ബൈബിൾ പുസ്തക നമ്പർ 8—രൂത്ത്
എഴുത്തുകാരൻ: ശമൂവേൽ
എഴുതിയ സ്ഥലം: ഇസ്രായേൽ
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 1090
ഉൾപ്പെട്ടിരിക്കുന്ന കാലം: ന്യായാധിപൻമാരുടെ ഭരണകാലത്തെ 11 വർഷങ്ങൾ
1. (എ) രൂത്തിന്റെ പുസ്തകം ഒരു പ്രേമകഥയിലും കവിഞ്ഞതായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ബൈബിളിൽ രൂത്തിനെസംബന്ധിച്ച് ഏതു പ്രത്യേക പ്രസ്താവം നടത്തിയിരിക്കുന്നു?
രൂത്തിന്റെ പുസ്തകം ബോവസിന്റെയും രൂത്തിന്റെയും മനോഹരമായ പ്രേമകഥയായി ഇതൾവിരിയുന്ന ഉല്ലാസപ്രദമായ ഒരു നാടകമാണ്. എന്നിരുന്നാലും, അതു കേവലം ഗ്രാമീണപ്രേമകഥയല്ല. വിനോദിപ്പിക്കുകയെന്നതല്ല അതിന്റെ ഉദ്ദേശ്യം. ഈ പുസ്തകം ഒരു രാജ്യസന്തതിയെ ഉളവാക്കാനുളള യഹോവയുടെ ഉദ്ദേശ്യത്തെ ഊന്നിപ്പറയുന്നു, അത് അവന്റെ സ്നേഹദയയെ പുകഴ്ത്തുന്നു. (രൂത്ത് 1:8; 2:20; 3:10) യഹോവയുടെ സ്നേഹത്തിന്റെ വിശാലഗുണം അവൻ പുറജാതിദേവനായ കെമോശിന്റെ മുൻ ആരാധകയായ ഒരു മോവാബ്യസ്ത്രീയെ തിരഞ്ഞെടുക്കുന്നതിൽ കാണപ്പെടുന്നു, അവൾ യേശുക്രിസ്തുവിന്റെ ഒരു പൂർവിക മാതാവായിത്തീരുന്നതിനു സത്യമതത്തിലേക്കു പരിവർത്തനംചെയ്തു. രൂത്ത് അബ്രഹാംമുതൽ യേശുവരെയുളള വംശാവലിയിൽ പേർപറഞ്ഞിട്ടുളള നാലു സ്ത്രീകളിൽ ഒരുവളാണ്. (മത്താ. 1:3, 5, 16) ബൈബിൾപുസ്തകങ്ങൾക്ക് രണ്ടു സ്ത്രീകളുടെ പേരുകളിട്ടിട്ടുണ്ട്. രൂത്ത്, എസ്ഥേറിനോടൊപ്പം അവരിലൊരു സ്ത്രീയാണ്.
2. രൂത്തിലെ സംഭവങ്ങൾ എപ്പോൾ നടന്നു, പുസ്തകം എപ്പോൾ എഴുതപ്പെട്ടു, ആരാൽ?
2 “ന്യായാധിപൻമാർ ന്യായപാലനം നടത്തിയ കാലത്ത് . . . ” ഈ പ്രാരംഭവാക്കുകളോടെ രൂത്തിന്റെ പുസ്തകം അതിന്റെ കോൾമയിർകൊളളിക്കുന്ന വിവരണത്തിലേക്കു കടക്കുന്നു. ഈ പുസ്തകം പിന്നീട്, ഇസ്രായേൽരാജാക്കൻമാരുടെ കാലത്ത് എഴുതപ്പെട്ടതാണെന്ന് ഈ വാക്കുകളിൽനിന്നു മനസ്സിലാകുന്നു. എന്നിരുന്നാലും, പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങൾ ന്യായാധിപൻമാരുടെ കാലത്തെ ഏതാണ്ട് 11 വർഷത്തെ ഉൾപ്പെടുത്തി. എഴുത്തുകാരന്റെ പേർ പ്രസ്താവിച്ചിട്ടില്ലെങ്കിലും അതു ശമൂവേലായിരിക്കാൻ വളരെ സാധ്യതയുണ്ട്, ന്യായാധിപൻമാരുടെ പുസ്തകം എഴുതിയതും രാജാക്കൻമാരുടെ കാലത്തിന്റെ തുടക്കത്തിൽ പ്രമുഖ വിശ്വസ്തനായിരുന്നതും അവനാണെന്നു കാണപ്പെടുന്നു. അവസാനവാക്യങ്ങൾ ദാവീദ് അപ്പോൾത്തന്നെ പ്രമുഖനായിത്തീരുകയാണെന്നു സൂചിപ്പിക്കുന്നതിനാൽ എഴുത്തു പൊ.യു.മു. ഏതാണ്ട് 1090-ൽ ആണു നടക്കുന്നത്. യഹൂദാഗോത്രത്തിൽനിന്ന് “ഒരു സിംഹ”ത്തെക്കുറിച്ചു യഹോവ നൽകിയ വാഗ്ദത്തം സുപരിചിതമാക്കിയിരുന്നവനും ആ ഗോത്രത്തിലെ ദാവീദിനെ അഭിഷേകംചെയ്യുന്നതിനു യഹോവ ഉപയോഗിച്ചവനുമായ ശമൂവേൽ ദാവീദുവരെയുളള വംശാവലിയുടെ ഒരു രേഖ ഉണ്ടാക്കുന്നതിൽ അഗാധതത്പരനായിരിക്കുമായിരുന്നു.—ഉല്പ. 49:9, 10; 1 ശമൂ. 16:1, 13; രൂത്ത് 1:1; 2:4; 4:13, 18-22.
3. ഏതു വസ്തുതകൾ രൂത്തിന്റെ കാനോനികത്വത്തെ സ്ഥിരീകരിക്കുന്നു?
3 രൂത്തിന്റെ കാനോനിക പ്രാമാണ്യം ഒരിക്കലും വെല്ലുവിളിക്കപ്പെട്ടിട്ടില്ല. മത്തായി 1:5-ലെ യേശുവിന്റെ വംശാവലിയിൽ രൂത്തിന്റെ പേർചേർക്കലിനെ യഹോവ നിശ്വസ്തമാക്കിയപ്പോൾ അതിനു വേണ്ടത്ര സ്ഥിരീകരണം ലഭിച്ചു. യഹൂദൻമാർ രൂത്തിനെ എല്ലായ്പോഴും എബ്രായ കാനോന്റെ ഭാഗമായി അംഗീകരിച്ചിട്ടുണ്ട്. അപ്പോൾ ഈ പുസ്തകത്തിന്റെ ശകലങ്ങൾ 1947 മുതൽ കണ്ടുപിടിക്കപ്പെട്ടിട്ടുളള ചാവുകടൽചുരുളുകളിലെ മററു കാനോനികപുസ്തകങ്ങളുടെ കൂട്ടത്തിൽ കണ്ടെത്തപ്പെട്ടത് അതിശയമല്ല. തന്നെയുമല്ല, രൂത്ത് യഹോവയുടെ രാജ്യോദ്ദേശ്യങ്ങളോടും മോശയുടെ ന്യായപ്രമാണവ്യവസ്ഥകളോടും പൂർണമായി യോജിക്കുന്നു. വിഗ്രഹാരാധികളായ കനാന്യരും മോവാബ്യരുമായുളള വിവാഹം ഇസ്രായേല്യർക്കു വിലക്കപ്പെട്ടിരുന്നെങ്കിലും യഹോവയുടെ ആരാധന സ്വീകരിച്ച വിദേശികളെ ഇത് ഒഴിവാക്കിയില്ല. രൂത്തിന്റെ പുസ്തകത്തിൽ വീണ്ടെടുപ്പിന്റെയും ദേവരവിവാഹത്തിന്റെയും നിയമം അതിന്റെ സകല വിശദാംശങ്ങളിലും പാലിക്കപ്പെടുന്നു.—ആവ. 7:1-4; 23:3, 4; 25:5-10.
രൂത്തിലെ ഉളളടക്കം
4. ഏതു തീരുമാനം രൂത്തിനെ അഭിമുഖീകരിക്കുന്നു, തന്റെ ആരാധനാസമ്പ്രദായം സംബന്ധിച്ച അവളുടെ തിരഞ്ഞെടുപ്പ് എന്തു സൂചിപ്പിക്കുന്നു?
4 നവോമിയോടു പററിനിൽക്കാനുളള രൂത്തിന്റെ തീരുമാനം (1:1-22). കഥ തുടങ്ങുന്നത് ഇസ്രായേലിലെ ഒരു ക്ഷാമകാലത്താണ്. ഒരു ബേത്ലഹേമ്യനായ എലീമേലെക്ക് തന്റെ ഭാര്യയായ നവോമിയോടും രണ്ടു പുത്രൻമാരായ മഹ്ലോനോടും കില്യോനോടും കൂടെ കുറേക്കാലം മോവാബിൽ പാർക്കുന്നതിനു യോർദാൻ കടക്കുന്നു. അവിടെ പുത്രൻമാർ മോവാബ്യസ്ത്രീകളായ ഓർപ്പയെയും രൂത്തിനെയും വിവാഹം കഴിക്കുന്നു. അത്യാഹിതം കുടുംബവൃത്തത്തെ തകർക്കുന്നു, ആദ്യം പിതാവിന്റെ മരണത്താലും പിന്നീടു രണ്ടു പുത്രൻമാരുടെ മരണത്താലും. മക്കളില്ലാത്ത മൂന്നു വിധവമാർ അവശേഷിക്കുന്നു, എലീമേലെക്കിനു സന്തതിയില്ല. തന്റെ ജനത്തിന് ആഹാരം കൊടുത്തുകൊണ്ടു യഹോവ വീണ്ടും തന്റെ ശ്രദ്ധ ഇസ്രായേലിലേക്കു തിരിച്ചിരിക്കുന്നതായി കേട്ടുകൊണ്ടു നവോമി തന്റെ നാടായ യഹൂദയിലേക്കു തിരികെ യാത്ര ചെയ്യാൻ തീരുമാനിക്കുന്നു. പുത്രഭാര്യമാർ അവളോടുകൂടെ ഇറങ്ങിത്തിരിക്കുന്നു. അവർക്കു സ്വന്തജനത്തിൽനിന്നു ഭർത്താക്കൻമാരെ നൽകുന്നതിനു യഹോവയുടെ സ്നേഹദയക്കുവേണ്ടി അപേക്ഷിച്ചുകൊണ്ടു മോവാബിലേക്കു മടങ്ങിപ്പോകാൻ നവോമി അവരോട് അഭ്യർഥിക്കുന്നു. ഒടുവിൽ ഓർപ്പാ, “തന്റെ ജനത്തിന്റെയും തന്റെ ദേവന്റെയും അടുക്കൽ മടങ്ങിപ്പോയി,” എന്നാൽ യഹോവയുടെ ആരാധനയിലേക്കുളള തന്റെ പരിവർത്തനത്തിൽ ആത്മാർഥതയോടും ഉറപ്പോടും കൂടെ രൂത്ത് നവോമിയോടു പററിനിൽക്കുന്നു. അവളുടെ തീരുമാനം ഭംഗ്യന്തരേണ ഈ വാക്കുകളിൽ പ്രകടമാക്കപ്പെട്ടിരിക്കുന്നു: “നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം. നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ.” (1:15-17) എന്നിരുന്നാലും, പേരിന് “എന്റെ പ്രസന്നത” എന്ന് അർഥമുളള വിധവയും മക്കളില്ലാത്തവളുമായ നവോമി തനിക്കുതന്നെ “കയ്പ്” എന്നർഥമുളള മാറാ എന്ന പേർ നിർദേശിക്കുന്നു.
5. രൂത്ത് ഏതു നല്ല ഗുണങ്ങൾ പ്രകടമാക്കുന്നു, ബോവസ് അവളെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു?
5 രൂത്ത് ബോവസിന്റെ വയലിൽ കാലാപെറുക്കുന്നു (2:1-23). ബേത്ലഹേമിൽ എത്തിയപ്പോൾ യവക്കൊയ്ത്തിൽ കാലാപെറുക്കാൻ രൂത്ത് നവോമിയോട് അനുവാദം വാങ്ങുന്നു. വയലിന്റെ ഉടമയും പ്രായമുളള ഒരു യഹൂദനും അവളുടെ അമ്മായിയപ്പനായ എലീമേലെക്കിന്റെ അടുത്ത ബന്ധുവുമായ ബോവസ് അവളെ കാണുന്നു. ദൈവത്തിന്റെ നിയമം അവൾക്കു കാലാപെറുക്കുന്നവരുടെ അവകാശങ്ങൾ അനുവദിക്കുന്നുണ്ടെങ്കിലും വയലിൽ ജോലിചെയ്യുന്നതിനുളള അനുവാദം ചോദിച്ചുകൊണ്ടു രൂത്ത് സൗമ്യത പ്രകടമാക്കുന്നു. (ലേവ്യ. 19:9, 10) ഇത് ഉടൻതന്നെ അനുവദിക്കപ്പെടുന്നു. തന്റെതന്നെ വയലിൽ തന്റെ ചെറുപ്പക്കാരികളോടുകൂടെ മാത്രം കാലാപെറുക്കാൻ ബോവസ് അവളോടു പറയുന്നു. നവോമിയോടുകൂടെയുളള അവളുടെ വിശ്വസ്തനടത്തയെക്കുറിച്ചു താൻ കേട്ടിട്ടുണ്ടെന്നു പറഞ്ഞുകൊണ്ട് അവൻ അവളെ ഈ വാക്കുകളിൽ പ്രോത്സാഹിപ്പിക്കുന്നു: “നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവൻ പൂർണ്ണപ്രതിഫലം തരുമാറാകട്ടെ.” (രൂത്ത് 2:12) ആ സന്ധ്യക്കു രൂത്ത് തന്റെ അധ്വാനഫലം നവോമിക്ക് ഉദാരമായി പങ്കുവെക്കുകയും കാലാപെറുക്കിയതിലെ തന്റെ വിജയം ബോവസിന്റെ സൻമനസ്സുനിമിത്തമാണെന്നു വിശദീകരിക്കുകയും ചെയ്യുന്നു. നവോമി ഇതിൽ യഹോവയുടെ കൈ കാണുകയും ഇങ്ങനെ പറയുകയും ചെയ്യുന്നു: “ജീവനുളളവരോടും മരിച്ചവരോടും ദയ വിടാതിരിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ. . . . ആയാൾ നമുക്കു അടുത്ത ചാർച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരിൽ ഒരുത്തനും ആകുന്നു.” (2:20) അതേ, മരിച്ച എലീമേലെക്കിന്റെ പേരിൽ നവോമിക്കു നിയമപരമായി സന്താനത്തെ ജനിപ്പിക്കാൻ കഴിയുന്ന അടുത്ത ഒരു ചാർച്ചക്കാരനാകുന്നു ബോവസ്. രൂത്ത് യവക്കൊയ്ത്തും ഗോതമ്പുകൊയ്ത്തും അവസാനിക്കുന്നതുവരെ ബോവസിന്റെ വയലുകളിൽ കാലാപെറുക്കുന്നതിൽ തുടരുന്നു.
6. രൂത്ത് വീണ്ടെടുപ്പിനാലുളള വിവാഹത്തിന് എങ്ങനെ അപേക്ഷിക്കുന്നു, ബോവസ് എങ്ങനെ പ്രതികരിക്കുന്നു?
6 ബോവസ് വീണ്ടെടുപ്പുകാരനെന്ന നിലയിൽ രൂത്തിനെ വിവാഹം കഴിക്കുന്നു (3:1–4:22). സന്താനോല്പാദനത്തിനു തനിക്കു പ്രായം കടന്നുപോയ സ്ഥിതിക്ക്, വീണ്ടെടുപ്പിനാലുളള വിവാഹത്തിൽ തനിക്കു പകരം നിൽക്കാൻ നവോമി ഇപ്പോൾ രൂത്തിനെ ഉപദേശിക്കുന്നു. അത്ര പ്രാധാന്യമുളള ഒരു ഋതുകാലത്തു ധാന്യം പാററലിന്റെ മേൽനോട്ടം വസ്തു ഉടമതന്നെ വ്യക്തിപരമായി വഹിക്കുന്ന പതിവുണ്ടായിരുന്നു, ഒരു ചൂടുളള പകൽ കഴിഞ്ഞ് അടിക്കുന്ന കാററ് ഉപയോഗപ്പെടുത്തുന്നതിന് അതു വൈകുന്നേരത്താണു നിർവഹിച്ചിരുന്നത്. ബോവസ് മെതിക്കളത്തിലായിരിക്കും ഉറങ്ങുന്നത്, അവിടെവെച്ചാണു രൂത്ത് അവനെ കണ്ടെത്തുന്നത്. അവൾ അവന്റെ അടുക്കലേക്കു പതുക്കെ വരുകയും അവന്റെ പാദങ്ങളിൽനിന്നു പുതപ്പു മാററി കിടക്കുകയും ചെയ്യുന്നു. അവൻ അർധരാത്രിയിൽ ഉണരുമ്പോൾ അവൾ തന്നേത്തന്നെ തിരിച്ചറിയിക്കുകയും ദേവരവിവാഹത്തിന്റെ അവകാശം ആവശ്യപ്പെടുമ്പോൾ സ്ത്രീകൾ അനുവർത്തിക്കുന്ന പതിവു നടപടി അനുസരിച്ച്, തന്റെമേൽ അവന്റെ വസ്ത്രം വിരിക്കാൻ അപേക്ഷിക്കുകയും ചെയ്യുന്നു.a ബോവസ്, “മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ” എന്നു പ്രഖ്യാപിക്കുന്നു, വികാരത്താലോ അത്യാഗ്രഹത്താലോ ചെറുപ്പക്കാരുടെ പിന്നാലെ പോകാഞ്ഞതിന് അവളെ ശ്ലാഘിക്കുന്നു. അശുദ്ധ ബന്ധത്തിന്റെ ഒരു നിർദേശം വെക്കുന്നവളായിരിക്കാതെ രൂത്ത് ഒരു “ഉത്തമസ്ത്രീ” എന്ന കീർത്തി സമ്പാദിക്കുന്നു. (3:10, 11) എന്നിരുന്നാലും, അവൻ ഇപ്പോൾ അവളോടു പറയുന്ന പ്രകാരം അവനെക്കാൾ അടുത്ത ബന്ധമുളള മറെറാരു വീണ്ടെടുപ്പുകാരൻ ഉണ്ട്; രാവിലെ അവനുമായി അവൻ കൂടിയാലോചന കഴിക്കും. രൂത്ത് അതിരാവിലെവരെ അവന്റെ പാദത്തിങ്കൽ കിടക്കുന്നു. പിന്നീട് അവൻ അവൾക്കു ധാന്യം ദാനമായി കൊടുക്കുന്നു. അവൾ നവോമിയുടെ അടുക്കലേക്കു മടങ്ങിപ്പോകുന്നു. നവോമി പരിണതഫലത്തെക്കുറിച്ച് ആകാംക്ഷാപൂർവം അന്വേഷിക്കുന്നു.
7. ബോവസ് എങ്ങനെ കൂടിയാലോചനയിലൂടെ വിവാഹം ഉറപ്പിക്കുന്നു, എന്ത് അനുഗ്രഹങ്ങൾ കൈവരുന്നു?
7 ബോവസ് വീണ്ടെടുപ്പുകാരനെ അന്വേഷിക്കാൻ അതിരാവിലെ നഗരവാതിൽക്കലേക്കു പോകുന്നു. നഗരത്തിലെ പ്രായമേറിയ പത്തു പുരുഷൻമാരെ സാക്ഷികളായി നിർത്തിക്കൊണ്ട് അവൻ എലീമേലെക്കിനുളളതെല്ലാം വാങ്ങുന്നതിനുളള ആദ്യ അവസരം ഈ അടുത്ത ബന്ധുവിനു കൊടുക്കുന്നു. അവൻ അതു ചെയ്യുമോ? തന്റെ സ്വത്തു വർധിപ്പിക്കാമെന്നു വിചാരിച്ച അവന്റെ സത്വര മറുപടി ഉവ്വ് എന്നാണ്. എന്നിരുന്നാലും രൂത്തുമായി ദേവരവിവാഹത്തിലേർപ്പെടണമെന്ന വ്യവസ്ഥയെക്കുറിച്ചു മനസ്സിലാക്കുമ്പോൾ അവൻ സ്വന്ത അവകാശത്തെക്കുറിച്ചു ഭയന്നു തന്റെ ചെരുപ്പ് ഊരിക്കൊണ്ട് തന്റെ വിസമ്മതം നിയമപരമായി സൂചിപ്പിക്കുന്നു. ബൈബിൾരേഖയിൽ അവന്റെ പേർ പറഞ്ഞിട്ടില്ല, “എടോ” എന്നുളള അപമാനകരമായ പ്രസ്താവനമാത്രമേ ഉളളു. അപ്പോൾ ബോവസ് അതേ സാക്ഷികളുടെ മുമ്പാകെ രൂത്തിനെ തന്റെ ഭാര്യയായി വാങ്ങുന്നു. ഇത് ഏതെങ്കിലും സ്വാർഥ കാരണത്താലാണോ? അല്ല, പിന്നെയോ ‘മരിച്ചവന്റെ പേർ മാഞ്ഞുപോകാതിരി’ക്കേണ്ടതിനാണ്. (4:1, 10) സകല കാണികളും ഈ സ്നേഹപൂർവകമായ ക്രമീകരണത്തിൻമേൽ യഹോവയുടെ അനുഗ്രഹം തേടുന്നു. തീർച്ചയായും അനുഗ്രഹം അത്ഭുതകരമെന്നു തെളിയുന്നു! രൂത്ത് ബോവസിന്റെ വാർധക്യത്തിൽ അവന് ഒരു മകനെ പ്രസവിക്കുന്നു. നവോമി കുട്ടിക്കു ധാത്രിയായിത്തീരുന്നു. അവൻ “നൊവൊമിക്കു ഒരു മകൻ” എന്നു വിളിക്കപ്പെടുന്നു, ഓബേദ് എന്നു പേരിടുകയും ചെയ്യുന്നു.—4:17.
8. വാഗ്ദത്ത സന്തതിയുടെ ഉളവാക്കൽ യഹോവയുടെ ക്രമീകരണത്താലാണെന്നു കൂടുതലായി സൂചിപ്പിക്കുന്നതെന്ത്?
8 രൂത്തിലെ സമാപനവാക്യങ്ങൾ പേരെസിൽനിന്നു ബോവസിലൂടെ ദാവീദിലേക്കുളള വംശാവലി നൽകുന്നു. ഇത്ര ചുരുക്കംപേർ പോരാതവണ്ണം കാലദൈർഘ്യം വളരെ വലുതായതിനാൽ എല്ലാ തലമുറകളും പട്ടികപ്പെടുത്തിയിട്ടില്ലെന്നു ചില വിമർശകർ വാദിച്ചിട്ടുണ്ട്. ഇതു സത്യമാണോ? അതോ ഓരോരുത്തരും വാർധക്യത്തിലെ ഒരു പുത്രൻ സഹിതം വലിയ ആയുർദൈർഘ്യത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണോ? ഒടുവിൽ പറഞ്ഞ നിഗമനം ശരിയായിരിക്കാൻ കഴിയും, വാഗ്ദത്തസന്തതിയുടെ ഉളവാക്കൽ മമനുഷ്യന്റെ സ്വാഭാവികപ്രാപ്തിയാലല്ല, യഹോവയുടെ ക്രമീകരണത്താലും അനർഹദയയാലുമാണെന്നു ദൃഢീകരിച്ചുകൊണ്ടുതന്നെ. ഇസ്ഹാക്കിന്റെയും ശമൂവേലിന്റെയും യോഹന്നാൻ സ്നാപകന്റെയും ജനനത്തിന്റെ കാര്യത്തിലെന്ന പോലെ, മററു സന്ദർഭങ്ങളിൽ യഹോവ തന്റെ ശക്തി സമാനമായ വിധത്തിൽ പ്രയോഗിച്ചു.—ഉല്പ. 21:1-5; 1 ശമൂ. 1:1-20; ലൂക്കൊ. 1:5-24, 57-66.
എന്തുകൊണ്ടു പ്രയോജനപ്രദം
9. രൂത്തിന്റെ നാടകത്തിലെ പ്രമുഖർ ഏതു കാര്യങ്ങളിലാണു നമുക്ക് ഇന്നു നല്ല മാതൃകകളായിരിക്കുന്നത്?
9 ഈ ആഹ്ലാദകരമായ രേഖ ശക്തമായ വിശ്വാസം കെട്ടുപണിചെയ്യാൻ നീതിസ്നേഹികളെ സഹായിക്കുന്നതിനു തീർച്ചയായും പ്രയോജനപ്രദമാണ്. ഈ ആവേശജനകമായ നാടകത്തിലെ പ്രമുഖരെല്ലാം യഹോവയിൽ മുന്തിയ വിശ്വാസം പ്രകടമാക്കി, അവർക്ക് എല്ലാവർക്കും ‘വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചു.’ (എബ്രാ. 11:39) അവർ ഇന്നത്തെ നമുക്കു നല്ല മാതൃകകളായിത്തീർന്നു. നവോമി യഹോവയുടെ സ്നേഹദയയിൽ ആഴമായ വിശ്വാസം പ്രകടമാക്കി. (രൂത്ത് 1:8; 2:20) രൂത്ത് യഹോവയുടെ ആരാധന പിന്തുടരുന്നതിനു മനസ്സോടെ തന്റെ സ്വദേശം വിട്ടുപോന്നു; അവൾ വിശ്വസ്തയും കീഴ്വഴക്കമുളളവളും മനസ്സൊരുക്കമുളള ഒരു വേലക്കാരിയുമാണെന്നു സ്വയം തെളിയിച്ചു. യഹോവയുടെ നിയമത്തോടുളള ബോവസിന്റെ നല്ല വിലമതിപ്പും അവന്റെ ഇഷ്ടം ചെയ്യുന്നതിനുളള അവന്റെ വിനീതമായ സമ്മതവും അതുപോലെതന്നെ വിശ്വസ്തയായ നവോമിയോടും ഉത്സാഹവതിയായ രൂത്തിനോടുമുളള അവന്റെ സ്നേഹവുമാണു വീണ്ടെടുപ്പുവിവാഹം നിറവേററാൻ അവനെ പ്രേരിപ്പിച്ചത്.
10. രൂത്തിലെ രേഖ രാജ്യവാഗ്ദത്തങ്ങളിലുളള നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കേണ്ടത് എന്തുകൊണ്ട്?
10 യഹോവയുടെ വിവാഹക്രമീകരണം, ഈ കാര്യത്തിൽ വീണ്ടെടുപ്പിനാലുളള വിവാഹം, അവന്റെ ബഹുമാനത്തിനായി ഉപയോഗിക്കപ്പെട്ടു. ബോവസിന്റെയും രൂത്തിന്റെയും വിവാഹം ക്രമീകരിച്ചതു യഹോവയായിരുന്നു. തന്റെ സ്നേഹദയപ്രകാരം അവൻ അതിനെ അനുഗ്രഹിച്ചു; അവൻ ദാവീദിലേക്കും ഒടുവിൽ വലിപ്പമേറിയ ദാവീദായ യേശുക്രിസ്തുവിലേക്കും നയിക്കുന്ന രാജകീയവംശം ഇടമുറിയാതെ സൂക്ഷിക്കുന്നതിന് അതിനെ ഉപയോഗിച്ചു. തന്റെ നിയമവ്യവസ്ഥപ്രകാരം രാജ്യാവകാശിയെ ഉളവാക്കുന്നതിലുളള യഹോവയുടെ ജാഗ്രതയോടുകൂടിയ ശ്രദ്ധ നമ്മുടെ ഉറപ്പിനെ ബലിഷ്ഠമാക്കുകയും സകല രാജ്യവാഗ്ദത്തങ്ങളുടെയും നിവൃത്തിക്കു നാം വിശ്വാസത്തോടെ നോക്കിപ്പാർത്തിരിക്കാൻ ഇടയാക്കുകയും ചെയ്യേണ്ടതാണ്. അത് നാം ആരുടെ ‘ചിറകിൻ കീഴെ ആശ്രയിച്ചുവന്നിരിക്കുന്നുവോ’, ആരുടെ രാജ്യോദ്ദേശ്യങ്ങൾ വളരെ മഹത്തായി പൂർണനിവൃത്തിയിലേക്കു പുരോഗമിക്കുന്നുവോ, ആ ആത്മീയ ഇസ്രായേലിന്റെ ദൈവമായ യഹോവയിൽനിന്നുളള പൂർണ പ്രതിഫലത്തിന്റെ ഉറപ്പോടെ ആധുനികനാളിലെ കൊയ്ത്തുവേലയിൽ തിരക്കുളളവരായിരിക്കാൻ നമ്മെ പ്രചോദിപ്പിക്കണം. (2:12) രൂത്തിന്റെ പുസ്തകം ആ രാജ്യത്തിലേക്കു നയിക്കുന്ന രേഖയിലെ മറെറാരു അത്യന്താപേക്ഷിതമായ കണ്ണിയാണ്!
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജ് 829.