ബൈബിൾ പുസ്തക നമ്പർ 15—എസ്രാ
എഴുത്തുകാരൻ: എസ്രാ
എഴുതിയ സ്ഥലം: യെരുശലേം
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 460
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 537–ഏകദേശം 467
1. ഏതു പ്രവചനങ്ങൾ യെരുശലേമിന്റെ പുനഃസ്ഥാപനത്തിന് ഉറപ്പുകൊടുത്തു?
പ്രവചിക്കപ്പെട്ടിരുന്ന, ബാബിലോന്റെ കീഴിലെ യെരുശലേമിന്റെ 70 വർഷത്തെ ശൂന്യകാലത്തിന്റെ അന്ത്യം അടുത്തുവരികയായിരുന്നു. ഒരിക്കലും ബന്ദികളെ വിട്ടയയ്ക്കുകയില്ലെന്നുളളതു ബാബിലോന്റെ കീർത്തിയായിരുന്നു എന്നതു സത്യംതന്നെ, എന്നാൽ യഹോവയുടെ വചനം ബാബിലോന്യ ബലത്തെക്കാൾ ശക്തിയേറിയതാണെന്നു തെളിയുമായിരുന്നു. യഹോവയുടെ ജനത്തിന്റെ വിമോചനം ദൃഷ്ടിപഥത്തിലായിരുന്നു. നിലംപരിചാക്കപ്പെട്ടിരുന്ന യഹോവയുടെ ആലയം പുനർനിർമിക്കപ്പെടും, യഹോവയുടെ യാഗപീഠം വീണ്ടും പാപപരിഹാരബലികൾ സ്വീകരിക്കും. യെരുശലേം വീണ്ടും യഹോവയുടെ സത്യാരാധകന്റെ ഉദ്ഘോഷവും സ്തുതിയും അറിയും. യിരെമ്യാവു ശൂന്യകാലത്തിന്റെ ദൈർഘ്യം പ്രവചിച്ചിരുന്നു. ബന്ദികളുടെ വിമോചനം എങ്ങനെ സാധിക്കുമെന്നു യെശയ്യാവു പ്രവചിച്ചിരുന്നു. ‘യഹോവയുടെ ഇടയൻ’ എന്ന നിലയിൽ പേർഷ്യയിലെ കോരേശിന്റെ പേർപോലും യെശയ്യാവു പറഞ്ഞിരുന്നു, അവനായിരിക്കും ബൈബിൾചരിത്രത്തിലെ മൂന്നാം ലോകശക്തിയെന്ന നിലയിൽനിന്ന് അഹങ്കാരിയായ ബാബിലോനെ മറിച്ചിടുന്നത്.—യെശ. 44:28; 45:1, 2; യിരെ. 25:12.
2. എപ്പോൾ, ഏതു സാഹചര്യങ്ങളിൽ, ബാബിലോൻ നിപതിച്ചു?
2 പൊ.യു.മു. 539 ഒക്ടോബർ 5-ലെ (ഗ്രിഗോറിയൻ പഞ്ചാംഗം) രാത്രിയിൽ ബാബിലോന്യരാജാവായ ബേൽശസ്സരും അവന്റെ മഹത്തുക്കളും കൂടെ തങ്ങളുടെ ഭൂതദൈവങ്ങളുടെ ബഹുമാനാർഥം കുടിച്ചുകൊണ്ടിരിക്കെ, ബാബിലോനെ വിപത്തു ബാധിച്ചു. തങ്ങളുടെ പുറജാതീയ ഭോഗാസക്തി വർധിപ്പിച്ചുകൊണ്ട് അവർ മദ്യലഹരിക്കുളള പാനപാത്രങ്ങളായി യഹോവയുടെ ആലയത്തിൽനിന്നുളള വിശുദ്ധപാത്രങ്ങൾ ഉപയോഗിക്കുകയായിരുന്നു! പ്രവചനം നിവർത്തിക്കുന്നതിനു കോരേശ് അന്നു രാത്രി ബാബിലോന്യചുവരുകൾക്കു പുറത്തുണ്ടായിരുന്നത് എത്ര ഉചിതമായിരുന്നു!
3. കോരേശിനാലുളള ഏതു വിളംബരം യെരുശലേമിന്റെ ശൂന്യമാക്കലിനുശേഷം കൃത്യം 70 വർഷം കഴിഞ്ഞു യഹോവയുടെ ആരാധന പുനഃസ്ഥാപിക്കുക സാധ്യമാക്കി?
3 പൊ.യു.മു. 539 എന്ന ഈ തീയതി ഒരു ആധാരത്തീയതിയാണ്, അതായതു മതേതരവും ബൈബിൾപരവുമായ ചരിത്രവുമായി അനുരൂപപ്പെടുത്താവുന്ന ഒരു തീയതിയാണ്. ബാബിലോന്യ ഭരണാധികാരിയെന്ന നിലയിലുളള തന്റെ ആദ്യ സംവത്സരത്തിൽ കോരേശ് യഹോവയുടെ ആലയം പുനർനിർമിക്കുന്നതിനു യെരുശലേമിലേക്കു പോകാൻ യഹൂദൻമാരെ അധികാരപ്പെടുത്തിക്കൊണ്ടു തന്റെ “രാജ്യത്തെല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി.” തെളിവനുസരിച്ച് ഈ കൽപ്പന പുറപ്പെടുവിച്ചതു പൊ.യു.മു. 538-ന്റെ ഒടുവിലോ പൊ.യു.മു. 537-ന്റെ പ്രാരംഭത്തിലോ ആയിരുന്നു.a ഒരു വിശ്വസ്ത ശേഷിപ്പു കാലക്രമത്തിൽ യാഗപീഠം സ്ഥാപിക്കുന്നതിനും പൊ.യു.മു. 537 എന്ന വർഷത്തിന്റെ “ഏഴാം മാസത്തിൽ” (സെപ്ററംബർ-ഒക്ടോബറിനോട് ഒത്തുവരുന്ന തിസ്രി) ആദ്യ യാഗങ്ങളർപ്പിക്കുന്നതിനും യെരുശലേമിലേക്കു തിരിച്ചു യാത്രചെയ്തു—നെബുഖദ്നേസറിനാലുളള യഹൂദയുടെയും യെരുശലേമിന്റെയും ശൂന്യകാലശേഷം ആ മാസംവരെ 70 വർഷംതന്നെ.—എസ്രാ 1:1-3; 3:1-6.
4. (എ) എസ്രായുടെ പുസ്തകത്തിന്റെ പശ്ചാത്തലം എന്താണ്, അത് ആർ എഴുതി? (ബി) എസ്രാ എപ്പോഴാണ് എഴുതപ്പെട്ടത്, അത് ഏതു കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു?
4 പുനഃസ്ഥാപനം! ഇതാണ് എസ്രായുടെ പുസ്തകത്തിന്റെ പശ്ചാത്തലം. 7-ാം അധ്യായം 27-ാം വാക്യം മുതൽ 9-ാം അധ്യായം വരെയുളള വിവരണത്തിലെ പ്രഥമപുരുഷസർവനാമത്തിന്റെ ഉപയോഗം എഴുത്തുകാരൻ എസ്രാ ആണെന്നു വ്യക്തമായി പ്രകടമാക്കുന്നു. “മോശെയുടെ ന്യായപ്രമാണത്തിന്റെ ഒരു വിദഗ്ധ പകർപ്പെഴുത്തുകാര”നും ‘യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അത് അനുഷ്ഠിക്കാനും പഠിപ്പിക്കാനും തന്റെ ഹൃദയത്തെ ഒരുക്കിയ’ പ്രായോഗിക വിശ്വാസമുളള ഒരു മനുഷ്യനുമെന്ന നിലയിൽ എസ്രാ ഈ ചരിത്രം രേഖപ്പെടുത്തുന്നതിനു നല്ല യോഗ്യതയുളളവനായിരുന്നു, അവൻ ദിനവൃത്താന്തങ്ങൾ രേഖപ്പെടുത്തിയിരുന്നതുപോലെതന്നെ. (എസ്രാ 7:6, 10, NW) എസ്രായുടെ പുസ്തകം ദിനവൃത്താന്തങ്ങളുടെ ഒരു തുടർച്ചയായതുകൊണ്ട് അത് അതേകാലത്തുതന്നെ, പൊ.യു.മു. ഏതാണ്ട് 460-ൽ എഴുതപ്പെട്ടുവെന്നാണു പൊതുവിശ്വാസം. യഹൂദൻമാർ “മരണത്തിന്റെ പുത്രൻമാർ” ആയി മുദ്രകുത്തപ്പെട്ട്, തകർന്ന, ചിതറിക്കപ്പെട്ട ഒരു ജനതയായിരുന്ന സമയംമുതൽ രണ്ടാമത്തെ ആലയത്തിന്റെ പൂർത്തീകരണവും എസ്രാ യെരുശലേമിലേക്കു മടങ്ങിപ്പോയ ശേഷമുളള പുരോഹിതൻമാരുടെ ശുദ്ധീകരണവുംവരെയുളള 70 വർഷങ്ങളെ അതുൾപ്പെടുത്തുന്നു.—എസ്രാ 1:1; 7:7; 10:17; സങ്കീ. 102:20, NW അടിക്കുറിപ്പ്.
5. എസ്രായുടെ പുസ്തകത്തിനു നെഹെമ്യാവിന്റെ പുസ്തകത്തോട് എന്തു ബന്ധമുണ്ട്, അത് ഏതു ഭാഷകളിലാണ് എഴുതപ്പെട്ടത്?
5 എസ്രാ എന്ന എബ്രായ പേരിന്റെ അർഥം “സഹായം” എന്നാണ്. എസ്രായുടെ പുസ്തകവും നെഹെമ്യാവിന്റെ പുസ്തകവും ആദ്യം ഒരു ചുരുൾ ആയിരുന്നു. (നെഹെ. 3:32, NW അടിക്കുറിപ്പ്) പിന്നീടു യഹൂദൻമാർ ഈ ചുരുൾ വിഭജിക്കുകയും ഒന്നും രണ്ടും എസ്രാ എന്നു വിളിക്കുകയും ചെയ്തു. ആധുനിക എബ്രായ ബൈബിളുകൾ ഈ രണ്ടു പുസ്തകങ്ങളെ എസ്രാ എന്നും നെഹെമ്യാവ് എന്നും വിളിക്കുന്നു, മററ് ആധുനിക ബൈബിളുകളും അങ്ങനെ വിളിക്കുന്നു. എസ്രായുടെ പുസ്തകത്തിന്റെ ഒരു ഭാഗം (4:8 മുതൽ 6:18-ഉം 7:12-26-ഉം വരെ) അരമായയിലും ബാക്കി എബ്രായയിലുമാണ് എഴുതപ്പെട്ടത്, എസ്രാ രണ്ടു ഭാഷകളിലും വിദഗ്ധനായിരുന്നു.
6. എസ്രായുടെ പുസ്തകത്തിന്റെ കൃത്യതയെ സാക്ഷ്യപ്പെടുത്തുന്നത് എന്ത്?
6 ഇന്നു പണ്ഡിതൻമാരിൽ ഭൂരിപക്ഷവും എസ്രായുടെ പുസ്തകത്തിന്റെ കൃത്യതയെ അംഗീകരിക്കുന്നു. ബൈബിൾ പുരാവസ്തുശാസ്ത്രത്തിന്റെ ഇരുപതു വർഷത്തിനുശേഷം (ഇംഗ്ലീഷ്) എന്ന തന്റെ പ്രബന്ധത്തിൽ ഡബ്ലിയു. എഫ്. ആൽബ്രൈററ് എസ്രായുടെ കാനോനികത്വത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: “അങ്ങനെ പുരാവസ്തുശാസ്ത്രസംബന്ധമായ വിവരങ്ങൾ യിരെമ്യാവ്, എസെക്കിയേൽ, എസ്രാ നെഹെമ്യാവ് എന്നീ പുസ്തകങ്ങളുടെ വസ്തുനിഷ്ഠമായ സത്യതയെ സംശയാതീതമായി തെളിയിച്ചിരിക്കുന്നു; അവ സംഭവങ്ങളുടെ പരമ്പരാഗതമായ ചിത്രത്തെയും അവയുടെ ക്രമത്തെയും സ്ഥിരീകരിച്ചിരിക്കുന്നു.”
7. എസ്രായുടെ പുസ്തകം സത്യമായി ദിവ്യരേഖയുടെ ഒരു ഭാഗമാണെന്നു പ്രകടമാക്കപ്പെടുന്നത് എങ്ങനെ?
7 എസ്രായുടെ പുസ്തകത്തെ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ എഴുത്തുകാർ ഉദ്ധരിക്കുകയോ നേരിട്ടു പരാമർശിക്കുകയോ ചെയ്തില്ലായിരിക്കാമെങ്കിലും ബൈബിൾകാനോനിലെ അതിന്റെ സ്ഥാനംസംബന്ധിച്ചു സംശയമില്ല. അതിൽ എബ്രായ പുസ്തകപ്പട്ടികയുടെ സമാഹരണകാലംവരെ യഹൂദൻമാരോടുളള യഹോവയുടെ ഇടപെടലുകളെക്കുറിച്ചുളള രേഖ അടങ്ങിയിരിക്കുന്നു. യഹൂദ പാരമ്പര്യമനുസരിച്ച് ആ സമാഹരണവേല നിർവഹിച്ചത് ഏറെയും എസ്രാ ആയിരുന്നു. മാത്രവുമല്ല, എസ്രായുടെ പുസ്തകം പുനഃസ്ഥാപനത്തെക്കുറിച്ചുളള സകല പ്രവചനങ്ങളെയും സംസ്ഥാപിക്കുകയും അങ്ങനെ അതു ദിവ്യരേഖയുടെ അവിഭാജ്യഭാഗമാണെന്നു തെളിയിക്കുകയും ചെയ്യുന്നു, അതിനോട് അതു പൂർണമായി യോജിപ്പിലുമാണ്. അതിനു പുറമേ, അതു നിർമലാരാധനയെ ബഹുമാനിക്കുകയും യഹോവയാം ദൈവത്തിന്റെ വലിയ നാമത്തെ വിശുദ്ധീകരിക്കുകയും ചെയ്യുന്നു.
എസ്രായുടെ ഉളളടക്കം
8. എഴുപതു വർഷത്തെ ശൂന്യകാലത്തിന്റെ അന്ത്യത്തിലേക്കു നയിക്കുന്ന സംഭവപരമ്പരയെ വർണിക്കുക.
8 ഒരു ശേഷിപ്പു മടങ്ങിപ്പോകുന്നു (1:1–3:6). യഹോവയാൽ മനസ്സുണർത്തപ്പെട്ട് പേർഷ്യയിലെ രാജാവായ കോരേശ് യഹൂദൻമാർ മടങ്ങിപ്പോയി യെരുശലേമിൽ യഹോവയുടെ ആലയം പണിയാൻ കൽപ്പന പുറപ്പെടുവിക്കുന്നു. അവൻ ബാബിലോനിൽ തങ്ങിയേക്കാവുന്ന യഹൂദൻമാരെ ഈ പദ്ധതിക്കു യഥേഷ്ടം സംഭാവന കൊടുക്കാൻ പ്രോത്സാഹിപ്പിക്കുകയും മടങ്ങിപ്പോകുന്ന യഹൂദൻമാർ ആദ്യ ആലയത്തിലെ ഉപകരണങ്ങൾ തിരികെ കൊണ്ടുപോകാനുളള ഏർപ്പാടുചെയ്യുകയും ചെയ്യുന്നു. രാജകീയഗോത്രമായ യഹൂദയിൽ നിന്നുളള ഒരു നേതാവും ദാവീദുരാജാവിന്റെ ഒരു സന്തതിയുമായ സെരുബ്ബാബേൽ (ശേശ്ബസർ) വിമോചിതരെ നയിക്കാൻ ഗവർണറായി നിയമിക്കപ്പെടുന്നു, യേശുവ (യോശുവ) ആണു മഹാപുരോഹിതൻ. (എസ്രാ 1:8; 5:2; സെഖ. 3:1) പുരുഷൻമാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യഹോവയുടെ 2,00,000 വിശ്വസ്തദാസൻമാർ അടങ്ങുന്ന ഒരു ശേഷിപ്പ് ഈ ദീർഘയാത്ര നടത്തുന്നു. യഹൂദ പഞ്ചാംഗപ്രകാരം ഏഴാം മാസത്തോടെ അവർ തങ്ങളുടെ നഗരങ്ങളിൽ പാർപ്പുറപ്പിച്ചു. അനന്തരം അവർ പൊ.യു.മു. 537-ലെ ശരത്കാലത്ത് ആലയ യാഗപീഠത്തിന്റെ സ്ഥാനത്തു യാഗങ്ങളർപ്പിക്കുന്നതിനും കൂടാരപ്പെരുന്നാൾ ആഘോഷിക്കുന്നതിനുമായി യെരുശലേമിൽ കൂടിവരുന്നു. അങ്ങനെ 70 വർഷത്തെ ശൂന്യത കൃത്യസമയത്ത് അവസാനിക്കുന്നു!b
9. ആലയവേല എങ്ങനെ തുടങ്ങുന്നു, എന്നാൽ തുടർന്നുവരുന്ന വർഷങ്ങളിൽ എന്തു സംഭവിക്കുന്നു?
9 ആലയം പുനർനിർമിക്കുന്നു (3:7–6:22). സാധനസാമഗ്രികൾ ശേഖരിക്കുന്നു, അവരുടെ മടങ്ങിപ്പോക്കിന്റെ രണ്ടാം വർഷം സന്തോഷഘോഷങ്ങൾക്കിടയിലും മുമ്പത്തെ ആലയം കണ്ടിട്ടുണ്ടായിരുന്ന പ്രായമേറിയ പുരുഷൻമാരുടെ കരച്ചിലിനിടയിലും യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇടുന്നു. അയലത്തെ ശത്രുക്കളായ ആളുകൾ തങ്ങളും അതേ ദൈവത്തെ അന്വേഷിക്കുകയാണെന്നു പറഞ്ഞുകൊണ്ടു നിർമാണത്തിൽ സഹായിക്കാമെന്നു വാഗ്ദാനം ചെയ്യുന്നു, എന്നാൽ യഹൂദശേഷിപ്പ് അവരുമായുളള ഏതു സഖ്യവും അപ്പാടെ നിരസിക്കുന്നു. കോരേശിന്റെ വാഴ്ചമുതൽ ദാര്യാവേശിന്റെ വാഴ്ചവരെ ശത്രുക്കൾ യഹൂദൻമാരെ ദുർബലപ്പെടുത്താനും അധൈര്യപ്പെടുത്താനും അവരുടെ വേലയെ വിഫലമാക്കാനും തുടർച്ചയായി ശ്രമിക്കുന്നു. ഒടുവിൽ, “അർഥഹ്ശഷ്ടാ”വിന്റെ (ബാർഡിയാ അല്ലെങ്കിൽ സാധ്യതയനുസരിച്ചു ഗൗമാതാ എന്നറിയപ്പെടുന്ന ഒരു മേജിയൻ, പൊ.യു.മു. 522) നാളിൽ അവർ രാജകീയകൽപ്പനയാൽ വേല ബലമായി നിർത്തിക്കുന്നു. ഈ നിരോധനം “പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ” (പൊ.യു.മു. 520) തുടരുന്നു. അത് അടിസ്ഥാനം ഇട്ടശേഷം 15-ൽപ്പരം വർഷം കഴിഞ്ഞായിരുന്നു.—4:4-7, 24.
10. (എ) ദൈവത്തിന്റെ പ്രവാചകൻമാരിൽനിന്നുളള പ്രോത്സാഹനം വേല പൂർത്തീകരിച്ചുകിട്ടുന്നതിനു രാജാവിന്റെ കൽപ്പനയുമായി ഒത്തുചേരുന്നതെങ്ങനെ? (ബി) ഈ രണ്ടാമത്തെ ആലയത്തിന്റെ സമർപ്പണത്തിൽ എന്തു സന്തോഷം പ്രകടമാണ്?
10 യഹോവ ഇപ്പോൾ സെരുബ്ബാബേലിനെയും യേശുവയെയും ഉണർത്തുന്നതിനു തന്റെ പ്രവാചകൻമാരായ ഹഗ്ഗായിയെയും സെഖര്യാവിനെയും അയയ്ക്കുന്നു. നിർമാണവേല പുതുതീക്ഷ്ണതയോടെ ഏറെറടുക്കുന്നു. വീണ്ടും ശത്രുക്കൾ രാജാവിനോടു പരാതിപറയുന്നു, എന്നാൽ കൂടുതൽ ഊർജിതമായി വേല തുടരുന്നു. ദാര്യാവേശ് I-ാമൻ (ഹിസ്ററാസ്പിസ്) കോരേശിന്റെ ആദ്യ കൽപ്പന പരിശോധിച്ചിട്ടു വേല നിർബാധം തുടരാൻ ആജ്ഞാപിക്കുന്നു, നിർമാണം സുകരമാക്കുന്നതിനു സാധനസാമഗ്രികൾ കൊടുക്കാൻ എതിരാളികളോടു കൽപ്പിക്കുകപോലും ചെയ്യുന്നു. യഹോവയുടെ പ്രവാചകൻമാരിൽനിന്നുളള തുടർച്ചയായ പ്രോത്സാഹനത്തോടെ പണിക്കാർ അഞ്ചിൽ കുറഞ്ഞ വർഷംകൊണ്ട് ആലയം പൂർത്തീകരിക്കുന്നു. ഇതു ദാര്യാവേശിന്റെ ആറാം സംവത്സരത്തിലെ ആദാർമാസത്തിലാണ്, അല്ലെങ്കിൽ പൊ.യു.മു. 515-ലെ വസന്തത്തോടടുത്താണ്. മുഴു നിർമാണത്തിനും ഏതാണ്ട് 20 വർഷം എടുത്തിരിക്കുന്നു. (6:14, 15) ഇപ്പോൾ ദൈവാലയം വലിയ സന്തോഷത്തോടും സമുചിതമായ യാഗങ്ങളോടുംകൂടെ ഉദ്ഘാടനം ചെയ്യപ്പെടുന്നു. പിന്നീടു ജനം പെസഹ ആഘോഷിക്കുകയും “പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ഏഴു ദിവസം സന്തോഷത്തോടെ” ആചരിക്കാൻ മുതിരുകയും ചെയ്യുന്നു. (6:22) അതെ, സന്തോഷവും ആനന്ദവും യഹോവയുടെ സ്തുതിക്കായുളള ഈ രണ്ടാമത്തെ ആലയത്തിന്റെ സമർപ്പണത്തിന്റെ സവിശേഷതയായിരിക്കുന്നു.
11. രാജാവ് എങ്ങനെ എസ്രായ്ക്ക് “അവന്റെ അപേക്ഷ ഒക്കെയും” അനുവദിച്ചുകൊടുക്കുന്നു, എസ്രായുടെ പ്രതികരണം എന്താണ്?
11 എസ്രാ യെരുശലേമിലേക്കു മടങ്ങിപ്പോകുന്നു (7:1–8:36). പേർഷ്യൻരാജാവായ അർഥഹ്ശഷ്ടാവിന്റെ (വലതുകൈക്ക് ഇടതുകൈയെക്കാൾ നീളമുണ്ടായിരുന്നതുകൊണ്ടു ലോംഗിമാനസ് എന്ന് അറിയപ്പെട്ടിരുന്നു) ഏഴാം വർഷമായ പൊ.യു.മു. 468 വരെ നമ്മെ എത്തിച്ചുകൊണ്ട് ഏതാണ്ട് 50 വർഷം കടന്നുപോകുന്നു. യെരുശലേമിൽ വളരെയധികം ആവശ്യമായിരുന്ന സഹായം എത്തിക്കുന്നതിന്, വിദഗ്ധപകർപ്പെഴുത്തുകാരനായ എസ്രായ്ക്ക് അങ്ങോട്ടുളള യാത്രയുടെ കാര്യത്തിൽ “അവന്റെ അപേക്ഷ ഒക്കെയും” രാജാവ് അനുവദിച്ചുകൊടുക്കുന്നു. (7:6) അവനെ അധികാരപ്പെടുത്തിയപ്പോൾ അവനോടുകൂടെ പോകാൻ രാജാവ് യഹൂദൻമാരെ പ്രോത്സാഹിപ്പിക്കുന്നു, ആലയത്തിലെ ഉപയോഗത്തിന് എസ്രായ്ക്കു വെളളിയും സ്വർണവും കൊണ്ടുളള പാത്രങ്ങളും ഗോതമ്പ്, വീഞ്ഞ്, എണ്ണ, ഉപ്പ് മുതലായ വ്യഞ്ജനങ്ങളും കൊടുക്കുന്നു. അവൻ പുരോഹിതൻമാരെയും ആലയംപണിക്കാരെയും നികുതിയിൽനിന്ന് ഒഴിവാക്കുന്നു. രാജാവു ജനത്തെ പഠിപ്പിക്കുന്നതിന് എസ്രായെ ഉത്തരവാദിയാക്കുകയും യഹോവയുടെ നിയമവും രാജാവിന്റെ നിയമവും ഏതൊരുവനും അനുസരിക്കാതിരിക്കുന്നതു വധശിക്ഷാർഹമായ കുററമാക്കുകയും ചെയ്യുന്നു. രാജാവുമുഖാന്തരമുളള ഈ സ്നേഹദയാപ്രകടനത്തിനു യഹോവയോടുളള നന്ദിയോടെ എസ്രാ പെട്ടെന്നുതന്നെ ദൗത്യപ്രകാരം പ്രവർത്തിക്കുന്നു.
12. യഹോവ യാത്രാവേളയിൽ എസ്രായുടെ സംഘത്തോടുകൂടെ ഉണ്ടെന്നു തെളിയിക്കുന്നതെങ്ങനെ?
12 ഈ ഘട്ടത്തിൽ എസ്രാ പ്രഥമപുരുഷ സർവനാമങ്ങൾ ഉപയോഗിച്ച് എഴുതിക്കൊണ്ടു തന്റെ ദൃക്സാക്ഷിവിവരണം തുടങ്ങുന്നു. അവൻ മടങ്ങിപ്പോകുന്ന യഹൂദൻമാരെ അന്തിമ നിർദേശങ്ങൾക്കായി അഹാവാനദിയിങ്കൽ കൂട്ടിവരുത്തുന്നു, ഇപ്പോൾത്തന്നെ കൂടിവന്നിരിക്കുന്ന ഏതാണ്ട് 1,500 മുതിർന്ന പുരുഷൻമാരോടുകൂടെ കുറേ ലേവ്യരെയും ചേർക്കുന്നു. എസ്രാ പോകേണ്ട വഴിയിലെ അപകടങ്ങളെ തിരിച്ചറിയുന്നു, എന്നാൽ യഹോവയിലുളള വിശ്വാസത്തിന്റെ അഭാവമായി വ്യാഖ്യാനിക്കപ്പെടാതിരിക്കാൻ ഒരു അകമ്പടിക്കുവേണ്ടി രാജാവിനോട് അപേക്ഷിക്കുന്നില്ല. പകരം, അവൻ ഒരു ഉപവാസം പ്രഖ്യാപിക്കുകയും ദൈവത്തോട് അഭ്യർഥന നടത്തുന്നതിലേക്കു പാളയത്തെ നയിക്കുകയും ചെയ്യുന്നു. ഈ പ്രാർഥനക്ക് ഉത്തരം ലഭിക്കുന്നു, യഹോവയുടെ കൈ ദീർഘയാത്രയിലുടനീളം അവരുടെമേലുണ്ടെന്നു തെളിയുന്നു. അങ്ങനെ, (ആധുനികവിലപ്രകാരം 150,50,00,000 കോടി രൂപ വിലവരുന്ന) തങ്ങളുടെ നിക്ഷേപങ്ങൾ യെരുശലേമിലെ യഹോവയുടെ ആലയത്തിലേക്കു സുഭദ്രമായി കൊണ്ടുപോകാൻ അവർക്കു കഴിയുന്നു.—8:26, 27, NW, അടിക്കുറിപ്പുകളും.
13. യഹൂദൻമാരുടെ ഇടയിൽനിന്ന് അശുദ്ധി നീക്കുന്നതിന് എസ്രാ എങ്ങനെ പ്രവർത്തിക്കുന്നു?
13 പുരോഹിതൻമാരെ ശുദ്ധീകരിക്കുന്നു (9:1–10:44). എന്നാൽ തിരികെക്കിട്ടിയ ദേശത്തു വസിച്ച 69 വർഷങ്ങളിൽ എല്ലാം ശുഭമായിരിക്കുന്നില്ല. ജനവും പുരോഹിതൻമാരും ലേവ്യരും പുറജാതികളായ കനാന്യരുമായി മിശ്രവിവാഹത്തിലേർപ്പെട്ടതിനാൽ അസഹ്യപ്പെടുത്തുന്ന അവസ്ഥകളെക്കുറിച്ച് എസ്രാ കേൾക്കുന്നു. വിശ്വസ്തനായ എസ്രാ ഞെട്ടിപ്പോകുന്നു. അവൻ പ്രാർഥനയിൽ കാര്യം യഹോവയുടെ മുമ്പാകെ അവതരിപ്പിക്കുന്നു. ജനം തങ്ങളുടെ ദുഷ്പ്രവൃത്തിയെക്കുറിച്ചു കുററസമ്മതം നടത്തുകയും “ധൈര്യപ്പെട്ടു പ്രവർത്തി”ക്കാൻ എസ്രായോട് അപേക്ഷിക്കുകയും ചെയ്യുന്നു. (10:4) ദൈവനിയമത്തെ ധിക്കരിച്ചുകൊണ്ടു യഹൂദൻമാർ സ്വീകരിച്ച അന്യജാതിക്കാരായ ഭാര്യമാരെ അവരെക്കൊണ്ടു നീക്കംചെയ്യിക്കുന്നു. ഏതാണ്ടു മൂന്നു മാസംകൊണ്ട് അശുദ്ധി നീക്കംചെയ്യപ്പെടുന്നു.—10:10-12, 16, 17.
എന്തുകൊണ്ടു പ്രയോജനപ്രദം
14. എസ്രായുടെ പുസ്തകം യഹോവയുടെ പ്രവചനങ്ങൾസംബന്ധിച്ച് എന്തു പ്രകടമാക്കുന്നു?
14 യഹോവയുടെ പ്രവചനങ്ങൾ നിവൃത്തിയേറുന്നതിലെ തെററാത്ത കൃത്യത കാണിക്കുന്നതിൽ ഒന്നാമതുതന്നെ എസ്രായുടെ പുസ്തകം പ്രയോജനപ്രദമാണ്. യെരുശലേമിന്റെ ശൂന്യത വളരെ കൃത്യമായി മുൻകൂട്ടിപ്പറഞ്ഞിരുന്ന യിരെമ്യാവ് 70 വർഷം കഴിഞ്ഞുളള അതിന്റെ പുനഃസ്ഥാപനത്തെയും മുൻകൂട്ടിപ്പറഞ്ഞു. (യിരെ. 29:10) കൃത്യസമയത്തുതന്നെ തന്റെ ജനത്തെ, ഒരു വിശ്വസ്തശേഷിപ്പിനെ, സത്യാരാധന നിർവഹിക്കുന്നതിനു വീണ്ടും വാഗ്ദത്തദേശത്തേക്കു കൊണ്ടുവന്നതിൽ യഹോവ തന്റെ സ്നേഹദയ പ്രകടമാക്കി.
15. (എ) പുനഃസ്ഥാപിക്കപ്പെട്ട ആലയം യഹോവയുടെ ഉദ്ദേശ്യത്തിന് ഉതകിയതെങ്ങനെ? (ബി) ഏതു വശങ്ങളിലാണ് അതിന് ഒന്നാമത്തെ ആലയത്തിന്റെ മഹത്ത്വം ഇല്ലാതിരുന്നത്?
15 പുനഃസ്ഥാപിക്കപ്പെട്ട ആലയം വീണ്ടും യഹോവയുടെ ജനത്തിന്റെ ഇടയിൽ അവന്റെ ആരാധനയെ ഉന്നതമാക്കി. സത്യാരാധനക്കുളള ആഗ്രഹത്തോടെ തന്നിലേക്കു തിരിയുന്നവരെ താൻ അത്ഭുതകരമായും കരുണാപൂർവവും അനുഗ്രഹിക്കുന്നുവെന്നതിന്റെ ഒരു സാക്ഷ്യമായി അതു നിലകൊണ്ടു. അതിനു ശലോമോന്റെ ആലയത്തിന്റെ മഹത്ത്വമില്ലായിരുന്നെങ്കിലും, അതു ദിവ്യേഷ്ടത്തിന് അനുയോജ്യമായി അതിന്റെ ഉദ്ദേശ്യത്തിന് ഉതകി. ഭൗതികമായ പ്രതാപം മേലാലില്ലായിരുന്നു. ആത്മീയ നിക്ഷേപങ്ങളിലും അത് കുറവുളളതായിരുന്നു, മററുളളവയോടൊപ്പം ഉടമ്പടിയുടെ പെട്ടകവും അതിലില്ലായിരുന്നു.c സെരുബ്ബാബേലിന്റെ ആലയത്തിന്റെ ഉദ്ഘാടനം ശലോമോന്റെ നാളിലെ ആലയത്തിന്റെ ഉദ്ഘാടനത്തോടു തുലനംചെയ്യാവുന്നതുമായിരുന്നില്ല. ആടുമാടുകളുടെ യാഗങ്ങളും ശലോമോന്റെ ആലയത്തിങ്കലെ യാഗങ്ങളുടെ ഒരു ശതമാനംപോലും ഇല്ലായിരുന്നു. മേഘസമാന മഹത്ത്വം ഒന്നാമത്തേതിന്റെ കാര്യത്തിലെന്നപോലെ രണ്ടാമത്തെ ആലയത്തെ നിറച്ചിരുന്നില്ല. ഹോമയാഗങ്ങളെ ദഹിപ്പിക്കുന്നതിനു യഹോവയിങ്കൽനിന്നു തീ ഇറങ്ങിയുമില്ല. എന്നിരുന്നാലും രണ്ട് ആലയങ്ങളും സത്യദൈവമായ യഹോവയുടെ ആരാധനയെ ഉന്നതമാക്കുകയെന്ന പ്രധാന ഉദ്ദേശ്യത്തിന് ഉതകി.
16. എന്നാൽ വേറെ ഏത് ആലയം മഹത്ത്വത്തിൽ ഭൗമികാലയങ്ങളെക്കാൾ മികച്ചുനിൽക്കുന്നു?
16 സെരുബ്ബാബേൽ പണിത ആലയവും മോശ നിർമിച്ച സമാഗമന കൂടാരവും ശലോമോനും ഹെരോദാവും പണികഴിപ്പിച്ച ആലയങ്ങളും അവയുടെ സവിശേഷതകളും പ്രാരൂപികമോ ചിത്രപരമോ ആയിരുന്നു. ഇവ “മനുഷ്യനല്ല കർത്താവ് [“യഹോവ,” NW] സ്ഥാപിച്ച സത്യകൂടാര”ത്തെ പ്രതിനിധാനംചെയ്തു. (എബ്രാ. 8:2) ഈ ആത്മീയ ആലയം ക്രിസ്തുവിന്റെ പാപനാശകയാഗത്തിന്റെ അടിസ്ഥാനത്തിൽ യഹോവയെ ആരാധനയിൽ സമീപിക്കുന്നതിനുളള ക്രമീകരണമാണ്. (എബ്രാ. 9:2-10, 23) യഹോവയുടെ വലിയ ആത്മീയാലയം മഹത്ത്വത്തിൽ അത്യന്തം മികച്ചതും അഴകിലും അഭികാമ്യതയിലും അതുല്യവുമാണ്; അതിന്റെ പ്രൗഢി മങ്ങാത്തതും ഏതു ഭൗതികസൗധത്തിന്റേതിനും ഉപരിയുമാണ്.
17. എസ്രായുടെ പുസ്തകത്തിൽ മൂല്യവത്തായ ഏതു പാഠങ്ങൾ ഉണ്ട്?
17 എസ്രായുടെ പുസ്തകത്തിൽ ഇന്നത്തെ ക്രിസ്ത്യാനികൾക്ക് അത്യന്തം ഉയർന്ന മൂല്യമുളള പാഠങ്ങൾ അടങ്ങിയിരിക്കുന്നു. അതിൽ നാം യഹോവയുടെ ജനം അവന്റെ വേലക്കുവേണ്ടി സ്വമേധയാദാനങ്ങൾ അർപ്പിക്കുന്നതായി വായിക്കുന്നു. (എസ്രാ 2:68; 2 കൊരി. 9:7) യഹോവയുടെ സ്തുതിക്കുവേണ്ടിയുളള സമ്മേളനങ്ങൾക്കായുളള സുനിശ്ചിതമായ കരുതലിനെയും അവയുടെമേലുളള അവന്റെ അനുഗ്രഹത്തെയും കുറിച്ചു പഠിക്കുന്നതിനാൽ നാം പ്രോത്സാഹിതരാകുന്നു. (എസ്രാ 6:16, 22) യഹോവയുടെ ആരാധനക്കു മുഴു ഹൃദയത്തോടെ പിന്തുണ കൊടുക്കുന്നതിനു നെഥിനീമും മററു വിശ്വാസികളായ അന്യരാജ്യക്കാരും ശേഷിപ്പിനോടൊത്തു പോകുമ്പോൾ നാം അവരിൽ നല്ല ഒരു ദൃഷ്ടാന്തമാണു കാണുന്നത്. (2:43, 55) പുറജാതികളായ അയൽക്കാരുമായി മിശ്രവിവാഹത്തിലേർപ്പെട്ടതിലെ തെററായ പ്രവർത്തനഗതിയെക്കുറിച്ച് അറിയിച്ചപ്പോഴത്തെ ജനത്തിന്റെ വിനീതമായ അനുതാപത്തെക്കുറിച്ചും പരിചിന്തിക്കുക. (10:2-4) ദുഷിച്ച സഹവാസം ദിവ്യ അപ്രീതിയിലേക്കു നയിച്ചു. (9:14, 15) അവന്റെ വേലയ്ക്കുവേണ്ടിയുളള സന്തോഷസമേതമായ തീക്ഷ്ണത അവന്റെ അംഗീകാരവും അനുഗ്രഹവും കൈവരുത്തി.—6:14, 21, 22.
18. യഹോവയുടെ ആലയത്തിന്റെ പുനഃസ്ഥാപനം രാജാവായ മിശിഹായുടെ പ്രത്യക്ഷതയിലേക്കു നയിക്കുന്ന ഒരു പ്രധാന പടിയായിരുന്നത് എന്തുകൊണ്ട്?
18 യെരുശലേമിൽ യഹോവയുടെ സിംഹാസനത്തിൽ മേലാൽ ഒരു രാജാവിരുന്നില്ലെങ്കിലും പുനഃസ്ഥാപനം യഹോവ തക്ക സമയത്തു ദാവീദിന്റെ വംശത്തിൽ വാഗ്ദത്ത രാജാവിനെ ഉളവാക്കുമെന്നുളള പ്രതീക്ഷ ഉണർത്തി. പുനഃസ്ഥാപിക്കപ്പെട്ട ജനത മിശിഹായുടെ പ്രത്യക്ഷതയുടെ സമയംവരെ വിശുദ്ധ അരുളപ്പാടുകളും ദൈവത്തിന്റെ ആരാധനയും കാത്തുസൂക്ഷിക്കുന്നതിനു പ്രാപ്തരായിരുന്നു. ഈ ശേഷിപ്പു തങ്ങളുടെ ദേശത്തേക്കു മടങ്ങിപ്പോയതിൽ വിശ്വാസത്തോടെ പ്രതികരിച്ചിരുന്നില്ലെങ്കിൽ, മിശിഹാ ആരുടെ അടുക്കലേക്കു വരുമായിരുന്നു? സത്യമായി, എസ്രായുടെ പുസ്തകത്തിലെ സംഭവങ്ങൾ മിശിഹായും രാജാവുമായവന്റെ പ്രത്യക്ഷതയിലേക്കു നയിക്കുന്ന ചരിത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്! അതെല്ലാം ഇന്നത്തെ നമ്മുടെ പഠനത്തിന് അത്യന്തം പ്രയോജനപ്രദമാണ്.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 452-4, 458.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജ് 332.
c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജ് 1079.