കടമ്പകൾ കടക്കാം തയ്യാറെടുപ്പോടെ
“ഞങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനുവേണ്ടി പുകവലി ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ, ‘പുകവലി പാടില്ല’ എന്ന ഒരു ബോർഡ് ഞാൻ വീടിനകത്ത് തൂക്കി. പക്ഷേ ബോർഡ് തൂക്കി ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും പുകവലിക്കാൻ എനിക്ക് ശക്തമായ ആഗ്രഹം തോന്നി. ഒരു സുനാമിത്തിരപോലെ ഇരമ്പിവന്ന ആ ആഗ്രഹത്തെ തടുക്കാൻ എനിക്കായില്ല. ഉടനെ ഞാൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.” —യോഷീമിറ്റ്സൂ, ജപ്പാൻ.
പുകവലി ഉപേക്ഷിക്കുന്നത് പറയുന്നത്ര എളുപ്പമല്ല എന്നാണ് ഈ അനുഭവം കാണിക്കുന്നത്. പുകവലി നിറുത്താനുള്ള ശ്രമത്തിനിടെ പഴയ ശീലത്തിലേക്കു വഴുതിവീഴുന്ന 90 ശതമാനം പേരും ശ്രമം പാടേ ഉപേക്ഷിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു. അതുകൊണ്ട് കടമ്പകൾ കടക്കാൻ നന്നായി തയ്യാറെടുത്താലേ ഈ ദുശ്ശീലത്തിൽനിന്നു പുറത്തുകടക്കാൻ നിങ്ങൾക്കാകൂ. ആകട്ടെ, ഈ കടമ്പകളിൽ ചിലത് ഏതൊക്കെയാണ്?
നിക്കോട്ടിൻ ആസക്തി: സാധാരണഗതിയിൽ, പുകവലി നിറുത്തി മൂന്നുദിവസത്തിനുള്ളിൽ ഇത് തലപൊക്കും; ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞ് ശമിക്കുകയും ചെയ്യും. “ആ അഭിനിവേശം സ്ഥിരമായി ഉണ്ടാകില്ല. തിരകൾപോലെ ഇടയ്ക്കിടെയായിരിക്കും അത് ഇരമ്പിവരുക,” പുകവലിശീലം ഉപേക്ഷിച്ച ഒരാൾ പറയുന്നു. ഈ ശീലം ഉപേക്ഷിച്ച് വർഷങ്ങൾക്കുശേഷവും, പുകവലിക്കാനുള്ള ആഗ്രഹം പെട്ടെന്ന് തലപൊക്കിയേക്കാം. അതിനു വഴിപ്പെടരുത്. അഞ്ചു മിനിറ്റ് ക്ഷമയോടിരിക്കുക. അത് താനേ ശമിച്ചുകൊള്ളും.
മറ്റ് അസ്വാസ്ഥ്യങ്ങൾ: തുടക്കത്തിൽ, ഉണർന്നിരിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമൊക്കെ പലർക്കും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ചിലരുടെ തൂക്കം എളുപ്പത്തിൽ വർധിക്കുന്നതായും കണ്ടുവരുന്നു. ശരീരവേദന, ചൊറിച്ചിൽ, വിയർക്കൽ, ചുമ, ദേഷ്യം, ക്ഷമയില്ലായ്മ, വിഷാദം തുടങ്ങിയ ലക്ഷണങ്ങളും കാണിച്ചെന്നുവരാം. എന്നാൽ ഈ ലക്ഷണങ്ങളിൽ മിക്കവയുംതന്നെ നാലുമുതൽ ആറുവരെ ആഴ്ചകൾക്കുള്ളിൽ അപ്രത്യക്ഷമാകുകയാണു പതിവ്.
നിർണായകമായ ഈ കാലയളവിൽ നിങ്ങൾക്കുതന്നെ ചില കാര്യങ്ങൾ ചെയ്യാനാകും:
● സാധാരണയിലും കൂടുതൽ സമയം ഉറങ്ങുക.
● വെള്ളമോ ജ്യൂസോ ധാരാളം കുടിക്കുക. പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക.
● മിതമായ തോതിൽ വ്യായാമം ചെയ്യുക.
● ശ്വാസം വലിച്ചുവിടുക; നിങ്ങളുടെ ശ്വാസകോശങ്ങളിൽ ശുദ്ധവായു നിറയുന്നത് സങ്കൽപ്പിച്ചുനോക്കുക.
പുകവലിക്ക് പ്രേരിപ്പിക്കുന്ന കാര്യങ്ങൾ: ചില സാഹചര്യങ്ങളും പ്രവർത്തനങ്ങളും പഴയ ശീലത്തിലേക്കു മടങ്ങാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. ഉദാഹരണത്തിന്, ഡ്രിങ്ക്സ് കഴിക്കുമ്പോൾ കൂട്ടത്തിൽ ഒരു സിഗരറ്റ് കത്തിക്കുന്ന ശീലം നിങ്ങൾക്കുണ്ടായിരുന്നെന്നു കരുതുക. ഇപ്പോൾ പുകവലി നിറുത്തിയിരിക്കുന്ന സ്ഥിതിക്ക് ഗ്ലാസിനു മുന്നിൽ അധികം സമയം ചെലവഴിക്കാതിരിക്കാൻ നോക്കണം. കുറച്ചുകഴിയുമ്പോൾ, വിരലുകൾക്കിടയിൽ ഒരു സിഗരറ്റ് ഇല്ലാതെതന്നെ ഡ്രിങ്ക്സ് കഴിക്കാൻ നിങ്ങൾക്കാകും.
ശരീരം നിക്കോട്ടിന്റെ പിടിയിൽനിന്നു വിമുക്തമായി നാളുകൾ ഏറെ കഴിഞ്ഞാലും ചില പ്രത്യേക സാഹചര്യങ്ങളിൽ, ‘ഒന്നു കത്തിക്കാനുള്ള’ ആഗ്രഹം മനസ്സിൽ ഉണർന്നെന്നുവരാം. ടോർബൻ എന്ന ആൾ പുകവലിശീലം ഉപേക്ഷിച്ചിട്ട് 19 വർഷമായി. “ഇപ്പോഴും കോഫി ബ്രേക്കിന്റെ സമയത്ത്, ഒന്നു വലിക്കണമെന്ന് തോന്നാറുണ്ട്,” അദ്ദേഹം പറയുന്നു. എന്നാൽ, പ്രത്യേക സാഹചര്യങ്ങളോടോ പ്രവർത്തനങ്ങളോടോ ബന്ധപ്പെട്ട് ഉണ്ടാകുന്ന ഇത്തരം ചോദനകൾ കാലക്രമത്തിൽ അപ്രത്യക്ഷമാകുന്നതായിട്ടാണ് കണ്ടുവരുന്നത്.
ലഹരിപാനീയങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പുകവലിശീലത്തിൽനിന്ന് പുറത്തുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലയളവിൽ മദ്യവും മദ്യം വിളമ്പുന്ന സ്ഥലങ്ങളും പാടേ ഒഴിവാക്കുന്നതാണ് ബുദ്ധി. കാരണം, ഒട്ടനവധിപേർ മദ്യത്തിന്റെ ലഹരിയിൽ പഴയശീലത്തിലേക്ക് വഴുതിവീണിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?
● മദ്യം ചെറിയ അളവിൽ കഴിക്കുന്നതുപോലും നിക്കോട്ടിനോടുള്ള ആസക്തി വർധിപ്പിക്കും.
● മദ്യം വിളമ്പുന്ന പാർട്ടികളിൽ പുകവലി സാധാരണമാണ്.
● മദ്യം നേരാംവണ്ണം ചിന്തിക്കാനുള്ള പ്രാപ്തി ഇല്ലാതാക്കും. പിന്നെ ആ പഴയ ശീലത്തിലേക്കു മടങ്ങിപ്പോകുന്നതിൽ യാതൊരു ലജ്ജയും തോന്നില്ല. ‘വീഞ്ഞ് ബുദ്ധിയെ കെടുത്തിക്കളയുന്നു’ എന്ന് ബൈബിൾ പറയുന്നത് എത്രയോ ശരിയാണ്!—ഹോശേയ 4:11.
കൂട്ടുകാർ: കൂട്ടുകെട്ടിന്റെ കാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തണം. ഉദാഹരണത്തിന്, പുകവലിക്കുകയോ നിങ്ങളെ അതിനു പ്രേരിപ്പിക്കുകയോ ചെയ്യുന്നവരുമായുള്ള കൂട്ടുകെട്ടിൽനിന്ന് കഴിവതും വിട്ടുനിൽക്കുക. കളിയാക്കുകയോ മറ്റോ ചെയ്തുകൊണ്ട് നിങ്ങളുടെ നിശ്ചയദാർഢ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവരെയും ഒഴിവാക്കുക.
സ്വന്തം വികാരങ്ങൾ: പുകവലിശീലത്തിലേക്കു മടങ്ങിപ്പോയവരിൽ മൂന്നിൽ രണ്ടുഭാഗത്തിനും അതിനു തൊട്ടുമുമ്പ് മാനസിക പിരിമുറക്കമോ ദേഷ്യമോ തോന്നിയിരുന്നെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു. അങ്ങനെയുള്ള വികാരങ്ങൾ പുകവലിക്കാനുള്ള തോന്നൽ ഉളവാക്കുന്നെങ്കിൽ ഉടനെ മനസ്സുതിരിക്കുക. വെള്ളം കുടിക്കുകയോ ച്യൂയിങ് ഗം ചവയ്ക്കുകയോ വെറുതെയൊന്ന് നടക്കാനിറങ്ങുകയോ ഒക്കെ ചെയ്യാം. നല്ല ചിന്തകൾകൊണ്ട് മനസ്സ് നിറയ്ക്കുക; പ്രാർഥിക്കുകയോ ബൈബിൾ വായിക്കുകയോ ചെയ്യുന്നത് നന്നായിരിക്കും.—സങ്കീർത്തനം 19:14.
ഒഴിവാക്കേണ്ട ന്യായങ്ങൾ
● ഈയൊരൊറ്റ വലി!
വസ്തുത: ഒരൊറ്റ കവിൾ പുകയ്ക്ക് നിങ്ങളുടെ മസ്തിഷ്കത്തിലെ ചില നിക്കോട്ടിൻ റിസപ്റ്ററുകളുടെ 50 ശതമാനത്തെ മൂന്നുമണിക്കൂർ നേരത്തേക്ക് തൃപ്തിപ്പെടുത്താനാകും. ഫലമോ? ഒരൊറ്റ വലികൊണ്ട് നിങ്ങൾ നിറുത്താൻ പോകുന്നില്ല.
● ടെൻഷൻ കുറയ്ക്കാൻ പുകവലി എന്നെ സഹായിക്കുന്നു.
വസ്തുത: നിക്കോട്ടിൻ മാനസിക പിരിമുറുക്കത്തിന് ഇടയാക്കുന്ന ഹോർമോണുകളുടെ അളവ് വർധിപ്പിക്കുകയാണു ചെയ്യുന്നത് എന്ന് പഠനങ്ങൾ കാണിക്കുന്നു. അപ്പോൾപ്പിന്നെ സിഗരറ്റ് വലിക്കുമ്പോൾ ടെൻഷൻ കുറയുന്നതായി ചിലർക്കു തോന്നുന്നത് എന്തുകൊണ്ടാണ്? വാസ്തവത്തിൽ അത് ഒരു തോന്നൽ മാത്രമാണ്; പുകവലിക്കാതിരിക്കുന്നതുമൂലം അവർക്ക് ഉണ്ടാകുന്ന അസ്വസ്ഥത അൽപ്പമൊന്ന് കുറയുന്നുവെന്നേയുള്ളൂ.
● ഈ ശീലം എനിക്കിനി ഉപേക്ഷിക്കാനാകുമെന്നു തോന്നുന്നില്ല.
വസ്തുത: ശുഭാപ്തിവിശ്വാസമില്ലായ്മ നിങ്ങളുടെ നിശ്ചയദാർഢ്യം ദുർബലമാക്കും. “കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 24:10) അതുകൊണ്ട് ‘എനിക്ക് ഇതിനു സാധിക്കില്ല’ എന്ന് ചിന്തിക്കാതിരിക്കുക. ഈ ദുശ്ശീലത്തിൽനിന്ന് പുറത്തുകടക്കാനുള്ള ആത്മാർഥമായ ആഗ്രഹവും ഈ മാസികയിൽ പ്രതിപാദിച്ചിരിക്കുന്നതുപോലുള്ള പ്രായോഗിക നിർദേശങ്ങൾ പിൻപറ്റാനുള്ള മനസ്സും ഉണ്ടെങ്കിൽ ആർക്കും അതിനു കഴിയും.
● പുകവലിക്കാതിരിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ എനിക്ക് സഹിക്കാനാകില്ല.
വസ്തുത: പുകവലി നിറുത്തുമ്പോൾ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുമെന്നതു ശരിയാണ്. പക്ഷേ ഏതാനും ആഴ്ചകൾക്കുള്ളിൽ അവ ശമിക്കും. അതുകൊണ്ട് നിങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുക! ഇനി, മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷം അങ്ങനെയൊരു ഉൾപ്രേരണ ഉണ്ടായാലും പരിഭ്രമിക്കേണ്ടതില്ല. അതും കെട്ടടങ്ങും, നിമിഷങ്ങൾക്കകംതന്നെ—ഒരു സിഗരറ്റെടുത്ത് കത്തിക്കാതിരിക്കാനുള്ള മനസ്സാന്നിധ്യം നിങ്ങൾ കാണിച്ചാൽ മതി!
● എനിക്ക് ഒരു മാനസിക പ്രശ്നമുണ്ട്.
വസ്തുത: വിഷാദമോ സ്കിറ്റ്സോഫ്രീനിയയോ പോലുള്ള മനോരോഗങ്ങൾക്ക് ചികിത്സിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണു നിങ്ങളെങ്കിൽ, പുകവലിശീലത്തിൽനിന്നു മുക്തിനേടാൻ നിങ്ങളുടെ ഡോക്ടറുടെ സഹായം തേടുക. നിങ്ങളെ സഹായിക്കാൻ ഡോക്ടർക്കു സന്തോഷമേയുണ്ടാകൂ. നിങ്ങളുടെ തീരുമാനം നിങ്ങളുടെ മാനസികനിലയിൽ എന്തെങ്കിലും വ്യതിയാനമുണ്ടാക്കുമെങ്കിൽ അതിനനുസരിച്ച് ചികിത്സയിൽ ഭേദഗതി വരുത്താൻ ഡോക്ടർ തയ്യാറായേക്കാം.
● ഒരിക്കൽ പരാജയപ്പെട്ടാൽ എന്റെ ആത്മവിശ്വാസം നഷ്ടമാകും.
വസ്തുത: ഈ ദുശ്ശീലത്തിൽനിന്നു പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ ചിലപ്പോൾ നിങ്ങൾ അടിതെറ്റിയൊന്ന് വീണെന്നുവരാം. പലർക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്നാൽ പ്രതീക്ഷ കൈവിടരുത്. എഴുന്നേറ്റ് നിശ്ചയദാർഢ്യത്തോടെ മുമ്പോട്ടുപോകുക. വീണുപോകുന്നതല്ല വാസ്തവത്തിൽ പരാജയം, വീണിടത്തുതന്നെ കിടക്കുന്നതാണ്. അതുകൊണ്ട് ശ്രമം തുടരുക. ഒടുവിൽ നിങ്ങൾ വിജയിക്കും!
26 വർഷം പുകവലിശീലത്തിന് അടിമയായിരുന്ന റൊമുവാൽഡോവിന്റെ അനുഭവം കാണുക. അദ്ദേഹം പുകവലി നിറുത്തിയിട്ട് 30-ലേറെ വർഷമായി. അദ്ദേഹം പറയുന്നു: “എത്ര തവണ ഞാൻ തോറ്റുപോയെന്ന് എനിക്ക് നിശ്ചയമില്ല. ഓരോ തവണയും എനിക്ക് നിരാശ തോന്നി. എനിക്ക് ഇത് ഉപേക്ഷിക്കാനാവില്ലെന്നുതന്നെ ഞാൻ കരുതി. എന്നാൽ യഹോവയാം ദൈവവുമായി നല്ലൊരു ബന്ധത്തിലേക്കു വരാൻ തീരുമാനിച്ചതോടെ കാര്യം എളുപ്പമായി. സഹായത്തിനായി ഞാൻ അവനോട് മുട്ടിപ്പായി പ്രാർഥിച്ചു. ഒടുവിൽ എനിക്ക് ആ ദുശ്ശീലത്തിൽനിന്ന് പുറത്തുവരാനായി.”
പുകവലിശീലം ഉപേക്ഷിക്കാൻ സഹായകമായ കൂടുതൽ നിർദേശങ്ങൾക്ക് ഞങ്ങളുടെ അടുത്ത ലേഖനം കാണുക.
[30-ാം പേജിലെ ചതുരം/ചിത്രം]
എല്ലാം അപകടകാരികൾ!
പുകയിലയുടെ പല രൂപങ്ങൾ വിപണിയിലുണ്ട്. ചില പുകയില ഉത്പന്നങ്ങൾ പച്ചമരുന്നുകടകളിൽപ്പോലും ലഭ്യമാണ്. “ഏതു രൂപത്തിലായാലും പുകയില വിഷംതന്നെ” എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കാൻസർ, ഹൃദയധമനീ രോഗങ്ങൾ എന്നിവ ഉൾപ്പെടെ പുകയിലയുടെ ഉപയോഗംകൊണ്ടുണ്ടാകുന്ന മാരകരോഗങ്ങൾ നിരവധിയാണ്. പുകവലിക്കാരായ അമ്മമാർ തങ്ങളുടെ ഗർഭസ്ഥ ശിശുക്കൾക്കും ദോഷം ചെയ്യുന്നു. ഏതൊക്കെ രൂപങ്ങളിലാണ് പുകയില പ്രത്യക്ഷപ്പെടുന്നത്?
ബീഡി: ഏഷ്യൻരാജ്യങ്ങളിലാണ് ബീഡിയുടെ ഉപയോഗം കൂടുതൽ. സിഗരറ്റിനെ അപേക്ഷിച്ച് ബീഡിയിൽ ടാറും നിക്കോട്ടിനും കാർബൺ മോണോക്സൈഡും പല മടങ്ങ് കൂടുതലാണ്.
ചുരുട്ട്: പുകയില പുകയിലയിൽ ചുരുട്ടിയാണ് ചുരുട്ട് ഉണ്ടാക്കുന്നത്. സിഗരറ്റിനുള്ളിലെ പുകയിലയ്ക്ക് അമ്ലസ്വഭാവമാണുള്ളതെങ്കിൽ ചുരുട്ടിനുള്ളിലെ പുകയിലയ്ക്ക് അൽപ്പം ക്ഷാരസ്വഭാവമാണുള്ളത്. അതുകൊണ്ട് ചുരുട്ട് കത്തിക്കാതെപോലും അതിലെ നിക്കോട്ടിൻ അകത്തേക്കു വലിക്കാനാകും.
ക്രിറ്റെക്സ് അഥവാ ഗ്രാമ്പൂ സിഗരറ്റുകൾ: ഇവയിൽ 60 ശതമാനം പുകയിലയും 40 ശതമാനം ഗ്രാമ്പൂവുമാണുള്ളത്. സാധാരണ സിഗരറ്റിനെ അപേക്ഷിച്ച് ഇതിൽ ടാറും നിക്കോട്ടിനും കാർബൺ മോണോക്സൈഡും കൂടുതലാണ്.
പൈപ്പുകൾ: സിഗരറ്റിനെക്കാൾ സുരക്ഷിതമാണ് പൈപ്പ് വലിക്കുന്നത് എന്നു കരുതിയെങ്കിൽ തെറ്റി. രണ്ടും ഒരേതരത്തിലുള്ള കാൻസറിനും രോഗങ്ങൾക്കും ഇടയാക്കാറുണ്ട്.
പുകയില്ലാ പുകയില: ചവയ്ക്കാനുള്ള പുകയില, മൂക്കിൽപ്പൊടി, തെക്കുകിഴക്കൻ ഏഷ്യയിൽ ഉപയോഗിക്കുന്ന ഗുട്ക്ക എന്നിവ ഇതിൽപ്പെടും. നിക്കോട്ടിൻ വായിലൂടെ രക്തത്തിൽ കലരും. പുകയില ഈ രീതിയിൽ ഉപയോഗിക്കുന്നതും അപകടംതന്നെ.
ഹുക്ക (ബോങ്, നാർഗിൽ, ഷീഷാ): ഈ ഉപകരണം ഉപയോഗിക്കുമ്പോൾ, പുകയിലയിൽനിന്നുള്ള പുക വെള്ളത്തിൽക്കൂടി കടന്നാണ് പുകവലിക്കാരന്റെ വായിലെത്തുന്നത്. ഈ പ്രക്രിയ പക്ഷേ അകത്തേക്കെടുക്കുന്ന വിഷവസ്തുവിന്റെ അളവ് തെല്ലും കുറയ്ക്കുന്നില്ല. കാൻസറിനിടയാക്കുന്ന വിഷവസ്തുക്കൾ വായിലൂടെ ശ്വാസകോശങ്ങളിലെത്തുന്നു.
[31-ാം പേജിലെ ചതുരം/ചിത്രം]
പുകവലി ഉപേക്ഷിക്കാൻ മറ്റുള്ളവരെ സഹായിക്കുമ്പോൾ. . .
● ക്രിയാത്മകമായി സംസാരിക്കുക. കുറ്റപ്പെടുത്തുകയും ഗുണദോഷിക്കുകയും ചെയ്യുന്നതിനുപകരം അഭിനന്ദിക്കുന്നത് ഏറെ ഗുണം ചെയ്യും. “സാരമില്ല, ഒന്നുകൂടെ ശ്രമിച്ചാൽ വിജയിക്കുമെന്ന് തീർച്ചയാണ്” എന്നു പറയുന്നതായിരിക്കും “ശ്ശൊ, പിന്നെയും അതുതന്നെ ചെയ്തല്ലോ!” എന്നു പരാതിപ്പെടുന്നതിനെക്കാൾ ഗുണം ചെയ്യുക.
● ക്ഷമാശീലരായിരിക്കുക. പുകവലിശീലത്തിൽനിന്നു പുറത്തുകടക്കാൻ ശ്രമിക്കുന്ന ഒരാൾ നിങ്ങളോട് ദേഷ്യമോ അസഹ്യതയോ പ്രകടിപ്പിച്ചാൽ അതു ക്ഷമിക്കാൻ മനസ്സുകാട്ടുക. അനുകമ്പയോടെ സംസാരിക്കുക. “ഇത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. പക്ഷേ, നിങ്ങൾ അതിനു ശ്രമിക്കുന്നതു കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു” എന്നോ മറ്റോ പറയാം. എന്നാൽ, “നിങ്ങൾ പുകവലിക്കുന്നതാണ് ഇതിലും ഭേദം” എന്നൊന്നും ഒരിക്കലും പറയാതിരിക്കുക.
● ഒരു നല്ല സുഹൃത്തായിരിക്കുക. “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 17:17) അതെ, പുകവലി എന്ന ദുശ്ശീലത്തിൽനിന്നു പുറത്തുകടക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയോട് എപ്പോഴും ക്ഷമയോടും സ്നേഹത്തോടും കൂടെ പെരുമാറുക, അയാൾ നിങ്ങളോട് എങ്ങനെ പെരുമാറിയാലും.