വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 1/12 പേ. 10-11
  • വാഹനാപകടങ്ങൾ ഒഴിവാക്കാം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വാഹനാപകടങ്ങൾ ഒഴിവാക്കാം
  • ഉണരുക!—2012
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • വേഗപരിധി, സീറ്റ്‌ ബെൽറ്റ്‌, സെൽഫോൺ
  • റോഡുകൾ, വാഹനപരിചരണം
  • മദ്യപാനവും ഡ്രൈവിങ്ങും
  • വാഹന അപകടങ്ങൾ—നിങ്ങൾ സുരക്ഷിതനോ?
    ഉണരുക!—2002
  • സുരക്ഷിതമായ ഡ്രൈവിംഗ്‌ ശീലങ്ങൾ നട്ടുവളർത്തുക
    ഉണരുക!—1989
  • സുരക്ഷാബെൽറ്റുകൾ ഉപയോഗിക്കുക
    ഉണരുക!—1998
  • മദ്യപാനവും ഡ്രൈവിംഗും—എന്തു ചെയ്യാൻ കഴിയും?
    ഉണരുക!—1987
കൂടുതൽ കാണുക
ഉണരുക!—2012
g 1/12 പേ. 10-11

വാഹനാപകടങ്ങൾ ഒഴിവാക്കാം

ടയർ ശക്തിയായി റോഡിൽ ഉരയുന്നതിന്റെ ശബ്ദം. എന്തോ കൂട്ടിയിടിക്കുന്നു. ഗ്ലാസുകൾ പൊട്ടിച്ചിതറുന്നു, ആളുകൾ അലമുറയിടുന്നു. ... നിങ്ങൾ എപ്പോഴെങ്കിലും ഒരു വാഹനാപകടത്തിൽപ്പെട്ടിട്ടുണ്ടെങ്കിൽ ഈ ശബ്ദങ്ങളെല്ലാം ഇപ്പോഴും നിങ്ങളുടെ കാതിൽ മുഴങ്ങുന്നുണ്ടാകും. ലോകത്തെമ്പാടുമായി “റോഡപകടങ്ങളിൽ ഓരോ വർഷവും 12 ലക്ഷത്തോളം ആളുകൾ മരിക്കുകയും 5 കോടിയോളം ആളുകൾക്ക്‌ പരിക്കേൽക്കുകയും ചെയ്യുന്നതായി” ലോകാരോഗ്യ സംഘടന റിപ്പോർട്ട്‌ ചെയ്യുന്നു.

പക്ഷേ, ചില സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുകയും അൽപ്പം വിവേകത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ പല അപകടങ്ങളും ഒഴിവാക്കാവുന്നതേയുള്ളൂ. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ:

വേഗപരിധി, സീറ്റ്‌ ബെൽറ്റ്‌, സെൽഫോൺ

ചില റോഡുകളിൽ അനുവദിച്ചിരിക്കുന്ന വേഗപരിധി വളരെ കുറവായിരിക്കും. പക്ഷേ സമയം ലാഭിക്കാമെന്നുകരുതി അത്‌ ലംഘിക്കുന്നതുകൊണ്ട്‌ വലിയ പ്രയോജനമൊന്നും ഉണ്ടാകില്ല. ഉദാഹരണത്തിന്‌, നിങ്ങൾക്ക്‌ 50 കിലോമീറ്റർ യാത്രചെയ്യണം. റോഡിന്റെ വേഗപരിധി 80 കിലോമീറ്ററാണ്‌. സമയം ലാഭിക്കാനായി 100 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചാൽ നിങ്ങൾക്ക്‌ ലാഭിക്കാനാകുന്ന സമയം വെറും എട്ടുമിനിട്ടിൽ താഴെയായിരിക്കും. ഇങ്ങനെ ഏതാനും മിനിട്ടുകൾ ലാഭിക്കുന്നതിനുവേണ്ടി ജീവൻതന്നെ അപകടത്തിലാക്കുന്നത്‌ ബുദ്ധിയായിരിക്കുമോ?

സുരക്ഷയ്‌ക്കുവേണ്ടിയുള്ള മറ്റൊരു ക്രമീകരണമാണ്‌ സീറ്റ്‌ ബെൽറ്റുകൾ. സീറ്റ്‌ ബെൽറ്റ്‌ ധരിച്ചതുമൂലം 2005-നും 2009-നും ഇടയ്‌ക്ക്‌ ഐക്യനാടുകളിൽമാത്രം 72,000-ത്തിലധികം ആളുകളാണ്‌ മരണത്തിൽനിന്ന്‌ രക്ഷപ്പെട്ടതെന്ന്‌ അവിടുത്തെ ഒരു ഗവണ്മെന്റ്‌ ഏജൻസി റിപ്പോർട്ടുചെയ്യുന്നു. എന്നാൽ എയർ ബാഗുകൾ (ചില കാറുകളിലുള്ള ഒരു സുരക്ഷാക്രമീകരണം) സീറ്റ്‌ ബെൽറ്റിനു പകരമാകുമോ? ഇല്ല. സീറ്റ്‌ ബെൽറ്റ്‌ ഉപയോഗിക്കുന്നില്ലെങ്കിൽ എയർ ബാഗ്‌ അത്ര പ്രയോജനം ചെയ്‌തെന്നുവരില്ല. ചിലപ്പോൾ അത്‌ അപകടം വരുത്തുകപോലും ചെയ്‌തേക്കാം. അതുകൊണ്ട്‌ വാഹനത്തിലുള്ള എല്ലാവരും സീറ്റ്‌ ബെൽറ്റ്‌ ധരിക്കുന്നത്‌ ഒരു ശീലമാക്കുക. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവുമുണ്ട്‌: വാഹനം ഓടിക്കുമ്പോൾ ഫോണിൽ സംസാരിക്കുകയോ മെസേജ്‌ അയയ്‌ക്കുകയോ ചെയ്യാതിരിക്കുക.

റോഡുകൾ, വാഹനപരിചരണം

പൊടിയോ മണലോ നിറഞ്ഞ റോഡിലൂടെ അല്ലെങ്കിൽ നനവുള്ള റോഡിലൂടെ വാഹനം ഓടിക്കുമ്പോൾ ടയറിന്‌ ഗ്രിപ്പ്‌ കുറവായിരിക്കും. അങ്ങനെയുള്ളപ്പോൾ വേഗത കുറച്ചു പോകുക; ബ്രേക്ക്‌ ചെയ്യുമ്പോൾ തെന്നാതിരിക്കാൻ അത്‌ സഹായിക്കും. ചില രാജ്യങ്ങളിൽ മഞ്ഞുമൂടിയ റോഡുകളിലൂടെ വാഹനം ഓടിക്കേണ്ടിവന്നേക്കാം. അത്തരം കാലാവസ്ഥകളിൽ, കൂടുതൽ ഘർഷണം നൽകാൻ കഴിയുന്നതരം ടയറുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

അപകടം പതിയിരിക്കുന്ന മറ്റു സ്ഥലങ്ങളാണ്‌ കവലകൾ. ഒരു വിദഗ്‌ധൻ ഇങ്ങനെ നിർദേശിക്കുന്നു: ട്രാഫിക്‌ ലൈറ്റ്‌ പച്ചയായി എന്നു കരുതി വാഹനം മുന്നോട്ട്‌ എടുക്കേണ്ടതില്ല. അൽപ്പം ക്ഷമ കാണിക്കുന്നെങ്കിൽ സിഗ്നൽ തെറ്റിച്ചുവരുന്ന മറ്റു വാഹനങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കാം.

വാഹനം കേടുപോക്കി സൂക്ഷിക്കുക എന്നതാണ്‌ അപകടങ്ങൾ ഒഴിവാക്കാനുള്ള പ്രധാന മാർഗം. ഡ്രൈവ്‌ ചെയ്യുന്നതിനിടയ്‌ക്ക്‌ ബ്രേക്ക്‌ പോയാലുള്ള അവസ്ഥയെക്കുറിച്ചൊന്ന്‌ ചിന്തിച്ചുനോക്കൂ. ഇങ്ങനെയുള്ള സാങ്കേതിക തകരാറുകൾ ഒഴിവാക്കാൻ ചിലർ വിദഗ്‌ധനായ ഒരു മെക്കാനിക്കിനെക്കൊണ്ട്‌ പതിവായി വാഹനം പരിശോധിപ്പിക്കാറുണ്ട്‌. മറ്റു ചിലരാകട്ടെ, ചില അറ്റകുറ്റപ്പണികൾ സ്വയം ചെയ്യുന്നു. എങ്ങനെയായാലും വാഹനത്തിന്‌ വേണ്ട പരിചരണം ലഭിക്കുന്നുണ്ടെന്നും അതിന്റെ കേടുപാടുകൾ അപ്പപ്പോൾ പരിഹരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക.

മദ്യപാനവും ഡ്രൈവിങ്ങും

ഉത്തരവാദിത്വത്തോടെ, സുരക്ഷിതമായി വണ്ടി ഓടിക്കുന്ന ഡ്രൈവർമാരാണെങ്കിൽപ്പോലും ലഹരി പാനീയങ്ങൾ ഉപയോഗിച്ചാൽ അപകടസാധ്യത ഏറെയാണ്‌. 2008-ൽ ഐക്യനാടുകളിൽമാത്രം 37,000-ത്തിലധികം ആളുകളുടെ ജീവനാണ്‌ വാഹനാപകടങ്ങളിൽ പൊലിഞ്ഞത്‌. ഇതിൽ മൂന്നിലൊന്ന്‌ അപകടങ്ങളും മദ്യപിച്ച്‌ വാഹനം ഓടിച്ചതുമൂലം ഉണ്ടായതാണ്‌. അൽപ്പം മദ്യംപോലും ഡ്രൈവിങ്ങിലുള്ള നിങ്ങളുടെ കാര്യക്ഷമത കുറച്ചേക്കാം. ഡ്രൈവ്‌ ചെയ്യേണ്ടതുണ്ടെങ്കിൽ അതിനുമുമ്പ്‌ ഒരു ലഹരിപാനീയവും ഉപയോഗിക്കില്ലെന്ന്‌ ചിലർ തീരുമാനിച്ചിരിക്കുന്നു.

അതുകൊണ്ട്‌, ട്രാഫിക്‌ നിയമങ്ങൾ പാലിക്കുക, സീറ്റ്‌ ബെൽറ്റ്‌ ധരിക്കുക, വാഹനത്തിന്റെ കേടുപാടുകൾ പോക്കുക, മദ്യപിച്ച്‌ വാഹനം ഓടിക്കാതിരിക്കുക. പല അപകടങ്ങളും ഒഴിവാക്കാൻ ഈ നിർദേശങ്ങൾ നിങ്ങളെ സഹായിക്കും; പക്ഷേ അവ പാലിക്കുന്നെങ്കിൽമാത്രം. നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ അപ്പോൾ സുരക്ഷിതമായിരിക്കും! (g11-E 07)

[11-ാം പേജിലെ ചതുരം/ചിത്രം]

ഉറക്കംതൂങ്ങി വണ്ടി ഓടിക്കല്ലേ. . .

ഉറക്കംതൂങ്ങി വാഹനം ഓടിക്കുന്നതിന്റെ അപകടത്തെക്കുറിച്ച്‌ യു.എസ്‌. നാഷണൽ സ്ലീപ്പ്‌ ഫൗണ്ടേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നത്‌ ഇങ്ങനെയാണ്‌: “മദ്യപിച്ചു വാഹനം ഓടിക്കുന്നത്രതന്നെ അപകടകരമാണ്‌ ഉറക്കംതൂങ്ങി വാഹനം ഓടിക്കുന്നതെന്ന കാര്യം ആരും മറക്കരുത്‌.” വാഹനം ഓടിക്കുമ്പോൾ നിങ്ങൾ ഉറക്കംതൂങ്ങാറുണ്ടോ? താഴെപ്പറയുന്ന ചില ലക്ഷണങ്ങളുണ്ടെങ്കിൽ വാഹനം ഓടിക്കാതിരിക്കുക:a

● ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്‌, കൂടെക്കൂടെ കണ്ണുചിമ്മുക, കൺപോളകൾക്ക്‌ ഭാരം അനുഭവപ്പെടുക

● തല നേരെ പിടിക്കാനുള്ള ബുദ്ധിമുട്ട്‌

● കൂടെക്കൂടെ കോട്ടുവായിടുക

● പിന്നിട്ട ഏതാനും കിലോമീറ്ററുകൾപോലും ഓർത്തെടുക്കാൻ പ്രയാസം

● ട്രാഫിക്‌ സിഗ്നലുകൾ അവഗണിക്കുക, തിരിയേണ്ട വഴികൾ വിട്ടുപോകുക

● ലെയ്‌ൻ മാറിപ്പോകുക, മറ്റു വാഹനങ്ങളെ അപകടകരമാംവിധം അടുത്തു പിന്തുടരുക, റോഡിൽനിന്ന്‌ തെന്നിമാറുക

ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റാരോടെങ്കിലും വാഹനം ഓടിക്കാൻ ആവശ്യപ്പെടുക. അല്ലെങ്കിൽ വാഹനം അരികിലേക്ക്‌ ഒതുക്കി കുറച്ചു വിശ്രമിക്കുക. അൽപ്പം വൈകിയാലും കുഴപ്പമില്ല, നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയാണ്‌ പ്രധാനം!

[അടിക്കുറിപ്പ്‌]

a നാഷണൽ സ്ലീപ്പ്‌ ഫൗണ്ടേഷൻ നൽകിയിരിക്കുന്ന ലിസ്റ്റ്‌ അടിസ്ഥാനമാക്കിയുള്ളത്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക