മുഖ്യലേഖനം
പണമാണോ നിങ്ങൾക്ക് എല്ലാം?
“പണമാണ് ഈ ലോകത്തെ ചലിപ്പിക്കുന്നത്” എന്ന് പറയാറുണ്ട്. അതിൽ അല്പം സത്യം ഇല്ലാതില്ല. ആഹാരത്തിനും വസ്ത്രത്തിനും വീട്ടുവാടക നൽകുന്നതിനും വീട് വാങ്ങുന്നതിനും ഒക്കെ പണം ആവശ്യമാണ്. “പണം സമൂഹത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. വിനിമയോപാധി എന്നനിലയിൽ പണം ഇല്ലാതായാൽ ഒറ്റ മാസംകൊണ്ട് ലോകത്തിലെ അവസ്ഥകൾ തകിടംമറിയും” എന്ന് ഒരു ധനകാര്യവിദഗ്ധൻ എഴുതി.
എന്നിരുന്നാലും, പണത്തിന് അതിന്റേതായ പരിമിതികളുണ്ട്. നോർവീജിയൻ കവിയായ ആർനെ ഗാർബോർഗ് പണത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക് ഭക്ഷണം വാങ്ങാം, വിശപ്പ് വാങ്ങാനാകില്ല; മരുന്ന് വാങ്ങാം, ആരോഗ്യം വാങ്ങാനാകില്ല; കിടക്ക വാങ്ങാം, ഉറക്കം വാങ്ങാനാകില്ല; അറിവു വാങ്ങാം, ജ്ഞാനം വാങ്ങാനാകില്ല; പളപളപ്പ് വാങ്ങാം, സൗന്ദര്യം വാങ്ങാനാകില്ല; പ്രതാപം വാങ്ങാം, അടുപ്പം വാങ്ങാനാകില്ല; വിനോദം വാങ്ങാം, സന്തോഷം വാങ്ങാനാകില്ല; പരിചയം വാങ്ങാം, സൗഹൃദം വാങ്ങാനാകില്ല; ജോലിക്കാരെ വാങ്ങാം, വിശ്വസ്തത വാങ്ങാനാകില്ല.”
പണത്തെക്കുറിച്ച് ശരിയായ വീക്ഷണം വെച്ചുപുലർത്തുന്ന ഒരു വ്യക്തി തന്റെ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ പണം ഉപയോഗിക്കുമെങ്കിലും പണസമ്പാദനമായിരിക്കില്ല അദ്ദേഹത്തിന്റെ പ്രധാനലക്ഷ്യം. അദ്ദേഹത്തിന് ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ കഴിയും. ബൈബിൾ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “പണസ്നേഹം സകലവിധ ദോഷങ്ങൾക്കും മൂലമല്ലോ. ഈ സ്നേഹം ഏറിയിട്ട് ചിലർ. . . പലവിധ വ്യഥകളാൽ തങ്ങളെ ആസകലം കുത്തിമുറിപ്പെടുത്താൻ ഇടയായിരിക്കുന്നു.”—1 തിമൊഥെയൊസ് 6:10.
പണമല്ല, പണസ്നേഹം ആണ് ഒരുവന് ദോഷം വരുത്തുന്നത് എന്നത് ശ്രദ്ധിക്കുക. അതെ, പണത്തെക്കുറിച്ചുള്ള തെറ്റായ വീക്ഷണത്തിന് സുഹൃത്തുക്കൾ തമ്മിലും കുടുംബാംഗങ്ങൾ തമ്മിലും ഒരു വിടവുണ്ടാക്കാൻ കഴിയും. ചില ഉദാഹരണങ്ങൾ നോക്കുക.
ഡാനിയേൽ:a “വളരെ സന്തോഷവാനും സത്യസന്ധനും ആയ സുഹൃത്തായിട്ടായിരുന്നു ഞാൻ തോമസിനെ കണ്ടിരുന്നത്. എന്റെ കാർ അദ്ദേഹം വാങ്ങുന്നതുവരെ ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവും ഇല്ലായിരുന്നു. മുമ്പ് കാറിന് എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല. ആ കാറിന്റെ അപ്പോഴത്തെ കണ്ടീഷനിൽ വാങ്ങിക്കൊള്ളാമെന്നു പറഞ്ഞ് അദ്ദേഹം എനിക്ക് ഒപ്പിട്ടു തരികയും ചെയ്തു. എന്നാൽ, കാർ വാങ്ങി മൂന്നു മാസത്തിനു ശേഷം അത് കേടായി. ഞാൻ അദ്ദേഹത്തെ വഞ്ചിച്ചുവെന്ന് ആരോപിച്ചുകൊണ്ട് എത്രയും പെട്ടെന്ന് പണം തിരികെത്തരാൻ ആവശ്യപ്പെട്ടു. ഞാൻ ഞെട്ടിപ്പോയി! കാര്യങ്ങൾ വിശദീകരിക്കാൻ ഞാൻ ശ്രമിച്ചപ്പോൾ, അദ്ദേഹം എന്നോട് ദേഷ്യപ്പെടുകയും വഴക്കുണ്ടാക്കുകയും ചെയ്തു. പണം ഒരു വിഷയമായി വന്നപ്പോൾ, എന്റെ മനസ്സിലുണ്ടായിരുന്ന തോമസ് ആളാകെ മാറിയിരുന്നു.”
അലീഷ: “എന്റെ ഒരേയൊരു കുഞ്ഞനുജത്തിയാണ് അനഘ. ഞങ്ങൾ തമ്മിൽ നല്ല കൂട്ടായിരുന്നു. പക്ഷെ, പണത്തെ ചൊല്ലി ഞങ്ങളുടെ ബന്ധം വഷളാകുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. എന്നാൽ, അതുതന്നെയാണ് സംഭവിച്ചതും. മാതാപിതാക്കൾ മരിക്കുന്നതിനുമുമ്പ്, ഞങ്ങൾക്കുള്ള അവകാശം തുല്യമായി ഭാഗിക്കണമെന്ന് അവർ ഒരു വ്യവസ്ഥ വെച്ചിരുന്നു. അവരുടെ മരണശേഷം തനിക്ക് കൂടുതൽ പങ്ക് വേണമെന്ന് അനഘ വാശിപിടിച്ചു. മാതാപിതാക്കളുടെ ആഗ്രഹത്തിനു എതിരായി ഞാൻ പ്രവർത്തിക്കുകയില്ലെന്ന് അറിഞ്ഞതോടെ, അവൾ കോപത്താൽ പൊട്ടിത്തെറിച്ചു. എന്തിന്, എന്നെ ഭീഷണിപ്പെടുത്തുകപോലും ചെയ്തു. അന്നുമുതൽ അവൾക്ക് എന്നോട് പകയും പിണക്കവും ആണ്.”
പണവും മുൻവിധിയും
പണത്തെക്കുറിച്ചുള്ള വികലമായ വീക്ഷണത്തിന് ആളുകളെ മുൻവിധിയുള്ളവരാക്കാൻ കഴിയും. ഉദാഹരണത്തിന്, തങ്ങളുടെ അവസ്ഥകൾ മെച്ചപ്പെടുത്താൻ ആഗ്രഹമില്ലാത്ത മടിയന്മാരാണ് ദരിദ്രരായവർ എന്ന് ധനവാനായ ഒരു വ്യക്തി ചിന്തിച്ചേക്കാം. അതേസമയം, സമ്പന്നരായ ആളുകൾ ഭൗതികചിന്താഗതിക്കാരോ അല്ലെങ്കിൽ അത്യാഗ്രഹികളോ ആണെന്ന് ദരിദ്രനായ ഒരു വ്യക്തിക്കും തോന്നിയേക്കാം. കൗമാരക്കാരിയായ ലീന അത്തരം മുൻവിധിക്ക് ഇരയായ സമ്പന്നകുടുംബത്തിലെ ഒരു വ്യക്തിയാണ്. അവൾ പറയുന്നു:
പണത്തെക്കുറിച്ച് ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് അന്നത്തെപ്പോലെതന്നെ ഇന്നും പ്രസക്തിയുണ്ട്
“സമ്പന്നനായ ഒരു അച്ഛന്റെ മകളായിട്ടാണ് ഞാൻ അറിയപ്പെട്ടിരുന്നത്. ‘നിനക്ക് എന്തെങ്കിലും വേണമെങ്കിൽ ഡാഡിയോട് ഒരു വാക്ക് പറഞ്ഞാൽപ്പോരെ’, ‘ഞങ്ങൾക്ക് നിന്നെപ്പോലെ വലിയ കാറൊന്നും വാങ്ങാൻ കഴിവില്ല, ഞങ്ങൾ പാവങ്ങളാ’ ഇതുപോലുള്ള വാക്കുകളാണ് ഞാൻ പലപ്പോഴും കേൾക്കാറുള്ളത്. ആ വാക്കുകൾ എന്നെ വളരെയധികം വേദനിപ്പിക്കുന്നുണ്ടെന്നും മേലാൽ എന്നോട് ഇനി അങ്ങനെ സംസാരിക്കരുത് എന്നും ഒടുവിൽ എനിക്ക് കൂട്ടുകാരോട് പറയേണ്ടിവന്നു. പണക്കാരിയായിട്ടല്ല, പകരം മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന ഒരു വ്യക്തിയായി അറിയപ്പെടാനാണ് ഞാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത്.”
ബൈബിൾ പറയുന്നത്
ബൈബിൾ പണത്തെ കുറ്റം വിധിക്കുകയോ അത് ഉള്ളവരെ—അതിസമ്പന്നരെപ്പോലും—വിമർശിക്കുകയോ ചെയ്യുന്നില്ല. ഒരു വ്യക്തിക്ക് എത്രത്തോളം സമ്പത്തുണ്ടെന്നതിലല്ല പകരം, തനിക്ക് ഉള്ളതിനോടോ അല്ലെങ്കിൽ അത് നേടിയെടുക്കുന്നതിനോടോ ഉള്ള അയാളുടെ മനോഭാവത്തെയാണ് ബൈബിൾ കുറ്റംവിധിക്കുന്നത്. പണത്തെക്കുറിച്ച് ബൈബിളിന് ശരിയായ വീക്ഷണമാണുള്ളത്. അത് എഴുതിയ കാലത്തെപ്പോലെതന്നെ ഇന്നും അതിന് പ്രസക്തിയുണ്ട്. പിൻവരുന്ന ഉദാഹരണങ്ങൾ കാണുക.
ബൈബിൾ പറയുന്നു: “ധനവാനാകേണ്ടതിന്നു പണിപ്പെടരുത്.”—സദൃശവാക്യങ്ങൾ 23:4.
പൊങ്ങച്ചരോഗം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച്, പണത്തിനു പുറകെ പോകുന്നവർക്ക് “മോശമായ മാനസികാരോഗ്യവും തൊണ്ടവേദന, നടുവേദന, തലവേദന തുടങ്ങിയ ശാരീരികപ്രശ്നങ്ങളും ഉണ്ടായേക്കാം. അവർ അമിതമായി മദ്യപിക്കാനും മയക്കുമരുന്ന് ഉപയോഗിക്കാനും സാധ്യത കൂടുതലാണ്. സാമ്പത്തികവിജയത്തിനുവേണ്ടി പണിപ്പെടുന്നത് ആളുകളുടെ ജീവിതം ദുരിതപൂർണമാക്കിയേക്കാം.”
ബൈബിൾ പറയുന്നു: “നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവിൻ.”—എബ്രായർ 13:5.
ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവന് സാമ്പത്തികബുദ്ധിമുട്ടുകൾ ഒരിക്കലും ഉണ്ടാകുകയില്ലെന്ന് പറയാനാവില്ല. അത്തരം ഉത്കണ്ഠകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാം. ഉദാഹരണത്തിന്, ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന ആൾ സാമ്പത്തികനഷ്ടം ഉണ്ടാകുമ്പോൾ അമിതമായി ദുഃഖിക്കുന്നില്ല. പകരം, അദ്ദേഹം അപ്പൊസ്തലനായ പൗലോസിന്റെ മനോഭാവമായിരിക്കും പ്രകടമാക്കുന്നത്. പൗലോസ് ഇങ്ങനെ പറഞ്ഞു: “ഇല്ലായ്മയിൽ കഴിയാനും സമൃദ്ധിയിൽ കഴിയാനും എനിക്കറിയാം. മതിവന്നവനായോ വിശന്നവനായോ ഇരുന്നാലും സമൃദ്ധിയിലോ ദാരിദ്ര്യത്തിലോ കഴിഞ്ഞാലും ഏതു കാര്യത്തിലും ഏതു സാഹചര്യത്തിലും തൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു.”—ഫിലിപ്പിയർ 4:12.
ബൈബിൾ പറയുന്നു: “തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും.”—സദൃശവാക്യങ്ങൾ 11:28.
വിവാഹമോചനത്തിലേക്കു നയിക്കുന്ന പ്രശ്നങ്ങളിൽ പണം ഒരു പ്രധാനഘടകമാണെന്ന് ഗവേഷകർ പറയുന്നു. മാത്രമല്ല, പല ആത്മഹത്യകൾക്കും പിന്നിൽ പണം ഒരു കാരണമാണ്. ചില ആളുകൾക്ക് തങ്ങളുടെ വിവാഹത്തെക്കാളും എന്തിന്, അവരുടെ ജീവനെക്കാളും വിലപ്പെട്ടത് പണമാണ്! നേരെമറിച്ച്, പണത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുള്ളവർ ഒരിക്കലും അതിൽ ആശ്രയം അർപ്പിക്കില്ല. പകരം, “ഒരുവന് എത്ര സമ്പത്തുണ്ടായാലും അവന്റെ വസ്തുവകകളല്ല അവന്റെ ജീവന് ആധാരമായിരിക്കുന്നത്” എന്ന യേശുവിന്റെ വാക്കുകളിലെ ജ്ഞാനം അവർ തിരിച്ചറിയുന്നു.—ലൂക്കോസ് 12:15.
നിങ്ങൾ പണത്തെ എങ്ങനെയാണ് കാണുന്നത്?
പണത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടാണോ നിങ്ങൾക്ക് ഉള്ളതെന്നു തിരിച്ചറിയാൻ ആത്മപരിശോധന നടത്തുക. പിൻവരുന്ന ചോദ്യങ്ങൾ അതിനു നിങ്ങളെ സഹായിക്കും.
പെട്ടെന്ന് ധനവാനാകാനുള്ള പദ്ധതികളിൽ ഞാൻ ആകൃഷ്ടനാകുന്നുണ്ടോ?
എന്റെ പണം മറ്റുള്ളവർക്കായി ചെലവഴിക്കാൻ ഞാൻ മടിയുള്ളവനാണോ?
പണത്തെക്കുറിച്ചും തങ്ങൾക്ക് സ്വന്തമായി ഉള്ളതിനെക്കുറിച്ചും എപ്പോഴും സംസാരിക്കുന്ന ആളുകളെ സുഹൃത്തുക്കളാക്കാൻ ഞാൻ ശ്രമിക്കാറുണ്ടോ?
പണം ഉണ്ടാക്കുന്നതിനുവേണ്ടി നുണ പറയാനോ സദാചാരവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ ഞാൻ ശ്രമിക്കാറുണ്ടോ?
പണം ഉള്ളതുകൊണ്ട് ഒരു പ്രധാനപ്പെട്ട വ്യക്തിയായി ആളുകൾ എന്നെ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടോ?
ഞാൻ എപ്പോഴും പണത്തെക്കുറിച്ചാണോ ചിന്തിച്ചുകൊണ്ടിരിക്കുന്നത്?
പണത്തെക്കുറിച്ചുള്ള എന്റെ മനോഭാവം എന്റെ ആരോഗ്യത്തെയും കുടുംബജീവിതത്തെയും മോശമായി ബാധിക്കുന്നുണ്ടോ?
മറ്റുള്ളവർക്ക് കൊടുത്തുകൊണ്ട് ഉദാരത വളർത്തിയെടുക്കുക
മേൽപ്പറഞ്ഞ ഏതെങ്കിലും ചോദ്യത്തിന് അതെ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ ഭൗതികത്വചിന്താഗതികളും പ്രലോഭനങ്ങളും ചെറുക്കാൻ തീവ്രമായി ശ്രമിക്കുക. പണത്തിനും വസ്തുവകകൾക്കും വളരെയധികം പ്രാധാന്യം നൽകുന്ന വ്യക്തികളുമായുള്ള സഹവാസം ഒഴിവാക്കുക. പകരം വസ്തുവകകളെക്കാൾ ധാർമികതത്ത്വങ്ങൾക്ക് ഉയർന്ന മൂല്യം കല്പിക്കുന്ന ആളുകളുമായി സഹവസിക്കുക.
പണസ്നേഹം നിങ്ങളുടെ ഹൃദയത്തിൽ വേരുപിടിക്കാൻ ഒരിക്കലും അനുവദിക്കരുത്. പണത്തെ അതിന്റെ സ്ഥാനത്ത് നിറുത്തുക. എല്ലായ്പോഴും കുടുംബത്തിനും ശാരീരികവും മാനസികവും ആയ ആരോഗ്യത്തിനും സുഹൃത്തുക്കൾക്കും കൂടുതൽ പ്രാധാന്യം നൽകുക. അങ്ങനെ ചെയ്യുന്നെങ്കിൽ പണത്തെക്കുറിച്ച് ശരിയായ വീക്ഷണം ഉണ്ടെന്ന് നിങ്ങൾ തെളിയിക്കുകയായിരിക്കും ചെയ്യുന്നത്. ◼ (g15-E 09)
a ഈ ലേഖനത്തിലെ പേരുകൾക്ക് മാറ്റം വരുത്തിയിരിക്കുന്നു.