അധ്യായം 4
ദൈവത്തിന് ഒരു പേരുണ്ട്
നിന്റെ പേരെന്താണ്?—നിനക്കൊരു പേരുണ്ട്. എനിക്കുമുണ്ട്. ഭൂമിയിലെ ഒന്നാമത്തെ മനുഷ്യന് ഒരു പേരുണ്ടായിരുന്നു. ദൈവം അവനെ ആദാം എന്നു വിളിച്ചു. ഒന്നാമത്തെ സ്ത്രീയുടെ പേരു ഹവ്വാ എന്നായിരുന്നു. ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും പേരുണ്ട്.
രാത്രിയിൽ അനേകമനേകം നക്ഷത്രങ്ങളെ നോക്കുക. അവയ്ക്കു പേരുകളുണ്ടെന്നു നീ വിചാരിക്കുന്നുവോ?—ഉവ്വ്, ദൈവം ആകാശത്തിലെ ഓരോ നക്ഷത്രത്തിനും പേർ കൊടുത്തു. “അവൻ നക്ഷത്രങ്ങളുടെ സംഖ്യ എണ്ണുന്നു; അവയെ എല്ലാം അവൻ അവയുടെ പേർചൊല്ലി വിളിക്കുന്നു” എന്നു ബൈബിൾ നമ്മോടു പറയുന്നു.—സങ്കീർത്തനം 147:4.
ജനങ്ങൾക്കും നക്ഷത്രങ്ങൾക്കുമെല്ലാം പേരുകളുണ്ട്. അതുകൊണ്ട് ദൈവത്തിനു ഒരു പേരുണ്ടെന്നു നീ വിചാരിക്കുന്നുവോ?—അവനു പേരുണ്ടെന്നു മഹദ്ഗുരു പറഞ്ഞു. അവൻ ഒരിക്കൽ ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ചു പറഞ്ഞു: “ഞാൻ നിന്റെ നാമത്തെ എന്റെ അനുഗാമികൾക്കു അറിയിച്ചുകൊടുത്തിരിക്കുന്നു.’—യോഹന്നാൻ 17:26.
നിനക്കു ദൈവത്തിന്റെ പേര് അറിയാമോ?—അത് എന്താണെന്നു ദൈവംതന്നെ നമ്മോടു പറയുന്നു: “ഞാൻ യഹോവ ആകുന്നു. അതാകുന്നു എന്റെ നാമം.” അതുകൊണ്ട് ദൈവത്തിന്റെ നാമം യഹോവ എന്നാകുന്നു.—യെശയ്യാവു 42:8.
മററുളളവർ നിന്റെ പേർ ഓർക്കുമ്പോൾ നിനക്കത് ഇഷ്ടമാണോ?—ജനങ്ങൾ അവരുടെ പേരിനാൽ വിളിക്കപ്പെടുന്നത് ഇഷ്ടപ്പെടുന്നു. തന്റെ നാമം ജനങ്ങളറിയാൻ യഹോവ ആഗ്രഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നാം ദൈവത്തെക്കുറിച്ചു സംസാരിക്കുമ്പോൾ നാം യഹോവ എന്ന നാമം ഉപയോഗിക്കണം.
മഹദ്ഗുരു ജനങ്ങളോടു സംസാരിച്ചപ്പോൾ യഹോവ എന്ന ദൈവനാമം ഉപയോഗിച്ചു. ഒരിക്കൽ അവൻ: “നിന്റെ ദൈവമായ യഹോവയെ നിന്റെ പൂർണഹൃദയ”ത്തോടെ സ്നേഹിക്കണം എന്നു പറഞ്ഞു—മർക്കോസ് 12:30.
“യഹോവ” എന്നുളളതു സുപ്രധാനമായ ഒരു നാമമാണെന്നു യേശു അറിഞ്ഞിരുന്നു. അതുകൊണ്ടു ദൈവത്തിന്റെ നാമം ഉപയോഗിക്കാൻ അവൻ തന്റെ അനുഗാമികളെ പഠിപ്പിച്ചു. തങ്ങളുടെ പ്രാർഥനകളിൽ ദൈവനാമത്തെക്കുറിച്ചു സംസാരിക്കാൻപോലും അവൻ അവരെ പഠിപ്പിച്ചു.
ദീർഘകാലം മുമ്പു ദൈവം മോശ എന്ന മനുഷ്യനു തന്റെ നാമത്തിന്റെ പ്രാധാന്യം കാണിച്ചുകൊടുത്തു. മോശ യിസ്രായേൽപുത്രൻമാരിൽ ഒരുവനായിരുന്നു. യിസ്രായേൽ പുത്രൻമാർ ഈജിപ്ററ് എന്നു വിളിക്കപ്പെടുന്ന ഒരു രാജ്യത്തു ജീവിച്ചിരുന്നു. ഈജിപ്ററുകാർ യിസ്രായേൽപുത്രൻമാരെ അടിമകളാക്കുകയും അവരോടു വളരെ നീചമായി പെരുമാറുകയും ചെയ്തു. മോശ വളർന്നുവന്നപ്പോൾ അവൻ തന്റെ ജനത്തിൽപ്പെട്ട ഒരുവനെ സഹായിക്കാൻ ശ്രമിച്ചു. ഇത് ഈജിപ്ററിലെ രാജാവിനെ കോപിഷ്ഠനാക്കി. അവൻ മോശയെ കൊല്ലാനഗ്രഹിച്ചു! അതുകൊണ്ടു മോശ ഈജിപ്ററിൽനിന്ന് ഓടിപ്പോയി.
മോശ മറെറാരു രാജ്യത്തേക്കാണു പോയത്. അതു മിദ്യാന്യരുടെ രാജ്യമായിരുന്നു. അവിടെ അവൻ ആടുകളെ പരിപാലിച്ചുകൊണ്ട് ഒരു ഇടയനായി ജോലിനോക്കി. ഒരു ദിവസം അവൻ അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. ഒരു മുൾപ്പടർപ്പിനു തീ പിടിച്ചിരുന്നു, എന്നാൽ അതു വെന്തുപോകുന്നില്ലായിരുന്നു! മെച്ചമായി വീക്ഷിക്കുന്നതിനു മോശ കുറേക്കൂടെ അടുത്തു ചെന്നു.
എന്തു സംഭവിച്ചുവെന്നു നിനക്കറിയാമോ?—കത്തുന്ന പടർപ്പിന്റെ നടുവിൽനിന്നു മോശ ഒരു ശബ്ദം കേട്ടു. “മോശ!, മോശ!” എന്ന് ആ ശബ്ദം വിളിച്ചു.
അത് ആരായിരുന്നു പറഞ്ഞത്?—ദൈവം സംസാരിക്കുകയായിരുന്നു! മോശ ചെയ്യേണ്ട ഒരു വലിയ വേല ദൈവത്തിനുണ്ടായിരുന്നു. ദൈവം പറഞ്ഞു: ‘വരൂ, ഞാൻ നിന്നെ ഈജിപ്ററിലെ രാജാവായ ഫറവോന്റെ അടുക്കൽ അയയ്ക്കട്ടെ, നീ എന്റെ ജനമായ യിസ്രായേൽ പുത്രൻമാരെ ഈജിപ്ററിൽ നിന്നു കൊണ്ടുവരിക.’ മോശയെ സഹായിക്കുമെന്നു ദൈവം വാഗ്ദത്തം ചെയ്തു.
എന്നാൽ മോശ ദൈവത്തോടു പറഞ്ഞു: ‘ഞാൻ ഈജിപ്ററിൽ യിസ്രായേൽപുത്രൻമാരുടെ അടുക്കൽ ചെന്നു ദൈവം എന്നെ അയച്ചുവെന്ന് അവരോടു പറയുന്നുവെന്നിരിക്കട്ടെ. അവന്റെ നാമം എന്താണ് എന്ന് അവർ എന്നോടു ചോദിച്ചാലോ? ഞാൻ എന്തു പറയണം?’ ദൈവം മോശയോട് ‘യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു. യഹോവ എന്നാകുന്നു എന്നേക്കുമുളള എന്റെ നാമം’ എന്നു യിസ്രായേൽപുത്രൻമാരോടു പറയാൻ പറഞ്ഞു.—പുറപ്പാടു 3:1-15.
ഇതു പ്രകടമാക്കുന്നതു ദൈവം യഹോവ എന്ന നാമം നിലനിർത്താൻപോകുകയായിരുന്നു എന്നാണ്. യഹോവ എന്ന നാമത്താൽ ദൈവം എന്നേക്കും അറിയപ്പെടാൻ ആഗ്രഹിച്ചു.
മോശ ഈജിപ്ററിലേക്കു തിരിച്ചുപോയി. അവിടെയുളള ഈജിപ്ററുകാർ യഥാർഥത്തിൽ യഹോവയെ അറിഞ്ഞിരുന്നില്ല. അവർ വിചാരിച്ചത് അവൻ യിസ്രായേൽപുത്രൻമാരുടെ വെറുമൊരു ചെറിയ ദൈവം ആണെന്നായിരുന്നു. യഹോവ സർവഭൂമിയുടെയും ദൈവമാണെന്ന് ഈജിപ്ററുകാർ വിചാരിച്ചില്ല. അതുകൊണ്ടു യഹോവ ഈജിപ്ററിലെ രാജാവിനോട് ‘ഞാൻ എന്റെ നാമം സർവഭൂമിയിലും അറിയിക്കാൻ പോകുകയാണ്’ എന്നു പറഞ്ഞു—പുറപ്പാടു 9:16.
യഹോവ തന്റെ നാമം സർവഭൂമിയിലും അറിയിക്കുകതന്നെ ചെയ്തു. യിസ്രായേൽ പുത്രൻമാരെ ഈജിപ്ററിനു പുറത്തേക്കു നയിക്കാൻ അവൻ മോശയെ ഉപയോഗിച്ചു. സർവഭൂമിയിലുമുളള ജനങ്ങൾ പെട്ടെന്നു യഹോവയെക്കുറിച്ചു കേൾക്കുകയും ചെയ്തു.
ഇന്ന് അനേകം ആളുകളും ആ ഈജിപ്ററുകാരെപ്പോലെ തന്നെയാണ്. യഹോവയാണു സർവഭൂമിയുടെയും ദൈവമെന്ന് അവർ വിശ്വസിക്കുന്നില്ല. അതുകൊണ്ടു തന്റെ ജനങ്ങൾ തന്നേക്കുറിച്ചു മററുളളവരോടു പറയാൻ യഹോവ ആഗ്രഹിക്കുന്നു. ഇതാണു യേശു ചെയ്തത്.
നീ യേശുവിനെപ്പോലെ ആയിരിക്കാൻ ആഗ്രഹിക്കുന്നുവോ?—അപ്പോൾ ദൈവത്തിന്റെ പേരു യഹോവ എന്നാകുന്നുവെന്നു മററുളളവരോടു പറയുക. അനേകമാളുകൾക്കും അത് അറിയാൻപാടില്ലെന്നു നീ കണ്ടെത്തും. അതുകൊണ്ടു ഒരുപക്ഷേ നിനക്കു ബൈബിളിൽ സങ്കീർത്തനം 83:18-ലെ തിരുവെഴുത്ത് അവരെ കാണിക്കാൻ കഴിയും. നമുക്ക് ഇപ്പോൾത്തന്നെ ബൈബിളെടുത്ത് ഒരുമിച്ച് ആ തിരുവെഴുത്തു കണ്ടുപിടിക്കാം. അത് ഇങ്ങനെ പറയുന്നു: “യഹോവ എന്നു നാമമുളള നീ, നീ മാത്രം, സർവ്വഭൂമിക്കും മീതെ അത്യുന്നതനാകുന്നുവെന്നു ജനം അറിയേണ്ടതിനുതന്നെ.”
“യഹോവ” എന്നതാണ് ഏററവും പ്രധാനപ്പെട്ട നാമം. അതു സർവവും ഉണ്ടാക്കിയവന്റെ നാമമാകുന്നു. നാം യഹോവയെ പൂർണഹൃദയത്തോടെ സ്നേഹിക്കണമെന്നു യേശു പറഞ്ഞുവെന്നോർക്കുക. നീ യഹോവയെ സ്നേഹിക്കുന്നുവോ?—
നാം അവനെ സ്നേഹിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?—ഒരു മാർഗം, മററുളളവരോടു യഹോവ എന്ന അവന്റെ നാമം പറയുകയാണ്. അവൻ ചെയ്തിരിക്കുന്ന അത്ഭുതകരമായ കാര്യങ്ങളും നമുക്ക് അവരോടു പറയാൻ കഴിയും. ഇതു യഹോവയെ പ്രസാദിപ്പിക്കും. എന്തുകൊണ്ടെന്നാൽ ജനങ്ങൾ തന്നെക്കുറിച്ച് അറിയേണ്ട ആവശ്യമുണ്ടെന്ന് അവനറിയാം. അതു ചെയ്യുന്നതിൽ നമുക്ക് ഒരു പങ്കുണ്ടായിരിക്കാൻ കഴിയും, ഇല്ലയോ?—
നാം യഹോവയെക്കുറിച്ചു സംസാരിക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കാൻ ഇഷ്ടപ്പെടുകയില്ല. യേശു അവനെക്കുറിച്ചു സംസാരിച്ചപ്പോൾപോലും അനേകമാളുകളും ശ്രദ്ധിച്ചില്ല. എന്നാൽ യഹോവയെക്കുറിച്ചു സംസാരിക്കുന്നതിൽനിന്ന് അതു യേശുവിനെ തടഞ്ഞില്ല.
അതുകൊണ്ടു നമുക്കു യേശുവിനെപ്പോലെയായിരിക്കാം. നമുക്കു യഹോവയെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കാം. നാം അതു ചെയ്യുന്നുവെങ്കിൽ, നാം അവന്റെ നാമത്തോടു സ്നേഹം പ്രകടമാക്കുന്നതുകൊണ്ടു യഹോവയാം ദൈവം നമ്മിൽ പ്രസാദിക്കും.
(ഇപ്പോൾ ദൈവനാമത്തിന്റെ പ്രാധാന്യം കാണിച്ചുതരുന്ന ഏതാനും തിരുവെഴുത്തുകൾകൂടി ബൈബിളിൽനിന്ന് ഒരുമിച്ചു വായിക്കുക: യോഹന്നാൻ 17:26; യെശയ്യാവു 12:4, 5; റോമർ 10:13.)