവിന്റെ ജീവിതവും ഉപദേശങ്ങളും മത്തായി മുതൽ യോഹന്നാൻ വരെ
ക്രിസ്ത്യാനിത്വത്തിന്റെ പിറവിയും വളർച്ചയും പ്രവൃത്തികൾ
സഭകൾക്കുള്ള ലേഖനങ്ങൾ റോമർ മുതൽ യൂദാ വരെ