ബൈബിൾ പുസ്തക നമ്പർ 57—ഫിലേമോൻ
എഴുത്തുകാരൻ: പൗലൊസ്
എഴുതിയ സ്ഥലം: റോം
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 60-61
1. ഫിലേമോനുളള ലേഖനത്തിന്റെ ചില സവിശേഷതകളേവ?
വളരെ നയപരവും സ്നേഹനിർഭരവുമായ പൗലൊസിന്റെ ഈ ലേഖനം ഇന്നു ക്രിസ്ത്യാനികൾക്കു വളരെ താത്പര്യമുളളതാണ്. അതു “ജാതികളുടെ അപ്പൊസ്തല”നിൽനിന്നുളളതായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഏററവും ഹ്രസ്വമായ ലേഖനമാണ്. അതുമാത്രമല്ല, മുഴുബൈബിളിലും രണ്ടും മൂന്നും യോഹന്നാനിൽ മാത്രമേ അതിലുളളതിൽ കുറച്ചു വിവരങ്ങൾ അടങ്ങിയിട്ടുളളു. കൂടാതെ ഔദ്യോഗികമായി ഒരു സഭയെയോ ഉത്തരവാദിത്വമുളള ഒരു മേൽവിചാരകനെയോ സംബോധനചെയ്യാതെ ഒരു സ്വകാര്യവ്യക്തിയെ സംബോധനചെയ്യുകയും ആ ക്രിസ്തീയസഹോദരനുമായി, അതായത്, ഏഷ്യാമൈനറിന്റെ ഹൃദയഭാഗത്തുളള ഫ്രുഗ്യനഗരമായ കൊലൊസ്സ്യയിൽ ജീവിച്ച പ്രത്യക്ഷത്തിൽ ധനികനായിരുന്ന ഫിലേമോനുമായി പൗലൊസ് ചർച്ച ചെയ്യാനാഗ്രഹിച്ച പ്രത്യേക പ്രശ്നം മാത്രം കൈകാര്യംചെയ്യുകയും ചെയ്ത പൗലൊസിന്റെ “സ്വകാര്യ” ലേഖനം ഇതു മാത്രമാണ്.—റോമ. 11:13.
2. ഏതു പശ്ചാത്തലത്തിൽ, എന്തുദ്ദേശ്യത്തിൽ, ഫിലേമോനുളള ലേഖനം എഴുതപ്പെട്ടു?
2 ഈ ലേഖനത്തിന്റെ ഉദ്ദേശ്യം വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നു: പൗലൊസിന്റെ റോമിലെ ആദ്യത്തെ തടവുകാലത്ത് (പൊ.യു. 59-61) അവനു ദൈവരാജ്യം പ്രസംഗിക്കുന്നതിനു വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു. അവന്റെ പ്രസംഗം ശ്രദ്ധിച്ചവരിൽ ഒരാളായിരുന്നു പൗലൊസിന്റെ സുഹൃത്തായിരുന്ന ഫിലേമോന്റെ ഭവനത്തിൽനിന്ന് ഒളിച്ചോടിയ അടിമയായ ഒനേസിമൂസ്. തത്ഫലമായി, ഒനേസിമൂസ് ഒരു ക്രിസ്ത്യാനിയായി. ഒനേസിമൂസിനെ അയാളുടെ സമ്മതത്തോടെ ഫിലേമോന്റെ അടുക്കലേക്കു തിരിച്ചയയ്ക്കാൻ പൗലൊസ് തീരുമാനിച്ചു. ഈ സമയത്തുതന്നെയായിരുന്നു പൗലൊസ് എഫേസൂസിലും കൊലൊസ്സ്യയിലുമുളള സഭകൾക്കു ലേഖനങ്ങളെഴുതിയത്. ഈ രണ്ടു ലേഖനങ്ങളിലും അവൻ അടിമ-ഉടമ ബന്ധത്തിൽ എങ്ങനെ വർത്തിക്കണമെന്നതുസംബന്ധിച്ചു ക്രിസ്തീയ അടിമകൾക്കും ഉടമകൾക്കും നല്ല ബുദ്ധ്യുപദേശം കൊടുത്തു. (എഫെ. 6:5-9; കൊലൊ. 3:22–4:1) എന്നിരുന്നാലും, അതിലുപരിയായി ഒനേസിമൂസിനുവേണ്ടി താൻ വ്യക്തിപരമായി വാദിച്ച ഒരു ലേഖനം പൗലൊസ് ഫിലേമോന് എഴുതി. അത് അവൻ സ്വന്ത കൈപ്പടയിൽ എഴുതിയ ഒരു ലേഖനമായിരുന്നു—പൗലൊസിനെ സംബന്ധിച്ചടത്തോളം ഒരു അസാധാരണ നടപടി. (ഫിലേ. 19) ഈ വ്യക്തിപരമായ സ്പർശം അവന്റെ വാദത്തിനു ഘനം കൂട്ടി.
3. ഫിലേമോനുളള ലേഖനം എപ്പോൾ എഴുതിയിരിക്കാനാണ് ഏററവുമധികം സാധ്യത, അത് എങ്ങനെ കൊടുത്തയയ്ക്കപ്പെട്ടു?
3 പ്രത്യക്ഷത്തിൽ പരിവർത്തിതരെ ഉളവാക്കാൻ തക്കവണ്ണം പൗലൊസ് ദീർഘമായി റോമിൽ പ്രസംഗിച്ചിരുന്നതുകൊണ്ടു പൊ.യു. 60-61-ൽ ഈ ലേഖനം എഴുതിയിരിക്കാനാണ് ഏററവുമധികം സാധ്യത. കൂടാതെ, വിമോചിതനാകുമെന്നുളള പ്രത്യാശ 22-ാം വാക്യത്തിൽ അവൻ പ്രകടമാക്കുന്നതുകൊണ്ടു തന്റെ തടവുവാസം കുറേ പിന്നിട്ടശേഷം ലേഖനമെഴുതിയെന്നു നമുക്ക് അനുമാനിക്കാവുന്നതാണ്. ഈ മൂന്നു ലേഖനങ്ങൾ, ഫിലേമോനുളള ഒന്നും എഫേസൂസിലും കൊലൊസ്സ്യയിലുമുളള സഭകൾക്കുളളവയും, തിഹിക്കോസിന്റെയും ഒനേസിമൂസിന്റെയും കൈവശം കൊടുത്തയച്ചുവെന്നു പ്രത്യക്ഷമാകുന്നു.—എഫെ. 6:21, 22; കൊലൊ. 4:7-9.
4. ഫിലേമോന്റെ എഴുത്തുകാരൻ ആരാണെന്നുളളതിനെയും അതിന്റെ വിശ്വാസ്യതയെയും തെളിയിക്കുന്നത് എന്ത്?
4 ഫിലേമോൻ എഴുതിയതു പൗലൊസ് ആണെന്നുളളത് ആദ്യവാക്യം മുതൽതന്നെ സ്പഷ്ടമാണ്, അവിടെ അവന്റെ പേർ എടുത്തുപറയുന്നുണ്ട്. ഓറിജനും തെർത്തുല്യനും അവനെ അങ്ങനെ അംഗീകരിക്കുന്നുണ്ട്.a പൊ.യു. രണ്ടാം നൂററാണ്ടിലെ മുറേറേറാറിയൻ ശകലത്തിൽ പൗലൊസിന്റെ മററു ലേഖനങ്ങളോടൊപ്പം ഈ പുസ്തകവും പട്ടികപ്പെടുത്തിയിട്ടുളളത് അതിന്റെ വിശ്വാസ്യതയെയും തെളിയിക്കുന്നു.
ഫിലേമോന്റെ ഉളളടക്കം
5. (എ) ലേഖനം ഏത് അഭിവാദ്യങ്ങളോടും അഭിനന്ദനത്തോടുംകൂടെ ആരംഭിക്കുന്നു? (ബി) ഫിലേമോന്റെ അടിമയായ ഒനേസിമൂസിനെക്കുറിച്ചു പൗലൊസ് അവനോട് എന്തു പറയുന്നു?
5 ഒനേസിമൂസ് “ഒരു ദാസന്നു മീതെ”യായി അവന്റെ യജമാനന്റെ അടുക്കലേക്കു തിരിച്ചയയ്ക്കപ്പെടുന്നു (വാക്യ. 1-25). പൗലൊസ് ഫിലേമോനും “സഹോദരിയായ” അപ്പിയക്കും “ഞങ്ങളുടെ സഹഭടനായ” അർക്കിപ്പൊസിന്നും ഫിലേമോന്റെ വീട്ടിലെ സഭക്കും ഊഷ്മളമായ അഭിവാദനങ്ങൾ അയയ്ക്കുന്നു. (“സ്നേഹമുളള” എന്നർഥമുളള) ഫിലേമോനെ കർത്താവായ യേശുവിനോടും വിശുദ്ധൻമാരോടും അവനുളള സ്നേഹവും വിശ്വാസവും നിമിത്തം പൗലൊസ് ശ്ലാഘിക്കുന്നു. ഫിലേമോന്റെ സ്നേഹത്തെക്കുറിച്ചുളള വാർത്തകൾ പൗലൊസിനു വളരെയധികം സന്തോഷവും ആശ്വാസവും കൈവരുത്തിയിരിക്കുന്നു. വയസ്സനും തടവുകാരനുമായ പൗലൊസ് തന്റെ തടവുബന്ധനങ്ങളിലിരിക്കെ താൻ “ജനിപ്പിച്ച” തന്റെ “മകനായ” ഒനേസിമൂസിനെക്കുറിച്ചു വലിയ സംസാരസ്വാതന്ത്ര്യത്തോടെ സംസാരിക്കുന്നു. (“പ്രയോജനമുളളവൻ” എന്നർഥമുളള) ഒനേസിമൂസ് മുമ്പു ഫിലേമോന് ഉപയോഗമില്ലാത്തവൻ ആയിരുന്നു. എന്നാൽ ഇപ്പോൾ അവൻ ഫിലേമോനും പൗലൊസിനും പ്രയോജനമുളളവനാണ്.—വാക്യ. 2, 10.
6. ഒനേസിമൂസിനോട് ഏതു തരം പെരുമാററം പൗലൊസ് ശുപാർശചെയ്യുന്നു, ഏതു നയപരമായ ന്യായവാദത്തോടെ?
6 തടവിൽ തന്നെ ശുശ്രൂഷിക്കുന്നതിന് ഒനേസിമൂസിനെ കൂടെ നിർത്താൻ പൗലൊസിനിഷ്ടമായിരുന്നു, എന്നാൽ ഫിലേമോന്റെ സമ്മതം കൂടാതെ അവൻ അതു ചെയ്യില്ല. അതുകൊണ്ട് “ഇനി ദാസനല്ല, ദാസന്നുമീതെ പ്രിയസഹോദര”ൻ ആയി അവനെ പൗലൊസ് തിരിച്ചയയ്ക്കുകയാണ്. തന്നെ സ്വീകരിക്കുന്നതുപോലെ, ദയാപൂർവം ഒനേസിമൂസിനെ സ്വീകരിക്കണമെന്നു പൗലൊസ് അപേക്ഷിക്കുന്നു. ഒനേസിമൂസ് ഫിലേമോനെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ, അതു പൗലൊസിന്റെ കണക്കിൽ ചുമത്തപ്പെടട്ടെ, എന്തുകൊണ്ടെന്നാൽ “നീ നിന്നെതന്നേ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു” എന്നു പൗലൊസ് ഫിലേമോനോടു പറയുന്നു. (വാക്യ. 16, 19) താൻ താമസിയാതെ വിമോചിതനായേക്കുമെന്നും ഫിലേമോനെ സന്ദർശിച്ചേക്കുമെന്നും പൗലൊസ് പ്രത്യാശിക്കുന്നു, ആശംസകളോടെ അവൻ ഉപസംഹരിക്കുന്നു.
എന്തുകൊണ്ടു പ്രയോജനപ്രദം
7. ഒനേസിമൂസിന്റെ കാര്യത്തിൽ, ഒരു അപ്പോസ്തലനെന്ന തന്റെ ഉയർന്ന നിയോഗത്തോടു പൗലൊസ് പററിനിൽക്കുന്നത് എങ്ങനെ?
7 ഈ ലേഖനത്താൽ പ്രകടമാക്കപ്പെടുന്ന പ്രകാരം, പൗലൊസ് അടിമത്തംപോലെ ഈ വ്യവസ്ഥിതിയിലുളള ഏർപ്പാടുകളെ നീക്കംചെയ്യാൻ ശ്രമിച്ചുകൊണ്ട് ഒരു “സാമൂഹികസുവിശേഷം” പ്രസംഗിക്കുകയായിരുന്നില്ല. അവൻ സ്വേച്ഛാപരമായി ക്രിസ്തീയ അടിമകളെപ്പോലും സ്വതന്ത്രരാക്കിയില്ല. മറിച്ച് ഒളിച്ചോടിയ ഒരു അടിമയായ ഒനേസിമൂസിനെ റോംമുതൽ കൊലൊസ്സ്യവരെ 1400-ൽപ്പരം കിലോമീററർ വരുന്ന ഒരു യാത്രയിൽ യജമാനനായ ഫിലേമോന്റെ അടുക്കലേക്കുതന്നെ പൗലൊസ് തിരിച്ചയച്ചു. അങ്ങനെ പൗലൊസ് ഒരു അപ്പോസ്തലൻ എന്ന തന്റെ ഉയർന്ന നിയോഗത്തോടു പററിനിന്നുകൊണ്ടു ‘ദൈവരാജ്യം പ്രസംഗിക്കുകയും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിക്കുകയും ചെയ്യുക’ എന്ന തന്റെ ദിവ്യ നിയോഗം കർശനമായി അനുസരിച്ചു.—പ്രവൃ. 28:31; ഫിലേ. 8, 9.
8. ക്രിസ്തീയ തത്ത്വങ്ങളുടെ ഏതു പ്രയുക്തി ഫിലേമോൻ ചിത്രീകരിക്കുന്നു?
8 ഫിലേമോനുളള ലേഖനം ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളുടെ ഇടയിൽ സ്ഥിതിചെയ്തിരുന്ന സ്നേഹത്തെയും ഐക്യത്തെയും പ്രകടമാക്കുന്നതിനാൽ സത്യസ്ഥിതി വെളിപ്പെടുത്തുന്നതാണ്. ആദിമക്രിസ്ത്യാനികൾ അന്യോന്യം “സഹോദരൻ” എന്നും “സഹോദരി” എന്നും വിളിച്ചിരുന്നുവെന്ന് അതിൽനിന്നു നാം മനസ്സിലാക്കുന്നു. (ഫിലേ. 2, 20) കൂടാതെ, അതു ക്രിസ്തീയ സഹോദരൻമാരുടെ ഇടയിലെ ക്രിസ്തീയ തത്ത്വങ്ങളുടെ പ്രയുക്തി ഇന്നത്തെ ക്രിസ്ത്യാനികൾക്കുവേണ്ടി വെളിപ്പെടുത്തുന്നു. പൗലൊസിന്റെ ഭാഗത്ത്, സഹോദരസ്നേഹത്തിന്റെ പ്രകടനവും ഭരണപരമായ ബന്ധങ്ങളോടും മറെറാരാളുടെ വസ്തുവിനോടുമുളള ആദരവും ഫലപ്രദമായ നയവും പ്രശംസാർഹമായ താഴ്മയും കാണുന്നു. ക്രിസ്തീയ സഭയിലെ ഒരു പ്രമുഖ മേൽവിചാരകനെന്ന നിലയിലുളള തന്റെ അധികാരത്തിന്റെ ഘനത്തിൽ ഒനേസിമൂസിനോടു ക്ഷമിക്കാൻ ഫിലേമോനെ നിർബന്ധിക്കുന്നതിനുപകരം ക്രിസ്തീയ സ്നേഹത്തിന്റെയും തന്റെ വ്യക്തിപരമായ സൗഹൃദത്തിന്റെയും അടിസ്ഥാനത്തിൽ പൗലൊസ് വിനീതമായി അവനോട് അപേക്ഷിക്കുകയാണു ചെയ്തത്. പൗലൊസ് ഫിലേമോനെ സമീപിച്ച നയപരമായ രീതിയിൽനിന്നു മേൽവിചാരകൻമാർക്ക് ഇന്നു പ്രയോജനമനുഭവിക്കാൻ കഴിയും.
9. പൗലൊസിന്റെ അപേക്ഷ അനുസരിക്കുന്നതിനാൽ, ഇന്നത്തെ ക്രിസ്ത്യാനികൾക്കു താത്പര്യമുളള ഏതു മുൻവഴക്കം ഫിലേമോൻ സ്ഥാപിക്കും?
9 തന്റെ അപേക്ഷ ഫിലേമോൻ അനുസരിക്കുമെന്നു പൗലൊസ് പ്രസ്പഷ്ടമായി പ്രതീക്ഷിച്ചു, ഫിലേമോൻ അങ്ങനെ ചെയ്യുന്നതു യേശു മത്തായി 6:14-ൽ പറഞ്ഞതിന്റെയും പൗലൊസ് എഫെസ്യർ 4:32-ൽ പറഞ്ഞതിന്റെയും പ്രായോഗികമാക്കൽ ആയിരിക്കും. അതുപോലെ ഇന്നു കുററക്കാരനായ ഒരു സഹോദരനോടു ദയ കാണിക്കുന്നതിനും ക്ഷമിക്കുന്നതിനും ക്രിസ്ത്യാനികളിൽനിന്നു പ്രതീക്ഷിക്കാവുന്നതാണ്. തന്റെ ഉടമസ്ഥതയിലുളള, തനിക്കു ബോധിച്ചതുപോലെ ദ്രോഹിക്കാൻ നിയമപരമായി സ്വാതന്ത്ര്യമുളള ഒരു അടിമയോടു ഫിലേമോനു ക്ഷമിക്കാമായിരുന്നെങ്കിൽ ക്രിസ്ത്യാനികൾ ഇന്ന് കുററക്കാരനായ ഒരു സഹോദരനോടു ക്ഷമിക്കാൻ പ്രാപ്തരായിരിക്കണം—വളരെ പ്രയാസംകുറഞ്ഞ ഒരു കാര്യംതന്നെ.
10. ഫിലേമോനുളള ലേഖനത്തിൽ യഹോവയുടെ ആത്മാവിന്റെ പ്രവർത്തനം പ്രകടമായിരിക്കുന്നത് എങ്ങനെ?
10 ഫിലേമോനുളള ഈ ലേഖനത്തിൽ യഹോവയുടെ ആത്മാവിന്റെ പ്രവർത്തനം വളരെ പ്രകടമാണ്. അതു വളരെ പ്രകോപനപരമായ ഒരു പ്രശ്നത്തെ പൗലൊസ് കൈകാര്യംചെയ്ത വിദഗ്ധരീതിയിൽ പ്രകടമായിരിക്കുന്നു. അതു പൗലൊസ് പ്രദർശിപ്പിക്കുന്ന സഹാനുഭൂതിയിലും ആർദ്രപ്രിയത്തിലും ഒരു സഹക്രിസ്ത്യാനിയിലുളള വിശ്വാസത്തിലും പ്രത്യക്ഷമാണ്. ഫിലേമോനുളള ലേഖനം, മററു തിരുവെഴുത്തുകളെപ്പോലെ, ക്രിസ്തീയ തത്ത്വങ്ങൾ പഠിപ്പിക്കുകയും ക്രിസ്തീയ ഐക്യത്തിനു പ്രോത്സാഹിപ്പിക്കുകയും ദൈവരാജ്യത്തിൽ പ്രത്യാശിക്കുന്നവരായി യഹോവയുടെ സ്നേഹദയയെ പ്രതിഫലിപ്പിക്കുന്ന നടത്തയുളളവരായ “വിശുദ്ധൻമാരുടെ” ഇടയിൽ സമൃദ്ധമായിട്ടുളള സ്നേഹത്തെയും വിശ്വാസത്തെയും മഹിമപ്പെടുത്തുകയും ചെയ്യുന്നുവെന്ന വസ്തുതയിൽ അതു കാണപ്പെടുന്നു.—വാക്യം 5.
[അടിക്കുറിപ്പുകൾ]
a ജി. ഡബ്ലിയൂ. ബ്രോമിലി സംവിധാനംചെയ്ത ദി ഇൻറർനാഷനൽ ബൈബിൾ സ്ററാൻഡേർഡ് എൻസൈക്ലോപീഡിയ വാല്യം 3, 1986, പേജ് 831.