കുടുംബങ്ങൾക്കുവേണ്ടി | ദാമ്പത്യം
പ്രതിബദ്ധത ശക്തമാക്കൂ . . .
പ്രശ്നം
വിവാഹദിനത്തിൽ നിങ്ങൾ ഒരു പ്രതിജ്ഞ എടുത്തിട്ടുണ്ട്. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അത് പരിഹരിച്ചുകൊണ്ട് ഇണയോട് ആജീവനാന്തം വിശ്വസ്തമായി പറ്റിനിന്നുകൊള്ളാമെന്നാണ് ആ പ്രതിജ്ഞയിലൂടെ ഇരുവരും പറയുന്നത്.
വർഷങ്ങൾ കടന്നുപോകുന്തോറും വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ വർധിച്ചുവരുന്നതായി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. അപ്പോഴും ഇണയോട് ദൃഢമായി പറ്റിനിൽക്കാനുള്ള പ്രതിബദ്ധത നിങ്ങൾക്ക് തോന്നുന്നുണ്ടോ?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
‘പ്രതിബദ്ധത’ വിവാഹജീവിതത്തെ സുദൃഢമാക്കി നിറുത്തുന്ന ഒരു നങ്കൂരമാണ്
പ്രതിബദ്ധത ഒരു സംരക്ഷണമാണ്, കൂച്ചുവിലങ്ങല്ല. അനേകം ആളുകളും ദാമ്പത്യപ്രതിബദ്ധതയെ സംശയത്തോടെ വീക്ഷിക്കുന്നു. ചില ആളുകൾ ദാമ്പത്യത്തിലൂടെ കൈവരുന്ന പ്രതിബദ്ധതയെ ‘കൂച്ചുവിലങ്ങാ’യിട്ടാണ് കാണുന്നത്. എന്നാൽ, പ്രതിബദ്ധത വിവാഹജീവിതത്തെ സുദൃഢമാക്കി നിറുത്തുന്ന ഒരു നങ്കൂരമാണ് എന്നതാണ് യാഥാർഥ്യം. ഭാര്യയായ മേഘa പറയുന്നു: “ഒരു പ്രശ്നമുണ്ടായാൽ അതിനെ വിവാഹബന്ധം വേർപെടുത്താനുള്ള ഒഴികഴിവായി കാണുന്നില്ല എന്നതാണ് പ്രതിബദ്ധതയിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ന് ദമ്പതികൾ തിരിച്ചറിയണം.”b ദാമ്പത്യത്തിൽ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായേക്കാമെങ്കിലും വിവാഹബന്ധം എന്നത് ഇളക്കംതട്ടാത്ത സുരക്ഷിതമായ ഒന്നാണെന്ന അടിസ്ഥാനവസ്തുത ആ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആത്മവിശ്വാസം ദമ്പതികൾക്ക് നൽകുന്നു.—“പ്രതിബദ്ധതയും വിശ്വസ്തതയും” എന്ന കോളം കാണുക.
ചുരുക്കത്തിൽ: നിങ്ങളുടെ വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ, ദാമ്പത്യപ്രതിബദ്ധതയെ ചോദ്യം ചെയ്യുന്നതിനു പകരം അതിനെ ബലിഷ്ഠമാക്കേണ്ട സമയം ഇപ്പോഴാണെന്ന് തിരിച്ചറിയുക. നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാനാകും?
നിങ്ങൾക്കു ചെയ്യാനാകുന്നത്
നിങ്ങളുടെ കാഴ്ചപ്പാട് വിലയിരുത്തുക. “ഇണയോടൊപ്പമുള്ള ആജീവനാന്തബന്ധം” എന്ന് കേൾക്കുമ്പോൾ ഒരു കെണിയായിട്ടാണോ സംരക്ഷണമായിട്ടാണോ നിങ്ങൾക്കു തോന്നുന്നത്? ഒരു പ്രശ്നം തലപൊക്കുമ്പോൾ, വിവാഹബന്ധം വേർപെടുത്തുന്നതാണ് അതിനുള്ള ഏക പോംവഴി എന്ന ആശയമാണോ നിങ്ങളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. നിങ്ങളുടെ വിവാഹപ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിന്, വിവാഹത്തെ ഒരു ആജീവനാന്ത ബന്ധമായി വീക്ഷിച്ചേ മതിയാകൂ.—ബൈബിൾതത്ത്വം: മത്തായി 19:6.
നിങ്ങളുടെ കുടുംബപശ്ചാത്തലം വിലയിരുത്തുക. ദാമ്പത്യപ്രതിബദ്ധതയെക്കുറിച്ചുള്ള നിങ്ങളുടെ മാതാപിതാക്കളുടെ വീക്ഷണം ഒരു പരിധിവരെ നിങ്ങളുടെ വീക്ഷണത്തെയും സ്വാധീനിച്ചേക്കാം. ഭാര്യയായ അഞ്ജലി പറയുന്നു: “ഞാൻ വളർന്നുവരവെ, എന്റെ മാതാപിതാക്കൾ വേർപിരിഞ്ഞു. അതുകൊണ്ടുതന്നെ, പ്രതിബദ്ധത സംബന്ധിച്ച അവരുടെ തെറ്റായ വീക്ഷണം എന്നെ സ്വാധീനിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു.” സാഹചര്യം എന്തായിരുന്നാലും, നിങ്ങളുടെ വിവാഹത്തിന്റെ കാര്യത്തിൽ വ്യത്യസ്തമായ ഒരു വീക്ഷണം നിലനിർത്താൻ നിങ്ങൾക്ക് കഴിയും എന്ന് ഉറപ്പുണ്ടായിരിക്കുക. മാതാപിതാക്കൾക്കു പറ്റിയ അതേ തെറ്റ് നിങ്ങൾക്കും സംഭവിക്കുമെന്ന് സ്വയം വിധിക്കരുത്.—ബൈബിൾതത്ത്വം: ഗലാത്യർ 6:4, 5.
നിങ്ങളുടെ സംസാരം വിലയിരുത്തുക. ഇണയുമായി ചൂടുപിടിച്ച വാദപ്രതിവാദങ്ങൾ നടക്കുമ്പോൾ പിന്നീട് ഖേദിക്കേണ്ടി വരുന്ന വാക്കുകളും സംസാരവും ഒഴിവാക്കുക. അതായത് “എനിക്ക് നിന്നെ വേണ്ട!” അല്ലെങ്കിൽ “എന്നെ അംഗീകരിക്കുന്ന ഒരാളെ എനിക്കു മതി!” എന്നൊക്കെ. ഇതുപോലുള്ള വാക്കുകൾ പ്രതിബദ്ധതയ്ക്ക് തുരങ്കം വെക്കും. ഇത്, ഉണ്ടായ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം പരസ്പരം പഴിചാരുന്നതിലേക്കും അധിക്ഷേപിക്കുന്നതിലേക്കും പോലും നയിച്ചേക്കാം. എന്നാൽ, ഇണയെ മുറിപ്പെടുത്തി സംസാരിക്കുന്നതിനു പകരം, നിങ്ങൾക്ക് ഒരുപക്ഷേ ഇങ്ങനെ പറയാൻ കഴിഞ്ഞേക്കും: “നമ്മൾ രണ്ടുപേരെയും ഇത് വിഷമിപ്പിച്ചു, ഒരുമിച്ചിരുന്ന് ഇതെങ്ങനെ പരിഹരിക്കാമെന്നു നമുക്ക് നോക്കാം.”—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 12:18.
‘പ്രതിബദ്ധതയുണ്ടെന്ന് പ്രവൃത്തികളാൽ’ തെളിയിക്കുക. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്ത് നിങ്ങളുടെ ഇണയുടെ ഫോട്ടോ വെക്കുക. നിങ്ങളുടെ വിവാഹജീവിതത്തെക്കുറിച്ച് മറ്റുള്ളവരോട് നല്ലതു മാത്രം സംസാരിക്കുക. ഇണയിൽ ഒരാൾ അകലെയാണെങ്കിലും ദിവസവും സംസാരിക്കുന്നുവെന്ന് ഇരുവരും ഉറപ്പുവരുത്തുക. നിങ്ങളുടെ സംസാരത്തിൽ എപ്പോഴും “ഞങ്ങൾ” എന്നോ “എന്റെ ഭാര്യയും ഞാനും” അല്ലെങ്കിൽ “എന്റെ ഭർത്താവും ഞാനും” എന്നിങ്ങനെയുള്ള പദങ്ങൾ ഉപയോഗിക്കുക. ഇങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ ഇണയോടുള്ള നിങ്ങളുടെ പ്രതിബദ്ധത, നിങ്ങൾക്കുതന്നെയും മറ്റുള്ളവർക്കും ബോധ്യപ്പെടും.
നല്ല മാതൃകാദമ്പതികളെ കണ്ടെത്തുക. ദാമ്പത്യപ്രശ്നങ്ങളെ വിജയകരമായി കൈകാര്യം ചെയ്ത പക്വതയുള്ള ദമ്പതികളിലേക്കു നോക്കുക. അവരോട് നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാം: “ദാമ്പത്യപ്രതിബദ്ധതയ്ക്ക് നിങ്ങളുടെ വിവാഹജീവിതത്തിൽ എന്തു സ്ഥാനമാണുള്ളത്, അത് നിങ്ങളെ എങ്ങനെയാണ് സഹായിച്ചിരിക്കുന്നത്?” ബൈബിൾ ഇങ്ങനെ പറയുന്നു: “ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.” (സദൃശവാക്യങ്ങൾ 27:17) ഈ തത്ത്വം മനസ്സിൽപിടിച്ചുകൊണ്ട്, ദാമ്പത്യം വിജയപ്രദമാക്കിയവരുടെ നല്ല മാർഗനിർദേശങ്ങളിൽനിന്ന് നമുക്ക് എന്തുകൊണ്ട് പ്രയോജനം നേടിക്കൂടാ?
a ചില പേരുകൾ മാറ്റം വരുത്തിയിരിക്കുന്നു.
b ലൈംഗിക അധാർമികത മാത്രമാണ് ദമ്പതികൾക്കിടയിലുള്ള വിവാഹബന്ധം വേർപെടുത്താനുള്ള ഏക കാരണമായി ബൈബിൾ ചൂണ്ടിക്കാണിക്കുന്നത്. “ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്ന പുസ്തകത്തിന്റെ 251-253 പേജുകളിലെ “വിവാഹമോചനവും വേർപിരിയലും—ബൈബിളിന്റെ വീക്ഷണം” എന്ന ലേഖനം കാണുക.