അധ്യായം 22
ദൈവത്തെ മറന്ന മനുഷ്യൻ
ഒരിടത്ത് ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അയാൾ ഒരു ദിവസം യേശുവിനെ കാണാൻ വന്നു. യേശു വലിയ ജ്ഞാനിയാണെന്ന് അയാൾക്കറിയാമായിരുന്നു. അയാൾ യേശുവിനോട്: ‘ഗുരോ, എന്റെ സഹോദരനുളള വസ്തുക്കളിൽ കുറെ എനിക്കു തരാൻ എന്റെ സഹോദരനോടു പറയണമേ’ എന്നു പറഞ്ഞു. ആ വസ്തുക്കളിൽ ചിലതിനു തനിക്ക് അവകാശമുണ്ടെന്ന് ആ മനുഷ്യൻ വിചാരിച്ചു.
നീ യേശു ആയിരുന്നെങ്കിൽ നീ എന്തു പറയുമായിരുന്നു?—ആ മനുഷ്യനു ഒരു പ്രശ്നമുണ്ടെന്നു യേശു മനസ്സിലാക്കി. എന്നാൽ പ്രശ്നം അയാളുടെ സഹോദരനുണ്ടായിരുന്നവ അയാൾക്ക് ആവശ്യമായിരുന്നു എന്നതായിരുന്നില്ല. ആ മമനുഷ്യന്റെ പ്രശ്നം അയാൾ യഥാർഥത്തിൽ ജീവിതത്തിൽ പ്രാധാന്യമുളളതെന്തെന്ന് അറിഞ്ഞില്ലെന്നതായിരുന്നു.
അതുകൊണ്ടു യേശു അയാളോട് ഒരു കഥ പറഞ്ഞു. അതു ദൈവത്തെ മറന്ന ഒരു മനുഷ്യനെ സംബന്ധിച്ചായിരുന്നു. അതു കേൾക്കാൻ നിനക്കിഷ്ടമാണോ?—
ഒരു മനുഷ്യൻ വലിയ ധനികനായിരുന്നു. അയാൾക്കു നിലങ്ങളും ധാന്യപ്പുരകളും ഉണ്ടായിരുന്നു. അയാളുടെ വിളകൾ നന്നായി വിളഞ്ഞു. വിളവുകളെല്ലാം സംഭരിച്ചുവെക്കാൻ അയാളുടെ ധാന്യപ്പുരകളിൽ ഇടമില്ലായിരുന്നു. അയാൾ എന്തു ചെയ്യാൻ പോകുകയായിരുന്നു?
ആ ധനികൻ തന്നോടുതന്നെ: ‘ഞാൻ എന്റെ ധാന്യപ്പുരകൾ പൊളിച്ചു വലിയവ പണിയും. അനന്തരം ഞാൻ ഈ പുതിയ ധാന്യപ്പുരകളിൽ എന്റെ വിളവുകളും എന്റെ സകല നല്ല വസ്തുക്കളും സംഭരിച്ചുവെക്കും’ എന്നു പറഞ്ഞു.
ഇതാണു ചെയ്യേണ്ട ബുദ്ധിപൂർവകമായ സംഗതിയെന്നാണ് ആ ധനികൻ വിചാരിച്ചത്. അനേകം വസ്തുക്കൾ സംഭരിച്ചുവെക്കുന്നതുകൊണ്ടു താൻ വളരെ സമർഥനാണെന്ന് അയാൾ വിചാരിച്ചു. അയാൾ തന്നോടുതന്നെ: ‘ഞാൻ അനേകം നല്ല വസ്തുക്കൾ സംഭരിച്ചുവച്ചിട്ടുണ്ട്. അവ എനിക്ക് അനേകം വർഷങ്ങളിലേക്കു നിൽക്കും. അതുകൊണ്ട് എനിക്ക് ഇപ്പോൾ അനായാസം ജീവിക്കാൻ കഴിയും. ഞാൻ തിന്നും കുടിച്ചും ആനന്ദിക്കും’ എന്നു പറഞ്ഞു.
എന്നാൽ ധനവാന്റെ ചിന്താഗതിയിൽ എന്തോ പിശകുണ്ടായിരുന്നു. അതെന്തായിരുന്നു?—അയാൾ തന്നെക്കുറിച്ചും തന്റെ സ്വന്തം ഉല്ലാസത്തെക്കുറിച്ചും മാത്രമേ ചിന്തിച്ചിരുന്നുളളു. എന്നാൽ അയാൾ ദൈവത്തെ മറന്നു.
അതുകൊണ്ട് ദൈവം ധനവാനോടു സംസാരിച്ചു. ‘മൂഢനായ മനുഷ്യാ, നീ ഇന്നു രാത്രി മരിക്കാൻ പോകുകയാണ്. അപ്പോൾ നീ സംഭരിച്ചുവച്ചിരിക്കുന്നവ ആർക്കാകും?’ എന്ന് അവൻ പറഞ്ഞു.
മരിച്ചശേഷം ധനവാന് ആ വസ്തുക്കൾ ഉപയോഗിക്കാൻ കഴിയുമോ?—ഇല്ല; മററാർക്കെങ്കിലും അതു കിട്ടും. “ദൈവസംബന്ധമായി സമ്പന്നനായിരിക്കാതെ തനിക്കു തന്നെ നിക്ഷേപം കൂട്ടിവെക്കുന്ന മനുഷ്യന് ഇങ്ങനെ സംഭവിക്കും” എന്നു യേശു പറഞ്ഞു.—ലൂക്കോസ് 12:13-21.
നീ ആ ധനവാനെപ്പോലെയായിരിക്കാൻ ആഗ്രഹിക്കുന്നില്ല, ഉണ്ടോ?—അയാളുടെ പ്രധാന ജീവിതോദ്ദേശ്യം ഭൗതികവസ്തുക്കൾ സമ്പാദിക്കുകയെന്നതായിരുന്നു. അതായിരുന്നു അയാളുടെ തെററ്. അയാൾ എല്ലായ്പോഴും കൂടുതൽ ആഗ്രഹിച്ചു.
അനേകമാളുകളും ആ ധനവാനായ മനുഷ്യനെപ്പോലെയാണ്. അവർക്ക് എപ്പോഴും കൂടുതൽ വേണം. എന്നാൽ ഇതിനു വലിയ പ്രശ്നങ്ങളിലേക്കു നയിക്കാൻ കഴിയും.
ദൃഷ്ടാന്തമായി, നിനക്കു കളിപ്പാട്ടങ്ങൾ ഉണ്ട്, ഇല്ലേ?—നിനക്കുളള ചില കളിപ്പാട്ടങ്ങൾ ഏതൊക്കെയാണ്? പറയൂ—
നിന്റെ സ്നേഹിതൻമാരിലൊരാൾക്ക് ഒരു മാതൃകാട്രക്കോ ഒരു പാവയോ, നിനക്കില്ലാത്ത മറെറന്തെങ്കിലും കളിപ്പാട്ടമോ ഉണ്ടെങ്കിലോ? നീ അത് അവനിൽ നിന്ന് എടുത്തു കളയാൻ ശ്രമിക്കുന്നതു ശരിയായിരിക്കുമോ?—
ഒരു കളിപ്പാട്ടം വളരെ പ്രധാനപ്പെട്ടതായി തോന്നുന്ന സമയങ്ങളുണ്ടായിരിക്കാം. എന്നാൽ കുറേക്കാലം കഴിയുമ്പോൾ അതിന് എന്തു സംഭവിക്കുന്നു?—അതു പഴയതാകുന്നു. അതു ഛിന്നഭിന്നമായേക്കാം. പിന്നീട് അതു നമുക്കു വേണമെന്നുപോലുമില്ലായിരിക്കാം. യഥാർഥത്തിൽ നിനക്കു കളിപ്പാട്ടങ്ങളെക്കാൾ വളരെയധികം വിലയേറിയ ഒന്നുണ്ട്: അതു എന്താണെന്നു നിനക്കറിയാമോ?—അതു നിന്റെ ജീവനാണ്. നിന്റെ ജീവൻ ദൈവത്തിനു പ്രസാദകരമായതു ചെയ്യുന്നതിൽ ആശ്രയിച്ചിരിക്കുന്നു. ഇല്ലയോ?—അതുകൊണ്ട് ആ ഭോഷനായ ധനവാനെപ്പോലെയായിരിക്കരുത്.
കുട്ടികൾ മാത്രമല്ല ആ ധനവാനെപ്പോലെ പ്രവർത്തിക്കുന്നത്. മുതിർന്നവരിലും ധാരാളം പേർ അതു ചെയ്യുന്നു. അവരിൽ ചിലർ എല്ലായ്പോഴും തങ്ങൾക്കുളളതിൽ അധികം വേണമെന്നാവശ്യപ്പെടുന്നു. അവർക്ക് അന്നന്നത്തേക്കുളള ആഹാരവും ഉടുക്കാൻ വസ്ത്രവും താമസിക്കാൻ സ്ഥലവുമുണ്ടായിരിക്കാം. എങ്കിലും അവർ കൂടുതൽ ആവശ്യപ്പെടുന്നു. അവർക്കു ധാരാളം വസ്ത്രം വേണം. അവർക്കു വലിപ്പമേറിയ വീടുകൾ വേണം. ഇവയ്ക്കു പണം ചെലവിടണം. അതുകൊണ്ട് അവർ ധാരാളം പണം സമ്പാദിക്കാൻ കഠിന വേല ചെയ്യുന്നു. അവർക്ക് എത്രയധികം പണം കിട്ടുന്നുവോ അത്രയധികം അവർക്കാവശ്യമാണ്.
ചില മുതിർന്നവർ തങ്ങളുടെ കുടുംബത്തോടു കൂടെ സമയം ചെലവഴിക്കാനില്ലാത്ത വിധം പണം സമ്പാദിക്കാൻ ശ്രമിച്ചുകൊണ്ടു വളരെ തിരക്കുളളവരായിത്തീരുന്നു. അവർക്കു ദൈവത്തിനു വേണ്ടി സമയമില്ല. അവരുടെ പണത്തിന് അവരെ ജീവനുളളവരായി നിലനിർത്താൻ സാധിക്കുമോ?—ഇല്ല; ദൈവത്തിനുമാത്രമേ അതു ചെയ്യാൻ കഴിയൂ. അവർ മരിച്ചു കഴിഞ്ഞാൽ അവർക്കു തങ്ങളുടെ പണം ഉപയോഗിക്കാൻ കഴിയുമോ?—ഇല്ല; എന്തുകൊണ്ടെന്നാൽ മരിച്ചവർക്കു യാതൊന്നും ചെയ്യാൻകഴികയില്ല.
അതിന്റെ അർഥം പണമുണ്ടായിരിക്കുന്നതു തെററാണെന്നാണോ?—അല്ല. നമുക്ക് അതുകൊണ്ടു ഭക്ഷ്യപദാർഥങ്ങൾ വാങ്ങാൻ കഴിയും. നാം അതുകൊണ്ടു വസ്ത്രം വാങ്ങുന്നു. പണമുണ്ടായിരിക്കുന്നത് ഒരു സുരക്ഷിതത്വമാണെന്നു ബൈബിൾ പറയുന്നു. എന്നാൽ നാം പണത്തെ “സ്നേഹിക്കുന്നു”വെങ്കിൽ അപ്പോൾ നാം കുഴപ്പത്തിൽ ചാടാൻ പോകുകയാണ്. നാം തനിക്കുവേണ്ടിത്തന്നെ നിക്ഷേപങ്ങൾ സംഭരിച്ചുവെക്കുകയും ദൈവസംബന്ധമായി സമ്പന്നനല്ലാതിരിക്കുകയും ചെയ്ത ആ ഭോഷനായ ധനവാനെപ്പോലെയായിരിക്കും.—സഭാപ്രസംഗി 7:12.
ആ ധനവാൻ “ദൈവസംബന്ധമായി സമ്പന്ന”നല്ലാതിരുന്നതുകൊണ്ട് അയാൾ ഭോഷനായിരുന്നുവെന്നു മഹദ്ഗുരു പറഞ്ഞു. “ദൈവസംബന്ധമായി സമ്പന്ന”നായിരിക്കുക എന്നതിന്റെ അർഥമെന്താണ്?—അതിന്റെ അർഥം ദൈവത്തെ നമ്മുടെ ജീവിതത്തിൽ ഒന്നാമതു വെക്കണമെന്നാണ്. തങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്നു ചിലയാളുകൾ പറയുന്നു. അവർ വല്ലപ്പോഴും ബൈബിൾ വായിക്കുകപോലും ചെയ്തേക്കാം. അതു മതിയെന്നാണ് അവർ വിചാരിക്കുന്നത്. എന്നാൽ, അവർ യഥാർഥത്തിൽ ദൈവസംബന്ധമായി “സമ്പന്ന”രാണോ?—
ധനവാനായ ഒരു ആൾക്ക് അല്പത്തിൽ അധികമുണ്ട്. അയാൾക്കു ധാരാളമുണ്ട്. അയാൾ “ദൈവസംബന്ധമായി സമ്പന്ന”നാണെങ്കിൽ അയാളുടെ ജീവിതം ദൈവത്തെക്കുറിച്ചുളള ധാരാളം ചിന്തകൾകൊണ്ടു നിറഞ്ഞിരിക്കും. അയാൾ ദൈവത്തെക്കുറിച്ചു മിക്കപ്പോഴും സംസാരിക്കുന്നത് ആസ്വദിക്കുന്നു. അയാൾ ദൈവം തന്നോടു ചെയ്യാൻ പറയുന്ന കാര്യങ്ങൾ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. അയാൾ ദൈവത്തെ സ്നേഹിക്കുന്ന ആളുകളുടെകൂടെ തന്റെ സമയം ചെലവഴിക്കുന്നു.
നാം അത്തരം ആളുകളാണോ? നാം “ദൈവസംബന്ധമായി സമ്പന്ന”രാണോ?—നാം യഥാർഥത്തിൽ മഹദ്ഗുരുവിൽ നിന്നു പഠിക്കുന്നുവെങ്കിൽ നാം അങ്ങനെയുളളവരായിരിക്കും.
(ഭൗതികവസ്തുക്കളോട് ഉണ്ടായിരിക്കേണ്ട ഉചിതമായ വീക്ഷണത്തെ കാണിക്കുന്ന കൂടുതലായ ചില തിരുവെഴുത്തുകൾ ഇതാ: 1 തിമൊഥെയോസ് 6:6-10; സദൃശവാക്യങ്ങൾ 23:4; 28:20; എബ്രായർ 13:5)