Oleh_Slobodeniuk/E+ via Getty Images
ഈ ഭൂമി നിലനിൽക്കുമെന്നു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു
“എത്ര തിരിച്ചടികൾ ഉണ്ടായാലും ഭൂമിക്കു തിരിച്ചുവരാൻ പറ്റും.”
ഈ വസ്തുതയിലാണ് കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ഗവേഷണം ചെയ്ത അന്താരാഷ്ട്ര സംഘം എത്തിച്ചേർന്നത്. ഇതു കേൾക്കുമ്പോൾ എന്താണു നിങ്ങളുടെ മനസ്സിലേക്കുവരുന്നത്? മനുഷ്യരെ സ്നേഹിക്കുന്ന ഒരു സ്രഷ്ടാവിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ, ഭൂമിക്ക് വരുന്ന കേടുപാടുകൾ സ്വയം പരിഹരിക്കുന്നതിന് ദൈവം ചെയ്ത ക്രമീകരണങ്ങളായിരിക്കും നിങ്ങളുടെ മനസ്സിലേക്കു വരുക.
പക്ഷേ മനുഷ്യർ അത്രയധികം ദ്രോഹം ചെയ്തതുകൊണ്ട് ഭൂമിയെ രക്ഷിക്കാൻ പ്രകൃതിയിലെ ഈ ക്രമീകരണങ്ങൾ മാത്രം മതിയാകാതെ വന്നിരിക്കുകയാണ്. ഇക്കാര്യത്തിൽ ദൈവം ഇടപെടുമെന്ന് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
ഭൂമി അതിജീവിക്കുമെന്നു മാത്രമല്ല, അതു മനോഹരമാകുമെന്നും ഉറപ്പുതരുന്ന, ചതുരത്തിൽ കൊടുത്തിരിക്കുന്ന ചില തിരുവെഴുത്തുകൾ നോക്കുക.
ദൈവമാണ് ഈ ഭൂമിയെ സൃഷ്ടിച്ചത്. “ആരംഭത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.”—ഉൽപത്തി 1:1
ദൈവമാണ് ഈ ഭൂമിയുടെ ഉടമസ്ഥൻ. “ഭൂമിയും അതിലുള്ള സകലവും യഹോവയുടേതാണ്.”a—സങ്കീർത്തനം 24:1
നിലനിൽക്കാൻവേണ്ടിയാണ് ദൈവം ഈ ഭൗമഗ്രഹത്തെ നിർമിച്ചിരിക്കുന്നത്. “ദൈവം ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചു; ഒരു കാലത്തും അതു സ്വസ്ഥാനത്തുനിന്ന് ഇളകില്ല.”—സങ്കീർത്തനം 104:5
ഭൂമിയിൽ എന്നെന്നും ജീവൻ ഉണ്ടാകുമെന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. “സത്യദൈവം, ഭൂമിയെ നിർമിച്ച് സുസ്ഥിരമായി സ്ഥാപിച്ച ദൈവം, ഭൂമിയെ വെറുതേ സൃഷ്ടിക്കാതെ, മനുഷ്യർക്കു താമസിക്കാൻ ഉണ്ടാക്കി.”—യശയ്യ 45:18
ഭൂമിയിൽ മനുഷ്യർ എന്നും ജീവിക്കുമെന്ന് ദൈവം ഉറപ്പു തന്നിരിക്കുന്നു. “നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”—സങ്കീർത്തനം 37:29
ശരിയായ വിധത്തിലാണ് മനുഷ്യർ പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അത് ഒരിക്കലും ഈ ഭൂമിക്ക് ദോഷം ചെയ്യില്ല; ആ രീതിയിലാണ് ദൈവം ഭൂമിയെ സൃഷ്ടിച്ചിരിക്കുന്നത്. ദൈവമായ യഹോവ താൻ നിശ്ചയിച്ചിരിക്കുന്ന സമയത്ത് നമ്മുടെ ഭൗമഗ്രഹത്തിന്റെ ചൂഷണം അവസാനിപ്പിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്.—വെളിപാട് 11:18
തുടർന്ന് ദൈവം ഈ ഭൂമിയെ മനോഹരമായ ഒരു പറുദീസയാക്കി മാറ്റുമെന്നും ‘ജീവനുള്ളതിന്റെയെല്ലാം ആഗ്രഹം തൃപ്തിപ്പെടുത്തുമെന്നും’ ഉറപ്പു തന്നിട്ടുണ്ട്.—സങ്കീർത്തനം 145:16
a ദൈവത്തിന്റെ പേരാണ് യഹോവ.—സങ്കീർത്തനം 83:18.