പാഠം 22
ഫലപ്രദമായ മുഖവുരകൾ
1-3. ഒരു പ്രസംഗത്തിന്റെ മുഖവുരയിൽ എന്തു മുഖേന നിങ്ങൾക്കു വിഷയത്തിൽ താത്പര്യം ജനിപ്പിക്കാൻ കഴിയും?
1 താത്പര്യം ജനിപ്പിക്കുന്നത്. ഒരു പ്രസംഗത്തിന്റെ മുഖവുര വിഷയത്തിൽ താത്പര്യം ജനിപ്പിക്കണം. അതു നിങ്ങളുടെ സദസ്സിന്റെ താത്പര്യം പിടിച്ചെടുക്കുകയും തുടർന്നുപറയുന്ന കാര്യങ്ങൾക്ക് അനുകൂല പരിഗണന കൊടുക്കാൻ അവരെ ഒരുക്കുകയും ചെയ്യേണ്ടതാണ്. ഇതു സാധിക്കുന്നതിന്, നിങ്ങളുടെ വിഷയത്തിന്റെ മൂല്യം സദസ്സിനു കാണിച്ചുകൊടുക്കേണ്ടതാവശ്യമാണ്.
2 ഒരു പ്രസംഗത്തിൽ താത്പര്യം ജനിപ്പിക്കുന്നതിനുളള ഏററവും നല്ല മാർഗങ്ങളിലൊന്നു നിങ്ങളുടെ സദസ്സിനെ ഉൾപ്പെടുത്തുകയാണ്. ഈ വിവരങ്ങൾ അവർക്കു മർമപ്രധാനമാണെന്ന്, അത് അവരുടെ ജീവനെ ബാധിക്കുന്നുവെന്ന്, അവർ തിരിച്ചറിയട്ടെ. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ സദസ്സിന്റെ തലത്തിൽ തുടങ്ങണം. അതിന്റെ അർഥം, നിങ്ങൾ പറയുന്നതു കേൾക്കുന്നവരുടെ പൊതു അറിവിൽ പെട്ടതായിരിക്കണം എന്നാണ്. അത് ഒരു ദൃഷ്ടാന്തമോ ഒരു പ്രശ്നമോ ഒരു ചോദ്യപരമ്പരയോ ആയിരിക്കാം. എന്നാൽ അതു നിങ്ങളുടെ സദസ്സിനു മനസ്സിലാക്കാനും അവർക്കുതന്നെ ബാധകമാക്കാനും കഴിയത്തക്കവണ്ണം എല്ലായ്പോഴും അവർക്കു പരിചിതമായ എന്തെങ്കിലും ആയിരിക്കണം.
3 ചില സന്ദർഭങ്ങളിൽ, നിങ്ങളുടെ മുഖവുരയിൽ മുൻവിധിയെ തരണംചെയ്യേണ്ടതാവശ്യമായിരിക്കാം. ചർച്ചചെയ്യുന്ന വിഷയം അത്യന്തം വിവാദാത്മകമാണെങ്കിൽ, ഇതു വിശേഷാൽ സത്യമായിരിക്കാം. അങ്ങനെയുളള സന്ദർഭങ്ങളിൽ, നിങ്ങളുടെ പോയിൻറിനെ സ്ഥാപിക്കുന്ന വാദങ്ങൾ ഫലകരമായി അവതരിപ്പിക്കാൻ കഴിയുന്നതുവരെ നിങ്ങളുടെ സദസ്സിന്റെ താത്പര്യം പിടിച്ചുനിർത്തുന്നതിനു നിങ്ങളുടെ മുഖവുര മർമപ്രധാനമാണ്. വീടുതോറുമുളള ശുശ്രൂഷയിൽ സ്ഥിരമായ ഒരു തടസ്സവാദം, നയപൂർവം അത് ആദ്യംതന്നെ പറഞ്ഞുകൊണ്ടും അനന്തരം ചർച്ചചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്ന വിവരങ്ങൾ പറഞ്ഞുകൊണ്ടും തരണംചെയ്യുക മിക്കപ്പോഴും സാധ്യമാണ്.
4-6. വേറെ ഏതു ഘടകങ്ങൾ താത്പര്യം ഉണർത്താൻ നമ്മുടെ മുഖവുരകളെ സഹായിക്കും?
4 നിങ്ങൾ എന്തു പറയുന്നു എന്നത് എല്ലായ്പോഴും പ്രഥമ പ്രാധാന്യമുളളതാണ്. എന്നാൽ നിങ്ങളുടെ മുഖവുരയിലൂടെ താത്പര്യമുണർത്തുന്നതിന്, നിങ്ങൾ അത് എങ്ങനെ പറയുന്നുവെന്നതു മിക്കവാറും പ്രസംഗത്തിന്റെ മററ് ഏതു ഭാഗത്തെക്കാളും കൂടുതൽ പ്രധാനമാണ്. ഈ കാരണത്താൽ നിങ്ങൾ എന്തു പറയാൻ പോകുന്നുവെന്നതുസംബന്ധിച്ചു മാത്രമല്ല, നിങ്ങൾ അത് അവതരിപ്പിക്കാനുദ്ദേശിക്കുന്ന രീതി സംബന്ധിച്ചും നിങ്ങളുടെ മുഖവുരക്കു മുൻകൂട്ടിയുളള ശ്രദ്ധാപൂർവകമായ തയ്യാറാകൽ ആവശ്യമാണ്.
5 സാധാരണയായി, മുഖവുരയിൽ ഹ്രസ്വമായ, ലളിതമായ, വാചകങ്ങൾ ഏററവും നന്നായി നിങ്ങളുടെ ഉദ്ദേശ്യം സാധിക്കും. മുഖവുരക്കു ലഭ്യമായ ഹ്രസ്വമായ സമയത്തു നിങ്ങളുടെ ലക്ഷ്യം നിറവേററുന്നതിനു പദ തിരഞ്ഞെടുപ്പു വളരെ മർമപ്രധാനമാകയാൽ ആദ്യത്തെ രണ്ടോ മൂന്നോ വാചകങ്ങൾ വളരെ ശ്രദ്ധാപൂർവം തയ്യാറാകുന്നതു പ്രയോജനകരമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. നിങ്ങൾക്കു വായിക്കാൻ കഴിയത്തക്കവണ്ണം അവ നിങ്ങളുടെ നോട്ടിൽ എഴുതിയിടുക അല്ലെങ്കിൽ നിങ്ങളുടെ പ്രാരംഭവാക്കുകൾക്ക് അർഹതയുളളതും ആവശ്യമുളളതുമായ സകല പ്രേരകശക്തിയും ഉണ്ടായിരിക്കാൻതക്കവണ്ണം അവ മനഃപാഠമാക്കുക. മാത്രവുമല്ല, തുടക്കത്തിൽ അതു നിങ്ങൾക്കു കൂടുതൽ ആത്മധൈര്യവും വാചാപ്രസംഗരീതിയിൽ തുടരുന്നതിനു വേണ്ടത്ര മനഃസാന്നിധ്യം നേടാനുളള ഒരു അവസരവും നൽകും.
6 നിങ്ങളുടെ മുഖവുരയുടെ അവതരണംസംബന്ധിച്ച് ഏതാനും വാക്കുകൾകൂടെ പറയട്ടെ, നിങ്ങളുടെ ഉപദേശകൻ ഈ പ്രസംഗഗുണത്തോടുളള ബന്ധത്തിൽ ഈ പോയിൻറിൽ തത്പരനായിരിക്കുകയില്ലെങ്കിലും. നിങ്ങൾക്കു ഭയം തോന്നുന്നുവെങ്കിൽ വേഗത കുറയ്ക്കുകയും കീഴ്സ്ഥായിയിലുളള ഒരു ശബ്ദത്തിൽ സംസാരിക്കുകയും ചെയ്യുക. ആത്മധൈര്യത്തോടെ സംസാരിക്കുക, എന്നാൽ നിർബന്ധബുദ്ധി കാട്ടുന്നുവെന്ന ഏതു ധാരണയും ഒഴിവാക്കുക. അങ്ങനെയുളള ഭാവം നിങ്ങളുടെ സദസ്സിന് ആരംഭത്തിൽതന്നെ വിരക്തിയുണ്ടാക്കിയേക്കാം.
7. നിങ്ങളുടെ മുഖവുര എപ്പോഴാണു തയ്യാറാക്കേണ്ടത്?
7 ഒരു പ്രസംഗത്തിന്റെ മുഖവുരയാണ് ആദ്യം അവതരിപ്പിക്കുന്നതെങ്കിലും സാധാരണയായി പ്രസംഗത്തിന്റെ ഉടൽ നന്നായി സംവിധാനംചെയ്തശേഷമാണ് അത് ഏററവും ഫലകരമായി തയ്യാറാക്കുന്നത്. ഇതു നിങ്ങൾ തയ്യാറാക്കിയിരിക്കുന്ന വിവരങ്ങൾ ഉചിതമായി അവതരിപ്പിക്കുന്നതിന് എന്തു പറയുന്നതാണ് ഏററവും നല്ലതെന്ന് അറിയാൻ നിങ്ങളെ അനുവദിക്കും.
**********
8-10. നമുക്കു നമ്മുടെ മുഖവുരകളെ വിഷയത്തിനു ചേരുന്നതാക്കാൻ എങ്ങനെ കഴിയും?
8 വിഷയത്തിനു ചേരുന്നത്. നിങ്ങളുടെ മുഖവുര പ്രതിപാദ്യത്തിനു ചേരുന്നതാണെങ്കിൽ മാത്രമേ അതു വിഷയത്തിലേക്കു ഫലകരമായി നയിക്കുകയുളളു. നിങ്ങളുടെ പ്രസംഗത്തിന്റെ ഉദ്ദേശ്യത്തിനു സംഭാവനചെയ്യുന്നതുമാത്രം മുഖവുരയിൽ ഉപയോഗിക്കാൻ വലിയ ശ്രദ്ധ പാലിക്കണം. തീർച്ചയായും അതു രാജ്യസന്ദേശത്തിന്റെ മാന്യതയ്ക്കനുസൃതവും സദസ്സിൽ അപരിചിതരായിരിക്കാവുന്നവരെ മുഷിപ്പിക്കാൻ ഉദ്ദേശ്യമില്ലാത്തതുമായിരിക്കണം.
9 നിങ്ങളുടെ മുഖവുര നിങ്ങളുടെ ചർച്ചയുടെ വിഷയത്തിലേക്കു നയിക്കണമെന്നു മാത്രമല്ല, നിങ്ങൾ കൈകാര്യംചെയ്യാൻപോകുന്ന വിവരങ്ങളുടെ പ്രത്യേക വശത്തെ വ്യക്തമായി അവതരിപ്പിക്കുകയും വേണം. അതിന്റെ അർഥം, നിങ്ങളുടെ വിഷയം ഒരു പ്രത്യേക പ്രതിപാദ്യത്തിൽ പരിമിതപ്പെടുത്തുകയും അനന്തരം പ്രായോഗികമായിരിക്കുന്നടത്തോളം ഏതെങ്കിലും വിധത്തിൽ ആ പ്രതിപാദ്യത്തെ നിങ്ങളുടെ മുഖവുരയിൽ തിരിച്ചറിയിക്കുകയും ചെയ്യുക എന്നാണ്. നിങ്ങൾ പ്രതിപാദ്യവിഷയം പ്രത്യേകമായി പ്രസ്താവിക്കുന്നില്ലെങ്കിൽ, നിങ്ങൾക്കു ചില സന്ദർഭങ്ങളിൽ ഏതെങ്കിലും വിധത്തിൽ മുഖ്യപദങ്ങൾ അല്ലെങ്കിൽ പ്രതിപാദ്യവിഷയപദങ്ങൾ മുഖവുരയിൽ ഉപയോഗിക്കാവുന്നതാണ്. ഈ വിധത്തിലാണെങ്കിൽ നിങ്ങളുടെ പ്രസംഗത്തിന്റെ തലക്കെട്ടു സൂചിപ്പിച്ചേക്കാവുന്ന വിഷയത്തിന്റെ മറേറതെങ്കിലും വശങ്ങൾ നിങ്ങൾ കൈകാര്യംചെയ്യാൻ നിങ്ങളുടെ സദസ്സു പ്രതീക്ഷിക്കുകയില്ല.
10 സകല പ്രസംഗങ്ങളും ഒന്നിൽ തുടങ്ങി മറെറാന്നിൽ അവസാനിക്കാതെ ഒരു ഏകീകൃത വിഷയം ആയിരിക്കണം. കൂടാതെ, മുഖവുര വിഷയത്തിനു ചേരുന്നത് എന്ന ഈ സംഗതി മുഖവുര താത്പര്യം ജനിപ്പിക്കുന്നതാക്കുന്നതുമായി സമനിലയിലാക്കണം. മററു വാക്കുകളിൽ പറഞ്ഞാൽ, തുടക്കത്തിലെ ഒരു നല്ല കഥയ്ക്കുവേണ്ടിമാത്രം വിഷയപ്രതിപാദ്യത്തെ ബലിചെയ്യരുത്. പ്രസംഗത്തിന്റെ ഉദ്ദേശ്യം വിവരങ്ങളുടെ തിരഞ്ഞെടുപ്പിനെ ഭരിക്കണം. അതു പ്രസംഗത്തിന്റെ ഉടലിനു യോജിക്കുന്നതും പരസ്പരബന്ധമുളളതും ആയിരിക്കണം.
**********
11-14. മുഖവുര അനുയോജ്യമായ ദൈർഘ്യമുളളതാണോയെന്നു നമുക്ക് ഏതു വിധത്തിൽ നിർണയിക്കാൻ കഴിയും?
11 അനുയോജ്യദൈർഘ്യം. ഒരു മുഖവുര എത്ര ദീർഘമായിരിക്കണം? എല്ലാ സാഹചര്യങ്ങൾക്കും യോജിക്കുന്ന ഒരു നിഷ്കൃഷ്ട ഉത്തരം ഇല്ല. മുഖവുരയുടെ ദൈർഘ്യം വിഷയത്തിനുതന്നെ അനുവദിച്ചിരിക്കുന്ന സമയത്തെയും പ്രസംഗത്തിന്റെ ഉദ്ദേശ്യത്തെയും ഉൾപ്പെട്ടിരിക്കുന്ന സദസ്സിനെയും സമാനമായ അനേകം പരിഗണനകളെയും ആശ്രയിച്ചിരിക്കുന്നു.
12 യഥാർഥത്തിൽ, ഒരു പ്രസംഗം ശ്രദ്ധിക്കുമ്പോൾ, പൂർവാപരബന്ധൈക്യത്തിനുവേണ്ടി മുഖവുരയും ഉടലും തമ്മിൽ വ്യക്തമായി നിർവചിക്കുന്ന ഒരു വിഭജനം ഉണ്ടാക്കുക പ്രയാസമായിരിക്കണം. നിങ്ങളുടെ പ്രസംഗ ഗുണദോഷച്ചീട്ടിൽ ഈ ഗുണം കൈകാര്യം ചെയ്യുന്നതിൽ നിങ്ങളുടെ ഉപദേശകനു നേരിടുന്ന പ്രശ്നം ഇതാണ്. എല്ലാ വിദ്യാർഥികളും തങ്ങളുടെ പ്രസംഗത്തിൽ എന്തെങ്കിലും ആമുഖപ്രസ്താവനകൾ ഉപയോഗിക്കുന്നു, എന്നാൽ ഉപദേശകനു താത്പര്യം ഇതിലായിരിക്കും: അവതരിപ്പിക്കാനുളള മുഖ്യവാദങ്ങളിലേക്കു നിങ്ങൾ കടക്കുന്നതിനു മുമ്പു നിങ്ങളുടെ സദസ്സ് അസ്വസ്ഥമാകത്തക്കവണ്ണം മുഖവുര കാടുകയറുന്നതും വളരെ വിശദാംശങ്ങളോടുകൂടിയതും വളരെ ദീർഘവുമാണോ?
13 ഒരു മുഖവുര താത്പര്യമുണർത്തുന്ന ഗുണങ്ങൾ ബലിചെയ്യാതെ സുനിശ്ചിതവും ക്രമീകൃതവും സത്വരവുമായ ആശയാനുക്രമത്തിൽ വിഷയത്തിലേക്കു കടക്കണം. അതു വിടവുകളില്ലാതെ പൂർണമായിരിക്കണം. ഇതിനു ശ്രദ്ധാപൂർവകമായ ചിന്ത ആവശ്യമാണ്, എന്തുകൊണ്ടെന്നാൽ ദീർഘവും സവിസ്തരവുമായ വിശദീകരണങ്ങൾ ആവശ്യമായിരിക്കത്തക്കവണ്ണം നിങ്ങളുടെ തുടക്കം വിഷയത്തിൽനിന്നു വളരെ വിദൂരത്തിലാണെങ്കിൽ അപ്പോൾ നിങ്ങളുടെ മുഖവുര പരിഷ്കരിക്കുകയും ഒരുപക്ഷേ ഒരു പുതിയ ആരംഭസ്ഥാനം കണ്ടുപിടിക്കുകയും ചെയ്യുന്നത് ഏററവും നന്നായിരിക്കും.
14 പ്രസംഗത്തിന്റെ മുഖവുരയും ഉടലും തമ്മിൽ ഗണ്യമായ ഒരു വിഭജനം കണ്ടെത്തുക പ്രയാസമാണെങ്കിൽ നിങ്ങളുടെ മുഖവുരക്ക് അനുയോജ്യമായ ദൈർഘ്യമുണ്ടായിരിക്കാനാണു സാധ്യത. നിങ്ങളുടെ സദസ്സു യഥാർഥത്തിൽ അറിയാതെതന്നെ നിങ്ങളുടെ വാദങ്ങൾ ശ്രദ്ധിക്കത്തക്കവണ്ണം നിങ്ങൾ അവരെ വിവരങ്ങളിലേക്കു വളരെ നന്നായി ആനയിച്ചിരിക്കുന്നുവെന്ന് അതു സൂചിപ്പിക്കും. നേരേമറിച്ച്, നിങ്ങൾ എപ്പോഴാണു കാര്യത്തിലേക്കു കടക്കാൻപോകുന്നതെന്ന് അവർ സംശയിച്ചുതുടങ്ങുകയാണെങ്കിൽ അപ്പോൾ നിങ്ങളുടെ മുഖവുര വളരെ ദീർഘമാണെന്നു തീർച്ചപ്പെടുത്താം. ഇതു മിക്കപ്പോഴും വാതിൽതോറുമുളള പ്രസംഗാവതരണങ്ങളിൽ ഒരു ദൗർബല്യമാണ്, അവിടെ മിക്കപ്പോഴും വാതിൽതോറും നിങ്ങളുടെ മുഖവുരകളുടെ ദൈർഘ്യം വ്യത്യാസപ്പെടുത്തേണ്ട ആവശ്യമുണ്ടല്ലോ.
15, 16. ഒരു പ്രസംഗം ഒരു സിംപോസിയത്തിന്റെ ഭാഗമായിരിക്കുമ്പോൾ അതിന്റെ മുഖവുര എത്ര ദീർഘമായിരിക്കണം?
15 നിങ്ങൾ പരിപാടിയിലെ ഏക പ്രസംഗം നടത്തുമ്പോൾ, അല്ലെങ്കിൽ ഒരു വിദ്യാർഥിപ്രസംഗം നടത്തുമ്പോൾ, നിങ്ങളുടെ മുഖവുര മററവസരങ്ങളിലേതിനെക്കാൾ ദീർഘമായിരിക്കാവുന്നതാണ്. എന്നാൽ നിങ്ങളുടെ പ്രസംഗം ഒരു സിംപോസിയത്തിന്റെ ഭാഗമാണെങ്കിൽ, അല്ലെങ്കിൽ അത് സേവനയോഗത്തിലെ ഒരു ഭാഗമാണെങ്കിൽ, അപ്പോൾ നിങ്ങളുടെ മുഖവുര ചുരുങ്ങിയതും കുറിക്കുകൊളളുന്നതുമായിരിക്കാൻ കഴിയും, എന്തുകൊണ്ടെന്നാൽ അതു മുഖവുര പറഞ്ഞുകഴിഞ്ഞ ഒരു മുഴുവിഷയത്തിന്റെ ഒരു ഭാഗമാണ്. ദീർഘിച്ച, സമ്മിശ്രമായ, മുഖവുരകൾ അനാവശ്യമായി വളരെയധികം സമയം കളയുന്നു. നിങ്ങൾക്ക് അവതരിപ്പിക്കാനുളള ആശയങ്ങൾ ധരിപ്പിക്കാനിരിക്കുന്നതു പ്രസംഗത്തിന്റെ ഉടലാണ്.
16 ചുരുക്കത്തിൽ, നിങ്ങളുടെ മുഖവുര സമ്പർക്കം സ്ഥാപിക്കാനും താത്പര്യം ഉണർത്താനും നിങ്ങൾ ചർച്ചചെയ്യാൻപോകുന്ന വിഷയത്തിലേക്കു നയിക്കാനും മാത്രമാണ്. ഇത്, പ്രായോഗികമായിരിക്കുന്നടത്തോളം ചുറുക്കോടെ ചെയ്യുകയും അനന്തരം നിങ്ങളുടെ പ്രസംഗത്തിന്റെ യഥാർഥ കഴമ്പിലേക്കു കടക്കുകയും ചെയ്യുക.