കുടുംബങ്ങൾക്കുവേണ്ടി | വിവാഹം
എങ്ങനെ വിലമതിപ്പു കാണിക്കാം?
ബുദ്ധിമുട്ട്
വിജയപ്രദമായ വിവാഹത്തിന് വിലമതിപ്പു വളരെ പ്രധാനമാണ്. എന്നാൽ ഇന്ന് പല ഭർത്താക്കന്മാരും ഭാര്യമാരും പങ്കാളിയുടെ നല്ല വശങ്ങൾ ശ്രദ്ധിക്കുന്നതുപോലുമില്ല. അതിനെക്കാൾ നന്നേ കുറവാണ് വിലമതിപ്പിന്റെ പ്രകടനങ്ങൾ. വൈകാരിക അവിശ്വസ്തത എന്ന പുസ്തകത്തിൽ, തന്നെ സന്ദർശിക്കാൻ വന്ന ദമ്പതിമാരിൽ നിരീക്ഷിച്ച ഒരു കാര്യത്തെക്കുറിച്ച് ഒരു കൗൺസിലർ ഇങ്ങനെ പറഞ്ഞു: “തങ്ങളുടെ ദാമ്പത്യത്തിൽ ഇപ്പോൾ നടന്നുകാണാത്ത കാര്യങ്ങളെക്കുറിച്ചാണ് ദമ്പതിമാർ കൂടുതൽ വേവലാതിപ്പെടുന്നത്. അല്ലാതെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചല്ല. എന്തു മാറ്റങ്ങൾ വരുത്തണം എന്നാണ് അവർക്കു പറയാനുള്ളത്. അല്ലാതെ ഇപ്പോൾത്തന്നെ നല്ല രീതിയിൽ തുടർന്നുപോകുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് ഒന്നും പറയാനില്ല. ഇപ്പോൾത്തന്നെ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളോടു വിലമതിപ്പു കാണിക്കാൻ പരാജയപ്പെടുന്നു എന്നതാണ് ഈ ദമ്പതിമാരുടെ പ്രധാനപ്രശ്നം.”
നിങ്ങൾക്കും ഇണയ്ക്കും ഈ ചതിക്കുഴി എങ്ങനെ ഒഴിവാക്കാം?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
വിവാഹത്തിലെ സമ്മർദങ്ങൾ ലഘൂകരിക്കാൻ വിലമതിപ്പിന്റെ പ്രകടനങ്ങൾക്കാകും. ഒരു ഭർത്താവും ഭാര്യയും അവർക്കിടയിലുള്ള നല്ല ഗുണങ്ങൾ ശ്രദ്ധിക്കുകയും അത് എടുത്തുപറയാൻ ബോധപൂർവം ഒരു ശ്രമം നടത്തുകയും ചെയ്യുമ്പോൾ അവരുടെ ബന്ധം മെച്ചപ്പെടുന്നു. ദമ്പതികൾ പരസ്പരം വിലമതിപ്പോടെ ഇടപെടുന്നെങ്കിൽ കടുത്ത സമ്മർദംപോലും ലഘൂകരിക്കാനാകും.
ഭാര്യമാർക്ക്. “പുരുഷന്മാർ കുടുംബത്തെ പോറ്റാൻ നടത്തുന്ന വലിയ ശ്രമത്തെ പല സ്ത്രീകളും വിലകുറച്ചുകാണുന്നതായി” മുമ്പു പരാമർശിച്ച വൈകാരിക അവിശ്വസ്തത എന്ന പുസ്തകം പറയുന്നു. കുടുംബത്തിലെ രണ്ട് അംഗങ്ങളും ജോലിക്ക് പോകുന്ന ചില സമൂഹങ്ങളിലും ഈ സമ്മർദം ദൃശ്യമാണ്.
ഭർത്താക്കന്മാർക്ക്. ജോലി ചെയ്തുകൊണ്ടും കുട്ടികളെ വളർത്തിക്കൊണ്ടും വീട്ടുജോലികൾ ചെയ്തുകൊണ്ടും കുടുംബത്തെ പിന്തുണയ്ക്കുന്ന ഭാര്യമാരുടെ കഠിനാധ്വാനത്തെ പുരുഷന്മാർ മിക്കപ്പോഴും നിസ്സാരമായാണ് കാണുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് വർഷം ആയ ഫയോണa പറയുന്നു: “നമ്മൾ എല്ലാവരും തെറ്റു ചെയ്യുന്നവരാണ്. എന്നാൽ എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ഒരു വീഴ്ച വന്നാൽ അത് എനിക്ക് ഒട്ടും സഹിക്കാനാവില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴായിരിക്കും ഞാൻ വീട്ടിൽ ചെയ്ത ജോലികളെക്കുറിച്ച് ഭർത്താവ് പ്രശംസിച്ചുപറയുന്നത്. കുറവുകളുണ്ടെങ്കിലും ഭർത്താവ് ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പിന്തുണ എപ്പോഴുമുണ്ടെന്നും അറിയുന്നത് എന്നെ ഒരുപാടു സന്തോഷിപ്പിക്കുന്നു.”
ഇണ ചെയ്യേണ്ട ഉത്തരവാദിത്വങ്ങളിൽപ്പെട്ടതാണ് ഇതെല്ലാം എന്ന രീതിയിലാണ് കാര്യങ്ങളെ വീക്ഷിക്കുന്നതെങ്കിൽ അത് വിവാഹത്തിന്റെ ഐക്യത്തിനുതന്നെ ഭീഷണിയായേക്കും. “ഇണയിൽനിന്ന് അഭിനന്ദനമൊന്നും ലഭിക്കുന്നില്ലെങ്കിൽ അങ്ങനെ അഭിനന്ദിക്കുന്ന മറ്റൊരാളോട് ആകർഷണം തോന്നാൻ ഇടയുണ്ട്” എന്ന് വലേറി എന്ന വീട്ടുകാരി അഭിപ്രായപ്പെടുന്നു.
നിങ്ങൾക്കു ചെയ്യാനാകുന്നത്
നന്നായി നിരീക്ഷിക്കുക. വരും ആഴ്ചകളിൽ ഇണയുടെ നല്ല ഗുണങ്ങൾ ഓരോന്നും പ്രത്യേകം ശ്രദ്ധിക്കുക. ഇണയുടെ ഉത്തരവാദിത്വങ്ങളാണെന്നു വിചാരിച്ചുകൊണ്ട് ഇത്രയുംനാൾ ശ്രദ്ധിക്കാതിരുന്ന കാര്യങ്ങൾ ഉൾപ്പെടെ, വീട്ടുകാര്യങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളും നിരീക്ഷിക്കുക. എന്നിട്ട്, ആഴ്ചയുടെ അവസാനം പിൻവരുന്ന പ്രകാരം ഒരു ലിസ്റ്റ് ഉണ്ടാക്കുക. (1) നിങ്ങളുടെ ഇണയിൽ നിങ്ങൾ വിലമതിച്ച നല്ല ഗുണങ്ങൾ, (2) നിങ്ങളുടെ കുടുംബത്തിന്റെ ക്ഷേമം മുന്നിൽക്കണ്ട് ഇണ ചെയ്ത നല്ല കാര്യങ്ങൾ.—ബൈബിൾതത്ത്വം: ഫിലിപ്പിയർ 4:8.
നിരീക്ഷണം പ്രധാനമാണെന്നു പറയുന്നത് എന്തുകൊണ്ട്? എറിക്ക എന്ന ഒരു കുടുംബിനി പറയുന്നത് ഇങ്ങനെയാണ്: “വിവാഹത്തിന്റെ ചൂട് ഒന്ന് ആറി കഴിയുമ്പോഴേക്കും ഇണ ചെയ്യുന്ന നല്ലനല്ല കാര്യങ്ങളോടുള്ള വിലമതിപ്പു പതുക്കെപ്പതുക്കെ കുറഞ്ഞുതുടങ്ങും. പിന്നീടങ്ങോട്ട് ഇണ ചെയ്യുന്ന നല്ല കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനു പകരം എന്തു ചെയ്യുന്നില്ല എന്ന കാര്യത്തിലായിരിക്കും നിങ്ങളുടെ മുഴുശ്രദ്ധയും.”
നിങ്ങളോടുതന്നെ ചോദിക്കുക: ‘ഇണ ചെയ്യുന്ന കാര്യങ്ങളെല്ലാം അവൾ ചെയ്യേണ്ടതാണ് എന്ന രീതിയിലാണോ ഞാൻ കാണുന്നത്?’ ഉദാഹരണത്തിന്, കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിനായി ഭാര്യ ചെയ്യുന്ന ശ്രമങ്ങൾ അവൾ ചെയ്യേണ്ടതാണെന്നു ചിന്തിച്ചുകൊണ്ട് അവളെ അഭിനന്ദിക്കേണ്ട ആവശ്യമില്ലെന്ന് വിചാരിക്കുന്നുണ്ടോ? ഇനി നിങ്ങൾ ഒരു ഭാര്യയാണെന്നിരിക്കട്ടെ. വീടിനോടു ബന്ധപ്പെട്ട ചില അല്ലറചില്ലറ പണികൾ നിങ്ങളുടെ ഭർത്താവ് ചെയ്യുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ കടമയാണ് എന്നു ചിന്തിച്ചുകൊണ്ട് നിങ്ങൾ അദ്ദേഹത്തോട് നന്ദി പറയാതിരിക്കുന്നുണ്ടോ? അതുകൊണ്ട് കുടുംബജീവിതം വിജയിക്കാൻ നിങ്ങളുടെ ഇണ ചെയ്യുന്ന ചെറുതും വലുതും ആയ എല്ലാ പ്രയത്നങ്ങളും ശ്രദ്ധിക്കുകയും വിലമതിക്കുകയും ചെയ്യുക എന്നത് നിങ്ങളുടെ ലക്ഷ്യമാക്കുക.—ബൈബിൾതത്ത്വം: റോമർ 12:10.
പിശുക്കു കാട്ടാതെ അഭിനന്ദിക്കുക. കേവലം നന്ദിയുള്ളവർ ആയിരിക്കാനല്ല, പകരം ‘നന്ദിയുള്ളവരാണെന്നു കാണിക്കാൻ’ ബൈബിൾ ആവശ്യപ്പെടുന്നു. (കൊലോസ്യർ 3:15) അതുകൊണ്ട് നിങ്ങളുടെ ഇണയോട് നന്ദി പറയുന്ന ഒരു ശീലം നട്ടുവളർത്തുക. ഭർത്താവായ ജെയിംസ് പറയുന്നു “ഞാൻ ചെയ്യുന്ന കാര്യങ്ങളോട് ഭാര്യ വിലമതിപ്പ് പ്രകടിപ്പിക്കുമ്പോൾ ഒരു മെച്ചപ്പെട്ട ഭർത്താവാകാനും വിവാഹബന്ധം ശക്തമാക്കാനും ആയി പ്രയത്നിക്കാൻ അത് എന്നെ പ്രോത്സാഹിപ്പിക്കുന്നു.”— ബൈബിൾതത്ത്വം: കൊലോസ്യർ 4:6.
പരസ്പരം വിലമതിപ്പു കാണിക്കാൻ ശ്രമിക്കുന്ന ഭർത്താക്കന്മാരും ഭാര്യമാരും തങ്ങളുടെ ബന്ധം കരുത്തുറ്റതാക്കുകയാണ് ചെയ്യുന്നത്. “ഈയൊരു കാര്യത്തിന് പല ഇണകളും പ്രാധാന്യം നൽകിയിരുന്നെങ്കിൽ പല വിവാഹബന്ധങ്ങളും തകരില്ലായിരുന്നെന്ന് എനിക്ക് ഉറപ്പാണ്. പ്രശ്നങ്ങൾ തലപൊക്കുമ്പോൾ വിവാഹബന്ധം അവസാനിപ്പിക്കാനുള്ള സാധ്യത നന്നേ കുറവായിരിക്കും. കാരണം, അനുദിനം അവർ ഇരുവരും ചെയ്തുപോരുന്ന ഓരോ നല്ലനല്ല കാര്യങ്ങളെയും അവർ പതിവായി ഓർമിപ്പിച്ചുകൊണ്ടാണിരിക്കുന്നത്” എന്ന് ഭർത്താവായ മൈക്കിൾ പറയുന്നു.
a ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.