ബൈബിൾ പുസ്തക നമ്പർ 66—വെളിപ്പാട്
എഴുത്തുകാരൻ: അപ്പോസ്തലനായ യോഹന്നാൻ
എഴുതിയ സ്ഥലം: പത്മോസ്
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 96
1. (എ) വെളിപ്പാടിലെ പ്രതീകപ്രയോഗങ്ങൾ സംബന്ധിച്ചു ദൈവദാസൻമാർ എന്തിനോടു യോജിക്കും? (ബി) വെളിപ്പാടു ശരിയായിത്തന്നെ ബൈബിളിൽ ഒടുവിൽ വെച്ചിരിക്കുന്നത് എന്തുകൊണ്ട്?
വെളിപ്പാടിലെ പ്രതീകപ്രയോഗങ്ങൾ ഭയപ്പെടുത്താൻ ഉദ്ദേശിച്ചിട്ടുളളവയാണോ? അശേഷമല്ല! പ്രവചനനിവൃത്തി ദുഷ്ടൻമാർക്കു ഭീതി ജനിപ്പിച്ചേക്കാം, എന്നാൽ ദൈവത്തിന്റെ വിശ്വസ്ത ദാസൻമാർ നിശ്വസ്ത ആമുഖത്തോടും ദൂതന്റെ ഒടുവിലത്തെ അഭിപ്രായത്തോടും യോജിക്കും: “ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും . . . ഭാഗ്യവാൻമാർ.” “ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ.” (വെളി. 1:3; 22:7) വെളിപ്പാടു യോഹന്നാനാലുളള വേറെ നാലു നിശ്വസ്ത പുസ്തകങ്ങൾക്കു മുമ്പേ എഴുതിയതാണെങ്കിലും അതു നമ്മുടെ ബൈബിളായിരിക്കുന്നതിലെ 66 നിശ്വസ്തപുസ്തകങ്ങളുടെ ശേഖരത്തിൽ ശരിയായിത്തന്നെ ഒടുവിൽ വെച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാൽ അതു മനുഷ്യവർഗത്തിനുവേണ്ടി ദൈവം ഉദ്ദേശിക്കുന്നതിന്റെ സർവാശ്ലേഷിയായ ഒരു ദർശനം നൽകിക്കൊണ്ടു വായനക്കാരെ വിദൂരഭാവിയിലേക്ക് എത്തിക്കുന്ന വെളിപ്പാടാണ്, യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണവും വാഗ്ദത്തസന്തതിയായ ക്രിസ്തുവിൻകീഴിലെ രാജ്യം മുഖേനയുളള അവന്റെ പരമാധികാരത്തിന്റെ സംസ്ഥാപനവും എന്ന ബൈബിളിലെ മഹത്തായ പ്രതിപാദ്യവിഷയത്തെ പാരമ്യത്തിലെത്തിക്കുന്നതുമാണത്.
2. വെളിപ്പാട് ഏതു മുഖാന്തരത്താൽ യോഹന്നാനിലേക്ക് എത്തി, പുസ്തകത്തിന്റെ ശീർഷകം ഏററവും ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
2 ശീർഷക വാക്യപ്രകാരം, ഇത് “യേശുക്രിസ്തുവിന്റെ വെളിപ്പാടു” ആണ്. “ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻമുഖാന്തരം അയച്ചു തന്റെ ദാസനായ [“അടിമ,” NW] യോഹന്നാന്നു പ്രദർശിപ്പിച്ചു.” അതുകൊണ്ടു യോഹന്നാൻ വിവരങ്ങളുടെ ഉത്പാദകനല്ല, പിന്നെയോ എഴുത്തുകാരൻ മാത്രമായിരുന്നു. അതുകൊണ്ടു യോഹന്നാനല്ല വെളിപ്പാടു നൽകിയവൻ, ഈ പുസ്തകം യോഹന്നാന്റെ വെളിപ്പാടുമല്ല. (1:1) ഭാവിയെസംബന്ധിച്ചുളള ദൈവത്തിന്റെ അത്ഭുതകരമായ ഉദ്ദേശ്യങ്ങൾ തന്റെ അടിമയെ ഈ വിധത്തിൽ മറനീക്കിക്കാണിച്ചത് അതിന്റെ ശീർഷകത്തെ അത്യന്തം ഉചിതമാക്കുന്നു, എന്തുകൊണ്ടെന്നാൽ അപ്പോക്കലിപ്സിസ് (അപ്പോക്കലിപ്സ്) എന്ന പുസ്തകത്തിന്റെ ഗ്രീക്ക് നാമത്തിന്റെ അർഥം “മറനീക്കൽ” അഥവാ “അനാച്ഛാദനം” എന്നാണ്.
3. യോഹന്നാൻ എന്നു പേരുളള എഴുത്തുകാരൻ ആരാണെന്നു വെളിപ്പാടുതന്നെ സൂചിപ്പിക്കുന്നു, പുരാതന ചരിത്രകാരൻമാർ ഇതിനെ പിന്താങ്ങുന്നത് എങ്ങനെ?
3 വെളിപ്പാടിന്റെ എഴുത്തുകാരനെന്ന നിലയിൽ അതിന്റെ ഒന്നാം അധ്യായത്തിൽ പരാമർശിച്ചിരിക്കുന്ന ഈ യോഹന്നാൻ ആരായിരുന്നു? അവൻ യേശുക്രിസ്തുവിന്റെ ഒരു അടിമയും ഒരു സഹോദരനും കഷ്ടപ്പാടിൽ പങ്കാളിയും ആയിരുന്നുവെന്നും അവനെ പത്മോസ്ദ്വീപിലേക്കു നാടുകടത്തിയിരുന്നുവെന്നും നമ്മോടു പറഞ്ഞിരിക്കുന്നു. സ്പഷ്ടമായി, അവൻ തന്റെ ആദ്യ വായനക്കാർക്കു സുപരിചിതനായിരുന്നു, അവർക്കായി കൂടുതലായ തിരിച്ചറിയിക്കൽ ആവശ്യമായിരുന്നില്ല. അവൻ അപ്പോസ്തലനായ യോഹന്നാൻ ആയിരിക്കണം. മിക്ക പുരാതന ചരിത്രകാരൻമാരും ഈ നിഗമനത്തെ പിന്താങ്ങുന്നു. പൊ.യു. രണ്ടാം നൂററാണ്ടിന്റെ ആദ്യഭാഗത്ത് എഴുതിയ പേപ്പിയസ് അപ്പോസ്തലിക ഉത്ഭവമുളളതാണ് ഈ പുസ്തകമെന്നു വിശ്വസിച്ചിരുന്നതായി പറയപ്പെടുന്നു. “ഒരു യഹൂദനായ ട്രൈഫോയുമായുളള സംഭാഷണം” (LXXXI) എന്ന തന്റെ കൃതിയിൽ രണ്ടാം നൂററാണ്ടിലെ ജസ്ററിൻ മാർട്ടെർ ഇങ്ങനെ പറയുന്നു: “ക്രിസ്തുവിന്റെ അപ്പോസ്തലൻമാരിലൊരാളായ യോഹന്നാൻ എന്നു പേരുളള ഒരു മനുഷ്യൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു, അവൻ തനിക്കു ലഭിച്ച വെളിപ്പാടിനാൽ പ്രവചിച്ചു.”a ഐറേനിയസ് അപ്പോസ്തലനായ യോഹന്നാൻ എഴുത്തുകാരനാണെന്നു വ്യക്തമായി പറയുന്നു. രണ്ടാം നൂററാണ്ടിന്റെ ഒടുവിലും മൂന്നാം നൂററാണ്ടിന്റെ പ്രാരംഭത്തിലും ജീവിച്ചിരുന്ന അലക്സാണ്ട്രിയയിലെ ക്ലെമൻറും തെർത്തുല്യനും അതുതന്നെ ചെയ്യുന്നു. മൂന്നാം നൂററാണ്ടിലെ ശ്രദ്ധാർഹനായ ബൈബിൾപണ്ഡിതൻ, ഓറിജൻ ഇങ്ങനെ പറഞ്ഞു: “യേശുവിന്റെ നെഞ്ചിൽ ചാരിയിരുന്ന യോഹന്നാനെക്കുറിച്ചാണു ഞാൻ പറയുന്നത്, അവൻ ഒരു സുവിശേഷം എഴുതിയിട്ടുണ്ട്, . . . അവൻ അപ്പോക്കലിപ്സും എഴുതി.”b
4. (എ) യോഹന്നാന്റെ മററ് എഴുത്തുകളോടുളള താരതമ്യത്തിൽ വെളിപ്പാടിലെ ശൈലിയുടെ വ്യതിയാനത്തിനു കാരണമെന്ത്? (ബി) വെളിപ്പാടു നിശ്വസ്ത തിരുവെഴുത്തുകളുടെ ഒരു വിശ്വസനീയ ഭാഗമാണെന്ന് എന്തു തെളിയിക്കുന്നു?
4 യോഹന്നാന്റെ മററ് എഴുത്തുകൾ സ്നേഹത്തിനു വളരെയധികം ഊന്നൽ കൊടുക്കുന്നുവെന്ന വസ്തുത വളരെ ശക്തിമത്തും തീക്ഷ്ണവുമായ വെളിപ്പാട് അവൻ എഴുതിയിരിക്കാനിടയില്ലെന്ന് അർഥമാക്കുന്നില്ല. അവനും സഹോദരനായ യാക്കോബുമായിരുന്നു ആകാശത്തുനിന്നു തീയിറക്കാനാഗ്രഹിക്കത്തക്കവണ്ണം ഒരു നഗരത്തിലെ ശമര്യക്കാർക്കെതിരെ വളരെ കോപാകുലരായത്. അതുകൊണ്ടാണ് അവർക്ക് “ബൊവനേർഗ്ഗെസ്” അല്ലെങ്കിൽ “ഇടിമക്കൾ” എന്ന മറുപേർ കൊടുക്കപ്പെട്ടത്. (മർക്കൊ. 3:17; ലൂക്കൊ. 9:54) വെളിപ്പാടിൽ വിഷയം വ്യത്യസ്തമാണെന്ന് ഓർക്കുമ്പോൾ ശൈലിയിലുളള ഈ വ്യതിയാനം പ്രയാസം സൃഷ്ടിക്കുന്നില്ല. ഈ ദർശനങ്ങളിൽ യോഹന്നാൻ കണ്ടത് അവൻ മുമ്പു കണ്ടിട്ടുളള ഏതിനെക്കാളും വ്യത്യസ്തമായിരുന്നു. പ്രാവചനിക തിരുവെഴുത്തുകളിൽ ശേഷിച്ചവയോടുളള ഈ പുസ്തകത്തിന്റെ മുന്തിയ യോജിപ്പ് ദൈവത്തിന്റെ നിശ്വസ്ത വചനത്തിന്റെ ഒരു ഭാഗമാണതെന്നു നിസ്സംശയമായി തെളിയിക്കുന്നു.
5. യോഹന്നാൻ എപ്പോൾ വെളിപ്പാട് എഴുതി, ഏതു സാഹചര്യങ്ങളിൽ?
5 ഏററവും നേരത്തെയുളള സാക്ഷ്യപ്രകാരം, യോഹന്നാൻ പൊ.യു. ഏതാണ്ട് 96-ൽ വെളിപ്പാട് എഴുതി, യെരുശലേമിന്റെ നാശത്തിനുശേഷം ഏകദേശം 26 വർഷം കഴിഞ്ഞ്. ഇതു ഡൊമീഷ്യൻചക്രവർത്തിയുടെ വാഴ്ചയുടെ അവസാനത്തോടടുത്തായിരിക്കും. ഇതിന്റെ സ്ഥിരീകരണമെന്നോണം, “പാഷണ്ഡോപദേശങ്ങൾക്കെതിരെ” (V, xxx, ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഐറേനിയസ് അപ്പോക്കലിപ്സിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “അതു കണ്ടത് ഏറെക്കാലത്തിനു ശേഷമായിരുന്നില്ല, പിന്നെയോ നമ്മുടെ നാളിൽത്തന്നെ, ഡൊമീഷ്യന്റെ വാഴ്ചയുടെ അവസാനത്തോടടുത്തായിരുന്നു.”c യൂസേബിയസും ജെറോമും ഈ സാക്ഷ്യത്തോടു യോജിക്കുന്നു. ഡൊമീഷ്യൻ യെരുശലേമിനെ നശിപ്പിക്കാൻ റോമാസൈന്യത്തെ നയിച്ച തീത്തൊസിന്റെ സഹോദരനായിരുന്നു. വെളിപ്പാടുപുസ്തകം എഴുതപ്പെട്ടതിനു 15 വർഷം മുമ്പ് തീത്തൊസ് മരിച്ചപ്പോഴായിരുന്നു അവൻ ചക്രവർത്തിയായത്. തന്നെ ദൈവമായി ആരാധിക്കണമെന്ന് അവൻ ആവശ്യപ്പെടുകയും ഡോമിനസ് എററ് നോസ്ററർ (“നമ്മുടെ കർത്താവും ദൈവവും” എന്നർഥം) എന്ന സ്ഥാനപ്പേർ സ്വീകരിക്കുകയും ചെയ്തു.d വ്യാജദൈവങ്ങളെ ആരാധിച്ചവരെ ചക്രവർത്തിയാരാധന അസഹ്യപ്പെടുത്തിയില്ല. എന്നാൽ ആദിമ ക്രിസ്ത്യാനികൾക്ക് അതിൽ ഏർപ്പെടുക സാധ്യമല്ലായിരുന്നു, ഈ ആശയം സംബന്ധിച്ചു വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാൻ അവർ വിസമ്മതിച്ചു. അങ്ങനെ, ഡൊമീഷ്യന്റെ ഭരണത്തിന്റെ അവസാനത്തോടടുത്ത് (പൊ.യു. 81-96) ക്രിസ്ത്യാനികളുടെമേൽ കഠിന പീഡനമുണ്ടായി. യോഹന്നാനെ ഡൊമീഷ്യൻ പത്മോസിലേക്കു നാടുകടത്തിയെന്നു വിചാരിക്കപ്പെടുന്നു. ഡൊമീഷ്യൻ പൊ.യു. 96-ൽ കൊലചെയ്യപ്പെട്ടപ്പോൾ നെർവാ ചക്രവർത്തി അവന്റെ പിൻഗാമിയായിത്തീർന്നു, അവൻ കൂടുതൽ ദാക്ഷിണ്യം കാട്ടി. തെളിവനുസരിച്ച് അവൻ യോഹന്നാനെ മോചിപ്പിച്ചു. പത്മോസിലെ ഈ തടവുവാസക്കാലത്താണു യോഹന്നാനു ദർശനങ്ങൾ ലഭിച്ചത്, അവൻ അവ എഴുതിവെച്ചു.
6. നാം വെളിപ്പാടുപുസ്തകത്തെ എന്തായി കാണണം, അതിനെ എങ്ങനെ വിഭാഗിക്കാം?
6 അടുക്കും ചിട്ടയുമില്ലാതെ രേഖപ്പെടുത്തിയ ബന്ധമില്ലാത്ത ദർശനങ്ങളുടെ ഒരു വെറും പരമ്പരയല്ല യോഹന്നാൻ കണ്ടതും സഭകൾക്ക് എഴുതി അയയ്ക്കാൻ പറയപ്പെട്ടതും എന്നു നാം മനസ്സിലാക്കണം. അല്ല, മുഴു വെളിപ്പാടുപുസ്തകവും ആദ്യവസാനം വരാനുളള കാര്യങ്ങളുടെ പരസ്പരയോജിപ്പുളള ദർശനങ്ങളുടെ ഒരു ചിത്രം നമുക്കു നൽകുന്നു, ദർശനങ്ങളുടെ അവസാനത്തിൽ ദൈവത്തിന്റെ രാജ്യോദ്ദേശ്യങ്ങളുടെ പൂർണവെളിപ്പെടുത്തലിൽ എത്തുന്നതുവരെ ഒരു ദർശനത്തിൽനിന്നു മറെറാന്നിലേക്കു നീങ്ങിക്കൊണ്ടുതന്നെ. അതുകൊണ്ടു നാം വെളിപ്പാടുപുസ്തകത്തെ യോഹന്നാന്റെ കാലംമുതൽ ഭാവിയിലേക്കു നമ്മെ വഹിച്ചുകൊണ്ടുപോകുന്ന യോജിപ്പുളള ഭാഗങ്ങളായി മൊത്തത്തിൽ കാണണം. പുസ്തകം അതിന്റെ ആമുഖത്തിനുശേഷം (വെളി.1:1-9) 16 ദർശനങ്ങളായി ഭാഗിക്കപ്പെട്ടിരിക്കുന്നതായി വീക്ഷിക്കാൻ കഴിയും: (1) 1:10–3:22; (2) 4:1–5:14; (3) 6:1-17; (4) 7:1-17; (5) 8:1–9:21; (6) 10:1–11:19; (7) 12:1-17; (8) 13:1-18; (9) 14:1-20; (10)15:1–16:21; (11) 17:1-18; (12)18:1–19:10; (13) 19:11-21; (14) 20:1-10; (15) 20:11–21:8; (16) 21:9–22:5. ഈ ദർശനങ്ങളെ തുടർന്നു പ്രേരണാത്മകമായ ഒരു ഉപസംഹാരം കൊടുത്തിരിക്കുന്നു. അതിൽ യഹോവയും യേശുവും ദൂതനും യോഹന്നാനുമെല്ലാം സംസാരിക്കുന്നു, ആശയവിനിമയ സരണിയിലെ മുഖ്യ വ്യക്തികളെന്ന നിലയിൽ അവരുടെ അന്തിമസംഭാവന ചെയ്തുകൊണ്ടുതന്നെ.—22:6-21.
വെളിപ്പാടിന്റെ ഉളളടക്കം
7. വെളിപ്പാടിന്റെ ഉത്ഭവത്തെക്കുറിച്ചു യോഹന്നാൻ എന്തു പറയുന്നു, ഏഴു സഭകളിലുളളവരുമായി പൊതുവിൽ താൻ എന്തിൽ പങ്കാളിയാണെന്ന് അവൻ പറയുന്നു?
7 ആമുഖം (1:1-9). യോഹന്നാൻ ദിവ്യ ഉറവിനെയും വെളിപ്പാടു നൽകപ്പെടുന്ന സരണിയിലെ ദൂതഭാഗത്തെയും വിശദീകരിക്കുന്നു, തുടർന്ന് അവൻ ആസ്യ ഡിസ്ട്രിക്റ്റിലെ ഏഴു സഭകളിലുളളവരെ സംബോധന ചെയ്യുന്നു. യേശുക്രിസ്തു അവരെ സർവശക്തനായ യഹോവയാം ദൈവത്തിന്, “തന്റെ പിതാവായ ദൈവത്തിന്നു . . . രാജ്യവും പുരോഹിതൻമാരും” ആക്കി. പത്മോസിൽ പ്രവാസിയായിരിക്കെ, “യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും” ഒരു കൂട്ടാളിയാണു താൻ എന്നു യോഹന്നാൻ അവരെ അനുസ്മരിപ്പിക്കുന്നു.—1:6, 9.
8. (എ) എന്തു ചെയ്യാൻ യോഹന്നാനോടു നിർദേശിക്കുന്നു? (ബി) നിലവിളക്കുകളുടെ മധ്യേ അവൻ ആരെ കാണുന്നു, ഈ ഒരുവൻ എന്തു വിശദീകരിക്കുന്നു?
8 ഏഴു സഭകൾക്കുളള സന്ദേശങ്ങൾ (1:10–3:22) ഒന്നാമത്തെ ദർശനം തുടങ്ങുമ്പോൾ യോഹന്നാൻ നിശ്വസ്തതയിൽ കർത്താവിന്റെ ദിവസത്തിലെത്തുന്നു. താൻ കാണുന്നത് ഒരു ചുരുളിലെഴുതി എഫേസോസ്, സ്മിർണ, പെർഗമോസ്, തുയഥൈര, സർദിസ്, ഫിലദെൽഫിയ, ലവോദിക്യ എന്നിവിടങ്ങളിലെ ഏഴു സഭകൾക്ക് അയച്ചുകൊടുക്കാൻ ശക്തമായ, കാഹളസമാനമായ ഒരു ശബ്ദം അവനോടു പറയുന്നു. ശബ്ദം കേട്ട ദിശയിൽ തിരിയുമ്പോൾ ഏഴു നിലവിളക്കുകളുടെ നടുവിൽ വലങ്കൈയിൽ ഏഴു നക്ഷത്രങ്ങളുമായി നിൽക്കുന്ന “മനുഷ്യപുത്രനോടു സദൃശ്യനായവനെ” യോഹന്നാൻ കാണുന്നു. ഈ ഒരുവൻ “ആദ്യനും അന്ത്യനും” മരിച്ചവനായിത്തീർന്നെങ്കിലും ഇപ്പോൾ എന്നുമെന്നേക്കും ജീവിക്കുന്നവനും മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ ഉളളവനുമായി തന്നേത്തന്നെ തിരിച്ചറിയിക്കുന്നു. അതുകൊണ്ട് അവൻ പുനരുത്ഥാനംപ്രാപിച്ച യേശുക്രിസ്തു ആണ്. അവൻ വിശദീകരിക്കുന്നു: “ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതൻമാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു.”—1:13, 17, 20.
9. എഫേസോസ്, സ്മിർണ, പെർഗമോസ്, തുയഥൈര എന്നിവിടങ്ങളിലെ സഭകൾക്ക് എന്ത് അഭിനന്ദനങ്ങളും ബുദ്ധ്യുപദേശങ്ങളും കൊടുക്കുന്നു?
9 എഫേസോസിലെ സഭയുടെ ദൂതന് എഴുതാൻ യോഹന്നാനോടു പറയുന്നു. ആ സഭ അതിന്റെ അധ്വാനവും സഹിഷ്ണുതയും ദുഷ്ടമനുഷ്യരെ പൊറുക്കാനുളള വിസമ്മതവുമുണ്ടായിരുന്നിട്ടും അതിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞിരുന്നു. അത് അനുതപിക്കുകയും മുൻ പ്രവൃത്തികൾ ചെയ്യുകയും വേണം. കഷ്ടതയും ദാരിദ്ര്യവും ഉണ്ടായിരുന്നിട്ടും സ്മിർണയിലെ സഭ യഥാർഥത്തിൽ സമ്പന്നമാണെന്നും ഭയപ്പെടരുതെന്നും അതിനോടു പറയുന്നു: “മരണപര്യന്തം വിശ്വസ്തനായിരിക്ക, എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും.” “സാത്താന്റെ സിംഹാസനം” ഉളേളടത്തു വസിക്കുന്ന പെർഗമോസിലെ സഭ ക്രിസ്തുവിന്റെ നാമത്തെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ അതിന്റെ ഇടയിൽ വിശ്വാസത്യാഗികൾ ഉണ്ട്, അവർ അനുതപിക്കണം, അല്ലെങ്കിൽ ക്രിസ്തു തന്റെ വായിലെ നീണ്ട വാൾകൊണ്ട് അവരോടു യുദ്ധം ചെയ്യും. തുയഥൈരയിൽ സഭക്കു “സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവ” ഉണ്ട്, എന്നാൽ അത് “ഈസബേൽ എന്ന സ്ത്രീയെ” പൊറുക്കുന്നു. എന്നിരുന്നാലും, ഉറച്ചുനിൽക്കുന്ന വിശ്വസ്തർക്കു “ജാതികളുടെമേൽ അധികാരം” ലഭിക്കും.—2:10, 13, 19, 20, 26.
10. സർദിസ്, ഫിലദെൽഫിയാ, ലവോദിക്യ എന്നീ സഭകൾക്ക് ഏതു സന്ദേശങ്ങൾ അയയ്ക്കുന്നു?
10 സർദിസിലെ സഭക്കു ജീവനുളളത് എന്ന ഖ്യാതി ഉണ്ടെങ്കിലും അതിന്റെ പ്രവൃത്തികൾ ദൈവമുമ്പാകെ തികവോടെ നിർവഹിക്കപ്പെടാത്തതിനാൽ അതു മരിച്ചതാകുന്നു. എന്നിരുന്നാലും, ജയിക്കുന്നവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയുകയില്ല. ഫിലദെൽഫിയയിലെ സഭ ക്രിസ്തുവിന്റെ വചനം കാത്തിരിക്കുന്നു, തന്നിമിത്തം ആ സഭയെ “ഭൂതലത്തിലെങ്ങും വരുവാനുളള പരീക്ഷാകാലത്തു” കാക്കുമെന്ന് അവൻ വാഗ്ദത്തം ചെയ്യുന്നു. ജയിക്കുന്നവനെ ക്രിസ്തു തന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും. ക്രിസ്തു പറയുന്നു: “എന്റെ ദൈവത്തിന്റെ നാമവും . . . പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” ‘ദൈവ സൃഷ്ടിയുടെ ആരംഭം’ എന്നു തന്നേത്തന്നെ പരാമർശിച്ചുകൊണ്ടു ക്രിസ്തു ലവോദിക്യസഭ ഉഷ്ണവാനോ ശീതവാനോ അല്ലെന്നും തന്റെ വായിൽനിന്ന് അതിനെ ഛർദിച്ചുകളയുമെന്നും അതിനോടു പറയുന്നു. ധനത്തെക്കുറിച്ചു വീമ്പിളക്കുന്നുണ്ടെങ്കിലും ആ സഭയിലുളളവർ യഥാർഥത്തിൽ ദരിദ്രരും കുരുടരും നഗ്നരുമാകുന്നു. അവർക്കു വെളള മേലങ്കികൾ ആവശ്യമാണ്. കാഴ്ച കിട്ടാൻ അവർക്കു നേത്രലേപനം ആവശ്യമാണ്. തനിക്കു വാതിൽ തുറന്നുതരുന്ന ഏവനോടുംകൂടെ ക്രിസ്തു വന്ന് അത്താഴം കഴിക്കും. ജയിക്കുന്നവനു ക്രിസ്തു തന്റെ സിംഹാസനത്തിൽ ഇരിക്കാൻ അനുവാദം കൊടുക്കും, താൻ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെതന്നെ.—3:10, 12, 14.
11. അടുത്തതായി ഏതു മഹനീയമായ ദർശനം യോഹന്നാന്റെ ശ്രദ്ധയിലേക്കു വരുന്നു?
11 യഹോവയുടെ വിശുദ്ധിയുടെയും മഹത്ത്വത്തിന്റെയും ദർശനം (4:1–5:14). രണ്ടാമത്തെ ദർശനം നമ്മെ യഹോവയുടെ തേജസ്സിന്റെ സ്വർഗീയസിംഹാസനത്തിൻമുമ്പാകെ ആനയിക്കുന്നു. രംഗം മനോഹാരിതയിൽ ഉജ്ജ്വലമാണ്, ശോഭയുടെ കാര്യത്തിൽ വിലയേറിയ രത്നങ്ങൾപോലെ. സിംഹാസനത്തിനു ചുററും 24 മൂപ്പൻമാർ കിരീടങ്ങൾ ധരിച്ച് ഇരിക്കുന്നു. നാലു ജീവികൾ യഹോവക്കു വിശുദ്ധി ആരോപിക്കുന്നു. അവൻ സകലതിന്റെയും സ്രഷ്ടാവായതുകൊണ്ടു “മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ” യോഗ്യനെന്ന നിലയിൽ ആരാധിക്കപ്പെടുന്നു.—4:11.
12. ഏഴു മുദ്രകളുളള ചുരുൾ തുറക്കാൻ ആർ മാത്രമാണു യോഗ്യൻ?
12 ‘സിംഹാസനത്തിൽ ഇരിക്കുന്നവൻ’ ഏഴു മുദ്രകളുളള ഒരു ചുരുൾ പിടിച്ചിരിക്കുന്നു. എന്നാൽ ചുരുൾ തുറക്കാൻ യോഗ്യൻ ആരാണ്? “യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ” മാത്രമാണു യോഗ്യൻ! “അറുക്കപ്പെട്ട കുഞ്ഞാടു”കൂടെയായ ഈ ഒരുവൻ യഹോവയിൽനിന്നു ചുരുൾ വാങ്ങുന്നു.—5:1, 5, 12.
13. ആദ്യത്തെ ആറു മുദ്രകളുടെ തുറക്കലോടെ ഏതു സംയുക്ത ദർശനം ഉണ്ടാകുന്നു?
13 കുഞ്ഞാടു ചുരുളിന്റെ ആറു മുദ്രകൾ തുറക്കുന്നു (6:1–7:17). മൂന്നാമത്തെ ദർശനം ഇപ്പോൾ തുടങ്ങുന്നു. കുഞ്ഞാടു മുദ്രകൾ പൊട്ടിച്ചുതുടങ്ങുന്നു. ആദ്യമായി, വെളളക്കുതിരപ്പുറത്തിരിക്കുന്ന ഒരുവൻ “ജയിക്കുന്നവനായും ജയിപ്പാനായും” പുറപ്പെടുന്നു. അനന്തരം തീനിറമുളള ഒരു കുതിരപ്പുറത്ത് ഇരിക്കുന്നവൻ ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയുന്നു, ഒരു കറുത്ത കുതിരപ്പുറത്ത് ഇരിക്കുന്നവൻ ധാന്യം തൂക്കിക്കൊടുക്കുന്നു. മരണം ഒരു മഞ്ഞക്കുതിരപ്പുറത്തു സവാരിചെയ്യുന്നു, പാതാളം അടുത്തു പിന്തുടരുന്നു. അഞ്ചാമത്തെ മുദ്ര പൊട്ടിക്കുന്നു. ‘ദൈവവചനം നിമിത്തം അറുക്കപ്പെട്ടവർ’ തങ്ങളുടെ രക്തത്തിനുവേണ്ടി പ്രതികാരംചെയ്യാൻ മുറവിളി കൂട്ടുന്നതായി കാണപ്പെടുന്നു. (6:2, 9) ആറാമത്തെ മുദ്ര പൊട്ടിക്കുമ്പോൾ ഒരു വലിയ ഭൂകമ്പം ഉണ്ടാകുന്നു. സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു. തങ്ങളുടെമേൽ വീഴാനും യഹോവയിൽനിന്നും കുഞ്ഞാടിന്റെ ക്രോധത്തിൽനിന്നും തങ്ങളെ ഒളിപ്പിക്കാനും ഭൂമിയിലെ ബലവാൻമാർ പർവതങ്ങളോട് അപേക്ഷിക്കുന്നു.
14. ദൈവത്തിന്റെ അടിമകളെ സംബന്ധിച്ചും അസംഖ്യമായ ഒരു മഹാപുരുഷാരത്തെസംബന്ധിച്ചും അടുത്തതായി എന്തു കാണുന്നു?
14 ഇതിനുശേഷം നാലാമത്തെ ദർശനം തുടങ്ങുന്നു. ദൈവത്തിന്റെ അടിമകളുടെ നെററിയിൽ മുദ്രയിട്ടുതീരുന്നതുവരെ നാലു ദൂതൻമാർ ഭൂമിയിലെ നാലു കാററുകൾ പിടിച്ചുകൊണ്ടുനിൽക്കുന്നതായി കാണപ്പെടുന്നു. അടിമകളുടെ സംഖ്യ 1,44,000 ആണ്. അതിനുശേഷം സകല ജനതകളിൽനിന്നുമുളള എണ്ണമററ ഒരു മഹാപുരുഷാരം ദൈവത്തിന്റെയും കുഞ്ഞാടിന്റെയും മുമ്പാകെ നിൽക്കുന്നതു യോഹന്നാൻ കാണുന്നു, രക്ഷ അവരിൽനിന്നു വരുന്നതായി അവർ പറയുകയും ദൈവത്തിന്റെ ആലയത്തിൽ രാവും പകലും സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നു. കുഞ്ഞാടുതന്നെ അവരെ ‘മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തും.’—7:17.
15. ഏഴാമത്തെ മുദ്രയുടെ തുറക്കലിനെ തുടർന്ന് എന്തു സംഭവിക്കുന്നു?
15 ഏഴാമത്തെ മുദ്ര പൊട്ടിക്കുന്നു (8:1–12:17). സ്വർഗത്തിൽ നിശബ്ദത വ്യാപിക്കുന്നു. ഏഴു ദൂതൻമാർക്ക് ഏഴു കാഹളങ്ങൾ കൊടുക്കുന്നു. ആദ്യത്തെ ആറു കാഹളമൂത്താണ് അഞ്ചാമത്തെ ദർശനം.
16. (എ) ആദ്യത്തെ അഞ്ചു കാഹളങ്ങൾ ഒന്നിനുപിറകേ ഒന്നായി ഊതുമ്പോൾ അകമ്പടിയായി എന്തുണ്ടാകുന്നു, മൂന്നു കഷ്ടങ്ങളിൽ ആദ്യത്തേത് എന്താണ്? (ബി) ആറാമത്തെ കാഹളം എന്തിനെ മുന്നറിയിക്കുന്നു?
16 ആദ്യത്തെ മൂന്നു കാഹളങ്ങൾ ഒന്നിനുപിറകേ ഒന്നായി ഊതുമ്പോൾ ഭൂമിമേലും സമുദ്രത്തിൻമേലും നദികളുടെയും അതുപോലെതന്നെ നീരുറവകളുടെയും മേലും അനർഥങ്ങൾ വർഷിക്കുന്നു. നാലാമത്തെ കാഹളമൂതുമ്പോൾ സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും മൂന്നിലൊന്ന് ഇരുണ്ടുപോകുന്നു. അഞ്ചാമത്തേതിന്റെ ശബ്ദത്തിങ്കൽ ആകാശത്തുനിന്നുളള ഒരു നക്ഷത്രം ഒരു വെട്ടുക്കിളിബാധ അഴിച്ചുവിടുന്നു. അവ “നെററിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത” മനുഷ്യരെ ആക്രമിക്കുന്നു. ഇത് ‘ഒന്നാമത്തെ കഷ്ട’മാണ്. രണ്ടെണ്ണം കൂടെ വരുന്നു. ആറാമത്തെ കാഹളം നാലു ദൂതൻമാരെ കെട്ടഴിച്ചുവിടുന്നതിനെ മുന്നറിയിക്കുന്നു, അവർ കൊല്ലാൻ പുറപ്പെട്ടുവരുന്നു. “പതിനായിരം മടങ്ങു ഇരുപതിനായിരം” കുതിരക്കാർ കൂടുതലായ വിപത്തും സംഹാരവും വരുത്തിക്കൂട്ടുന്നു, എന്നിട്ടും മനുഷ്യർ തങ്ങളുടെ ദുഷ്ടപ്രവൃത്തികൾ വിട്ട് അനുതപിക്കുന്നില്ല.—9:4, 12, 16.
17. ഏതു സംഭവങ്ങൾ രണ്ടാം കഷ്ടം കഴിഞ്ഞു എന്ന പ്രഖ്യാപനത്തിൽ കലാശിക്കുന്നു?
17 ആറാമത്തെ ദർശനം തുടങ്ങുമ്പോൾ, ശക്തനായ മറെറാരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന് “ഏഴാമത്തെ ദൂതൻ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്റെ കാലത്തു ദൈവത്തിന്റെ മർമ്മം . . . അറിയിച്ചുകൊടുത്തതുപോലെ” പൂർത്തിയാകേണ്ടതാണ് എന്നു പ്രഖ്യാപിക്കുന്നു. യോഹന്നാനു തിന്നാൻ ഒരു ചെറിയ ചുരുൾ കൊടുക്കുന്നു. അതു വായിൽ ‘തേൻപോലെ മധുരമുളളതാണ്,’ എന്നാൽ അത് അവന്റെ വയറിനെ കയ്പിക്കുന്നു. (10:6, 9) രണ്ടു സാക്ഷികൾ രട്ട് ഉടുത്തുകൊണ്ട് 1,260 ദിവസം പ്രവചിക്കുന്നു; പിന്നീട് “ആഴത്തിൽനിന്നു കയറിവരുന്ന മൃഗം” അവരെ കൊല്ലുന്നു. അവരുടെ ശവങ്ങൾ “മഹാനഗരത്തിന്റെ വീഥിയിൽ” മൂന്നര ദിവസം ഉപേക്ഷിക്കപ്പെടുന്നു. ഭൂവാസികൾ അവരെച്ചൊല്ലി സന്തോഷിക്കുന്നു, എന്നാൽ ദൈവം അവരെ ജീവനിലേക്ക് ഉയിർപ്പിക്കുമ്പോൾ ഇതു ഭീതിയായി മാറുന്നു. ആ നാഴികയിൽ ഒരു വലിയ ഭൂകമ്പം ഉണ്ടാകുന്നു. “രണ്ടാമത്തെ കഷ്ടം കഴിഞ്ഞു.”—11:7, 8, 14.
18. ഏഴാമത്തെ കാഹളമൂത്തിന്റെ സമയത്ത് ഏതു പ്രധാനപ്പെട്ട പ്രഖ്യാപനം ഉണ്ടാകുന്നു, ഇപ്പോൾ എന്തിന്റെ നിയമിതസമയമാണ്?
18 ഇപ്പോൾ ഏഴാമത്തെ ദൂതൻ കാഹളമൂതുന്നു. “ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു” എന്നു സ്വർഗീയശബ്ദങ്ങൾ പ്രഖ്യാപിക്കുന്നു. ‘ഇരുപത്തിനാലു മൂപ്പൻമാർ’ ദൈവത്തെ ആരാധിക്കുകയും നന്ദി കൊടുക്കുകയും ചെയ്യുന്നു, എന്നാൽ ജനതകൾ ക്രുദ്ധിക്കുന്നു. ഇതു മരിച്ചവരെ ന്യായംവിധിക്കാനും അവന്റെ വിശുദ്ധൻമാർക്കു പ്രതിഫലം കൊടുക്കാനും “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനു”മുളള സമയമാണ്. അവന്റെ വിശുദ്ധമന്ദിരം തുറക്കപ്പെടുന്നു, അതിൽ അവന്റെ ഉടമ്പടിയുടെ പെട്ടകം കാണപ്പെടുന്നു.—11:15, 16, 18.
19. സ്വർഗത്തിൽ ഏതടയാളവും യുദ്ധവും കാണുന്നു, പരിണതഫലം എന്താണ്?
19 രാജ്യസ്ഥാപനത്തിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഏഴാമത്തെ ദർശനം പെട്ടെന്നു സ്വർഗത്തിൽ “വലിയൊരു അടയാളം” കാണിക്കുന്നു. അതു “സകലജാതികളെയും ഇരുമ്പുകോൽ കൊണ്ടു മേയ്പാനുളേളാരു ആൺകുട്ടിയെ” പ്രസവിക്കുന്ന ഒരു സ്ത്രീ ആണ്. “തീനിറമുളേളാരു മഹാസർപ്പം” കുട്ടിയെ വിഴുങ്ങാൻ ഒരുങ്ങിനിൽക്കുന്നു, എന്നാൽ കുട്ടി ദൈവത്തിന്റെ സിംഹാസനത്തിലേക്ക് എടുക്കപ്പെടുന്നു. മീഖായേൽ മഹാസർപ്പത്തോടു യുദ്ധംചെയ്യുന്നു. അവൻ “പിശാചും സാത്താനും എന്ന മഹാസർപ്പമായ” ഈ “പഴയ പാമ്പിനെ” ഭൂമിയിലേക്കു തളളിക്കളയുന്നു. ‘ഭൂമിക്ക് അയ്യോ കഷ്ടം’! മഹാസർപ്പം സ്ത്രീയെ പീഡിപ്പിക്കുകയും അവളുടെ സന്തതിയിൽ ശേഷിപ്പുളളവരോടു യുദ്ധംചെയ്യാൻ പുറപ്പെടുകയും ചെയ്യുന്നു.—12:1, 3, 5, 9, 12; 8:13.
20. ദർശനത്തിൽ അടുത്തതായി ഏതു രണ്ടു കാട്ടുമൃഗങ്ങൾ പ്രത്യക്ഷപ്പെടുന്നു, അവ ഭൂമിയിലെ മനുഷ്യരെ എങ്ങനെ സ്വാധീനിക്കുന്നു?
20 സമുദ്രത്തിൽനിന്നുളള കാട്ടുമൃഗം (13:1-18). എട്ടാമത്തെ ദർശനം ഏഴുതലയും പത്തുകൊമ്പുമുളള ഒരു കാട്ടുമൃഗം സമുദ്രത്തിൽനിന്നു കയറുന്നത് ഇപ്പോൾ കാണിച്ചുതരുന്നു. അതിനു മഹാസർപ്പത്തിൽനിന്ന് അതിന്റെ അധികാരം കിട്ടുന്നു. അതിന്റെ തലകളിലൊന്നു കൊല്ലപ്പെട്ടതുപോലെയായി, എന്നാൽ അതു സുഖപ്പെട്ടു. സർവഭൂമിയും മൃഗത്തെ പുകഴ്ത്തി. അതു ദൈവദൂഷണം പറയുകയും വിശുദ്ധൻമാരോടു യുദ്ധംചെയ്യുകയും ചെയ്യുന്നു. എന്നാൽ നോക്കൂ! യോഹന്നാൻ മറെറാരു കാട്ടുമൃഗത്തെ കാണുന്നു. ഈ ഒന്നു ഭൂമിയിൽനിന്നാണു കയറിവരുന്നത്. അതിനു കുഞ്ഞാടിനുളളതുപോലെ രണ്ടു കൊമ്പുണ്ട്, എന്നാൽ അത് ഒരു മഹാസർപ്പത്തെപ്പോലെ സംസാരിച്ചുതുടങ്ങുന്നു. അതു ഭൂമിയിലെ നിവാസികളെ വഴിതെററിക്കുകയും ഒന്നാമത്തെ കാട്ടുമൃഗത്തിന് ഒരു പ്രതിമ ഉണ്ടാക്കാൻ അവരോടു പറയുകയും ചെയ്യുന്നു. എല്ലാവരും ഈ പ്രതിമയെ ആരാധിക്കുന്നതിനു നിർബന്ധിക്കപ്പെടുന്നു അല്ലെങ്കിൽ കൊല്ലപ്പെടുന്നു. കാട്ടുമൃഗത്തിന്റെ അടയാളമോ സംഖ്യയോ ഇല്ലെങ്കിൽ ആർക്കും വാങ്ങാനോ വിൽക്കാനോ കഴിയില്ല. അതിന്റെ സംഖ്യ 666 ആണ്.
21. യോഹന്നാൻ സീയോൻമലയിൽ എന്തു കാണുന്നു, ദൂതൻമാർ എന്തു വഹിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു, ഭൂമിയിലെ മുന്തിരി നീക്കംചെയ്യപ്പെടുന്നത് എങ്ങനെ?
21 “നിത്യസുവിശേഷ”വും ബന്ധപ്പെട്ട സന്ദേശങ്ങളും (14:1-20). സന്തുഷ്ടമായ ഒരു വൈരുദ്ധ്യമെന്നോണം ഒമ്പതാം ദർശനത്തിൽ യോഹന്നാൻ സീയോൻമലയിൽ കുഞ്ഞാടിനെ കാണുന്നു. അവനോടുകൂടെ നെററിയിൽ കുഞ്ഞാടിന്റെയും പിതാവിന്റെയും നാമങ്ങളുളള 1,44,000 പേർ ഉണ്ട്. “ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്ന” ‘അവർ സിംഹാസനത്തിന്നു മുമ്പാകെ ഒരു പുതിയ പാട്ടുപാടുന്നു.’ സകല ജനതയോടും ‘അറിയിപ്പാൻ നിത്യസുവിശേഷവുമായി’ “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ” എന്നു പ്രഖ്യാപിച്ചുകൊണ്ടു മറെറാരു ദൂതൻ ആകാശമധ്യേ പ്രത്യക്ഷപ്പെടുന്നു. ഇനി വേറൊരു ദൂതൻ “മഹാബാബിലോൻ വീണുപോയി” എന്നു പ്രഖ്യാപിക്കുന്നു. മൂന്നാമതൊരുവൻ കാട്ടുമൃഗത്തെയും അതിന്റെ പ്രതിമയെയും ആരാധിക്കുന്നവർ ദൈവക്രോധത്തിൽനിന്നു കുടിക്കുമെന്നു പ്രഘോഷിക്കുന്നു. “മനുഷ്യപുത്രനു സദൃശനായ ഒരുത്തൻ” തന്റെ അരിവാൾ നീട്ടുന്നു, മറെറാരു ദൂതനും തന്റെ അരിവാൾ നീട്ടി ഭൂമിയിലെ മുന്തിരി ശേഖരിച്ചു “ദൈവകോപത്തിന്റെ വലിയ ചക്കിൽ” ഇടുന്നു. നഗരത്തിനു പുറത്തു ചക്കു മെതിക്കുമ്പോൾ കുതിരകളുടെ കടിവാളങ്ങളോളം ഉയരത്തിൽ രക്തം പൊങ്ങുന്നു, “ആയിരത്തറുന്നൂറു ഫർലോങ് ദൂരത്തോളം” (ഏതാണ്ട് 296 കിലോമീറ്റർ).—14:3, 4, 6-8, 14, 19, 20, NW.
22. (എ) അടുത്തതായി യഹോവയെ ആർ മഹത്ത്വപ്പെടുത്തുന്നതായി കാണുന്നു, എന്തുകൊണ്ട്? (ബി) ദൈവകോപത്തിന്റെ ഏഴു കലശങ്ങൾ എവിടെ ഒഴിക്കുന്നു, തുടർന്നു ലോകത്തെ പിടിച്ചുകുലുക്കുന്ന ഏതു സംഭവങ്ങൾ നടക്കുന്നു?
22 അവസാനത്തെ ഏഴു ബാധകളുമായി ദൂതൻമാർ (15:1–16:21). പത്താമത്തെ ദർശനം സ്വർഗീയസദസ്സിന്റെ മറെറാരു വീക്ഷണത്തോടെ തുടങ്ങുന്നു. കാട്ടുമൃഗത്തിൻമേൽ വിജയം നേടിയവർ “നിത്യതയുടെ രാജാവായ” [NW] യഹോവയെ അവന്റെ വലുതും അത്ഭുതകരവുമായ പ്രവൃത്തികൾ നിമിത്തം മഹത്ത്വപ്പെടുത്തുന്നു. ഏഴു ദൂതൻമാർ സ്വർഗത്തിലെ വിശുദ്ധമന്ദിരത്തിൽനിന്നു പുറത്തുവരുന്നു, ദൈവക്രോധം നിറഞ്ഞ ഏഴു പൊൻകലശങ്ങൾ അവർക്കു കൊടുക്കുന്നു. ആദ്യത്തെ ആറെണ്ണം ഭൂമിയിലും സമുദ്രത്തിലും നദികൾ, നീരുറവുകൾ എന്നിവയിലും അതുപോലെതന്നെ സൂര്യനിലും കാട്ടുമൃഗത്തിന്റെ സിംഹാസനത്തിലും യൂഫ്രട്ടീസ് നദിയിലും ഒഴിക്കുന്നു, “കിഴക്കുനിന്നു വരുന്ന രാജാക്കൻമാർക്കു” വഴിയൊരുക്കേണ്ടതിന്ന് ആ നദിയിലെ വെളളം വററിപ്പോകുന്നു. ഭൂതമൊഴികൾ ഹാർമെഗദോനിലെ ‘സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു സർവ്വ ഭൂതലത്തിലും ഉളള രാജാക്കൻമാരെ’ കൂട്ടിച്ചേർക്കുന്നു. ഏഴാമത്തെ കലശം വായുവിൽ ഒഴിക്കുന്നു, ഭീതിപ്പെടുത്തുന്ന പ്രാകൃതിക പ്രതിഭാസങ്ങൾക്കിടയിൽ മഹാനഗരം മൂന്നു ഭാഗങ്ങളായി പിളരുന്നു, ജനതകളുടെ നഗരങ്ങളും വീഴുന്നു, “ദൈവകോപത്തിന്റെ ക്രോധമദ്യമുളള പാത്രം” ബാബിലോനു ലഭിക്കുന്നു.—15:3; 16:12, 14, 19.
23. (എ) മഹാബാബിലോന്റെമേൽ ദൈവത്തിന്റെ ന്യായവിധി എങ്ങനെ നിർവഹിക്കപ്പെടുന്നു? (ബി) അവളുടെ വീഴ്ചയെ തുടർന്ന് ഏതു പ്രഖ്യാപനങ്ങളും വിലാപവും നടക്കുന്നു, ഏതു സന്തോഷകരമായ സ്തുതി സ്വർഗത്തിലെങ്ങും പ്രതിധ്വനിക്കുന്നു?
23 ബാബിലോന്റെമേലുളള ദൈവത്തിന്റെ ന്യായവിധി; കുഞ്ഞാടിന്റെ കല്യാണം (17:1–19:10). 11-ാമത്തെ ദർശനം തുടങ്ങുന്നു. നോക്കൂ! അതു “ഭൂമിയിലെ രാജാക്കൻമാരോടു വേശ്യാവൃത്തി ചെയ്ത” ‘വേശ്യമാരുടെ മാതാവായ മഹാബാബിലോന്റെ’ മേലുളള ദൈവത്തിന്റെ ന്യായവിധിയാണ്. വിശുദ്ധൻമാരുടെ രക്തം കുടിച്ചു മത്തയായി അവൾ ഏഴു തലയും പത്തു കൊമ്പുമുളള കടുഞ്ചുവപ്പായ ഒരു കാട്ടുമൃഗത്തിൻമേൽ സവാരിചെയ്യുന്നു. ഈ മൃഗം “ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി”വരാനുളളതുമാകുന്നു. അതിന്റെ പത്തു കൊമ്പുകൾ കുഞ്ഞാടിനോടു യുദ്ധംചെയ്യുന്നു, എന്നാൽ അവൻ “കർത്താധികർത്താവും രാജാധിരാജാവും” ആകയാൽ അവരെ ജയിച്ചടക്കുന്നു. പത്തുകൊമ്പുകൾ വേശ്യയുടെനേരേ തിരിഞ്ഞ് അവളെ വിഴുങ്ങിക്കളയുന്നു. 12-ാം ദർശനത്തിന്റെ തുടക്കത്തോടെ ഭൂമിയെ പ്രകാശിപ്പിക്കുന്ന തേജസ്സോടുകൂടിയ മറെറാരു ദൂതൻ, “വീണുപോയി; മഹതിയാം ബാബിലോൻ വീണുപോയി”! എന്നു പ്രഖ്യാപിക്കുന്നു. അവളുടെ ബാധകളിൽ പങ്കുപററാതിരിക്കാൻ അവളിൽനിന്നു പുറത്തു പോരാൻ ദൈവജനത്തോടു കൽപ്പിക്കുന്നു. രാജാക്കൻമാരും ഭൂമിയിലെ മററു ബലവാൻമാരും, “അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ” എന്നു പറഞ്ഞുകൊണ്ട് അവളെച്ചൊല്ലി കരയുന്നു. അവളുടെ വമ്പിച്ച ധനം ശൂന്യമാക്കപ്പെട്ടിരിക്കുന്നു. ഒരു വലിയ തിരികല്ലു സമുദ്രത്തിലേക്ക് എറിയുന്നതുപോലെ, ഒരിക്കലും പൊങ്ങിവരാതെവണ്ണം ബാബിലോനെ ശീഘ്രമായി ഹേമത്തോടെ എറിഞ്ഞുകളഞ്ഞിരിക്കുന്നു. ഒടുവിൽ ദൈവത്തിന്റെ വിശുദ്ധൻമാരുടെ രക്തത്തിനു പ്രതികാരംചെയ്യപ്പെട്ടിരിക്കുന്നു! “ജനങ്ങളേ, യാഹിനെ സ്തുതിപ്പിൻ!” [NW] എന്നുളള ആഹ്വാനത്താൽ സ്വർഗം നാലുപ്രാവശ്യം മാറെറാലിക്കൊളളുന്നു. യാഹിനെ സ്തുതിപ്പിൻ, എന്തുകൊണ്ടെന്നാൽ അവൻ മഹാവേശ്യയുടെമേൽ ന്യായവിധി നടപ്പാക്കിയിരിക്കുന്നു! യാഹിനെ സ്തുതിപ്പിൻ, എന്തുകൊണ്ടെന്നാൽ യഹോവ രാജാവായി വാണുതുടങ്ങിയിരിക്കുന്നു! സന്തോഷിച്ച് അതിയായി ഉല്ലസിക്കുക, എന്തുകൊണ്ടെന്നാൽ ‘കുഞ്ഞാടിന്റെ കല്യാണം വന്നെത്തിയിരിക്കുന്നു, അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു’!—17:2, 5, 8, 14; 18:2, 10; 19:1, 3, 4, 6, 7.
24. (എ) കുഞ്ഞാടു നടത്തുന്ന യുദ്ധം എത്ര നിർണായകമാണ്? (ബി) ആയിരവർഷക്കാലത്ത് എന്തു സംഭവിക്കുന്നു, അവ അവസാനിക്കുമ്പോൾ തുടർന്ന് എന്തു സംഭവിക്കുന്നു?
24 കുഞ്ഞാടു നീതിയിൽ യുദ്ധം ചെയ്യുന്നു (19:11–20:10). 13-ാമത്തെ ദർശനത്തിൽ “രാജാധിരാജാവും കർത്താധികർത്താവും” നീതിനിഷ്ഠമായ യുദ്ധത്തിൽ സ്വർഗീയ സൈന്യങ്ങളെ നയിക്കുന്നു. രാജാക്കൻമാരും ബലവാൻമാരും ആകാശത്തിലെ പക്ഷികൾക്കു തിന്നാൻ ശവങ്ങളായിത്തീരുന്നു. കാട്ടുമൃഗവും കളളപ്രവാചകനും ഗന്ധകം കത്തുന്ന തീപ്പൊയ്കയിലേക്കു ജീവനോടെ എറിയപ്പെടുന്നു. (19:16) 14-ാമത്തെ ദർശനം തുടങ്ങുമ്പോൾ ഒരു ദൂതൻ “അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗത്തിൽനിന്നു ഇറങ്ങുന്നതു” കാണുന്നു. “പിശാചും സാത്താനും എന്നുളള പഴയ പാമ്പായ മഹാസർപ്പത്തെ” പിടിച്ച് ആയിരം ആണ്ടേക്കു ചങ്ങലയിടുന്നു. ഒന്നാം പുനരുത്ഥാനത്തിൽ പങ്കുളളവർ ‘ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതൻമാരായി ആയിരം വർഷത്തേക്കു രാജാക്കൻമാരായി ഭരിക്കുന്നു.’ [NW] അതിനുശേഷം, സാത്താനെ അഴിച്ചുവിടുകയും അവൻ ഭൂമിയിലെ ജനതകളെ വഴിതെററിക്കാൻ പുറപ്പെടുകയും ചെയ്യും. എന്നാൽ അവനെ അനുഗമിക്കുന്നവരോടൊപ്പം അവൻ തീപ്പൊയ്കയിലേക്ക് എറിയപ്പെടും.—20:1, 2, 6.
25. അടുത്തതായി ഏതു ദർശനം കാണപ്പെടുന്നു, കണ്ട കാര്യങ്ങൾ ആർ അവകാശപ്പെടുത്തും?
25 ന്യായവിധി ദിവസവും പുതിയ യെരുശലേമിന്റെ മഹത്ത്വവും (20:11–22:5). പുളകപ്രദമായ 15-ാമത്തെ ദർശനം തുടർന്നുണ്ടാകുന്നു. മരിച്ചവർ, വലിയവരും ചെറിയവരും, ദൈവത്തിന്റെ വലിയ വെളളസിംഹാസനത്തിനു മുമ്പാകെ ന്യായം വിധിക്കപ്പെടുന്നു. മരണവും പാതാളവും തീപ്പൊയ്കയിലേക്ക് എറിയപ്പെടുന്നു, “ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.” ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനും അവയോടുകൂടെ എറിയപ്പെടുന്നു. പുതിയ യെരുശലേം സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നു. ദൈവം മനുഷ്യവർഗത്തോടുകൂടെ കൂടാരമടിച്ചു വസിക്കുന്നു, അവരുടെ കണ്ണുകളിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയുന്നു. മേലാൽ മരണമോ വിലാപമോ മുറവിളിയോ വേദനയോ ഇല്ല! അതെ, ദൈവം “സകലവും പുതുതാക്കുന്നു.” “എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു” എന്നു പറഞ്ഞുകൊണ്ട് അവൻ തന്റെ വാഗ്ദത്തത്തെ സ്ഥിരീകരിക്കുന്നു. ജയിക്കുന്നവർ ഈ കാര്യങ്ങൾ അവകാശപ്പെടുത്തും, എന്നാൽ ഭീരുക്കൾ, വിശ്വാസമില്ലാത്തവർ, ദുർമാർഗികൾ അല്ലെങ്കിൽ ആത്മവിദ്യയിലോ വിഗ്രഹാരാധനയിലോ ഏർപ്പെടുന്നവർ എന്നിവർ ഇവ അവകാശമാക്കുകയില്ല.—20:14; 21:1, 5.
26. (എ) പുതിയ യെരുശലേമിന്റെ ഏതു വർണന നൽകപ്പെടുന്നു? (ബി) നഗരത്തിൽ ജീവൻ നിലനിർത്തുന്ന ഏതു കാര്യങ്ങൾ കാണുന്നു, അതിലെ വെളിച്ചം എവിടെനിന്നു വരുന്നു?
26 ഇപ്പോൾ യോഹന്നാനെ 16-ാമത്തേതും അന്തിമവുമായ ദർശനം കാണിക്കുന്നു, 12 ഗോപുരങ്ങളും 12 അപ്പോസ്തലൻമാരുടെ പേരുകൾ വഹിക്കുന്ന 12 അടിസ്ഥാനക്കല്ലുകളും സഹിതമുളള പുതിയ യെരുശലേം ആകുന്ന “കുഞ്ഞാടിന്റെ . . . മണവാട്ടിയെ” തന്നെ. അതു സമചതുരമാണ്, അതിലെ സൂര്യകാന്തവും സ്വർണവും രത്നവും അതിന്റെ മഹനീയമായ ശോഭയെ പ്രതിനിധാനംചെയ്യുന്നു. ഈ നഗരത്തിലെ ആലയം യഹോവയും കുഞ്ഞാടുമാണ്. അവർ അതിന്റെ പ്രകാശവുമാണ്. കുഞ്ഞാടിന്റെ ജീവ ചുരുളിൽ എഴുതപ്പെട്ടിരിക്കുന്നവർക്കു മാത്രമേ അതിൽ പ്രവേശിക്കാവൂ. (21:9) ജീവജലത്തിന്റെ ഒരു ശുഭ്രമായ നദി സിംഹാസനത്തിൽനിന്നു പുറപ്പെട്ടു നഗരത്തിന്റെ വീഥിയിലൂടെ ഒഴുകുന്നു. ഇരുവശങ്ങളിലും ജീവവൃക്ഷങ്ങളുണ്ട്. അവ ഓരോ മാസവും ഫലങ്ങളുടെ പുതിയ വിളവുത്പാദിപ്പിക്കുന്നു, അവയ്ക്ക് രോഗശാന്തിക്കുതകുന്ന ഇലകളുമുണ്ട്. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം നഗരത്തിൽ ഉണ്ടായിരിക്കും, ദൈവത്തിന്റെ അടിമകൾ അവന്റെ മുഖം കാണും. “യഹോവയായ ദൈവം അവരുടെമേൽ പ്രകാശം ചൊരിയും, അവർ എന്നുമെന്നേക്കും രാജാക്കൻമാരായി ഭരിക്കുകയും ചെയ്യും.”—22:5, NW.
27. (എ) പ്രവചനത്തെസംബന്ധിച്ചു യോഹന്നാന് ഏത് ഉറപ്പു കൊടുക്കപ്പെടുന്നു? (ബി) ഏത് അടിയന്തിരമായ ക്ഷണത്തോടും മുന്നറിയിപ്പോടും കൂടെ വെളിപ്പാട് ഉപസംഹരിക്കുന്നു?
27 ഉപസംഹാരം (22:6-21). “ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു” എന്ന ഉറപ്പു നൽകപ്പെടുന്നു. ഈ പ്രവചനത്തിലെ വാക്കുകൾ അനുഷ്ഠിക്കുന്ന സകലരും തീർച്ചയായും സന്തുഷ്ടരാകുന്നു! ഈ കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്തശേഷം, യോഹന്നാൻ ആ ദൂതനെ ആരാധിക്കാൻ കുമ്പിടുന്നു, ദൈവത്തെ മാത്രം ആരാധിക്കാൻ ദൂതൻ അവനെ അനുസ്മരിപ്പിക്കുന്നു. പ്രവചനത്തിലെ വാക്കുകൾ മുദ്രയിടാൻ പാടില്ല, “എന്തുകൊണ്ടെന്നാൽ നിയമിതസമയം അടുത്തിരിക്കുന്നു.” [NW] നഗരത്തിൽ പ്രവേശനം നേടുന്നവർ സന്തുഷ്ടരാകുന്നു, എന്തെന്നാൽ മലിനരും “ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും” പുറത്തുതന്നെ. താൻതന്നെ തന്റെ ദൂതൻമുഖാന്തരം ഈ സാക്ഷ്യം അയച്ചുവെന്നും താൻതന്നെ “ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു” എന്നും യേശു പ്രസ്താവിക്കുന്നു. “വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.” “ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും” നിന്ന് ഓഹരി നീക്കപ്പെടാതിരിക്കാൻ ആരും ഈ പ്രവചനത്തിലെ വാക്കുകളോടു യാതൊന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതിരിക്കട്ടെ.—22:6, 10, 15-17, 19.
എന്തുകൊണ്ടു പ്രയോജനപ്രദം
28. ബൈബിളിന്റെ ആദ്യഭാഗത്തു തുടങ്ങിയ രേഖ വെളിപ്പാട് ഉപസംഹരിക്കുന്നുവെന്ന് ഏതു ദൃഷ്ടാന്തങ്ങളാൽ നമുക്കു മനസ്സിലാക്കാം?
28 ബൈബിളിലെ 66 പുസ്തകങ്ങളുടെ നിശ്വസ്തശേഖരത്തിന് എത്ര മഹത്തായ ഉപസംഹാരമാണു വെളിപ്പാടു പുസ്തകം പ്രദാനംചെയ്യുന്നത്! യാതൊന്നും വിട്ടുകളഞ്ഞിട്ടില്ല. ബന്ധമില്ലാത്ത ഭാഗങ്ങളില്ല. ഇപ്പോൾ നാം മഹത്തായ പരമാന്ത്യവും അതുപോലെതന്നെ ആരംഭവും വ്യക്തമായി കാണുന്നു. ബൈബിളിന്റെ അവസാനഭാഗം ആദ്യഭാഗത്തു തുടങ്ങിയ രേഖയെ പര്യവസാനിപ്പിക്കുന്നു. ഉല്പത്തി 1:1 ഭൗതികമായ ആകാശ-ഭൂമികളുടെ ദൈവസൃഷ്ടിപ്പിനെക്കുറിച്ചു വർണിച്ചതുപോലെ, വെളിപ്പാടു 21:1-4 ഒരു പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും മനുഷ്യവർഗത്തിനു കൈവരുന്ന പറഞ്ഞുതീരാത്ത അനുഗ്രഹങ്ങളെയും വർണിക്കുന്നു, ഇതിനെക്കുറിച്ചു യെശയ്യാവു 65:17, 18; 66:22; 2 പത്രൊസ് 3:13 എന്നിവിടങ്ങളിലും പ്രവചിച്ചിട്ടുണ്ട്. ഒന്നാം മനുഷ്യൻ അനുസരണം കെട്ടവനാണെങ്കിൽ അവൻ തീർച്ചയായും മരിക്കുമെന്ന് അവനോടു പറഞ്ഞതുപോലെ, അനുസരണമുളളവർക്ക് ഇനി “മരണം ഉണ്ടാകയില്ല” എന്നു ദൈവം തീർച്ചയായും ഉറപ്പുനൽകുന്നു. (ഉല്പ. 2:17; വെളി. 21:4) സർപ്പം മനുഷ്യവർഗത്തിന്റെ വഞ്ചകനായി ആദ്യം പ്രത്യക്ഷപ്പെട്ടപ്പോൾ ദൈവം അവന്റെ തലചതയ്ക്കലിനെ മുൻകൂട്ടിപ്പറഞ്ഞു. പിശാചും സാത്താനുമായ ആദ്യപാമ്പ് ഒടുവിൽ നാശത്തിലേക്ക് എറിയപ്പെടുന്നത് എങ്ങനെയെന്നു വെളിപ്പാടു വെളിപ്പെടുത്തുന്നു. (ഉല്പ. 3:1-5, 15; വെളി. 20:10) അനുസരണംകെട്ട മനുഷ്യൻ ഏദെനിക ജീവവൃക്ഷത്തിൽനിന്ന് ഓടിക്കപ്പെട്ടപ്പോൾ, അനുസരണമുളള മനുഷ്യവർഗത്തിലെ “ജാതികളുടെ രോഗശാന്തിക്കു”വേണ്ടി പ്രതീകാത്മക ജീവവൃക്ഷങ്ങൾ പ്രത്യക്ഷപ്പെടുന്നു. (ഉല്പ. 3:22-24; വെളി. 22:2) തോട്ടത്തെ നനയ്ക്കാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടതുപോലെ, ജീവൻ നൽകുന്നതും ജീവൻ നിലനിർത്തുന്നതുമായ ഒരു പ്രതീകാത്മക നദി ദൈവസിംഹാസനത്തിൽനിന്ന് ഒഴുകുന്നതായി ചിത്രീകരിക്കപ്പെടുന്നു. ഇത് യെഹെസ്കേലിന്റെ നേരത്തെയുളള ദർശനത്തോടു സമാന്തരമാണ്, അതു “നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറ”വിനെക്കുറിച്ചുളള യേശുവിന്റെ വാക്കുകളെ അനുസ്മരിപ്പിക്കുകയും ചെയ്യുന്നു. (ഉല്പ. 2:10; വെളി. 22:1, 2; യെഹെ. 47:1-12; യോഹ. 4:13, 14) ഒന്നാം മനുഷ്യനും സ്ത്രീയും ദൈവസാന്നിധ്യത്തിൽനിന്നു തുരത്തപ്പെട്ടതിൽനിന്നു വ്യത്യസ്തമായി വിശ്വസ്ത ജേതാക്കൾ അവന്റെ മുഖം കാണും. (ഉല്പ. 3:24; വെളി. 22:4) തീർച്ചയായും വെളിപ്പാടിലെ ഈ പുളകപ്രദമായ ദർശനങ്ങൾ പരിചിന്തിക്കുന്നതു പ്രയോജനപ്രദമാണ്!
29. (എ) വെളിപ്പാട് ബാബിലോനെസംബന്ധിച്ച പ്രവചനങ്ങളെ ബന്ധിപ്പിക്കുന്നതെങ്ങനെ? (ബി) ദാനീയേലിലും വെളിപ്പാടിലും രാജ്യത്തെസംബന്ധിച്ചും മൃഗങ്ങളെസംബന്ധിച്ചുമുളള ദർശനങ്ങൾ തമ്മിൽ ഏതു സമാന്തരങ്ങൾ ശ്രദ്ധിക്കാനുണ്ട്?
29 ദുഷ്ടബാബിലോനെസംബന്ധിച്ച പ്രവചനങ്ങളെ വെളിപ്പാട് എങ്ങനെ ബന്ധിപ്പിക്കുന്നുവെന്നും ശ്രദ്ധിക്കുക. അക്ഷരീയ ബാബിലോന്റെ വീഴ്ച സംഭവിക്കുന്നതിനു ദീർഘനാൾമുമ്പേ, യെശയ്യാവ് അതു മുൻകൂട്ടിക്കണ്ടിരുന്നു. “വീണു, ബാബേൽ വീണു” എന്ന് അവൻ പ്രഖ്യാപിച്ചിരുന്നു. (യെശ. 21:9) യിരെമ്യാവും ബാബിലോനെതിരായി പ്രവചിച്ചു. (യിരെ. 51:6-12) എന്നാൽ വെളിപ്പാടു “മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവു” എന്ന പ്രതീകത്തിൽ സംസാരിക്കുന്നു. അവളും മറിച്ചിടപ്പെടണം, യോഹന്നാൻ ദർശനത്തിൽ അതു കണ്ട്, “വീണുപോയി, മഹതിയാം ബാബിലോൻ വീണുപോയി” എന്നു പ്രഖ്യാപിക്കുന്നു. (വെളി. 17:5; 18:2) മററു രാജ്യങ്ങളെ തകർത്തുനശിപ്പിക്കുകയും “എന്നേക്കും നിലനിൽക്കയും” ചെയ്യുന്ന, ദൈവം സ്ഥാപിക്കുന്ന ഒരു രാജ്യത്തെക്കുറിച്ചു ദാനീയേൽ കണ്ട ദർശനം നിങ്ങൾ ഓർക്കുന്നുവോ? ഇതു “ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും” എന്ന വെളിപ്പാടിലെ സ്വർഗീയപ്രഖ്യാപനത്തോട് എങ്ങനെ ബന്ധപ്പെടുന്നുവെന്നു കുറിക്കൊളളുക. (ദാനീ. 2:44; വെളി. 11:15) ദാനീയേലിന്റെ ദർശനം ‘നിലനിൽക്കുന്ന ഒരു ആധിപത്യവും മഹത്വവും രാജത്വവും ലഭിക്കേണ്ടതിനു മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ ആകാശമേഘങ്ങളോടെ വരുന്നതു’ വർണിച്ചതുപോലെ, വെളിപ്പാട് യേശുക്രിസ്തുവിനെ “ഭൂരാജാക്കൻമാർക്കു അധിപതി”യും ‘മേഘാരൂഢനായി വരുന്ന’വനുമായി തിരിച്ചറിയിക്കുകയും ‘ഏതു കണ്ണും അവനെ കാണും’ എന്നു പറയുകയും ചെയ്യുന്നു. (ദാനീ. 7:13, 14; വെളി. 1:5, 7) ദാനീയേലിന്റെ ദർശനത്തിലെ മൃഗങ്ങളും വെളിപ്പാടിലെ മൃഗങ്ങളും തമ്മിലുളള ചില സമാന്തരങ്ങളും നിരീക്ഷിക്കാനുണ്ട്. (ദാനീ. 7:1-8; വെളി. 13:1-3; 17:12) തീർച്ചയായും വെളിപ്പാടു വിശ്വാസത്തെ ബലപ്പെടുത്തുന്ന ഒരു പഠനത്തിനുളള വിപുലമായ മണ്ഡലം പ്രദാനംചെയ്യുന്നു.
30. (എ) രാജ്യം മുഖാന്തരമുളള യഹോവയുടെ നാമ വിശുദ്ധീകരണത്തിന്റെ ഏതു പൂർണവീക്ഷണം വെളിപ്പാടു നൽകുന്നു? (ബി) വിശുദ്ധിസംബന്ധിച്ച് എന്തു ദൃഢീകരിക്കപ്പെടുന്നു, ഇത് ആരെ ബാധിക്കുന്നു?
30 അത്ഭുതകരവും നാനാവശങ്ങളോടുകൂടിയതുമായ എന്തൊരു ദർശനമാണു വെളിപ്പാടു ദൈവരാജ്യത്തെക്കുറിച്ചു പ്രദാനംചെയ്യുന്നത്! അതു പുരാതനകാലത്തെ പ്രവാചകൻമാരും യേശുവും അവന്റെ അപ്പോസ്തലൻമാരും രാജ്യത്തെസംബന്ധിച്ചു പറഞ്ഞതിനെ ഉജ്ജ്വലമായി തെളിച്ചുകാട്ടുന്നു. രാജ്യംമുഖാന്തരമുളള യഹോവയുടെ നാമത്തിൻ വിശുദ്ധീകരണത്തിന്റെ പൂർത്തിയായ വീക്ഷണം നമുക്ക് ഇവിടെ ലഭിക്കുന്നു: “സർവ്വശക്തിയുളള കർത്താവായ [“യഹോവ,” NW] ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ.” അവൻ “മഹത്വവും ബഹുമാനവും ശക്തിയും” സ്വീകരിപ്പാൻ യോഗ്യനാകുന്നു. തീർച്ചയായും അവനാണു ക്രിസ്തുമുഖാന്തരം ‘മഹാശക്തിധരിച്ചു വാഴാൻ തുടങ്ങുന്നത്.’ ഈ രാജകീയ പുത്രൻ, “രാജാധിരാജാവും കർത്താധികർത്താവു”മായവൻ, ജനതകളെ വെട്ടുകയും “സർവ്വശക്തിയുളള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു” മെതിക്കുകയും ചെയ്യുമ്പോൾ എത്ര തീക്ഷ്ണതയുളളവനായി കാണിക്കപ്പെടുന്നു! യഹോവയുടെ സംസ്ഥാപനത്തിന്റെ മഹത്തായ ബൈബിൾപ്രതിപാദ്യവിഷയം അതിന്റെ പാരമ്യത്തിലേക്കു പടുത്തുയർത്തപ്പെടുമ്പോൾ അവന്റെ രാജ്യോദ്ദേശ്യങ്ങളിൽ പങ്കെടുക്കുന്ന ഓരോരുത്തനും, ഓരോന്നും, വിശുദ്ധമായിരിക്കണമെന്നു ദൃഢീകരിക്കപ്പെടുന്നു. “ദാവീദിന്റെ താക്കോലുളള” കുഞ്ഞാടായ യേശുക്രിസ്തുവിനെ വിശുദ്ധനെന്നു പറഞ്ഞിരിക്കുന്നു, സ്വർഗത്തിലെ ദൂതൻമാരും അങ്ങനെതന്നെ. ഒന്നാം പുനരുത്ഥാനത്തിൽ പങ്കുളളവർ “സന്തുഷ്ടരും വിശുദ്ധരും” ആകുന്നു. ‘അശുദ്ധമായതു യാതൊന്നും മ്ലേച്ഛത പ്രവർത്തിക്കുന്നവനും’ യാതൊരു പ്രകാരത്തിലും “യെരൂശലേമെന്ന വിശുദ്ധനഗര”ത്തിൽ പ്രവേശിക്കുകയില്ല. “ഞങ്ങളുടെ ദൈവത്തിന്നു രാജ്യവും പുരോഹിതൻമാരും” ആയിരിക്കുന്നതിനു കുഞ്ഞാടിന്റെ രക്തത്താൽ വിലയ്ക്കു വാങ്ങപ്പെട്ടവർക്ക് അങ്ങനെ യഹോവയുടെ മുമ്പാകെ വിശുദ്ധി നിലനിർത്താൻ ശക്തമായ പ്രോത്സാഹനമുണ്ട്. “മഹാപുരുഷാര”വും വിശുദ്ധസേവനം അർപ്പിക്കേണ്ടതിനു ‘കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിക്കേണ്ടതാണ്’.—വെളി. 4:8, 11; 11:17; 19:15, 16; 3:7; 14:10; 20:6, NW; 21:2, 10, 27; 22:19; 5:9, 10; 7:9, 14, 15.
31. രാജ്യത്തിന്റെ ഏതു സവിശേഷതകൾ വെളിപ്പാടിൽ മാത്രം നമ്മുടെ ശ്രദ്ധയിൽ വരുത്തപ്പെടുന്നു?
31 വെളിപ്പാടു പുസ്തകത്തിൽ മാത്രം നമ്മുടെ ശ്രദ്ധയിലേക്കു വരുത്തപ്പെടുന്ന ചില സവിശേഷതകൾ നാം കുറിക്കൊളളുമ്പോൾ ഈ മഹനീയമായ വിശുദ്ധ ദൈവരാജ്യത്തിന്റെ ദർശനം നമ്മുടെ മനസ്സിൽ ദൃഢീകരിക്കപ്പെടുന്നു. ഇവിടെ നമുക്ക്, കുഞ്ഞാടിനോടുകൂടെ സീയോൻമലയിൽനിന്നു തങ്ങൾക്കുമാത്രം വൈദഗ്ധ്യം നേടാൻ കഴിയുന്ന ഒരു പുതിയ പാട്ടു പാടുന്ന രാജ്യാവകാശികളുടെ പൂർണദർശനം ലഭിക്കുന്നു. രാജ്യത്തിൽ പ്രവേശിക്കുന്നതിനു ഭൂമിയിൽനിന്നു വിലയ്ക്കു വാങ്ങുന്നവരുടെ എണ്ണവും—1,44,000—ഈ സംഖ്യയെ ആത്മീയ ഇസ്രായേലിന്റെ 12 പ്രതീകാത്മകഗോത്രങ്ങളിൽനിന്നു മുദ്രയിടുന്നുവെന്നും നമ്മോടു പറയുന്നതു വെളിപ്പാടു മാത്രമാണ്. ഒന്നാം പുനരുത്ഥാനത്തിൽ ക്രിസ്തുവിനോടുകൂടെ പങ്കുപററുന്ന ഈ ‘പുരോഹിതൻമാരും രാജാക്കൻമാരും’ “ആയിരം ആണ്ടു” അവനോടുകൂടെ ഭരിക്കുമെന്നു പ്രകടമാക്കുന്നതും വെളിപ്പാടുമാത്രമാണ്. “പുതിയ യെരൂശലേം എന്ന വിശുദ്ധനഗര”ത്തിന്റെ പൂർണവീക്ഷണം നൽകുന്നതും അതിന്റെ ഉജ്ജ്വല തേജസ്സിനെയും, യഹോവയും കുഞ്ഞാടും അതിന്റെ ആലയമായിരിക്കുന്നുവെന്നതിനെയും അതിന്റെ 12 ഗോപുരങ്ങളെയും അടിസ്ഥാനക്കല്ലുകളെയും യഹോവ ചൊരിയുന്ന നിത്യപ്രകാശത്തിൽ അതിൽ എന്നേക്കും വാഴുന്ന രാജാക്കൻമാരെയും കാണിച്ചുതരുന്നതു വെളിപ്പാടു മാത്രമാണ്.—14:1, 3; 7:4-8; 20:6; 21:2, 10-14, 22; 22:5.
32. (എ) “പുതിയ ആകാശ”ത്തിന്റെയും “പുതിയ യെരൂശലേം എന്ന വിശുദ്ധ നഗര”ത്തിന്റെയും ദർശനം രാജ്യസന്തതിയെക്കുറിച്ചു മുൻകൂട്ടിപ്പറഞ്ഞിരുന്നതിനെയെല്ലാം സംഗ്രഹിക്കുന്നത് എങ്ങനെ? (ബി) ഭൂമിയിലെ മനുഷ്യവർഗത്തിനു രാജ്യം ഏതനുഗ്രഹങ്ങൾക്ക് ഉറപ്പുനൽകുന്നു?
32 “പുതിയ ആകാശ”ത്തിന്റെയും “പുതിയ യെരൂശലേം എന്ന വിശുദ്ധനഗര”ത്തിന്റെയും ഈ ദർശനം രാജ്യസന്തതിയെക്കുറിച്ചു പുരാതനകാലങ്ങൾമുതൽ തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞതിനെ സംഗ്രഹിക്കുന്നുവെന്നു സത്യമായി പറയാൻ കഴിയും. ‘ഭൂമിയിലെ സകല കുടുംബങ്ങളും തങ്ങളെത്തന്നെ അനുഗ്രഹിക്കുന്നതിനുളള’ [NW] മുഖാന്തരമായ ഒരു സന്തതിക്കായും “ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുളളതുമായ നഗര”ത്തിനായും അബ്രഹാം നോക്കിപ്പാർത്തിരുന്നു. ഇപ്പോൾ വെളിപ്പാടുദർശനത്തിൽ അനുഗ്രഹത്തിന്റെ ഈ നഗരം നമുക്കുവേണ്ടി “പുതിയ ആകാശ”മായി തിരിച്ചറിയിക്കപ്പെടുന്നു—പുതിയ യെരുശലേമും (ക്രിസ്തുവിന്റെ മണവാട്ടി) അവളുടെ മണവാളനും ചേർന്നുണ്ടാകുന്ന ഒരു പുതിയ ഗവൺമെൻറായ ദൈവരാജ്യം തന്നെ. അവർ ഒത്തുചേർന്നു സർവഭൂമിയുടെയുംമേൽ നീതിയുളള ഒരു ഭരണം നടത്തും. വിശ്വസ്തമനുഷ്യവർഗത്തിന് ഏദെനിലെ മത്സരത്തിനുമുമ്പു മനുഷ്യൻ ആസ്വദിച്ചിരുന്ന തരം പാപരഹിതമായ സന്തുഷ്ട മരണരഹിതാവസ്ഥയിൽ ‘അവന്റെ ജനം’ ആയിരിക്കാവുന്നതാണെന്നു യഹോവ അവരോടു വാഗ്ദാനംചെയ്യുന്നു. ദൈവം “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും” എന്നു ദൃഢത കൊടുത്തുകൊണ്ടു രണ്ടു പ്രാവശ്യം വെളിപ്പാടു നമ്മോടു പറയുന്നു.—ഉല്പ. 12:3; 22:15-18; എബ്രാ. 11:10; വെളി. 7:17; 21:1-4.
33. (എ) നിറവേറിയ ദിവ്യോദ്ദേശ്യങ്ങളെസംബന്ധിച്ച ഏത് അത്യത്ഭുതകരമായ ആകമാന വീക്ഷണം വെളിപ്പാടു നൽകുന്നു? (ബി) “എല്ലാ തിരുവെഴുത്തും” ‘ദൈവനിശ്വസ്തവും പ്രയോജനപ്രദവു’മാണെന്നു തെളിഞ്ഞിരിക്കുന്നത് എങ്ങനെ, ഇപ്പോൾ ദൈവവചനം പഠിക്കുന്നതിനും അനുസരിക്കുന്നതിനുമുളള സമയമായിരിക്കുന്നത് എന്തുകൊണ്ട്?
33 അതെ, നിശ്വസ്ത തിരുവെഴുത്തുകൾക്ക് എത്ര മഹത്തായ ഉപസംഹാരം! “വേഗത്തിൽ സംഭവിപ്പാനുളള” ഈ കാര്യങ്ങൾ എത്ര അത്യത്ഭുതകരമാണ്! (വെളി. 1:1) “പ്രവാചകൻമാരുടെ നിശ്വസ്ത മൊഴികളുടെ ദൈവ”മായ യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടുന്നു. (22:6, NW) 16 നൂററാണ്ടുകളിലെ പ്രാവചനികമായ എഴുത്തുകളുടെ നിവൃത്തി കാണിക്കപ്പെടുന്നു, ആയിരക്കണക്കിനു വർഷങ്ങളിലെ വിശ്വാസത്തിന്റെ പ്രവൃത്തികൾക്കു പ്രതിഫലം കിട്ടുന്നു! ‘പഴയ പാമ്പ്’ മരണപ്പെടുന്നു, അവന്റെ സൈന്യങ്ങൾ നശിപ്പിക്കപ്പെടുന്നു, മേലാൽ ദുഷ്ടതയില്ല. (12:9) ദൈവത്തിന്റെ രാജ്യം അവന്റെ സ്തുതിക്കായി “ഒരു പുതിയ ആകാശ”മായി ഭരിക്കുന്നു. ബൈബിളിലെ ഒന്നാമധ്യായത്തിൽ പ്രസ്താവിക്കപ്പെട്ട യഹോവയുടെ ഉദ്ദേശ്യപ്രകാരം നിറഞ്ഞു കീഴടക്കപ്പെടുന്ന പുനഃസ്ഥാപിക്കപ്പെട്ട ഭൂമിയിലെ അനുഗ്രഹങ്ങൾ മനുഷ്യവർഗത്തിന്റെ മുമ്പാകെ മഹത്തായ നിത്യതയിലേക്കു നീളുന്നു. (ഉല്പ. 1:28) തീർച്ചയായും എല്ലാ തിരുവെഴുത്തും ‘ദൈവനിശ്വസ്തവും പഠിപ്പിക്കലിന്, ശാസിക്കലിന്, കാര്യങ്ങൾ നേരെയാക്കുന്നതിന്, നീതിയിൽ ശിക്ഷണം കൊടുക്കുന്നതിന്, പ്രയോജനപ്രദവുമാകുന്നു’ എന്നു തെളിഞ്ഞിരിക്കുന്നു. തികച്ചും യോഗ്യരും പൂർണമായി സജ്ജീകൃതരുമായ വിശ്വസ്തമനുഷ്യരെ ഈ അത്യത്ഭുതകരമായ നാളോളം നയിക്കുന്നതിനു യഹോവ അതുപയോഗിച്ചിരിക്കുന്നു. അതുകൊണ്ട്, നിങ്ങളുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നതിന് ഈ തിരുവെഴുത്തുകൾ പഠിക്കാനുളള സമയമാണിത്. ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് അവയിലെ കൽപ്പനകൾ അനുസരിക്കുക. നിത്യജീവനിലേക്കു നയിക്കുന്ന നേരായ പാതയിൽ അവയെ പിൻപററുക. അങ്ങനെ ചെയ്യുന്നതിനാൽ, ബൈബിളിന്റെ ഒടുവിലത്തെ പുസ്തകം പര്യവസാനിക്കുന്ന ഉറപ്പോടുകൂടിയ വിശ്വാസത്തിൽ “ആമേൻ, കർത്താവായ യേശുവേ, വരേണമേ” എന്നു നിങ്ങൾക്കും പറയാൻ കഴിയും.—2 തിമൊ. 3:16, NW; വെളി. 22:20.
34. നമുക്കിപ്പോൾ അനുപമമായ സന്തോഷം ഉണ്ടായിരിക്കാൻ കഴിയുന്നത് എങ്ങനെ, എന്തുകൊണ്ട്?
34 “നമ്മുടെ കർത്താവിന്റെയും അവന്റെ ക്രിസ്തുവിന്റെയും രാജ്യ”മായ സന്തതി “സർവശക്തനായ യഹോവയാം ദൈവ”ത്തിന്റെ കിടയററ നാമത്തിനു നിത്യവിശുദ്ധീകരണം കൈവരുത്തവേ അതിനെ വാഴ്ത്തുന്നതിനാൽ ഇപ്പോൾ നമുക്ക് എന്ത് അതുല്യമായ സന്തോഷം അനുഭവിക്കാൻ കഴിയും!—വെളി. 11:15, 17, NW.
[അടിക്കുറിപ്പുകൾ]
a നിഖ്യായിക്കു മുമ്പുളള പിതാക്കൻമാർ, വാല്യം I, പേജ് 240.
b സഭാചരിത്രം, യൂസേബിയസ്, VI, XXV, 9, 10.
c നിഖ്യായിക്കു മുമ്പുളള പിതാക്കൻമാർ, വാല്യം I, പേജുകൾ 559-60.
d കൈസർമാരുടെ ജീവിതം (ഡൊമീഷ്യൻ, XIII, 2).