അധ്യായം 10
“നശിപ്പിക്കപ്പെടുക യില്ലാത്ത” ഒരു രാജ്യം
1, 2. (എ) ഓരോ ദിവസവും ലോകസംഭവങ്ങൾ ഏതു വസ്തുതയെ ദൃഢീകരിക്കുന്നു, എങ്ങനെ? (ബി) ഏകപരിഹാരമെന്ത്?
1 അനുദിന ലോകസംഭവങ്ങൾ, യഹോവയുടെ പരമാധികാരത്തെ തളളിക്കളഞ്ഞുകൊണ്ട് തങ്ങളേത്തന്നെ ഭരിക്കാൻ ശ്രമിച്ചതിലൂടെ മനുഷ്യർ സന്തുഷ്ടി കണ്ടെത്തിയിട്ടില്ലെന്നുളള വസ്തുതക്ക് അടിവരയിടുന്നു. യാതൊരു മനുഷ്യ ഭരണവ്യവസ്ഥിതിയും മനുഷ്യവർഗ്ഗത്തിന് നിഷ്പക്ഷമായി പ്രയോജനങ്ങൾ കൈവരുത്തിയിട്ടില്ല. മുമ്പുണ്ടായിട്ടില്ലാത്ത അളവിൽ മനുഷ്യർ ശാസ്ത്രീയ വിജ്ഞാനം വികസിപ്പിച്ചിട്ടുണ്ടെങ്കിലും അവർക്കു തങ്ങളുടെ പ്രജകളിൽ ഒരാളുടെ പോലും പാപത്തെ നീക്കം ചെയ്യാനോ രോഗത്തെ ജയിച്ചടക്കാനോ മരണത്തിന് അറുതിവരുത്താനോ കഴിഞ്ഞിട്ടില്ല. മറിച്ച്, രാഷ്ട്രങ്ങൾ നവീനവും കൂടുതൽ ഭീകരവുമായ ആയുധങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ തുടരുകയാണ്. അക്രമാസക്ത കുററകൃത്യങ്ങൾ തഴക്കുകയാണ്. സാങ്കേതികവിദ്യയും അത്യാഗ്രഹവും അജ്ഞതയും ഒത്തുചേർന്ന് കരയെയും വെളളത്തെയും വായുവിനെയും മലിനീകരിക്കുന്നു. കുതിച്ചുയരുന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിന് അനേകർക്കും അങ്ങേയററം പ്രയാസമുളവാക്കുകയാണ്. ആളുകൾ ഒരു പോംവഴിക്കുവേണ്ടി പാടുപെടുകയാണ്.—സഭാ. 8:9.
2 എന്താണു പരിഹാരം? യേശു തന്റെ അനുഗാമികളെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച ദൈവരാജ്യം. (മത്താ. 6:9, 10) അതു കൈവരുത്തുന്ന ആശ്വാസം ഇപ്പോൾ വളരെ അടുത്തിരിക്കുന്നതിൽ നാം എത്ര നന്ദിയുളളവരായിരിക്കണം!
3. (എ) ഈ രാജ്യത്തോടുളള ബന്ധത്തിൽ പൊ. യു. 1914-ൽ സ്വർഗ്ഗത്തിൽ എന്തു നടന്നു? (ബി) അതു നമുക്കു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
3 ഇപ്പോൾത്തന്നെ പൊ. യു. 1914 മുതൽ യേശുക്രിസ്തുവിന്റെ കൈകളിലെ ദൈവരാജ്യം പ്രവർത്തനത്തിലിരിക്കുന്നു.a പ്രവാചക ദർശനങ്ങളിൽ ദാനിയേൽ കണ്ടിരുന്ന സംഭവങ്ങൾ ആ വർഷത്തിൽ യഥാർത്ഥമായി സ്വർഗ്ഗത്തിൽ സംഭവിച്ചു. “നാളുകളിൽ പുരാതനനായ” യഹോവയാം ദൈവം മനുഷ്യപുത്രനായ യേശുക്രിസ്തുവിന് “ഭരണാധിപത്യവും പ്രതാപവും രാജ്യവും കൊടുത്തു, ജനങ്ങളും ദേശീയസംഘങ്ങളും ഭാഷകളുമെല്ലാം അവനെത്തന്നെ സേവിക്കേണ്ടതിനു”തന്നെ. ദർശനത്തെക്കുറിച്ച് റിപ്പോർട്ടു ചെയ്തുകൊണ്ട് ദാനിയേൽ ഇങ്ങനെ എഴുതി: “അവന്റെ ഭരണാധിപത്യം നീങ്ങിപ്പോകാത്തതായി അനിശ്ചിതമായ നിലനിൽക്കുന്ന ഒരു ഭരണാധിപത്യവും അവന്റെ രാജ്യം നശിപ്പിക്കപ്പെടുകയില്ലാത്തതുമാകുന്നു.” (ദാനി. 7:13, 14) ദൈവം നമ്മുടെ ആദ്യമാതാപിതാക്കളെ പരദീസയിൽ ആക്കിവെച്ചപ്പോൾ ഉദ്ദേശിച്ചിരുന്ന അസംഖ്യം നല്ല കാര്യങ്ങൾ ആസ്വദിക്കുന്നതിന് അവൻ നീതിപ്രേമികളെ പ്രാപ്തരാക്കുന്നത് ഈ രാജ്യം മുഖേനയാണ്.
4. രാജ്യത്തെ സംബന്ധിച്ച ഏതു വിശദാംശങ്ങൾ നമുക്ക് അതീവ താല്പര്യമുളളവയാണ്, എന്തുകൊണ്ട്?
4 രാജ്യത്തിന്റെ വിശ്വസ്ത പ്രജകൾ ഈ ഗവൺമെൻറിന്റെ ഘടനയിലും പ്രവർത്തനത്തിലും അതീവ തൽപ്പരരാണ്. അത് ഇപ്പോൾ എന്തു ചെയ്യുന്നുവെന്നും ഭാവിയിൽ എന്തു കൈവരുത്തുമെന്നും അതു തങ്ങളിൽനിന്ന് എന്താവശ്യപ്പെടുന്നുവെന്നും അറിയാൻ അവർ ആഗ്രഹിക്കുന്നു. അവർ അതിനെ സൂക്ഷ്മമായി പരിശോധിക്കുന്നു, അവർ അതു ചെയ്യുമ്പോൾ അതിനെ സംബന്ധിച്ച അവരുടെ വിലമതിപ്പു വളരുന്നു, അതിനെക്കുറിച്ചു മററുളളവരോടു പറയാൻ അവർ തങ്ങളേത്തന്നെ സജ്ജരാക്കുന്നു.—സങ്കീ. 48:12, 13.
ഹൃദയോത്തേജകമായ ഒരു പരിശോധന
5. (എ) മശിഹൈകരാജ്യം മുഖേന ആരുടെ പരമാധികാരം പ്രകടമാക്കപ്പെടുന്നുവെന്ന് തിരുവെഴുത്തുകൾ കാണിക്കുന്നതെങ്ങനെ? (ബി) തന്നിമിത്തം, നാം രാജ്യത്തെക്കുറിച്ചു പഠിക്കുന്ന കാര്യങ്ങളാൽ നാം എങ്ങനെ ബാധിക്കപ്പെടുന്നു?
5 അങ്ങനെയുളള ഒരു പരിശോധന വെളിപ്പെടുത്തുന്ന ആദ്യകാര്യങ്ങളിലൊന്ന് ഈ മശിഹൈകരാജ്യം യഹോവയുടെ സ്വന്തം പരമാധികാരത്തിന്റെ ഒരു പ്രകടനമാണെന്നുളളതാണ്. അവനാണ് തന്റെ പുത്രന് “ഭരണാധിപത്യവും പ്രതാപവും രാജ്യവും” കൊടുത്തത്. അങ്ങനെ, ഈ രാജ്യം ഭരിക്കാൻ തുടങ്ങിയശേഷം സ്വർഗ്ഗത്തിലെ ശബ്ദങ്ങൾ ഉചിതമായി ഇങ്ങനെ പ്രഖ്യാപിച്ചു: “ലോകരാജ്യം നമ്മുടെ കർത്താവിന്റെയും [യഹോവയാം ദൈവം] അവന്റെ ക്രിസ്തുവിന്റെയും രാജ്യമായിത്തീരുകതന്നെ ചെയ്തു, അവൻ [യഹോവ] എന്നുമെന്നേക്കും രാജാവായി ഭരിക്കും.” (വെളി. 11:15) അതുകൊണ്ട്, ഈ രാജ്യം സംബന്ധിച്ച് നാം നിരീക്ഷിക്കുന്ന സകലതും അതു നിറവേററുന്നതും നമ്മെ യഹോവയോടുതന്നെ കൂടുതൽ അടുപ്പിക്കുന്നു. അത് അവന്റെ പരമാധികാരത്തിന് എന്നേക്കും കീഴ്പ്പെടുന്നതിന് നമ്മിൽ ഒരു ആഗ്രഹം ജനിപ്പിക്കുന്നു.
6. യേശുക്രിസ്തു യഹോവയുടെ ഉപഭരണാധികാരി ആയിരിക്കുന്നത് നമുക്ക് പ്രത്യേക താൽപ്പര്യമുളളതായിരിക്കുന്നതെന്തുകൊണ്ട്?
6 യഹോവ യേശുക്രിസ്തുവിനെ തന്റെ ഉപഭരണാധികാരിയായി സിംഹാസനസ്ഥനാക്കിയിരിക്കുന്നത് എത്ര വിശിഷ്ടം! ഭൂമിയെയും മനുഷ്യനെയും നിർമ്മിക്കാൻ ദൈവം ഉപയോഗിച്ച വിദഗ്ദ്ധ പണിക്കാരനെന്നനിലയിൽ യേശുവിന് നമ്മിൽ ഏതൊരാളെയുംകാൾ മെച്ചമായി നമ്മുടെ ആവശ്യങ്ങൾ അറിയാം. തന്നെയുമല്ല, അവൻ മനുഷ്യചരിത്രത്തിന്റെ തുടക്കം മുതൽ ‘മനുഷ്യപുത്രൻമാരോടുളള തന്റെ പ്രിയം’ പ്രകടമാക്കുകയുണ്ടായി. (സദൃശ. 8:30, 31; കൊലോ. 1:15-17) ആ സ്നേഹം വളരെ വലുതായിരുന്നതുകൊണ്ട് അവൻ വ്യക്തിപരമായി ഭൂമിയിലേക്കു വരുകയും അവർക്കുവേണ്ടി തന്റെ ജീവനെ ഒരു മോചനദ്രവ്യമായി കൊടുക്കുകയും ചെയ്തു. അങ്ങനെ അവൻ പാപത്തിൽ നിന്നും മരണത്തിൽനിന്നുമുളള മോചനത്തിന്റെ ഉപാധിയും നിത്യജീവന്റെ അവസരവും നമുക്കു ലഭ്യമാക്കി.—മത്താ. 20:28.
7. (എ) ഏതു മനുഷ്യനാലുമുളള ഭരണാധിപത്യത്തിന് വിരുദ്ധമായി ഈ ഗവൺമെൻറ് നിലനിൽക്കുന്നതെന്തുകൊണ്ട്? (ബി) “വിശ്വസ്തനും വിവേകിയുമായ അടിമ”ക്ക് സ്വർഗ്ഗീയ ഗവൺമെൻറിനോട് എന്തു ബന്ധമുണ്ട്?
7 ഇത് സ്ഥിരതയുളള, നിലനിൽക്കുന്ന, ഒരു ഗവൺമെൻറ് ആണ്. യഹോവതന്നെ മരണത്തിനു വിധേയനല്ലെന്നുളള വസ്തുതയാൽ അതിന്റെ നിലനിൽപ്പ് ഉറപ്പാക്കപ്പെടുന്നു. (ഹബ. 1:12; സങ്കീ. 146:3-5, 10) മനുഷ്യരാജാക്കൻമാരിൽനിന്ന് വ്യത്യസ്തനായി, ദൈവം രാജത്വം ഭരമേൽപ്പിച്ചിരിക്കുന്നവനായ യേശുക്രിസ്തുവും അമർത്ത്യനാണ്. (റോമ. 6:9; 1 തിമൊ. 6:15, 16) “സകല ഗോത്രത്തിൽനിന്നും ഭാഷയിൽനിന്നും ജനത്തിൽനിന്നും ജനതയിൽനിന്നും” എടുക്കപ്പെട്ട ദൈവത്തിന്റെ വിശ്വസ്തദാസൻമാരായ വേറെ 144000 പേരും ക്രിസ്തുവിനോടു കൂടെ സ്വർഗ്ഗീയ സിംഹാസനങ്ങളിലിരിക്കും. ഇവർക്കും അമർത്യജീവൻ കൊടുക്കപ്പെടുന്നു. (വെളി. 5:9, 10; 1 കൊരി. 15:42-44, 53) ഇപ്പോൾത്തന്നെ അവരിൽ ബഹുഭൂരിപക്ഷവും സ്വർഗ്ഗങ്ങളിലുണ്ട്, അവരിൽ ഇപ്പോഴും ഭൂമിയിൽ ശേഷിച്ചിരിക്കുന്നവർ “വിശ്വസ്തനും വിവേകിയുമായ അടിമ”വർഗ്ഗമായി സ്ഥിതിചെയ്യുന്നു, ആ വർഗ്ഗം ആ രാജ്യത്തിന്റെ താൽപ്പര്യങ്ങൾ ഇവിടെ വിശ്വസ്തമായി പുരോഗമിപ്പിക്കുന്നു.—മത്താ. 24:45-47.
8, 9. (എ) ഭിന്നിപ്പിക്കുന്നതും ദുഷിപ്പിക്കുന്നതുമായ ഏതു സ്വാധീനങ്ങളെ രാജ്യം നീക്കം ചെയ്യും? (ബി) അതുകൊണ്ട്, നാം ദൈവരാജ്യത്തിന്റെ ശത്രുക്കളായിത്തീരുന്നത് ഒഴിവാക്കുന്നതിന് നാം ഏതു സ്ഥാപനങ്ങളിലും പ്രവർത്തനങ്ങളിലും കുരുങ്ങിപ്പോകുന്നത് ഒഴിവാക്കും?
8 ഇപ്പോൾ പെട്ടെന്നുതന്നെ, യഹോവയുടെ നിയമിത സമയത്ത് അവന്റെ വധാധികൃത സൈന്യങ്ങൾ ഭൂമിയെ ശുദ്ധീകരിക്കുന്നതിന് യുദ്ധനടപടിയിലേക്കു നീങ്ങും. അവർ സ്വന്ത ഇഷ്ടപ്രകാരം ദൈവത്തെ അറിയാത്തവരും അവന്റെ പരമാധികാരത്തെ അംഗീകരിക്കാൻ വിസമ്മതിക്കുന്നവരും അവൻ യേശുക്രിസ്തു മുഖേന ചെയ്യുന്ന സ്നേഹപൂർവ്വകമായ കരുതലുകളെ പുച്ഛിക്കുന്നവരുമായവരെ എന്നേക്കുമായി നശിപ്പിക്കും. (2 തെസ്സ. 1:6-9) അത് സാർവ്വത്രിക പരമാധികാരിയായുളള തന്റെ സംസ്ഥാപനത്തിനുവേണ്ടി ദീർഘനാളായി കാത്തിരിക്കുന്ന യഹോവയുടെ ദിവസമായിരിക്കും.
9 സകല വ്യാജമതവും ഈ ലോകത്തിന്റെ അദൃശ്യ ദുഷ്ട ഭരണാധികാരിയാൽ നിയന്ത്രിക്കപ്പെട്ടിരുന്ന സകല മാനുഷ ഗവൺമെൻറുകളും അവയുടെ സൈന്യങ്ങളും എന്നേക്കുമായി നശിപ്പിക്കപ്പെടും. സ്വാർത്ഥതൽപ്പരവും വഞ്ചനാപരവും അസാൻമാർഗ്ഗികവുമായ ഒരു ജീവിതരീതി പിന്തുടർന്നുകൊണ്ട് ഈ ലോകത്തിന്റെ ഭാഗമായി തങ്ങളേത്തന്നെ തിരിച്ചറിയിക്കുന്നവർ മരണത്തിൽ ഛേദിക്കപ്പെടും. സാത്താനും അവന്റെ ഭൂതങ്ങളും ഭൂവാസികളോടുളള സമ്പർക്കത്തിൽ നിന്ന് തടയപ്പെടുകയും ഒരു ആയിരം വർഷത്തേക്ക് സുരക്ഷിതമായി ബന്ധിക്കപ്പെടുകയും ചെയ്യും. നീതിയെ സ്നേഹിക്കുന്നവർക്കെല്ലാം ഇത് എന്തോരാശ്വാസമായിരിക്കും!—വെളി. 18:21, 24; 19:11-16, 19-21; 20:1, 2.
അതിന്റെ ലക്ഷ്യങ്ങൾ—എങ്ങനെ നേടുന്നു?
10. (എ) മശിഹൈകരാജ്യം ഭൂമിയെ സംബന്ധിച്ചുതന്നെയുളള യഹോവയുടെ ഉദ്ദേശ്യത്തെ എങ്ങനെ നിറവേററും? (ബി) അന്നു ഭൂമിയിൽ ജീവിക്കുന്നവരെ സംബന്ധിച്ച് ഇത് എന്ത് അർത്ഥമാക്കും?
10 ഈ മശിഹൈകരാജ്യം ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം പൂർണ്ണമായി നിറവേററും. (ഉല്പ. 2:8, 9, 15; 1:28) ആ ഉദ്ദേശ്യം നിറവേററുന്നതിൽ മനുഷ്യർ ഇന്നോളം പരാജയപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, “വരാനിരിക്കുന്ന നിവസിത ഭൂമി” മനുഷ്യപുത്രനായ യേശുക്രിസ്തുവിന് കീഴ്പ്പെടുത്തപ്പെട്ടിരിക്കുന്നു. ഈ പഴയവ്യവസ്ഥിതിയുടെമേലുളള യഹോവയുടെ ന്യായവിധിനിർവ്വഹണത്തെ അതിജീവിക്കുന്ന എല്ലാവരും രാജാവായ ക്രിസ്തുവിൻ കീഴിൽ ഒററക്കെട്ടായി പണിയെടുക്കുകയും ഭൂമി ഒരു ആഗോള പരദീസാ ആകത്തക്കവണ്ണം അവൻ നിർദ്ദേശിക്കുന്ന എന്തും സസന്തോഷം ചെയ്യുകയും ചെയ്യും. (എബ്രാ. 2:5-9) സകല മനുഷ്യവർഗ്ഗവും തങ്ങളുടെ കൈകളുടെ പ്രവൃത്തി ആസ്വദിക്കുകയും ഭൂമിയുടെ ഉല്പന്നങ്ങളുടെ സമൃദ്ധിയിൽ നിന്ന് പൂർണ്ണപ്രയോജനമനുഭവിക്കുകയും ചെയ്യും.—സങ്കീർത്തനം 72:1, 7, 8; 16-19; യെശയ്യാവ് 65:21, 22 താരതമ്യപ്പെടുത്തുക.
11. (എ) രാജ്യപ്രജകൾക്ക് മനസ്സിലും ശരീരത്തിലുമുളള പൂർണ്ണത എങ്ങനെ കൈവരുത്തപ്പെടും? (ബി) ഇതിൽ എന്ത് ഉൾപ്പെടും?
11 ആദാമും ഹവ്വായും സൃഷ്ടിക്കപ്പെട്ടപ്പോൾ പൂർണ്ണരായിരുന്നു. അവരുടെ സന്തതികളെക്കൊണ്ടു ഭൂമി നിറയണമെന്നുളളത് ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നു, അവരെല്ലാം മനസ്സിലും ശരീരത്തിലും പൂർണ്ണത അനുഭവിക്കുന്നവരായിരിക്കണമായിരുന്നു. രാജ്യഭരണത്തിൻ കീഴിൽ ആ ഉദ്ദേശ്യം മഹത്തായി സാക്ഷാത്കരിക്കപ്പെടും. ഇതിന് പാപത്തിന്റെ സകല ഫലങ്ങളും നീക്കം ചെയ്യപ്പെടേണ്ടതാവശ്യമാണ്. ആ ഉദ്ദേശ്യത്തിൽ ക്രിസ്തു രാജാവായി മാത്രമല്ല മഹാപുരോഹിതനായും സേവിക്കുന്നു. അവൻ തന്റെ സ്വന്തം മനുഷ്യ ജീവന്റെ ബലിയുടെ പാപപരിഹാര മൂല്യത്തിൽനിന്ന് പ്രയോജനമനുഭവിക്കാൻ തന്റെ അനുസരണമുളള പ്രജകളെ ക്ഷമാപൂർവ്വം സഹായിക്കും. കുരുട്ടുകണ്ണുകൾ തുറക്കപ്പെടും. ബധിരകാതുകൾ അടഞ്ഞിരിക്കയില്ല. വാർദ്ധക്യത്താലോ രോഗത്താലോ വികൃതമായ മാംസം ഒരു കുട്ടിയുടേതിനേക്കാൾ പുതുമയുളളതായിത്തീരും. പഴകിയ ദൗർബ്ബല്യങ്ങൾ ഊർജ്ജസ്വലമായ ആരോഗ്യത്തിന് വഴിമാറിക്കൊടുക്കും. ദൈവഭയമുളള മനുഷ്യർ പാപത്തിന്റെയും അതിന്റെ ദുഃഖകരമായ ഫലങ്ങളുടെയും ഭാരത്തിൽനിന്ന് വിമോചിതരാകുന്നതുകൊണ്ട് “എനിക്ക് ദീനമാണ്” എന്ന് പറയാൻ യാതൊരാൾക്കും കാരണമുണ്ടായിരിക്കയില്ല.—യെശയ്യാവ് 33:22, 24 താരതമ്യപ്പെടുത്തുക; 35:5, 6; ഇയ്യോ. 33:25; ലൂക്കോ. 13:11-13.
12. (എ) മാനുഷപൂർണ്ണത വേറെ എന്ത് ആവശ്യമാക്കിത്തീർക്കുന്നു? (ബി) അത് എങ്ങനെ നേടും, അതിൽനിന്ന് എന്തു ഫലമുണ്ടാകും?
12 എന്നിരുന്നാലും, പൂർണ്ണത പ്രാപിക്കുന്നതിൽ ഒരു അവികല ശരീരവും ഒരു അവികല മനസ്സും ഉണ്ടായിരിക്കുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നു. അതിൽ യഹോവയുടെ വ്യക്തിത്വഗുണങ്ങളെ ഉചിതമായി പ്രതിഫലിപ്പിക്കുന്നത് ഉൾപ്പെട്ടിരിക്കുന്നു, എന്തുകൊണ്ടെന്നാൽ മനുഷ്യൻ ‘ദൈവത്തിന്റെ പ്രതിച്ഛായയിൽ, അവന്റെ സാദൃശ്യത്തിൽ’ നിർമ്മിക്കപ്പെട്ടു. (ഉല്പ. 1:26) ആ ലക്ഷ്യത്തിൽ വളരെയധികം വിദ്യാഭ്യാസം ആവശ്യമായി വരും. ഇത് “നീതിവസിക്കേണ്ട” ഒരു നൂതന ക്രമമാണ്. തന്നിമിത്തം, യെശയ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞതുപോലെ “ഫലപുഷ്ടിയുളള ദേശത്തെ നിവാസികൾ തീർച്ചയായും നീതിയായിരിക്കും പഠിക്കുന്നത്.” (2 പത്രോ. 3:13; യെശ. 26:9) ഈ ഗുണം സമാധാനത്തിലേക്കു നയിക്കുന്നു—സകല ജനതകളിലെയും ആളുകൾ തമ്മിലും, അടുത്ത സഹകാരികൾ തമ്മിലും, ഒരുവന്റെ കുടുംബത്തിലും, എല്ലാററിലുമുപരി, ദൈവത്തോടുതന്നെയുമുളള സമാധാനത്തിലേക്ക്. (യെശ. 32:17; സങ്കീ. 85:10-13) നീതി പഠിക്കുന്നവർ തങ്ങൾക്കുവേണ്ടിയുളള ദൈവേഷ്ടം സംബന്ധിച്ച് തുടർച്ചയായി പഠിപ്പിക്കപ്പെടും. യഹോവയുടെ വഴികളോടുളള സ്നേഹം അവരുടെ ഹൃദയങ്ങളിൽ ആഴത്തിൽ വേരോടുമ്പോൾ, അവർ തങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും അവ അനുസരിക്കും. ‘ഞാൻ എല്ലായ്പ്പോഴും എന്റെ പിതാവിന് പ്രസാദകരമായ കാര്യങ്ങൾ ചെയ്യുന്നു’ എന്ന് പൂർണ്ണമനുഷ്യനായിരുന്ന യേശുവിന് പറയാൻ കഴിഞ്ഞു. (യോഹ. 8:29) എല്ലാ മനുഷ്യവർഗ്ഗത്തെയും സംബന്ധിച്ച് അതു സത്യമായിരിക്കുമ്പോൾ ജീവിതം എത്ര ആസ്വാദ്യമായിരിക്കും!
നേട്ടങ്ങൾ ഇപ്പോൾത്തന്നെ പ്രകടം
13. രാജ്യത്തിന്റെ നേട്ടങ്ങളേയും, തന്നിമിത്തം നാം ചെയ്യേണ്ട കാര്യങ്ങളെയും ദീപ്തിമത്താക്കുന്നതിന് മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക.
13 രാജ്യത്തിന്റെ മതിപ്പുളവാക്കുന്ന നേട്ടങ്ങൾ വിശ്വാസ ദൃഷ്ടികളുളള ആളുകൾക്ക് ഇപ്പോൾത്തന്നെ പ്രസ്പഷ്ടമാണ്. ചുവടെ ചേർക്കുന്ന ചോദ്യങ്ങളും തിരുവെഴുത്തു സൂചനകളും ഇവയിൽ ചിലതിനെക്കുറിച്ചും രാജ്യത്തിന്റെ സകല പ്രജകൾക്കും ഇപ്പോൾ ചെയ്യാൻ കഴിയുന്നതും ചെയ്യേണ്ടതുമായ കാര്യങ്ങളെക്കുറിച്ചും നിങ്ങളെ അനുസ്മരിപ്പിക്കും:
രാജാവ് ആദ്യമായി ആർക്കെതിരെ നടപടി എടുത്തു, എന്തു ഫലത്തോടെ? (വെളി. 12:7-10, 12)
ക്രിസ്തു സിംഹാസനസ്ഥനാക്കപ്പെട്ടശേഷം ഏതു കൂട്ടത്തിന്റെ അവസാനത്തെ അംഗങ്ങളുടെ കൂട്ടിച്ചേർപ്പിന് സത്വര ശ്രദ്ധ കൊടുക്കപ്പെട്ടു? (മത്താ. 24:31; വെളി. 7:1-4)
മത്തായി 25:31-33-ൽ, സിംഹാസനസ്ഥനായ ശേഷവും ദുഷ്ടൻമാരെ നശിപ്പിക്കുന്നതിനു മുമ്പും താൻ ഏതു വേല ചെയ്യുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു?
ഈ വേല എങ്ങനെ നിർവ്വഹിക്കപ്പെടുന്നു? ആർ അതിൽ പങ്കുപററുന്നു? (മത്താ. 24:14; സങ്കീ. 110:3; വെളി. 14:6, 7)
രാഷ്ട്രീയവും മതപരവുമായ എതിരാളികൾക്ക് അതിനെ നിർത്താൻ കഴിഞ്ഞിട്ടില്ലാത്തതെന്തുകൊണ്ട്? (പ്രവൃ. 5:38, 39; സെഖ. 4:6)
നിർവ്വഹിക്കപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ഫലമായി രാജ്യഭരണത്തിനു കീഴ്പ്പെടുന്നവരുടെ ജീവിതത്തിൽ ഇപ്പോൾത്തന്നെ എന്തു മാററങ്ങൾ ഉണ്ടായിരിക്കുന്നു? (യെശ. 2:4; 1 കൊരി. 6:9-11)
രാജ്യത്തിന്റെ നിലനിൽപ്പ്
14. (എ) ക്രിസ്തു എത്രനാൾ ഭരിക്കും? (ബി) ആ കാലത്തു എന്തു നേട്ടമുണ്ടാകും?
14 സാത്താനെയും അവന്റെ ഭൂതങ്ങളെയും അഗാധത്തിലാക്കിയശേഷം യേശുക്രിസ്തു തന്റെ 1,44,000 കൂട്ടവകാശികളോടുകൂടെ ഒരു ആയിരം വർഷം ഭരിക്കും. (വെളി. 20:6) ആ കാലത്തു മനുഷ്യവർഗ്ഗം പൂർണ്ണതയിലേക്കു വരുത്തപ്പെടും. യഹോവയോടു എതിർത്തുനിൽക്കുന്ന സകല ഭരണവും അധികാരവും ശക്തിയും നീക്കം ചെയ്യപ്പെടും. അതു നിർവ്വഹിക്കപ്പെട്ടു കഴിയുമ്പോൾ “ദൈവം സകലർക്കും സകലവുമായിരിക്കേണ്ടതിന്” യേശു രാജ്യം പിതാവിനെ തിരികെ ഏൽപ്പിക്കും.—1 കൊരി. 15:24, 28.
15. ഈ രാജ്യം ‘ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല’ എന്നത് സത്യമായിരിക്കുന്നതെങ്ങനെ?
15 തന്നിമിത്തം, ഭൂമിയോടുളള ബന്ധത്തിൽ യേശുവിന്റെ സ്വന്തം സ്ഥാനത്തിനു മാററമുണ്ടാകും. എന്നിരുന്നാലും, അവന്റെ ഭരണാധിപത്യം “അനിശ്ചിതമായി നിലനിൽക്കുന്നതും” അവന്റെ രാജ്യം “നശിപ്പിക്കപ്പെടുകയില്ലാത്ത”തുമായിരിക്കും. (ദാനി. 7:14) ഏതർത്ഥത്തിൽ? ഭരണാധികാരം വ്യത്യസ്ത ലക്ഷ്യങ്ങളുളളവരുടെ കൈകളിലേക്ക് മാറിപ്പോകുകയില്ലെന്നുളള അർത്ഥത്തിൽ. രാജ്യത്തിന്റെ നേട്ടങ്ങൾ ‘ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല.’ യഹോവയുടെ നാമത്തെയും ഈ ഭൂമിയെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യത്തെയും സംസ്ഥാപിക്കുന്നതിന് രാജ്യം ചെയ്യുന്നത് എന്നേക്കും നിലനിൽക്കും.
[അടിക്കുറിപ്പുകൾ]
a “നിന്റെ രാജ്യം വരേണമേ” എന്ന പുസ്തകത്തിന്റെ 134 മുതൽ 148 വരെയുളള പേജുകൾ കാണുക.
പുനരവലോകന ചർച്ച
● ദൈവരാജ്യം മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങൾക്കുളള ഏകപരിഹാരമായിരിക്കുന്നതെന്തുകൊണ്ട്? അത് എപ്പോൾ ഭരിക്കാൻ തുടങ്ങി?
● ദൈവരാജ്യത്തെയും അതു സാധിക്കുന്നതിനെയും സംബന്ധിച്ച് നിങ്ങൾക്കു വിശേഷാൽ ഇഷ്ടപ്പെടുന്നതെന്ത്? എന്തുകൊണ്ട്?
● രാജ്യത്തിന്റെ ഏതു നേട്ടങ്ങൾ നമുക്ക് ഇപ്പോൾത്തന്നെ കാണാൻ കഴിയും? നമുക്ക് ഇവയിൽ എന്തു പങ്കുണ്ട്?
[84, 85 പേജുകളിലെ ചിത്രം]
നീതിയായിരിക്കും ജനങ്ങൾ പഠിക്കുന്നത്