യുവജനങ്ങൾ ചോദിക്കുന്നു . . .
ബൈബിൾനിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കേണ്ടതുണ്ടോ?
നി ങ്ങൾ സ്കൂളിനടുത്തുള്ള റസ്റ്റൊറന്റിൽ രണ്ടു കൂട്ടുകാരികൾക്കൊപ്പം ഭക്ഷണം കഴിക്കുകയാണെന്നു കരുതുക. പുതുതായി സ്കൂളിൽച്ചേർന്ന ആൺകുട്ടിയെ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയാണ് അവരിലൊരാൾ.
അവൾ നിങ്ങളോടു പറയുന്നു: “കക്ഷിക്കു നിന്നെയങ്ങു പിടിച്ചുപോയി, കേട്ടോ. ആളുടെ ആ നോട്ടം കണ്ടാൽ അറിയാം. അവന്റെ കണ്ണുകൾ നിന്നെ പൊതിഞ്ഞിരിക്കുകയാണ്!”
“അറിയാമോ, ആൾക്കു ഗേൾഫ്രണ്ട്സ് ആരുമില്ല,” രണ്ടാമത്തെ പെൺകുട്ടിയുടെ പതിഞ്ഞ സ്വരം.
“കഷ്ടം, എനിക്കാളായിപ്പോയി. അല്ലായിരുന്നെങ്കിൽ ഈ നിമിഷം ഞാനൊന്നു കോർത്തേനെ!” ആദ്യത്തെ പെൺകുട്ടി.
നിങ്ങൾ കേൾക്കാൻ ഒട്ടും ഇഷ്ടപ്പെടാത്ത കാര്യമാണ് അടുത്തതായി അവൾ പറയുന്നത്.
“എന്താ നിനക്കൊരു ബോയ്ഫ്രണ്ടില്ലാത്തത്?”
ആ ചോദ്യം നിങ്ങൾ പ്രതീക്ഷിച്ചിരുന്നു. സത്യത്തിൽ, ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നെങ്കിൽ എന്നു നിങ്ങൾ ചിന്തിക്കാറുമുണ്ട്. എന്നാൽ വിവാഹപ്രായമായശേഷം ഡേറ്റിങ് തുടങ്ങുന്നതാണ് ഏറ്റവും നല്ലതെന്നു പലരും നിങ്ങളോടു പറഞ്ഞിട്ടുണ്ട്.
“നിന്റെയാ മതമാണു പ്രശ്നം, ശരിയല്ലേ?” രണ്ടാമത്തെ പെൺകുട്ടി.
‘എന്റെ മനസ്സുവായിക്കാൻ അവൾക്കിത്ര സാമർഥ്യമോ?’ നിങ്ങൾ ചിന്തിക്കുന്നു.
“ഇങ്ങനെ ബൈബിളും കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാൽ മതിയോ? വല്ലപ്പോഴെങ്കിലും ഒരു രസം വേണ്ടേ?” ആദ്യപെൺകുട്ടിയുടെ പരിഹാസം.
ബൈബിൾനിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കുന്നതു നിമിത്തം സമാനമായ ഒരു സാഹചര്യം നിങ്ങൾക്കെന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? നിങ്ങളെങ്ങനെ പ്രതികരിച്ചു?
◼ സധൈര്യം നിങ്ങളുടെ ധാർമിക നിലപാടു വെളിപ്പെടുത്തി
◼ ജാള്യത തോന്നിയെങ്കിലും വിശ്വാസത്തെക്കുറിച്ചു കഴിവിന്റെ പരമാവധി വിശദീകരിച്ചു
◼ കൂട്ടുകാർ പറയുന്നതു ശരിയാണെന്ന്, ജീവിതത്തിന്റെ സന്തോഷമെല്ലാം നിങ്ങൾ കളഞ്ഞുകുളിക്കുകയാണെന്ന്, നിങ്ങൾ നിഗമനം ചെയ്തു!
‘ബൈബിൾനിലവാരങ്ങൾക്കു ചേർച്ചയിലുള്ള ജീവിതം അത്ര മൂല്യവത്താണോ?’ എന്ന് ഒരിക്കലെങ്കിലും നിങ്ങൾ സംശയിച്ചിട്ടുണ്ടോ? ദെബോറ എന്ന പെൺകുട്ടി ഇക്കാര്യം പരിചിന്തിച്ചു.a അവൾ പറയുന്നു: “ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ എന്റെ കൂട്ടുകാർക്കു കഴിയുമായിരുന്നു, ആരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ലാത്തതുപോലെ. ബൈബിൾനിലവാരങ്ങൾ എന്നെ കെട്ടിയിടുന്നതായി തോന്നി. സഹപാഠികളെപ്പോലെ സ്വതന്ത്രമായി ജീവിക്കാൻ ഞാൻ കൊതിച്ചു.”
സംശയങ്ങൾ തോന്നുന്നത് അപരാധമോ?
ദൈവത്തിനു പ്രസാദകരമായ ജീവിതം നയിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോയെന്ന് ബൈബിളെഴുത്തുകാരനായ ആസാഫ് ഒരിക്കൽ ചിന്തിച്ചിരുന്നു. “ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി,” അവനെഴുതി. “ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യർത്ഥമത്രേ” എന്നുപോലും അവൻ പറഞ്ഞു.—സങ്കീർത്തനം 73:3, 13.
തന്റെ നിലവാരങ്ങൾക്കനുസൃതം ജീവിക്കുന്നതിന്റെ മൂല്യത്തെക്കുറിച്ച് ആളുകൾ ചിലപ്പോഴൊക്കെ ചോദ്യമുയർത്തിയേക്കാമെന്ന് യഹോവയാം ദൈവത്തിനു തീർച്ചയായും അറിയാം. ആസാഫിന്റെ വിചാരങ്ങൾ ബൈബിളിൽ രേഖപ്പെടുത്താൻ അവൻ അനുവദിച്ചു എന്നോർക്കുക. ഒടുവിൽ, ദിവ്യനിയമത്തിനു ചേർച്ചയിൽ ജീവിക്കുന്നതാണ് അത്യുത്തമമെന്ന് ആസാഫിനു ബോധ്യമായി. (സങ്കീർത്തനം 73:28) കയ്പേറിയ ജീവിതാനുഭവങ്ങളിലൂടെയല്ല, ജ്ഞാനപൂർവം മറ്റുള്ളവരുടെ തെറ്റുകളിൽനിന്നു പഠിച്ചുകൊണ്ടാണ് അവൻ ആ നിഗമനത്തിലെത്തിയത്. (സങ്കീർത്തനം 73:16-19) അങ്ങനെ ചെയ്യാൻ നിങ്ങൾക്കുമാകുമോ?
യഥാർഥ ചിത്രം
ദാവീദ് രാജാവിന്റെ അനുഭവം വ്യത്യസ്തമായിരുന്നു. ദിവ്യനിലവാരങ്ങൾ തിരസ്കരിക്കുന്നവർ ദുഃഖിക്കേണ്ടിവരുമെന്ന് പരിതാപകരമായ സ്വന്തം അനുഭവങ്ങളിലൂടെയാണ് അവൻ പഠിച്ചത്. സേവകന്മാരിൽ ഒരുവന്റെ ഭാര്യയുമായി അവൻ വ്യഭിചാരത്തിലേർപ്പെടുകയും തുടർന്ന് ആ തെറ്റു മൂടിവെക്കാൻ ശ്രമിക്കുകയും ചെയ്തു. അതിലൂടെ അവൻ ദൈവത്തെയും മറ്റുള്ളവരെയും മുറിപ്പെടുത്തി, കഠിനമായ ഉത്കണ്ഠയും അവനെ വേട്ടയാടി. (2 ശമൂവേൽ 11:1–12:23) അനുതപിച്ചപ്പോൾ, തന്റെ വികാരങ്ങൾ കാവ്യരൂപത്തിൽ വെളിപ്പെടുത്താൻ യഹോവ അവനെ നിശ്വസ്തനാക്കുകയും ആ വാക്കുകൾ നമ്മുടെ പ്രയോജനത്തിനായി ബൈബിളിൽ രേഖപ്പെടുത്താൻ ഇടയാക്കുകയും ചെയ്തു. (സങ്കീർത്തനം 51:1-19; റോമർ 15:4) അതുകൊണ്ട് മറ്റുള്ളവരുടെ തെറ്റുകളിൽനിന്നു പഠിക്കാൻ ദൈവവചനം നമ്മോടു ശുപാർശചെയ്യുന്നു; അതാണു ജ്ഞാനം.
ആസാഫിന്റെ മാതൃക അനുകരിക്കാനും ദാവീദിന്റെ പിഴവുകൾ ഒഴിവാക്കാനും നിങ്ങളെ സഹായിക്കുന്നതിന്, വിവിധ ദേശക്കാരും കുറച്ചുകാലത്തേക്കു ബൈബിൾനിലവാരങ്ങൾ പരിത്യജിച്ചവരുമായ ചില ചെറുപ്പക്കാരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുക. വിവാഹപൂർവ ലൈംഗികതയായിരുന്നു അവരുടെ പ്രശ്നം. ദാവീദിനെപ്പോലെ അവർ അനുതപിക്കുകയും ദൈവമുമ്പാകെ ശുദ്ധമായ ഒരു നില വീണ്ടെടുക്കുകയും ചെയ്തിരിക്കുന്നു. (യെശയ്യാവു 1:18; 55:7) അവർക്കു പറയാനുള്ളതു ശ്രദ്ധിക്കുക.
ഉണരുക!: നിങ്ങളുടെ മനസ്സിനെയും പ്രവൃത്തികളെയും സ്വാധീനിച്ച ഘടകങ്ങൾ എന്തെല്ലാം?
ദെബോറ: “സ്കൂളിലെല്ലാവർക്കും ബോയ്ഫ്രണ്ടോ ഗേൾഫ്രണ്ടോ ഉള്ളതായി ഞാൻ ശ്രദ്ധിച്ചു. അവർ സന്തുഷ്ടരായി കാണപ്പെടുകയും ചെയ്തു. അവരോടൊപ്പമായിരിക്കെ, അവർ പരസ്പരം ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും കണ്ടപ്പോൾ എനിക്ക് അസൂയ തോന്നി, ഞാൻ ഒറ്റപ്പെട്ടതുപോലെയും. എനിക്കിഷ്ടമായിരുന്ന ഒരു ആൺകുട്ടിയെക്കുറിച്ചു മണിക്കൂറുകളോളം ഞാൻ സ്വപ്നംകാണാൻ തുടങ്ങി. അതോടെ, അവന്റെ കൂടെ നടക്കാനും അതിനായി എന്തുതന്നെ ചെയ്യാനുമുള്ള ആഗ്രഹം ശക്തമായിത്തീർന്നു.”
മൈക്ക്: “ലൈംഗികതയെ മഹത്ത്വീകരിക്കുന്ന വിവരങ്ങൾ ഞാൻ വായിക്കുകയും അത്തരം പരിപാടികൾ വീക്ഷിക്കുകയും ചെയ്തു. ലൈംഗികതയെക്കുറിച്ചു കൂട്ടുകാരോടു സംസാരിക്കാൻ തുടങ്ങിയപ്പോൾ ആകാംക്ഷ കുതിച്ചുയർന്നു. അതിൽപ്പിന്നെ, ഒരു പെൺകുട്ടിയോടൊപ്പം തനിച്ചായിരിക്കുമ്പോൾ, ലൈംഗികബന്ധത്തിൽ ഏർപ്പെടാതെതന്നെ ശാരീരികമായി അവളോട് അടുത്തിടപഴകാനാകുമെന്നും ഏതു ഘട്ടത്തിലും അതിൽനിന്നു പിന്മാറാനാകുമെന്നും ഞാൻ ചിന്തിച്ചു.”
ആൻഡ്രു: “ഇന്റർനെറ്റിൽ ഞാൻ പതിവായി അശ്ലീലരംഗങ്ങൾ വീക്ഷിച്ചിരുന്നു. കൂടാതെ നന്നായി മദ്യപിക്കാനും തുടങ്ങി. ബൈബിളിന്റെ ധാർമിക നിലവാരങ്ങളോടു തെല്ലും ആദരവില്ലാത്ത ചെറുപ്പക്കാർ ഉൾപ്പെട്ട പാർട്ടികളിലും ഞാൻ സംബന്ധിച്ചു.”
ട്രെയ്സി: “എനിക്കു 16 വയസ്സായിരുന്നപ്പോൾ, ഏതുനേരവും ബോയ്ഫ്രണ്ടിന്റെകൂടെ നടക്കുക എന്ന ഒറ്റച്ചിന്തയേ എനിക്കുണ്ടായിരുന്നുള്ളൂ. വിവാഹത്തിനുമുമ്പുള്ള ലൈംഗികബന്ധം തെറ്റാണെന്ന് അറിയാമായിരുന്നെങ്കിലും ഞാനതു വെറുത്തില്ല. വിവാഹത്തിനുമുമ്പുതന്നെ ലൈംഗികജീവിതം ആരംഭിക്കാനും എനിക്ക് ഉദ്ദേശ്യമില്ലായിരുന്നു. വികാരങ്ങൾ പക്ഷേ, വിവേകത്തെ മൂടിക്കളഞ്ഞു. കുറേക്കാലത്തേക്കു യാതൊരു കുറ്റബോധവും തോന്നിയില്ല.”
ഉണരുക!: ആ ജീവിതരീതി സന്തോഷപ്രദമായിരുന്നോ?
ദെബോറ: “കൂച്ചുവിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞതുപോലെയാണ് ആദ്യമെനിക്കു തോന്നിയത്. കൂട്ടുകാരെപ്പോലെ നടക്കാൻ കഴിഞ്ഞല്ലോ എന്ന ചാരിതാർഥ്യമായിരുന്നു ഉള്ളുനിറയെ. എന്നാൽ അത് അധികം നീണ്ടുനിന്നില്ല. ഞാൻ അധാർമികതയുടെ ചെളിക്കുണ്ടിൽ ആണ്ടുപോയതായും എന്റെ പരിശുദ്ധി കവർന്നെടുക്കപ്പെട്ടതായും ജീവിതം ശൂന്യമായിത്തീർന്നതായും എനിക്കു തോന്നിത്തുടങ്ങി. ഒരിക്കലും വീണ്ടെടുക്കാൻ കഴിയാത്തതും അലസമായി ഞാൻ വലിച്ചെറിഞ്ഞതുമായ എന്റെ ചാരിത്ര്യത്തെപ്രതി മനസ്സിൽ ആഴമായ ദുഃഖം അലതല്ലി. ‘നീ ആരാണെന്നായിരുന്നു നിന്റെ ഭാവം?’ എന്നു കൂടെക്കൂടെ ഞാൻ എന്നോടുതന്നെ ചോദിക്കാൻ തുടങ്ങി. ‘യഹോവയുടെ സ്നേഹനിർഭരമായ നിലവാരങ്ങൾ എന്തിനു കാറ്റിൽപ്പറത്തി?’ എന്ന സർവപ്രധാനമായ ചോദ്യവും മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു.”
മൈക്ക്: “എന്റെ നല്ലൊരംശം മരിച്ചുപോയതായി എനിക്കനുഭവപ്പെടാൻ തുടങ്ങി. എന്റെ പ്രവൃത്തികൾ നിമിത്തം മറ്റുള്ളവർക്കുണ്ടായിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്കുനേരെ കണ്ണടയ്ക്കാൻ ഞാൻ ശ്രമിച്ചെങ്കിലും എനിക്കതിനു കഴിഞ്ഞില്ല. സ്വന്തസുഖത്തിനായുള്ള പ്രയാണത്തിൽ മറ്റുള്ളവരെ ഞാൻ വേദനിപ്പിക്കുകയായിരുന്നെന്ന തിരിച്ചറിവ് എന്നെ ദുഃഖത്തിലാഴ്ത്തി. രാത്രികൾ നിദ്രാവിഹീനങ്ങളായിത്തീർന്നു. വ്യഥയും അപകർഷതയും അവശേഷിപ്പിച്ചുകൊണ്ട് അധാർമികതയുടെ സുഖാനുഭൂതി ക്രമേണ കെട്ടടങ്ങി.”
ആൻഡ്രു: “മോഹങ്ങൾ തൃപ്തിപ്പെടുത്തുകയെന്നതു കൂടുതൽ കൂടുതൽ എളുപ്പമായിത്തീരുകയായിരുന്നു. അതേസമയം കുറ്റബോധവും അപകർഷതയും എന്നെ വരിഞ്ഞുമുറുക്കി.”
ട്രെയ്സി: “പെട്ടെന്നുതന്നെ തിക്തഫലങ്ങൾ എന്നെ എതിരേറ്റു. അധാർമികത എന്റെ യൗവനത്തെ താറുമാറാക്കി. എനിക്കും ബോയ്ഫ്രണ്ടിനും ജീവിതം ആസ്വദിക്കാനാകുമെന്നായിരുന്നു എന്റെ ചിന്ത. എന്നാൽ എനിക്കു തെറ്റി. പരസ്പരം സങ്കടവും ദുഃഖവും ഹൃദയവേദനയും സമ്മാനിക്കാൻ മാത്രമേ ഞങ്ങൾക്കു കഴിഞ്ഞുള്ളൂ. യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ചിന്തിച്ചുകൊണ്ട് ദിവസങ്ങളോളം രാത്രിയിൽ ഞാൻ കിടക്കയിൽക്കിടന്ന് ഏങ്ങലടിച്ചുകരയുമായിരുന്നു.”
ഉണരുക!: ബൈബിൾനിലവാരങ്ങൾ കർക്കശമാണെന്നു കരുതുന്ന ചെറുപ്പക്കാർക്കായി എന്തുപദേശമാണുള്ളത്?
ദെബോറ: “ബൈബിൾനിലവാരങ്ങൾ തള്ളിക്കളയുന്നതിനാൽ നിങ്ങളുടെ ജീവിതം കൂടുതൽ ധന്യമാകുന്നില്ല. യഹോവ പറയുന്നതുപോലെ ചെയ്താൽ അതവനെ എത്രത്തോളം സന്തോഷിപ്പിക്കുമെന്നതിനെക്കുറിച്ചു ചിന്തിക്കുക. അവന്റെ കൽപ്പനകൾ നിരാകരിച്ചാലുള്ള അനന്തരഫലങ്ങളെക്കുറിച്ചും ആഴമായി ചിന്തിക്കുക. നിങ്ങളും നിങ്ങളുടെ ആഗ്രഹങ്ങളും മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത് എന്നോർക്കുക. നിങ്ങളുടെ പ്രവൃത്തികൾ മറ്റുള്ളവരെയും ബാധിക്കും. അതുപോലെ, ദൈവത്തിന്റെ ആലോചനകൾ അവഗണിക്കുന്നപക്ഷം അതു നിങ്ങൾക്കുതന്നെയും ദോഷമായിരിക്കും.”
മൈക്ക്: “നിങ്ങളുടെ സമപ്രായക്കാരുടെ ജീവിതശൈലി പ്രത്യക്ഷത്തിൽ ആകർഷകമായി തോന്നിയേക്കാമെന്നതു ശരിതന്നെ. എന്നാൽ സത്യാവസ്ഥ വ്യത്യസ്തമായിരുന്നേക്കാം. അതറിഞ്ഞുവേണം പ്രവർത്തിക്കാൻ. യഹോവ നിങ്ങൾക്കു സമ്മാനിച്ചിരിക്കുന്ന അത്യമൂല്യമായ നിധികളാണു നിങ്ങളുടെ സ്വാഭിമാനവും ധാർമികശുദ്ധിയും. ആത്മനിയന്ത്രണം പാലിക്കാനാകാതെ അവ വലിച്ചെറിയുന്നത് നിങ്ങൾ നിങ്ങളെത്തന്നെ ചവിട്ടിമെതിക്കുന്നതിനു തുല്യമാണ്. മനസ്സിനെ മഥിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു മാതാപിതാക്കളോടും പക്വമതികളായ മറ്റുള്ളവരോടും സംസാരിക്കുക. തെറ്റുകൾ സംഭവിക്കുന്നപക്ഷം അതു സമ്മതിക്കുകയും തിരുത്തുകയും ചെയ്യുക. യഹോവയ്ക്കു പ്രസാദകരമായ വിധത്തിൽ പ്രവർത്തിച്ചാൽ നിങ്ങളുടെ മനസ്സും ഹൃദയവും പ്രശാന്തമായിത്തീരും.”
ആൻഡ്രു: “വേണ്ടത്ര പക്വതയില്ലെങ്കിൽ, സമപ്രായക്കാരുടെ ജീവിതശൈലി വർണോജ്ജ്വലമാണെന്നു നിങ്ങൾക്കു തോന്നിയേക്കാം. അവരുടെ വീക്ഷണങ്ങൾ നിങ്ങളുടെ ചിന്തയെ സ്വാധീനിക്കും. അതുകൊണ്ട് കൂട്ടുകാരെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക. യഹോവയിൽ ആശ്രയിക്കുക, ഒരുപാടു ദുഃഖങ്ങളിൽനിന്ന് അതു നിങ്ങളെ സംരക്ഷിക്കും.”
ട്രെയ്സി: “‘എനിക്ക് അങ്ങനെയൊന്നും സംഭവിക്കില്ല’ എന്നു നിങ്ങൾ വിചാരിക്കരുത്. ‘ഈ പോക്കുപോയാൽ ദുഃഖിക്കേണ്ടിവരും’ എന്ന് മമ്മി എന്നോടു വെട്ടിത്തുറന്നു പറയുകയുണ്ടായി. എന്നാൽ അതെനിക്ക് ഒട്ടും ഇഷ്ടമായില്ല. എനിക്ക് എന്നെ നോക്കാനറിയാം എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ കഴിഞ്ഞില്ല. യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും അങ്ങനെയുള്ളവരുമായി സഹവസിക്കുകയും ചെയ്യുക. അതു നിങ്ങളുടെ സന്തോഷം വർധിപ്പിക്കും.”
ബൈബിൾനിലവാരങ്ങൾ—കൂച്ചുവിലങ്ങോ സുരക്ഷാബെൽറ്റോ?
ബൈബിൾനിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കുന്നതിന്റെ പേരിൽ സമപ്രായക്കാർ നിങ്ങളെ പരിഹസിക്കുന്നെങ്കിൽ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ബൈബിളിന്റെ ധാർമികസംഹിതയ്ക്കു ചേർച്ചയിലുള്ള ജീവിതം അവർക്ക് അരോചകമായിരിക്കുന്നത് എന്തുകൊണ്ടാണ്? അവർ ബൈബിൾ വായിക്കുകയും ദൈവകൽപ്പനകൾ അനുസരിച്ചാലുള്ള പ്രയോജനങ്ങൾ പരിശോധിച്ചുനോക്കുകയും ചെയ്തിട്ടുണ്ടോ? അത്തരം പ്രമാണങ്ങൾ അവഗണിച്ചാലുള്ള പരിണതഫലങ്ങളെക്കുറിച്ച് അവർ സഗൗരവം ചിന്തിച്ചിട്ടുണ്ടോ? അതോ മറ്റുള്ളവർ ചെയ്യുന്നതുപോലെയൊക്കെ അവരും ചെയ്യുന്നെന്നേയുള്ളോ?’
“ബഹുജനത്തെ അനുസരിച്ചു” പലതും ചെയ്തുകൂട്ടുന്നവരെ നിങ്ങൾക്ക് അറിയാമായിരിക്കും. (പുറപ്പാടു 23:2) അവരെക്കാൾ മിടുക്കരാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? ‘നല്ലതും പ്രീതിജനകവും പരിപൂർണവുമായ ദൈവഹിതം എന്തെന്നു വിവേചിച്ചറിയുക’ എന്ന ബൈബിളുപദേശത്തിനു ചെവികൊടുക്കുന്നതിനാൽ നിങ്ങൾക്കതിനു കഴിയും. (റോമർ 12:2, പി.ഒ.സി. ബൈബിൾ) യഹോവ “ധന്യനായ” ഒരു ദൈവമാണ്, നിങ്ങളും സന്തുഷ്ടരായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. (1 തിമൊഥെയൊസ് 1:11; സഭാപ്രസംഗി 11:9) ബൈബിളിൽ അവൻ രേഖപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങൾ നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയുള്ളതാണ്. നിങ്ങളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന ഒരു കൂച്ചുവിലങ്ങായി നിങ്ങളതിനെ വീക്ഷിച്ചേക്കാം. വാസ്തവത്തിൽ ബൈബിളിന്റെ ധാർമികസംഹിത, ഒരു കാറിൽ സഞ്ചരിക്കുന്നവരുടെ സംരക്ഷണത്തിനായുള്ള സീറ്റ്ബെൽറ്റുപോലെയാണ്.
തീർച്ചയായും നിങ്ങൾക്കു ബൈബിളിൽ ആശ്രയിക്കാം. അതിന്റെ നിലവാരങ്ങൾക്കൊത്തു ജീവിക്കുന്നപക്ഷം യഹോവയെ സന്തോഷിപ്പിക്കാനും വ്യക്തിപരമായി പ്രയോജനം നേടാനും നിങ്ങൾക്കാകും.—യെശയ്യാവു 48:17.
“യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്സൈറ്റിൽ കാണാവുന്നതാണ്.
ചിന്തിക്കാൻ:
◼ ബൈബിൾനിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതിന് ഏതു കാര്യങ്ങൾ നിങ്ങൾക്കു തടസ്സംസൃഷ്ടിച്ചേക്കാം?
◼ ദൈവികപ്രമാണങ്ങൾക്കു ചേർച്ചയിലുള്ള ജീവിതമാണ് അതിമഹത്തായ ജീവിതരീതിയെന്ന് നിങ്ങൾ വിവേചിച്ചറിയേണ്ടത് എന്തുകൊണ്ട്?
[അടിക്കുറിപ്പ്]
a ഈ ലേഖനത്തിൽ പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.