കാർബൺ എന്ന അത്ഭുതം
“കാർബൺപോലെ ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ മറ്റൊരു മൂലകവുമില്ല” എന്നു പ്രകൃതിയുടെ നിർമാണഘടകങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. കാർബണിനുള്ള ചില പ്രത്യേകസവിശേഷതകൾ കാരണം അതിനു മറ്റു കാർബൺ ആറ്റങ്ങളോടും മറ്റു പല രാസമൂലകങ്ങളോടും കൂടിച്ചേർന്ന് ദശലക്ഷക്കണക്കിനു സംയുക്തങ്ങൾക്കു രൂപംകൊടുക്കാനുള്ള കഴിവുണ്ട്. അത്തരം പല സംയുക്തങ്ങളും പ്രകൃതിയിൽനിന്ന് കണ്ടെടുത്തുകൊണ്ടിരിക്കുന്നു. കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നവയും അനവധിയാണ്.
താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങൾ കാണിക്കുന്നതുപോലെ കാർബൺ ആറ്റങ്ങൾ മറ്റു കാർബൺ ആറ്റങ്ങളോടു ചേർന്ന് ചങ്ങലകൾ, പിരമിഡുകൾ, വളയങ്ങൾ, ഷീറ്റുകൾ, ട്യൂബുകൾ എന്നിങ്ങനെ വ്യത്യസ്ത ആകൃതികൾ സ്വീകരിക്കാറുണ്ട്. കാർബൺ എന്ന മൂലകം ശരിക്കും ഒരു അത്ഭുതം തന്നെ!
വജ്രം
കാർബൺ ആറ്റങ്ങൾ പിരമിഡുകളുടെ രൂപത്തിൽ (tetrahedrons) കൂടിച്ചേരുമ്പോൾ ആ ഘടനയ്ക്കു വളരെയധികം ഉറപ്പു ലഭിക്കുന്നു. വജ്രത്തിന്റെ ഈയൊരു ഘടന അതിനെ പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ഏറ്റവും കാഠിന്യമേറിയ വസ്തുവാക്കുന്നു. നല്ലൊരു വജ്രം ശരിക്കും പല കാർബൺ ആറ്റങ്ങൾ കൂടിച്ചേർന്നുണ്ടാകുന്ന ഒരൊറ്റ തന്മാത്രയാണ്.
ഗ്രാഫൈറ്റ്
ഇതിന്റെ ഘടന പാളികളായാണ്. ഒരു പാളിയിലെ കാർബൺ ആറ്റങ്ങൾ തമ്മിലുള്ള ബന്ധനം ഉറപ്പുള്ളതാണെങ്കിലും വിവിധ പാളികൾ തമ്മിലുള്ള ബന്ധനം അത്ര ഉറപ്പുള്ളതല്ല. ഒരു കെട്ട് പേപ്പറിനോടു താരതമ്യപ്പെടുത്താവുന്ന ഗ്രാഫൈറ്റ് ഘടനയിലെ ഒരു പാളിക്കു മറ്റൊരു പാളിയിൽനിന്ന് തെന്നിമാറാൻ കഴിയും. ഈ സവിശേഷതകളുള്ളതുകൊണ്ട് ഗ്രാഫൈറ്റിനെ ഘർഷണം കുറയ്ക്കാനായി (lubricant) ഉപയോഗിക്കാറുണ്ട്. പെൻസിൽമുന ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു പ്രമുഖഘടകവുമാണ് ഇത്.a
ഗ്രാഫീൻ
ഷഡ്ഭുജാകൃതിയിൽ കണ്ണികളുള്ള ഒരു വലപോലെ കാർബൺ ആറ്റങ്ങൾ ഒറ്റ പാളിയായി ക്രമീകരിച്ചിരിക്കുന്നതാണു ഗ്രാഫീൻ. ഇതിന്റെ ആയതിബലം (tensile strength) ഉരുക്കിന്റേതിനെക്കാൾ പല മടങ്ങു കൂടുതലാണ്. പെൻസിൽകൊണ്ട് ഒരു വര ഇട്ടാൽ അതിൽ വളരെ ചെറിയ അളവിൽ ഗ്രാഫീന്റെ ഒന്നോ അതിലധികമോ പാളികൾ കണ്ടേക്കാം.
ഫുളറീൻ
അകം പൊള്ളയായ കാർബൺ തന്മാത്രകളാണു ഫുളറീനുകൾ. അതിസൂക്ഷ്മമായ ഗോളങ്ങളുടെയോ ട്യൂബുകളുടെയോ (നാനോട്യൂബുകൾ എന്നാണ് അവയെ വിളിക്കുന്നത്) രൂപത്തിലും മറ്റു പല രൂപങ്ങളിലും അവയെ കാണാം. ഒരു മീറ്ററിന്റെ 100 കോടിയിലൊരംശമായ നാനോമീറ്റർ എന്ന ഏകകത്തിലാണ് അവയെ അളക്കുന്നത്.
ജീവജാലങ്ങൾ
ചെടികളുടെയും മൃഗങ്ങളുടെയും മനുഷ്യശരീരത്തിന്റെയും നിർമാണഘടകങ്ങളായ എണ്ണമറ്റ കോശങ്ങൾ ഒരു കാർബൺ ചട്ടക്കൂടിലാണു പണിതുയർത്തിയിരിക്കുന്നത്. കാർബോഹൈഡ്രേറ്റുകളിലും കൊഴുപ്പുകളിലും അമിനോ അമ്ലങ്ങളിലും ഈ മൂലകത്തെ കാണാനാകും.◼ (g16-E No. 5)
‘(ദൈവത്തിന്റെ) അദൃശ്യഗുണങ്ങൾ . . . സൃഷ്ടികളിലൂടെ വ്യക്തമായി കാണാം.’ —റോമർ 1:20.
a 2007 ജൂലൈ ലക്കം ഉണരുക!-യിലെ “ഒരു പെൻസിൽ തരാമോ?” എന്ന ലേഖനം കാണുക.