ലോകത്തെ വീക്ഷിക്കൽ
മധ്യപൂർവ ദേശങ്ങളെ അടുത്ത് വീക്ഷിക്കാം
ലോകത്തിലെ ആദ്യകാല സംസ്കാരങ്ങളുടെ കേന്ദ്രമായിരുന്ന മധ്യപൂർവ ദേശങ്ങൾ, പുരാവസ്തു നിക്ഷേപങ്ങളാൽ സമ്പന്നമാണ്.
കനാനിലെ വീഞ്ഞുനിർമാതാക്കൾ
ഏകദേശം 3,700 വർഷം മുമ്പ് കനാന്യർ ഉപയോഗിച്ചിരുന്ന വീഞ്ഞിന്റെ ഒരു വലിയ കലവറ 2013-ൽ പുരാവസ്തുഗവേഷകർ കണ്ടെടുത്തു. ഇന്നത്തെ കണക്കനുസരിച്ച് 3,000 കുപ്പി വീഞ്ഞ് നിറയ്ക്കാൻ കഴിയുന്ന 40 വലിയ ഭരണികളായിരുന്നു ഈ കലവറയിൽ ഉണ്ടായിരുന്നത്. വീഞ്ഞ് ഉണ്ടാക്കുന്നതിൽ കനാന്യർ വളരെ ശ്രദ്ധയുള്ളവരായിരുന്നു എന്ന് ആ ഭരണിയിലുണ്ടായിരുന്ന വീഞ്ഞിന്റെ മട്ട് രുചിച്ചുനോക്കിയ ഒരു പുരാവസ്തുഗവേഷകൻ അഭിപ്രായപ്പെട്ടു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഓരോ ഭരണിയിലും ഉപയോഗിച്ചിരുന്ന വീഞ്ഞിന്റെ ചേരുവകൾ കൃത്യമായിരുന്നു.”
നിങ്ങൾക്ക് അറിയാമോ? പുരാതന ഇസ്രായേലിൽ “മേത്തരമായ വീഞ്ഞു” ഉണ്ടാക്കിയിരുന്നതായും വലിയ തുരുത്തികളിൽ സൂക്ഷിച്ചിരുന്നതായും ബൈബിളിൽ പറയുന്നു.—ഉത്തമഗീതം 7:9; യിരെമ്യാവു 13:12.
ജനസംഖ്യാ സ്ഫോടനം
ഈജിപ്തിൽ 2010-നെ അപേക്ഷിച്ച് 2012-ൽ 5,60,000 കുട്ടികൾ കൂടുതലായി ജനിച്ചെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു. “ഇത് ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വർധനവാണ്” എന്ന് ബസൈയ്റാ എന്ന ഈജിപ്ഷ്യൻ റിസർച്ച് കമ്പനിയിലെ അംഗമായ മേഗെഡ് ഓസ്മാൻ പറയുന്നു. ജനനനിരക്ക് ഇതേ രീതിയിൽ തുടരുകയാണെങ്കിൽ വെള്ളം, ഊർജം, ഭക്ഷണം എന്നിവയുടെ കടുത്ത ക്ഷാമം രാജ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
നിങ്ങൾക്ക് അറിയാമോ? മനുഷ്യരെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ബൈബിൾ പറയുന്നത്, വേണ്ടത്ര അളവിൽ മനുഷ്യർ “ഭൂമിയിൽ നിറ”യണമെന്നും എല്ലാവരും അതിലെ വിഭവങ്ങൾ ആസ്വദിക്കണമെന്നും ആണ്.—ഉല്പത്തി 1:28; സങ്കീർത്തനം 72:16.
കുഴിച്ചിട്ടിരുന്ന നാണയങ്ങൾ കണ്ടെടുക്കുന്നു
ഇസ്രായേലിലെ ഒരു പ്രധാനവീഥിയുടെ അടുത്തുനിന്ന് “വർഷം നാല്” എന്ന് ആലേഖനം ചെയ്ത 100-ലധികം ഓട്ടുനാണയങ്ങൾ കണ്ടെത്തി. റോമാക്കാർക്ക് എതിരെയുള്ള യഹൂദവിപ്ലവത്തിന്റെ (എ.ഡി. 69-70)—യെരുശലേമിന്റെ നാശത്തിലേക്കു നയിച്ച—നാലാം വർഷത്തെയാണ് ഈ തീയതി സൂചിപ്പിക്കുന്നത്. “മുന്നേറിക്കൊണ്ടിരിക്കുന്ന റോമൻപടയെ കണ്ട് അന്ത്യം അടുത്തിരിക്കുന്നു എന്ന് വിചാരിച്ച്, പിന്നീട് എപ്പോഴെങ്കിലും എടുക്കാം എന്ന ഉദ്ദേശ്യത്തിൽ ആരെങ്കിലും കുഴിച്ചിട്ടതാകാം ഈ നാണയം” എന്ന് ഖനനത്തിന് നേതൃത്വം വഹിച്ച പാബ്ലോ ബെറ്റ്സർ അഭിപ്രായപ്പെടുന്നു.
നിങ്ങൾക്ക് അറിയാമോ? റോമാക്കാർ യെരുശലേമിനെ ഉപരോധിക്കുമെന്ന് എ.ഡി. 33-ൽ യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. ഇതിൽനിന്ന് രക്ഷപ്പെടാൻ മലമുകളിലേക്ക് ഓടിപ്പോകണമെന്ന് യേശു ക്രിസ്ത്യാനികളോട് ആവശ്യപ്പെട്ടിരുന്നു.—ലൂക്കോസ് 21:20-24. (g15-E 09)