യുവജനങ്ങൾ ചോദിക്കുന്നു
ആത്മാഭിമാനം എങ്ങനെ വർധിപ്പിക്കാം?
ഉവ്വ് ഇല്ല
കണ്ണാടിയിൽ നിങ്ങളെ കാണുന്നത് ❍ ❍
നിങ്ങൾക്ക് ഇഷ്ടമാണോ?
നിങ്ങൾക്ക് പ്രശംസാർഹമായ ❍ ❍
കഴിവുകളുണ്ടെന്ന് തോന്നുന്നുണ്ടോ?
സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തെ ചെറുക്കാൻ ❍ ❍
നിങ്ങൾക്കു കഴിയുന്നുണ്ടോ?
ന്യായമായ വിമർശനങ്ങൾ സ്വീകരിക്കാൻ കഴിയാറുണ്ടോ? ❍ ❍
മറ്റുള്ളവർ നിങ്ങളെക്കുറിച്ച് മോശമായി എന്തെങ്കിലും പറയുമ്പോൾ ❍ ❍
അതു സമചിത്തതയോടെ കൈകാര്യം ചെയ്യാൻ കഴിയാറുണ്ടോ?
മറ്റുള്ളവർ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടോ? ❍ ❍
നിങ്ങൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കാറുണ്ടോ? ❍ ❍
മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കാറുണ്ടോ? ❍ ❍
ചെയ്യുന്ന കാര്യങ്ങളിൽ വിജയിക്കുന്നതായി സ്വയം തോന്നാറുണ്ടോ? ❍ ❍
പല ചോദ്യങ്ങൾക്കും ‘ഇല്ല’ എന്നായിരുന്നു ഉത്തരമെങ്കിൽ സ്വന്തം കഴിവുകൾ തിരിച്ചറിയാൻ നിങ്ങൾക്കു സാധിക്കുന്നില്ലെന്ന് അർഥം. സ്വന്തം കഴിവുകൾ തിരിച്ചറിയാനും ആത്മാഭിമാനം വർധിപ്പിക്കാനും ഈ ലേഖനം നിങ്ങളെ സഹായിക്കും!
സ്വന്തം സൗന്ദര്യത്തെയും കഴിവുകളെയും കുറിച്ചുള്ള ആശങ്കകൾ, മറ്റുള്ളവർക്കൊപ്പമെത്താൻ കഴിയുന്നില്ലെന്ന ചിന്ത. യുവപ്രായത്തിലുള്ള പലരെയും അലട്ടുന്ന പ്രശ്നങ്ങളാണിവ. ഇത്തരം തോന്നലുകൾ ഉള്ള ഒരാളാണോ നിങ്ങൾ?
● “എന്റെ കുറവുകളും പോരായ്മകളും എന്നെ വല്ലാതെ നിരാശപ്പെടുത്തുന്നു. എന്റെ ഏറ്റവും വലിയ വിമർശക ഞാൻതന്നെയാണ്.”—ലിൻഡ.a
● “നമ്മൾ കാഴ്ചയ്ക്ക് എത്ര സ്മാർട്ടാണെങ്കിലും ശരി, നമ്മളെക്കാൾ സ്മാർട്ടായ ആരെയെങ്കിലുമൊക്കെ നമ്മൾ എപ്പോഴും കാണും.”—ഹീര.
● “മറ്റുള്ളവരുടെ കൂട്ടത്തിലായിരിക്കുമ്പോൾ എനിക്കെപ്പോഴും ഒരു ചമ്മലാണ്. എനിക്ക് എന്തൊക്കെയോ കുറവുകളുണ്ടെന്ന തോന്നൽ.”—റെയ്ച്ചൽ.
ഇങ്ങനെയുള്ള തോന്നലുകൾ നിങ്ങൾക്കും ഉണ്ടാകാറുണ്ടെങ്കിൽ നിരാശപ്പെടേണ്ട. അവ പരിഹരിക്കാൻ മാർഗമുണ്ട്. ആത്മാഭിമാനം വർധിപ്പിക്കാൻ സഹായിക്കുന്ന മൂന്നുവഴികൾ ഇതാ:
1. നല്ല സുഹൃത്തുക്കളെ സമ്പാദിക്കുക
ബൈബിൾ പറയുന്നു: “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.”—സദൃശവാക്യങ്ങൾ 17:17.
അതിന്റെ അർഥം: ആവശ്യമുള്ള നേരത്ത് ഉപകരിക്കുന്ന സുഹൃത്താണ് യഥാർഥ സുഹൃത്ത്, ഏത് അപകടസന്ധിയിലും ആശ്രയിക്കാൻ കഴിയുന്ന ഒരാൾ. (1 ശമൂവേൽ 18:1; 19:2) വിഷമങ്ങളുണ്ടാകുമ്പോൾ കൂടെ നിൽക്കാൻ, തോളിൽത്തട്ടി ഒന്ന് ആശ്വസിപ്പിക്കാൻ ആരെങ്കിലുമുണ്ടാകുന്നത് എത്ര നല്ലതാണ്! (1 കൊരിന്ത്യർ 16:17, 18) അതുകൊണ്ട് ആത്മബലവും പിന്തുണയും നൽകാൻ കഴിവുള്ള സുഹൃത്തുക്കളെ സമ്പാദിക്കുക.
“ആത്മാർഥ സുഹൃത്തുക്കൾ ഏതു വീഴ്ചയിൽനിന്നും നമ്മെ കൈപിടിച്ച് എഴുന്നേൽപ്പിക്കും.”—ഡോൺ.
“നമ്മുടെ കാര്യത്തിൽ ആത്മാർഥ താത്പര്യമെടുക്കുന്ന ഒരു സുഹൃത്തുണ്ടെങ്കിൽ, നാം വിലപ്പെട്ടവരാണെന്ന തോന്നൽ നമുക്കുണ്ടാകും.”—ഹിമ.
ശ്രദ്ധിക്കേണ്ട കാര്യം: കൂട്ടുകാരുടെ പ്രീതി പിടിച്ചുപറ്റാൻ സ്വന്തം വ്യക്തിത്വം ബലികഴിച്ച് അവരിലൊരാളാകാൻ ശ്രമിക്കരുത്. (സദൃശവാക്യങ്ങൾ 13:20; 18:24; 1 കൊരിന്ത്യർ 15:33) മറ്റുള്ളവരെ പ്രീണിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ ബുദ്ധിശൂന്യമായ കാര്യങ്ങൾ ചെയ്താൽ, അവരുടെ വഷളത്തങ്ങളിൽ പങ്കാളിയായല്ലോ എന്ന ചിന്തയും കുറ്റബോധവും നിങ്ങളെ വേട്ടയാടും.—റോമർ 6:21.
നിങ്ങൾ ചെയ്യേണ്ടത്: നിങ്ങളിൽ ആത്മാഭിമാനം വളർത്താൻ കഴിവുള്ള ഒരു സുഹൃത്തിന്റെ പേര് താഴെ എഴുതുക; നിങ്ങളുടെ അതേ പ്രായത്തിലുള്ള ആളായിരിക്കണമെന്നില്ല.
....
ഈ സുഹൃത്തിനോടൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ ശ്രമിക്കുക.
2. മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുക
ബൈബിൾ പറയുന്നു: “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലത്രേ.”—പ്രവൃത്തികൾ 20:35.
അതിന്റെ അർഥം: മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും സഹായം ചെയ്യുമ്പോൾ നിങ്ങൾക്കുതന്നെയാണ് അതിന്റെ പ്രയോജനം. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? “ഉദാരമായി ദാനം ചെയ്യുന്നവൻ സമ്പന്നനാകും; ദാഹജലം കൊടുക്കുന്നവന് ദാഹജലം കിട്ടും” എന്ന് ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ [സദൃശവാക്യങ്ങൾ] 11:25, പി.ഒ.സി. ബൈബിൾ) മറ്റുള്ളവർക്കു സഹായങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ആത്മാഭിമാനം വർധിപ്പിക്കും, തീർച്ച!b
“മറ്റുള്ളവർക്കുവേണ്ടി എന്തു ചെയ്യാനാകുമെന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്; സഭയിൽ സഹായം ആവശ്യമുള്ളവർക്ക് അത് ചെയ്തുകൊടുക്കാൻ ഞാൻ ശ്രമിക്കും. മറ്റുള്ളവരോട് സ്നേഹവും പരിഗണനയും കാണിക്കുമ്പോൾ എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നാറുണ്ട്.”—ബീന.
“ക്രിസ്തീയ ശുശ്രൂഷ ഒരു നല്ല പ്രവർത്തനമാണ്. കാരണം നമ്മെക്കുറിച്ചുതന്നെ ചിന്തിക്കുന്നതിനുപകരം മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കാൻ അത് നമ്മെ പ്രേരിപ്പിക്കും.”—ജെയ്സൺ.
ശ്രദ്ധിക്കേണ്ട കാര്യം: പ്രത്യുപകാരം പ്രതീക്ഷിച്ച് സഹായം ചെയ്യരുത്. (മത്തായി 6:2-4) അത് നമുക്കു ഗുണം ചെയ്യില്ലെന്നു മാത്രമല്ല, നമ്മുടെ ഉള്ളിലിരിപ്പ് ആളുകൾക്ക് പിടികിട്ടുകയും ചെയ്യും. അത് നാണക്കേടിന് ഇടയാക്കും.—1 തെസ്സലോനിക്യർ 2:5, 6.
നിങ്ങൾ ചെയ്യേണ്ടത്: നിങ്ങൾ സഹായിച്ചിട്ടുള്ള ഒരാളെ ഓർക്കാൻ ശ്രമിക്കുക. എന്തു സഹായമാണ് നിങ്ങൾ ചെയ്തത്?
....
സഹായം ചെയ്തശേഷം നിങ്ങൾക്ക് എന്തു തോന്നി?
....
നിങ്ങൾക്ക് സഹായിക്കാൻ കഴിയുന്ന മറ്റൊരാളെക്കുറിച്ചു ചിന്തിക്കുക. അയാളെ എങ്ങനെ സഹായിക്കാമെന്ന് എഴുതുക.
....
3. തെറ്റുപറ്റുമ്പോൾ തകർന്നുപോകാതിരിക്കുക
ബൈബിൾ പറയുന്നു: “എല്ലാവരും പാപം ചെയ്തു ദൈവികമഹത്ത്വം ഇല്ലാത്തവരായിത്തീർന്നിരിക്കുന്നു.”—റോമർ 3:23.
അതിന്റെ അർഥം: നാം എല്ലാവരും അപൂർണരാണെന്നത് ഒരു യാഥാർഥ്യമാണ്. തെറ്റായ കാര്യങ്ങൾ നിങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുമെന്നാണ് അതിനർഥം. (റോമർ 7:21-23; യാക്കോബ് 3:2) അതെ, തെറ്റുപറ്റുന്നത് നിങ്ങൾക്ക് ഒഴിവാക്കാനാകില്ല; എന്നാൽ, തെറ്റുകൾ വരുത്തുമ്പോൾ അതിനോട് അമിതമായി പ്രതികരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. “നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേൽക്കും.”—സദൃശവാക്യങ്ങൾ 24:16.
“നമ്മുടെ ബലഹീനതകളെ മറ്റുള്ളവരുടെ നന്മകളുമായി താരതമ്യം ചെയ്യുന്നത് ചിലപ്പോൾ നമ്മുടെ മനസ്സിടിച്ചുകളഞ്ഞേക്കാം.”—കെവിൻ.
“എല്ലാവരിലും നല്ലതും മോശവുമായ വശങ്ങളുണ്ട്. നമ്മിലെ നല്ല ഗുണങ്ങളെക്കുറിച്ച് നാം അഭിമാനിക്കുകയും ചീത്ത വശങ്ങൾ നേരെയാക്കാൻ നോക്കുകയും വേണം.”—ലോറൻ.
ശ്രദ്ധിക്കേണ്ട കാര്യം: അപൂർണതയെ പാപം ചെയ്യാനുള്ള ലൈസൻസായി കാണരുത്. (ഗലാത്യർ 5:13) മനപ്പൂർവം തെറ്റു ചെയ്തുകൊണ്ടിരിക്കുന്നത് യഹോവയാം ദൈവത്തിന്റെ പ്രീതി നഷ്ടമാകാൻ ഇടയാക്കും. എത്ര ഗൗരവമുള്ള കാര്യമാണത്!—റോമർ 1:24, 28.
നിങ്ങൾ ചെയ്യേണ്ടത്: നിങ്ങൾ മെച്ചപ്പെടേണ്ട ഒരു വശം ഏതാണെന്ന് എഴുതുക.
.....
അതിനു തൊട്ടടുത്തായി ഇന്നത്തെ തീയതിയും എഴുതുക. നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും എന്നതു സംബന്ധിച്ച് വാച്ച്ടവർ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് ഗവേഷണം ചെയ്യുക. ഓരോ മാസത്തെയും പുരോഗതി രേഖപ്പെടുത്തുക.
നിങ്ങളുടെ മൂല്യം എത്രയാണ്?
‘ദൈവം നമ്മുടെ ഹൃദയങ്ങളെക്കാൾ വലിയവനാണ്’ എന്ന് ബൈബിൾ പറയുന്നു. (1 യോഹന്നാൻ 3:20) ഒരുപക്ഷേ നിങ്ങൾപോലും തിരിച്ചറിയാത്ത നന്മകൾ ദൈവത്തിനു കാണാനാകും എന്നാണ് അതിനർഥം. എന്നാൽ നിങ്ങളുടെ അപൂർണതകൾ അതിന് ഒരു തടസ്സമാകുമോ? ഒരു ഉദാഹരണം നോക്കുക. നിങ്ങളുടെ കൈവശം ചെറിയൊരു കീറലുള്ള ഒരു ആയിരംരൂപാ നോട്ട് ഉണ്ടെന്നു കരുതുക. അതിന് കീറലുണ്ടെന്നു കരുതി നിങ്ങൾ അത് കളയുമോ? അതിന്റെ മൂല്യം നഷ്ടപ്പെട്ടെന്ന് നിങ്ങൾ വിചാരിക്കുമോ? തീർച്ചയായുമില്ല! കീറൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആയിരംരൂപ, ആയിരംരൂപതന്നെയാണ്.
ദൈവത്തിന്റെ ദൃഷ്ടിയിൽ നിങ്ങളും അതുപോലെതന്നെയാണ്. ദൈവത്തെ പ്രസാദിപ്പിക്കാൻ നിങ്ങൾ ചെയ്യുന്ന ശ്രമങ്ങൾ അവൻ ശ്രദ്ധിക്കുകയും വിലമതിക്കുകയും ചെയ്യുന്നു, നിങ്ങളുടെ ദൃഷ്ടിയിൽ അവ നിസ്സാരമായിരിക്കാമെങ്കിലും! “തന്റെ നാമത്തോടു നിങ്ങൾ കാണിച്ചിരിക്കുന്ന സ്നേഹവും നിങ്ങൾ ചെയ്തിരിക്കുന്ന സേവനവും മറന്നുകളയാൻ തക്കവണ്ണം ദൈവം അനീതിയുള്ളവനല്ല” എന്ന് ബൈബിൾ നമുക്ക് ഉറപ്പു നൽകുന്നു.—എബ്രായർ 6:10.
“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്സൈറ്റിൽ കാണാവുന്നതാണ്.
[അടിക്കുറിപ്പുകൾ]
a ചില പേരുകൾ മാറ്റിയിട്ടുണ്ട്.
b നിങ്ങൾ ഒരു യഹോവയുടെ സാക്ഷിയാണെങ്കിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം ആളുകളെ അറിയിക്കുന്നത് നിങ്ങൾക്ക് എത്രയധികം സന്തോഷം നൽകുമെന്നു ചിന്തിക്കുക.—യെശയ്യാവു 52:7.
ചിന്തിക്കാൻ:
പിൻവരുന്ന കാര്യങ്ങൾ നിങ്ങളെ നിരാശപ്പെടുത്തിയാൽ നിങ്ങൾ എന്തു ചെയ്യും:
● നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങളെ വേദനിപ്പിച്ചാൽ?
● മറ്റുള്ളവർക്കൊപ്പമെത്താൻ കഴിയുന്നില്ലെന്നു തോന്നിയാൽ?
● നിങ്ങളുടെ ബലഹീനതകൾ മാത്രമേ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നുള്ളുവെങ്കിൽ?
[11-ാം പേജിലെ ആകർഷക വാക്യം]
“നല്ല സൗന്ദര്യമുള്ള ഒരാൾക്ക് തന്നെ കാണാൻ തീരെ കൊള്ളില്ലെന്ന ചിന്തയുണ്ടാകാം. അല്ലെങ്കിൽ സൗന്ദര്യമില്ലാത്ത ഒരാൾക്ക് തനിക്ക് നല്ല സൗന്ദര്യമുണ്ടെന്ന് തോന്നിയേക്കാം. ഇതെല്ലാം നമ്മുടെ മനോഭാവത്തെ ആശ്രയിച്ചാണിരിക്കുന്നത്.”—അലീന
[11-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
നിങ്ങളുടെ സമപ്രായക്കാർ പറയുന്നത്
“വളരെ ഉറപ്പുള്ള ഒരു കെട്ടിടത്തിനുപോലും താങ്ങ് ആവശ്യമാണ്. ചിലപ്പോൾ അറ്റകുറ്റപ്പണികളും വേണ്ടിവന്നേക്കാം. ഒരു സുഹൃത്തിന്റെ സ്നേഹപൂർവകമായ വാക്കുകൾ, അല്ലെങ്കിൽ ഒരു പുഞ്ചിരി, ഒരു ആലിംഗനം ഇതൊക്കെയാണ് പലപ്പോഴും എന്നെ താങ്ങിനിറുത്തുന്നത്.”
“മറ്റുള്ളവരുടെ നല്ല ഗുണങ്ങളെപ്രതി അവരോട് അസൂയപ്പെടുന്നതിനുപകരം അവരുടെ ആ നല്ല ഗുണങ്ങളിൽനിന്ന് പ്രയോജനം നേടാനാണ് നാം ശ്രമിക്കേണ്ടത്. അവർക്ക് തിരിച്ചും അതിനു കഴിയണം.”
[ചിത്രം]
ഒബ്രി
ലോറൻ
[12-ാം പേജിലെ ചിത്രം]
ഒരു നോട്ടിന് കീറലുണ്ടെന്നു കരുതി അതിന്റെ മൂല്യം നഷ്ടപ്പെടുന്നില്ല. അതുപോലെ, നിങ്ങളുടെ അപൂർണത ദൈവത്തിന്റെ ദൃഷ്ടിയിൽ നിങ്ങൾക്കുള്ള മൂല്യം കുറച്ചുകളയുന്നില്ല