പാഠം 3
ബൈബിൾ—നമ്മുടെ മുഖ്യ പാഠപുസ്തകം
1, 2. ബൈബിളെഴുത്ത് എപ്പോൾ തുടങ്ങുകയും അവസാനിക്കുകയും ചെയ്തു, ബൈബിളിന്റെ പ്രചാരത്തിന്റെ വ്യാപ്തി എന്താണ്?
1 ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ നമ്മുടെ മുഖ്യ പാഠപുസ്തകം ബൈബിളാണ്. സുവാർത്തയുടെ ശുശ്രൂഷകരെന്ന നിലയിൽ നമുക്ക് അതു സുപരിചിതമായിരിക്കണം. അത് എങ്ങനെ ഉളവാക്കപ്പെട്ടുവെന്നും അതിൽ എന്തടങ്ങിയിരിക്കുന്നുവെന്നും അത് ഉപയോഗിക്കേണ്ടതെങ്ങനെയെന്നും നാം അറിഞ്ഞേ തീരൂ.
2 ബൈബിളിന്റെ എഴുത്തു പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) 1513 എന്ന വർഷത്തോളം പിന്നോട്ടു പോകുന്നു, അന്ന് എഴുത്ത് ആരംഭിക്കാൻ മോശ നയിക്കപ്പെട്ടു. ഏതാണ്ടു പതിനാറു നൂററാണ്ടു കഴിഞ്ഞ് അപ്പോസ്തലനായ യോഹന്നാൻ തന്റെ എഴുത്തു പൂർത്തിയാക്കിക്കൊണ്ടു ബൈബിളെഴുത്ത് അവസാനിപ്പിച്ചതു പൊ.യു. (പൊതുയുഗം) ഒന്നാം നൂററാണ്ടിന്റെ ഒടുവിൽ ആയിരുന്നു. ഇന്നു ബൈബിൾ പൂർണമായോ ഭാഗികമായോ ഏതാണ്ട് 2,000 ഭാഷകളിൽ ലഭ്യമാണ്. ദശലക്ഷക്കണക്കിനു പ്രതികൾ പ്രചാരമുളള പുസ്തകങ്ങൾ അധികമൊന്നുമില്ലെങ്കിലും ബൈബിൾ ശതകോടിക്കണക്കിനു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മററു യാതൊരു പുസ്തകത്തിനും ആ റിക്കാർഡിനോടു തുല്യമാകാൻ കഴിയുകയില്ല. തീർച്ചയായും, ഒരു മതഗ്രന്ഥത്തിന്റെ വെറും എഴുത്തും നൂറുകണക്കിനു വർഷങ്ങളിലെ അതിന്റെ സംരക്ഷണവും ദശലക്ഷങ്ങൾ അതിനെ വിലമതിക്കുന്നുവെന്നതും അതു ദിവ്യ ഉത്ഭവമുളളതാണെന്നു തെളിയിക്കുന്നില്ല. അതു ദൈവത്താൽ നിശ്വസ്തമാണെന്നു തെളിയിച്ചുകൊണ്ടു ദിവ്യഗ്രന്ഥകർത്തൃത്വത്തിന്റെ സാക്ഷ്യപത്രങ്ങൾ വഹിക്കേണ്ടതാണ്. ബൈബിളിന്റെ ഒരു സൂക്ഷ്മ പരിശോധന സത്യമായി അങ്ങനെയുളള സാക്ഷ്യപത്രങ്ങൾ അതിനുണ്ടെന്ന് ആത്മാർഥതയുളളവരെ ബോധ്യപ്പെടുത്തുന്നു.
3, 4. ബൈബിൾ ആദ്യം ഏതു രൂപത്തിലാണ് എഴുതപ്പെട്ടത്, എപ്പോഴാണ് അത് അധ്യായങ്ങളും വാക്യങ്ങളുമായി തിരിച്ചത്?
3 ആദ്യം എബ്രായയിലും അരമായയിലും ഗ്രീക്കിലും എഴുതപ്പെട്ട, നമുക്കറിയാവുന്നതുപോലെയുളള ബൈബിളിന് അറുപത്താറു പുസ്തകങ്ങളുണ്ട്. പുസ്തകങ്ങളുടെ കൃത്യമായ എണ്ണം (ചിലത് ഒന്നിച്ചുചേർത്തതോ വേർപെടുത്തിയതോ ആയിക്കൊളളട്ടെ) പ്രധാനമല്ല, അവ കാണപ്പെടുന്ന പ്രത്യേക ക്രമവും പ്രധാനമല്ല. ബൈബിൾകാനോൻ അഥവാ നിശ്വസ്തപുസ്തകങ്ങളുടെ പട്ടിക അവസാനിപ്പിച്ചശേഷവും ദീർഘകാലം വ്യത്യസ്തചുരുളുകളായിട്ടാണു പുസ്തകങ്ങൾ സ്ഥിതിചെയ്തത്. പുസ്തകങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്ന ക്രമം സംബന്ധിച്ച് പുരാതന കാററലോഗുകൾ വ്യത്യസ്തമായിരിക്കുന്നു. ഏതായാലും, ഏതു പുസ്തകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഏററം പ്രധാനം. യഥാർഥത്തിൽ, ഇപ്പോൾ കാനോനിലുളള പുസ്തകങ്ങൾക്കുമാത്രമേ നിശ്വസ്തതയുടെ ഏതെങ്കിലും ഈടുററ തെളിവ് ഉളളു. പുരാതനകാലംമുതൽ മററ് എഴുത്തുകൾ ഉൾപ്പെടുത്താനുളള ശ്രമങ്ങളെ ചെറുത്തുനിന്നിട്ടുണ്ട്.
4 ബൈബിൾ ആദ്യം അക്ഷരങ്ങളുടെ തുടർച്ചയായ ഇടമുറിയാത്ത വരികളായിട്ടാണ് എഴുതപ്പെട്ടത്. ചിഹ്നനങ്ങൾമുഖേന വാക്യങ്ങളെ പിരിക്കുന്ന യാതൊരു സമ്പ്രദായവും പൊ.യു. ഒൻപതാം നൂററാണ്ടുവരെ കണ്ടുപിടിക്കപ്പെട്ടിരുന്നില്ല. അച്ചടി അവതരിപ്പിക്കപ്പെട്ടതിന്റെ ഫലമായി പൊ.യു. പതിനഞ്ചാം നൂററാണ്ടിൽ നമ്മുടെ ആധുനിക ചിഹ്നന സമ്പ്രദായത്തിന്റെ മുഖ്യവശങ്ങൾ തുടങ്ങി. അധ്യായങ്ങളും വാക്യങ്ങളുമായുളള ബൈബിളിന്റെ തിരിക്കൽ (കിംഗ് ജയിംസ് വേർഷന് 1,189 അധ്യായങ്ങളും 31,102 വാക്യങ്ങളുമുണ്ട്) മൂല എഴുത്തുകാർ നടത്തിയതുമല്ല. ഇതു നൂററാണ്ടുകൾക്കു ശേഷമാണ് ഉണ്ടായത്. യഹൂദ പണ്ഡിതൻമാരായിരുന്ന മാസറെററീസ് എബ്രായ തിരുവെഴുത്തുകളെ വാക്യങ്ങളായി തിരിച്ചു. പിന്നീടു പൊ.യു. പതിമൂന്നാം നൂററാണ്ടിൽ അധ്യായങ്ങൾ തിരിക്കപ്പെട്ടു.
5, 6. ഏതർഥത്തിലാണു ബൈബിൾ നിശ്വസ്തമായിരിക്കുന്നത്, അതിൽ അടങ്ങിയിരിക്കുന്ന എഴുത്തിന്റെ വ്യത്യസ്ത ശൈലികളുടെ കാരണത്തെ എന്തു വിശദമാക്കുന്നു?
5 നിശ്വസ്ത പുസ്തകശേഖരം. യഹോവയുടെ നിശ്വസ്തവചനം രേഖപ്പെടുത്തുന്നതിന് ഏതാണ്ടു നാല്പതു വ്യത്യസ്ത വ്യക്തികൾ ഏക മഹദ്ഗ്രന്ഥകർത്താവിന്റെ സെക്രട്ടറിമാരായി സേവിച്ചു. “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്ത”മാണ്, ഇതിൽ “ശേഷം തിരുവെഴുത്തുക”ളോടുകൂടെ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലെ എഴുത്തുകളും ഉൾപ്പെടുന്നു. (2 തിമോ. 3:16, NW; 2 പത്രൊ. 3:15, 16) (ലൗകിക കലാകാരൻമാരെയോ കവികളെയോ സംബന്ധിച്ചു മിക്കപ്പോഴും പറയുന്നതുപോലെ) നേട്ടത്തിന്റെ ഒരു ഉയർന്ന തലത്തിലേക്കുളള ബുദ്ധിയുടെയും വികാരങ്ങളുടെയും വെറുമൊരു ഉത്തേജിപ്പിക്കലിനെയല്ല, പിന്നെയോ ദൈവംതന്നെ എഴുതുന്നതുപോലെ അതേ പ്രാമാണ്യമുളള, തെററില്ലാത്ത, എഴുത്തുകളുടെ ഉത്പാദനത്തെയാണ് “നിശ്വസ്തത” അർഥമാക്കുന്നത്. ദൈവം തന്റെ നിർദേശപ്രകാരം കാര്യങ്ങൾ രേഖപ്പെടുത്തുന്നതിന് ഉപയോഗിച്ച വിശ്വസ്തപുരുഷൻമാരുടെമേൽ തന്റെ സ്വന്തം ആത്മാവു പ്രവർത്തനനിരതമാകാൻ ഇടയാക്കി. ഈ കാരണത്താൽ അപ്പോസ്തലനായ പത്രോസിന് ഇങ്ങനെ പ്രഖ്യാപിക്കാൻ കഴിഞ്ഞു: “പ്രവചനം ഒരിക്കലും മമനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2 പത്രൊ. 1:21) എന്നിരുന്നാലും, ഒരു സന്ദർഭത്തിലെങ്കിലും, ദൈവംതന്നെ വിവരങ്ങൾ ലിഖിതരൂപത്തിൽ പ്രദാനംചെയ്തു. ഇതു പത്തുകല്പനകൾ ആയിരുന്നു, ‘ദൈവത്തിന്റെ വിരലുകൾകൊണ്ടു എഴുതിയ രണ്ടു കല്പലകകൾ’ ദൈവം മോശക്കു കൊടുത്തു.—പുറ. 31:18.
6 ചില സന്ദർഭങ്ങളിൽ വിവരങ്ങൾ വാഗ്രൂപത്തിലുളള നിർദേശത്താൽ പദാനുപദം കൈമാറപ്പെട്ടു. (പുറ. 34:27) മിക്കപ്പോഴും പ്രവാചകൻമാർക്കും, അറിയിക്കുന്നതിനു പ്രത്യേക ദൂതുകൾ കൊടുക്കപ്പെട്ടു. (1 രാജാ. 22:14; യിരെ. 1:7) എന്നിരുന്നാലും, തിരുവെഴുത്തുകൾ രേഖപ്പെടുത്താൻ ദൈവം ഉപയോഗിച്ച പുരുഷൻമാർ എല്ലായ്പോഴും പറഞ്ഞുകൊടുക്കപ്പെട്ട വിവരങ്ങൾ കേവലം കേട്ടെഴുതുകയല്ലായിരുന്നുവെന്നു തെളിവു സൂചിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, ദൈവത്തിന്റെ ദൂതൻമുഖേന യോഹന്നാന് “അടയാളങ്ങളായി” വെളിപാടു കിട്ടി. “നീ കാണുന്നത് ഒരു ചുരുളിൽ എഴുതുക” എന്നു യോഹന്നാനോടു പറയപ്പെട്ടു. (വെളി. 1:1, 2, 10, 11, NW) അങ്ങനെ, ബൈബിളെഴുത്തുകാർ കണ്ട ദർശനങ്ങളെ വർണിക്കാൻ വാക്കുകളും ശൈലികളും തിരഞ്ഞെടുക്കുന്നതിന് അവരെ അനുവദിക്കുന്നതു പ്രത്യക്ഷത്തിൽ നല്ലതാണെന്നു ദൈവം കണ്ടു, അതേസമയം അന്തിമ കൃതി കൃത്യവും തന്റെ ഉദ്ദേശ്യത്തിനു യോജിച്ചതുമായിരിക്കത്തക്കവണ്ണം അവരുടെമേൽ അവിടുന്ന് എല്ലായ്പോഴും വേണ്ടത്ര മേൽനോട്ടം വഹിച്ചു. (സഭാ. 12:10) നിസ്സംശയമായി ഇതു ബൈബിൾപുസ്തകങ്ങളിൽ പ്രകടമായി കാണുന്ന വ്യത്യസ്ത ശൈലികളുടെ കാരണം വിശദമാക്കുന്നു.
7. എബ്രായ തിരുവെഴുത്തുകളുടെ ചില എഴുത്തുകാർ ആരായിരുന്നു, സത്യ പ്രവാചകൻമാരുടെ ഏതു യോഗ്യതകളിൽ അവരെല്ലാം എത്തിച്ചേർന്നു?
7 ആന്തരിക തെളിവിന്റെ വെളിച്ചത്തിൽ മോശയുടെ എഴുത്തുകൾ ദൈവനിശ്വസ്തമായിരുന്നുവെന്നതിനു സംശയമുണ്ടായിരിക്കാവുന്നതല്ല. ഇസ്രയേല്യരുടെ നേതാവാകണമെന്നുളളതു മോശയുടെ ഉദ്ദേശ്യമായിരുന്നില്ല. ആദ്യം ആ നിർദേശത്തിങ്കൽ മോശ പിൻമാറിനിൽക്കുകയായിരുന്നു. (പുറ. 3:10, 11; 4:10-14) മറിച്ച്, ദൈവം മോശയെ എഴുന്നേല്പിക്കുകയും അദ്ദേഹത്തിന് അത്ഭുതശക്തികൾ കൊടുക്കുകയും ചെയ്തു. മന്ത്രവാദികളായ പുരോഹിതൻമാർപോലും മോശയുടെ പ്രവൃത്തി ദൈവത്തിൽനിന്ന് ഉത്ഭവിച്ചു എന്നു സമ്മതിക്കേണ്ടിവന്നു. (പുറ. 4:1-9; 8:16-19) ദൈവത്തിന്റെ കല്പനയോടുളള അനുസരണത്തിലും പരിശുദ്ധാത്മാവിന്റെ ദിവ്യസാക്ഷ്യപത്രങ്ങളോടെയും മോശ ആദ്യം സംസാരിക്കുന്നതിനും പിന്നീടു ബൈബിളിന്റെ ഭാഗം എഴുതുന്നതിനും പ്രേരിതനായി. (പുറ. 17:14) മോശയുടെ മരണത്തെ തുടർന്ന്, യോശുവയുടെയും ശമുവേലിന്റെയും ഗാദിന്റെയും നാഥാന്റെയും എഴുത്തുകൾ (യോശുവ, ന്യായാധിപൻമാർ, രൂത്ത്, 1-ഉം 2-ഉം ശമൂവേൽ) കൂട്ടിച്ചേർക്കപ്പെട്ടു. രാജാക്കൻമാരായ ദാവീദും ശലോമോനും വിശുദ്ധ എഴുത്തുകളുടെ വളർന്നുകൊണ്ടിരുന്ന കാനോനുവേണ്ടി പുസ്തകങ്ങൾ എഴുതി. പിന്നീടു യോനാമുതൽ മലാഖിവരെയുളള പ്രവാചകൻമാർ വന്നു, ഓരോരുത്തരും ബൈബിൾ കാനോനുവേണ്ടി പുസ്തകങ്ങൾ എഴുതി. ഓരോരുത്തരും ക്രമത്തിൽ യഹോവ വിവരിച്ച യഥാർഥ പ്രവാചകൻമാരുടെ യോഗ്യതകളിൽ എത്തി: അവർ യഹോവയുടെ നാമത്തിൽ സംസാരിച്ചു, അവരുടെ പ്രവചനങ്ങൾ നിറവേറി, അവർ ആളുകളെ ദൈവത്തിങ്കലേക്കു നയിക്കുകയും ചെയ്തു.—ആവ. 13:1-3; 18:20-22.
8. എബ്രായ തിരുവെഴുത്തുകളുടെ കാനോനികത്വത്തിന്റെ അത്യന്തം നിർണായകമായ തെളിവ് എന്താണ്?
8 എഴുതുന്നതിനു യഹോവ മനുഷ്യരെ നിശ്വസ്തരാക്കിയതുപോലെ, ഈ നിശ്വസ്ത എഴുത്തുകളുടെ സമാഹരണത്തെയും അവിടുന്നു നയിക്കുമെന്നു യുക്തിപൂർവം സിദ്ധിക്കുന്നു. യഹൂദ പാരമ്പര്യം പറയുന്നതനുസരിച്ച്, പ്രവാസികളായ യഹൂദൻമാർ യഹൂദ്യയിൽ വീണ്ടും പാർപ്പുറപ്പിച്ചശേഷം എസ്രായ്ക്ക് ഈ ജോലിയിൽ ഒരു കൈ ഉണ്ടായിരുന്നു. നിശ്വസ്ത ബൈബിളെഴുത്തുകാരിൽ ഒരാളും ഒരു പുരോഹിതനും “മോശയുടെ നിയമത്തിന്റെ ഒരു വിദഗ്ധ പകർപ്പെഴുത്തുകാരനും” ആയിരുന്നതിനാൽ അദ്ദേഹം ഈ വേലയ്ക്കു തികച്ചും യോഗ്യനായിരുന്നു. (എസ്രാ 7:1-11, NW) എബ്രായ തിരുവെഴുത്തുകളുടെ കാനോൻ തീർച്ചയായും പൊ.യു.മു. അഞ്ചാം നൂററാണ്ടിന്റെ അവസാനത്തോടെ നിശ്ചയിക്കപ്പെട്ടിരുന്നു. അതിൽ ഇന്നു നമുക്കുളളവയും ഇപ്പോൾ മുപ്പത്തൊൻപതു പുസ്തകങ്ങളായി തിരിച്ചിരിക്കുന്നവയുമായ അതേ എഴുത്തുകൾ അടങ്ങിയിരുന്നു. മനുഷ്യരുടെ യാതൊരു കൗൺസിലുമല്ല അവയെ കാനോനികമാക്കിയത്; അവയുടെ തുടക്കംമുതൽ അവയ്ക്ക് ദിവ്യാംഗീകാരമുണ്ടായിരുന്നു. എബ്രായ തിരുവെഴുത്തുകളുടെ കാനോനികത്വം സംബന്ധിച്ച ഏററവും നിർണായകമായ സാക്ഷ്യം യേശുക്രിസ്തുവിന്റെയും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ എഴുത്തുകാരുടെയും വിശ്വാസ്യതയെ ചോദ്യംചെയ്യാനാവാത്ത മൊഴിയാണ്. അവർ നിശ്വസ്ത എബ്രായ തിരുവെഴുത്തുകളെ യഥേഷ്ടം ഉപയോഗിച്ചെങ്കിലും അപ്പോക്രിഫാ പുസ്തകങ്ങളിൽനിന്ന് ഒരിക്കലും ഉദ്ധരിച്ചില്ല.—ലൂക്കോ. 24:44, 45.
9, 10. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലെ പുസ്തകങ്ങൾ യഥാർഥത്തിൽ ബൈബിൾ കാനോനിൽപ്പെട്ടതാണെന്നുളളതിന് എന്ത് ഉറപ്പുണ്ട്?
9 ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലെ ഇരുപത്തേഴു പുസ്തകങ്ങളുടെ എഴുത്തും സമാഹരണവും എബ്രായ തിരുവെഴുത്തുകളുടേതിനോടു സമാനമാണ്. ക്രിസ്തു “മനുഷ്യരാം ദാനങ്ങൾ കൊടുത്തു,” അതെ “അവൻ ചിലരെ അപ്പോസ്തലൻമാരായും ചിലരെ പ്രവാചകൻമാരായും ചിലരെ സുവിശേഷകൻമാരായും ചിലരെ ഇടയൻമാരായും ഉപദേഷ്ടാക്കൻമാരായും കൊടുത്തു.” (എഫേ. 4:8, 11-13, NW) അവരുടെമേൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഉണ്ടായിരുന്നതുകൊണ്ട് അവർ ക്രിസ്തീയസഭക്കുവേണ്ടി ആരോഗ്യപ്രദമായ ഉപദേശം ക്രോഡീകരിച്ചു. ദൈവത്തിന്റെ ആത്മാവു തന്റെ അപ്പോസ്തലൻമാരെ പഠിപ്പിക്കുകയും വഴികാട്ടുകയും അവർ അദ്ദേഹത്തിൽനിന്നു കേട്ടിരുന്ന കാര്യങ്ങൾ അവരെ ഓർമപ്പെടുത്തുകയും അതുപോലെതന്നെ ഭാവി കാര്യങ്ങൾ അവർക്കു വെളിപ്പെടുത്തുകയും ചെയ്തുകൊണ്ട് അവരെ സഹായിക്കുമെന്നു യേശു അവർക്ക് ഉറപ്പുകൊടുത്തു. (യോഹ. 14:26; 16:13) ഇത് അവരുടെ സുവിശേഷവിവരണങ്ങളുടെ സത്യതക്കും കൃത്യതക്കും ഉറപ്പുകൊടുത്തു.
10 കാനോനികത്വത്തിന്റെ യഥാർഥ പരീക്ഷ ഒരു പുസ്തകം എത്ര പ്രാവശ്യം അല്ലെങ്കിൽ ഏത് അപ്പോസ്തലേതര എഴുത്തുകാരൻ ഉദ്ധരിച്ചിരിക്കുന്നു എന്നതല്ല. പുസ്തകത്തിന്റെ ഉളളടക്കംതന്നെ അതു പരിശുദ്ധാത്മാവിന്റെ ഉത്പന്നമാണെന്നുളളതിനു തെളിവു നൽകണം. തത്ഫലമായി അതിന് അന്ധവിശ്വാസത്തെയോ ഭൂതവിദ്യയെയോ സൃഷ്ടിയാരാധനയെയോ പ്രോത്സാഹിപ്പിക്കാൻ കഴിയുകയില്ല. അതു ബൈബിളിന്റെ ശേഷിച്ച ഭാഗത്തോടു പൂർണ യോജിപ്പിലായിരിക്കണം. ഓരോ പുസ്തകവും “ആരോഗ്യപ്രദമായ വാക്കുകളുടെ” ദിവ്യ “മാതൃക”യോട് അനുരൂപപ്പെടുകയും യേശുവിന്റെ പഠിപ്പിക്കലുകളോടു യോജിപ്പിലായിരിക്കുകയും വേണം. (2 തിമോ. 1:13, NW) അപ്പോസ്തലൻമാർ വ്യക്തമായും ദിവ്യ അധികാരത്തോടെ സംസാരിച്ചു. പരിശുദ്ധാത്മാവിനാൽ അവർക്കു “നിശ്വസ്തമൊഴികളുടെ വിവേചന” ഉണ്ടായിരുന്നു, അവ ദൈവത്തിൽനിന്നുളളവയോ അല്ലയോ എന്നതുസംബന്ധിച്ചുതന്നെ. (1 കൊരി. 12:4, 10, NW) അവസാനത്തെ അപ്പോസ്തലനായ യോഹന്നാന്റെ മരണത്തോടെ, ദിവ്യനിശ്വസ്ത മനുഷ്യരുടെ ഈ ആശ്രയയോഗ്യമായ ശൃംഖല അവസാനിച്ചു. അങ്ങനെ വെളിപാടിനോടും യോഹന്നാന്റെ സുവിശേഷത്തോടും ലേഖനങ്ങളോടും കൂടെ ബൈബിൾകാനോൻ അവസാനിച്ചു. നമ്മുടെ ബൈബിളിലെ അറുപത്താറു പുസ്തകങ്ങൾ അവയുടെ യോജിപ്പിനാൽ ബൈബിളിന്റെ ഏകത്വത്തിനു തെളിവുനൽകുകയും അതിനെ തീർച്ചയായും യഹോവയുടെ നിശ്വസ്തസത്യവചനമെന്ന നിലയിൽ നമുക്കു ശുപാർശചെയ്യുകയും ചെയ്യുന്നു.
11. മററുപ്രകാരത്തിൽ മനുഷ്യർക്കു ലഭ്യമാകുകയില്ലാത്ത ഏതു വിവരങ്ങൾ ബൈബിളിൽ അടങ്ങിയിരിക്കുന്നു?
11 ഉളളടക്കം. മനുഷ്യർക്കു മററുവിധത്തിൽ ലഭ്യമാകുകയില്ലാത്ത വിവരങ്ങൾ ബൈബിളിൽ അടങ്ങിയിരിക്കുന്നു. ദൃഷ്ടാന്തത്തിന്, ഉല്പത്തിവിവരണം ഭൂമിയുടെ സൃഷ്ടിപ്പിനെക്കുറിച്ചുളള വിവരങ്ങൾ നൽകുന്നു; അതു മനുഷ്യൻ രംഗത്തു വരുന്നതിനു മുമ്പു നടന്ന കാര്യങ്ങളെക്കുറിച്ചുളള അറിവു നമുക്കു നൽകുന്നു. (ഉല്പ. 1:1-31) സ്വർഗത്തിൽ നടന്നതും ദൈവം വിവരം നൽകാതിരുന്നെങ്കിൽ മനുഷ്യകാതുകൾക്കു കേൾക്കാൻ കഴിയുകയില്ലാഞ്ഞതുമായ സംഭാഷണങ്ങളെക്കുറിച്ചും ബൈബിൾ നമ്മോടു പറയുന്നു.—ഇയ്യോ. 1:6-12; 1 രാജാ. 22:19-23.
12, 13. നാം തിരുവെഴുത്തുകളിൽനിന്നു യഹോവയെയും യേശുക്രിസ്തുവിനെയും കുറിച്ച് എന്തു പഠിക്കുന്നു?
12 കൂടുതൽ പ്രധാനമായി, ബൈബിൾ യഹോവയെ നമുക്കു പരിചയപ്പെടുത്തുന്നു. അതു യഹോവയുടെ ദാസൻമാർക്കു കൃപാപൂർവം ലഭിച്ച അവിടുത്തെ അത്ഭുതകരമായ ദർശനങ്ങളുടെ വിശദാംശങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു. (ദാനീ. 7:9, 10) കൂടാതെ ബൈബിൾ “യഹോവ” എന്ന ദൈവനാമം നമുക്കു പരിചയപ്പെടുത്തുന്നു. ആ പേർ എബ്രായ തിരുവെഴുത്തുകളുടെ മാസറെററിക്ക് പാഠത്തിൽ 6,800-ൽപരം പ്രാവശ്യം വരുന്നുണ്ട്. ബൈബിളിൽ നാം സ്നേഹം, ജ്ഞാനം, നീതി, കരുണ, ദീർഘക്ഷമ, ഔദാര്യം, പരിജ്ഞാനപൂർണത, മാററമില്ലായ്മ മുതലായ യഹോവയുടെ മുന്തിയ ഗുണങ്ങളെക്കുറിച്ചു പഠിക്കുന്നു. (പുറ. 34:6, 7) മാത്രവുമല്ല, ബൈബിൾ ദൈവപുത്രനെക്കുറിച്ചും ദൈവോദ്ദേശ്യത്തിൽ അവിടുത്തെ പ്രധാന സ്ഥാനത്തെക്കുറിച്ചും നമ്മോടു പറയുന്നു. (കൊലൊ. 1:17, 18; 2:3; 2 കൊരി. 1:20) മററുളളവരെക്കാളധികമായി ദൈവപുത്രനു ഭൂമിയിലായിരുന്നപ്പോൾ യഹോവയുമായുളള നമ്മുടെ ബന്ധത്തെ വിപുലപ്പെടുത്താൻ കഴിഞ്ഞു. എന്തുകൊണ്ടെന്നാൽ “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്ന് അവിടുത്തേക്കു പറയാൻ കഴിഞ്ഞു.—യോഹ. 14:9.
13 ദൈവോദ്ദേശ്യത്തിന്റെ വികാസം സംബന്ധിച്ച വിശദാംശങ്ങൾ ബൈബിളിൽ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. അനുസരണമുളള മനുഷ്യനുവേണ്ടി മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന സകല അനുഗ്രഹങ്ങളും യഹോവ എഴുന്നേല്പിക്കുന്ന ഒരു വാഗ്ദത്തരക്ഷകനിൽ കേന്ദ്രീകരിച്ചു. ഏദെൻതോട്ടത്തിൽ ആ രക്ഷകനെ ദൈവം തന്റെ സ്ത്രീയുടെ “സന്തതി” എന്നു വർണിച്ചു. (ഉല്പ. 3:15) കാലക്രമത്തിൽ ഈ സന്തതി അബ്രാഹാമിലൂടെ വരുമെന്നു ദൈവം വാഗ്ദാനംചെയ്തു. (ഉല്പ. 22:18) വാഗ്ദത്ത രക്ഷകൻ ഒരു നിത്യരാജാവും “മെൽക്കീസേദെക്കിന്റെ ക്രമപ്രകാര”മുളള ഒരു പുരോഹിതനുമായിരിക്കുമെന്ന് അവിടുന്ന് പ്രകടമാക്കി. (സങ്കീ. 110:4; എബ്രാ. 7:1-28) അവിടുന്ന് ഇസ്രയേലിനു പൗരോഹിത്യത്തോടും യാഗങ്ങളോടും കൂടിയ ന്യായപ്രമാണ ഉടമ്പടി കൊടുത്തു, അവയെല്ലാം “വരുവാനുളള നൻമകളുടെ നിഴൽ” ആയിരുന്നു. (എബ്രാ. 10:1; കൊലൊ. 2:17) ദാവീദിനോടു രാജത്വം തന്റെ കുടുംബത്തിൽ നിത്യമായി സ്ഥിതിചെയ്യുമെന്നു വാഗ്ദത്തംചെയ്യപ്പെട്ടു. (2 ശമൂ. 7:11-16) ആ വാഗ്ദത്തത്തിന്റെ അവകാശിയും അതുപോലെതന്നെ വിമോചകൻ എന്ന നിലയിൽ മറെറല്ലാ പ്രവചനങ്ങളും വിരൽചൂണ്ടിയവനുമായവൻ യേശുക്രിസ്തു ആണെന്നു പ്രകടമാക്കപ്പെട്ടിരിക്കുന്നു. അതെ, ബൈബിൾ അതിന്റെ പേജുകളിലുടനീളം നിശ്വസ്ത എഴുത്തുകളുടെ പ്രതിപാദ്യവിഷയത്തിൽ—തന്റെ ഉദ്ദേശ്യം നിറവേററുന്നതിനു യഹോവ കരുതിയിരിക്കുന്ന മുഖാന്തരമെന്ന നിലയിൽ യേശുക്രിസ്തുവിന്റെ കൈകളിലെ രാജ്യത്തിൽ—ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
14-17. ബൈബിൾപ്രവചനവും ധാർമികനിഷ്ഠകൾ സംബന്ധിച്ച ബൈബിൾബുദ്ധ്യുപദേശവും നമുക്കെല്ലാം വലിയ മൂല്യമുളളവയായിരിക്കുന്നത് എന്തുകൊണ്ട്?
14 പ്രവചനത്തിന്റെ ഒരു പുസ്തകമെന്നനിലയിൽ ബൈബിൾ മുന്തിയതാണ്. അങ്ങനെ അതു ചരിത്രസംഭവങ്ങൾക്കു സാർഥകത നൽകുകയും അവ അങ്ങനെ പരിണമിച്ചത് എന്തുകൊണ്ടെന്നു കാണിച്ചുതരുകയും ചെയ്യുന്നു. (ലൂക്കൊ. 19:41-44) അത് ഇപ്പോഴത്തെ സകല ലൗകികഗവൺമെൻറുകളുടെയും ഭാവി കാണിച്ചുതരുന്നു. (ദാനീ. 2:44) നാം ഈ പഴയ വ്യവസ്ഥിതിയുടെ മുൻകൂട്ടിപ്പറയപ്പെട്ട അന്ത്യകാലത്താണു ജീവിക്കുന്നതെന്നും പെട്ടെന്നുതന്നെ ദൈവം സകല ദുഷ്ടരെയും നീക്കംചെയ്യുമെന്നും പ്രകടമാക്കിക്കൊണ്ട് അതു നമ്മുടെ നാളിലെ സംഭവങ്ങളെ വിശദീകരിക്കുന്നു.—2 തിമൊ. 3:1-5; സങ്കീ. 37:9, 10.
15 ബൈബിളില്ലെങ്കിൽ നാം യഥാർഥ ജീവിതോദ്ദേശ്യം അറിയുകയില്ല. (സഭാ. 12:13) മനുഷ്യർ അന്ധമായ യാദൃച്ഛികസംഭവത്തിന്റെ ഉത്പന്നമല്ല, പിന്നെയോ മനുഷ്യവർഗത്തെസംബന്ധിച്ചു സ്നേഹപുരസ്സരമായ ഒരു ഉദ്ദേശ്യമുളള ദൈവത്തിന്റെ സൃഷ്ടിയാണെന്ന് അതു വ്യക്തമാക്കുന്നു. ഇപ്പോൾ നമ്മേസംബന്ധിച്ചുളള ദൈവത്തിന്റെ ഇഷ്ടമെന്താണെന്നും നമുക്ക് എങ്ങനെ ജീവിതത്തിൽ യഥാർഥ സംതൃപ്തി കണ്ടെത്താൻ കഴിയുമെന്നും അതു വിശദീകരിക്കുന്നു.—വെളി. 4:11; 1 തിമൊ. 2:3, 4; സങ്കീ. 16:11.
16 ദൈവത്തെക്കൂടാതെ മനുഷ്യനു വിജയപ്രദമായി തന്റെ ചുവടുകൾ നയിക്കാൻ കഴിയുകയില്ലെന്നു മനുഷ്യചരിത്രം പ്രകടമാക്കുന്നു. അവന് ആവശ്യമുളള മാർഗനിർദേശം ബൈബിൾമാത്രമേ നൽകുന്നുളളു. അതു ദൈവം കുററംവിധിക്കുന്നത് എന്തെന്നും അംഗീകരിക്കുന്നത് എന്തെന്നും പ്രകടമാക്കിക്കൊണ്ടു ധാർമികനിഷ്ഠകൾ സംബന്ധിച്ചു മാർഗനിർദേശം നൽകുന്നു. (ഗലാ. 5:19-23) അതു ധാർമിക സംയമനത്തെ തളളിക്കളഞ്ഞിരിക്കുന്ന ഒരു ലോകത്തിൻമധ്യേ അത്യന്തം പ്രായോഗികമായ സഹായമാണെന്നു തെളിയുന്നു. അതു ദൈവത്തിന്റെ വീക്ഷണം ലഭിക്കുന്നതിനും അവിടുത്തേക്കു പ്രസാദമുളളവരായിരിക്കുന്നതിനും നമ്മെ സഹായിക്കുന്നു. അതു നമുക്കു ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യജീവനിലേക്കുളള വഴി കാണിച്ചുതരുന്നു.—യോഹ. 17:3.
17 ഈ പുസ്തകങ്ങളുടെ പുസ്തകം അധ്യയനത്തിനുളള നമ്മുടെ പ്രമുഖ പാഠപുസ്തകമായിരിക്കേണ്ടത് എന്തുകൊണ്ടെന്നു സ്പഷ്ടമല്ലേ? സർവോപരി, “നിന്റെ വചനം സത്യം ആകുന്നു” എന്നു ദൈവപുത്രൻ ആരോടു പറഞ്ഞുവോ ആ ഒരുവൻ രചിച്ച ഈ പുസ്തകം പരിശോധിക്കുന്നതിൽ ക്രിസ്ത്യാനികൾ അതീവതത്പരരാണ്. (യോഹ. 17:17) തന്നിമിത്തം ബൈബിൾ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന്റെ പഠനപദ്ധതിയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു.