ബൈബിൾ പുസ്തക നമ്പർ 9—1 ശമൂവേൽ
എഴുത്തുകാർ: ശമൂവേൽ, ഗാദ്, നാഥാൻ
എഴുതിയ സ്ഥലം: ഇസ്രായേൽ
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 1078
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. ഏകദേശം 1180-1078
1. ഇസ്രായേൽ ജനതയുടെ സംഘടനയിൽ പൊ.യു.മു. 1117-ൽ ഏതു വലിയ മാററം വന്നു, അതിനു ശേഷം ഏതവസ്ഥകൾ വരാനിരുന്നു?
പൊ.യു.മു. 1117-ൽ ഇസ്രായേലിന്റെ ദേശീയ സംഘടനയിൽ പ്രാധാന്യമർഹിക്കുന്ന ഒരു മാററമുണ്ടായി. ഒരു മാനുഷരാജാവു നിയമിക്കപ്പെട്ടു! ഇതു ശമൂവേൽ ഇസ്രായേലിൽ യഹോവയുടെ പ്രവാചകനായി സേവിച്ചുകൊണ്ടിരിക്കെയാണു സംഭവിച്ചത്. യഹോവ ഇതു മുന്നറിയുകയും മുൻകൂട്ടിപ്പറയുകയും ചെയ്തിരുന്നെങ്കിലും ഇസ്രായേൽജനം ആവശ്യപ്പെട്ട പ്രകാരം രാജാധിപത്യത്തിലേക്കുളള മാററം ശമൂവേലിന് ഒരു ഞെട്ടിക്കുന്ന പ്രഹരമായിട്ടാണ് അനുഭവപ്പെട്ടത്. ജനനംമുതൽ യഹോവയുടെ സേവനത്തിന് അർപ്പിതനും യഹോവയുടെ രാജത്വത്തിന്റെ ആദരപൂർവകമായ അംഗീകരണം ഉൾക്കൊണ്ടിരുന്നവനുമായ ശമൂവേൽ ദൈവത്തിന്റെ വിശുദ്ധജനതയിലെ തന്റെ സഹ അംഗങ്ങൾക്കു വിപത്കരമായ ഫലങ്ങൾ മുൻകൂട്ടിക്കണ്ടു. യഹോവയുടെ മാർഗനിർദേശപ്രകാരം മാത്രമാണു ശമൂവേൽ അവരുടെ ആവശ്യങ്ങൾക്കു വഴങ്ങിയത്. “അതിന്റെശേഷം ശമൂവേൽ രാജധർമ്മം ജനത്തെ പറഞ്ഞുകേൾപ്പിച്ചു; അതു ഒരു പുസ്തകത്തിൽ എഴുതി യഹോവയുടെ സന്നിധിയിൽ വെച്ചു.” (1 ശമൂ. 10:25) അങ്ങനെ ന്യായാധിപൻമാരുടെ യുഗം അവസാനിച്ചു, മനുഷ്യരാജാക്കൻമാരുടെ യുഗം ആരംഭിച്ചു. അത് ഇസ്രായേലിന്റെ അഭൂതപൂർവമായ ശക്തിയിലേക്കും പ്രശസ്തിയിലേക്കും ഉളള ഉയർച്ചക്കു സാക്ഷ്യം വഹിക്കുമായിരുന്നു, ഒടുവിൽ അപമാനത്തിലേക്കും യഹോവയുടെ പ്രീതിയിൽനിന്നുളള അകൽച്ചയിലേക്കും വീഴുകയും ചെയ്യുമായിരുന്നു.
2. ഒന്നു ശമൂവേൽ എഴുതിയതാര്, അവരുടെ യോഗ്യതകൾ എന്തൊക്കെയായിരുന്നു?
2 ഈ സുപ്രധാന കാലഘട്ടത്തിന്റെ ദിവ്യരേഖ നിർമിക്കുന്നതിന് ആർക്കു യോഗ്യതയുണ്ട്? ഉചിതമായി, എഴുത്താരംഭിക്കാൻ വിശ്വസ്തനായ ശമൂവേലിനെ യഹോവ തിരഞ്ഞെടുത്തു. ശമൂവേൽ എന്നതിന്റെ അർഥം “ദൈവനാമം” എന്നാണ്, ആ നാളുകളിൽ യഹോവയുടെ നാമത്തെ ഉയർത്തിപ്പിടിക്കുന്നവൻ എന്ന നിലയിൽ അദ്ദേഹം തീർച്ചയായും പ്രമുഖൻ ആയിരുന്നു. പുസ്തകത്തിന്റെ ആദ്യത്തെ 24 അധ്യായങ്ങൾ ശമൂവേൽ എഴുതിയതായി കാണപ്പെടുന്നു. പിന്നീട്, അദ്ദേഹത്തിന്റെ മരണശേഷം ഗാദും നാഥാനും എഴുത്ത് ഏറെറടുക്കുകയും ശൗലിന്റെ മരണംവരെയുളള രേഖയിൽ അവസാനത്തെ ഏതാനുംചില വർഷങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു. 1 ദിനവൃത്താന്തം 29:29 ഇതു സൂചിപ്പിക്കുന്നു, അതിങ്ങനെ വായിക്കപ്പെടുന്നു: “എന്നാൽ ദാവീദുരാജാവിന്റെ ആദ്യന്തവൃത്താന്തങ്ങളും . . . ദർശകനായ ശമൂവേലിന്റെ വൃത്താന്തത്തിലും നാഥാൻപ്രവാചകന്റെ പുസ്തകത്തിലും ദർശകനായ ഗാദിന്റെ വൃത്താന്തത്തിലും എഴുതിയിരിക്കുന്നുവല്ലോ.” രാജാക്കൻമാരിൽനിന്നും ദിനവൃത്താന്തങ്ങളിൽനിന്നും വ്യത്യസ്തമായി ശമൂവേലിന്റെ പുസ്തകങ്ങൾ മുൻ രേഖകളെ മിക്കവാറും പരാമർശിക്കുന്നില്ല, അങ്ങനെ ദാവീദിന്റെ സമകാലീനരായ ശമൂവേലും ഗാദും നാഥാനും എഴുത്തുകാരായി സ്ഥിരീകരിക്കപ്പെടുന്നു. ഈ പുരുഷൻമാർ മൂവരും യഹോവയുടെ പ്രവാചകൻമാർ എന്ന നിലയിൽ ഉത്തരവാദിത്വമുളള സ്ഥാനങ്ങൾ വഹിച്ചിരുന്നു, ജനതയുടെ ശക്തിയെ ഊററിക്കുടിച്ചിരുന്ന വിഗ്രഹാരാധനയെ എതിർക്കുകയും ചെയ്തിരുന്നു.
3. (എ) ഒന്നു ശമൂവേൽ ഒരു വേറിട്ട ബൈബിൾപുസ്തകമാകാനിടയായതെങ്ങനെ? (ബി) അത് എപ്പോൾ പൂർത്തിയായി, അത് ഏതു കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു?
3 ശമൂവേലിന്റെ രണ്ടു പുസ്തകങ്ങൾ ആദ്യം ഒരു ചുരുളോ വാല്യമോ ആയിരുന്നു. ഗ്രീക്ക് സെപ്ററുവജിൻറിന്റെ ഈ ഭാഗം പ്രസിദ്ധീകരിച്ചപ്പോൾ ശമൂവേൽ രണ്ടു ഭാഗങ്ങളായി തിരിക്കപ്പെട്ടു. സെപ്ററുവജിൻറിൽ ഒന്നു ശമൂവേൽ ഒന്നു രാജ്യങ്ങൾ എന്നു വിളിക്കപ്പെട്ടിരുന്നു. ഈ വിഭജനവും ഒന്നു രാജാക്കൻമാർ എന്ന പേരും ലാററിൻ വൾഗേററ് സ്വീകരിച്ചു, ഇന്നോളം കാത്തലിക്ക് ബൈബിളുകളിൽ അങ്ങനെ തുടരുകയും ചെയ്യുന്നു. ഒന്നും രണ്ടും ശമൂവേൽ ആദ്യം ഒരു പുസ്തകമായിരുന്നുവെന്നതു 1 ശമൂവേൽ 28:24-ന്റെ മാസരൊറ്റിക്ക് കുറിപ്പു പ്രകടമാക്കുന്നു. ഈ വാക്യം ശമൂവേലിന്റെ പുസ്തകത്തിന്റെ മധ്യത്തിലാണെന്ന് അതു പ്രസ്താവിക്കുന്നു. ഈ പുസ്തകം പൊ.യു.മു. 1078-ൽ പൂർത്തീകരിക്കപ്പെട്ടതായി കാണപ്പെടുന്നു. അതുകൊണ്ടു സാധ്യതയനുസരിച്ച് ഒന്നു ശമൂവേൽ പൊ.യു.മു. ഏതാണ്ട് 1180 മുതൽ 1078 വരെയുളള ഒരു നൂറുവർഷവും അൽപ്പവുംകൂടെ ഉൾപ്പെടുത്തുന്നു.
4. ഒന്നു ശമൂവേലിലെ രേഖയുടെ കൃത്യതയെ എങ്ങനെ പിന്താങ്ങിയിരിക്കുന്നു?
4 രേഖയുടെ കൃത്യതസംബന്ധിച്ച തെളിവുകൾ ധാരാളമുണ്ട്. ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങൾ, വർണിച്ചിരിക്കുന്ന സംഭവങ്ങൾക്ക് അനുയോജ്യമാണ്. രസാവഹമായി, ഫെലിസ്ത്യരുടെ സമ്പൂർണ തുരത്തലിലേക്കു നയിച്ച മിക്മാശിലെ ഫെലിസ്ത്യകാവൽസേനയുടെ മേലുളള യോനാഥാന്റെ വിജയകരമായ ആക്രമണം ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യാധിപൻ ആവർത്തിച്ചു, അദ്ദേഹം ശമൂവേലിന്റെ നിശ്വസ്തരേഖകളിൽ വർണിച്ചിരിക്കുന്ന പ്രദേശപരമായ അടയാളങ്ങൾ പിന്തുടർന്നു തുർക്കികളെ തുരത്തിയതായി അറിയപ്പെടുന്നു.—14:4-14.a
5. ബൈബിളെഴുത്തുകാർ ഒന്നു ശമൂവേലിന്റെ സത്യതയെ സാക്ഷീകരിക്കുന്നതെങ്ങനെ?
5 ഏതായാലും, ഈ പുസ്തകത്തിന്റെ നിശ്വസ്തതക്കും വിശ്വാസ്യതക്കും അതിലും പ്രബലമായ കാരണങ്ങളുണ്ട്. അതിൽ ഇസ്രായേൽ ഒരു രാജാവിനെ ചോദിക്കുമെന്നുളള യഹോവയുടെ പ്രവചനത്തിന്റെ ശ്രദ്ധേയമായ നിവൃത്തി അടങ്ങിയിരിക്കുന്നു. (ആവ. 17:14; 1 ശമൂ. 8:5) വർഷങ്ങൾക്കുശേഷം, ഹോശേയ അതിന്റെ രേഖയെ സ്ഥിരീകരിച്ചുകൊണ്ടു യഹോവ ഇങ്ങനെ പറയുന്നതായി ഉദ്ധരിച്ചു, “എന്റെ കോപത്തിൽ ഞാൻ നിനക്കു ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു.” (ഹോശേ. 13:11) യേശുവിന്റെ ‘കാലത്തെക്കുറിച്ചു പ്രസ്താവിച്ചിരുന്ന’ ഒരു പ്രവാചകനായി പത്രൊസ് ശമൂവേലിനെ തിരിച്ചറിയിച്ചപ്പോൾ ശമൂവേൽ നിശ്വസ്തനായിരുന്നതായി പത്രൊസ് സൂചിപ്പിച്ചു. (പ്രവൃ. 3:24) ഇസ്രായേലിന്റെ ചരിത്രത്തെ ചുരുക്കി പ്രദീപ്തമാക്കിയപ്പോൾ പൗലൊസ് 1 ശമൂവേൽ 13:14 ഉദ്ധരിച്ചു. (പ്രവൃ. 13:20-22) യേശുതന്നെ തന്റെ നാളിലെ പരീശൻമാരോട്: “ദാവീദു തനിക്കും കൂടെയുളളവർക്കും വിശന്നപ്പോൾ ചെയ്തതു എന്തു? . . . എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ?” എന്നു ചോദിച്ചുകൊണ്ട് ഈ വിവരണം വിശ്വാസ്യമാണെന്നുളളതിന് ഉറപ്പുനൽകി. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) അനന്തരം അവൻ ദാവീദ് കാഴ്ചയപ്പം ചോദിക്കുന്നതിനെക്കുറിച്ചുളള വിവരണം നൽകി. (മത്താ. 12:1-4; 1 ശമൂ. 21:1-6) പറഞ്ഞുകഴിഞ്ഞതുപോലെ എസ്രായും വിവരണത്തെ യഥാർഥമായി അംഗീകരിച്ചു.—1 ദിന. 29:29.
6. വേറെ ഏത് ആന്തരിക ബൈബിൾതെളിവ് ഒന്നു ശമൂവേൽ വിശ്വാസ്യമാണെന്നു പ്രകടമാക്കുന്നു?
6 ദാവീദിന്റെ പ്രവർത്തനങ്ങളുടെ ആദ്യവിവരണം ഇതായതുകൊണ്ടു തിരുവെഴുത്തുകളിലുടനീളം കാണപ്പെടുന്ന ദാവീദിനെക്കുറിച്ചുളള ഓരോ പ്രസ്താവനയും ശമൂവേലിന്റെ പുസ്തകത്തെ ദൈവത്തിന്റെ നിശ്വസ്തവചനത്തിന്റെ ഭാഗമായി സ്ഥിരീകരിക്കുന്നു. അതിലെ സംഭവങ്ങളിൽ ചിലതിനെ ദാവീദിന്റെ സങ്കീർത്തനങ്ങളുടെ മേലെഴുത്തുകളിൽ പരാമർശിക്കുകപോലും ചെയ്യുന്നുണ്ട്, സങ്കീർത്തനം 59 (1 ശമൂ. 19:11), സങ്കീർത്തനം 34 (1 ശമൂ. 21:13, 14), സങ്കീർത്തനം 142 (1 ശമൂ. 22:1 അല്ലെങ്കിൽ 1 ശമൂ. 24:1, 3) എന്നിവിടങ്ങളിലേതുപോലെ. അങ്ങനെ, ദൈവത്തിന്റെ സ്വന്ത വചനത്തിലെ ആന്തരിക തെളിവ് ഒന്നു ശമൂവേലിന്റെ വിശ്വാസ്യതയെ അവിതർക്കിതമായി സാക്ഷ്യപ്പെടുത്തുന്നു.
ഒന്നു ശമൂവേലിന്റെ ഉളളടക്കം
7. പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന ചരിത്രം ഇസ്രായേലിലെ ഏതു നേതാക്കൻമാരുടെ ജീവിതത്തെ സംബന്ധിക്കുന്നതാണ്?
7 ഈ പുസ്തകം ഇസ്രായേല്യ നേതാക്കൻമാരിൽ നാലുപേരുടെ ആയുഷ്കാലത്തെ ഭാഗികമായോ മുഴുവനായോ ഉൾപ്പെടുത്തുന്നു: മഹാപുരോഹിതനായ ഏലി, പ്രവാചകനായ ശമൂവേൽ, ആദ്യരാജാവായ ശൗൽ, അടുത്ത രാജാവായിരിക്കാൻ അഭിഷേകംചെയ്യപ്പെട്ട ദാവീദ്.
8. ശമൂവേലിന്റെ ജനനത്തിന്റെയും അവൻ “യഹോവയുടെ ഒരു ശുശ്രൂഷക”നായിത്തീരുന്നതിന്റെയും സാഹചര്യങ്ങളേവ?
8 ഏലിയുടെ ന്യായാധിപത്യപദവിയും ബാലനായ ശമൂവേലും (1:1–4:22). വിവരണം തുടങ്ങുമ്പോൾ അത് ഒരു ലേവ്യനായ എൽക്കാനായുടെ ഇഷ്ടഭാര്യയായ ഹന്നായെ നമുക്കു പരിചയപ്പെടുത്തുന്നു. അവൾക്കു സന്താനമില്ല, ഈ കാരണത്താൽ എൽക്കാനായുടെ മറേറ ഭാര്യയായ പെനീനാ അവളെ പുച്ഛിക്കുന്നു. കുടുംബം യഹോവയുടെ ഉടമ്പടിയുടെ പെട്ടകം സ്ഥിതിചെയ്യുന്ന ശീലോയിലേക്കുളള വാർഷിക സന്ദർശനങ്ങളിലൊന്നു നടത്തുമ്പോൾ ഹന്നാ ഒരു പുത്രനുവേണ്ടി ഉത്സുകമായി പ്രാർഥിക്കുന്നു. തന്റെ പ്രാർഥനക്ക് ഉത്തരംകിട്ടുകയാണെങ്കിൽ, അവൾ കുട്ടിയെ യഹോവയുടെ സേവനത്തിന് അർപ്പിക്കുമെന്നു വാഗ്ദാനം ചെയ്യുന്നു. ദൈവം അവളുടെ പ്രാർഥനക്ക് ഉത്തരം കൊടുക്കുന്നു, അവൾ ഒരു പുത്രനെ, ശമൂവേലിനെ, പ്രസവിക്കുന്നു. അവന്റെ മുലകുടി മാറിയ ഉടനെ അവൾ അവനെ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു, ‘യഹോവക്കു നിവേദിത’നായ ഒരുവനെന്ന നിലയിൽ അവനെ മഹാപുരോഹിതനായ ഏലിയുടെ പരിപാലനത്തിന് ഏൽപ്പിക്കുന്നു. (1:28) അനന്തരം ഹന്നാ നന്ദിയുടെയും സന്തുഷ്ടിയുടെയും ഒരു ഉല്ലാസഗീതം ആലപിക്കുന്നു. ബാലൻ, “പുരോഹിതനായ ഏലിയുടെ മുമ്പിൽ യഹോവെക്കു ശുശ്രൂഷ”ചെയ്യുന്നവനായിത്തീരുന്നു.—2:11.
9. ശമൂവേൽ എങ്ങനെ ഇസ്രായേലിൽ പ്രവാചകനായിത്തീരുന്നു?
9 ഏലിയുടെ കാര്യം എല്ലാം ശുഭമല്ല. അവൻ വൃദ്ധനായി, അവന്റെ രണ്ടു പുത്രൻമാർ “യഹോവയെ ഓർക്കാത്ത” വിലകെട്ട ആഭാസൻമാർ ആയിരുന്നു. (2:12) അവർ തങ്ങളുടെ അത്യാഗ്രഹത്തെയും അധാർമിക മോഹത്തെയും തൃപ്തിപ്പെടുത്താൻ പൗരോഹിത്യ പദവിയെ ഉപയോഗിക്കുന്നു. ഏലി അവരെ തിരുത്തുന്നതിൽ പരാജയപ്പെടുന്നു. അതുകൊണ്ടു യഹോവ ഏലിയുടെ ഭവനത്തിനെതിരെ ദിവ്യദൂതുകൾ അയയ്ക്കാൻ തുടങ്ങുകയും “നിന്റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധൻ ഉണ്ടാക”യില്ലെന്നും ഏലിയുടെ രണ്ടു പുത്രൻമാരും ഒരു ദിവസംതന്നെ മരിക്കുമെന്നും മുന്നറിയിപ്പു കൊടുക്കുകയും ചെയ്യുന്നു. (1 ശമൂ. 2:30-34; 1 രാജാ. 2:27) ഒടുവിൽ, ചെവി തരിപ്പിക്കുന്ന ഒരു ന്യായവിധിദൂതുമായി അവൻ ശമൂവേൽ ബാലനെ ഏലിയുടെ അടുത്തേക്ക് അയയ്ക്കുന്നു. അങ്ങനെ ബാലശമൂവേലിന് ഇസ്രായേലിലെ പ്രവാചകൻ എന്ന ബഹുമതി ലഭിക്കുന്നു.—1 ശമൂ. 3:1, 11.
10. യഹോവ ഏലിയുടെ ഭവനത്തിൻമേൽ എങ്ങനെ ന്യായവിധി നടത്തുന്നു?
10 തക്ക സമയത്തു യഹോവ ഫെലിസ്ത്യരെ വരുത്തിക്കൊണ്ട് ഈ ന്യായവിധി നടപ്പിലാക്കുന്നു. യുദ്ധഗതി ഇസ്രായേലിനെതിരെ തിരിയുമ്പോൾ, ഇസ്രായേല്യർ ഉച്ചത്തിൽ ആർപ്പിട്ടുകൊണ്ടു ശീലോയിൽനിന്നു തങ്ങളുടെ സൈനികപാളയത്തിലേക്ക് ഉടമ്പടിയുടെ പെട്ടകം കൊണ്ടുവരുന്നു. ആർപ്പു കേട്ടുകൊണ്ടും പെട്ടകം ഇസ്രായേല്യപാളയത്തിലേക്കു കൊണ്ടുവന്നിരിക്കുന്നതായി മനസ്സിലാക്കിക്കൊണ്ടും ഫെലിസ്ത്യർ തങ്ങളേത്തന്നെ ബലപ്പെടുത്തുകയും ഞെട്ടിക്കുന്ന ഒരു വിജയം നേടുകയും ചെയ്യുന്നു, ഇസ്രായേല്യരെ പൂർണമായി തുരത്തിക്കൊണ്ടുതന്നെ. പെട്ടകം പിടിക്കപ്പെടുന്നു, ഏലിയുടെ രണ്ടു പുത്രൻമാരും മരിക്കുന്നു. വിറയ്ക്കുന്ന ഹൃദയത്തോടെ ഏലി വാർത്ത കേൾക്കുന്നു. പെട്ടകത്തിന്റെ കാര്യം പറഞ്ഞ ഉടനേ അവൻ തന്റെ ആസനത്തിൽനിന്നു പിന്നോട്ടു മറിഞ്ഞുവീണു കഴുത്തൊടിഞ്ഞു മരിക്കുന്നു. ഇത് അവന്റെ 40 വർഷത്തെ ന്യായപാലനത്തിന് അവസാനം വരുത്തുന്നു. സത്യമായി, “മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി,” എന്തുകൊണ്ടെന്നാൽ പെട്ടകം തന്റെ ജനത്തോടുകൂടെയുളള യഹോവയുടെ സാന്നിധ്യത്തെ പ്രതിനിധാനംചെയ്യുന്നു.—4:22.
11. പെട്ടകം മാന്ത്രികവസ്തു അല്ലെന്നു തെളിയുന്നത് എങ്ങനെ?
11 ശമൂവേൽ ഇസ്രായേലിനു ന്യായപാലനംചെയ്യുന്നു (5:1–7:17). ഇപ്പോൾ ഫെലിസ്ത്യരും യഹോവയുടെ പെട്ടകത്തെ ഒരു മാന്ത്രികവസ്തുവായി ഉപയോഗിക്കാൻ പാടില്ലെന്ന് അവർക്കു വലിയ ദുഃഖംവരുമാറു മനസ്സിലാക്കേണ്ടതുണ്ട്. അവർ അസ്തോദിലെ ദാഗോന്റെ ക്ഷേത്രത്തിലേക്കു പെട്ടകം കൊണ്ടുപോകുമ്പോൾ, അവരുടെ ദൈവം കമഴ്ന്നടിച്ചു വീഴുന്നു. അടുത്ത ദിവസം ദാഗോൻ വീണ്ടും ഉമ്മരപ്പടിക്കൽ കമഴ്ന്നുവീഴുന്നു, ഈ പ്രാവശ്യം അവന്റെ തലയും രണ്ടു കൈത്തലങ്ങളും വേർപെടുന്നു. ഇതു ‘ദാഗോന്റെ ഉമ്മരപ്പടിമേൽ ചവിട്ടാതിരിക്കുന്ന’ അന്ധവിശ്വാസപരമായ ഫെലിസ്ത്യ ആചാരത്തിനു തുടക്കം കുറിക്കുന്നു. (5:5) ഫെലിസ്ത്യർ ഗത്തിലേക്കും അനന്തരം എക്രോനിലേക്കും പെട്ടകം ധൃതിയിൽ കൊണ്ടുപോകുന്നു, എന്നാൽ എല്ലാം വ്യർഥംതന്നെ! വെപ്രാളത്തിന്റെയും മൂലക്കുരുവിന്റെയും എലിബാധയുടെയും രൂപത്തിൽ ദണ്ഡനങ്ങൾ വരുന്നു. മരണസംഖ്യ വർധിക്കുന്നതോടെ ഫെലിസ്ത്യ സഖ്യപ്രഭുക്കൾ അന്തിമ നൈരാശ്യത്തിൽ കറവയുളള രണ്ടു പശുക്കളെ കെട്ടിയ ഒരു പുതിയ വണ്ടിയിൽ പെട്ടകം ഇസ്രായേലിലേക്കു തിരിച്ചയയ്ക്കുന്നു. ബേത്ശേമെശിൽ ഇസ്രായേല്യരിൽ ചിലർ പെട്ടകത്തെ നോക്കുന്നതുകൊണ്ട് അവർക്കു വിപത്തു ഭവിക്കുന്നു (1 ശമൂ. 6:19; സംഖ്യാ. 4:6, 20) ഒടുവിൽ, പെട്ടകം കിര്യത്ത് യെയാരീം എന്ന ലേവ്യനഗരത്തിൽ അബീനാദാബിന്റെ വീട്ടിൽ ഇരിക്കാനിടയാകുന്നു.
12. ശരിയായ ആരാധനക്കുവേണ്ടിയുളള ശമൂവേലിന്റെ വാദത്തിൽനിന്ന് എന്തനുഗ്രഹങ്ങൾ കൈവരുന്നു?
12 പെട്ടകം അബീനാദാബിന്റെ വീട്ടിൽ 20 വർഷം ഇരിക്കുന്നു. പുരുഷപ്രായത്തിലേക്കു വളരുന്ന ശമൂവേൽ ബാലുകളെയും അസ്തോരെത്ത് പ്രതിമകളെയും നീക്കംചെയ്യാനും മുഴു ഹൃദയത്തോടെ യഹോവയെ സേവിക്കാനും ഇസ്രായേലിനെ പ്രോത്സാഹിപ്പിക്കുന്നു. അവർ ഇതു ചെയ്യുന്നു. ആരാധിക്കുന്നതിന് അവർ മിസ്പയിൽ കൂടിവരുമ്പോൾ ഫെലിസ്ത്യ സഖ്യപ്രഭുക്കൾ യുദ്ധത്തിനുളള അവസരത്തെ തക്കത്തിൽ ഉപയോഗിക്കുന്നു, ജാഗ്രതയില്ലാഞ്ഞ ഇസ്രായേലിനെ പിടികൂടുന്നു. ഇസ്രായേൽ ശമൂവേലിലൂടെ യഹോവയെ വിളിച്ചപേക്ഷിക്കുന്നു. യഹോവയിൽനിന്ന് ഉച്ചത്തിലുളള ഒരു ഇടിനാദം ഫെലിസ്ത്യരെ കുഴപ്പത്തിലാക്കുന്നു, ഇസ്രായേല്യർ യാഗത്താലും പ്രാർഥനയാലും ബലംപ്രാപിച്ച് ഒരു തകർപ്പൻ വിജയം നേടുന്നു. ആ സമയം മുതൽ, ‘യഹോവയുടെ കൈ ശമൂവേലിന്റെ നാളുകളിലെല്ലാം ഫെലിസ്ത്യർക്കെതിരായി തുടരുന്നു.’ (7:13, NW) എന്നിരുന്നാലും, ശമൂവേലിനു സേവനവിരാമം ഇല്ല. തന്റെ ആയുഷ്കാലം മുഴുവൻ അവൻ ഇസ്രായേലിനു ന്യായപാലനം നടത്തുന്നു, യെരുശലേമിനു തൊട്ടുവടക്കുളള രാമയിൽ തുടങ്ങി ബെഥേലും ഗിൽഗാലും മിസ്പയുംവരെ ഒരു വാർഷികസഞ്ചാരം നടത്തിക്കൊണ്ടുതന്നെ. രാമയിൽ അവൻ യഹോവക്ക് ഒരു യാഗപീഠം പണിയുന്നു.
13. ഇസ്രായേൽ യഹോവയെ രാജാവെന്ന നിലയിൽ നിരസിക്കുന്നതെങ്ങനെ, ശമൂവേൽ ഏതു പരിണതഫലങ്ങളെക്കുറിച്ചു മുന്നറിയിപ്പുനൽകുന്നു?
13 ഇസ്രായേലിലെ ആദ്യരാജാവ്, ശൗൽ (8:1–12:25). ശമൂവേൽ യഹോവയുടെ സേവനത്തിൽ പ്രായാധിക്യത്തിലെത്തിയിരിക്കുന്നു, എന്നാൽ അവന്റെ പുത്രൻമാർ അവരുടെ പിതാവിന്റെ വഴികളിൽ നടക്കുന്നില്ല, എന്തുകൊണ്ടെന്നാൽ അവർ കൈക്കൂലി വാങ്ങുകയും ന്യായം മറിച്ചുകളയുകയും ചെയ്യുന്നു. ഈ സമയത്ത് ഇസ്രായേലിലെ പ്രായമുളള പുരുഷൻമാർ, “ആകയാൽ സകല ജാതികൾക്കുമുളളതുപോലെ, ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു” ആവശ്യപ്പെട്ടുകൊണ്ടു ശമൂവേലിനെ സമീപിക്കുന്നു. (8:5) വളരെ അസ്വസ്ഥനായി ശമൂവേൽ യഹോവയെ പ്രാർഥനയിൽ സമീപിക്കുന്നു. യഹോവ ഉത്തരം നൽകുന്നു: “അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു. . . . ആകയാൽ അവരുടെ അപേക്ഷ കേൾക്ക.” (8:7-9) എന്നിരുന്നാലും, ആദ്യം അവരുടെ മത്സരപൂർവകമായ അപേക്ഷയുടെ ദാരുണമായ പരിണതഫലങ്ങളെക്കുറിച്ചു ശമൂവേൽ അവർക്കു മുന്നറിയിപ്പുകൊടുത്തേ തീരൂ: സൈനികസന്നാഹം, നികുതി, സ്വാതന്ത്ര്യനഷ്ടം, ഒടുവിൽ കഠിനദുഃഖവും യഹോവയോടുളള നിലവിളിയും. തങ്ങളുടെ ഇച്ഛകളിൽനിന്നു പിൻമാറാതെ ജനം ഒരു രാജാവിനെ ആവശ്യപ്പെടുന്നു.
14. ശൗൽ രാജത്വത്തിൽ എങ്ങനെ സ്ഥിരീകരിക്കപ്പെടാനിടയാകുന്നു?
14 ഇപ്പോൾ നാം ബെന്യാമീൻഗോത്രത്തിലെ കീശിന്റെ ഒരു പുത്രനും ഇസ്രായേലിലെ അതിമനോഹരനും ഏററവും പൊക്കമുളള മനുഷ്യനുമായ ശൗലിനെ കണ്ടുമുട്ടുന്നു. അവൻ ശമൂവേലിന്റെ അടുക്കലേക്കു നയിക്കപ്പെടുന്നു, ശമൂവേൽ ഒരു വിരുന്നു നൽകി ശൗലിനെ ആദരിക്കുന്നു, അവനെ അഭിഷേകംചെയ്യുന്നു, മിസ്പയിലെ ഒരു സംഗമത്തിൽ സകല ഇസ്രായേലിനും അവനെ പരിചയപ്പെടുത്തുന്നു. ആദ്യം ശൗൽ സാമാനങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്നുവെങ്കിലും ഒടുവിൽ യഹോവ തിരഞ്ഞെടുത്തയാളായി അവതരിപ്പിക്കപ്പെടുന്നു. വീണ്ടും ഒരിക്കൽകൂടെ ശമൂവേൽ ഇസ്രായേലിനെ രാജധർമം ഓർമിപ്പിക്കുകയും ഒരു പുസ്തകത്തിൽ അതെഴുതുകയും ചെയ്യുന്നു. എന്നിരുന്നാലും, ഗിലെയാദിലെ യാബേശിന്റെമേലുളള ഉപരോധം നീക്കി അമ്മോന്യരുടെമേൽ വിജയം നേടുന്നതുവരെ ശൗലിന്റെ രാജസ്ഥാനം കരുത്താർജിക്കുന്നില്ല, അങ്ങനെ ജനം ഗിൽഗാലിൽവെച്ച് അവന്റെ രാജത്വത്തെ സ്ഥിരീകരിക്കുന്നു. വീണ്ടും, യഹോവയെ ഭയപ്പെടാനും സേവിക്കാനും അനുസരിക്കാനും ശമൂവേൽ അവരെ ഉദ്ബോധിപ്പിക്കുന്നു. കൊയ്ത്തുകാലത്തു കാലത്തിനുചേരാത്ത ഇടിമുഴക്കങ്ങളുടെയും മഴയുടെയും രൂപത്തിൽ ഒരു അടയാളം അയയ്ക്കാൻ അവൻ യഹോവയോട് അപേക്ഷിക്കുന്നു. ഭയാവഹമായ ഒരു പ്രകടനത്തിൽ, ഒരു രാജാവെന്ന നിലയിൽ തന്നെ നിരസിച്ചതിലുളള കോപം യഹോവ പ്രകടമാക്കുന്നു.
15. ഏതു ധിക്കാരപരമായ പാപം ശൗലിന്റെ പരാജയത്തിലേക്കു നയിക്കുന്നു?
15 ശൗലിന്റെ അനുസരണക്കേട് (13:1–15:35). ഫെലിസ്ത്യർ ഇസ്രായേലിനെ ഞെരുക്കുന്നതിൽ തുടരുമ്പോൾ ശൗലിന്റെ ധീരപുത്രനായ യോനാഥാൻ ഒരു ഫെലിസ്ത്യ കാവൽസേനയെ തോൽപ്പിക്കുന്നു. ഇതിനു പകരം വീട്ടാൻ ശത്രു എണ്ണത്തിൽ ‘കടൽപ്പുറത്തെ മണൽപോലെ’ ഒരു വലിയ സൈന്യത്തെ അയയ്ക്കുന്നു. അവർ മിക്മാശിൽ പാളയമടിക്കുന്നു. ഇസ്രായേല്യ അണികളിൽ അസ്വസ്ഥത വ്യാപകമാകുന്നു. ‘നമുക്കു യഹോവയുടെ മാർഗനിർദേശം നൽകുന്നതിനു ശമൂവേൽ വന്നിരുന്നെങ്കിൽ!’ ശമൂവേലിനുവേണ്ടി കാത്തിരിക്കുന്നതിൽ അക്ഷമനായി ശൗൽ ധിക്കാരപൂർവം സ്വയം ഹോമയാഗം അർപ്പിക്കുന്നു. പെട്ടെന്നു ശമൂവേൽ പ്രത്യക്ഷപ്പെടുന്നു. ശൗലിന്റെ മുടന്തൻ ന്യായങ്ങൾ തളളിക്കളഞ്ഞുകൊണ്ട് അവൻ യഹോവയുടെ ന്യായവിധി ഉച്ചരിക്കുന്നു: “ഇപ്പോഴോ നിന്റെ രാജത്വം നിലനിൽക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.”—13:14.
16. ശൗലിന്റെ എടുത്തുചാട്ടം ഏതു പ്രയാസങ്ങളിൽ കലാശിക്കുന്നു?
16 യോനാഥാൻ യഹോവയുടെ നാമത്തിനുവേണ്ടിയുളള തീക്ഷ്ണതയോടെ വീണ്ടും ഒരു ഫെലിസ്ത്യ സൈനികകേന്ദ്രത്തെ ആക്രമിക്കുന്നു, ഈ പ്രാവശ്യം അവന്റെ കവചവാഹകൻ മാത്രമാണു കൂടെയുളളത്. അവർ പെട്ടെന്ന് ഏതാണ്ട് 20 പേരെ വെട്ടിവീഴ്ത്തുന്നു. ഒരു ഭൂകമ്പം ശത്രുവിന്റെ അങ്കലാപ്പു വർധിപ്പിക്കുന്നു. അവർ തുരത്തപ്പെടുന്നു, ഇസ്രായേൽ നിർബാധം പിന്തുടരുന്നു. എന്നിരുന്നാലും, യുദ്ധം തീരുന്നതിനുമുമ്പു ഭക്ഷണംകഴിക്കരുതെന്നു യോദ്ധാക്കളെ വിലക്കിക്കൊണ്ടുളള ശൗലിന്റെ സാഹസികമായ പ്രതിജ്ഞയാൽ വിജയത്തിന്റെ പൂർണശക്തിക്കു കോട്ടംതട്ടുന്നു. പടയാളികൾ പെട്ടെന്നു ക്ഷീണിക്കുകയും രക്തം ഒഴുക്കിക്കളയാൻ സമയമെടുക്കാതെ, കൊന്ന ഉടനെ മാംസം തിന്നുകൊണ്ടു യഹോവക്കെതിരെ പാപം ചെയ്യുകയും ചെയ്യുന്നു. യോനാഥാനെസംബന്ധിച്ചാണെങ്കിൽ, പ്രതിജ്ഞയെക്കുറിച്ചു കേൾക്കുന്നതിനുമുമ്പ് ഒരു തേൻകൂട്ടിൽനിന്നു ഭക്ഷിച്ചുകൊണ്ട് അവൻ ഉൻമേഷം പ്രാപിച്ചിരുന്നു. അവൻ പ്രതിജ്ഞയെ ഒരു പ്രതിബന്ധമെന്ന നിലയിൽ ധീരമായി അപലപിക്കുന്നു. ഇസ്രായേലിൽ അവൻ വരുത്തിയ വലിയ രക്ഷനിമിത്തം ജനം അവനെ മരണത്തിൽനിന്നു വീണ്ടെടുക്കുന്നു.
17. ശൗലിന്റെ കൂടുതലായ ഏതു പരിത്യജനം അവന്റെ രണ്ടാമത്തെ ഗൗരവമായ പാപത്തെ തുടർന്നുണ്ടാകുന്നു?
17 ഇപ്പോൾ നിന്ദാർഹരായ അമാലേക്യർക്കെതിരെ യഹോവയുടെ ന്യായവിധി നടപ്പിലാക്കാനുളള സമയമായി. (ആവ. 25:17-19) അവർ പൂർണമായും തുടച്ചുനീക്കപ്പെടേണ്ടിയിരിക്കുന്നു. മനുഷ്യനെയോ മൃഗത്തെയോ ഒന്നിനെയും ഒഴിവാക്കാൻ പാടില്ല. കൊളള എടുക്കരുത്. സകലവും നശിപ്പിക്കപ്പെടണം. എന്നിരുന്നാലും, ശൗൽ അനുസരണമില്ലാതെ അമാലേക്യരാജാവായ ആഗാഗിനെയും യഹോവക്കു ബലികഴിക്കാനെന്ന മട്ടിൽ ആട്ടിൻകൂട്ടത്തിലും മാടുകളിലും ഏററവും നല്ലതിനെയും സംരക്ഷിക്കുന്നു. ഇത് ഇസ്രായേലിന്റെ ദൈവത്തെ വളരെ അപ്രീതിപ്പെടുത്തിയതുകൊണ്ടു ശൗലിനെ രണ്ടാംവട്ടം ത്യജിക്കാൻ അവൻ ശമൂവേലിനെ പ്രേരിപ്പിക്കുന്നു. മുഖംരക്ഷിക്കാനുളള ശൗലിന്റെ ഒഴികഴിവുകൾ അവഗണിച്ചുകൊണ്ടു ശമൂവേൽ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ, ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും . . . നല്ലതു. . . . നീ യഹോവയുടെ വചനത്തെ തളളിക്കളഞ്ഞതുകൊണ്ടു അവൻ നിന്നെയും രാജസ്ഥാനത്തിൽനിന്നു തളളിക്കളഞ്ഞിരിക്കുന്നു.” (1 ശമൂ. 15:22, 23) അപ്പോൾ ശൗൽ ശമൂവേലിനോടു കെഞ്ചിയപേക്ഷിക്കാൻ അടുക്കുകയും അവന്റെ മേലങ്കിയിൽനിന്നു വസ്ത്രാഞ്ചലം കീറുകയും ചെയ്യുന്നു. അത്രതന്നെ തീർച്ചയായി ശൗലിൽനിന്നു രാജ്യം പറിച്ചുകീറുകയും ഒരു മെച്ചപ്പെട്ട മനുഷ്യനു കൊടുക്കുകയും ചെയ്യുമെന്നു ശമൂവേൽ അവനോട് ഉറപ്പിച്ചുപറയുന്നു. ശമൂവേൽതന്നെ വാളെടുത്ത് ആഗാഗിനെ വധിക്കുകയും ശൗലിനെ ഇനിയൊരിക്കലും കാണാതിരിക്കാൻ തക്കവണ്ണം അവനു പുറംതിരിഞ്ഞുകളകയും ചെയ്യുന്നു.
18. യഹോവ ഏതടിസ്ഥാനത്തിൽ ദാവീദിനെ തിരഞ്ഞെടുക്കുന്നു?
18 ദാവീദിന്റെ അഭിഷേകം, അവന്റെ ശൂരത്വം (16:1–17:58). പിന്നീടു ഭാവിരാജാവിനെ തിരഞ്ഞെടുക്കാനും അഭിഷേകംചെയ്യാനും യെഹൂദയിലെ ബേത്ലഹേമിലുളള യിശ്ശായിയുടെ ഭവനത്തിലേക്കു ശമൂവേലിനെ നയിക്കുന്നു. യിശ്ശായിയുടെ പുത്രൻമാർ നിരീക്ഷണത്തിനുവേണ്ടി ഓരോരുത്തരായി കടന്നുപോകുകയും ത്യജിക്കപ്പെടുകയും ചെയ്യുന്നു. യഹോവ ശമൂവേലിനെ ഓർമിപ്പിക്കുന്നു: “മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.” (16:7) ഒടുവിൽ, ഏററവും ഇളയവനായ ദാവീദിനെ അംഗീകരിക്കുന്നതായി യഹോവ സൂചിപ്പിക്കുന്നു, അവൻ “പവിഴനിറമുളളവനും സുനേത്രനും കോമളരൂപിയും” എന്നു വർണിക്കപ്പെടുന്നു. ശമൂവേൽ അവനെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു. (16:12) ഇപ്പോൾ യഹോവയുടെ ആത്മാവ് ദാവീദിന്റെമേൽ വരുന്നു, എന്നാൽ ശൗൽ ഒരു ദുരാത്മാവു വളർത്തിയെടുക്കുന്നു.
19. ദാവീദ് ഏത് ആദ്യകാലവിജയം യഹോവയുടെ നാമത്തിൽ നേടുന്നു?
19 ഫെലിസ്ത്യർ വീണ്ടും ഇസ്രായേലിലേക്കു നുഴഞ്ഞുകയറുകയും ആറുമുഴവും ഒരു ചാണും [2.9 മീ.] പൊക്കമുളള ഒരു മല്ലനായ അവരുടെ വീരൻ ഗോലിയാത്തിനെ മുന്നോട്ടു കൊണ്ടുവരുകയും ചെയ്യുന്നു. അയാളുടെ പടച്ചട്ടക്ക് ഏതാണ്ട് 57 കിലോയും കുന്തത്തിന്റെ അലകിന് 6.8 കിലോയും തൂക്കമുണ്ടായിരിക്കത്തക്കവണ്ണം അയാൾ ഒരു രാക്ഷസനാണ്. (17:4, 5, 7) ഒരു മനുഷ്യനെ തിരഞ്ഞെടുക്കാനും പുറത്തുവന്നു പൊരുതാൻ അയാളെ അനുവദിക്കാനും ദൂഷകമായും പുച്ഛഭാവത്തിലും ഈ ഗോലിയാത്ത് ഇസ്രായേലിനെ ദിവസേന വെല്ലുവിളിക്കുന്നു, എന്നാൽ ആരും മറുപടി പറയുന്നില്ല. ശൗൽ തന്റെ കൂടാരത്തിൽ പേടിച്ചു വിറയ്ക്കുന്നു. എന്നിരുന്നാലും, ദാവീദ് ഫെലിസ്ത്യന്റെ പരിഹാസം കേൾക്കാനിടയാകുന്നു. ധർമരോഷത്തോടും പ്രചോദിതമായ ധൈര്യത്തോടുംകൂടെ ദാവീദ് ഉദ്ഘോഷിക്കുകയാണ്: “ജീവനുളള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ?” (17:26) താൻ മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്തതിനാൽ ദാവീദ് ശൗലിന്റെ പടച്ചട്ട നിരസിച്ചുകൊണ്ട് ഒരു ഇടയന്റെ വടിയും ഒരു കവിണയും മിനുസമുളള അഞ്ചു കല്ലുകളും കൊണ്ടു മാത്രം സജ്ജനായി യുദ്ധത്തിനു പുറപ്പെടുന്നു. ഈ ഇടയബാലനുമായി ഒരു ദ്വന്ദ്വയുദ്ധം നടത്തുന്നതു തന്റെ മാന്യതക്കു പോരായ്മയാണെന്നു കരുതിക്കൊണ്ടു ഗോലിയാത്ത് ദാവീദിനെ ശപിക്കുന്നു. ആത്മവിശ്വാസം തുടിക്കുന്ന മറുപടി മുഴങ്ങുന്നു: “നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുളള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.” (17:45) ദാവീദിന്റെ കവിണയിൽനിന്നു നന്നായി ഉന്നംപിടിച്ച് ഒരു കല്ലു പായിക്കുന്നു. ഫെലിസ്ത്യരുടെ വീരൻ നിലത്തു പിടച്ചുവീഴുന്നു! ഇരു സൈന്യങ്ങളും വ്യക്തമായി കാൺകെ ദാവീദ് അയാളുടെ അടുക്കലേക്ക് ഓടിച്ചെന്നു മല്ലന്റെ വാളൂരി അതിന്റെ ഉടമയുടെ തല ഛേദിക്കുന്നതിന് ഉപയോഗിക്കുന്നു. യഹോവയിൽനിന്നുളള എന്തൊരു മഹത്തായ വിടുതൽ! ഇസ്രായേൽ പാളയത്തിൽ എന്തൊരു സന്തോഷം! ഇപ്പോൾ തങ്ങളുടെ വീരൻ മരണമടഞ്ഞതോടെ ഫെലിസ്ത്യർ ഓട്ടമിടുന്നു, സന്തോഷഭരിതരായ ഇസ്രായേല്യർ വീറോടെ പിന്തുടരുന്നു.
20. ദാവീദിനോടുളള യോനാഥാന്റെ മനോഭാവം ശൗലിന്റേതിൽനിന്നു വ്യത്യസ്തമായിരിക്കുന്നതെങ്ങനെ?
20 ശൗൽ ദാവീദിനെ പിന്തുടരുന്നു (18:1–27:12). യഹോവയുടെ നാമത്തിനുവേണ്ടിയുളള ദാവീദിന്റെ നിർഭയമായ പ്രവർത്തനം അവന് ഒരു വിശിഷ്ടമായ സൗഹൃദം നേടിക്കൊടുക്കുന്നു. ഇതു യോനാഥാനുമായിട്ടാണ്, അവൻ ശൗലിന്റെ പുത്രനും സ്വാഭാവികമായി രാജ്യത്തിന്റെ അവകാശിയുമാണ്. യോനാഥാൻ ദാവീദിനെ “സ്വന്തപ്രാണനെപ്പോലെ സ്നേഹി”ക്കാൻ ഇടയാകുന്നു. തന്നിമിത്തം ഇരുവരും ഒരു സൗഹാർദ ഉടമ്പടി ഉണ്ടാക്കുന്നു. (18:1-3) ദാവീദിന്റെ ഖ്യാതി ഇസ്രായേലിൽ പ്രകീർത്തിക്കപ്പെടാനിടയാകുമ്പോൾ ശൗൽ കോപത്തോടെ അവനെ കൊല്ലാൻ ശ്രമിക്കുന്നു, തന്റെ മകളായ മീഖളിനെ അവനു വിവാഹംചെയ്തുകൊടുക്കുമ്പോൾ പോലും. ശൗലിന്റെ ശത്രുത അധികമധികം ഭ്രാന്തമായിത്തീരുന്നു. തന്നിമിത്തം ഒടുവിൽ ദാവീദ് യോനാഥാന്റെ സ്നേഹപൂർവകമായ സഹായത്തോടെ രക്ഷപ്രാപിക്കേണ്ടിവരുന്നു. പിരിയുമ്പോൾ രണ്ടുപേരും കരയുന്നു. “യഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി” എന്നു പറഞ്ഞുകൊണ്ടു യോനാഥാൻ ദാവീദിനോടുളള തന്റെ വിശ്വസ്തതക്കു വീണ്ടും ഉറപ്പുകൊടുക്കുന്നു.—20:42.
21. ഏതു സംഭവങ്ങൾ ശൗലിൽനിന്നുളള ദാവീദിന്റെ പലായനത്തിന് ഇടയാക്കുന്നു?
21 കുപിതനായ ശൗലിന്റെ അടുക്കൽനിന്ന് ഓടിപ്പോകുമ്പോൾ ദാവീദും അവന്റെ ക്ഷീണിതരായ സഹായികളുടെ ചെറുസംഘവും നോബിൽ വന്നെത്തുന്നു. ഇവിടെ ദാവീദും അവന്റെ ആളുകളും സ്ത്രീകളിൽനിന്നു ശുദ്ധരാണെന്ന് ഉറപ്പുലഭിക്കുമ്പോൾ പുരോഹിതനായ അഹീമേലെക്ക് വിശുദ്ധകാഴ്ചയപ്പം തിന്നാൻ അവരെ അനുവദിക്കുന്നു. ഇപ്പോൾ ഗോലിയാത്തിന്റെ വാളുമേന്തി ദാവീദ് ഫെലിസ്ത്യപ്രദേശത്തെ ഗത്തിലേക്ക് ഓടിപ്പോകുന്നു, അവിടെ അവൻ ഭ്രാന്തു നടിക്കുന്നു. പിന്നീട് അവൻ അദുല്ലാമിന്റെ ഗുഹയിലേക്കും അനന്തരം മോവാബിലേക്കും പിന്നീടു പ്രവാചകനായ ഗാദിന്റെ ഉപദേശപ്രകാരം തിരിച്ചു യെഹൂദാദേശത്തേക്കും പോകുന്നു. ദാവീദിന് അനുകൂലമായ ഒരു പ്രക്ഷോഭണത്തെ ഭയന്നു ഭ്രാന്തമായ അസൂയ നിറഞ്ഞ ശൗൽ ഏദോമ്യനായ ദോവേഗിനെക്കൊണ്ടു നോബിലെ പുരോഹിതരെയെല്ലാം സംഹരിപ്പിക്കുന്നു. അബ്യാഥാർ മാത്രമേ ദാവീദിനോടു ചേരാൻ രക്ഷപ്പെടുന്നുളളു. അവൻ ആ സംഘത്തിനു പുരോഹിതനായിത്തീരുന്നു.
22. ദാവീദ് എങ്ങനെ യഹോവയോടുളള വിശ്വസ്തതയും അവന്റെ സ്ഥാപനത്തോടുളള ആദരവും പ്രകടമാക്കുന്നു?
22 യഹോവയുടെ ഒരു വിശ്വസ്തദാസനെന്ന നിലയിൽ, ദാവീദ് ഇപ്പോൾ ഫെലിസ്ത്യർക്കെതിരെ ഫലപ്രദമായ ഒളിപ്പോർ നടത്തുന്നു. എന്നിരുന്നാലും ശൗൽ തന്റെ പടയാളികളെ കൂട്ടിവരുത്തി അവനെ വേട്ടയാടിപ്പിടിക്കാൻ തന്റെ സമഗ്രമായ ആക്രമണം “ഏൻ-ഗെദി മരുഭൂമിയിൽ” തുടരുന്നു. (24:1) യഹോവക്കു പ്രിയങ്കരനായ ദാവീദിന് എല്ലായ്പോഴും തന്നെ പിന്തുടരുന്നവർക്ക് ഒരു ചുവടു മുന്നിൽ നിൽക്കാൻ സാധിക്കുന്നു. ഒരു അവസരത്തിൽ അവനു ശൗലിനെ വധിക്കാൻ അവസരം ലഭിക്കുന്നു, എന്നാൽ അവൻ ഒഴിഞ്ഞുമാറുന്നു, ശൗലിന്റെ ജീവനെ രക്ഷിച്ചതിന്റെ തെളിവായി കേവലം അവന്റെ മേലങ്കിയുടെ അടിഭാഗം മുറിച്ചെടുത്തുകൊണ്ടുതന്നെ. ഈ നിരുപദ്രവകരമായ പ്രവൃത്തിപോലും ദാവീദിന്റെ ഹൃദയത്തെ മഥിക്കുന്നു, കാരണം താൻ യഹോവയുടെ അഭിഷിക്തനെതിരായി പ്രവർത്തിച്ചുവെന്ന് അവനു തോന്നുന്നു. അവനു യഹോവയുടെ സ്ഥാപനത്തോട് എത്ര നല്ല ബഹുമാനമാണുളളത്!
23. അബീഗയിൽ എങ്ങനെ ദാവീദുമായി സമാധാനം സ്ഥാപിക്കുകയും ഒടുവിൽ അവന്റെ ഭാര്യയായിത്തീരുകയും ചെയ്യുന്നു?
23 ഇപ്പോൾ ശമൂവേലിന്റെ മരണം രേഖപ്പെടുത്തുന്നുവെങ്കിലും (25:1) അവന്റെ പിൻഗാമിയായ എഴുത്തുകാരൻ രേഖയെ മുമ്പോട്ടു കൊണ്ടുപോകുന്നു. നാബാലിന്റെ ഇടയൻമാരോടു സൗഹൃദം പുലർത്തിയിരുന്നതിനു പ്രതിഫലമായി തനിക്കും തന്റെ ആൾക്കാർക്കും ഭക്ഷ്യം നൽകണമെന്നു യഹൂദയിലെ മാവോനിലുളള നാബാലിനോടു ദാവീദ് അപേക്ഷിക്കുന്നു. നാബാൽ ദാവീദിന്റെ ആൾക്കാരെ ‘ശകാരിച്ചു അയക്കുക’ മാത്രമാണു ചെയ്യുന്നത്. ദാവീദ് അവനെ ശിക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്നു. (25:14) നാബാലിന്റെ ഭാര്യയായ അബീഗയിൽ അപകടം തിരിച്ചറിഞ്ഞുകൊണ്ടു രഹസ്യമായി ദാവീദിനു ഭക്ഷണസാധനങ്ങൾ എത്തിച്ചുകൊടുത്ത് അവനെ പ്രീതിപ്പെടുത്തുന്നു. ഈ വിവേകപൂർണമായ പ്രവർത്തനത്തിനു ദാവീദ് അവളെ അനുഗ്രഹിച്ചു സമാധാനത്തോടെ തിരിച്ചയയ്ക്കുന്നു. നടന്ന സംഗതി അബീഗയിൽ നാബാലിനെ അറിയിക്കുമ്പോൾ അയാളുടെ ഹൃദയത്തിന് ആഘാതമേൽക്കുന്നു, പത്തുദിവസം കഴിഞ്ഞ് അയാൾ മരിക്കുന്നു. ദാവീദുതന്നെ ഇപ്പോൾ കാരുണ്യവതിയും സുന്ദരിയുമായ അബീഗയിലിനെ വിവാഹംകഴിക്കുന്നു.
24. ദാവീദ് വീണ്ടും ശൗലിന്റെ ജീവനെ രക്ഷിക്കുന്നത് എങ്ങനെ?
24 ശൗൽ മൂന്നാം പ്രാവശ്യം ദാവീദിനെ ഭ്രാന്തമായി വേട്ടയാടുന്നതിൽ വ്യാപൃതനാകുന്നു. ഒരിക്കൽകൂടെ അവൻ ദാവീദിന്റെ കരുണ അനുഭവിക്കുന്നു. “യഹോവയാൽ ഒരു ഗാഢനിദ്ര” ശൗലിന്റെമേലും അവന്റെ ആളുകളുടെമേലും വീഴുന്നു. ഇതു പാളയത്തിൽ പ്രവേശിക്കാനും ശൗലിന്റെ കുന്തം എടുക്കാനും ദാവീദിനെ പ്രാപ്തനാക്കുന്നു. എന്നാൽ അവൻ “യഹോവയുടെ അഭിഷിക്തന്റെമേൽ കൈ”വെക്കുന്നതിൽനിന്നു പിൻമാറിനിൽക്കുന്നു. (26:11, 12) രണ്ടാം പ്രാവശ്യവും സങ്കേതത്തിനായി ഫെലിസ്ത്യരുടെ അടുക്കലേക്ക് ഓടിപ്പോകാൻ ദാവീദ് നിർബന്ധിതനാകുന്നു. അവർ അവന് ഒരു വാസസ്ഥലമായി സിക്ലാഗ് കൊടുക്കുന്നു. ഇവിടെനിന്ന് അവൻ ഇസ്രായേലിന്റെ ശത്രുക്കളിൽപ്പെട്ട മററുളളവർക്കെതിരെ തന്റെ പ്രത്യാക്രമണം തുടരുന്നു.
25. ശൗൽ മൂന്നാമത് ഏതു ഗുരുതരമായ പാപം ചെയ്യുന്നു?
25 ശൗലിന്റെ ആത്മഹത്യാപരമായ അന്തം (28:1–31:13). ഫെലിസ്ത്യരുടെ സഖ്യപ്രഭുക്കൻമാർ ശൂനേമിലേക്ക് ഒരു സംയുക്തസൈന്യത്തെ നീക്കുന്നു. ഒരു എതിർനീക്കത്തിൽ ശൗൽ ഗിൽബോവപർവതത്തിൽ നിലയുറപ്പിക്കുന്നു. അവൻ ഭ്രാന്തമായി മാർഗനിർദേശം തേടുന്നു, എന്നാൽ അവനു യഹോവയിൽനിന്ന് ഉത്തരംനേടാൻ കഴിയുന്നില്ല. ശമൂവേലുമായി സമ്പർക്കം പുലർത്തിയിരുന്നെങ്കിൽ! ഫെലിസ്ത്യ അണികൾക്കു പിന്നിൽ വേഷപ്രച്ഛന്നനായി ഏൻ-ദോരിൽ ഒരു ആത്മമധ്യവർത്തിയെ അന്വേഷിക്കാൻ പോകുമ്പോൾ ശൗൽ മറെറാരു ഗുരുതരമായ പാപംചെയ്യുന്നു. അവളെ കണ്ടെത്തിയപ്പോൾ അവൻ തനിക്കുവേണ്ടി ശമൂവേലുമായി സമ്പർക്കം പുലർത്താൻ അവളോട് അപേക്ഷിക്കുന്നു. നിഗമനങ്ങളിലേക്ക് എടുത്തുചാടാനുളള ആകാംക്ഷയാൽ മായാരൂപം മരിച്ച ശമൂവേൽ ആണെന്നു ശൗൽ സങ്കൽപ്പിക്കുന്നു. എന്നിരുന്നാലും “ശമൂവേലിനു” രാജാവിനുവേണ്ടി ആശ്വാസകരമായ ദൂത് ഇല്ല. നാളെ അവൻ മരിക്കും, യഹോവയുടെ വാക്കുകൾക്കു ചേർച്ചയിൽ രാജ്യം അവനിൽനിന്ന് എടുക്കപ്പെടും. മറേറ പാളയത്തിൽ ഫെലിസ്ത്യരുടെ സഖ്യപ്രഭുക്കൻമാർ യുദ്ധത്തിനു കയറിപ്പോകുകയാണ്. ദാവീദിനെയും അവന്റെ ആളുകളെയും അവരുടെ കൂട്ടത്തിൽ കണ്ടപ്പോൾ അവർ സംശയാലുക്കളായി അവരെ വീട്ടിലേക്ക് അയയ്ക്കുന്നു. കൃത്യസമയത്തുതന്നെ ദാവീദിന്റെ ആളുകൾ സിക്ലാഗിൽ തിരിച്ചെത്തുന്നു! അമാലേക്യരുടെ ഒരു ആക്രമണസംഘം ദാവീദിന്റെയും അവന്റെ ആളുകളുടെയും കുടുംബത്തെയും സ്വത്തുക്കളെയും അപഹരിച്ചുകൊണ്ടു കടന്നുകളഞ്ഞിരിക്കുന്നു. എന്നാൽ ദാവീദും അവന്റെ ആളുകളും അനുധാവനംചെയ്യുന്നു, എല്ലാം ഹാനികൂടാതെ വീണ്ടെടുക്കുന്നു.
26. ഇസ്രായേലിന്റെ ആദ്യരാജാവിന്റെ അനർഥകരമായ വാഴ്ച എങ്ങനെ അവസാനിക്കുന്നു?
26 ഇപ്പോൾ ഗിൽബോവപർവതത്തിൽ യുദ്ധം നടക്കുന്നു. ഇസ്രായേലിനു വിപത്കരമായ പരാജയം ഭവിക്കുന്നു. ഫെലിസ്ത്യർക്കു ദേശത്തിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളുടെ നിയന്ത്രണം ലഭിക്കുന്നു. യോനാഥാനും ശൗലിന്റെ മററു പുത്രൻമാരും കൊല്ലപ്പെടുന്നു, മാരകമായി മുറിവേററ ശൗൽ സ്വന്തം വാൾകൊണ്ടു തന്നേത്തന്നെ കൊല്ലുന്നു—ഒരു ആത്മഹത്യ. ജയം നേടിയ ഫെലിസ്ത്യർ ശൗലിന്റെയും അവന്റെ മൂന്നു പുത്രൻമാരുടെയും മൃതശരീരങ്ങൾ ബേത്-ശാൻ നഗരത്തിന്റെ മതിലുകളിൻമേൽ തൂക്കുന്നു. എന്നാൽ യാബേശ്-ഗിലെയാദിലെ ആളുകൾ ഈ അപമാനകരമായ നിലയിൽനിന്ന് അവ നീക്കംചെയ്യുന്നു. ഇസ്രായേലിലെ ആദ്യരാജാവിന്റെ അനർഥകരമായ വാഴ്ച അതിന്റെ വിപത്കരമായ അന്ത്യത്തിലെത്തിയിരിക്കുന്നു.
എന്തുകൊണ്ടു പ്രയോജനപ്രദം
27. (എ) ഏലിയും ശൗലും എവിടെ പരാജയപ്പെട്ടു? (ബി) ശമൂവേലും ദാവീദും ഏതു വശങ്ങളിൽ മേൽവിചാരകൻമാർക്കും യുവശുശ്രൂഷകർക്കും നല്ല മാതൃകകളാണ്?
27 ഒന്നു ശമൂവേലിൽ എന്തൊരു ചരിത്രമാണ് അടങ്ങിയിരിക്കുന്നത്! സകല വിശദാംശങ്ങളിലും തികച്ചും സത്യസന്ധതയോടെ അത് ഒരേ സമയം ഇസ്രായേലിന്റെ ദൗർബല്യത്തെയും ബലത്തെയും തുറന്നുകാട്ടുന്നു. ഇസ്രായേലിലെ നാലു നേതാക്കൻമാരാണ് ഇവിടെയുളളത്, രണ്ടുപേർ ദൈവത്തിന്റെ നിയമം അനുസരിച്ചവരും രണ്ടുപേർ അനുസരിക്കാഞ്ഞവരും. ഏലിയും ശൗലും എങ്ങനെ പരാജയമായിരുന്നുവെന്നതു ശ്രദ്ധിക്കുക: ആദ്യത്തെയാൾ പ്രവർത്തിക്കാൻ ഉദാസീനത കാട്ടി. ഒടുവിലത്തെയാൾ ധിക്കാരപൂർവം പ്രവർത്തിച്ചു. മറിച്ച്, ശമൂവേലും ദാവീദും തങ്ങളുടെ ബാല്യംമുതൽ യഹോവയുടെ വഴിയോടു സ്നേഹം പ്രകടമാക്കി. അവർ അതനുസരിച്ച് അഭിവൃദ്ധിപ്പെട്ടു. ഇവിടെ എല്ലാ മേൽവിചാരകൻമാർക്കുംവേണ്ടി എത്ര വിലപ്പെട്ട പാഠങ്ങളാണു നാം കാണുന്നത്! ഇവർ ദൃഢതയുളളവരും യഹോവയുടെ സ്ഥാപനത്തിലെ ശുദ്ധിയും ക്രമവും സംബന്ധിച്ച് ഉണർവുളളവരും അവന്റെ ക്രമീകരണങ്ങളോട് ആദരവുളളവരും നിർഭയരും സത്യസന്ധമായ പ്രകൃതമുളളവരും ധീരരും മററുളളവരോടു സ്നേഹപുരസ്സരമായ പരിഗണനയുളളവരുമായിരിക്കേണ്ടത് എത്ര ആവശ്യമാണ്! (2:23-25; 24:5, 7; 18:5, 14-16) വിജയപ്രദരായിരുന്ന രണ്ടുപേർക്കും ബാല്യംമുതൽ ലഭിച്ച ദിവ്യാധിപത്യ പരിശീലനത്തിന്റെ പ്രയോജനമുണ്ടായിരുന്നുവെന്നും അവർ യഹോവയുടെ ദൂതു സംസാരിക്കുന്നതിലും തങ്ങളെ ഭരമേൽപ്പിച്ച താത്പര്യങ്ങൾ പരിരക്ഷിക്കുന്നതിലും ബാല്യപ്രായംമുതൽതന്നെ ധൈര്യശാലികളായിരുന്നുവെന്നും കൂടെ ഗൗനിക്കുക. (3:19; 17:33-37) യഹോവയുടെ സകല യുവ ആരാധകരും ഇന്നു യുവ “ശമൂവേൽമാരും” “ദാവീദുമാരും” ആയിത്തീരട്ടെ!
28. അനുസരണത്തെ എങ്ങനെ ഊന്നിപ്പറയുന്നു, ഒന്നു ശമൂവേലിലെ ഏതു ബുദ്ധ്യുപദേശം മററു ബൈബിളെഴുത്തുകാർ പിൽക്കാലത്ത് ആവർത്തിക്കുന്നു?
28 ഈ പുസ്തകത്തിലെ പ്രയോജനകരമായ സകല വാക്കുകളുടെയും കൂട്ടത്തിൽ വ്യക്തമായി ഓർത്തിരിക്കേണ്ടതാണ് “അമാലേക്കിന്റെ ഓർമ്മയെ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകള”യുന്നതിലെ പരാജയം നിമിത്തം ശൗലിനെ ന്യായംവിധിച്ചുകൊണ്ട് ഉച്ചരിക്കാൻ യഹോവ ശമൂവേലിനെ നിശ്വസ്തമാക്കിയ വാക്കുകൾ. (ആവ. 25:19) ‘അനുസരണം യാഗത്തെക്കാൾ മെച്ചമാണ്’ എന്ന പാഠം ഹോശേയ 6:6; മീഖാ 6:6-8, മർക്കൊസ് 12:33 എന്നിവിടങ്ങളിൽ വിവിധ പശ്ചാത്തലങ്ങളിൽ ആവർത്തിക്കുന്നുണ്ട്. (1 ശമൂ. 15:22) നാം നമ്മുടെ ദൈവമായ യഹോവയുടെ ശബ്ദം തികച്ചും പൂർണമായി അനുസരിച്ചുകൊണ്ട് ഈ നിശ്വസ്തരേഖയിൽനിന്ന് ഇന്നു പ്രയോജനം അനുഭവിക്കേണ്ടത് അത്യന്താപേക്ഷിതമാണ്! രക്തത്തിന്റെ പവിത്രതയെ അംഗീകരിക്കുന്നതിലുളള അനുസരണവും 1 ശമൂവേൽ 14:32, 33-ൽ നമ്മുടെ ശ്രദ്ധയിലേക്കു വരുത്തുന്നു. രക്തം ശരിയായി ചോർത്തിക്കളയാതെ മാംസം ഭക്ഷിക്കുന്നതു ‘യഹോവയോടു പാപം ചെയ്യലായി’ കരുതപ്പെട്ടു. പ്രവൃത്തികൾ 15:28, 29-ൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ, ഇതു ക്രിസ്തീയ സഭയ്ക്കും ബാധകമാകുന്നു.
29. ഒന്നു ശമൂവേൽ ഇസ്രായേലിന്റെ ഭാഗത്തെ ഏതു ദേശീയ അകൃത്യത്തിന്റെ പരിണതഫലത്തെ ഉദാഹരിക്കുന്നു, തന്നിഷ്ടക്കാർക്ക് എന്തു മുന്നറിയിപ്പോടെ?
29 ഒന്നു ശമൂവേൽ എന്ന പുസ്തകം സ്വർഗത്തിൽനിന്നുളള യഹോവയുടെ ഭരണാധിപത്യത്തെ അപ്രായോഗികമെന്നു വീക്ഷിക്കാനിടയായ ഒരു ജനതയുടെ പരിതാപകരമായ തെററിനെ ഉദാഹരണസഹിതം വിശദമാക്കുന്നു. (1 ശമൂ. 8:5, 19, 20; 10:18, 19) മാനുഷ ഭരണാധിപത്യത്തിന്റെ വീഴ്ചകളും വ്യർഥതയും സുവ്യക്തമായും പ്രാവചനികമായും ചിത്രീകരിക്കപ്പെടുന്നു. (8:11-18; 12:1-17) ശൗൽ തുടക്കത്തിൽ ദൈവാത്മാവുണ്ടായിരുന്ന വിനീതനായ ഒരു മനുഷ്യനായി പ്രകടമാക്കപ്പെടുന്നു. (9:21; 11:6), എന്നാൽ അവന്റെ നീതിസ്നേഹവും ദൈവത്തിലുളള വിശ്വാസവും കുറഞ്ഞപ്പോൾ വിവേചന മങ്ങുകയും ഹൃദയം കഠിനമാകുകയും ചെയ്തു. (14:24, 29, 44) അവന്റെ തീക്ഷ്ണതയുടെ ആദ്യകാല രേഖ, തന്റെ ധിക്കാരത്തിന്റെയും അനുസരണക്കേടിന്റെയും ദൈവത്തിലുളള അവിശ്വാസത്തിന്റെയും പ്രവൃത്തികളുടെ പിൽക്കാലരേഖയാൽ ദുർബലമാക്കപ്പെട്ടു. (1 ശമൂ. 13:9; 15:9; 28:7; യെഹെ. 18:24) അവന്റെ വിശ്വാസരാഹിത്യം അരക്ഷിതത്വം, അസൂയ, പക, കൊലപാതകം എന്നിവ രൂക്ഷമാക്കി. (1 ശമൂ.18:9, 11; 20:33; 22:18, 19) അവൻ ജീവിച്ചിരുന്നപ്പോൾ എങ്ങനെയോ അങ്ങനെതന്നെയായിരുന്നു മരിച്ചപ്പോഴും—തന്റെ ദൈവത്തിനും ജനത്തിനും ഒരു പരാജയം, തന്നെപ്പോലെ “തന്നിഷ്ടക്കാരൻ” ആയിത്തീർന്നേക്കാവുന്ന ഏതൊരാൾക്കും ഒരു മുന്നറിയിപ്പ്.—2 പത്രൊ. 2:10-12.
30. ആധുനികകാല ശുശ്രൂഷകർക്കു ശമൂവേലിന്റെ ഏതു ഗുണങ്ങൾ പ്രയോജനകരമായി നട്ടുവളർത്താവുന്നതാണ്?
30 എന്നിരുന്നാലും, നല്ലവരുടെ മറുവശവുമുണ്ട്. ദൃഷ്ടാന്തത്തിന്, ചതിയോ പക്ഷപാതമോ സ്വജനപ്രീതിയോ കൂടാതെ തന്റെ ആയുഷ്കാലം മുഴുവൻ ഇസ്രായേലിനെ സേവിച്ച വിശ്വസ്തനായ ശമൂവേലിന്റെ പ്രവർത്തനഗതി പരിചിന്തിക്കുക. (1 ശമൂ. 12:3-5) അവൻ ബാല്യംമുതൽ അനുസരിക്കാൻ ആകാംക്ഷയുളളവനായിരുന്നു (3:5), മര്യാദക്കാരനും ആദരവുളളവനും (3:6-8), കടമകൾ നിർവഹിക്കുന്നതിൽ ആശ്രയയോഗ്യനും (3:15), സമർപ്പണത്തിലും ഭക്തിയിലും വ്യതിചലിക്കാത്തവനും (7:3-6; 12:2), ശ്രദ്ധിക്കാൻ സന്നദ്ധനും (8:21), യഹോവയുടെ തീരുമാനങ്ങളെ മുറുകെപ്പിടിക്കാൻ ഒരുക്കമുളളവനും (10:24), വ്യക്തികളെ പരിഗണിക്കാതെ തന്റെ ന്യായവിധിയിൽ ദൃഢതയുളളവനും (13:13), അനുസരണത്തിന്റെ കാര്യത്തിൽ ഉറച്ചവനും (15:22), ഒരു ദൗത്യം നിറവേററുന്നതിൽ സ്ഥിരോത്സാഹിയും (16:6, 11) ആയിരുന്നു. അവൻ മററുളളവരിൽനിന്ന് ഒരു അനുകൂലസാക്ഷ്യം ലഭിച്ചവനുമായിരുന്നു. (2:26; 9:6) അവന്റെ ബാല്യകാല ശുശ്രൂഷ ഇന്നു ശുശ്രൂഷ കൈയേൽക്കാൻ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കണമെന്നു മാത്രമല്ല (2:11, 18), തന്റെ ആയുസ്സിന്റെ അന്ത്യത്തോളമുളള അവിരാമമായ തുടരൽ പ്രായാധിക്യത്താൽ പരിക്ഷീണരായവരെ പിന്താങ്ങുകയും ചെയ്യേണ്ടതാണ്.—7:15.
31. യോനാഥാൻ എന്തിൽ നല്ല മാതൃകയായിരിക്കുന്നു?
31 ഇനി യോനാഥാന്റെ വിശിഷ്ടമായ മാതൃകയുണ്ട്. തനിക്ക് അവകാശമായി കിട്ടുമായിരുന്ന രാജത്വത്തിനു ദാവീദിനെ അഭിഷേകംചെയ്തുവെന്ന വസ്തുതയിൽ അവൻ വൈരാഗ്യം കാട്ടിയില്ല. പകരം, അവൻ ദാവീദിന്റെ നല്ല ഗുണങ്ങളെ അംഗീകരിച്ച് അവനുമായി ഒരു സൗഹൃദ ഉടമ്പടി ഉണ്ടാക്കുന്നു. അത്തരം നിസ്വാർഥ സഖിത്വങ്ങൾക്ക് ഇന്നു യഹോവയെ വിശ്വസ്തമായി സേവിക്കുന്നവരുടെ ഇടയിൽ അത്യന്തം കെട്ടുപണി ചെയ്യുന്നതും പ്രോത്സാഹജനകവുമായിരിക്കാൻ കഴിയും.—23:16-18.
32. ഹന്നാ, അബീഗയിൽ എന്നീ സ്ത്രീകളിൽ ഏതു നല്ല സ്വഭാവവിശേഷങ്ങൾ നിരീക്ഷിക്കാനുണ്ട്?
32 സ്ത്രീകൾക്കു ഹന്നായുടെ മാതൃകയുണ്ട്, അവൾ യഹോവയുടെ ആരാധനാസ്ഥലത്തേക്കു തന്റെ ഭർത്താവുമൊത്തു ക്രമമായി പോകുമായിരുന്നു. അവൾ പ്രാർഥനാനിരതയും വിനീതയുമായ ഒരു സ്ത്രീയായിരുന്നു, അവൾ തന്റെ വാക്കു പാലിക്കുന്നതിനും യഹോവയുടെ ദയയോടുളള വിലമതിപ്പു പ്രകടമാക്കുന്നതിനും തന്റെ പുത്രനോടുളള സംസർഗം ഉപേക്ഷിച്ചു. യഹോവക്കായുളള ആയുഷ്കാല വിശ്വസ്തസേവനത്തിൽ അവൻ ഏർപ്പെടുന്നതു കാണുന്നതിൽ അവളുടെ പ്രതിഫലം തീർച്ചയായും അതിവിശിഷ്ടമായിരുന്നു. (1:11, 21-23, 27, 28) കൂടാതെ, അബീഗയിലിന്റെ ദൃഷ്ടാന്തവുമുണ്ടായിരുന്നു, അവൾ ദാവീദിന്റെ പ്രശംസ പിടിച്ചുപററിയ സ്ത്രീസഹജ കീഴ്വഴക്കവും സുബോധവും പ്രകടമാക്കി, തന്നിമിത്തം അവൾ പിന്നീട് അവന്റെ ഭാര്യയായിത്തീർന്നു.—25:32-35.
33. ദാവീദിന്റെ നിർഭയ സ്നേഹവും വിശ്വസ്തതയും ഏതു ഗതിക്കു നമ്മെ പ്രേരിപ്പിക്കണം?
33 യഹോവയോടുളള ദാവീദിന്റെ സ്നേഹം, പിൻമാററത്തിലേക്കു പൊയ്ക്കൊണ്ടിരുന്ന “യഹോവയുടെ അഭിഷിക്ത”നായ ശൗൽ തന്നെ വേട്ടയാടിക്കൊണ്ടിരുന്നപ്പോൾ ദാവീദു രചിച്ച സങ്കീർത്തനങ്ങളിൽ ഹൃദയസ്പൃക്കായി പ്രകാശിപ്പിച്ചിട്ടുണ്ട്. (1 ശമൂ. 24:6; സങ്കീ. 34:7, 8; 52:8; 57:1, 7, 9) പരിഹാസിയായ ഗോലിയാത്തിനെ വെല്ലുവിളിച്ചപ്പോൾ എത്ര ഹൃദയംഗമമായ വിലമതിപ്പോടെയാണു ദാവീദ് യഹോവയുടെ നാമത്തെ വിശുദ്ധീകരിച്ചത്! “ഞാനോ നീ നിന്ദിച്ചിട്ടുളള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു. യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിക്കും . . . യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും. യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവെക്കുളളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.” (1 ശമൂ. 17:45-47) യഹോവയുടെ ധീരനും വിശ്വസ്തനുമായ ‘അഭിഷിക്തനായ’ ദാവീദ് സർവഭൂമിയുടെയും ദൈവവും രക്ഷയുടെ ഏക ഉറവുമെന്ന നിലയിൽ യഹോവയെ മഹിമപ്പെടുത്തി. (2 ശമൂ. 22:51) നമുക്ക് ഈ ഭയരഹിതമായ മാതൃക എക്കാലവും പിന്തുടരാം!
34. യഹോവയുടെ രാജ്യോദ്ദേശ്യങ്ങൾ ദാവീദിനോടുളള ബന്ധത്തിൽ കൂടുതലായി ഇതൾ വിരിയുന്നത് എങ്ങനെ?
34 ദൈവത്തിന്റെ രാജ്യോദ്ദേശ്യങ്ങളുടെ വികാസത്തെക്കുറിച്ച് ഒന്നു ശമൂവേലിന് എന്തു പറയാനുണ്ട്? ഹാ, ഇത് ഈ ബൈബിൾപുസ്തകത്തിന്റെ യഥാർഥ സവിശേഷതയിലേക്കു നമ്മെ എത്തിക്കുന്നു! പേരിനു “പ്രിയൻ” എന്നർഥമുണ്ടായിരിക്കാനിടയുളള ദാവീദിനെ നാം കാണുന്നത് ഇവിടെയാണ്. ദാവീദ് യഹോവയുടെ പ്രിയനും ഇസ്രായേലിൽ രാജാവായിരിക്കാൻ യോഗ്യതയുളള, “തനിക്കു ബോധിച്ച ഒരു പുരുഷ”നായി തിരഞ്ഞെടുക്കപ്പെട്ടവനുമായിരുന്നു. (1 ശമൂ. 13:14) അങ്ങനെ രാജ്യം, ഉല്പത്തി 49:9, 10-ലെ യാക്കോബിന്റെ അനുഗ്രഹത്തിന് അനുയോജ്യമായി യഹൂദാഗോത്രത്തിലേക്കു കൈമാറി, അങ്ങനെ സകല ജനത്തിന്റെയും അനുസരണം ഉണ്ടാകുവാനുളള ഭരണാധികാരി വരുന്നതുവരെ രാജത്വം യഹൂദാഗോത്രത്തിൽ സ്ഥിതിചെയ്യേണ്ടതായിരുന്നു.
35. ദാവീദിന്റെ പേർ രാജ്യസന്തതിയുടേതിനോടു ബന്ധപ്പെടാൻ ഇടയായതെങ്ങനെ, ദാവീദിന്റെ ഏതു ഗുണങ്ങൾ ആ സന്തതി ഇനി പ്രകടമാക്കും?
35 തന്നെയുമല്ല, ദാവീദിന്റെ നാമം രാജ്യസന്തതിയോടു ബന്ധപ്പെട്ടിരിക്കുന്നു, സന്തതിയും ബേത്ലഹേമിൽ ജനിച്ചു, ദാവീദിന്റെ വംശത്തിൽത്തന്നെ. (മത്താ. 1:1, 6; 2:1; 21:9, 15) ആ ഒരുവൻ മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തുവാണ്, “യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ”—“ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവും”തന്നെ. (വെളി. 5:5; 22:16) ഈ “ദാവീദുപുത്രൻ” രാജ്യാധികാരത്തിൽ വാണുകൊണ്ടു ദൈവത്തിന്റെ ശത്രുക്കൾ വീഴുന്നതുവരെ പോരാടുന്നതിലും സർവഭൂമിയിലും യഹോവയുടെ നാമം വിശുദ്ധീകരിക്കുന്നതിലും തന്റെ വിശ്രുതനായ പൂർവപിതാവിന്റെ സകല സ്ഥിരതയും ധൈര്യവും പ്രകടമാക്കുന്നതായിരിക്കും. ഈ രാജ്യസന്തതിയിലുളള നമ്മുടെ വിശ്വാസം എത്ര ശക്തം!
[അടിക്കുറിപ്പുകൾ]
a അവസാന കുരിശുയുദ്ധത്തിന്റെ വീരകഥ, (ഇംഗ്ലീഷ്) 1923, മേജർ വിവിയൻ ഗിൽബർട്ട്, പേജുകൾ 183-6.