കുടുംബങ്ങൾക്കുവേണ്ടി | യുവജനങ്ങൾ
പ്രലോഭനങ്ങൾ—എങ്ങനെ ചെറുത്തുനിൽക്കാം?
പ്രശ്നം
“എന്നോടൊത്ത് സെക്സിൽ ഏർപ്പെടാൻ പെൺകുട്ടികൾ എന്റെ ഫോൺനമ്പർ ചോദിക്കാറുണ്ട്. എന്നാൽ, ഞാൻ അത് കൊടുക്കാറേ ഇല്ല. പക്ഷെ, ‘അവൾക്ക് എന്റെ നമ്പർ കൊടുക്കേണ്ടതായിരുന്നു!’ എന്നു ചിന്തിച്ചുകൊണ്ടാണ് ഞാൻ നടന്നുനീങ്ങുന്നത്. സത്യം പറഞ്ഞാൽ, അതിൽ ചില പെൺകുട്ടികൾ കാണാൻ അടിപൊളിയാണ്. ‘നമ്പർ കൊടുത്താൽ എന്താ കുഴപ്പം?’ എന്ന് എളുപ്പത്തിൽ ചിന്തിച്ചുപോകും.”—16 വയസ്സുള്ള കാർലോസ്.a
നിങ്ങൾക്കും കാർലോസിനെപ്പോലെ പ്രലോഭനങ്ങൾക്ക് എതിരെ പോരാടേണ്ടിവരാറുണ്ടോ? എങ്കിൽ, നിങ്ങൾക്ക് ഈ പോരാട്ടത്തിൽ വിജയിക്കാൻ കഴിയും.
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
നിങ്ങൾ പ്രലോഭനത്തിന് വഴിപ്പെടുന്നെങ്കിൽ, നിങ്ങൾതന്നെയായിരിക്കും കെണിയിൽ അകപ്പെടുന്നത്
പ്രലോഭനത്തിൽ അകപ്പെടാനുള്ള സാധ്യത എല്ലാവർക്കുമുണ്ട്—മുതിർന്നവർക്കു പോലും. ഓരോരുത്തർക്കും ഓരോ തരത്തിലായിരിക്കാം അത്. “ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ പ്രമോദിക്കുന്നു; എങ്കിലും എന്റെ മനസ്സിന്റെ പ്രമാണത്തോടു പോരാടുന്ന മറ്റൊരു പ്രമാണം എന്റെ അവയവങ്ങളിൽ ഞാൻ കാണുന്നു. എന്റെ അവയവങ്ങളിലുള്ള ആ പാപപ്രമാണം എന്നെ അടിമയാക്കിത്തീർക്കുന്നു”വെന്ന് എഴുതിയപ്പോൾ അപ്പൊസ്തലനായ പൗലോസ് മുതിർന്ന ഒരാളായിരുന്നു. (റോമർ 7:22, 23) പ്രലോഭനത്തിൽ അകപ്പെടാനുള്ള സമ്മർദമുണ്ടായിരുന്നെങ്കിലും അവൻ അത് ചെറുത്തുനിന്നു. നിങ്ങൾക്കും അതിന് കഴിയും! നിങ്ങളുടെ മോഹങ്ങൾക്ക് നിങ്ങൾ അടിമയായിരിക്കേണ്ട കാര്യമില്ല. (1 കൊരിന്ത്യർ 9:27) ചെറുപ്പമായിരിക്കുമ്പോൾത്തന്നെ പ്രലോഭനങ്ങൾ ചെറുക്കാൻ പഠിക്കുന്നത് ഇപ്പോൾത്തന്നെ പലവിധ ഉത്കണ്ഠകൾ ഒഴിവാക്കാൻ സഹായിക്കും. ഭാവിജീവിതത്തിൽ അതു നിങ്ങൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും.
മാധ്യമങ്ങൾ പ്രലോഭനങ്ങളെ ആളിക്കത്തിക്കുന്നു. ‘യൗവനമോഹങ്ങൾ’ അതിൽത്തന്നെ ശക്തമാണെന്ന് ബൈബിൾ പറയുന്നു. (2 തിമൊഥെയൊസ് 2:22) എന്നാൽ, പ്രലോഭനങ്ങൾക്കു വഴിപ്പെടുന്നത് സ്വാഭാവികമാണെന്ന ധാരണ കൊടുത്തുകൊണ്ട് ചലച്ചിത്രങ്ങൾ, ടിവി, സംഗീതം, പുസ്തകങ്ങൾ എന്നിവ മോഹങ്ങൾ ആളിക്കത്തിക്കുന്നു. ഉദാഹരണത്തിന്, പല സിനിമകളിലും രണ്ടു കഥാപാത്രങ്ങൾ തമ്മിൽ പ്രണയത്തിലാണെങ്കിൽ അവർ കഥയുടെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി ചിത്രീകരിക്കുന്നു. എന്നാൽ ബൈബിൾ പറയുന്നത് യഥാർഥജീവിതത്തിൽ സ്ത്രീപുരുഷന്മാർക്ക് “ജഡമോഹങ്ങളെ വിട്ടകലാൻ” പ്രാപ്തിയുണ്ടെന്നാണ്. (1 പത്രോസ് 2:11) അതിന്റെ അർഥം ‘ഞാൻ പ്രലോഭനങ്ങൾ ചെറുത്തുനിൽക്കും’ എന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് കഴിയും എന്നാണ്. എന്നാൽ എങ്ങനെ?
നിങ്ങൾക്കു ചെയ്യാനാകുന്നത്
നിങ്ങളുടെ ബലഹീനതകൾ തിരിച്ചറിയുക. ഏറ്റവും ദുർബലമായ കണ്ണിയ്ക്കുള്ളത്ര ബലം മാത്രമേ ഒരു ചങ്ങലയ്ക്കുണ്ടായിരിക്കൂ. അതുപോലെ, ശരി ചെയ്യാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം തകരുന്നത് നിങ്ങളുടെ ബലഹീനമായ വശങ്ങളിലായിരിക്കും. അങ്ങനെയെങ്കിൽ, ഏതെല്ലാം വശങ്ങളിലാണ് നിങ്ങൾ ജാഗ്രത പാലിക്കേണ്ടത്?—ബൈബിൾതത്ത്വം: യാക്കോബ് 1:14.
പ്രലോഭനങ്ങൾ മുൻകൂട്ടിക്കാണുക. ഏതെല്ലാം സാഹചര്യങ്ങളിൽ പ്രലോഭനങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്ന് ചിന്തിക്കുക. അത് എങ്ങനെ തരണം ചെയ്യുമെന്ന് നിങ്ങൾ മനസ്സിൽ പരിശീലിച്ചുനോക്കുക.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 22:3.
നിങ്ങളുടെ ബോധ്യം ശക്തമാക്കുക. ലൈംഗിക അധാർമികതയിൽ ഉൾപ്പെടാനുള്ള പ്രലോഭനം നേരിട്ടപ്പോൾ, ‘ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ?’ എന്നു യോസേഫ് ചോദിച്ചതായി ബൈബിൾ പറയുന്നു. (ഉല്പത്തി 39:9) ‘ഞാൻ . . . ചെയ്യുന്നതു എങ്ങനെ?’ എന്ന വാക്കുകൾ, യോസേഫിന് ശരിയും തെറ്റും സംബന്ധിച്ച വ്യക്തമായ ബോധ്യമുണ്ടായിരുന്നെന്ന് കാണിക്കുന്നു. നിങ്ങൾക്കോ?
നിങ്ങളെ പിന്തുണയ്ക്കുന്ന സുഹൃത്തുക്കളെ കണ്ടെത്തുക. നിങ്ങളുടെ അതേ ധാർമികനിലവാരങ്ങളുള്ളവരെ സുഹൃത്തുക്കളാക്കുന്നെങ്കിൽ ജീവിതത്തിലെ മിക്ക പ്രലോഭനങ്ങളും നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയും. “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും” എന്ന് ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 13:20.
പ്രലോഭനങ്ങൾ ചെറുക്കാൻ ബുദ്ധിമുട്ട് തോന്നുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. ഉദാഹരണത്തിന്:
എതിർലിംഗത്തിൽപ്പെട്ട ഒരാളുമായി തനിച്ചായിരിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
അശ്ലീലം വീക്ഷിക്കാൻ പ്രലോഭനം തോന്നിയേക്കാവുന്ന സമയത്തും സ്ഥലത്തും ഇന്റർനെറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
മോശമായ കാര്യങ്ങൾ ആകർഷകമാണെന്ന് സംസാരത്തിലൂടെയും നടത്തയിലൂടെയും പ്രകടമാക്കുന്ന ആളുകളിൽനിന്ന് ഒഴിഞ്ഞിരിക്കുക.
പ്രലോഭനങ്ങളിൽ അകപ്പെടുന്നത് ഒഴിവാക്കാൻ നിങ്ങൾ നിങ്ങൾക്കായി വെച്ചിരിക്കുന്ന മാർഗനിർദേശങ്ങൾ ഏതെല്ലാമാണ്?—ബൈബിൾതത്ത്വം: 2 തിമൊഥെയൊസ് 2:22.
സഹായത്തിനായി പ്രാർഥിക്കുക. “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ സദാ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ” എന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു. (മത്തായി 26:41) വാസ്തവത്തിൽ, നിങ്ങൾ പ്രലോഭനങ്ങൾ ചെറുത്തുനിൽക്കാനാണ് യഹോവയാം ദൈവം ആഗ്രഹിക്കുന്നത്. അവൻ അതിനായി നിങ്ങളെ സഹായിക്കുകയും ചെയ്യും. ബൈബിൾ ഇങ്ങനെ ഉറപ്പു നൽകുന്നു: “നിങ്ങൾക്കു ചെറുക്കാനാവാത്ത ഒരു പ്രലോഭനം അവൻ അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്ക് അതിനെ അതിജീവിക്കാൻ കഴിയേണ്ടതിന് അവൻ അതോടൊപ്പം പോംവഴിയും ഉണ്ടാക്കും.”—1 കൊരിന്ത്യർ 10:13.
a പേര് മാറ്റിയിട്ടുണ്ട്.