മുഖ്യലേഖനം | ശീലങ്ങൾ ചൊൽപ്പടിയിലാക്കാൻ
3 പ്രതീക്ഷ കൈവിടാതിരിക്കുക
പുതിയൊരു ശീലം ഉറയ്ക്കാൻ 21 ദിവസമെടുക്കുമെന്നാണു പൊതുവേയുള്ള ധാരണ. പക്ഷേ ഗവേഷണങ്ങൾ കാണിക്കുന്നതു കാര്യമായ മാറ്റങ്ങൾ വരുത്താൻ ചിലയാളുകൾക്ക് അത്രയും സമയം വേണ്ടിവരില്ലെന്നാണ്. എന്നാൽ ചിലർക്ക് അതിലേറെ വേണം. ഇതു വായിച്ചപ്പോൾ നിങ്ങൾക്ക് നിരാശ തോന്നിയോ?
ഈ രംഗമൊന്നു ഭാവനയിൽ കാണുക: ആഴ്ചയിൽ മൂന്നു തവണ വ്യായാമം ചെയ്യുന്ന ശീലം നിങ്ങൾക്കു വളർത്തിയെടുക്കണം.
ആദ്യത്തെ ആഴ്ച നിങ്ങൾ ലക്ഷ്യത്തിലെത്തി.
രണ്ടാമത്തെ ആഴ്ച ഒരു ദിവസം വിട്ടുപോയി.
മൂന്നാമത്തെ ആഴ്ച നിങ്ങൾ വീണ്ടും ലക്ഷ്യത്തിലെത്തി.
നാലാമത്തെ ആഴ്ച കഷ്ടിച്ച് ഒരു തവണ ചെയ്തു.
അഞ്ചാമത്തെ ആഴ്ച നിങ്ങൾ പിന്നെയും ലക്ഷ്യത്തിലെത്തി, തുടർന്നങ്ങോട്ട് ഒരു ആഴ്ചപോലും അതു മുടങ്ങിയില്ല.
നിങ്ങളുടെ പുതിയ ശീലം ഉറയ്ക്കാൻ അഞ്ച് ആഴ്ച വേണ്ടിവന്നു. അതു കുറച്ച് അധികമല്ലേ എന്നു നിങ്ങൾക്കു തോന്നിയേക്കാം. പക്ഷേ ഒരിക്കൽ ലക്ഷ്യത്തിലെത്തിയാൽ ഒരു പുതിയ ശീലം വളർത്തിയെടുത്തത് ഓർത്ത് നിങ്ങൾക്കു വലിയ സന്തോഷം തോന്നും.
ബൈബിൾതത്ത്വം: “നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്ക്കും.”—സദൃശവാക്യങ്ങൾ 24:16.
പ്രതീക്ഷ കൈവിടാതിരിക്കാൻ ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. എത്ര തവണ വീണു എന്നതിലല്ല, എത്ര തവണ എഴുന്നേറ്റു എന്നതിലാണു കാര്യം.
എത്ര തവണ വീണു എന്നതിലല്ല, എത്ര തവണ എഴുന്നേറ്റു എന്നതിലാണു കാര്യം
നിങ്ങൾക്കു ചെയ്യാവുന്നത്
ഒരു തവണ വീണുപോയാലും അതൊരു സമ്പൂർണപരാജയമായി കാണരുത്. ലക്ഷ്യത്തിൽ എത്തിച്ചേരാൻ ശ്രമിക്കുമ്പോൾ ചില തിരിച്ചടികൾ പ്രതീക്ഷിക്കണം.
കാര്യങ്ങളെല്ലാം പ്രതീക്ഷിച്ചതുപോലെ നടന്ന ചില സന്ദർഭങ്ങൾ ഓർക്കുക. ഉദാഹരണത്തിന്, നിങ്ങൾ കുട്ടികളുമായി കുറച്ചുകൂടെ നല്ല രീതിയിൽ ആശയവിനിമയം നടത്താൻ ശ്രമിക്കുകയാണെന്നിരിക്കട്ടെ. സ്വയം ഇങ്ങനെ ചോദിക്കുക: ‘എന്റെ കുട്ടികളോടു ദേഷ്യപ്പെട്ട് അലറാൻ തോന്നിയിട്ടും വേണ്ടെന്നുവെച്ചത് ഒടുവിൽ എപ്പോഴാണ്? പകരം ഞാൻ എന്താണു ചെയ്തത്? എനിക്ക് എങ്ങനെ അത് ആവർത്തിക്കാൻ കഴിയും?’ തിരിച്ചടികളിൽ കുടുങ്ങിക്കിടക്കാതെ തുടർന്നും വിജയിച്ചുമുന്നേറാൻ ഇത്തരം ചോദ്യങ്ങൾ നിങ്ങളെ സഹായിക്കും.
ഉത്കണ്ഠകൾ കൈകാര്യം ചെയ്യാനും ഒരു സന്തുഷ്ടകുടുംബജീവിതം നയിക്കാനും യഥാർഥസന്തോഷം കണ്ടെത്താനും ബൈബിൾതത്ത്വങ്ങൾ നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് അറിയേണ്ടേ? എങ്കിൽ യഹോവയുടെ സാക്ഷികളിൽ ഒരാളുമായി സംസാരിക്കുക, അല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റായ jw.org സന്ദർശിക്കുക. ◼ (g16-E No. 4)