മുഖ്യലേഖനം
താളംതെറ്റിയ മനസ്സുകൾ—എങ്ങനെ സഹായിക്കാം?
“ഒരു മാനസികരോഗിയാണെന്ന അപമാനഭാരം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ജീവൻ പോയതുപോലെ എനിക്കു തോന്നി.” ഒരുതരം വിഷാദരോഗവും മാനസികാഘാതത്തിന്റെ ഫലമായുള്ള ക്രമക്കേടുകളും ഉണ്ടെന്ന് അറിഞ്ഞപ്പോൾ ക്ലോഡിയയുടെ പ്രതികരണം ഇതായിരുന്നു.
“ഈ യാഥാർഥ്യം ഉൾക്കൊള്ളാൻ കുറെ സമയമെടുത്തു. പക്ഷേ, എന്റെ ഭാര്യയെ മാനസികമായി പിന്തുണയ്ക്കുന്നതിലാണു ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നു ഞാൻ തിരിച്ചറിഞ്ഞു.” എന്ന് ക്ലോഡിയയുടെ ഭർത്താവായ മാർക്ക് പറയുന്നു.
നിങ്ങൾക്കോ നിങ്ങൾ സ്നേഹിക്കുന്ന ആർക്കെങ്കിലുമോ ഒരു മാനസികപ്രശ്നമുണ്ടെന്നു പരിശോധനയിൽ കണ്ടെത്തുന്നെങ്കിൽ എന്തു തോന്നും? ഈ രോഗം സുഖപ്പെടുത്താൻ കഴിയുമെന്നത് ആശ്വാസകരമാണ്. മാനസികപ്രശ്നങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പരിശോധിക്കാം.a
മാനസികാരോഗ്യം—ചില അടിസ്ഥാനവസ്തുതകൾ
“ലോകമെങ്ങുമുള്ള കോടിക്കണക്കിന് ആളുകൾ മാനസികപ്രശ്നങ്ങളാൽ വലയുന്നു. അവരുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തെയും അത് ബാധിക്കുന്നു. നാലുപേരിൽ ഒരാൾക്ക് ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ മനസ്സിന്റെ താളം തെറ്റുന്നുണ്ട്. ലോകത്ത് മാനസികവൈകല്യങ്ങളിൽ ഏറ്റവും മുന്നിൽനിൽക്കുന്നത് വിഷാദരോഗമാണ്. ചിത്തഭ്രമം, വിഷാദോന്മാദരോഗം (വിഷാദവും സന്തോഷവും മാറിമാറി വരുന്ന രോഗം) എന്നിവ ഏറ്റവും ഗുരുതരമായ മാനസികപ്രശ്നങ്ങളിൽപ്പെടുന്നു. . . . വളരെയധികം ആളുകളെ ഇത് ബാധിക്കുന്നുണ്ടെങ്കിലും പലരും അതു പുറത്തുപറയാറില്ല. അതുപോലെതന്നെ അവർ അവഗണിക്കപ്പെടുകയും അകറ്റിനിർത്തപ്പെടുകയും ചെയ്യുന്നു.”—ഡബ്ലിയുഎച്ച്ഒ (ലോകാരോഗ്യ സംഘടന).
ഡബ്ലിയുഎച്ച്ഒ പറയുന്നതനുസരിച്ച്, മാനസികരോഗമുള്ള അനേകരും ചികിത്സ തേടാത്തത് അതുമൂലമുള്ള നാണക്കേട് ഓർത്താണ്.
മിക്ക മാനസികപ്രശ്നങ്ങളും ചികിത്സിച്ചു ഭേദമാക്കാവുന്നവയാണ്. എങ്കിലും അനേകരും ചികിത്സ തേടുന്നില്ല. ഉദാഹരണത്തിന്, ഐക്യനാടുകളിൽ മാനസികപ്രശ്നമുള്ള മുതിർന്നവരിൽ ഏകദേശം 60 ശതമാനം പേരും 8 മുതൽ 15 വരെ പ്രായമുള്ളവരിൽ 50 ശതമാനം പേരും കഴിഞ്ഞവർഷം ചികിത്സ തേടിയില്ല എന്ന് മാനസികരോഗവുമായി ബന്ധപ്പെട്ട ഒരു സംഘടന റിപ്പോർട്ടു ചെയ്യുന്നു.
മാനസികപ്രശ്നങ്ങൾ മനസ്സിലാക്കുക
എന്താണ് മാനസികരോഗം? ഒരു വ്യക്തിയുടെ ചിന്ത, വികാരങ്ങളുടെമേലുള്ള നിയന്ത്രണം, പെരുമാറ്റം എന്നിവയിലുള്ള കാര്യമായ തകരാറ് എന്നാണ് വിദഗ്ധർ ഈ പ്രശ്നത്തെ നിർവചിക്കുന്നത്. ഈ രോഗാവസ്ഥമൂലം മറ്റുള്ളവരുമായി ഇടപെടാനും സാധാരണജീവിതം നയിക്കാനും ആ വ്യക്തിക്കു കഴിയാതെ പോകുന്നു.
മാനസികാരോഗ്യ പ്രശ്നങ്ങൾ ബലഹീനതകളോ സ്വഭാവദൂഷ്യങ്ങളോ മൂലമുണ്ടാകുന്നവയല്ല
ഓരോ രോഗത്തിനും സാഹചര്യത്തിനും വ്യക്തിക്കും അനുസരിച്ച്, രോഗലക്ഷണങ്ങളുടെ തീവ്രതയും ദൈർഘ്യവും വ്യത്യാസപ്പെട്ടേക്കാം. പ്രായം, വർഗം, മതം, ലിംഗം, സംസ്കാരം, വിദ്യാഭ്യാസം, സാമ്പത്തികനിലവാരം എന്നീ വ്യത്യാസങ്ങളില്ലാതെ ആരെയും ഇതു ബാധിക്കാം. ബലഹീനതകളോ സ്വഭാവദൂഷ്യങ്ങളോ മൂലമുണ്ടാകുന്നവയല്ല ഇവ. ഉചിതമായ ചികിത്സയിലൂടെ രോഗം സുഖപ്പെടുത്താനും അങ്ങനെ അവർക്ക് ഫലപ്രദവും സംതൃപ്തികരവും ആയ ജീവിതം നയിക്കാനും കഴിയും.
മാനസികപ്രശ്നങ്ങൾക്ക് ചികിത്സ തേടുക
മാനസികാരോഗ്യ വിദഗ്ധർക്ക് മിക്ക മാനസികപ്രശ്നങ്ങളും ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. അതുകൊണ്ട്, ഈ പ്രശ്നങ്ങൾ ചികിത്സിച്ചു പരിചയമുള്ള ഒരു ഡോക്ടറെയോ വിദഗ്ധനെയോ സമീപിച്ച് രോഗനിർണയം നടത്തുക എന്നതാണ് സുപ്രധാനകാര്യം.
ഉചിതമായ ചികിത്സ സ്വീകരിക്കുന്നെങ്കിൽ മാത്രമേ ഇതുമൂലം കഷ്ടപ്പെടുന്നവർക്ക് അത്തരം വിദഗ്ധരുടെ അനുഭവപരിചയത്തിൽനിന്ന് പൂർണപ്രയോജനം നേടാൻ സാധിക്കൂ. ഇതിന്, മറ്റുള്ളവരോട് തങ്ങളുടെ പ്രശ്നത്തെക്കുറിച്ച് തുറന്നുപറയാനുള്ള മടി മാറ്റേണ്ടതുണ്ടായിരിക്കാം. പരിശീലനം നേടിയ ആരോഗ്യവിദഗ്ധനുമായി സംസാരിക്കുന്നത് ചികിത്സയുടെ ഭാഗമായിരിക്കാം. അദ്ദേഹത്തിന്, നിങ്ങളുടെ രോഗാവസ്ഥ മനസ്സിലാക്കിത്തരാനും അതിനോടു ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയും. കൂടാതെ, ചികിത്സ നിറുത്താതിരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ബോധ്യപ്പെടുത്തിത്തരികയും ചെയ്യും. ഇത്തരം കൂടിക്കാഴ്ചയുടെ സമയത്ത്, രോഗിയുടെ കുടുംബാംഗങ്ങൾക്കോ സുഹൃത്തിനോ അവർക്കുവേണ്ട ധൈര്യവും പിന്തുണയും നൽകാനാകും.
മാനസികാരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം ചികിത്സ സ്വീകരിക്കുകയും തങ്ങളുടെ അവസ്ഥയെക്കുറിച്ചു കൃത്യമായി മനസ്സിലാക്കുകയും ചെയ്തപ്പോൾ മാത്രമാണ് മിക്ക ആളുകൾക്കും തങ്ങളുടെ മാനസികപ്രശ്നങ്ങൾ ഉചിതമായി കൈകാര്യം ചെയ്യാൻ സാധിച്ചത്. മുമ്പ് പരാമർശിച്ച മാർക്ക് പറയുന്നു: “എന്റെ ഭാര്യയ്ക്ക് മാനസികരോഗമുണ്ടെന്നു മനസ്സിലാക്കുന്നതിനു മുമ്പ് ഈ രോഗത്തെക്കുറിച്ച് ഞങ്ങൾക്കു കാര്യമായി ഒന്നുംതന്നെ അറിയില്ലായിരുന്നു. അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഒന്നൊന്നായി നേരിടാനും സാഹചര്യങ്ങളോടു പൊരുത്തപ്പെടാനും ഞങ്ങൾ പഠിച്ചു. മാത്രമല്ല ഇക്കാലയളവിൽ മാനസികാരോഗ്യ വിദഗ്ധരിൽനിന്നും അതുപോലെ കുടുംബാംഗങ്ങളിൽനിന്നും സുഹൃത്തുക്കളിൽനിന്നും ലഭിച്ച പിന്തുണ ഞങ്ങൾക്കു വളരെ പ്രയോജനപ്പെട്ടു.”
മാനസികപ്രശ്നങ്ങൾ ചികിത്സിച്ചു പരിചയമുള്ള ഒരു ഡോക്ടറെയോ വിദഗ്ധനെയോ സമീപിച്ച് രോഗനിർണയം നടത്തുക എന്നതാണ് സുപ്രധാന കാര്യം
ക്ലോഡിയയും അതു സമ്മതിക്കുന്നു: “ജയിൽശിക്ഷയ്ക്കു വിധിച്ചതുപോലെയാണ് ആദ്യമൊക്കെ എനിക്ക് അനുഭവപ്പെട്ടത്. ഈ രോഗം ഞങ്ങളുടെ സ്വാതന്ത്ര്യം കുറെയൊക്കെ പരിമിതപ്പെടുത്തുന്നുണ്ട്. എങ്കിലും, അതിജീവിക്കാൻ കഴിയില്ലെന്നു കരുതിയ പല തടസ്സങ്ങളും മറികടക്കാൻ ഞാൻ പഠിച്ചു. അങ്ങനെ, എന്നെ ചികിത്സിക്കുന്നവരോട് സഹകരിച്ചും ആളുകളുമായുള്ള സുഹൃദ്ബന്ധം മെച്ചപ്പെടുത്തിയും കാര്യങ്ങൾ ഒന്നൊന്നായി പരിഹരിച്ചും മാനസികരോഗവുമായി ഞാൻ പൊരുത്തപ്പെട്ടുപോകുന്നു.”
ദൈവവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുക
ആത്മീയതകൊണ്ട് രോഗം സൗഖ്യമാക്കാമെന്ന് ബൈബിൾ പറയുന്നില്ല. എന്നിരുന്നാലും, ലോകമെങ്ങുമുള്ള അനേകം കുടുംബങ്ങൾ ബൈബിളിലെ പഠിപ്പിക്കലുകളിൽനിന്ന് ആശ്വാസവും ബലവും നേടിയിട്ടുണ്ട്. ഉദാഹരണത്തിന്, “ഹൃദയം നുറുങ്ങിയവ”രെയും “മനസ്സു തകർന്നവരെ”യും ആശ്വസിപ്പിക്കാൻ നമ്മുടെ സ്നേഹവാനായ സ്രഷ്ടാവ് അതിയായി ആഗ്രഹിക്കുന്നുവെന്ന് ബൈബിൾ ഉറപ്പുനൽകുന്നു.—സങ്കീർത്തനം 34:18.
ആരോഗ്യപരിപാലനത്തെക്കുറിച്ചുള്ള പുസ്തകമല്ല ബൈബിൾ. എങ്കിലും, വൈകാരികപ്രശ്നങ്ങളും ആശയറ്റ സാഹചര്യങ്ങളും തരണം ചെയ്യുന്നതിനുള്ള പ്രയോജനകരമായ നിർദേശങ്ങൾ അത് നൽകുന്നുണ്ട്. രോഗമോ വേദനയോ ഇല്ലാതെ ഈ ഭൂമിയിൽ ജീവിക്കുന്നതിനെക്കുറിച്ചുള്ള പ്രത്യാശയും ബൈബിൾ നൽകുന്നു. ദൈവവചനത്തിലെ വാഗ്ദാനം ഇതാണ്: “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.”—യെശയ്യാവു 35:5, 6.
a ഈ ലേഖനത്തിൽ മാനസികരോഗങ്ങൾ, പെരുമാറ്റ-മാനസിക വൈകല്യങ്ങൾ എന്നിവയെ “മാനസികപ്രശ്നങ്ങൾ” എന്നാണു പരാമർശിച്ചിരിക്കുന്നത്.
b ഉണരുക! മാസിക ഏതെങ്കിലും പ്രത്യേക ചികിത്സാരീതി ശുപാർശ ചെയ്യുന്നില്ല. തങ്ങൾ പിൻപറ്റുന്ന ഏതു ചികിത്സാരീതിയും ബൈബിൾതത്ത്വങ്ങളുടെ ലംഘനമാകുന്നില്ല എന്നു ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതുണ്ട്.
c 2014 മെയ് ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്) “വൈകാരികപിരിമുറുക്കം നിയന്ത്രിക്കൽ” എന്ന ലേഖനംകൂടി കാണുക.